നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ശവംതീനിയുറുമ്പുകൾ

Image may contain: 1 person

തണുത്തു വിറങ്ങലിച്ചു കിടക്കുന്ന തൻ്റെ കാൽപ്പാദത്തിലൂടെ വരിവരിയായി ശവംതീനിയുറുമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.കാലുവലിച്ചുകുടഞ്ഞു ഉറുമ്പിനെ തൂത്തെറിയാൻ അവൾ ശ്രമിച്ചെങ്കിലും ചത്തുമലച്ചുകിടക്കുന്ന തൻ്റെ ഉടലിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഉറുമ്പിനെ ഭീതിയോടെ നോക്കിനിൽക്കാൻ മാത്രമേ അവൾക്കായുള്ളൂ. ഉടലിലൂടെ ഇഴഞ്ഞുനീങ്ങിയ ഉറുമ്പ് അവളുടെ വെളുത്തുനീണ്ട കഴുത്തിൽ അല്പനേരം വിശ്രമിച്ചു.ഉറുമ്പ് തൻ്റെ കാലുകൾ മെല്ലെ ഇളക്കിയപ്പോൾ അവൾക്ക് പെട്ടെന്ന് സിബിച്ചനെ ഓർമ്മവന്നു.
സേവ്യറങ്കിളിൻ്റെ പുസ്തകഷെൽഫിൽ നിന്ന് ബഷീറിൻ്റെ ബാല്യകാലസഖി നോവൽ തപ്പിയെടുത്ത് മറിച്ചുനോക്കി നിൽക്കുമ്പോഴാണ് സിബിച്ചൻ പൂച്ചയെപ്പോലെ പതുങ്ങിവന്ന് അവളുടെ പിൻ കഴുത്തിൽ ആദ്യമായി ചുണ്ടമർത്തിയത്.അന്നുമുതൽ എത്രയോ വട്ടം ആ ചുണ്ടുകൾ അവളുടെയീ കഴുത്തിലമർന്നിരിക്കുന്നു.പക്ഷേ അവൾക്കൊർമ്മയുണ്ട്, സിബിച്ചൻ തൻ്റെ കഴുത്തിൽ ചുണ്ടുകളമർത്തിയ അതേ നിമിഷം തന്നെ അവളുടെ കെെത്തണ്ടയിൽ ബാല്യകാലസഖിയിൽ നിന്നൂർന്നിറങ്ങിവന്ന ഒരു ഉറുമ്പ് ശക്തിയായി കടിച്ചു.സിബിച്ചൻ ഉമ്മവച്ച ഞെട്ടലിനെക്കാളുപരി ഞരമ്പുകളിലേക്കാഴ്ന്നിറങ്ങിയ ഉറുമ്പിൻ്റെ കാലുകളേൽപ്പിച്ച വേദനയിൽ അവൾ ചെറുതായി നിലവിളിച്ചുപോയി.കാരണം അത്ര തീക്ഷണമായി ഒരു ഉറുമ്പും അവളെ അതുവരെ കടിച്ചിട്ടില്ലായിരുന്നു.ഒന്ന് ഉമ്മവച്ചപ്പോഴേക്ക് ഇങ്ങനെ നിലവിളിക്കാൻ തുടങ്ങിയാൽ കെട്ടുകഴിഞ്ഞാൽപ്പിന്നെ നിനക്കു നിലവിളിക്കാനേ സമയം കാണൂ പെണ്ണേ എന്നു പറഞ്ഞ് സിബിച്ചൻ തന്നെ ചേർത്തുപിടിച്ചപ്പോഴും അവൾക്ക് ആദ്യ ചുംബനത്തിൻ്റെ ലഹരിയെക്കാളുപരി തൻ്റെ കെെത്തണ്ടയിൽ കടിച്ച ഉറുമ്പിനെ ഭീതിയോടെ നോക്കിനില്ക്കാനേ കഴിഞ്ഞുള്ളൂ .സിബിച്ചൻ്റെ കരവലയത്തിലൊതുങ്ങി നാണത്താൽ കണ്ണുകൾ കൂമ്പാൻ തുടങ്ങുന്നതിനിടയിലവൾ കണ്ടു പുസ്തകഷെൽഫിനിടയിലേക്ക് ഊർന്നുകയറിപോകുന്ന ശവംതീനിയുറുമ്പിനെ,പക്ഷെ അന്നവൾക്കറിയില്ലായിരുന്നു അത് ശവമതീനിയുറുമ്പാണെന്നും അതിലും ക്രൂരമായി തന്നെ ശവംതീനികൾക്ക് വലിച്ചെറിയാൻ പോകുന്ന രാക്ഷസൻ്റെ കരവലയത്തിലാണ് താനപ്പോഴെന്നും.
വിവാഹം കഴിഞ്ഞ രാത്രിയിലും അവൾക്കോർമ്മയുണ്ട് മുറിയിലെ ചുമരിലൂടെ വരിവരിയായി നീങ്ങുന്ന തടിയൻ ഉറുമ്പുകളെകണ്ട് അവൾ അയ്യോ ഉറുമ്പെന്ന് പറഞ്ഞപ്പോഴും അവൻ അവളെ കളിയാക്കി. "കഷ്ടം ഉറുമ്പിനെ കണ്ടിട്ടാണോ ഇങ്ങനെ ഒച്ചവയ്ക്കണത്,ഇതൊക്കെ ഇവിടെ എപ്പഴും ഉള്ളതാ.വലിയ മണിമാളികയിൽ ജീവിച്ച നിങ്ങൾക്കൊക്കെ ഇതൊക്കെ കാണുമ്പോൾ പേടിയാകൂ,ഞങ്ങൾ പാവങ്ങൾക്ക് ഇതൊക്കെ സ്ഥിരം കാഴ്ചയാ" എന്നുപറഞ്ഞുകൊണ്ടവൻ കട്ടിലിനടിയിൽ നിന്നും ചൂലു വലിച്ചെടുത്ത് ചുവരിലെ ഉറുമ്പുകളെ തട്ടിത്തൂത്ത് താഴെയിട്ടു."ഇങ്ങുതാ സിബിച്ചാ ഞാൻ തൂത്തുവാരാം "എന്നവൾ പറഞ്ഞെങ്കിലും സിബിച്ചൻ സമ്മതിച്ചില്ല.
"ഇല്ലിക്കാട്ടിൽ വർഗ്ഗീസിൻ്റെ മകൾ സോന എന്ന സയനോര രാജകുമാരി അവിടിരുന്നാലും ആരോരുമില്ലാത്ത അനാഥനായ ഈ പാവം ഡ്രെെവറുചെക്കൻ തൻ്റെ രാജകുമാരിക്കായി പട്ടുമെത്ത ഒരുക്കിയില്ലെങ്കിലും ഉറുമ്പുകടിയേൽക്കാത്ത കിടക്ക ഒരുക്കാനെങ്കിലും ബാധ്യസ്ഥനാണ് "എന്ന് വളരെ നാടകീയമായി പറഞ്ഞുകൊണ്ട് ഉറുമ്പിൻ കൂട്ടങ്ങളെ തൂത്ത് പുറത്തേക്കെറിഞ്ഞ് വാതിലടച്ചു.
മുറിയിലാകെയുണ്ടായിരുന്ന മെഴുകുതിരി വെട്ടം ഊതിക്കെടുത്തിയപ്പോഴും ആ ഒറ്റമുറി വീട്ടിൻ്റെ മൂലയിൽ കൂട്ടിയ അടുപ്പിലെ തീക്കനലുകൾ അവരുടെ പ്രണയലീലകൾക്ക് സാക്ഷിയായി.ഇടക്കെപ്പോഴോ ആവൾ ശക്തിയായി കാലുകുടഞ്ഞപ്പോൾ അവളുടെ കാൽവിരൽത്തുമ്പിൽ കടിച്ചുപിടിച്ചിരുന്ന ശവംതീനിയുറുമ്പിനെ കെെകൊണ്ടു തട്ടിയെറിഞ്ഞുകൊണ്ടവൻ ആ വിരൽത്തുമ്പിൽ ചുണ്ടുകളമർത്തി.
മദ്യപിച്ചെത്തിയ സിബിച്ചൻ്റെ തല്ലുകളേറ്റുവാങ്ങി നിലത്ത് വാടിത്തളർന്നിരിക്കുമ്പോഴുമവൾ കണ്ടു തൻ്റെ ഓരംപറ്റി നിലത്തൂടെ വരിവരിയായി പുറത്തേക്കൂനീങ്ങുന്ന ശവംതീനിയുറുമ്പുകളെ .അവസാനത്തെയുറുമ്പും പോയികഴിയുംവരെ അവൾ അവയെത്തന്നെ നോക്കിയിരുന്നെങ്കിലും അവയിന്ന് അവളെ തൊട്ടതേയില്ല.അവസാനത്തെയുറുമ്പും പടികടന്നുപോയപ്പോഴാണ് പുറത്ത് കാറുവന്നുനിന്ന ശബ്ദംകേട്ടത്.തൻ്റെ വീർത്തുന്തിയ വയറും താങ്ങി വേച്ചുവേച്ചവൾ പുറത്തേക്കുവന്നു.പുറത്തെ വാതിലിൽ തൻ്റെ ദയനീയരൂപം കണ്ട് ഞെട്ടിത്തരിച്ചുനിൽക്കുന്ന ഡാഡിയെകണ്ട് അവളാകെ തകർന്നുപോയി.എങ്കിലും തൻ്റെ പ്രവൃത്തിക്കുള്ള ഫലം താൻതന്നെ അനുഭവിക്കണമെന്ന് തീരുമാനം എന്നോ മനസിലുറപ്പിച്ച അവൾ കൂടെച്ചെല്ലാനൂള്ള ഡാഡിയുടെ ആവശ്യം സ്നേഹപൂർവ്വം നിരസിക്കയായിരുന്നു.സിബിച്ചനെ കാണാൻ കാത്തിരുന്ന ഡാഡിയെ നിർബ്ബന്ധപൂർവ്വം തിരികെ അയക്കുമ്പോൾ അവൾക്ക് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു പണത്തിനുവേണ്ടി തന്നെ ചതിച്ച ആ രാക്ഷസന് തനിക്കവകാശപ്പെട്ട ഒറ്റനാണയം പോലും കിട്ടരുതെന്ന്.ഡാഡിയുടെ കാറു മടങ്ങിയ പുറകേ വരിവരിയായി വീട്ടിലേക്കു മടങ്ങാൻ തുടങ്ങിയ ശവംതീനിയുറുമ്പുകളെ അവൾ ചൂലുകൊണ്ടു തൂത്തെറിയാൻ ശ്രമിച്ചെങ്കിലും അവ കൂട്ടം വിട്ട് മുറിയിൽ പലയിടത്തായി ഓടിനടന്നു.
രാത്രി വെെകി കെെയിലൊരു പൊതിയുമായി കടന്നുവന്ന സിബിച്ചനെക്കണ്ട് അവൾ ഞെട്ടി.വളരെ നാളുകൾക്കുശേഷമായിരുന്നു അവൾ സിബിച്ചനെ സ്വബോധത്തിൽ കാണുന്നത്.ഇതിലൊരു സാരിയും മുല്ലപൂവുമാ നീ അതൊക്കെ അണിഞ്ഞൊന്നു വന്നേ ഞാനൊന്നു കാണട്ടേ,കെെയിലെപൊതി അവൾക്കുനേരേ നീട്ടി അയാൾ പറഞ്ഞു.എന്നതാ സിബിച്ചാ കാര്യം എന്നവൾ ചോദിച്ചെങ്കിലും അയാൾ തൻ്റെ മറുപടി ഒരു വൃത്തികെട്ട ചിരിയിലൊതുക്കി.പോയി ഉടുത്തിട്ടുവാടീ എന്ന അയാളുടെ ആജ്ഞയിൽ അവൾ വീട്ടിനുള്ളിലേക്കുകയറി വാതിലടച്ചു.ചുവരിനോടു ചേർത്തുകെട്ടിയ അയയിൽ നിന്ന് ചുവന്നസാരിക്ക് ഏകദേശം ചേരുന്ന ഒരു പാവാടയെടുത്ത് തൻ്റെ വീർത്തുന്തിയ വയറിനുകുറുകേ കെട്ടി സാരി ഞൊറിഞ്ഞുടുക്കാൻ തുടങ്ങുമ്പോഴാണ് പാവടയുടെ കെട്ടിലിരുന്ന ശവംതീനിയുറുമ്പ് അവസാനമായി അവളുടെ ജീവനുള്ള ഉടലിൽ കടിക്കുന്നത്.നാശം ഉറുമ്പെന്ന് പ്രാകിക്കൊണ്ടവൾ ഉറുമ്പിനെ ഞെരടിയെടുത്ത് നിലത്തേക്കെറിഞ്ഞു.മുല്ലപൂവും ചൂടി പുറത്തേക്കിറങ്ങുമ്പോൾ തൻ്റെയുള്ളിൽ നിന്ന് ദിവസങ്ങൾക്കകം പുറത്തേക്കുവരുന്ന കുഞ്ഞും സിബിച്ചനുമൊത്തുള്ള പുതിയൊരു ജീവിതമായിരുന്നു മനസുനിറയെ.
"നാശം ബാലൻസുതീരാൻ കണ്ടനേരം!നീയങ്ങു സുന്ദരിയായിട്ടുണ്ടല്ലോ ടീ!ഞാൻ പോയി അവരെ കൂട്ടീട്ടു വരാം ,നീ ബഹളമെങ്ങാനുമുണ്ടാക്കിയാലോന്നു കരുതി ഞാനവരെ ജംഗ്ഷനിൽ വണ്ടിയിലിരുത്തിയിട്ടാ വന്നത്" സിബിച്ചൻ ആവേശത്തോടെ പറഞ്ഞു.
"അരെ കൂട്ടിക്കൊണ്ടു വരുന്ന കാര്യമാ സിബിച്ചൻ ഈ പറയണത് ,ഡാഡിയെ ആണോ?"അവൾ സംശയത്തൊടെ ചോദിച്ചു.
"ഫൂൂൂ ഡാഡി.....ആ നാറീടെ കാര്യം ഇവിടെ മിണ്ടിപ്പോകരുത്.കോടീശ്വരനാണത്രേ കോടീശ്വരൻ! ആകെയുള്ള മോളാണല്ലോന്നുകരുതിയാ പ്രേമോം മണ്ണാങ്കട്ടെമെന്നൊക്കെ പറഞ്ഞ് കൂടെകൂട്ടിയത്.എന്നിട്ടിപ്പോൾ കണ്ടില്ലേ കോടിപോയിട്ട് ഒരു കോടിത്തുണിക്ക് പോലും ഗതിയില്ലാതായില്ലേ.അയാളെ ഞാൻ നാണംകെടുത്തും.നീ ചോദിച്ചില്ലേ ആരാ കാത്തിരിക്കണതെന്ന് ,നമ്മടെ ബ്ളേഡു തോമ്മാച്ചനില്ലെ അങ്ങേരാ.അതിയാനു പണ്ടേ നിന്നെ നോട്ടമുണ്ടായിരുന്നതാ.ഇന്നലെയാ ഞാനാ സത്യമറിഞ്ഞത്.രൂപാ അൻപതിനായിരമാ തന്നത്.നിൻ്റെ തൊലിവെളുപ്പ് കണ്ടിട്ടൊന്നുമല്ല അത്രേം കിട്ടിയത്.നിൻ്റെ തന്തക്കോടീശ്വരൻ്റെ പേരുപറഞ്ഞ് വിലപേശിയാ അത്രയും ഒപ്പിച്ചത്.നിൻ്റെ പേറു കഴിഞ്ഞ് കൊണ്ടുചെല്ലാമെന്നു പറഞ്ഞപ്പോൾ അയാൾക്ക് അതുവരെ കാക്കാൻ വയ്യെന്ന് ഇന്നുതന്നെ വേണമെന്ന്,ഞാൻ പോയി അവരെ കൂട്ടിയിട്ടുവരാം".പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടയാൾ പുറത്തേക്കുനടന്നു.
കേട്ടതൊക്കെ സത്യമൊ മിഥ്യയോ എന്ന് തിരിച്ചറിയാനാകാതെ അവൾ ഒരു നിമിഷം പകച്ചുനിന്നു.പിന്നെ വേഗത്തിൽ മുറിക്കുള്ളിലേക്കുകയറി വാതിലടച്ചു.തറയിൽ നിറയെ ചിതറിയോടുന്ന ശവംതീനിയുറുമ്പുകളെ കണ്ടവൾ ഒരു നിമിഷം പകച്ചു നിന്നു.പിന്നെ വേഗത്തിൽ ചെന്ന് മടക്കിവച്ചിരുന്ന തുണികൾക്കിടയിൽ ഒളിപ്പിച്ചു വച്ചിരുന്ന കുപ്പിതുറന്ന് വായിലേക്കു കമിഴ്ത്തി.
അവളുടെ കഴുത്തിൽ വിശ്രമിച്ച ഉറുമ്പ് മെല്ലെ അവളുടെ കാതുകൾ ലക്ഷ്യമാക്കി നീങ്ങി.പിന്നെ അവളുടെ കാതിൽ മൃദുവായി മൊഴിഞ്ഞു,
"ഞങ്ങൾ ഇനി നിന്നെ കടിക്കില്ല.ഇപ്പോൾ നീയും ഞങ്ങളിലൊരുവളായി.ഭൂമിയിൽ ചതിക്കപ്പെടുന്ന മനുഷ്യരാ ശവംതീനിയുറുമ്പുകളായി ജനിക്കുന്നത്.അവർ തങ്ങളെപ്പോലെ ചതിക്കപ്പെടാൻപോകുന്നവരെ പല സൂചനകൾകാട്ടി പിന്തിരിപ്പിക്കാൻ നോക്കും പക്ഷേ ആരും ഞങ്ങടെ സൂചനകൾ തിരിച്ചറിയില്ല.നിന്നെപ്പോലെ മരിച്ചുകിടന്നിട്ട് ഞങ്ങളുടെ ഓരോ സൂചനയും ഓർത്ത് നെടുവീർപ്പിടും.നീയും ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ ശവംതീനിയുറുമ്പായി പുനർജനിക്കും.പിന്നെ നിൻ്റെ ജീവിതമൊരു കാത്തിരിപ്പാണ്.നിന്നെ ചതിച്ചവൻ്റെ മരണത്തിനായി.അവൻ്റെ ശവത്തോടാണ് നീ നിൻ്റെ പകതീർക്കേണ്ടത്.അവൻ്റയുടലിലെ അവസാനത്തെ മാംസത്തരിയും കൊത്തിയെടുക്കും നീയും നിൻ്റെ പടയാളികളും.വെറും അസ്ഥിമാത്രമാകുന്ന അവൻ്റെയുടലിനെ ആത്മനിർവൃതിയൊടെ നോക്കിനിന്നശേഷം നീ അവൻ്റെ തലയോട്ടിക്കുള്ളിൽ സമാധിയാകും.അതുവരെ ശവംതീനിയുറുമ്പായി നീ ഞങ്ങൾക്കിടയിൽ ജീവിക്കും. പ്രിയകൂട്ടുകാരീ....സ്വാഗതം ഞങ്ങളുടെ പ്രതികാരത്തിനായുള്ള കാത്തിരിപ്പിൻ്റെ ലോകത്തേക്ക്".
അവൾ മെല്ലെയൊരു കുഞ്ഞുറുമ്പായി അവർക്കിടയിലേക്ക് തെന്നിനീങ്ങി,തൻ്റെ പകപോക്കലിൻ്റെ നാളും സ്വപ്നംകണ്ടുകൊണ്ട്.
വിജിത വിജയകുമാർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot