നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തനു (ചെറുകഥ)

Image may contain: 1 person, closeup

തനു ഓടുകയാണ്, പെരുമഴ പെയ്തൊഴിഞ്ഞ പാടവരമ്പിലൂടെ..മഴക്കുളിരാല്‍ തണുത്ത പകലിലും അവള്‍ വിയര്‍ത്തുകുളിച്ചു. പാടവരമ്പത്തെ വഴുക്കലും അവളുടെ വെപ്രാളവും കൂടിചേര്‍ന്നപ്പോള്‍ കാലുകള്‍ മനസ്സിനൊപ്പം ഓടിയെത്തനവാതെ ഇടറിക്കൊണ്ടിരുന്നു.
പാടവും മണ്‍വഴിയും കടന്ന് ആച്ചിയമ്മയുടെ വീടിനുമുന്നിലെക്കവള്‍ കിതചെത്തുമ്പോള്‍ അവിടമാകെ ആളുകളെകൊണ്ട് നിറഞ്ഞിരുന്നു.ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി ഇടറുന്ന ചുവടുകളോടെ അവള്‍ ആച്ചിയമ്മയുടെ വീടിനു മുന്നിലേക്ക്‌ നടന്നു..ടെറസ്സിനു മുകളില്‍ നിറയെ കാക്കിയണിഞ്ഞ പോലീസുകാര്‍.വീടിന്‍റെ തിണ്ണയില്‍ വലതുകയ്യില്‍ തലയും താങ്ങി ആച്ചിയമ്മ എന്തൊക്കെയോ പുലമ്പുന്നു.
"ഇച്ചൂ.."
എങ്ങലോടെ വിളിച്ചുകൊണ്ടു മുന്നോട്ടാഞ്ഞ തനുവിനെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞു.തടുത്തവരില്‍ ആരുടെയോ തോളിലേക്ക് ചാഞ്ഞു നിന്നപ്പോള്‍ ആരോ പറയുന്നത് അവള്‍ കേട്ടു.
"ഒരു മാസമായി ആ പിള്ളേരിവിടെ എന്തൊക്കെയോ കുരുത്തക്കേട്‌ ഒപ്പിക്കുന്നു..മയക്കുമരുന്നോ കഞ്ചാവോ ഏതാണ്ടൊക്കെ ഉണ്ട് എന്നാ പറയുന്നേ,പോരാത്തതിന് കൂടെ ഒരു പെങ്കൊച്ചും...ഹാ.. ചോദിക്കാനും പറയാനും ആരാ ഉള്ളത്..."
ടെറസ്സില്‍ നിന്നും ഇടുങ്ങിയ പടിക്കെട്ടിലൂടെ പോലീസുകാര്‍ ഓരോരുത്തരെ ആയി പുറത്തേക്ക് കൊണ്ടുവന്നു.ഒരുള്‍ക്കിടിലത്തോടെ അവള്‍ കണ്ടു..
ജിബിന്‍..ആരിഫ്..ദിയ..
പിന്നെ ..പിന്നെ തന്‍റെ ഇച്ചുവും,
അല്ല..വിളറി വാടിയ മുഖങ്ങള്‍,താടിയും മുടിയും വളര്‍ത്തിയ , കുഴിഞ്ഞ കണ്ണും വരണ്ട ചുണ്ടുകളുമായി ചില പ്രാകൃത രൂപങ്ങള്‍ മാത്രം..പെണ്കുട്ടിയാണെന്ന ഭാവം പോലുമില്ലാതെ ദിയ...
രണ്ടുപോലീസുകാര്‍ താങ്ങിയെടുത്ത് കൊണ്ട് പോകുമ്പോള്‍ ഇച്ചു അര്‍ദ്ധബോധാവസ്ഥയില്‍ ആയിരുന്നു.ചൈതന്യം വാര്‍ന്നു പോയ അവന്‍റെ വെള്ളാരംകണ്ണുകള്‍ തനുവിനെ തുറിച്ചു നോക്കി.
വിളറിവരണ്ട നോട്ടം!
"അമ്മേ..." എന്നലറി വിളിച്ചുകൊണ്ടവള്‍ ഞെട്ടിയുണര്‍ന്നു.വിയര്‍പ്പില്‍ കുളിച്ച അവളുടെ തൊണ്ടവരണ്ടിരുന്നു.കണ്ടത് ഒരുസ്വപ്നമാണെന്ന് വിശ്വസിക്കാന്‍ അവള്‍ക്കായില്ല.
ഏറെ വെള്ളംകുടിച്ചിട്ടും ദാഹം മാറാതെ കിതപ്പോടെ അവള്‍ ക്ലോക്കിലേക്ക് നോക്കി..രണ്ടുമണി..!
ആച്ചിയമ്മയുടെ വീട്ടിലേക്കു ഈ സമയം അവള്‍ക്കൊറ്റയ്ക്ക് പോകാനുമാവില്ല.ജനാലതുറന്ന് അമ്മാവന്‍റെ വീട്ടിലേക്ക് നോക്കി.ലൈറ്റുകള്‍ അണച്ചിരിക്കുന്നു.ഈഅസമയത്ത് ചെന്നുവിളിച്ചാല്‍ അമ്മാവന്‍റെ ചീത്തവിളി ഉറപ്പാണ്‌.
രണ്ടു വര്‍ഷം മുന്‍പ് കാറപകടത്തില്‍ അച്ഛനമ്മമാരെ വിധി തട്ടിയെടുത്തപ്പോള്‍ തനുവും ഇച്ചുവും അനാഥരായി.അപ്രതീക്ഷിതമായി വിധി തളര്‍ത്തിയപ്പോഴും സാമ്പത്തിലേക്കുള്ള അമ്മാവന്‍റെ നോട്ടം മനസിലാക്കി താനും സഹോദരനും സ്വന്തം വീട്ടില്‍ത്തന്നെ തുടരും എന്ന ഉറച്ച തീരുമാനം തനുവിന്‍റെതായിരുന്നു.
20വയസ്സുമാത്രമായിരുന്നു അവളുടെ പ്രായം എങ്കിലും വളരെ വിവേകമതിയായിരുന്നു അവള്‍.പത്താംക്ലാസ് വിദ്യാര്‍ഥിയായ കുഞ്ഞനുജനൊപ്പം ഒറ്റയ്ക്ക് ജീവിതം മുന്നോട്ടു തുഴഞ്ഞപ്പോള്‍ എല്ലാവരും അവളെ തന്റേടി എന്ന് വിളിച്ചു..
കുടുംബത്തിന്‍റെ വരുമാനമാര്‍ഗമായിരുന്ന സൂപ്പര്‍ മാര്‍ക്കറ്റ് പുരോഗതിയുടെ വഴികളില്‍ എത്തിനില്‍ക്കുമ്പോള്‍ ആയിരുന്നു അച്ഛന്റെ മരണം.ഒട്ടും പതറാതെ കയ്യൊതുക്കത്തോടെ അതേറ്റുനടത്താന്‍ തനു കാണിച്ചത് അസാമാന്യമായ ചങ്കുറപ്പായിരുന്നു.കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് ഒരടിപോലും പിന്നോട്ടുമാറാതെ വിജയം തുടരാനും കഴിഞ്ഞു.
അച്ഛനും അമ്മയും ജീവിച്ചിരുന്നപ്പോള്‍ വളരെ അടുപ്പമായിരുന്ന പല ബന്ധുക്കളും സുഹൃത്തുക്കളും അന്യരെപ്പോലെ പെരുമാറിത്തുടങ്ങി. അന്നുമുതല്‍ തനുവും ഇച്ചുവും ഒറ്റയ്ക്കായിരുന്നു. അച്ഛനമ്മമാര്‍ക്കൊപ്പം കാര്‍അപകടത്തില്‍ മരണമടഞ്ഞ ഡ്രൈവര്‍ കുമാരേട്ടന്റെ ഭാര്യ ആച്ചിയമ്മ മാത്രമായി സഹായം.മക്കള്‍ ഇല്ലാത്ത ആച്ചിയമ്മയ്ക്ക് തനുവും ഇച്ചുവും മക്കളെപ്പോലെ ആയിരുന്നു.
തനുവിന് ഇച്ചുവായിരുന്നു എല്ലാം.അവന്‍റെ സന്തോഷമായിരുന്നു അവളുടെ ജീവിതം.സംഗീതത്തില്‍ നല്ല താത്പര്യമായിരുന്ന ഇച്ചുവിന് പ്ലസ്‌ ടൂ മുതല്‍ സംഗീതപ്രേമികളായ മൂന്നു കൂട്ടുകാരും ഉണ്ടായിരുന്നു.ജിബിന്‍,ആരിഫ്,ദിയ ..
നാല്‍വര്‍ സംഘം ഒരു കൊച്ചു മ്യൂസിക്‌ ബാന്‍ഡും തുടങ്ങിയിരുന്നു.തനുവിന്‍റെ പിന്‍ബലത്തില്‍..
തനി ന്യൂജെന്‍ കോലങ്ങള്‍ ആയിരുന്ന നാല്‍വര്‍ സംഘം പ്രാക്ടീസിനായി വീട്ടിലെത്തുമ്പോള്‍ പലപ്പോഴും പരസ്യമായി തന്നെ അമ്മാവന്‍ പ്രതിഷേധിച്ചു.
നാട്ടുകാർ അടക്കി പറഞ്ഞു പ്രതിഷേധിച്ചു..
താടിയും മുടിയും നീട്ടിവളര്‍ത്തിയ അവരെ കാണുമ്പോള്‍ പലരും തനുവിനോട് നേരിട്ട് പറഞ്ഞു അവരെ കണ്ടാല്‍ തന്നെ ശരിയല്ല എന്ന്.എന്നാല്‍ തന്‍റെ കുഞ്ഞനുജനെ പോലെ തന്നെ വിശ്വാസമായിരുന്നു അവള്‍ക്കു അവരെയും.
അമ്മാവന്‍റെ പ്രതികരണം കുട്ടികള്‍ക്ക് വിഷമം ആയെങ്കിലോ എന്ന് കരുതിയാണ് ആച്ചിയമ്മയുടെ ടെറസ്സിനു മുകളിലെ ഒറ്റമുറി അവര്‍ക്ക് വാടകയ്ക്ക് എടുത്തു നല്‍കിയത്. മാത്രമല്ല ആച്ചിയമ്മയ്ക്ക് അതൊരു സഹായവുമായിരുന്നു.
ഇന്ന് സ്വപ്നത്തിലാണെങ്കിലും അവരെ കണ്ടത് പേടിയോടെ തനു ഓർത്തു..
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മനസ്സിലുണ്ടാക്കിയ ഭയം മാത്രമാണ് ഇങ്ങനെയൊരു സ്വപ്നം കാണാന്‍ കാരണമെന്ന് അവള്‍ക്കറിയാം.എങ്കിലുമൊരു പിടച്ചില്‍ അവരെ കാണുംവരെ അത് മാറില്ല.
ചൂടുപിടിച്ച ചിന്തകളില്‍ ഉരുകിയുരുകി തനു നേരംവെളുപ്പിച്ചു.ഇരുട്ടുമാറുംമുന്‍പേ പാടവരമ്പിലൂടെ തിടുക്കത്തില്‍ നടക്കുമ്പോള്‍ പ്രതിസന്ധികളില്‍ പാറപോലെ ഉറച്ചുനിന്ന തനുവിന്‍റെ മനസ്സ് ആലിലപോലെ വിറച്ചു.എന്തിനെന്നറിയാതെ..
ആച്ചിയമ്മയെ വിളിച്ചുണര്‍ത്താതെ ടെറസ്സിലെത്തി.മുറി പൂട്ടിയിരുന്നില്ല.ദിയ പകല്‍ മാത്രമാണ് പ്രാക്ടീസിന് എത്താറുള്ളത്.ജിബിനും ആരിഫും നല്ല ഉറക്കത്തില്‍ ആയിരുന്നു.കസേരയില്‍ ഇരുന്ന് മേശമേല്‍ തലചായിച്ചു ഇച്ചുവും മയക്കത്തില്‍ ആയിരുന്നു.
തനു ഒച്ചയുണ്ടാക്കാതെ ഇച്ചുവിന്‍റെ അരികില്‍ ഇരുന്നു. ഉറങ്ങുമ്പോള്‍ അച്ഛന്റെ അതേ മുഖഛായ ആയിരുന്നു അവന്.അവനെ തന്നെ നോക്കിയിരുന്ന തനു അറിയാതെ വിതുമ്പിപ്പോയി.അവളുടെ അടക്കിപ്പിടിച്ച തേങ്ങല്‍ കേട്ടാണ് ഇച്ചു കണ്ണുതുറന്നത്.
"കൊച്ചേച്ചി..എന്താ ഇപ്പൊ ..ഇത്ര രാവിലെ.."അമ്പരപ്പില്‍ അവന്‍ ചോദിച്ചു.
"ഒന്നൂല്ലെടാ വെറുതെ.."തനു അവന്‍റെ മുടിയില്‍ തലോടി..അമ്മയെ പോലെ..!ഇച്ചു പതിയെ തനുവിന്‍റെ കൈ തന്‍റെ കൈക്കുള്ളിലാക്കി നെഞ്ചോട് ചേര്‍ത്തു.അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു
"എല്ലാവരും പറയുന്നത് കേട്ട് എന്‍റെ കൊച്ചേച്ചി അതൊക്കെ വിശ്വസിച്ചോ?രൂപത്തിന്‍റെ അടിസ്ഥാനത്തില്‍ ആണോ ചേച്ചീ ആളുകളുടെ സ്വഭാവം..കൊച്ചേച്ചിയുടെ സ്നേഹതണലില്‍ വളരുന്ന എനിക്ക് തെറ്റാനാകുമോ..?
താന്‍ സ്വപ്നത്തില്‍ കണ്ടതുപോലെ വിളറിവെളുത്ത് ചോരവാര്‍ന്നുപോയ മുഖമല്ല മുന്നിൽ, ജീവസ്സുള്ള മുഖം ..തിളക്കമാര്‍ന്ന അവന്‍റെ വെള്ളാരംകണ്ണിലേക്കു നോക്കിയപ്പോള്‍ മനസ്സു നിറഞ്ഞു..അഭിമാനം കൊണ്ട് കണ്ണും നിറഞ്ഞു...
തെറ്റിദ്ധാരണകൊണ്ട് ചാര്‍ത്തപ്പെടുന്ന ചില മുദ്രകള്‍ ഒരിക്കലും മായ്ക്കാന്‍ കഴിയാതെ വരാറുണ്ട്.

by: Remya rathish

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot