നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉന്മാദത്തിന്റെ കെെപ്പിഴകൾ (കഥ)

ഡീ... ആ പെെസ ഇങ്ങ്ട്ട് തരുന്നുണ്ടോ നീ..?
തരണില്ല ഏട്ടാ... ഇനി ഇങ്ങള് കള്ള് കുടിക്കൂല്ലാന്ന് മോന്റെ തലയിൽ തൊട്ട് സത്യം ചെയ്തതല്ലേ...?
ഭാര്യയുടെ ഹൃദയം പൊട്ടിയ ആ വാക്കുകളിലെ അമർഷവും സങ്കടവും അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.. കാലൊന്നു നിലത്തുറക്കാനും കെെ വിറയൽ മാറ്റാനും രണ്ട് പെഗ്ഗ് അകത്തു ചെല്ലണം. ഇന്നലെത്തേതിന്റെ ഹാങ്ങോവർ മാറ്റാനാണ് നൂറ് രൂപയ്ക്ക് ഭാര്യയോട് അയാൾ കെഞ്ചുന്നത്..
ഭാര്യയുടെ മുഖത്തു പോലും നോക്കാതെ രൂപ തട്ടിപ്പറിച്ച് അയാൾ മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് അവളുടെ ശബ്ദം ഇടറിക്കൊണ്ട് എന്തൊക്കെയോ പുലമ്പുന്നത്...
''ഇഞ്ഞീം കള്ളു കുടിച്ച് ബോധമില്ലാതെ കയറി വന്ന് എന്നേം മോനേം ഉപദ്രവിക്കാനല്ലേ ഇങ്ങള് പോവുന്നത്.. ഈശ്വരൻ തന്ന ഈ കൊച്ചു ജീവിതം സന്തോഷത്തോടെ ജീവിച്ച് തീർക്കാൻ നിക്ക് യോഗമില്ല..
ഇഞ്ഞീം മൂക്കറ്റം കുടിച്ച് വരാനാണ് ഇങ്ങള് തീരുമാനിച്ചെങ്കിൽ ഇന്നെ ഇങ്ങള് ജീവനോടെ കാണൂല്ല..''
മദ്യം കിട്ടാത്തതിന്റെ ദേഷ്യത്തിൽ ഭാര്യ പറയുന്നതൊന്നും അയാൾക്ക് കേൾക്കാൻ കഴിഞ്ഞില്ല.
എത്രയും പെട്ടെന്ന് ബാറിലെത്തണം എന്ന ഒറ്റ ചിന്തയോടെ മുറ്റത്തിന്റെ പടി കടക്കാൻ ശ്രമിച്ച അയാൾ കേട്ടത് മോൻ അമ്മേ എന്ന് നിലവിളിച്ചു കരയുന്നതാണ്..
മദ്യമെന്ന വിഷം അയാളിലുള്ള കരുണയും സ്നേഹവും പാടെ വിഴുങ്ങിയതു കാരണം മകൻ അമ്മേ എന്ന് നിലവിളിച്ചിട്ടും പിന്തിരിഞ്ഞ് നോക്കാതെ അയാൾ നേരെ നടന്നു..
**************************
കൃഷ്ണൻ. ഒരു ഗവൺമെന്റ് സ്ഥാപനത്തിലെ ക്ലർക്ക് ആയി ജോലി ചെയ്തുവരികയായിരുന്നു. സ്ഥലം മാറ്റം കിട്ടിയത് സ്വന്തം നാട്ടിൽ നിന്നും കുറച്ചകലെയുള്ള ഒരു പട്ടണത്തിലേക്ക്. അവിടെ ഒരു കൊച്ചുവീട് വാടകയ്ക്കെടുത്ത് ഭാര്യയുടേയും പറക്കുമുറ്റാത്ത മോന്റേയും കൂടെ സന്തോഷകരമായ ജീവിക്കേണ്ട സമയത്താണ് കൂട്ടുകാരുടെ നിർബന്ധപ്രകാരം മദ്യത്തിനെ ആദ്യമായി രുചിച്ചു നോക്കുന്നത്.
താമസിയാതെ തന്നെ പട്ടണത്തിലുള്ള ജീവിതം അയാളെ മദ്യത്തിന്നടിമയാക്കി.
ആദ്യമൊക്കെ രാത്രികാലങ്ങളിൽ മാത്രം മദ്യപിച്ച് വീട്ടിൽ വന്നിരുന്ന കൃഷ്ണൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി ഭാര്യയെ ദ്രോഹിക്കാൻ തുടങ്ങി.. മകന്റെ കളിയും ചിരിയും അയാളിൽ ദേഷ്യം ഉളവാക്കിയിരുന്നു.
രാവിലെ ജോലിക്ക് പോവാൻ വേണ്ടി വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇനി കുടിക്കില്ലെന്ന് ഭാര്യക്ക് വാക്ക് കൊടുക്കും.
ആ വാക്കൊക്കെ കാറ്റിൽ പറത്തി ബോധം മറയുന്നതു വരെ കുടിച്ച് സുഹൃത്തുക്കൾ വീട്ടിൽ കൊണ്ടുവന്നാക്കൽ പതിവായി.
ശമ്പളം മുഴുവൻ കുടിക്കാനായി അയാൾ മാറ്റിവെച്ചപ്പോൾ ആ വീട്ടിലെ അടുക്കളയിലെ അരിയുടേയും പഞ്ചസാരയുടേയും ഭരണികളും കാലിയായിക്കൊണ്ടിരുന്നു. ഇതൊന്നും അറിയാനോ കേൾക്കാനോ അയൾ ശ്രമിച്ചില്ല...
രാത്രിയിൽ കുടിച്ച മദ്യത്തിന്റെ ഹാങ്ങോവർ മാറ്റാനായി പകൽ സമയങ്ങളും മദ്യത്തെ തേടി അയാൾ പോയി..
കൃഷ്ണൻ ഒരു മുഴുക്കുടിയനായി മാറാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല..
മദ്യമെന്ന ലഹരിയിൽ ഭാര്യയേയും മകനേയും മറന്ന് തന്റേതായൊരു ലോകത്ത് ജീവിക്കുമ്പോഴും സ്വന്തം ഭർത്താവിനെ തനിക്കു തിരിച്ചു കിട്ടാൻ വേണ്ടി ദെെവത്തിനോട് ഉള്ളുരുകി പ്രാർത്ഥിച്ചു...
സ്വബോധം എന്ന അവസ്ഥ അയാളിൽ കാണുന്ന അവസരത്തിൽ മകന്റെ തലയിൽ കെെ വെച്ച് ഭാര്യ അയാളെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു.
ആ സത്യങ്ങളെല്ലാം തെറ്റിച്ചു കൊണ്ട് അയാൾ ബോധം മറയുന്ന വരെ കുടിക്കുന്നത് പതിവാക്കി..
************************
ഒടുവിൽ സർക്കാർ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിൽ ഭാര്യയുടെ ദീനരോധനം ശ്രദ്ധിക്കാൻ പോലും കൃഷ്ണനു സമയമുണ്ടായില്ല. ഇരന്നും കാലു പിടിച്ചും ബോധം മറയുന്നവരെ അയാൾ കുടിച്ചു.
പിറ്റേന്ന് രാവിലെ ഷാപ്പിന്റെ പരിസരത്തു നിന്നും ബോധമുണർന്നപ്പോൾ സർക്കാർ ആശുപത്രിയിലെ സ്ത്രീകളുടെ വാർഡിലേക്ക് ഓടിച്ചെന്നു..
ഭാര്യയുടെ ചെതനയറ്റ ശരീരത്തിനു മുന്നിൽ മുട്ടുകുത്തി നിന്നു അയാൾ തേങ്ങി.
മകന്റെ അമ്മേ എന്ന വിളി കാതിൽ വന്ന് അലയടിച്ചപ്പോൾ ഒന്നു പിന്തിരിഞ്ഞ് നോക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ചോര വാർന്ന് തന്റെ നല്ല പാതി മരിക്കില്ലായിരുന്നെന്നുള്ള തിരിച്ചറിവ് അയാളിൽ ഉണ്ടായി.
ഭാര്യയുടെ മൃതശരീരം ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങി മടങ്ങുമ്പോൾ കുറ്റപ്പെടുത്തലിന്റെയും ഒറ്റപ്പെടുത്തലിന്റേയും വേദന അയാൾ ഏറെ കുടിച്ചു വറ്റിച്ചു..
കത്തിത്തീരുന്ന ചിതയെ സാക്ഷിയാക്കി ഇനി കുടിക്കില്ലെന്ന് അയാൾ പ്രതിജ്ഞയെടുത്തു..
എങ്കിലും ഓർമ്മകൾക്ക് തീ പിടിച്ചാൽ അയാൾ ഓടുന്നു മദ്യത്തിന്റെ ലോകത്തിലേക്ക്.
മദ്യത്തിനടിമപ്പെട്ട് സ്വന്തബന്ധങ്ങളെ കുരുതി കൊടുക്കുന്ന ഓരോരുത്തർക്കും വേണ്ടി ഈ കഥ സമർപ്പിക്കുന്നു.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot