Slider

അല്ലാശാനേ.

0
Image may contain: 1 person, hat, outdoor and closeup

ഈ കയറ്റത്ത്‌ വണ്ടിനിര്‍ത്തിയിട്ട് പിറകോട്ടു പോകാതെ വണ്ടിയെടുക്കുന്നതെങ്ങനാ ? അത് പഠിച്ചാ ഡ്രൈവറായീന്നാ സുരേഷു പറയുന്നത്.....
ദക്ഷിണയ്ക്കുള്ളിലെ നൂറിന്‍റെ നോട്ടെടുത്ത് ആശാന്‍ പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് കാലേല്‍ തൊട്ടു മേലോട്ടു പൊങ്ങിവന്ന സുഗുണന്‍റെ സംശയത്തിന് മറുപടി പറയാതെ കൂടിനിന്ന ശിഷ്യഗണങ്ങളെയെല്ലാം ഓടിച്ചൊന്നു നോക്കി....
ഡ്രൈവിംഗ് സീറ്റിന്‍റെ ഡോറു ഞെക്കിത്തുറന്നുകൊണ്ട് ആശാന്‍ പറഞ്ഞു,
"വാ കേറ്....."
കറങ്ങിവന്നു സൈഡ് സീറ്റിലിരുന്നിട്ട് ആശാന്‍ സുഗുണനോടു ചോദിച്ചു...."നേരത്തെ വണ്ടിയോടിച്ചിട്ടുണ്ടോ" ?
ഇല്ല .... സൈക്കിള് കയറ്റം മാത്രേ വശമുള്ളൂ
പിന്നെ കയറ്റത്ത് വണ്ടിയുരുട്ടുന്ന കാര്യം ചോദിച്ചതോ ?
ങ്ങേ...അതപ്പം ആശാനറിയത്തില്ലിയോ ?
ഡാ വ്വേ, ആ താഴെക്കാണുന്ന മൂന്നെണ്ണം എന്തൊക്കെയാന്നൊന്നു പറഞ്ഞേ ?
സുഗുണനൊന്നു ഞെട്ടിയെന്നു മനസ്സിലാക്കിയ ആശാന്‍ വിരലുചൂണ്ടിക്കൊണ്ട് ക്രമത്തില്‍ പറഞ്ഞു...
ക്ലച്ച്, ബ്രേക്ക്‌, ആക്സിലേറ്റര്‍...... മനസ്സിലായോ ?
ആശാന്‍ ചൂണ്ടിയിടത്തേക്ക് നോക്കിക്കൊണ്ട് സുഗുണന്‍ രണ്ടുമൂന്നാവര്‍ത്തി പറഞ്ഞു പഠിച്ചു ....ക്ലച്ച്,ബ്രേക്ക്‌, ആക്സിലേറ്റര്‍ ....
ദേ ഇതാണ് ഗിയറ് , ക്ലച്ച് ചവിട്ടിക്കൊണ്ട് വേണം ഗിയറ് പിടിച്ചിടാന്‍, നിന്‍റെ വലത്തേ കൈ സ്റ്റിയറിങ്ങിലപ്പോള്‍ കണ്‍ട്രോളായിരിക്കണം, പിന്നെ ഇന്‍ഡിക്കേറ്ററ്, വൈപ്പറ്, ഹെഡ് ലൈറ്റ് ഡിമ്മ് ബ്രൈറ്റ്, ഹോണ് ഇതെല്ലം കൈകൊണ്ടു ചെയ്യേണ്ടവയാണ്.വണ്ടിയോടുമ്പോള്‍ ഈ മൂന്നു കണ്ണാടിയില്‍ കൂടി ശ്രദ്ധ വേണം എങ്കിലേ പിന്നില്‍കൂടി വരുന്ന വാഹങ്ങള്‍ അറിയാന്‍ പറ്റൂ... നിന്‍റെ വലതുകാല് ആക്സിലേറ്ററിനും ബ്രേക്കിനുമുള്ളതാണ്, ഇടത്തേ കാല് ക്ലച്ചിനും.
ഇതെല്ലം കേട്ട് വെരണ്ടിരിക്കുകയാണ് സുഗുണന്‍.... പിന്നിലേക്കൊന്നു നോക്കുമ്പോൾ പാണ്ടിലോറി ഡ്രൈവര്‍മാരുടെ ഭാവത്തില്‍ നിരന്നിരിക്കുന്നു നാലെണ്ണം....
"അല്ലാശാനെ, ഇത്രേം പിടിപ്പതു പണിയിവിടെ കിടക്കുമ്പോള്‍ വണ്ടി റോഡേക്കൂടാണോ പോകുന്നതെന്ന് നോക്കാനുള്ള സമയം എനിക്ക് കിട്ടുവോ " ?
ഡ്രൈവിംഗിന്‍റെ ബാലപാഠം തുടങ്ങി ആശാനോടൊപ്പമുള്ള യാത്രയ്ക്കിടയില്‍ പിന്നെയുമുണ്ടായി സുഗുണന്‍ കോമഡികള്‍. ടോപ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന വണ്ടി ആവശ്യം വന്നപ്പോള്‍ ചവിട്ടി ഗിയറ് ചെയ്ഞ്ച് ചെയ്യെന്നു പറഞ്ഞ അശോനോടു സുഗുണന്‍ പറഞ്ഞ മറുപടി "ഗിയറ് തീര്‍ന്നുപോയെന്നാണ്"...
ദയനീയമായി നോക്കുന്ന ആശാനെ കണ്ടിട്ട് സഹതാപംകൊണ്ടാണോന്നറിയില്ല സുഗുണന്‍ വണ്ടി ചവുട്ടിനിര്‍ത്തി. ഒരു പരുവത്തില്‍ ഫസ്റ്റിട്ട് തല ഫ്രണ്ട്ഗ്ലാസ്സില്‍ ഇടിപ്പിച്ച് മുഴവരുത്തിച്ച് ആശാനെ സീറ്റില്‍ തിരിച്ചുകൊണ്ടെത്തിച്ചുകൊണ്ട് - കുത്താന്‍ പോകുന്ന പോത്തില്‍നിന്നും സെക്കന്‍റ് ഗിയറ് പറിച്ചിട്ടുകൊണ്ട് അനുസരണയുള്ള പശുവിന്‍റെ ഓട്ടത്തിലായപ്പോള്‍ സുഗുണന്‍ ചോദിച്ചു....
"ഇനി ഇതേലങ്ങു പോയാല്‍ പോരായോ ? ഗിയറ് തീര്‍ക്കാന്‍ നില്‍ക്കണോ" ??
ജംഗ്ഷനിലൊക്കെ വന്ന് മറ്റുവണ്ടിക്കാര്‍ക്ക് ഭീഷണിമുഴക്കുമ്പോള്‍ ആശാന്‍റെ കൈകൊണ്ടു തലയ്ക്കു പിറകില്‍ സുഗുണന്‍ വാങ്ങുന്ന ചളുക്കുകള്‍ നോക്കിക്കൊണ്ട് ബസ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍പിള്ളാര് ചിരിക്കുമ്പോള്‍ ഒരിക്കല്‍ സുഗുണന്‍ തൊഴുതുകൊണ്ടപേക്ഷിച്ചു
"ആശാനെ ആളൊഴിഞ്ഞ സ്ഥലത്തു വരുമ്പോള്‍ എന്നെ വെളിയിലിറക്കി കുനിച്ചു നിര്‍ത്തിയിടിച്ചോ....പെണ്‍പിള്ളാരുടെ മുന്നിലിട്ടെന്നെ ആക്രമിക്കരുത്.... "
നിന്നെ അങ്ങനെതന്നെ ചെയ്യണം എന്നാലെ പഠിക്കൂന്നൊക്കെ പറഞ്ഞെങ്കിലും പലപ്പോഴും ഡാഷ്‌ബോര്‍ഡില്‍ അടിച്ചരിശം തീര്‍ത്തുകൊണ്ട് ആശാന്‍ മാന്ന്യത കാണിച്ചു...
ടെസ്റ്റെടുക്കുന്നിടത്തെ എച്ചിന്‍റെ അതിരുകാത്ത കുറ്റികള്‍ സുഗുണനെ ഭയക്കുന്ന സാഹചര്യത്തിലായപ്പോള്‍ ഒരുദിവസം അവനുവേണ്ടി ഒഴിഞ്ഞുമാറിയതാണോന്നറിയില്ല, പാസ്സായി.....
എവറസ്റ്റിന്‍റെ മുകളില്‍ വലിഞ്ഞുകയറി ഒരു കൊടികുത്തിയ സന്തോഷത്തോടെ ആശാന്‍ സുഗുണന്‍റെ മുന്നില്‍ വന്നു തൊഴുതുനിന്നു....
അശാനിപ്പോളും ഒരു കാര്യത്തിനു പരിഹാരമുണ്ടാക്കിയില്ല ...സുഗുണന്‍റെ ചോദ്യം ആശാന്‍റെ മുഖത്ത്‌ ക്വസ്റ്റ്യന്‍മാര്‍ക്കായി തെളിഞ്ഞു ?
എന്ത് കാര്യം ?
അല്ലാ കയറ്റത്ത്‌ വണ്ടിനിര്‍ത്തിയിട്ട് ...മറ്റേ... സുരേഷു പറഞ്ഞത് ?
ആശാന്‍ ഉടന്‍തന്നെ ഒരു പേപ്പറില്‍ എന്തോ എഴുതിയിട്ട് സുഗുണന് കൊടുത്തു.....എന്നിട്ട് പറഞ്ഞു, അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഈ നമ്പറില്‍ നീ വിളിക്ക്.... ഞാന്‍ വന്നെടുത്തുതരാം :-P
__________________________________________
സന്തോഷ് നൂറനാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo