Showing posts with label Lislona. Show all posts
Showing posts with label Lislona. Show all posts

വെന്റിലേറ്റർ | Lis Lona


 "ഹോസ്പിറ്റൽ ചിലവ് താങ്ങാൻ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേർന്ന് തീരുമാനമെടുത്ത്‌ ഡോക്ടറെ അറിയിച്ചു വെന്റിലേറ്റർ ഊരി.. ഇനിയിപ്പോ കിടത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ പാഴ്ചിലവ് എന്നാ എല്ലാവരും ചോദിച്ചത്.."
നാട്ടിലേക്ക് പോയ ഒരാളെ വിളിച്ച് അച്ഛന്റെ അസുഖവിവരങ്ങൾ അന്വേഷിച്ചപ്പോൾ അറിഞ്ഞ മറുപടിയാണ്. എന്നോട് സംസാരിച്ച മകളടക്കം നാല്‌ മക്കളുണ്ട് ആ അച്ഛന്. നാട്ടിലും വിദേശത്തുമായി എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.
വെന്റിലേറ്റർ ബില്ലുകൾ താങ്ങാനുള്ള കഴിവ് അധികദിവസത്തേക്ക് സാധാരണക്കാരന്റെ പോക്കറ്റിനുണ്ടാകില്ല എന്നറിയാം അതോടൊപ്പം രോഗിയുടെ വയസ്സ് ഇനി മുൻപോട്ട് അവരെക്കൊണ്ട് എന്താണ് ആവശ്യം എന്നതെല്ലാം പ്രാഥമിക ഘടകങ്ങൾ ആയി വരുമ്പോൾ വെന്റിലേറ്റർ ഊരി അവരെ സാധാരണ മരണത്തിന് വിട്ടുകൊടുക്കുന്നത് കണ്ടുനിൽക്കേണ്ട നിസ്സഹായാവസ്ഥ മുൻപും അനുഭവിച്ചിട്ടുണ്ട്.
അച്ഛന്റെ ആയുസ്സ് ഇത്രയും മതിയെന്ന് മക്കളുടെ പോക്കറ്റ് തീരുമാനിച്ച ഫോൺകാൾ അവസാനിപ്പിച്ചപ്പോഴേക്കും മനസ്സ് ഒരുപാട് വർഷം പുറകിലേക്ക് യാത്ര ചെയ്ത് വേറൊരു അച്ഛനിലും മകനിലും തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
ഹോസ്പിറ്റൽ ഡ്യൂട്ടികളിൽ നിന്നും ജീവിതം മാറിയൊഴുകാൻ തുടങ്ങിയിട്ട് വർഷം ഏറെയായിട്ടും
ഇന്നും മായാതെ മനസ്സിൽ നിൽക്കുന്ന ചില മുഖങ്ങളാണ് അതെല്ലാം.
മറവിയിലാഴാത്ത ആ മുഖങ്ങളിൽ ചിലത് കണ്ണ് നിറയുന്ന ആഹ്ലാദമെങ്കിൽ ചിലത് ഹൃദയമുരുക്കുന്ന നോവുകളാണ്..
മെഡിക്കൽ ഐസിയുവിലെ ഒരു പകൽ ഡ്യൂട്ടിക്കിടയിലാണ് എനിക്ക് മുൻപിൽ അവനെത്തിയത്
പത്തൊൻപത് വയസ്സുള്ള ഒരു പയ്യൻ..
മിഴികൾക്ക് മുൻപിൽ അവന്റെ മുഖമിപ്പോഴും ഉണ്ടെങ്കിലും പേര് ഓർമയിലില്ല.
അല്ലെങ്കിലും പേരിലെന്താണ് ! അവനെ പോലുള്ളവരുടെ ഐഡന്റിറ്റിയെന്നത് ആശുപത്രിയിൽ വെന്റിലേറ്റർ പേഷ്യന്റ് എന്ന് മാത്രമാണല്ലോ..
അച്ഛനും അമ്മയ്ക്കും പ്രിയപ്പെട്ട മൂത്തമകൻ..
എട്ടും പൊട്ടും തിരിയാത്ത രണ്ട് അനിയത്തികുട്ടികളുടെ ഏട്ടൻ..സാധാരണക്കാരായ അച്ഛനും അമ്മയും ഏറെ പ്രതീക്ഷകളോടെയായിരുന്നിരിക്കണം അവന്റെ ഭാവിയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നത്.
ദുശീലങ്ങളൊന്നുമില്ല അമ്മയെയും അച്ഛനെയും സ്നേഹിക്കുന്ന മകനാണ്..നന്നായി പഠിക്കും..ചിത്രം വരക്കുമെന്നൊക്കെ പിന്നെയെപ്പൊഴോ അച്ഛനോട് സംസാരിച്ചപ്പോൾ അറിഞ്ഞിരുന്നു..
വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള ക്രിക്കറ്റ് ഭ്രാന്തിന് മാത്രം അമ്മയും അച്ഛനുമായി വഴക്കുണ്ടാക്കും..
അന്നും അച്ഛനവനെ വഴക്ക് പറഞ്ഞിരുന്നു..
പനിച്ചൂട് ചെറിയതാണെങ്കിലും ശരീരമിളകി കളിക്കാൻ പോകേണ്ടെന്ന് അച്ഛൻ ആവതു പറഞ്ഞിട്ടും അവനിറങ്ങിപോയി..
സ്നേഹത്തോടെയുള്ള ശാസനയോടെയാണ് അവൻ കളിക്കാൻ പോകുന്നതും നോക്കി , പനി പിടിച്ച് കിടപ്പിലായാൽ ഞങ്ങൾ നോക്കില്ല കൂട്ടുകാരെ വിളിച്ച് കൂടെ നിർത്തിക്കോയെന്ന് അച്ഛൻ പറഞ്ഞതും..
ഏകദേശം ഡ്യൂട്ടി കഴിയാൻ നേരമാണ് അവനെയും കൊണ്ട് അത്യാഹിതവിഭാഗത്തിൽ നിന്നും സ്ട്രെക്ചർ വന്നത്..അവിടുന്നേ ഇന്റുബെറ്റ് ചെയ്തിട്ടുണ്ടെന്നും വെന്റിലേറ്റർ തയ്യാറാക്കി വെക്കണമെന്നും നിർദ്ദേശങ്ങൾ കിട്ടിയിരുന്നത്കൊണ്ട് വെന്റിലേറ്റർ ബെഡ് എല്ലാം ഐ സി യുവിൽ തയ്യാറാക്കി വച്ചിട്ടുണ്ട്..
ഒറ്റനോട്ടത്തിൽ അവനെ കണ്ടതും എന്റെ ഇടനെഞ്ചിലൊരു കൊളുത്ത് വീണു..എന്റെ ചെറിയ അനിയന്റെ ഛായയാണ് അവന് ..പ്രായവും ഏകദേശം അതുതന്നെ..
നാടും വീടും കുടുംബവും വിട്ട് നിൽക്കുന്ന സമയമാണ് ആ മുഖം കണ്ടതോടെ മനസ്സിന്റെ സമാധാനം പോയി..
ഡ്യൂട്ടി കഴിഞ്ഞിറങ്ങാൻ നേരവും ഞാൻ ഒന്നുകൂടെ അവന്റെ ബെഡിനരികിലേക്ക് ചെന്നു.
വെന്റിലേറ്ററിന്റെ സഹായത്താലെടുക്കുന്ന ശ്വാസത്താൽ നെഞ്ച് ഉയർന്നു താഴുന്നത് കാണാം..
ഒരുവശം ചെരിച്ചുകിടത്തിയ അവന്റെ മുഖത്തിന്റെ ഒരുവശത്തേക്ക് ET ട്യൂബ് ഒട്ടിച്ചുവച്ച പ്ലാസ്റ്ററുണ്ട്..
കണ്ണുകൾ ഐ പാഡ് വച്ച് മൂടിയിരുന്നു.
ഉയരക്കൂടുതലായതുകൊണ്ട് കാലുകൾ കട്ടിലിന്റെ പുറത്തേക്ക് നിൽക്കുന്നത് ഒഴിവാക്കാൻ ചെറുതായി മുട്ട് മടക്കി വച്ചിട്ടുണ്ട്.
മൂടിക്കെട്ടിയ മനസ്സോടെ കേസ് ഫയൽ എടുത്ത് നോക്കി മലേറിയ ആണ്.. കുറച്ചുദിവസമായുള്ള പനി ശ്രദ്ധിച്ചില്ല കളിക്കാൻ പോയ ഗ്രൗണ്ടിൽ കുഴഞ്ഞുവീണപ്പോൾ നാട്ടുകാർ എടുത്തുകൊണ്ട് വന്നതാണ്..
സമയം കഴിഞ്ഞിട്ടും ഞാൻ പോകാതെ നിൽക്കുന്നത് കണ്ടിട്ടാകും ഐസിയുവിന്റെ ചാർജ് ഉള്ള ഡ്യൂട്ടി ഡോക്ടർ എനിക്കരികിലേക്ക് വന്നു..
"ബ്രെയിൻ ഡെത്ത്‌ ആണ് സിസ്റ്ററെ... കൊണ്ടുവന്ന നാട്ടുകാരോടും രോഗിയുടെ വീട്ടുകാരോടും വിവരം അറിയിച്ചിട്ടില്ല കൺസെന്റ് എടുത്ത് വെന്റിലേറ്ററിൽ ഇട്ടതാണ്.."
ഐ സി യുവിന് പുറത്ത് പ്രതീക്ഷകളോടെ നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ വന്നതും അടിവയറ്റിൽ നിന്നൊരു എരിച്ചിൽ തള്ളിക്കയറി വന്നു..
എന്തെല്ലാം സ്വപ്നങ്ങളായിരിക്കാം അവൻ കണ്ടത്... ഇപ്പോഴും ചിലപ്പോൾ ഞങ്ങൾ സംസാരിക്കുന്നത് അറിഞ്ഞ് അവന്റെ ഉള്ളുരുകുന്നുണ്ടാവില്ലേ..
ഇനിയൊരു മടക്കം സ്നേഹിക്കുന്നവരുടെ അടുത്തേക്കില്ലെന്ന് അറിഞ്ഞ് അവൻ തേങ്ങുന്നുണ്ടാകില്ലേ..
അമ്മയെ കെട്ടിപ്പിടിക്കാൻ ...
അച്ഛനോട് ഒന്നുകൂടെ വഴക്കിടാൻ..
അനിയത്തിമാരെ സ്നേഹിച്ചു മതിയായില്ലല്ലോ എന്നെല്ലാം അവനും ചിന്തിക്കുന്നുണ്ടാകില്ലേ എന്നോർത്തതും നെഞ്ച് പിടയാൻ തുടങ്ങി..
എന്താണ് ഇനി ഡോക്ടറോട് ചോദിക്കേണ്ടതെന്ന് അറിയാതെ ആ മുഖത്തേക്ക് നോക്കി ഞാൻ പതറി നിന്നു..
മരണം പലപ്പോഴും രംഗബോധമില്ലാതെ തിമിർത്താടുന്നത് കണ്ടിട്ടുണ്ട് അപ്പോഴെല്ലാം നിർവികാരമായി നിൽക്കാൻ ശ്രമിച്ചാലും നിയന്ത്രണമില്ലാത്ത മനസ്സോടെ സാഹചര്യം നേരിടാൻ പരമാവധി ശ്രമിച്ച് ഞാൻ അതിഗംഭീരമായി പരാജയപെടാറുണ്ട് .
അന്ന് പക്ഷേ വിവരിക്കാൻ കഴിയാത്തൊരു വേദനയിലും അസ്വസ്ഥതയിലും നെഞ്ചുരുകിയത് ഒരുപക്ഷെ ആ പയ്യന് എന്റെ അനിയന്റെ മുഖച്ഛായ തോന്നിയതുകൊണ്ട് കൂടി ആയിരിക്കാം..
പുറത്തേക്ക് നടന്ന് വരുമ്പോൾ വാതിലിനു അരികെ കാത്തുനിൽക്കുന്ന അവന്റെ അച്ഛനിൽ നിന്നും ചോദ്യമുയർന്നു..
"മോൻ കണ്ണ് തുറന്നോ സിസ്റ്ററെ.."
"മരുന്നിന്റെ മയക്കത്തിലാകും പേടിക്കണ്ട കേട്ടോ സമാധാനമായിരുന്നോളു.."
നുണകൾ എത്ര അനായാസമായാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ വന്നു ചേരുന്നത്..അല്ലെങ്കിലും ആ മകനിനി കണ്ണ് തുറക്കില്ലെന്ന് എങ്ങനെയാണ് എനിക്ക് പറയാൻ കഴിയുന്നത് ദൈവമെയെന്നോർത്ത് ഞാൻ ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു..
ഏറെ പ്രതീക്ഷകളോടെ കാത്തുനിൽക്കുന്ന അവരോട് ഇനിയും വെന്റിലേറ്ററിൽ ഇട്ടിട്ട് കാര്യമില്ലെന്ന് ഡോക്ടർ പലതവണ സൂചിപ്പിച്ചിട്ടും അവൻ തിരിച്ചുവരുമെന്ന് പ്രതീക്ഷയായിരുന്നു അവർക്ക്..
സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാൻ കഴിയുന്നതിനപ്പുറമുള്ള ബില്ല് പക്ഷേ പ്രതീക്ഷകൾക്കൊപ്പം നിൽക്കാൻ തയ്യാറല്ലായിരുന്നിട്ട് കൂടി കടം വാങ്ങിയിട്ടാണെങ്കിലും അവർ പണം തയ്യാറാക്കിയിരുന്നു.
പണം മുൻകൂറായി അടച്ചിരുന്നത് തീർന്നെന്നും ഒന്നോ രണ്ടോ ദിവസത്തിൽ ബാക്കി അടച്ചില്ലെങ്കിൽ വെന്റിലേറ്റർ ഊരി മാറ്റുന്നതാണ് ഹോസ്പിറ്റൽ പോളിസിയെന്നും അറിയിച്ചവരോട് ഞങ്ങൾക്കുള്ളതെല്ലാം വിറ്റായാലും ബില്ലടക്കും ഞങ്ങളവനെ നോക്കുമെന്നാണ് അച്ഛൻ ഉത്തരം കൊടുത്തത് ..
എഴുന്നേറ്റ് നടന്നില്ലെങ്കിൽ പോലും അവൻ ജീവനോടെ ഞങ്ങളുടെ മുൻപിൽ ഉണ്ടായാൽ മതിയെന്ന ആഗ്രഹത്തിൽ എന്റെ മോൻ തിരിച്ചുവരുമോയെന്ന ചോദ്യവുമായി മുൻപിൽ നിൽക്കുന്ന അച്ഛന് ഒരുത്തരം കൊടുക്കാൻ കഴിയാതെ ഡോക്ടറും നിൽക്കുന്നുണ്ടായിരുന്നു..
തിരികെ കിട്ടില്ല എന്ന് തീർത്തുപറഞ്ഞിട്ടും ഈ മെഷീനിൽ കിടക്കുന്നിടത്തോളം അവനെ ഞങ്ങൾക്ക് കാണാമല്ലോ എന്നറിയിച്ച് എവിടൊക്കെയോ ഓടി നടന്ന് കടം വാങ്ങി പൊന്നിന്റെ പൊട്ടും പൊടിയും വിറ്റ് അവരടച്ച പണത്തിന് പക്ഷേ അവന്റെ ജീവനെ വെന്റിലേറ്ററിലൂടെ പോലും പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.
അന്ന് കുടുംബം നോക്കാനുള്ള മകനെന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് ആരുണ്ടെന്ന ഭയത്തേക്കാളും മാതാപിതാക്കളുടെ കണ്ണടയും വരെയും മക്കളെ ജീവനോടെയും ആരോഗ്യത്തോടെയും കാണണമെന്ന നിസ്വാർത്ഥമായ പ്രാര്ഥനയായിരുന്നു കണ്ടത്. ഇല്ലായ്മയിലും മകനെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് ആഗ്രഹിച്ച ഒരച്ഛന്റെ സ്നേഹമായിരുന്നു അറിഞ്ഞത്..
ഇന്ന് ആയുസ്സ് മുഴുവൻ മക്കൾക്കായി ഹോമിച്ച ഒരച്ഛനെ ചികിത്സിക്കാൻ മക്കൾ മത്സരമാണ് ആര് ബില്ലടക്കും..ഇനി ബില്ലടച്ചു അദ്ദേഹം രക്ഷപ്പെട്ടാൽ ശേഷകാലം ആര് നോക്കും..രക്ഷപെട്ടു കിട്ടിയാലും എന്ത് ഉപകാരമാണ് ഉള്ളത് അങ്ങനെ ചിന്തിക്കാൻ നൂറായിരം കാര്യങ്ങൾക്ക് എല്ലാ മക്കളും കൂടി ഒറ്റകെട്ടായി കണ്ടെത്തിയ ഉത്തരമാണ് ഇനി വെന്റിലേറ്റർ വേണ്ട എന്നത്.
തൊണ്ണൂറും നൂറും ദിവസങ്ങളും അച്ഛനമ്മമാരെ വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ച് ഒന്നോ രണ്ടോ വട്ടം ട്രക്കിയോസ്റ്റമി ചെയ്ത് മൂക്കിലെ ട്യൂബിലൂടെ ഭക്ഷണം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മക്കളും ഉണ്ടായിരുന്നെന്ന് മറന്നിട്ടില്ല..
എങ്കിലും ഇത്തരം സാഹചര്യത്തിൽ ഇനി വേണ്ട അല്ലെങ്കിൽ ചികിത്സ മതിയെന്ന കാര്യത്തിൽ അച്ഛനമ്മമാരുടെ അല്ലെങ്കിൽ വയസ്സായവരുടെ വിഷയം പെട്ടെന്ന് തീരുമാനമാകുന്നോ എന്ന ചിന്തയില്ലാതില്ല.
എന്റെ മാത്രം അച്ഛനാണ് എന്റെ മാത്രം അമ്മയാണ് എന്ന വാശിയിലുള്ള കുട്ടികളുടെ തർക്കങ്ങൾ കേൾക്കുമ്പോൾ സ്വപ്‌നങ്ങൾ നെയ്തുകൂട്ടേണ്ട നിന്റെയും കൂടി അമ്മയും അച്ഛനുമാണ് നിനക്കും നോക്കാമെന്ന വാക്കിലേക്കുള്ള മാറ്റം കാലമാണ്.
ലിസ് ലോന ✍️

ചലഞ്ച്


 "ദേവയാനി ടീച്ചർ കണ്ടിരുന്നോ സോഷ്യൽ മീഡിയയിലെ സിംഗിൾ പേരന്റ് ചലഞ്ച്‌ ..എന്തെല്ലാം തരത്തിലാണല്ലേ ഓരോരുത്തരുടെയും ജീവിതം !! ആ കുഞ്ഞുമക്കളുടെ മുഖങ്ങൾ കണ്ടിട്ട് സങ്കടമായിപ്പോയി.."

സ്റ്റാഫ് റൂമിലിരുന്ന് കുട്ടികളുടെ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടക്കാണ് സരസ്വതിടീച്ചർ കയറിവന്ന് ദീർഘനിശ്വാസത്തോടെ തുടക്കമിട്ടത്..

"ആ ! ഓരോരുത്തരുടെ യോഗം അല്ലാതെന്ത് പറയാനാ.. ഇനിയുള്ള കാലം തനിച്ച് ജീവിക്കാതെ നല്ലൊരു കൂട്ടിനെ കിട്ടാനും മക്കളുമൊത്ത് സ്നേഹത്തോടെ ജീവിക്കാനും സർവേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ അല്ലേ.."

ഒരു നിമിഷത്തേക്ക് ടീച്ചർ മറന്നതാണോ സഹപ്രവർത്തകയുടെ ഭൂതകാലം!
തലയുയർത്തി നോക്കിയുള്ള എന്റെ പുഞ്ചിരി കണ്ടതും അവർ മറുപടിക്ക് കാതോർക്കാതെ പുറത്തേക്ക് നടന്നു.

മനസ്സ് മുൻപിലിരിക്കുന്ന കടലാസുകളിലെങ്ങുമല്ലെങ്കിലും ഞാൻ പിന്നെയും കുട്ടികളുടെ ഉത്തരങ്ങളിലേക്ക് ഊളിയിട്ടു...

ഓർമ്മകൾ ചരട് പൊട്ടിയ പട്ടമായി പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയത് ഇന്നലെ ഇളയമകൾ വേണിയെനിക്ക് ഫേസ്ബുക്കിലെ പോസ്റ്റുകൾ കാണിച്ചുതന്ന സമയം മുതലാണ്..

ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നീറുന്ന ഓർമ്മകളെന്നെ വർഷങ്ങൾ പിറകിലേക്ക് വലിച്ചിഴക്കുന്നതും
അതിലെ ഓരോ വരികളും ജീവിതത്തിന്റെ ഒരിക്കലും തുറക്കാനാഗ്രഹിക്കാത്ത ഏടുകൾ എനിക്ക് മുൻപിൽ തുറന്നിടുന്നതും ഞാനറിയുന്നുണ്ടായിരുന്നു.

നെഞ്ചിൽ കൊളുത്തിവലിക്കുന്ന വേദനക്കൊപ്പം മിഴിക്കോണിൽ ഉരുണ്ടുകൂടിയ നനവിന് മുൻപിലൊരു പെരുമഴക്കാലം ആർത്തലക്കുന്നു ..

പൊള്ളിപ്പിടയുന്ന മനസ്സോടെ പേടിച്ചരണ്ട മകൻ കുഞ്ഞനിയത്തിയേയുമെടുത്ത് മുറ്റത്തേക്ക് നോക്കി അമ്മയെ കൊല്ലല്ലേ അച്ഛായെന്ന് അലമുറയിട്ടു നിലവിളിക്കുന്നു..

നിസ്സഹായതയോടെ ഒരു പെണ്ണ് ഉപദ്രവിക്കരുതേയെന്ന് കെഞ്ചി കൈകൂപ്പിക്കൊണ്ട് കാല് പിടിച്ചിട്ടും അടിവയറ്റിലേക്ക് അയാളുടെ കാലുകൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു..

കിട്ടുന്ന ചവിട്ടിന്റെ ഇഞ്ചിഞ്ചായുള്ള മരണവേദനയേക്കാൾ അവളെ നോവേൽപ്പിച്ചത് മക്കൾക്ക് മുൻപിലുള്ള ആക്രമണമായിരുന്നു...

ശ്വാസമെടുക്കാൻ പോലുമാകാതെ വീർപ്പ് മുട്ടുമ്പോഴും പിടയുന്ന മിഴികൾകൾക്ക് മുൻപിൽ ഭയന്നരണ്ട നാല് കുഞ്ഞിക്കണ്ണുകളായിരുന്നു...

മദ്യപിച്ചു ലക്കുകെട്ടവന്റെ ഭ്രാന്ത് തീർത്തത് കെട്ടുതാലിയെന്ന ചങ്ങലകൊളുത്തിൽ ബന്ധിക്കപ്പെട്ട
ഭാര്യയെന്ന അടിമയെ ,മഴ പെയ്തുതോർന്ന മുറ്റത്തെ ചെളിയിലും ചേറിലും വലിച്ചിഴച്ചും മർദിച്ചുമായിരുന്നു..

അന്വേഷിക്കാനോ ചോദിക്കാനോ ആര് വന്നാലും അവരുമായി ചേർത്ത് ഭാര്യയുടെ അവിഹിതകഥകൾ മെനയാൻ അയാൾ മിടുക്കനായിരുന്നതുകൊണ്ട് ആരും ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.

ചവിട്ടുനാടകത്തിനവസാനം തിരശീല താഴുമ്പോൾ നീണ്ടുകൊലുന്നനെയുള്ള പെണ്ണ് അടികിട്ടി തിണിർത്ത കവിൾത്തടങ്ങളോടെ വരാന്തയുടെ അറ്റത്തു കീറിപ്പറിഞ്ഞ ഈറൻ തുണികളിൽ പഴംതുണികെട്ടായി ചുരുണ്ട് കിടക്കുന്നുണ്ടാകും..

കണ്ണീരിനി ബാക്കിയില്ലാത്ത വിധം വറ്റിപ്പോയ മിഴികളിലൂടെ അവളുടെ ഹൃദയം പിഞ്ഞിക്കീറിയ ചുടുചോര ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

സ്ഥിരം നടക്കുന്ന ആട്ടത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് അച്ഛൻ അകത്തേക്ക് വേച്ചുവേച്ചു നടന്ന്പോയതും മക്കൾ രണ്ടും ഓടിവന്ന് അമ്മയുടെ നെഞ്ചിലേക്ക് വീണു..

ചളിയിൽ കുതിർന്ന ശരീരത്തോട് മക്കളെ ചേർത്തുപിടിക്കുമ്പോൾ അവൾ കൊടുംകാറ്റിലാടുന്ന ആലില പോലെ വിറക്കുന്നുണ്ടായിരുന്നു..

"അമ്മേ മതിയമ്മേ നമുക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാം.. അച്ഛനെ ഞങ്ങൾക്ക് പേടിയാ..അച്ഛ നമ്മളെ കൊല്ലും .."

വിങ്ങിപൊട്ടിക്കരയുന്ന മകനെ നെഞ്ചോട് ചേർക്കുമ്പോൾ ഒന്ന് പൊട്ടികരയാൻ കൂടി അശക്തയാണല്ലോ താനെന്നവൾ ഓർത്തു..

കഠിനവേദനയിൽ കരുവാളിച്ച ജീവനറ്റ ചുണ്ടുകളാൽ മകന്റെ മൂര്ദ്ധാവിലവൾ ചുംബിച്ചു.

വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പീഡനമാണ്.. കുറച്ചെല്ലാം പെൺകുട്ടികൾ സഹിക്കേണ്ടതാണ് മോളെ, നീ വേണം അവനെ നേരെയാക്കിയെടുക്കാനെന്ന ഉപദേശങ്ങൾ..
എല്ലാ പെണ്ണുങ്ങളും ഓരോവിധത്തിൽ ഇങ്ങനെയുള്ള അവസ്ഥകളിൽ കൂടിയെല്ലാം കടന്നുപോകുന്നുണ്ട് നീ അവന്റെ ദേഷ്യവും കലിയുമൊക്കെ കണ്ടറിഞ്ഞു നിന്നാൽ മതി എല്ലാം ശരിയായിക്കോളുമെന്ന് ഒടുവിൽ സ്വന്തം വീട്ടിൽ നിന്നുകൂടി കേട്ടപ്പോൾ പൂർത്തിയായി.

പകൽ സമയത്ത് കൺവെട്ടത്തുപോലും ചെല്ലാതെ അടുക്കള ജോലികളിൽ മുഴുകിയാലും രാത്രികളിൽ വേറൊരു നിവൃത്തിയുമില്ലാതെ മുറിയിലേക്ക് കടന്ന് ചെല്ലണം..

ആരോടും പറയാനാകാത്ത ഉള്ളിലൊതുക്കിയ ഭയമായി കിടപ്പുമുറിയുടെ വാതിൽ അവൾക്ക് മുൻപിൽ മരണഭയവുമായി തുറന്ന് കിടപ്പുണ്ടാകും..

അവിടെ അറപ്പ് തോന്നും വിധമുള്ള കാമഭ്രാന്തുകൾക്കിടയിൽ നഗ്നയായി വെറും തറയിൽ അയാളവളെ ഇരുത്തും..
തനിക്ക് മുൻപിലിരുന്ന് മദ്യപിക്കുന്നവനെ നോക്കി കൺചിമ്മാതെ അയാൾ വലിച്ചുകൂട്ടുന്ന കഞ്ചാവ് മണക്കുന്ന പുകച്ചുരുളുകൾക്കിടയിൽ അവളിരിക്കണം..

കഞ്ചാവ് കുറ്റികൾ കൊണ്ട് മാറിടങ്ങളിൽ ഒരിക്കൽ കുത്തിക്കെടുത്തിയ മുറിവുകളിൽ വീണ്ടും വീണ്ടുമയാൾ പൊള്ളിക്കും.. പ്രതികരിക്കാൻ ശ്രമിച്ചാൽ തെറിയഭിഷേകത്താൽ അയാളവളെ മൂടും..

പൂർണലഹരിയിൽ മുഴുകി കാട്ടുപോത്തിന്റെ ക്രൗര്യത്തോടെ ഉദ്ധരിച്ച ലിംഗവുമായി അയാളവളെ കുനിച്ച് നിർത്തുമ്പോഴേക്കും മുട്ടുകൾ കൂട്ടിയിടിക്കുംവിധം ഭയത്താൽ അവൾ വെട്ടിവിറക്കുന്നുണ്ടാകും...

ക്രൂരമായ ഭോഗത്തിനിടയിൽ അസഹ്യമായ വേദന കൊണ്ട് അലറിക്കരയുന്നവളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി വച്ചിട്ടുണ്ടാകുമയാൾ.

കാളക്കൂറ്റനെപോലെ അയാളവളെ ചവിട്ടിമെതിച്ച് മുക്രയിടുന്നതിനിടയിൽ കലിയിളകി ശരീരം മുഴുവൻ മുറിവേല്പിക്കും വിധം അവളെ അടിച്ചുകൊണ്ടിരിക്കും..

ഒടുവിൽ രേതസ്സ് തുപ്പി അയാളിലെ പുരുഷൻ തളർന്നവശനായി രതി അവസാനിപ്പിക്കുമ്പോഴേക്കും ബോധരഹിതയായി അവൾ നിലത്തേക്ക് ഊർന്നുവീഴും.

ബോധം തെളിയുമ്പോൾ തണുത്ത തറയിൽ നൂൽബന്ധമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാതെ ജീവനോടെ ജഡമായി കിടക്കുന്നുണ്ടാകും.
ശുക്ലവും രക്തവും വഴുവഴുപ്പോടെ കാലിനിടയിലൂടെ ഒഴുകിയിറങ്ങുന്നുണ്ടാകും.

തലതല്ലിക്കരഞ്ഞും ദൈവത്തിനോട് പരാതി പറഞ്ഞും വേറെ വഴിയില്ലാതെ സഹിച്ചുനിന്നു..

ലൈംഗിക വൈകൃതങ്ങൾ ഒടുവിൽ മക്കൾക്ക് മുൻപിലും ആവർത്തിക്കപ്പെടാൻ തുടങ്ങിയ സന്ധ്യയിലാണ് കയ്യിൽ കിട്ടിയ പാത്രമെടുത്ത് അയാളുടെ തലക്കടിച്ചത്.

അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ അയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കയ്യിൽ കിട്ടിയതുമായി മക്കളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങാൻ അന്ന് യാതൊരു ഭയവും തോന്നിയില്ല..

ഉടുതുണിയിലും അയാളുടെ വിരൽപാടുകളാൽ ചിത്രം വരച്ചിരുന്ന കവിളിണകളിലും ചെന്നി പൊട്ടിയൊഴുകുന്ന രക്തപുഷ്പങ്ങൾ ചിതറിവീണ് പൂക്കളം തീർത്തിരിന്നു..

അന്നുവരെ അബലയായവൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ശക്തിയാർജിക്കുമെന്ന് മനസിലാക്കിയ ദിവസങ്ങൾ.

ജീവനോടെ മടങ്ങിവന്ന മകളെ കണ്ട സന്തോഷത്തേക്കാൾ അവളുടെയും കുട്ടികളുടെയും ബാധ്യതകളും പുറകെ വന്നേക്കാവുന്ന വയ്യാവേലികളും വീട്ടിലുള്ളവരെ അസ്വസ്ഥരാക്കിയത് ഞാനന്നറിഞ്ഞു.

വിവാഹം കഴിയാത്ത അനിയനും വേറൊരു കുടുംബത്തിൽ സന്തോഷമായി ജീവിക്കുന്ന അനിയത്തിയുടെ ഭാവിയും കുടുംബത്തിന്റെ മാനവുമൊക്കെ ആലോചിച്ചാവും അച്ഛന്റെയും അമ്മയുടെയും മുഖം സങ്കർഷഭരിതമായിരുന്നു.

ഇതിനെല്ലാമിടയിലും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും കുടി നിർത്തിയെന്നും പൊന്നുപോലെ ഭാര്യയെയും മക്കളെയും നോക്കിക്കോളാമെന്നും അറിയിച്ച് അയാളയക്കുന്ന മധ്യസ്ഥന്മാരുടെ വരവിന് കുറവുണ്ടായിരുന്നില്ല.

ആരെല്ലാം നിർബന്ധിച്ചിട്ടും ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് തലയിടാൻ വയ്യെന്ന നിലപാടിൽ മക്കളെ വിട്ടുകൊടുക്കാതെ ഞാൻ വിവാഹമോചനം നേടി..

കഴുത്തിൽ കുരുങ്ങിയ കെട്ട് അഴിച്ചുവച്ചതോടെ സ്വാതന്ത്രത്തേക്കാൾ കൂടുതൽ അനുഭവിച്ചത് നിയന്ത്രണങ്ങളായിരുന്നു.

ഭർത്താവിനെ വേണ്ടെന്നു വച്ചവളെന്നും മക്കളെയോർത്തെങ്കിലും ക്ഷമിക്കാമായിരുന്നെന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകൾ..

"മറ്റ് " കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന അശ്ലീലഭാഷണങ്ങൾക്കൊപ്പം ആരുമറിയാതെ നോക്കിക്കോളാമെന്നുമുള്ള ക്ഷണങ്ങൾ..
മുഖമടച്ച് ആട്ടിയിറക്കി വിടുമ്പോൾ നീ വെറുമൊരു പെണ്ണാണെന്ന ഭീഷണികൾ..

മോശപെട്ടവളെന്നും വഴിപിഴച്ചവളെന്നും കാക്കയോടും കാറ്റിനോടുമവർ ചൊല്ലി നടന്നു.

പാതിവഴിയിൽ നിർത്തിയ പഠിപ്പിനെച്ചൊല്ലി സ്വപ്നം കാണാനോ പരാതി പറയാനോ നിൽക്കാതെ അടുത്തുള്ള കന്യാസ്ത്രീമഠത്തിലെ അടുക്കളജോലിക്ക് ആളെയെടുക്കുമോ എന്നറിയാൻ ചെല്ലുമ്പോൾ മക്കളുടെ മുഖം മാത്രമേ മനസിലുണ്ടായിരുന്നുള്ളു..

എല്ലാമറിഞ്ഞ മഠത്തിലെ അമ്മമാർ തുടർപഠനത്തിന് കൂടിയുള്ള സാധ്യത തുറന്ന് തന്നുകൊണ്ട് കൂടെ നിന്നപ്പോൾ ഹൃദയം നിറഞ്ഞ കൃതജ്ഞതയാൽ അവർക്ക് മുൻപിൽ ഞാൻ പൊട്ടിക്കരഞ്ഞു.

വിവാഹമോചിതയായ സഹോദരി , സഹോദരന് അധികബാധ്യതയാണെന്ന് അറിഞ്ഞത് അവന് വരുന്ന വിവാഹാലോചനകൾ നിസ്സാര കാരണങ്ങളിൽ തട്ടിമാറിയപ്പോഴായിരുന്നു..

മക്കളെയും കൊണ്ട് മഠത്തിലെ അന്തേവാസിയാകാൻ പിന്നെ മടിച്ചില്ല. പഠിപ്പ് കഴിഞ്ഞതും മുന്നോട്ടിനി തനിച്ചു മതിയെന്ന് തീരുമാനിച്ചുറപ്പിച്ച് മഠം വക സ്കൂളിലെ ടീച്ചറായി ജോലിക്കു കയറി..

സിസ്റ്റർ ജസീന്തയായിരുന്നു സ്കൂളിലെ പ്യൂൺ കൃഷ്ണേട്ടന് എന്നോടൊരു ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞത്.

കൃഷ്ണേട്ടന്റെ ഭാര്യ വിവാഹം കഴിഞ്ഞ ആദ്യവർഷം തന്നെ കാൻസർ ബാധിച്ചു മരിച്ചിരുന്നു.. വർഷങ്ങളോളമായി അദ്ദേഹം ഈ സ്കൂളിൽ തന്നെയാണ് ജോലി നോക്കുന്നത്..

കുശിനിക്കാരിയായി ചെന്ന ദേവയാനി പഠിച്ച് ജോലിനേടി ടീച്ചറായതിന് അയാളും കൂടി സാക്ഷിയായിരുന്നു..
സ്വന്തം കുട്ടികളായി കരുതി ദേവയാനിയെയും മക്കളെയും നോക്കാമെന്ന് അറിയിച്ചിട്ടും വേണ്ടെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു..

ചൂട് വെള്ളത്തിൽ ഒരിക്കൽ വീണ പൂച്ചക്ക് പച്ചവെള്ളത്തെ പോലും തിരിച്ചറിയാത്ത ഭയമായിരുന്നു സത്യത്തിൽ..

ആലോചനകൾ നടക്കുന്നത് എങ്ങനെയോ സ്കൂളിൽ പരന്നതും സരസ്വതിടീച്ചർ അടക്കമുള്ളവർ ബുദ്ധിയുപദേശിച്ചു..

"കാര്യം കൃഷ്ണൻ നല്ലവനൊക്കെയാണ് പക്ഷേ നിനക്കൊരു പെൺകുട്ടി കൂടിയുണ്ട് അവളെയും അയാൾ അവസാനം വരെയും മകളായിത്തന്നെ നോക്കിയാൽ നല്ലത് അല്ലെങ്കിലോ.."

" ആണിന് രണ്ടാംകെട്ടെന്നത് വിഷയമല്ല പക്ഷേ ദേവയാനി, നീ രണ്ട് പെറ്റവളെന്ന ചിന്ത ആണുങ്ങൾക്കും ഉണ്ടാകും ..സ്വന്തം കുട്ട്യോളല്ലെന്നും അവരുടെ ഉള്ളിലുണ്ടാകും മറക്കണ്ട..ദൈവം അനുഗ്രഹിച്ച് ഒരു മോനും മോളും ഇല്ലേ സന്തോഷമായി ജോലി ചെയ്ത് അവരെയും നോക്കി ജീവിക്കൂ.."

" ഒന്നുമില്ലെങ്കിലും അയാളൊരു പ്യൂണല്ലേ ഒരു ടീച്ചറെ കെട്ടിയാൽ ജീവിതം മെച്ചപ്പെടുത്താം അതാണീ ആലോചന കണ്ടറിഞ്ഞാൽ ടീച്ചർക്ക് കൊള്ളാം.."

നാളെ മക്കളെ നോക്കുമെന്ന് എന്തുറപ്പ് ?
ഒരിക്കൽ കിട്ടിയ അനുഭവവും സുഖവും മതിയായില്ലേ ? ആണില്ലാതെ ജീവിക്കാൻ കഴിയില്ലേ ?
അഭിപ്രായങ്ങൾ പലതരത്തിലായിരുന്നു.

അന്ന് സിസ്റ്റർ ജസീന്ത മാത്രം കൂടെ നിന്നു..

" ദേവേ ...മറ്റുള്ളവർക്ക് എന്ത് അഭിപ്രായം വേണമെങ്കിലും തരാൻ സാധിക്കും പക്ഷേ ജീവിതം നിന്റെയാണ് നിന്റെ മാത്രം..
നിന്നെ മനസിലാക്കി കുഞ്ഞുങ്ങളെ കൂടി ഏറ്റെടുക്കാൻ ഒരു നല്ല മനസ്സിന് ഉടമയെത്തിയാൽ നീ പുറംകാലുകൊണ്ട് തട്ടിക്കളയരുത്..
നാളെ മക്കൾക്കൊരു ജീവിതമായിക്കഴിയുമ്പോൾ തനിച്ചായിപ്പോയെന്ന് സങ്കടപെടാനിട വരരുത് ..
അതുകൊണ്ട് ആലോചിച്ചു തീരുമാനമെടുക്കുക..
കൃഷ്‌ണൻ നല്ലവനാണ് യാതൊരു ദുശീലവുമില്ല സ്നേഹമുള്ളവനാണ് അതാണ് അവനിങ്ങനൊരു കാര്യം ഉന്നയിച്ചപ്പോൾ ഞാൻ നിനക്കരികിലെത്തിയത്.."

പിന്നെയുള്ള ദിവസങ്ങൾ ഞാൻ കൃഷ്ണേട്ടനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി..സിസ്റ്റർ ജസീന്ത പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലായി..

മാസങ്ങൾക്കപ്പുറം എല്ലാവരുടെയും എതിർപ്പുകളെ അവഗണിച്ചാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണമാകരുതേയെന്ന് ഉള്ളുരുകി ഞാൻ കൃഷ്ണേട്ടന് മുൻപിൽ തല കുനിച്ചത്..

അതിനും പിന്നിലും മുന്നിലുമായി പലതരത്തിലുമുള്ള കഥകൾ മെനയാൻ പലരുമുണ്ടായിരുന്നു..ആരെയും കൂസാതെ ഞാൻ അദ്ദേഹത്തിന്റെ താലി നെഞ്ചിലേറ്റി.

മക്കളുടെ ഭാവിയെക്കാൾ പെണ്ണൊരുത്തിക്ക് സ്വന്തം കിടപ്പറസുഖമാണ് വലുതെന്ന് കൂടെ ജോലി ചെയ്യുന്നവരടക്കം പരിഹസിച്ചു.

എല്ലാവർക്കുമുള്ള മറുപടിയായി കൃഷ്ണേട്ടൻ എന്നെയും മക്കളെയും പൊന്നുപോലെ നോക്കി.. ഉപദ്രവിക്കുന്ന പുരുഷന്റെ ഓർമകളിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന പുരുഷന്റെ സംരക്ഷണത്തിലുള്ള ജീവിതം.

മക്കളായി വിനുക്കുട്ടനും വേണിയും മതിയെന്ന തീരുമാനം അദ്ദേഹത്തിന്റെയായിരുന്നു.
അദ്ദേഹത്തിന്റെ സന്തോഷമെന്നത് എന്റെയും മക്കളുടെയും സുഖസൗകര്യങ്ങളായിരുന്നു..

ഭാര്യയെ എങ്ങനെ ബഹുമാനിക്കണമെന്നും എത്ര സ്നേഹിച്ചാലും മതിവരില്ലെന്നും മക്കൾക്ക് കൃഷ്ണേട്ടൻ മാതൃകയായി..

ദുഷ്ടനും മദ്യപനുമായ സ്വന്തം അച്ഛനെ അവർ മറവിയുടെ ശ്‌മശാനത്തിൽ മറവ് ചെയ്തു.. അച്ഛേയെന്ന് സ്നേഹത്തോടെ വിളിക്കാനവർക്ക് കൃഷ്ണേട്ടൻ മാത്രം മതിയായിരുന്നു...

ണിം..ണിം..ണിം...ണിം.......ണിം

ഓർത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. മുറിയിൽ തനിച്ചായതുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കണ്ടില്ലെന്ന് പുറംകയ്യുകൊണ്ട് കവിളുകൾ തുടക്കുമ്പോൾ ഞാനോർത്തു.

പുസ്തകങ്ങളും ചോറ്റുപാത്രങ്ങളും ബാഗിലേക്ക് തിരുകി ഉത്തരക്കടലാസുകളുടെ കെട്ട് കയ്യിൽ പിടിച്ച് ഞാനെഴുന്നേറ്റു..

" മുരളി ..ഇത് നാളെ രാവിലെ 9എയിലെ സന്ധ്യയെ ഏൽപ്പിക്കണം..അപ്പോൾ എല്ലാം പറഞ്ഞതുപോലെ അടുത്താഴ്‌ച്ച വീട്ടിൽ വരാൻ മറക്കരുത് കേട്ടോ ..."

കൃഷ്ണേട്ടന് പകരമെത്തിയ പുതിയ പ്യൂൺ മുരളിയെ പരീക്ഷാപേപ്പറുകൾ ഏൽപിച്ച് ഞാൻ പുറത്തേക്ക് നടന്നു..

വേണിമോളുടെ വിവാഹമാണ് അടുത്താഴ്‌ച്ച ...
നാളെ മുതലെ ഞാൻ ലീവെടുത്തിട്ടുള്ളൂ ആളുകളെ ക്ഷണിക്കാനും വിവാഹത്തിരക്കുകൾക്കുമായി ഓടിനടക്കാൻ എന്നേക്കാൾ മുൻപേ കൃഷ്ണേട്ടനുണ്ട്..

വിനുക്കുട്ടന് കല്യാണത്തിന്റെ രണ്ട് ദിവസം മുൻപാണ് ലീവ് തുടങ്ങുന്നത് അന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ അവനും ഗൾഫിൽ നിന്ന് വരും..

അച്ഛനുള്ളത്കൊണ്ട് അവന് അനിയത്തിയുടെ കല്യാണകാര്യത്തിൽ ഒരു ടെൻഷനുമെടുക്കേണ്ട ആവശ്യമില്ല..

ജന്മം നല്കിയവൻ മാത്രമല്ല അച്ഛനാകാൻ അർഹതപെട്ടവനെന്നും കർമം കൊണ്ട് നല്ലൊരു മനുഷ്യനും അച്ഛനാകാൻ സാധിക്കുമെന്ന് ജീവിതം കൊണ്ടെഴുതി കാണിച്ച എന്റെ നല്ല പാതി എനിക്കായി സ്കൂളിന് പുറത്ത് എന്നെ കൊണ്ടുപോകാൻ വണ്ടിയുമായി കാത്തുനിൽക്കുന്നുണ്ട്..

അച്ഛനുപേക്ഷിച്ച മക്കളെ സ്വന്തം മക്കളായി ചേർത്തുപിടിച്ച് നല്ല വിദ്യാഭ്യാസം നൽകി മകളെ അവളുടെ ഇഷ്ടപ്രകാരം ഡോക്ടറാക്കി അവൾ കണ്ടുപിടിച്ച പയ്യന്റെ കയ്യിൽ സ്നേഹത്തോടെ ഏല്പിക്കുകയാണ്..

തനിച്ച് ജീവിച്ചും മക്കളെ നല്ലനിലയിലെത്തിക്കുന്നവരുണ്ടാകാം..തീർത്തും വ്യക്തിപരമാണ് അവരുടെ തീരുമാനവും..

കൂടെ മനസ്സറിഞ്ഞു സ്നേഹിക്കുന്നൊരു കൂട്ട് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ജീവിതത്തിന്റെ സായാഹ്നത്തിൽ വ്യസനപ്പെടാതെ ഞാൻ നേരത്തേയെടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് ഉറപ്പാക്കാൻ എനിക്ക് കൃഷ്ണേട്ടൻ പകർന്നുതന്ന സ്നേഹം മതിയായിരുന്നു.

കൂടെ ചേർന്ന നിമിഷം മുതൽ ഒരിക്കൽപോലും എന്നെ തനിച്ചാക്കാത്ത കൃഷ്ണേട്ടന്റെ ഇടംതോളിൽ എന്റെ വലം കയ്യും ചേർത്ത് വച്ച് ഞാൻ ബൈക്കിന്റെ പിന്നിലേക്ക് കയറുന്നത് കണ്ടിട്ടാകണം ദൂരെ ബസ് സ്റ്റോപ്പിൽ സരസതിടീച്ചർ ഞങ്ങളെയും നോക്കി നില്പുണ്ടായിരുന്നു..

മനസുകൊണ്ട് കടലാഴങ്ങളുടെ അഗാധതയിലേക്ക് ഞാനെന്റെ പഴയ ഓർമകളെ നിമഞ്ജനം ചെയ്ത്
തല ചെരിച്ച് അവരെ നോക്കി പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിലുണ്ടായിരുന്നു തനിച്ചായിപ്പോയവൾ ഒരിക്കൽ നീന്തിക്കയറിയ സങ്കടകടലിന്റെ ആഴം.

ലിസ് ലോന 

ഇറങ്ങിപ്പോക്ക്


ജീവിതം മടുത്ത്
എല്ലാരോടും യാത്ര പറഞ്ഞ്
ഇറങ്ങാൻ നിന്നതാ
അപ്പോഴാ കഴുകാനിട്ട
കരിപിടിച്ച പാത്രങ്ങൾ കണ്ടത്
അതവിടെ ഇട്ട് എങ്ങനെ പോകും..
കഴുകിക്കഴിഞ്ഞപ്പോൾ ഓർത്തു
മുഷിഞ്ഞ തുണികളും കുറെയുണ്ടാകും
അതും കഴുകിയിട്ടേക്കാം
പിന്നെ അരിയിട്ട്
ചോറ് വാർത്ത്
തേങ്ങാ അരച്ച കറിവച്ച്
മെഴുക്ക് വരട്ടി ഉണ്ടാക്കി
പപ്പടം വറുത്ത്
അടുക്കളയൊതുക്കി
കഴിഞ്ഞപ്പോഴേക്കും വിശന്നു
എല്ലാർക്കും കൊടുത്ത്
ചോറുണ്ട് കഴിഞ്ഞപ്പോ
വല്ലാത്തൊരു ക്ഷീണം
ഉറങ്ങാൻ കിടന്നവൾ
ഇറങ്ങിപ്പോക്ക് നാളേക്കാക്കി..

ലിസ് ലോന 

ഉടുപ്പൊക്കെ എന്ത് ??


സ്ത്രീകളെ ഉപദേശിച്ചു നന്നാക്കാനും ആ വഴിക്ക്
ലോകം നന്നാക്കാനും മൊത്തം കൊട്ടേഷൻ എടുത്ത ആളുകളാണ് ഓൺലൈനിലും ഓഫ് ലൈനിലുമായി നമുക്ക് ചുറ്റും.

പ്രണയത്തെപറ്റിയോ കാമത്തെപ്പറ്റിയോ അവിഹിതത്തെ പറ്റിയോ പെണ്ണൊന്ന് എഴുതിയാൽ സ്വന്തം അനുഭവമാണോ എന്ന് അശ്ളീല ഭാഷയിൽ ചോദിക്കുന്നവരിൽ തുടങ്ങും അത്..

രാത്രിയിൽ ഓൺലൈൻ ഉണ്ടായിരുന്നല്ലോ എന്തായിരുന്നു എന്ന് നാവ് ചുരുട്ടിവച്ച ജഗതിയുടെ ഭാവാഭിനയത്തിലെ വഷളചിരി അനുകരിച്ചുള്ള ചോദ്യത്തിനും,
അവൾക്കെന്താ ഈ നേരത്തു ഓൺലൈനിൽ പണി എന്ന് കുടുംബക്കാരോടു ആവലാതികൾ പറയുന്നതിനും... "നീയും ഓൺലൈനിൽ ഉണ്ടായിരുന്നല്ലോ അതുകൊണ്ടല്ലേ കണ്ടത് അതെന്തിന്??.." എന്ന് ആരും ചോദിക്കില്ല.

കാലിലിടുന്ന ചെരുപ്പിന്റെ ആകൃതി മുതൽ ഉടുപ്പിന്റെ നൂലൊന്ന് ഇഴ വിട്ടത് വരെ സൂക്ഷ്മം നോക്കി വിലയിരുത്താൻ വരുന്നവർ നമ്മളൊരു കാര്യമാത്ര പ്രസക്തമായ പോസ്റ്റിട്ടോ..ആ പ്രദേശത്ത് ഉണ്ടാകില്ല..
അടുത്തവളെ പൊങ്കാല ഇടാൻ ഇടം തേടി പോയിരിക്കും.
നേരം കളയരുതല്ലോ...
കഴിവ് മുഴുവൻ പുറത്തെടുക്കേണ്ടതല്ലേ..

പെണ്ണിന്റെ നിൽപ്പിലും നോട്ടത്തിലും അറിയാതെ മാറികിടക്കുന്ന സാരിത്തലയിലും ഉടുപ്പിന്റെ ഇറക്കം കുറഞ്ഞ കൈകളിലും ലൈംഗികചുവയോടെ കമെന്റുകൾ വാരി വിതറുന്നവർ.

റോഡിലൊരു സ്ത്രീ വാഹനം ഓടിക്കുന്നത് കണ്ടാലോ ഓവർ ടേക്ക് ചെയ്‌താലോ ഇപ്പോഴും ഇമ്മാതിരി മൂഞ്ചികളിൽ പരിഹാസവും പുച്ഛവും പൂന്തുവിളയാടുന്നുണ്ടാകും. ഹമ് ഈ പെണ്ണിന് വേറെ പണിയില്ലേ എന്ന്..

ടൂവീലർ ആണോ പറ്റുമെങ്കിൽ അവളെ പിന്നാലെ ചെന്ന് കൈവശമുള്ള വണ്ടിയൊന്ന് ഇരപ്പിച്ചു പേടിപ്പിക്കാൻ നോക്കിയും ചെവി അടഞ്ഞുപോകും വിധം ഹോൺ അടിക്കാനും ഇവർ മറക്കില്ല..

സോഷ്യൽ മീഡിയയിൽ കാറിലിരുന്നൊരു ഫോട്ടോ പോസ്റ്റ് ചെയ്താലോ വണ്ടിയോടൊന്ന് ചേർന്ന് നിന്നാലോ അവൾ ജാഡ കാണിക്കാനും വണ്ടി പ്രദര്ശിപ്പിക്കാനുമാണെന്നാണ് ഇരുപ്പ് വശം .എന്ത് പ്രഹസനമാണ് എന്ന് ചോദിക്കാൻ മറക്കില്ല ഇവർ.

ഇമ്മാതിരി ചോദ്യം ചോദിക്കുന്നവർ നാട്ടുകാരുടെ വണ്ടിക്ക് മുൻപിൽ നിന്ന് ഫോട്ടോ എടുത്തിട്ടാലും അത് കണ്ട് ചൂപ്പെർ.. പൊളി.. തകർത്തു..ഇങ്ങനെയുള്ള കമെന്റുകൾ ഇടാൻ നമ്മുടെ കൂടെയുള്ള പെണ്ണുങ്ങളിൽ ചിലരെയും കാണാം..
മുകളിൽ പറഞ്ഞ നമ്മുടെ പോസ്റ്റിൽ വരാതെ ആ പോസ്റ്റിലെ ഇവന്മാരുടെ കമെന്റിൽ വന്ന് ലവും ചിരിയും വാരി വിതറി പോകുന്നവർ..

രാഷ്ട്രീയമാകട്ടെ കാലിക പ്രസക്തിയുള്ള സംഭവമാകട്ടെ വിഷയത്തിലൂന്നി ഒരു പോസ്റ്റിട്ടത് ഒരു സ്ത്രീയാണെങ്കിൽ അവളെ വ്യക്തിപരമായും കുടുംബത്തോടെയും അധിക്ഷേപിക്കുന്നവർ..

തുണി തികഞ്ഞില്ലേയെന്നും കീറിപ്പോയോയെന്നും ചോദിച്ച് നാടിന്റെ പരമ്പരാഗത തനിമ നിലനിർത്താൻ കഷ്ടപ്പെടുന്നവരാണ്.. പക്ഷേ തരം കിട്ടുമ്പോൾ തരുമോയെന്നും കിട്ടുമോയെന്നും തനിനിറം കാണിക്കും.

മുൻപ് സിനിമാനടി അനുശ്രീ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇട്ടപ്പോഴും സാരിയുടുക്കാനും ചുരിദാറിടാനും ആക്രോശിച്ചും ഉപദേശിച്ചും കുറെ പേരുണ്ടായിരുന്നു.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഈ നൂറ്റാണ്ടിലും ഓൺലൈൻ സോ കോൾഡ് ആങ്ങളമാരോടും വസ്ത്രത്തിന്റെ അളവ് നിശ്ചയിക്കുന്ന അമ്മായിമാരോടും അനുവാദം ചോദിക്കണമെന്ന ധിക്കാരത്തിന് നേർക്കെയാണ് അനശ്വര..

'ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെട്ടോളൂ...! '' എന്ന് അന്തസായി പറഞ്ഞത്..

ചെറിയ പ്രായത്തിലും പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കുട്ടികളെക്കാൾ ആളുകൾക്കിഷ്ടം ആ കുട്ടിയൊരു കുടുക്കിൽ ചെന്ന് ചാടുമ്പോൾ സഹതപിക്കാനാണ്.

പീഡനം നടന്നാലും ഇരയായ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അളവെടുക്കുന്നവർ കുഞ്ഞുമക്കളെയും സ്കൂൾ യൂണിഫോമിലുള്ള കുട്ടികളെയും പീഡിപ്പിച്ചവരെ കാണുന്നില്ല അല്ലെങ്കിൽ ആ സമയത്ത് മാത്രം അവർക്ക് കാഴ്ചയില്ല.
അവിടെ വസ്ത്രമാണോ പീഡിപ്പിച്ചവരുടെ ലിംഗം ഉദ്ധരിക്കാൻ കാരണമായതെന്നും ചോദിച്ചുകൂടാ.
കുനിയനുറുമ്പുകളെ പോലെ ഇക്കൂട്ടർ നമ്മളെ പൊതിയും കേൾക്കാനറക്കുന്ന തെറികളുമായി.

പീഡനം നടന്നത് രാത്രിയിലാണെങ്കിൽ അവൾ ആ സമയത്ത് എന്തിന് പുറത്തിറങ്ങി നടന്നു എന്നാണ് ചോദ്യം...ആംബുലൻസിൽ പോകുന്ന രോഗിയെ വിടാത്തവരാണ് ...അന്നവൾ ഉടുത്തത് അയാളെ പ്രകോപിക്കുന്ന വസ്ത്രമായിരിക്കും അല്ലേ ?..
പറ്റുമെങ്കിൽ ഒരു കൂട് പണിത് പെണ്ണിനെ പൂട്ടിയിടണം.

പ്രണയ വാഗ്ദാനങ്ങൾ നൽകി ഒരുവളെ വർഷങ്ങളോളം പിഴിഞ്ഞെടുത്ത്‌ അവൾക്കൊരു ഗർഭവും കൊടുത്ത് അത് കലക്കിക്കളയാൻ സ്വന്തം ഉമ്മയെയും ചേട്ടത്തിയെയും ഉപയോഗിച്ചവൻ ഒടുവിൽ വേറൊരുവൾക്കായി ഇവളെ വലിച്ചെറിഞ്ഞപ്പോൾ മനസ്സ് നൊന്ത് ജീവിതം അവസാനിപ്പിച്ച പെൺകുട്ടി മാത്രമാണ് തെറ്റുകാരി അവൾ പിന്തുടരേണ്ട ദീൻ അവൻ ചെയ്യാതിരുന്നതിൽ തെറ്റില്ലായിരുന്നു.

വസ്ത്രം പോലും തീരുമാനിക്കാനുള്ള സ്വാതന്ത്രം തീരുമാനിക്കുന്ന ഈ സദാചാര കുരുക്കൾ വരുന്നത് കൂടുതലും ഫേക്ക് ഐഡികളിൽ നിന്നുമായിരിക്കും അതുകൊണ്ട് അതേത് ജൻഡർ ആണെന്ന് പോലും അറിയാൻ സാധിക്കില്ല എന്നാൽ ഇത്തരം മനോഭാവമുള്ള ഒറിജിനൽ ഐഡികളുണ്ട് ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ കയ്യോടെ പടിക്ക് പുറത്താക്കി ശുദ്ധികലശം നടത്തുക.

കമെന്റുകളിൽ വന്ന് നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നവരോട് "തന്റെ പ്രതീക്ഷക്കൊത്ത് ജീവിക്കാൻ എനിക്കൊരു ബാധ്യതയുമില്ലെന്ന്" മുഖമടച്ചു മറുപടി കൊടുക്കുക.

കവർ ചിത്രത്തിലെ വണ്ടി കണ്ട് ഇത് നിങ്ങൾക്ക് കൂട്ടിയാ കൂടുമോ ഓടിക്കാൻ എന്ന് കമെന്റിട്ട ഒരു സുഹൃത്തുണ്ടായിരുന്നു.."ഏയ് ഇല്ല പത്തുവർഷമായി തലയിലേറ്റിയാണ് റോഡിൽ കൊണ്ടുനടക്കുന്നെ" എന്ന് പറഞ്ഞതോടെ എന്നെ അൺഫ്രണ്ട് ആക്കി ബ്ലോക്കി.

നിലപാടായാലും ധരിക്കുന്ന വസ്ത്രമായാലും വ്യക്തിസ്വാതന്ത്രമല്ലേ??... ഇതൊക്കെ കൂടിയും ചേർത്താണ് നമുക്ക് സ്വാതന്ത്രം കിട്ടിയിരിക്കുന്നത്..

എന്നും ഇവരെ പേടിച്ച് ജീവിക്കാൻ വഴിപാട് നേർന്നവരെ നിർബന്ധിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ വഴികളിൽ പെരുവിരൽ തുമ്പിന്റെ നഖം നോക്കി നടന്നോളു.

അല്ലാത്തവർ അനശ്വരയെപോലെ മറുപടി കൊടുക്കാൻ പഠിക്കു..പോയി പണി നോക്കെടാ എന്നും നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ സൗകര്യമില്ലെന്നും ചുണകുട്ടികളായി പ്രതികരിക്കൂ.

സദാചാരകുരുക്കൾ ഈ വഴിയും വരുമെന്നറിയാം നന്നായി പൊട്ടിയൊലിക്കട്ടെ എന്നാലല്ലേ ഹരമുള്ളു 😉

ലിസ് ലോന ✍️


കീമോ


ദേഹം മുഴുവൻ പുകഞ്ഞു നീറിയിട്ട് വയ്യ മോളെ ഇതിന് വേറൊരു മരുന്നും ഇല്ലേയെന്ന് ഓരോ തവണയും നിറകണ്ണുകളോടെ കീമോതെറാപ്പി തുടങ്ങാനായി ക്യാനുല കുത്തും മുൻപേ ആയമ്മ എന്നോട് ചോദിക്കും..
മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ ആ കയ്യിൽ പതുക്കെ ഉഴിഞ്ഞുകൊടുത്ത് ഞാനാ ബെഡിനോട് ചേർന്നു നിൽക്കും..
അവിടെ വരുന്ന ഓരോരുത്തരോടും സമയം പങ്കുവച്ച് അവരെ കേൾക്കാനായി കാതുകൾ നൽകി വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് എന്റെ ഓരോ ദിവസവും കടന്നുപോകുക..
ശർദ്ധിച്ചു കുഴഞ്ഞുപോയെങ്കിലും എന്റെ കൈകളിൽ പരിചയത്തോടെ കോർത്തുപിടിക്കുന്ന ആ കൈവിരലുകളിൽ സ്നേഹത്തിന്റെ മുറുക്കവും ഇളം ചൂടുമുണ്ടാകും.
ഇതിപ്പോഴൊന്നുമല്ല കാൻസറെന്ന വ്യാധി കേൾക്കുമ്പോഴേക്കും മുക്കാൽ ജീവനും പോയി, ജീവനോടെയിരിക്കുമ്പോഴും മൃതശരീരങ്ങളായി നിമിഷങ്ങൾ തള്ളി നീക്കുന്ന നിസ്സഹായരായ മനുഷ്യരെ കണ്ടുമുട്ടാൻ തുടങ്ങിയപ്പോഴാണ്..ഇന്നിപ്പോൾ കുടുംബത്തിൽ തന്നെ വിരലിലെണ്ണാവുന്നതിൽ കൂടുതൽ രോഗബാധിതരുണ്ട് അതിൽ മരിച്ചവരും ജീവനോടെയുള്ളവരും..
ഓരോ തവണ കീമോ കഴിഞ്ഞു യാത്രയയക്കും നേരവും അടുത്തതിന് വരാൻ സാധിക്കുമായിരിക്കുമല്ലേ സിസ്റ്ററെയെന്നവർ മിഴിയുയർത്തിയൊരു നിശബ്‌ദചോദ്യമുണ്ട്..
ധൈര്യത്തോടെ 'പിന്നല്ല' എന്നൊരു ഉറപ്പ് കൊടുത്ത്‌ ചേർത്തുപിടിക്കുമ്പോൾ തളർന്നതെങ്കിലും ആ ഹൃദയമിടിപ്പെനിക്ക് കേൾക്കാം..
ഇഷ്ടമില്ലെങ്കിലും ജീവിക്കാനുള്ള കൊതികൊണ്ട് ചുട്ടുപൊള്ളുന്ന ലാവ ഞരമ്പിലൂടെ മാസാമാസം ഒഴുക്കാൻ വിധിക്കപ്പെട്ടവർ..
ഓരോ മാസവും കീമോയാൽ ഉടലിനെ പൊള്ളിച്ച് അഗ്നിശുദ്ധി നടത്തി മുടിയിഴകൾ നഷ്ടപ്പെട്ട് പിച്ച വെക്കുന്ന കാല്പാദങ്ങളോടെ കുഞ്ഞുങ്ങളായി പുനർജനി നേടുന്നവർ..
കീമോ തുടങ്ങുമ്പോഴേക്കും എന്തെങ്കിലും സംഭവിക്കുമെന്നല്ല.. ആത്മധൈര്യമില്ലാത്ത വെറും പാവങ്ങളാണ് പലരും.. ശരീരം കാർന്നുതിന്നുന്ന ഞണ്ടുകളെ അവസാനഘട്ടത്തിലാകും മിക്കവരും അറിഞ്ഞിട്ടുണ്ടാകുക..അവർക്കായുള്ള തീയതി അടുക്കുമ്പോൾ ഒന്നും സംഭവിച്ചിരിക്കല്ലേയെന്ന്
ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്..
ഒരു രോഗിയുമായും വ്യക്തിബന്ധമരുതെന്നും അവരുടെ സങ്കടങ്ങളും വേദനകളും അവിടെ തന്നെ വിട്ട് ഉന്മേഷത്തോടെ ഡ്യൂട്ടിയിൽ നിന്ന് മടങ്ങിപോകണമെന്ന് കരുതിയാലും ഞാനതിൽ എന്നുമൊരു തോൽവിയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്..
മടങ്ങിവരാത്തവരെ ഓർത്ത് നെഞ്ചിലൊരു കനത്തോടെ വറ്റിറങ്ങാൻ പോലും വിശപ്പില്ലാതെ ആ ദിവസങ്ങൾ കടന്നുപോകും..
ഇതൊക്കെ എത്രെയോ കാണുന്നതാണ് ഇവൾക്കിതിനും മാത്രം സങ്കടമെന്തിനാ എന്ന് ചിന്തിക്കുന്നവരോട് ഒറ്റ ഒരു തവണ കണ്ടുമുട്ടി സമയം ചിലവിട്ടവർ ജീവനോടെയില്ല എന്നറിയുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾക്ക് തോന്നുന്ന വികാരമെന്താകും.. അതിന്റെ പത്തുമടങ്ങു അവരുടെ കൂടെ പലവട്ടം മണിക്കൂറുകളോളം സമയം ചിലവിട്ട ഞങ്ങൾക്കുമുണ്ടാകും..ആ ജോലിക്ക് അപ്പുറം മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യരാണല്ലോ ഞങ്ങളും...
കോഴ്സ് പഠിക്കുന്ന സമയമാണ് ..ക്ലാസ്സ് കഴിഞ്ഞ് വന്നാൽ ഇട്ടിരുന്ന കോളേജ് യൂണിഫോം മാറി നേരെ ക്ലിനിക്കിലെ ഒപിഡിയിലേക്ക് ധൃതിയിലൊരു ഓട്ടമാണ് .രണ്ട് ബസ് മാറി കേറണം കോളേജിലേക്ക്..മടങ്ങാനുള്ള ബസ് വൈകിയ ദിവസമെങ്കിൽ വന്നാലുടനെയുള്ള പതിവുള്ള ചായ പോലും ഒഴിവാക്കി ഡ്യൂട്ടിക്ക്..
പകൽ ഡ്യൂട്ടിയിലുള്ള കുൽക്കർണിയുടെ കയ്യിൽ നിന്നും ഹാൻഡ് ഓവർ വാങ്ങി അയാളെ പറഞ്ഞുവിട്ട് ഒപിയിലേക്ക് വന്ന രോഗികളുടെ ലിസ്റ്റെടുത്ത്‌ നോക്കി ഡോക്ടറെത്തും മുൻപേ വൈറ്റൽ സയൻസും തൂക്കവും എഴുതിവെക്കണം.
മുൻപ് ഞാൻ പറഞ്ഞിരുന്നു നഴ്സിംഗ് പഠിക്കുമ്പോൾ ഫീസീനും ചിലവിനുമായി രാത്രികളിൽ ഞാനൊരു സർജിക്കൽ നഴ്സിംഗ് ഹോമിൽ ജോലി ചെയ്തിരുന്നത്.
പകലിൽ കോളേജിൽ പോയുള്ള പഠിപ്പ് , മടങ്ങിവന്നാലുടൻ നേരെ വൈകുന്നേരത്തെ ഒപിഡി ഡ്യൂട്ടി , അത് കഴിഞ്ഞാൽ അഡ്മിറ്റ് ആയിട്ടുള്ള രോഗികൾക്കുള്ള കാര്യങ്ങളെല്ലാം തീർത്ത്‌ പത്തര പതിനൊന്നോടെ ചാർട്ട് ചെയ്തുവച്ചിട്ടുള്ള ഓപ്പറേഷൻ തീയറ്ററിലെ അസിസ്റ്റന്റ് ഡ്യൂട്ടി...
ഷെഡ്യൂൾ ചെയ്ത് വച്ച സർജറിയെല്ലാം കഴിഞ്ഞ് വീണ്ടും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്.. അതിനിടയിൽ ഇൻസ്ട്രുമെൻറ്റ് കഴുകലും സ്റ്റെറിലൈസഷനും സഹായിയോടൊപ്പം..
പുലർച്ചെ ഡോക്ടറുടെ സഹായിയെ ഡ്യൂട്ടി ഏൽപ്പിച്ച് ഒരുമണിക്കൂർ കഷ്ടി ഉറക്കം കിട്ടിയാൽ കിട്ടി .. രാവിലെ പിന്നെയും കോളേജിലേക്ക് ഇതായിരുന്നു അക്കാലങ്ങളിലെ എന്റെ ദിനചര്യ..
എഴുതാൻ മാത്രം ഇല്ലെന്ന് കരുതുന്ന എന്നാൽ അതൊന്നും ഇല്ലെങ്കിൽ ദിവസങ്ങൾ പൂർണമാകില്ലെന്ന് കരുതുന്ന നൂറായിരം ചെറിയ ജോലികൾ വേറെയുമുണ്ടാകും..
പതിനഞ്ചു ബെഡ് കപ്പാസിറ്റിയിൽ അഡ്മിഷനും തിരക്ക് പിടിച്ച ഒപിയുമുള്ള കാൻസർ സർജന്റെ നഴ്സിംഗ് ഹോം.
ശനിയും ഞായറും ക്ലാസില്ലാത്തതിനാൽ പകൽ സമയത്ത് പഠിക്കാനുള്ളതും അസൈന്മെന്റ്റ് എഴുതാനുള്ളതുമെല്ലാം തീർക്കും..
അതിനിടയിലും കീമോതെറാപ്പിക്ക് വരുന്ന രോഗികളും പോസ്റ്റ് ഓപ്പറേറ്റീവ് രോഗികളും ,ഒപിഡി തൊട്ട് കീമോ വരെ നീളുന്ന ബന്ധമാകുമ്പോൾ രോഗികളുമായി ഒരടുപ്പവും ഉണ്ടാകും അന്വേഷിക്കുമ്പോൾ പോയി കാണാനും മറക്കില്ല.. അവിടെത്തന്നെയുള്ള ഒരു മുറിയിലാണ് ഞാനും താമസം.
ഇതെല്ലാം മുൻപും എഴുതിയിട്ടുള്ളതാണ്.
അന്നത്തെ ഡ്യൂട്ടിക്ക് തിരക്കധികമില്ലായിരുന്നതിനാൽ സമാധാനത്തോടെ ഞാൻ വന്ന് റിസെപ്ഷനിലിരുന്നു..
ലിസ്റ്റിൽ ഏഴുപേരെ ഉള്ളൂ അതിൽ രണ്ട് പേർ പുതിയതാണ്..പഴയവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുതിയ ആളിലെ ഒരാളെ ഞാൻ അകത്തേക്ക് വിളിച്ചു.. ഇണപ്രാവുകളുടെ കുറുങ്ങലുമായി ഇന്ന് രാവിലെ കല്യാണം കഴിഞ്ഞകണക്ക് ഒരു ഷബാനാബേഗവും ഭർത്താവുമിരുന്ന് സംസാരിക്കുന്നു ഒരു മൂലയിൽ .
ഷബാനയാണ് രോഗി ..പ്രായം 43 ..കറുത്ത പർദക്കുള്ളിലെങ്കിലും മുഖാവരണത്തിനിടയിലൂടെ കാണുന്ന കണ്ണുകളും നിറവും അവരൊരു സുന്ദരിയാണെന്ന് വിളിച്ചുപറയുന്നുണ്ട്.
ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന കൈകളിൽ മയിലാഞ്ചിയുടെ കടുംചുവപ്പ്..പർദ്ദയുടെ കൈ മുകളിലേക്ക് നീങ്ങുമ്പോൾ രണ്ടു കൈത്തണ്ടയിലും നിറഞ്ഞുകിടക്കുന്ന സ്വർണാഭരണങ്ങൾ..
ഭർത്താവും സുന്ദരനാണ്.. അയാൾ ഏതോ ഒരു ഹിന്ദി സിനിമാനടനെപോലെയുണ്ടെന്ന എന്റെ സംശയത്തിന് ഡോക്ടറാണ് പിന്നീട് ഷമ്മികപൂറെന്ന ഉത്തരം തന്നത്.
പർദ്ദയഴിക്കാൻ സമ്മതിക്കാതിരുന്ന അവരെയും നോക്കി കൈമലർത്തി കാണിച്ച് പിന്നെങ്ങനെ പരിശോധിക്കുമെന്ന എന്റെ മുറി ഹിന്ദി കേട്ടാകണം ഭർത്താവ് എഴുന്നേറ്റ് വന്നു..പർദ്ദ ഊരാതെ കഴിയില്ലല്ലോ അദ്ദേഹം പറഞ്ഞുമനസിലാക്കിച്ചു മടങ്ങിപ്പോയി..
ഫയലിൽ അവരുടെ റിപോർട്ടുകൾ ചേർത്തുവെക്കാൻ നേരമാണ് ഗർഭാശയത്തിലെ കാൻസറെന്ന ബയോപ്സി റിപ്പോർട്ട് കണ്ടത്..
കണ്ട്‌ കണ്ട് മനസ്സ് മടുത്തിരിക്കുന്ന അവസ്ഥയാണ് ഇതെല്ലാം , എങ്കിലും ബിപിയും മറ്റുമായി ഓരോന്ന് പരിശോധിക്കുമ്പോഴുള്ള അവരുടെ നിഷ്കളങ്കതയുള്ള ചോദ്യങ്ങളും വിശേഷം പറച്ചിലും ആ റിപ്പോർട്ട് എന്നെ പെട്ടെന്ന് സങ്കടത്തിലാഴ്ത്തി..
അസുഖമെന്തെന്ന് അവരെ അറിയിച്ചിട്ടില്ല വയറുവേദനയും നിർത്താതെയുള്ള രക്തസ്രാവവും.. വേറൊരു ലേഡി ഡോക്ടറെ കാണിച്ചപ്പോൾ ടെസ്റ്റ് ചെയ്ത് ഓപ്പറേഷൻ വേണ്ടിവരുമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്ക് വിട്ടിരിക്കുകയാണ്..വേറൊന്നും അതിനറിയില്ല.
പതിനാറോ പതിനേഴോ വയസുള്ളപ്പോൾ വിവാഹം കഴിഞ്ഞതാണ് നാല് മക്കളുള്ളതിൽ രണ്ട് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ് പേരകുട്ടികളുമായി, എങ്കിലും ഒരു പക്വതയുമില്ലാത്ത പെരുമാറ്റം..
ഇവിടുത്തെ ഡോക്ടർ പുരുഷനാണെന്ന് അറിഞ്ഞപ്പോൾ മുതൽ വരാൻ മടിപിടിച്ചിരുന്ന അവരെ ഭർത്താവ് നിർബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണെന്നും ഡോക്ടറിന്റെ മുൻപിൽ പർദയില്ലാതെ ഇരിക്കാൻ നാണമാകുന്നെന്നുമൊക്കെ കൗമാരക്കാരിയുടെ ലജ്ജയോടെ അവർ പറയുമ്പോഴും മുഖാവരണം മാറ്റിയ ഷബാനയുടെ സൗന്ദര്യവും നോക്കി ഞാൻ ഈരേഴുപതിനാല് ലോകവും മറന്ന് നിൽക്കുകയാണ്..
പരിശോധനാമുറി മുഴുവനും അവർ പൂശിയ അത്തറിന്റെയും തലയിൽ ചൂടിയ മുല്ലപ്പൂവിന്റെയും സൗരഭ്യം മൂക്ക് തുളച്ച് തലച്ചോറിലേക്കാഞ്ഞടിച്ചു മത്തുപിടിക്കുന്നു.
ഡോക്ടറെത്തിയതും അവർ തലയിലെ ഷാളിട്ട് മുഖം മറച്ചു..പരിശോധനകൾക്കും റിപ്പോർട്ടുകളുടെ വിശദമായ പഠനത്തിനും ശേഷം ചെയ്യാൻ ബാക്കിയുള്ള രക്ത പരിശോധനകളുടെ കുറിപ്പെഴുതി എന്റെ കയ്യിലേക്ക് തന്ന് ഷബാനയെയും കൂട്ടി പുറത്തേക്ക് പോകാൻ ഡോക്ടർ പറഞ്ഞു.
പുറത്തുനിന്ന പതിനഞ്ചു മിനിറ്റിനുള്ളിൽ അവരുടെ സംസാരം മുഴുവനും ഭർത്താവിനെകുറിച്ചായിരുന്നു..തപ്പി തട്ടിയെങ്ങാനും ഒന്നോരണ്ടോ വാചകം മക്കളെക്കുറിച്ചും..
അദ്ദേഹത്തെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഭാര്യ..
അയാൾക്ക് വേണ്ടി മരിക്കാൻപോലും മടിയില്ലാത്തവൾ.
കുഞ്ഞിനെപ്പോലെ ഭാര്യയെ കൊണ്ടുനടക്കുന്ന ഭർത്താവ്..
എപ്പോഴും അവളുടെ ഇഷ്ടത്തിനൊത്ത് അണിയിച്ചൊരുക്കി ഹൂറിയായി കൊണ്ടുനടക്കുന്നവൻ..
യത്തീമായ ഷബാനയെ അദ്ദേഹം കണ്ടിഷ്ടപ്പെട്ടതും ആർക്കും എതിർപ്പൊന്നുമില്ലാതെ വിവാഹം നേരത്തെ നടത്തിയതും അവർ ചുറുചുറുക്കോടെ പറയുന്ന കഥകൾക്ക് കേൾവിക്കാരിയായി ഞാൻ നിന്നു..
വിവാഹം വരെയും ആഭരണങ്ങളോ നല്ല വസ്ത്രങ്ങളോ കാണാതിരുന്ന ഷബാനയെ അണിയിച്ചൊരുക്കി രാജകുമാരിയെ പോലെ കൊണ്ടുനടക്കുന്നത് ഭർത്താവ് തന്നെയാണ്..
ഹിന്ദി അറിയാമെങ്കിലും സൂപ്പർ ഫാസ്റ്റ് ബസിനെ വെല്ലുവിളിച്ചുപോകുന്ന ചില വാചകങ്ങളിൽ സംസാരിച്ചത് മനസിലാകാതെ വരുമ്പോൾ ഞാൻ നെറ്റി ചുളിക്കും അതിനവർ അവർക്കറിയുന്ന കന്നഡ തപ്പിപ്പിടിച്ച് പറയും.
ഭർത്താവ് മംതാജ്‌ ഖാൻ അവിടുത്തെ ബസ്‌സ്റ്റേഷന്റെ പ്രധാന അധികാരിയാണ്..ആ ബസ്സ്റ്റാൻഡിലാണ് മാറിക്കേറാനുള്ള ബസിനായി ഞാൻ ദിവസവും കാത്തുനിൽക്കുന്നതെങ്കിലും ഒരുതവണ പോലും അയാളെ കണ്ടിട്ടില്ല..
പത്തുതലമുറക്ക് കാലും നീട്ടിയിരുന്ന് ഉണ്ണാനുള്ള സ്വത്ത് ഉണ്ടായിരുന്നെങ്കിലും ഗവന്മേന്റ് ജോലി ഒരു അന്തസ്സായി കൊണ്ടുനടക്കുന്നയാളാണ് അദ്ദേഹം.
ആദ്യമായാണ് ഞാനവരെ കാണുന്നത്..
ക്ലിനിക്കിൽ നിന്ന ഒരുമണിക്കൂർ സമയം കൊണ്ട് ഞാനവർക്ക് ആരൊക്കെയോ ആയിമാറിയെന്ന് സന്തോഷത്തോടെ പറഞ്ഞതിന് ഞാൻ തലയാട്ടി..
ഡോക്ടറിനോട് സംസാരിച്ചിറങ്ങിവന്ന ഭർത്താവിന്റെ മുഖം ,കഴുകിത്തുടച്ച വിധം വിളറി വെളുത്തു കണ്ടപ്പോഴേ അകത്തെ ചർച്ചയുടെ സാരാംശം ഞാൻ ഊഹിച്ചു.
പിന്നെയും പരിശോധനകൾക്കും റിപ്പോർട്ട് കാണിക്കാനുമെല്ലാമായി അവർ രണ്ടുപേരും നവമിഥുനങ്ങളെപോലെ രണ്ട് വട്ടം കൂടി വന്നു.
അതിന്റെ പിറ്റേ ആഴ്ച്ച ടോട്ടൽ ഹിസ്ട്രക്റ്റമിക്കായി (ഗർഭാശയം പൂർണമായും എടുത്ത് കളയുന്ന ഓപ്പറേഷൻ )ഷബാനയെ അഡ്മിറ്റാക്കി..
നേരത്തെ അറിയുന്നത്കൊണ്ട് എന്റെ ഡ്യൂട്ടിസമയത്താണ് അവർ വന്ന് അഡ്മിറ്റായത്..
വരുമ്പോൾ കൂട നിറയെ പഴവർഗങ്ങളും ഭക്ഷണസാധനങ്ങളും എനിക്കായി കൂടി അവർ കരുതിയിരുന്നു.
മക്കളും മരുമക്കളും പേരക്കുട്ടികളും ബന്ധുക്കളും കൂടി വിവാഹസത്കാരത്തിനുള്ള ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട് പക്ഷേ അവർ ഭർത്താവിനെ എങ്ങോട്ടും മാറാൻ സമ്മതിക്കാതെ കട്ടിലിനടുത്തിട്ട കസേരയിൽ പിടിച്ചിരുത്തി തോളിൽ കൈവച്ച് ഇരിക്കുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് ഓപ്പറേഷൻ.. തലേന്ന് വൈകുന്നേരം വന്ന് കാണുന്നവരെ അനുവദിച്ചാൽ പിന്നെ കൂടെ നിൽക്കുന്ന ഒരാളെ ഒഴികെ ആരെയും മുറിയിലേക്ക് കടത്തില്ല.അതുകൊണ്ട് മറ്റ്‌ രോഗികൾക്ക് ശല്യമുണ്ടാകാതെ വന്ന് പോകുന്ന സന്ദർശകരെ ഞാൻ ശ്രദ്ധിക്കാനും പോയില്ല.
ഇതിനിടയിൽ എന്നെ വിളിച്ച് മക്കളെയും മരുമക്കളെയും പരിചയപ്പെടുത്താനും അവർ മറന്നില്ല..ദാദി ആയിട്ടും മകളേക്കാൾ സുന്ദരി അമ്മയാണല്ലോയെന്ന് ഞാൻ ചോദിച്ചതും കൊച്ചുകുട്ടികളെപോലെ അവർ പൊട്ടിച്ചിരിച്ചു.
വെറുതെ പറഞ്ഞതായിരുന്നില്ല ഞാനത്.. പിന്നെയും പ്രായം തോന്നിക്കുന്നത് മകളെയായിരുന്നു അമ്മ അത്രയും സുന്ദരിയായിരുന്നു..
എന്റെ ഭർത്താവിന്റെ പ്രണയവും കരുതലുമാണ് എന്നെയിങ്ങനെ സുന്ദരിയാക്കി ഇരുത്തുന്നതെന്ന ഉത്തരത്തിന് , മകളെയെന്തേ മരുമകൻ അങ്ങനെ നോക്കുന്നില്ലേ എന്ന് എന്റെ സ്വഭാവത്തിന് തമാശക്കായാലും ചോദിക്കേണ്ടതാണ് പക്ഷെ എന്നോടത് പറഞ്ഞ് പരിസരം മറന്ന് പരസ്പരമവർ കൈമാറുന്ന നോട്ടത്തിലെനിക്ക് മനസിലായി അവർ പറഞ്ഞതാണ് സത്യം.
ഷബാനയുടെ മുറിയിൽ അവരും ഭർത്താവും മാത്രമേയുള്ളു ഇനി ആ മുറിയിലേക്ക് സന്ദർശകരെ വിടുന്നത് ഓപ്പറേഷൻ കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞാണ് അതും ഒന്നോ രണ്ടോ പേരെ..
വലിയ വലിയ ഹോസ്പിറ്റലിലെ പോസ്റ്റ് ഓപ്പറേറ്റീവ്
ഐസി യൂ അല്ലെങ്കിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് അങ്ങനെയുള്ള വിശദമായ സൗകര്യങ്ങൾ ഇല്ല. തീയറ്ററിനോട് ചേർന്നുള്ള മുറിയാണ് ഒബ്സെർവഷൻ റൂം ആദ്യത്തെ നാലോ അഞ്ചോ മണിക്കൂർ രോഗി അവിടെ ആയിരിക്കും അനസ്തേഷ്യ തെളിഞ്ഞ ശേഷം സ്വന്തം മുറിയിലേക്കു മാറ്റും..വ്യക്തമാക്കാൻ കാരണം വർഷം കുറെ മുൻപാണ് ..ഒരു നേഴ്സിങ് ഹോമാണ്..
ഷബാനയുടെ കേസ് കുറച്ചധികനേരം നീണ്ടുനിൽക്കുമെന്ന് അറിയാവുന്നതുകൊണ്ട് അൽപനേരം വിശ്രമിച്ചില്ലെങ്കിൽ രാത്രി ഡ്യൂട്ടി കഴിയുമ്പോഴേക്കും ഞാൻ തളർന്നുപോകുമെന്ന് ഉറപ്പാണ്.
അതിനാൽ ഞാൻ കുറച്ചൊന്ന് മയങ്ങാമെന്ന് കരുതിയപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത് മംതാജ് ബായ് ആണ് വിളിച്ചത്..
ഷബാനക്ക് ഇപ്പോഴും ഒന്നും അറിയില്ലെന്നും പറഞ്ഞാലും കൂടുതൽ മനസിലാക്കാൻ മാത്രം വിദ്യാഭ്യാസമോ മിടുക്കോ ഇല്ലാത്ത ഒരു സാധുവാണെന്നും അതുകൊണ്ട് ചെറിയൊരു ഓപ്പറേഷനാണ് ...ഗർഭപാത്രത്തിലെ ഒരു കുഞ്ഞുമുഴ എടുത്തുകളയണം അത്രയേ പറഞ്ഞിട്ടുള്ളൂ എന്ന് അയാൾ നിറകണ്ണുകളോടെയാണ് പറഞ്ഞത്..
ആർക്കു മുൻപിലും കരയാനോ മനസ്സ് തുറക്കാനോ കഴിയാതെ അയാളനുഭവിക്കുന്ന മാനസിക പിരിമുറുക്കം മുഖത്ത് വ്യക്തമായിരുന്നു.സാരമില്ല എല്ലാം ശരിയാകും ഭയപെടാതെയിരിക്കൂ എന്നല്ലാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ നോക്കി വേറൊന്നും പറയാൻ എനിക്കുമില്ലായിരുന്നു.
ഭാര്യക്ക് വേണ്ടി കരയുന്നൊരു ഭർത്താവിനെ അന്നാദ്യമായി കണ്ട അന്ധാളിപ്പിലാണ് ആണുങ്ങളും കരയുമല്ലേ എന്ന് ഞാനോർത്തത്..അന്ന് എന്റെ അറിവിലെ മുതിർന്ന പുരുഷന്മാർ ഗൗരവമുള്ളവരായിരുന്നു..
വൈകുന്നേരം കൺസെന്റ് ഒപ്പിടിപ്പിച്ച് തീയറ്റർ ഗൗൺ ധരിപ്പിക്കാനായി ചെല്ലുമ്പോൾ ഞാൻ മുൻപേ കൊണ്ടുവച്ച പച്ച ഗൗൺ ധരിച്ച് നീണ്ട ഇടതൂർന്ന മുടി രണ്ട് ഭാഗത്തേക്കും പിന്നിക്കെട്ടി ഒഴിഞ്ഞ കയ്യും കഴുത്തുമായി നിഷ്കളങ്കമായ മുഖത്തോടെ തയ്യാറായി
അവരിരിക്കുന്നുണ്ടായിരുന്നു. അരികെ ചിരിക്കുന്ന മുഖത്തോടെ ഭർത്താവും.
സർജറി കഴിഞ്ഞ് മയക്കം തെളിയുന്നതിനിടയിൽ എത്രെയോ വട്ടം അബോധാവസ്ഥയിൽ അയാളെ വിളിക്കുന്ന അവരും ഒബ്സെർവഷൻ മുറിക്ക് പുറത്ത് ഒന്ന് നടു ചായ്ക്കാൻ പോലും പോകാതെ ഇരിക്കുന്ന അയാളും..
മുറിയിലേക്ക് മാറ്റിയശേഷം കാല് തടവികൊടുത്തും നെറ്റിയിലുമ്മ കൊടുത്തും ചെറുചൂടുള്ള വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ ടവൽ കൊണ്ട് മുഖം പതിയെ തുടച്ചുകൊടുത്തും അയാളുണ്ടായിരുന്നു..
പെണ്മക്കൾ ആവശ്യപ്പെട്ടിട്ടും അരികെ നിന്ന് മാറാതെ ആ ദിവസങ്ങളിലെല്ലാം അയാൾ അവരോടൊപ്പം നിന്നു.. എനിക്ക് ആരോഗ്യമുള്ളിടത്തോളം അവളെ നോക്കാൻ ഒരാളെയും ഞാനേൽപിക്കില്ല എന്നാ കണ്ണുകളിൽ..
ദിവസങ്ങൾക്ക് ശേഷം അവർ മടങ്ങിപോകുമ്പോൾ ലോകം ജയിച്ച സന്തോഷത്തോടെയുള്ള മുഖമായിരുന്നു അയാൾക്ക്...ഒരു കുഞ്ഞിനെപ്പോലെ അവരെ പൊക്കിയെടുത്ത് കാറിൽ കയറ്റുന്നതും മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കുന്നതും സന്തോഷകണ്ണുനീർ എന്റെ കാഴ്ചകൾ പലപ്പോഴും മറഞ്ഞു..
അവർ പോയതിന് ശേഷം മിക്കദിവസങ്ങളിലും എന്നെ ഫോണിൽ വിളിക്കും വെള്ളിയാഴ്ചകളിൽ സമ്മതം പോലും ചോദിക്കാതെ എനിക്കായി ബിരിയാണിയോ സേമിയ കൊണ്ടുണ്ടാക്കിയ ഖീറോ കൊടുത്തയക്കും...
ആഴ്ചകൾക്ക് ശേഷമുള്ള ഞായറാഴ്ച കീമോ തുടങ്ങാനായി വന്നപ്പോഴേക്കും ഷബാനയുടെ കണ്ണുകളിൽ പഴയ കുസൃതിയും കൗമാരക്കാരിയുടെ ചുറുചുറുക്കും മടങ്ങിവന്നിരുന്നു..ഇപ്പോഴും ശരീരത്തിന്റെ ക്ഷീണം മാറിയില്ല അതുകൊണ്ട് ഗ്ലുകോസ് കയറ്റണമെന്ന് അദ്ദേഹം വാശി പിടിക്കുകയാണെന്ന് എന്നോട് നാണത്തോടെ..
ഓരോ ദിവസത്തെയും കീമോ കഴിയും വരെയും ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും അവരോടൊപ്പം ഞാനാ മുറിയിൽ ഉണ്ടായിരുന്നു..മക്കളെ പ്രസവിക്കാൻ നേരവും പനി വന്ന് കയറ്റിയപ്പോഴും ഈ ഗ്ലുക്കോസിന് ഇത്രെയും എരിവില്ലായിരുന്നെന്നും ഞരമ്പിലേക്ക് വീഴുന്ന ഓരോ തുള്ളിയും കടന്ന് പോകുന്നത് അറിയാമെന്നും നീറുന്ന കൈകൾ തലോടുന്ന അയാളെ നോക്കി അവർ പറയും.
അവസാനത്തെ കീമോയും കഴിഞ്ഞ് അവരെ യാത്രയാക്കി ഞാൻ മുറിയിലേക്ക് പോകാൻ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ റിസെപ്ഷനിലെ വിജയലക്ഷ്മി തമാശക്ക് അവരോട് ചോദിക്കുന്നത് കേൾക്കാം ഞങ്ങളും ഇവിടുണ്ട് സിസ്റ്ററെ മാത്രമേ നിങ്ങൾക്ക് വേണ്ടു അല്ലേയെന്ന്..
ഡിസ്ചാർജ് ആയിപോകുന്ന രോഗികൾ മിക്കപ്പോഴും ബില്ലടച്ചു പോകാൻ നേരം അറ്റൻഡർ തുടങ്ങി അവിടുള്ള എല്ലാ സ്റ്റാഫിനും എന്തെങ്കിലും പൈസ പാരിതോഷികമായി നൽകും..എല്ലാവരും വാങ്ങുമെങ്കിലും ഞാൻ ഒഴിവാക്കാറാണ് പതിവ്.. എനിക്കുള്ള ശമ്പളവും ഫീസടക്കേണ്ട സമയത്ത് അതിൽകൂടുതലും സാറെനിക്ക് തരാറുണ്ട് അതുകൊണ്ട് സ്നേഹത്തിന് പകരം പണമല്ലെന്ന് സ്നേഹത്തോടെ തന്നെ നിരസിക്കും.
പകരമായി ഭക്ഷണമോ മധുരമോ പലരും എത്തിക്കുമ്പോൾ വേണ്ടെന്ന് പറയാറുമില്ല..അതാകാം അവളത് ചോദിച്ചതും.
ഓപ്പറേഷൻ കഴിഞ്ഞ് ഭക്ഷണം തുടങ്ങും മുൻപേ ശർദ്ധിയുണ്ടോയെന്ന് വെള്ളം കൊടുത്ത് നോക്കിയ ധൈര്യത്തിൽ ഞാൻ അദ്ദേഹത്തോട് ജ്യൂസ് കൊടുത്തോളാൻ പറഞ്ഞതും ..കൊടുത്ത ജ്യൂസ് കൊഴുത്ത മഞ്ഞനിറമുള്ള ശർദിലായി കിഡ്നി ട്രേ കയ്യിലെത്തും മുൻപേ എന്റെ കൈകുമ്പിളിൽ നിറഞ്ഞിരുന്നതും..
വയറ്റിൽ നിന്നും പോകാതെ കോൺസ്റ്റിപേഷനാൽ ബുദ്ധിമുട്ടിയപ്പോൾ പകൽ ഡ്യൂട്ടിയിലുള്ളവർ രണ്ട് മൂന്ന് തവണ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രൊകാലിസ്‌ എനിമ കൊടുത്ത്‌ കാത്തിരുന്നപ്പോൾ വയറു വീർത്ത് വലിഞ്ഞ സ്റ്റിച്ചിന്റെ വേദന സഹിക്കാൻ കഴിയാതെ കരഞ്ഞ അവരെ, വയറ്റിലെ ഗ്യാസ് ട്യൂബിട്ട് കളഞ്ഞ് ഫീക്കൽ മാറ്റർ (ഉറച്ചുപോയ മലം )അയാൾക്കും അവർക്കും സഹിക്കാൻ പറ്റാത്ത ദുർഗന്ധത്തിലും അറപ്പില്ലാതെ മടികൂടാതെ ഗ്ലൗസിട്ട കൈകളാൽ എടുത്തുകളഞ്ഞതും..
ഡ്യൂട്ടിയില്ലെങ്കിലും എല്ലാ രോഗികളെയും വന്നെത്തിനോക്കി വിശേഷങ്ങൾ ചോദിച്ചുപോകുന്നതുമെല്ലാം മംതാജ്‌ഖാൻ ഇടറുന്ന സ്വരത്തോടെ വിജയലക്ഷ്മിക്ക് ഉത്തരം കൊടുക്കുന്നത് കേട്ടതും ഞാൻ തിരികെയിറങ്ങി ചെന്ന് അതെല്ലാം എന്റെ ഡ്യൂട്ടി മാത്രമായിരുന്നെന്ന് കൈകൾ കൂപ്പി..
കടമയാണ് ചെയ്തതെന്ന് അറിയാം സിസ്റ്ററെ പക്ഷേ ആ കടമയോടൊപ്പം അറപ്പില്ലാതെ സ്വന്തമെന്ന് കരുതി മകളായോ അനിയത്തിയായോ കൂടെനിന്ന് ചെയ്യാനുള്ള മനസ്സും സ്നേഹവും മറ്റൊരാളിൽ നിന്നും എനിക്ക് അനുഭവമില്ല ഇന്നുവരേക്കും.. അതുകൊണ്ട് തന്നെ നിങ്ങളെന്നും ഞങ്ങളുടെ മനസിലുണ്ടാകും..എന്റെ ശിരസ്സിൽ കൈവച്ചാണ് അദ്ദേഹമത് പറഞ്ഞത്.
അവരുടെ കീമോയെല്ലാം കഴിഞ്ഞശേഷം കഴിക്കാനുള്ള മരുന്ന് മാത്രമായതുകൊണ്ട് വല്ലപ്പോഴുമുള്ള പരിശോധനക്ക് അവർ ഡോക്ടർ ജോലിചെയ്യുന്ന മെഡിക്കൽ കോളേജിൽ പോയാണ് പിന്നെ കാണിച്ചിരുന്നത്... അതായിരുന്നു അവർക്ക് സൗകര്യം.
കുറെ മാസങ്ങൾ കഴിഞ്ഞാണ് ഞാൻ പിന്നെ അവരെ കാണുന്നത് ..അതും ബസ് കാർഡിനുള്ള അപേക്ഷ കൊടുക്കാൻ Q വിൽ നിന്ന എന്നെ അദ്ദേഹം എന്താണ് അറിയിക്കാതിരുന്നെന്ന് ചോദിച്ച് ചീത്തവിളിച്ച് അരികിലേക്ക് വിളിപ്പിച്ച് കാർഡ് ശരിയാക്കിത്തന്നപ്പോൾ..
പരിചയമോ അടുപ്പമോ ആരുമായും ഉണ്ടെങ്കിലും അവരെ ദിനവും വിളിക്കാനോ ആവശ്യങ്ങളിൽ പോയി ചോദിക്കാനോ അന്നും ഇന്നും ഞാൻ പുറകിലാണ്... സ്നേഹത്തോടെ ഒരു അകലം ആരുമായും സൂക്ഷിക്കുന്നത് തന്നെയാണ് ബന്ധങ്ങൾക്ക് നല്ലതെന്ന് പലപ്പോഴും എനിക്ക് വ്യക്തമായിട്ടും ഉണ്ട്..
അന്നാണ് ക്ലിനിക്കിൽ അല്ലാതെ ഞാൻ ഷബാനയെ കണ്ട് സംസാരിച്ചതും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പിരിഞ്ഞതും..
പ്രായപൂർത്തിയായപ്പോൾ മുതലുള്ള മാസമാസത്തെ വേദനയും രക്തവുമൊന്നും ഇല്ലാത്തതിനാൽ പരമസുഖമാണെന്ന് അവർ നിസ്സാരമായി പറയുമ്പോഴും അത് നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളിൽ ഉണ്ടായിരുന്നു.
എങ്കിലും അതെടുത്ത് കളഞ്ഞതുകൊണ്ട് ഇനി സമാധാനമായി ജീവിക്കാമല്ലോ..അദ്ദേഹത്തെയും മക്കളെയും സ്നേഹിച്ചുമതിയായില്ലെന്നും ആശ്വാസമുതിർത്തു.
പിന്നെയും മാസങ്ങൾ കഴിഞ്ഞ് സാറാണ് എന്നോട് പറഞ്ഞത് ഷബാന വീണ്ടും വന്നിരുന്നു..നെഞ്ചിലേക്കവൻ മടങ്ങിയെത്തിയിരിക്കുന്നു..
ഇത്തവണ പഴയതുപോലെയുള്ള ചിരിയൊന്നുമില്ലാതെയാണ് അവരെ ഞാൻ കണ്ടത് നെഞ്ച് പിടയുന്ന നോവോടെയുള്ള അവരുടെ നോട്ടത്തെ എന്തുത്തരം കൊടുക്കുമെന്നോർത്ത് ഞാൻ അവഗണിച്ചു..
കഴിഞ്ഞതവണത്തെപോലെ ഷബാന ഒന്നുമറിയാത്തവളല്ല വേദനകളും മരുന്നുകളും നിറഞ്ഞ ലോകം ഇന്നവർക്ക് പരിചിതമാണ്... ഇടത്തെ മാറിടം മുറിച്ച് മാറ്റേണ്ടി വരുമെന്ന് നിർവികാരയായി കേട്ടിരിക്കുന്ന അവരെ നോക്കാൻ ശക്തിയില്ലാതെ മംതാജ് ഖാൻ താഴേക്ക് നോക്കിയിരുന്നു.
"മുജേ കുച്ച്‌ തക്‌ലീഫ് നഹി മേരി ജാൻ ..പരീശാൻ ഹേ കി വോ അകേല പഡ്‌ജായേഗാ നാ.."( എനിക്ക് പേടിയൊന്നുമില്ല എന്റെ മോളെ പക്ഷേ അദ്ദേഹം ഒറ്റക്കാകുമല്ലോയെന്നാണ് എന്റെ വിഷമം മുഴുവൻ)
പോകാൻ നേരം അവരെന്റെ കൈ രണ്ട് കൈ കൊണ്ടും കൂട്ടിപ്പിടിച്ചു.
ഓപ്പറേഷന്റെ തലേന്ന് എന്തോ ആവശ്യത്തിന് പുറത്ത് പോയ മംതാജ്‌ഖാൻ മടങ്ങി വന്നില്ല.. അന്ന് മൂത്ത മകളായിരുന്നു അവർക്കൊപ്പം ഉണ്ടായിരുന്നത് . രാത്രിയോടെ മരുമക്കൾ വരുന്നതും അവരെ കാണാൻ നേരം വൈകിയിട്ടും ഡോക്ടർ ചെന്നു കാണുന്നതുമെല്ലാം എനിക്ക് കാണാം..
അബ്ബാക്ക് ചെറിയൊരു ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട് ഉമ്മിയെ അറിയിക്കേണ്ടെന്ന് എന്നോട് മകൾ വന്നു പറഞ്ഞു.
അവൾ പറഞ്ഞതിലും കൂടുതലെന്തോ ഉണ്ടെന്ന് മനസിലിരുന്ന് ആരോ പറയും പോലെ..
ഞാൻ ഡോക്ടറിനെ ചെന്ന് കണ്ടു.
എത്രയോ വർഷത്തെ അനുഭവമുള്ള ആളാണ് എത്രെയോ രോഗികളെ ചികിത്സിച്ച ആൾ എന്നിട്ടും ചിന്തയിൽ മുഴുകി ഒപിയിലെ കസേരയിൽ ചാരി ഇരുപ്പാണ്..
മംതാജ്‌ഖാൻ ഇനിയില്ല..അപകടം നടന്ന സ്ഥലത്തുവച്ചെ അദ്ദേഹം മരണപ്പെട്ടു.. മകളോടും ഭാര്യയോടും പറഞ്ഞിട്ടില്ല.. എല്ലാവർക്കും അറിയാം ഷബാനയും അദ്ദേഹവും തമ്മിൽ എങ്ങനെയാണെന്ന്..
അവരെ അറിയിക്കാൻ ആർക്കും ധൈര്യമില്ല..
എന്റെ ജീവനുള്ള കാലം വരെയും ആർക്കുമൊരു ബാധ്യതയാകാൻ അവളെ ഞാൻ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞവൻ പ്രിയപെട്ടവളോട് ഒരു വാക്ക് പോലും പറയാതെ യാത്രയായി..വേദനിപ്പിച്ച് മതിയാകാത്ത വിധിയുടെ വിളയാട്ടങ്ങൾ.
അന്ന് ചെറിയൊരു അപകടമെയുള്ളൂ എന്നറിഞ്ഞ് മക്കളോടൊപ്പം പോകുന്ന ഷബാനയെ എനിക്കോർമ്മയുണ്ട്. രക്തമയമില്ലാതെ വിളറിവെളുത്ത ആ മുഖവും ശരീരവും ചത്ത മീനിന്റെ കണ്ണുകളും
എന്റെ കൺമുൻപിൽ എത്രയോ ദിവസം തെളിഞ്ഞു..
ഓപ്പറേഷൻ വേണ്ടെന്ന് പറഞ്ഞ് ഇനിയുള്ള ചികിത്സയും മരുന്നും ഇവിടെയാണെന്ന് തീരുമാനമെടുത്ത് ആർക്കും മാറ്റാൻ കഴിയാത്ത വാശിയോടെ അവരുടെ മുറിക്കകത്തിരിപ്പാണെന്നാണ് അവസാനമായി അന്നറിഞ്ഞത്..
പിന്നെയും ജീവിതത്തിൽ ഞണ്ടുകൾ കാർന്നുതിന്നുന്ന ശരീരവുമായി പലരും വന്നു.. ദേഹം പൊള്ളിയടർന്ന പോകുന്ന വേദനയോടെ രക്തമുരുകിയൊലിപ്പിക്കുന്ന കീമോ മരുന്നുകൾ ഞരമ്പിലൂടെ ഒഴുക്കാൻ പലരും വന്നു..
പോരാളികളെ പോലെ തങ്ങളെ കാർന്നുതിന്നാൻ വന്ന ഞണ്ടുകളെ യുദ്ധംചെയ്ത് തോൽപിച്ച മിടുക്കരെ കണ്ടതിനൊപ്പം ജീവിക്കാനുള്ള കൊതി നിറഞ്ഞ നോട്ടങ്ങളും വേദന സഹിക്കാൻ വയ്യ മരിച്ചാൽ മതിയെന്ന മടുത്ത നോട്ടങ്ങളുമായി പലരും വന്നുപോയി..
നോവുണർത്തുന്ന ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ ഷബാനയെ ഞാൻ മനഃപൂർവം മറന്നു
ജോലി മാറിയതിന് ശേഷം വർഷങ്ങൾക്കിപ്പുറവും ഓർമ്മകൾ മടക്കിത്തരാനായി ഇന്നും അറിഞ്ഞു...
വേണ്ടപ്പെട്ട ഒരാളെ കൂടി കാർന്നുതിന്നാനായി അവനെത്തിയിരിക്കുന്നു..
"എനിക്ക് പേടിയൊന്നുമില്ല ലിസമ്മേ... ഇക്കാ തനിച്ചായിപ്പോകുമല്ലോയെന്ന സങ്കടം മാത്രമേയുള്ളു"
ആ ഉമ്മ പറയുമ്പോൾ ഷബാനയുടെ സ്വരമായിരുന്നു എന്റെ കാതിൽ...
വേണ്ടപെട്ടവരെല്ലാം എത്രമേൽ പ്രിയരാണെന്ന് പരസ്പരം തിരിച്ചറിഞ്ഞും ധാരാളിത്തത്തോടെ ചിലവിടാൻ സമയമിനി ബാക്കിയില്ലെന്ന നിസ്സഹായത തിങ്ങിയ നോവിന്റെ സ്വരങ്ങൾ..
ലിസ് ലോന✍️

ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവർ (നീണ്ടകഥ - അവസാനഭാഗം )


പെണ്ണെന്നുള്ള പരിഗണന പോയിട്ട് ഒരു മനുഷ്യജീവിയെന്ന കരുണ പോലുമില്ലാതെ അമ്മയും മകനുമെന്നെ ചവിട്ടി മെതിച്ചു..
അടിവയറ്റിലേക്ക് കിട്ടിയ ഓരോ ചവിട്ടിലും പ്രാണൻ പിടയുന്ന വേദനയോടെ ഞാൻ തേരട്ടയെ പോലെ ചുരുണ്ട് പോകുമ്പോഴും പഞ്ഞി നിറച്ച തലയിണയിൽ ചവിട്ടി നിൽക്കുന്ന സുഖത്തോടെ അവരത് ആസ്വദിക്കുന്നുണ്ടായിരുന്നു.
എഴുന്നേറ്റ് നിൽക്കാനാവാത്ത വിധം തളർന്നുകിടന്ന ഞാൻ മരിച്ചുപോകുമേയെന്ന് ഭയന്നാകും അയാൾ അജയനെ വിളിച്ചു വരുത്തി പരിശോധിപ്പിച്ചു..
"കുഞ്ഞേ ബസ് സ്റ്റാൻഡിന്റെ ഉള്ളിലേക്ക് കയറ്റണോ..എവിടേക്ക് പോകാനുള്ള ബസാണ് നോക്കേണ്ടത്.."
ചിന്തകളെ കീറിമുറിച്ച് ഓട്ടോക്കാരന്റെ ശബ്ദം അലയടിച്ചെത്തി.. അകത്തേക്കെന്ന് ഞാൻ വിരൽ ചൂണ്ടി.
ഓർമ്മകൾക്ക് പോലും ഉലയിൽ ചുട്ടുപഴുത്ത ലോഹത്തിന്റെ ചൂടാണെന്ന് ജ്വരം ബാധിച്ച ഉടൽച്ചൂടിലൂടെ ഞാനറിഞ്ഞു..
ജീവിക്കണമെന്നുള്ള അതിയായ ആഗ്രഹം..എല്ലാത്തിനും സമ്മതം മൂളിയതുപോലെ അവർക്ക് മുൻപിൽ പിന്നെയും ജീവിക്കേണ്ടി വന്നു.
അധിക ദിവസം മുൻപോട്ട് പോകേണ്ടിവന്നില്ല മാസമൊന്ന് തികയാൻ രണ്ട് ദിവസം കൂടി ബാക്കിയുള്ളപ്പോൾ തറവാട്ടിലെ ഒരു ചടങ്ങിന് രണ്ടുപേരും എത്തണമെന്ന അച്ഛന്റെ വാശിയിൽ ഞങ്ങൾ വീട്ടിലെത്തി..
അന്ന് ഞാൻ മടങ്ങാൻ കൂട്ടാക്കിയില്ല..
ഇനി ഇങ്ങനൊരു വഴി തുറന്നു കിട്ടുമോയെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്ന എനിക്ക് ദൈവമായി തെളിയിച്ച വഴി..
പക്ഷേ വഴി തുറന്ന് തന്ന് വഴിയിലെ കല്ലും മുള്ളും ആഴമേറിയ കൊക്കയും എനിക്കായി കരുതിവച്ച് ഈശ്വരൻ അദ്ദേഹത്തിന്റെ പാട്ടിന് പോയി.
ഭർത്താവിനൊരു ബന്ധമുണ്ടെന്നും അതാരാണെന്ന് അറിയില്ലെന്നും കൂടെ ജീവിക്കുന്നതിൽ അർത്ഥമില്ലെന്നും അറിയിച്ചതിന് ആർക്കും പ്രത്യേകിച്ചൊരു ഭാവമാറ്റവും ഉണ്ടായില്ല.
കുറച്ചു ദിവസമായി അയാളെ സംശയരോഗത്തോടെയാണ് ഞാൻ നോക്കുന്നതെന്നും അതിൽ ശ്രീകുമാർ അത്യധികം സങ്കടത്തിലാണെന്നും മരുമകനോടുള്ള സഹതാപം മുഴുവൻ വാക്കുകളിൽ പുരട്ടി അമ്മ അച്ഛനോടും ആങ്ങളയോടും വിശദീകരിക്കുന്നുണ്ടായിരുന്നു.
എനിക്ക് ഒരു മുഴം മുൻപേ അയാൾ കുരുക്ക് എറിഞ്ഞിരുന്നു പക്ഷേ അത്ഭുതപ്പെടുത്തിയത് എന്നെയല്പം പോലും വിശ്വസിക്കാത്ത വീട്ടുകാരെയോർത്തായിരുന്നു.
അയാളെ അവിശ്വസിക്കാൻ മാത്രമൊന്നും ഇല്ലെന്നും ഇന്ന് വരെ ഒരു വാക്ക് കൊണ്ട് പോലും ആ വീട്ടുകാരോ ഭർത്താവോ നിന്നെ വേദനിപ്പിച്ചിട്ടുണ്ടോയെന്നും സ്വന്തം അമ്മയെന്നെ ക്രോസ്സ് വിസ്താരം നടത്തുമ്പോൾ അമ്മയും മകനും ചവിട്ടിമെതിച്ച രാത്രിയും പനിച്ചൂടും ഓര്മകളിലേക്കൊടിയെത്തി..
ആരോടും ഒന്നും വിശദീകരിച്ചില്ല ദിവസങ്ങൾ കടന്നുപോകുന്തോറും ഞാനിനി തിരിച്ചുപോകില്ലെന്ന് ഏകദേശം ഉറപ്പായ കുഞ്ഞാങ്ങള സൂചിപ്പിച്ചത് നാളെ എനിക്കും ഒരു ജീവിതമുണ്ടാകുമ്പോൾ പെങ്ങള് ബന്ധമൊഴിഞ്ഞു നിൽക്കുകയാണെന്ന് പറയാൻ ബുദ്ധിമുട്ടെന്നായിരുന്നു..
പിടിച്ചു നിൽക്കാൻ ശ്രമിച്ച രണ്ടാഴ്ചയും അമ്മയും അനിയനും കുത്തുവാക്കുകൾ കൊണ്ടെന്നെ പൊതിഞ്ഞു..
മകളേക്കാൾ മരുമകനെയും അയാളുടെ നാടകങ്ങളെയും സ്നേഹിച്ചവർക്ക് മുൻപിൽ ഞാനൊരു സംശയരോഗിയും അയാൾ എല്ലാം തികഞ്ഞൊരു മരുമകനുമായി..
വിവാഹദിവസം അണിഞ്ഞിരുന്ന ആഭരണങ്ങൾ മുഴുവൻ എനിക്കൊരു കരുതലിനായി ആർക്കും കൊടുക്കാതെ വസ്ത്രങ്ങൾ കൊണ്ടുവന്ന ബാഗിൽ ഞാൻ ഒളിപ്പിച്ചു വച്ചിരുന്നു..
മനസാക്ഷി സൂക്ഷിപ്പുകാരിയായ അമ്മാവന്റെ മകൾ സുധ കാണാൻ വന്നപ്പോൾ അവളെയത് ഏല്പിച്ചു . നാളെ എനിക്കൊരു ആവശ്യം വന്നാൽ അവളുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു ..
സ്വർണം അന്വേഷിച്ചവരോട് അയാളുടെ വീട്ടിലെ അലമാരയിലുണ്ടെന്ന് ഉത്തരം നൽകാനും മടിച്ചില്ല.
മധ്യസ്ഥന്മാരും ഉപദേശകരും പെൺകുട്ടിയുടെ പക്വതക്കുറവ് കൊണ്ടുള്ള എടുത്തുചാട്ടമെന്ന് തിട്ടൂരം ചൊല്ലി വീണ്ടുമെന്നെ ആ വീട്ടിലേക്ക് പരീക്ഷണാർത്ഥം മടക്കിയയച്ചു..
ശരിയാകില്ലെന്ന് ഉറപ്പുള്ള ഒരു ബന്ധം ! കൈകാലിട്ടടിച്ചാലും സ്വയം നഷ്ടപെടുത്തിയാലും എങ്ങുമെത്തില്ലെന്ന് എനിക്കുറപ്പായിരുന്നു..
എങ്കിലും അനുസരണയുള്ള ഒരു പട്ടികുഞ്ഞിനെ പോലെ ഞാനാ വീട്ടിൽ ക്ഷമയോടെ കാത്തിരുന്നു..
അയൽക്കാർക്ക് മുൻപിലും വീട്ടുകാർക്ക് മുൻപിലും എന്നെ സ്നേഹം കൊണ്ട് മൂടാൻ അയാൾ മറന്നില്ല..
ഭാര്യക്ക് വേണ്ടി സമ്മാനങ്ങൾ കൊണ്ടുവരുന്നവനായും ജോലിക്കിടയിൽ ഭാര്യയെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ ഇടക്കിടെ ഫോൺ വിളിക്കുന്ന ഭർത്താവായും ഓരോ രംഗങ്ങളും അയാൾ മികച്ചതാക്കി..
എന്തെല്ലാം ഉണ്ടായിട്ടും ഭവ്യയുടെ മുഖമെപ്പോഴും കടന്നൽ കുത്തിയത് പോലെയാണല്ലോയെന്ന് അടുത്തുള്ളവർ കുശുകുശുക്കുന്നത് കേട്ടില്ലെന്ന് നടിച്ചു..
അഭിനയിക്കാൻ ഞാൻ മോശമാണെന്ന് അമ്മയ്ക്കും അയാൾക്കും അറിയാമല്ലോ..
കിടപ്പറയിൽ ഞാനും അയാളും റെയിൽവേ സ്റ്റേഷനിലെ അപരിചിതരെപോലെ രണ്ട് മൂലകളിൽ കിടക്കും.. അയാളെത്താത്ത രാത്രികളിൽ സ്വാതന്ത്രത്തോടെ സമാധാനത്തോടെ ഞാനുറങ്ങി..
വീട്ടിലുള്ളപ്പോൾ രാത്രി വൈകുവോളവും ആരോടോ അയാൾ ഫോണിൽ ശൃംഗരിക്കുന്നതും സംസാരിക്കുന്നതും പതിവ് കാഴ്ചകളായിരുന്നു..
അപ്പുറമുള്ള പകരക്കാരി ആരെന്ന് അറിയാൻ ഞാൻ ശ്രമിച്ചില്ല അറിയിക്കാൻ അയാളും.
പഠിപ്പിക്കാമെന്ന വാഗ്ദാനം എപ്പോഴോ ഓർമിപ്പിച്ചപ്പോഴാണ് അവരെന്നെ അടിമയാക്കി ഭാര്യയെന്ന പേരിൽ നിർത്താൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും വീടിന് പുറത്തേക്ക് എന്നെ വിടുന്ന വിഷയം ഉദിക്കുന്നില്ലെന്നും അയാൾ പ്രസ്താവിച്ചത്..
ആറുമാസമെന്നല്ല വർഷമെത്ര കഴിഞ്ഞാലും പരസ്പര സമ്മതത്തോടെ വിവാഹമോചനം നടക്കില്ലെന്ന് ബോധ്യമായ അന്ന് ഞാൻ സുധക്ക് മെസേജയച്ചു.. ഇനിയുമെന്നെ ഇവിടെ നിർത്തിയാൽ ഞാൻ സ്വയമൊടുങ്ങുമെന്ന്.
ജീവിക്കാനുള്ള ആഗ്രഹം അത്രമേൽ ശക്തമായി മനസ്സിൽ ഊട്ടിയുറപ്പിച്ച് വരുംവരായ്കളെ മുൻപിൽ കണ്ടുകൊണ്ട് സുധയുടെ നിർദ്ദേശ പ്രകാരം ഞാനാ വീട്ടിൽ നിന്നും വീണ്ടും ഇറങ്ങി..
അവളുടെയും അവളുടെ ഭർത്താവിന്റെയും സഹായത്തോടെ കുറെ ദൂരെ ഒരു ലേഡീസ് ഹോസ്റ്റലിലേക്ക് താമസം മാറ്റാനും പഠിപ്പ് തുടരാനും എനിക്കെന്റെ സ്വർണം വിറ്റ പൈസയുണ്ടായിരുന്നു.
കുടുംബമഹിമയും അനിയന്റെ ഭാവിയും അച്ഛന്റെ സൽപ്പേരും ഓർമിപ്പിച്ച് അച്ഛനും അമ്മയും എനിക്ക് മുൻപിൽ വന്ന് നിന്നിട്ടും എന്റെ മനസിളകിയില്ല..
ചെറിയ പ്രായത്തിൽ തന്നെ സ്വപ്നം കാണാനുള്ള അവകാശം നിഷേധിച്ചവരോടും നോവേല്പിച്ചവരോടും അത്രമേലെന്റെ മനസ്സ് മുറിവേറ്റിരുന്നു.
പിന്നെയുള്ള കൗൺസിലിംഗ് സിറ്റിംഗിനെല്ലാം എന്റെ തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു.
പരാതിയിലൊന്നും കഴമ്പില്ലെന്നും അയാൾക്കെന്നെ ജീവനാണെന്നും ബന്ധം പിരിയാൻ ഞാൻ മനപ്പൂർവം കെട്ടിച്ചമച്ച കഥകളാണ് എഴുതികൊടുത്തതെന്നും അയാൾ എനിക്ക് മുൻപിലിരുന്ന് വാദിക്കുന്നുണ്ടായിരുന്നു..
ഒന്നിനും ചെവിയോർക്കാതെ കോടതിക്ക് വെളിയിലേക്കിറങ്ങി വന്ന എനിക്കോർമ വന്നത് അയാൾ ഘോരഘോരം വാദിച്ച് ചോദിക്കുന്ന തെളിവുകൾ നിറഞ്ഞ രംഗങ്ങളായിരുന്നു..
ശരിയാണ് കോടതിക്ക് മുൻപിൽ നിരത്തി വെക്കാൻ എനിക്ക് തെളിവുകളൊന്നുമില്ല എന്റെ കന്യകാത്വം അല്ലാതെ..
വഴക്കിട്ട് ഇടക്കിടെ ഇറങ്ങിപ്പോകുന്ന ഭാര്യയെ നിലക്ക് നിർത്താൻ അമ്മയുടെ നിർബന്ധപ്രകാരം ബലാൽക്കാരമായി കീഴടക്കാൻ ശ്രമിച്ച് എന്റെ മുൻപിൽ തളർന്നിരുന്ന അയാളെ ഞാനെങ്ങനെ തെളിവാക്കും..
പെൺകുട്ടികളോട് എനിക്കത്തരത്തിലുള്ള വികാരമൊന്നും തോന്നാറില്ലെന്ന് അമ്മയോട് പലവട്ടം പറഞ്ഞിട്ടും നിർബന്ധിച്ചും ആത്മഹത്യാ പ്രേരണ മുഴക്കിയും വിവാഹം കഴിപ്പിച്ചതാണെന്ന നിസ്സഹായതയോടെ ഇരുന്ന അയാളെ ആർക്ക് മുൻപിൽ തെളിവായി നിരത്തും ഞാൻ..
"കാമുകിയെന്ന് " ആ നിമിഷം വരെയും തെറ്റിദ്ധരിപ്പിച്ച അജയനെയും കൊണ്ട് മുറിക്കുള്ളിൽ കയറി ഭാര്യയെ വലിച്ചു പുറത്തേക്കിട്ട് ഭാര്യക്ക് മുൻപിൽ ഉദ്ധരിക്കാതിരുന്ന ആണത്തം പ്രകടിപ്പിച്ചതും അമ്മയോടുള്ള വാശി തീർത്തതും ആർക്ക് മുൻപിൽ തെളിയിക്കും..
പുരുഷനെയാണ് മകൻ സ്നേഹിക്കുന്നതറിഞ്ഞ് കുടുംബമഹിമ കാത്തുസൂക്ഷിക്കാൻ പക്വതയില്ലാത്ത ഒരു ചെറുപെണ്ണിന്റെ സ്വപ്‌നങ്ങൾ തല്ലികെടുത്തി മകന്റെ ഭാര്യയാക്കിയ അമ്മയെ ഞാനെവിടെ സാക്ഷിയാക്കും..
ഒരേ ലിംഗക്കാർ ഒരുമിച്ചു ജീവിക്കുന്നതും സ്നേഹത്തോടെ കുടുംബം നടത്തുന്നതും നിയമവിധേയമായ രാജ്യത്ത് സ്വന്തം സ്വത്വം മറച്ചുവെച്ച് ഒരു പെൺകുട്ടിയുടെ ജീവിതം പന്താടുന്നത് എവിടുത്തെ ന്യായമാണ്..
അജയനുമൊത്തുള്ള ബന്ധം അയാൾ നിയമപരമായി തന്നെ തുടർന്നോട്ടെ.. പേരിനൊരു ഭാര്യയായി ചൊല്ലുവിളിയുള്ള മരുമകളായി ജീവിക്കാൻ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിട്ടും കഴുത്തിലെ കെട്ടഴിക്കാൻ സമ്മതിക്കാതെ അടിമയായി ജീവിക്കാൻ നിർബന്ധിക്കുന്നത് എന്തിന്..
ആർക്ക് മുൻപിലും ഒന്നും തെളിയിക്കണ്ട.. ഒന്നരമാസത്തോളമുള്ള ദാമ്പത്യം തന്നത് ഒരായുസ്സിലേക്കുള്ള ഓർമകളാണ്..
ഒത്തുപോകാൻ കഴിയാത്ത അഹങ്കാരിയും പിടിവാശിക്കാരിയായ ഭാര്യയുമായി ഞാനിരുന്നോട്ടെ..
എനിക്കായി അവർ ജാരന്മാരെ സൃഷ്ടിച്ചോട്ടെ..
അങ്ങനെയെങ്കിലും ഇഷ്ടപെട്ടവനോടൊപ്പമുള്ള ജീവിതത്തിൽ അയാളും ആർക്ക് മുൻപിലും അടിമയാകാതെ സ്വാതന്ത്രം ആസ്വദിച്ച് എനിക്കും ജീവിക്കണം..
മുൻപിലുള്ള വഴിയെല്ലാം വിജനമാണ് പക്ഷേ തനിച്ചാണെങ്കിലും മുൻപോട്ട് നടക്കാനുള്ള ഉൾക്കരുത്ത് വിദ്യാഭ്യാസത്തിലൂടെയും ഒരു ജോലിയിലൂടെയും എനിക്ക് നേടണം..
ആർക്ക് മുൻപിലും ഒന്നിന് വേണ്ടിയും അടിയറവ് വെക്കാതെ ജീവിക്കാനുള്ള ആത്മധൈര്യമാർജ്ജിച്ചു ശ്വാസമെടുത്ത് മുഖമുയർത്തി നോക്കിയത് എനിക്ക് മുൻപിൽ ബൈക്ക് കൊണ്ട് വന്ന് നിർത്തിയ കുഞ്ഞാങ്ങളയുടെ മുഖത്തേക്കാണ്..
സുധയും ഭർത്താവും വീട്ടിലെത്തി വഴക്കിട്ടതിന്റെയാകാം അല്ലെങ്കിൽ അവസാനശ്രമമെന്ന നിലയിൽ ഒരിക്കൽ കൂടി ഒരു അനുരഞ്ജനശ്രമം അങ്ങനെയാണ് ഞാൻ കരുതിയത്.
അജയനോടൊപ്പം കാറിൽ കയറി പോകുന്ന ശ്രീകുമാർ കൈവീശി കാണിച്ചിട്ടും തിരിഞ്ഞു നോക്കാതെ മുഖപേശികൾ വലിഞ്ഞുമുറുകി കാറ്റുപിടിച്ച പോലെ നിൽക്കുന്ന അനിയനെ എനിക്ക് മനസിലായില്ല.
ഒരുവർഷമായിട്ടും ചേച്ചിയെന്തേ മൗനം പാലിച്ചു സത്യങ്ങൾ അറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഞങ്ങളെല്ലാവരും നിനക്കൊപ്പം നിൽക്കുമായിരുന്നില്ലേ എന്ന അവന്റെ ചോദ്യത്തിന് ഞാനൊന്ന് പുഞ്ചിരിച്ചു.
വിവാഹം കഴിപ്പിച്ചയച്ച മകളിപ്പോഴും കന്യകയാണെന്ന് അച്ഛനെയോ അനിയനെയോ അറിയിക്കാൻ കഴിയില്ലല്ലോ.. സൂചിപ്പിക്കാൻ കഴിയുന്ന ഏക വ്യക്തി തന്ന മറുപടി നിൽക്കേണ്ട പോലെ ആണിന് മുൻപിൽ നിന്നാൽ മനസ്സ് മാറാത്ത ആണുങ്ങളില്ല നിനക്ക് കഴിവില്ലാഞ്ഞിട്ടാണെന്നാണ്..
ഒരു പെണ്ണിന്റെ സങ്കടം വേറൊരു പെണ്ണിന് മനസിലാകുമെന്ന് കരുതി കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ച രണ്ട് അമ്മമാരും ഒരുപോലെ ആയിരുന്നു..
ആൺകുട്ടികൾക്ക് ഈ പ്രായത്തിൽ തോന്നുന്ന വികാരവിചാരങ്ങളാണ് ഇതെന്നും വിവാഹമെന്ന പരീക്ഷണത്തിൽ കൂടി മകനെ മാറ്റിയെടുക്കാമെന്ന് കരുതിയ അമ്മയും എന്റെ അമ്മയും യാതൊരു വ്യത്യാസവുമില്ല.
നിർബന്ധിച്ചോ വശീകരിച്ചോ നേടേണ്ട ഇഷ്ടമോ ജീവിതമോ അല്ല ഇതെന്ന് അന്ന് ഞാനമ്മയോട് വാദിച്ചില്ല. അന്ന് മൗനം പാലിച്ചപോലെ, ചേർത്തുപിടിച്ചു ധൈര്യം നൽകേണ്ട അമ്മ തന്ന ഉപദേശം മകനെയറിയിക്കാതെ വീണ്ടും മൗനമെന്ന ആഭരണം എടുത്തണിഞ്ഞ് അവനെ യാത്രയാക്കി..
ആരെയും ആശ്രയിക്കാതെ ഒരു ജോലി നേടണം അതുവരെയും തനിച്ചാകുന്നതാണ് നല്ലത്..അല്ലെങ്കിലും കുറെ ആയി ആൾക്കൂട്ടത്തിലും ഞാൻ തനിച്ചാണല്ലോ..
ഹോസ്റ്റലിലേക്ക് പോകാനൊരു ഓട്ടോ തിരഞ്ഞ് എന്റെ മിഴികൾ ദൂരേക്ക് നീണ്ടു..
അതേ ഞാനെടുത്ത തീരുമാനമാണ് എന്റെ ശരിയും ഇനിയുള്ള ജീവിതവും..
Written by  
ലിസ് ലോന 
Read all parts here :- 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo