Showing posts with label BabySabina. Show all posts
Showing posts with label BabySabina. Show all posts

കറുത്ത തീരത്തിലെ കാഴ്ച

Image may contain: 1 person, closeup

--------------------------------------------
വെയിൽ പറവയുടെ ചിറകുകൾ തെല്ലൊതുങ്ങി, കുളിരിറങ്ങി. നാമജപവും കഴിഞ്ഞ് അവൾ പഠനമേശയ്ക്കരികിലേക്ക് നീങ്ങി. പുസ്തകതാളുകൾ ഒന്നൊന്നായി മറിച്ചു നോക്കുമ്പോഴാണ് മുറിയിലെ വെട്ടം പാടേ അണഞ്ഞത്. സങ്കടവും ദേഷ്യവും മീരയ്ക്ക് സഹിക്കാനായില്ല.
ക്ലാസിലെ ഏറ്റവും മിടുക്കിയായിരുന്നു മീര. മറ്റു കുട്ടികളെ അപേക്ഷിച്ച് നന്നായി പഠിക്കുമായിരുന്നെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ കാരണം അസൗകര്യങ്ങളെറെയായിരുന്നു.
അടുക്കളയിലെ ജോലിക്കിടയിൽ ഉമ്മറക്കോലായിലെത്തിയ രാജി മെയിൻ സ്വിച്ച് ഓണാക്കി. മുറിയിൽ വെട്ടം പരന്നു. ഒരലർച്ചയോടെ രാമു രാജിയുടെ നേരേ പാഞ്ഞടുത്തു. വീണ്ടും വെട്ടം അണഞ്ഞു. അയാൾ കലിയടങ്ങാതെ പിറുപിറുത്തു കൊണ്ട് അകവും പുറവും ചുറ്റി നടക്കുകയാണ്.
പേടിച്ച് വിറച്ച മക്കളെയും അമ്മയെയും കൂട്ടി രാജി ഉമ്മറകോലായിൽ ഇരുന്നു. ചിറകൊടിഞ്ഞ കിനാക്കളുടെ ബലികുടീരങ്ങളിൽ ഇരുന്ന് കണ്ണുനീർ പൊഴിച്ചിരുന്ന അവളെ അയലത്തെ ഇത്ത ചേർത്തു നിറുത്തി. അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. പിന്നീടങ്ങോട്ട് മിക്ക രാത്രികളിലും ആ വീട്ടിലെ അഭയാർത്ഥികളായിരുന്നു രാജിയും കുടുംബവും.
അവിവാഹിതനായിരുന്ന രാമു രാജിയുടെ ഇളയ സഹോദരനായിരുന്നു. ഭർത്താവ് മരണപെട്ടതോടെ രാജി മൂന്ന് പെൺമക്കളെയും കൂട്ടി അമ്മയ്ക്കും സഹോദരനോടും ഒപ്പമായിരുന്നു താമസം. മൂത്തവളായിരുന്നു മീര.
രാവന്തിയോളം അദ്ധ്വാനിച്ച് കിട്ടിയിരുന്ന പൈസ കൊണ്ട് വീട്ടു സാധനങ്ങൾ വാങ്ങിക്കൂട്ടിയിരുന്നതു രാമു ആയിരുന്നു.എങ്കിലും ആൽക്കഹോളിന്റെ ഉപയോഗം പതിവാക്കിയപ്പോൾ അവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിരുന്നു. തികച്ചും ഭ്രാന്തമായ സമീപനമാണ് അവനിൽ നിന്ന് അവർക്ക് ഏൽക്കേണ്ടി വന്നത്.
മക്കളെ സ്കൂളിലയച്ചതിന് ശേഷം അടുത്തുള്ള തയ്യൽക്കടയിൽ ജോലിക്ക് പോയിരുന്നു രാജി.വൈകുന്നേരം മക്കളൊടൊത്ത് വീട്ടിലെത്തിയാൽ രാമുവിന്റെ കലാപരിപാടികൾക്കു തുടക്കമായിട്ടുണ്ടാവും.
കാറ്റില്ലെങ്കിൽ കൂടി ചലിച്ചു കൊണ്ടിരിക്കുന്ന ആലില പോലെ അസ്വസ്ഥമായിരുന്നു മീരയുടെ മനസ്.ക്ലാസിൽ ഗുരുനാഥന്മാർ പറഞ്ഞു തന്നിരുന്ന എഴുത്തോ വായനയോ ഒന്നും അവൾക്ക് വീട്ടിൽ നിന്ന് ചെയ്യാനായില്ല.
വീട്ടു സാധനങ്ങൾ തച്ചുടക്കുന്നതിനൊടൊപ്പം തങ്ങളുടെ കളിപ്പാട്ടങ്ങളും നശിപ്പിച്ച രാമുവിനെ ഭയത്തോടെയും വെറുപ്പോടെയും അല്ലാതെ കാണുവാൻ ആ കുരുന്നുകൾക്കായില്ല.
'ന്റെ മോനേ വെറുക്കല്ലേ മക്കളെ ഓൻ സുബോധത്താലല്ല ഇങ്ങനൊക്കെ'
എന്ന് പറഞ്ഞിരുന്ന അമ്മൂമയുടെ വാക്കുകൾക്കും അപ്പുറമായിരുന്നു രാമുവിന്റെ ഓരോ ദിവസവും.
ദിവസങ്ങൾ കടന്നു പോകുന്തോറും രാമുവിന്റെ ശൗര്യവും കൂടി കൂടി വന്നു. കലാപരിപാടികൾ ഒരു പതിവായി മാറി. ശപിക്കപെട്ട നാളുകളായിരുന്നു ഓരോന്നും. നീളൻ വടിയും വീശി അകവും പുറവും ചുറ്റി നടക്കുകയും ചീത്ത വിളിയും കൂടി ആയപ്പോൾ ആരും തന്നെ ആ ഭാഗത്തേക്ക് വരാതെയും ആയി.
ഭീഷണിയെയും ചീത്ത വിളിയെയും ഭയന്ന് ഇത്തയുടെ വീട്ടിലെ രാത്രി കാല അഭയവും എന്നേന്നേക്കുമായി ഇല്ലാതായതോടെ ഉമ്മറക്കോലയിലാക്കേണ്ടി വന്നു അവരുടെ കിടപ്പറ.
തൂവലിന്റെ ചൂടിനുള്ളിൽ മക്കളെ ചേർത്തു നിറുത്തുന്ന തള്ളക്കോഴിയെ പോലെ മക്കളെ നെഞ്ചോട് ചേർത്ത് രാവുകളോരോന്നും തള്ളി നീക്കി.
നിലത്ത് അമ്മ വിരിച്ചിരുന്ന പഴന്തുണിയിൽ അമ്മൂമ്മയെയും സഹോദരിമാരെയും തന്നെയും കിടത്തി ഉറങ്ങാതെ നേരം പുലർത്തിയിരുന്ന അമ്മയെ ഓർത്ത് ഓരോ രാവും വിഷാദത്തിന്റെ ഒരു കടൽ അവളിലും ആർത്തു മറിയുന്നുണ്ടായിരുന്നു.
തോരാതെ പെയ്യുന്ന മഴയിലും മഞ്ഞ് പെയ്യുന്ന രാവുകളിലും മാതൃത്വത്തിന്റെ അടക്കിയാലടങ്ങാത്ത അന്തർദാഹത്തോടെ കാവലിരിക്കുകയായിരുന്നു രാജി.
അന്ന് പതിവിലും നേരത്തെ തന്നെ രാമുവിന്റെ കലാപരിപാടികൾക്ക് തുടക്കമായി. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ മീര അകത്തേക്ക് കയറാൻ തുടങ്ങവേ ആയിരുന്നു രാമു വീശി നടന്നിരുന്ന നീളൻ വടി ശക്തമായി അവളുടെ മൂക്കിനടിച്ചത്.
രക്തസ്രാവം കണ്ട് ഭയന്ന രാജിയും മക്കളും നിലവിളിച്ചപ്പോൾ ഓടിക്കൂടിയവരിൽ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. രക്തസ്രാവം നിൽക്കാതെ ആയപ്പോൾ അന്നവിടെ നിൽക്കേണ്ടതായും വന്നു.
ഈ സമയം വീട്ടിൽ തനിച്ചായിരുന്നു രാമു. രാത്രിയുടെ ഏതോ യാമത്തിൽ സുബോധം തിരിച്ചുകിട്ടിയപ്പോൾ ആരിൽ നിന്നോ താൻ ചെയ്ത അപരാധത്തിന്റെ, പാവത്തിന്റെ ആഴം തിരിച്ചറിഞ്ഞ കുറ്റബോധം കൊണ്ടാവണം എല്ലാ മനസിലും മായാത്ത ചോരക്കറ വിതച്ച് വീട്ടിന്റെ തെക്കേമുറിയിലെ കഴുക്കോലിൽ ഒരു മുളങ്കയറിൽ തൂങ്ങിയാടിയത്.
ആശുപത്രി വിട്ട് വീട്ടിലെത്തിയവരെ വരവേറ്റത് അനന്തതയിലേക്ക് സ്വയം മറഞ്ഞ രാമുവിന്റെ ഓർമ്മകളായിരുന്നു.
ഒരു പക്ഷെ ഇരുണ്ട ജീവിതത്തിന് സാക്ഷ്യം വഹിച്ചപ്പോൾ ആ കറുത്ത തീരത്തിലെ കാഴ്ചക്കാരനെ പോലെ കാലം തെളിയിച്ച വെട്ടമായിരിക്കാം.
ബേബിസബിന

ആയമ്മ

Image may contain: 1 person, closeup


- - - - - - - - - -
ദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയായിരുന്നു. ഒന്ന് പുറത്ത് ഇറങ്ങാൻ പോലുമാവാതെ മുറിയിൽ തന്നെ അവൾ ഒതുങ്ങി കൂടി.
ഈയിടെയായ് ഉറക്കകുറവ് അതൊരു പതിവായിരിക്കുകയാണ്.
പുറത്ത് മഴ ആർത്ത് തിമർക്കുമ്പോൾ കരിമ്പടം പുതച്ചങ്ങനെ ദിവാസ്വപ്നവും കണ്ട് കിടന്ന് എപ്പോഴോ നിദ്രയുടെ ലോകത്തേക്ക് വഴുതി വീഴുന്ന പകൽനേരങ്ങൾ. അത്കൊണ്ട് തന്നെ രാത്രിയിലെ ഉറക്കമില്ലായ്മയെ വലിയൊരു കാര്യമായി എടുക്കാറുമില്ല.
പുലർച്ചേ അമ്പലത്തിൽ നിന്ന് ഉള്ള രാമായണ പാരായണം കേട്ടുകൊണ്ട് ആ ദിവസത്തിനും തുടക്കം കുറിച്ചു. അയൽ വീടുകളിൽ നിന്നും ഒന്നൊന്നായി തെളിഞ്ഞു വന്ന വെട്ടവും അടക്കം പറച്ചിലും കേട്ട് മുറിയിൽ നിന്ന് അവൾ പുറത്തേക്കിറങ്ങി.
മക്കളും മരുമക്കളുമായി ഓരോ വീടുകളിലെയും അംഗസംഖ്യയും കൂടി കൂടി വന്നു കൊണ്ടിരുന്നു.കൂടി ചേരലിന്റെയും ഒത്തൊരുമയുടെയും നല്ലൊരു ദിനം എന്ന് വിളിച്ചറിയിക്കുന്ന രീതിയിലുള്ള കാഴ്ചകളായിരുന്നു ആ ചുറ്റുപാടുകളിൽ.
മൺമറഞ്ഞു പോയ പിതാമഹൻമാർക്ക് ഒരുരുള പിണ്ഡച്ചോർ നിവേദിക്കാനായി ധൃതികൂട്ടുന്ന മക്കളും മരുമക്കളും.
ബലിതർപ്പണത്തിന് മാത്രമായിട്ടെന്നോണം പ്രകൃതിയും കനിവു കാട്ടിയതാവാം. മഴ പാടേ വഴി മാറി. ആകാശം പതിയെ പതിയെ തെളിഞ്ഞു വന്നു.
അമ്മുവിന് എല്ലാം പുതുമ നിറഞ്ഞ കാഴ്ചകളായിരുന്നു. ഏറേ കൗതുകത്തോടെ അവളും ഓരോന്നും നിരിക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തു.
വിദേശത്ത് ജോലി ചെയ്യുന്ന അച്ഛനും അമ്മയും. കുഞ്ഞുനാളിലെ അവളെയും ആലോകത്തേക്ക് പറിച്ചുനടുകയായിരുന്നു. നാടും നാട്ടാരും അവൾക്ക് തികച്ചും അന്യമായിരുന്നു. തറവാട് വീട്ടിലെ ആ ദിനങ്ങൾ ഏറേ ആനന്ദകരമായി അവൾക്ക് തോന്നി.
ഈ സമയത്ത് തനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും സന്തോഷകരവും ഓഫീസ് തിരക്കുകളെ അപേക്ഷിച്ച് സമാധാനപരവുമായ ചുറ്റുപാടും വല്യമ്മയുടെ സ്നേഹവായ്പും കൂടി ആയപ്പോൾ ഒരു സ്വർഗം തന്നെയായി ആ വീട്.
ബാലു വിളിച്ചപ്പോഴോക്കെ തനിക്കിവിടം സ്വർഗമാണെന്ന് നൂറാവർത്തി പറഞ്ഞു കഴിഞ്ഞു. അതിൽ ബാലുവും സംതൃപ്തനായിരുന്നു. സ്നേഹനിർഭരമായ ആ ചുറ്റുപാടിൽ തന്നെ തന്റെ കുഞ്ഞ് പിറക്കട്ടെ എന്നവനും ഏറേ ആശിച്ചു.
ബലിതർപ്പണവും കഴിഞ്ഞ് സദ്യയ്ക്കുള്ള ഒരുക്കങ്ങൾ കൂട്ടുന്നതിനിടയിലാണ് ആയമ്മ അത് വഴി വന്നത്. ആയമ്മയെ കണ്ടപ്പോൾ തന്നെ ശാരദാപ്പച്ചി ഓടി വന്ന് സ്വീകരിച്ചിരുത്തി.
'അമ്മാളു അമ്മേ ഇന്നത്തെ ചോറ് ഇവിടുന്നാകാം'
ഇങ്ങനെ പറഞ്ഞ് ശാരദാപ്പച്ചി അടുക്കളയിലേക്ക് പോയി. സദ്യയുടെ ഒരുക്കങ്ങൾക്ക് തിടുക്കം കൂട്ടി.
പിന്നെ വല്യമ്മയും ആയമ്മയും തമ്മിലുള്ള സംഭാഷണത്തിന്റെ കെട്ടയിക്കുകയായിരുന്നു.
'മ്മളെ അമ്മൂട്ടിനെ കാണണം ന്ന് നീരിച്ചാ ഇങ്ങോട്ട് കേറിയെ'
'മാസം തേഞ്ഞു നിക്കണ കുഞ്ഞല്ലേ
കടിഞ്ഞൂകാരത്തിയാ ഒന്നും അങ്ങട് തിരുവാടില്ല'
'ഇടക്കിടെ വിളിച്ചോണ്ടിരിക്യാ.
ഇന്ന് കറുത്തവാവാ. നൊമ്പരം കിട്ടാനേതു ഒന്നും വേണ്ട.'
'ഇന്നത്തേടം കഴിഞ്ഞു കിട്ടട്ടേ'
'കറുത്ത പക്ഷവും പോരാഞ്ഞിട്ട് പൂയ്യം നക്ഷത്രവും.'
'വടക്കേലേ ശാന്ത രണ്ടാമത്തെ ചെക്കനെ പെറ്റത് പൂയ്യം നക്ഷത്രത്തിലാ.'
'കറുത്ത പക്ഷം
ചെക്കന് വയസ് മൂന്നായപ്പോ ചെക്കന്റ കാരണോർ വണ്ടി തട്ടി ചത്തേ.'
'ചെക്കൻ അരയോളം വണ്ണം ആയേര്യയാ അച്ഛനും ചത്തേ.'
'എന്ത് അന്ധവിശ്വാസാ അമ്മളു അമ്മേ ഇങ്ങളി പറയുന്നേ'
എന്ന് ശാസന കലർന്ന സ്വരത്തിൽ വല്യമ്മ പറഞ്ഞെങ്കിലും ആശയുടെയും ആനന്ദത്തിന്റെയും പൂത്തിരി കത്തികൊണ്ടിരുന്ന കണ്ണുകളിൽ വിഷാദത്തിന്റെ കാളിമ പടരുന്നത് അവളറിഞ്ഞു.
അമ്മാളു അമ്മ എന്നായിരുന്നു അവരുടെ പേര്.നാട്ടിലെ എന്തൊരു ആഘോഷമായാലും ആയമ്മയുടെ അഭിപ്രായത്തിനായിരുന്നു മുൻതൂക്കം.
ആ നാടിന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്ക് ചേരുകയും പരോപകാരിയും ആയിരുന്നു ആയമ്മ.
സ്നേഹത്തോടെയും വാത്സല്യത്തോടെയും പരിസരവാസികൾ വിളിച്ചിരുന്നത് ആയമ്മ എന്നായിരുന്നു. ആ വിളിയിൽ സന്തോഷവതിയായിരുന്നു ആയമ്മ.
പണ്ടേങ്ങോ ആ നാട്ടിൽ ജോലി തേടി വന്നതായിരുന്നു രാമുണ്ണി.കൂടെ ഭാര്യയും ഒരു മോനും. ഒരു കൊച്ചു വീട് വാങ്ങി അവർ ആ വീട്ടിൽ താമസിച്ചു പോന്നു. മകൻ വളർന്ന് ജോലി തേടി വിദേശത്തേക്ക് പോയി. വിവാഹവും കഴിച്ച് കുടുംബത്തോടൊപ്പം താമസിക്കുന്നു. വർഷത്തിൽ വിരുന്നു വരുന്ന അഥിതി മാത്രമായിരുന്നു മോനും കുടുംബവും.
കാലങ്ങൾക്ക് ശേഷം രാമുണ്ണിയും മറ്റൊരു ലോകത്തേക്ക് യാത്രയായപ്പോൾ തനിച്ചായി പോയ ആയമ്മ ചുറ്റുപാടുള്ള വീടുകളിൽ തന്നാലാവുന്ന വിധം സഹായങ്ങളൊക്കെ ചെയ്തു വന്നു. ആ നാട്ടിലെ ഏത് വീട്ടിൽ ആയാലും ആയമ്മയ്ക്കുള്ള ഭക്ഷണം എന്നും കരുതിയിരിക്കും.
അത്യാവശ്യ വേളകളിൽ പരിസരവാസികൾക്ക് ഒത്ത് കൂട്ടുപോകാനും ജോലിക്ക് പോകുന്നവർ ഏൽപിച്ച് പോകുന്ന കുഞ്ഞുങ്ങളെ സ്നേഹത്തോടെയും ലാളനയോടെയും പരിപാലിച്ചും ഒറ്റപെടലിന്റെ നോവു പോലും അറിയാതെ ആ നാടിന്റെ ആയമ്മയായി അവർ കഴിഞ്ഞു.
സമൂഹത്തിലെ മുതിർന്ന സ്ത്രിയും അനുഭവസ്ഥയും ആയത് കൊണ്ട് ആ യമ്മയുടെ വാക്കുകൾക്ക് കുറച്ചൊന്നുമല്ല വില കൽപ്പിച്ചിരുന്നത്. ആയമ്മയുടെ കണക്ക് കൂട്ടലുകളൊന്നും ഒരിക്കലും പിഴക്കാറുമില്ല.
ശാരദാപ്പച്ചിയും വല്യമ്മയും മുഖാമുഖം നോക്കുന്നതും ആ മുഖങ്ങളിൽ ഭീതി പടരുന്നതും കണ്ട ആയമ്മ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു.
'എല്ലാം ജോഗം പോലങ്ങ് നടക്കും.
കാവിലമ്മക്ക് ദീപം നെറത്താൻ ഞാനങ്ങ് നേർന്നിന്.'
'ഇന്നങ്ങ് കഴിഞ്ഞ് മൊടക്കോംന്നും ഇല്ലാതെ ന്റെ അമ്മൂട്ടിന്റെ കൊടലൊഴിഞ്ഞാമതിയാർന്നു .'
ആയമ്മയുടെ പ്രാർത്ഥന പോലെ ആ ദിവസവും കടന്ന് പിറ്റേന്നാൾ അമ്മൂട്ടി ഒരാൺകുഞ്ഞിന് ജന്മം നൽകി.
ബേബിസബിന

മാനസം

Image may contain: 1 person, outdoor
---------------
മുഖപുസ്തകത്തിലെ തിരച്ചിലിനൊടുവിലാണ് ഒരു കാലത്ത് അവളുടെ മനസിന്റെ ആഴങ്ങളിൽ അഗാതത്തിൽ സ്പർശിച്ച ആ മുഖം വീണ്ടും കാണാനിടയായത്.
നാളുകളേറേയും തിരഞ്ഞു നടന്നെങ്കിലും അന്നാണ് ആ തേടിയ വള്ളി വന്ന് കാലിൽ തന്നെ ചുറ്റിയത്.ഇടവിട്ടിടവിട്ട് മിന്നി മാഞ്ഞു കൊണ്ടിരിക്കുന്ന ആ പച്ച വെളിച്ചം മാളുവിനെ തെല്ലൊന്ന് ആശ്ചര്യപെടുത്തി.
കാലത്തിന്റെ പ്രളയത്തിനനുസരിച്ച് മാറ്റങ്ങൾ ഓരോന്നും വന്നു കൊണ്ടേയിരുന്നു.പക്ഷെ സച്ചുവിന് എടുത്ത് പറയത്തക്ക മാറ്റങ്ങളൊന്നും ഉണ്ടായില്ല. മെലിഞ്ഞ ശരീരത്തിന് കുറച്ചൊരു തടി വച്ചതല്ലാതെ പഴയ രൂപത്തിനോ ഭാവത്തിനോ ഒന്നും മാറ്റമുണ്ടായില്ല.
എന്നെങ്കിലുമൊരിക്കൽ വീണ്ടും കാണുവാൻ ഉള്ള മനസിന്റെ വെമ്പൽ കൊണ്ടാവണം തിരക്കേറിയ ആ വഴിത്താരയിൽ അങ്ങനൊരു നിമിഷം വന്ന് ചേർന്നപ്പോൾ കൊഴിഞ്ഞു പോയ ആ വസന്തകാലത്തിന്റെ ഓർമ്മയിലേക്ക് മനസുകൊണ്ട് അവളു യാത്രയായത്.
ഓർമ്മകൾ ഓരോന്നും ചികഞ്ഞെടുത്തത് കൊണ്ടായിരിക്കാം സുന്ദരമായ അവളുടെ മിഴികളിൽ നിന്ന് ചെമ്പനിനീർ പൂവിൽ തൂമഞ്ഞുകണം കണക്കേ നീർതുള്ളികൾ നല്ല ചെമപ്പ് രാശി കലർന്ന കവിൾത്തടത്തിലൂടെ ഒലിച്ചിറങ്ങിയത്.
മാളു ആദ്യമായിട്ടായിരുന്നു ആ ഗ്രാമത്തിലെത്തിയത്.തികച്ചും യാദൃച്ഛികമായിട്ടായിരുന്നു അവളുടെ താമസമാറ്റം.നഗരത്തിൽ ജനിച്ചു വളർന്ന അവളിൽ ആ ഗ്രാമം കുറച്ചൊന്നുമല്ല മാറ്റങ്ങൾ ഉണ്ടാക്കിയത്.നഗരത്തിലെ കോലാഹലങ്ങളോ വലിയ വലിയ കെട്ടിടങ്ങളോ ഫാക്ടറികളോ ഒന്നുമില്ലാത്ത എന്തിന് ബസ്സ് റൂട്ട് പോലും വളരെ ചുരുക്കമായിരുന്നു .മണിക്കൂറുകൾ ഇടവിട്ട് കടന്ന് പോകുന്ന ഒന്നോ രണ്ടോ ബസ്സുകൾ മാത്രം. പച്ച വിരിച്ച വയലുകളും പുഴകളും തോടുകളും തിങ്ങി നിറഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങളും ആ ഗ്രാമത്തിനെ മനോഹാരിതയാക്കി.
നാട്ടുവഴികളും നടപ്പാതകളും ആരേയും ആകർഷിക്കും വിധേനയുള്ള ഗ്രാമത്തിന്റെ മനോഹാരിതയും മാളുവിന് ഒരുപാട് ഇഷ്ടമായി.
കുറച്ചകലെയുള്ള നഗരത്തിൽ തലയുയർത്തി നിൽക്കുന്ന വിശാലമായ സ്കൂളിലേക്കുള്ള യാത്രയിൽ ബസ്സ് കയറനായി റോഡിൽ എത്തണമെങ്കിൽ നാട്ടുവഴികളിലൂടെ ഒത്തിരി നടക്കണം. വഴിയോര കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അന്നും അവൾ നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ എത്തി. ആദ്യം വന്ന ബസ്സിൽ കയറി മുന്നിലെ സീറ്റിൽ തന്നെയിരുന്നു. കണ്ടക്ടർ ഓരോരുത്തരോടായി പൈസ വാങ്ങുന്ന തിരക്കിലുമായി.
പൈസ കൊടുക്കാനായി കണ്ടക്ടറെ നോക്കുമ്പോഴോക്കെ അരികിൽ പോലും വരാതെ മറ്റാരുടെയോക്കെ പൈസയും വാങ്ങി മാറി നിന്നു.
''കുട്ടിയുടെ ടിക്കറ്റ് മുറിച്ചിട്ടുണ്ട്''
ഇങ്ങനെ പറഞ്ഞ് കണ്ടക്ടർ വീണ്ടും പിറകിലോട്ട് തന്നെ പോയി.
തന്റെ കൂടെ ആരും വന്നില്ലല്ലോ
പിന്നെ എങ്ങനെ ടിക്കറ്റ് മുറിക്കുന്നത്
കണ്ടക്ടർക്ക് ആളു തെറ്റിയത് ആകുമോ
അമ്പരപ്പോടെ അവളുടെ മിഴികൾ യാത്രക്കൂലി കൊടുത്ത ആളിനെ തിരഞ്ഞു.
ടൗണിൽ ജോലിക്ക് പോകുന്നവരുടെയും അധ്യാപകന്മാരുടെയും വിദ്യാർത്ഥികളുടെയും വലിയൊരു പട തന്നെയായിട്ട് ബസ്സിൽ കാല് കുത്താൻ പോലും ഒരിടം ബാക്കി ഉണ്ടായിരുന്നില്ല.
ബസ്സ് ഓരോ സ്റ്റോപ്പിൽ നിറുത്തുമ്പോഴും തന്റെ യാത്രാക്കൂലി കൊടുത്ത ആളിനെ അവൾ തിരഞ്ഞു കൊണ്ടിരുന്നു. തൊട്ടടുത്ത ഒരു ഗ്രാമത്തിൽ എത്തിയപ്പോൾ ബസ്സിലെ മുക്കാൽ ഭാഗം യാത്രക്കാരും അവിടെ ഇറങ്ങി.ഇറങ്ങിയവരുടെ കൂട്ടത്തിൽ ഒരു പുഞ്ചിരിക്കുന്ന മുഖം അവളുടെ ശ്രദ്ധയിൽ പെട്ടു. ആ മുഖഭാവത്തിൽ നിന്ന് തന്നെ ആളിനെ തിരിച്ചറിയാൻ അവൾക്ക് കഴിഞ്ഞു.
പിന്നീട് ഉള്ള നാളുകളിൽ മാളു അവനെ ശ്രദ്ധിച്ചു തുടങ്ങി. വഴിയോരത്ത് വച്ച് ദിവസവും മാളുവും സച്ചുവും കണ്ടുമുട്ടി. മുഖത്ത് വിരിയുന്ന നിറഞ്ഞ പുഞ്ചിരിയിൽ മാത്രമൊതുങ്ങി അവരുടെ ബന്ധം.ആ പുഞ്ചിരിയിൽ പറയാതെ പറഞ്ഞിരുന്നു ഒത്തിരി ഒത്തിരി കാര്യങ്ങൾ.അവൾ പോലുമറിയാതെ ആ മനസിൽ പ്രണയം മൊട്ടിട്ടു.
തന്റെ കൗമാര സ്വപ്നങ്ങൾക്ക് ചിറക് മുളച്ച് തുടങ്ങിയ കാലം കൊച്ചു കൊച്ചു മോഹങ്ങൾ അവൾ നെയ്തുകൂട്ടി. സച്ചു ആയിരുന്നു അതിന് അവളെ പ്രാപ്തയാക്കിയത്. ഹൃദയത്തിൽ സ്വപ്നങ്ങളാൽ ഒരു കൊട്ടാരം തന്നെ അവൾ തീർത്തു.തികച്ചും സുന്ദരമായ നാളുകളിലൂടെ അവർ കടന്നു പോയി.
കാലം തീർത്ത ഒരു നാടകത്തിന്റെ തിരശ്ശീലയെന്നോളം പെട്ടെന്ന് ഒരു നാൾ സച്ചുവിന്റെ പ്രതികരണം തികച്ചുമൊരു മൗനത്തിലൊതുങ്ങിയപ്പോൾ ഹൃദയത്തിൽ താൻ നിർമ്മിച്ച ആ കൊട്ടാരം തകർന്നു വീഴുന്നത് പൂർണ്ണമായും അറിയുവാൻ അവൾക്ക് കഴിഞ്ഞു.
ആ വഴിയോര യാത്ര പോലും അവൾ ഉപേക്ഷിച്ചു.നാട്ടുവഴികളും ആ ഗ്രാമവും എല്ലാം അവൾക്ക് അന്യമായ്. പക്ഷെ പിന്നിട്ട വഴിയോരങ്ങളിൽ നിന്ന് മനസ്സിന്റെ താളുകളിൽ നിറച്ചെഴുതിയ വരികളും വർണ്ണചിത്രങ്ങളും മായാതെ അവരുടെ മനസ്സിൽ സൂക്ഷിച്ചിരുന്നു.അത് കൊണ്ടാവാം വീണ്ടുമൊരു ഒത്തുചേരലിന് ആ മനസ്സുകൾ കൊതിച്ചത്.
ബേബിസബിന

യാത്രമൊഴി

Image may contain: 1 person, outdoor


---------------------
രാവേറേ ചെന്നിട്ടും അവൾക്ക് ഒരു പോള കണ്ണടക്കാനായില്ല. തിരച്ചലും മറിച്ചലുമായി നേരം കൂട്ടി.
അവന്റെ സാമീപ്യത്തിനായി അവളുടെ മനം ഒത്തിരി കൊതിച്ചിരുന്നു. ഒറ്റപെട്ടു പോയവരുടെ നോവ് അവളും അനുഭവിച്ചറിയുകയായിരുന്നു.അത് അവളെ കുറച്ചൊന്നുമല്ല തളർത്തിയത്.
പുറത്ത് ഇടവപാതി ആർത്തു തിമർക്കുകയാണ്. ചുറ്റുമുള്ള വീടുകളിലെ വെളിച്ചം ഒന്നൊന്നായി അണഞ്ഞു കൊണ്ടേയിരുന്നു ഇരുൾ മൂടിയ ആ നീണ്ട വഴിയോരത്തേക്ക് കണ്ണുംനട്ട് അവൾ ഉമ്മറ കോലയിൽ വന്നിരുന്നു. മനസ്സിൽ തളം കെട്ടിയ നൊമ്പരം നീർച്ചാലുകളായി മിഴികളിലൂടെ ഒലിച്ചിറങ്ങി.
ഒരു പിടി അന്നം കഴിച്ചിട്ട് ദിവസങ്ങളായെങ്കിലും വിശപ്പോ ദാഹമോ ഒന്നും അവളറിഞ്ഞതേയില്ല കുറച്ച് ദിവസങ്ങൾക്ക് മുന്നേവരെ എത്ര സന്തോഷത്തിൽ കഴിഞ്ഞിരുന്നതായിരുന്നു. താൻ വന്നു കയറിയ അന്നു മുതൽ കാണുന്നതാ സ്നേഹമുള്ള അമ്മയെയും അവരുടെ വാത്സല്യനിധികളായ മക്കളെയും. ആ സ്നേഹത്തിന്റെ പങ്ക് അനുഭവിക്കാൻ കഴിഞ്ഞതിൽ അവളും സന്തോഷവതിയായിരുന്നു.
തന്റെ കൂട്ടുകാർക്ക് അവരുടെ വീടുകളിൽ നിന്ന് കിട്ടാത്തത്രേയും സ്നേഹവും, ലാളനയും, സ്വാതന്ത്യവും കിട്ടിയപ്പോൾ തെല്ലൊരു അഹാങ്കാരവും ഗമയും അവളിലുണ്ടായി.
അന്തിചുവപ്പാർന്ന തെരുവോരങ്ങളിൽ മുഴങ്ങി കേൾക്കുന്ന ആർത്തനാദത്തിന് ശേഷം മൗനത്തിലേക്ക് വഴുതി വിഴുന്ന രാവുകളിൽ അമ്മയൊടൊത്ത് ഉമ്മറ കോലായിൽ കിച്ചുവിനെ കാത്തിരിക്കുന്നത് ഒരു പതിവായിരുന്നു. ഏറേ വൈകുമ്പോൾ അമ്മയുടെ ആധിയും കൂടി കൊണ്ടിരുന്നു.
'എന്റെ ജൂലി ഈ കിച്ചു ഇതെവിടെയാ പോയി കിടക്കുന്നേ ഈ പാതിരാത്രി വരെ.'
ആപത്തൊന്നും വരുത്താതെ എന്റെ മോനേ ഇങ്ങേത്തിച്ചേക്കണേ.
അമ്മയുടെ പരിഭവങ്ങൾ ജൂലിയെയും നോവിച്ചിരുന്നു. ഏത് പാതിരാത്രിയായലും കിച്ചു വന്നാൽ വയറു നിറയെ ആഹാരം കഴിച്ചതിന് ശേഷം അവൾക്കായി ബാക്കിയാക്കുന്ന ആഹാരം കഴിക്കുന്നതിൽ അവൾക്കേറേ സന്തോഷമായിരുന്നു.
വൈകി വന്ന നാളുകളിൽ അമ്മയുടെ പരാതികൾക്കും പരിഭവങ്ങൾക്കുമൊപ്പം അവളുടെ മുഖഭാവങ്ങളിലും മൂകത പടർന്നിരുന്നു.
കിച്ചുവേ നീയെന്താ വിചാരിക്കുന്നേ നിനക്ക് കുറച്ച് നേരത്തേ പുരയിൽ അടങ്ങിയാലെന്താ
ഈ തണുപ്പിനും കോരിച്ചൊരിയുന്ന മഴയത്തും ഇങ്ങനെ കാവലിരിക്കാനൊന്നും ഇനിക്കിനി ആവില്ല. ഈ വയ്യാത്ത ഞാനിങ്ങനെ നിക്കുന്നത് നിനക്ക് വല്ലോർമ്മയുണ്ടോ
അമ്മയുടെ പരാതികൾ കേൾക്കാനും ഒരു സുഖമുണ്ടായിരുന്നു
അമ്മയുടെ പ്രാർത്ഥനയും സ്നേഹവും കൂടെ ഉള്ളപോൾ കിച്ചുന് എന്താപത്ത് സംഭവിക്കാനാ എത്ര വൈകിയാലും അമ്മയുടെ മോൻ ഇങ്ങേത്തൂലേ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചാൽ തീർന്നു അമ്മയുടെ പരിഭവം.
പക്ഷെ അവളിൽ നിറഞ്ഞിരുന്ന ആ മൂകതയ്ക്ക് വലിയ മാററമൊന്നും ഉണ്ടായില്ല. പുഞ്ചിരിയോടെ അവളെ സമീപിച്ചപ്പോൾ മുഖം തരാതെ മാറി നിന്നു. അരികിലേക്ക് ചേർന്ന് നിന്നപോൾ അവൾ നീങ്ങി നിന്നു.അവളുടെ മൃദുല മേനിയിൽ തൊട്ട് തലോടിയപ്പോൾ ഇക്കിളി കൊണ്ട് പുളഞ്ഞു. എല്ലാ പരിഭവും മറന്ന് വലാട്ടി കൊണ്ടവൾ എന്നോട് ചേർന്ന് നിന്നു.
അമ്മ വിളമ്പി തന്ന് സ്നേഹത്തോടെ ഊട്ടുമ്പോൾ ഏറേ കൊതിയോടെ ഊണു മേശയ്ക്കരികിൽ ജൂലിയും അവൾക്കായി ബാക്കിയാക്കുന്ന അത്തായത്തിനായ് കാത്തിരുന്നു. അതിന്ശേഷം അവളെ കിടപ്പറയിലേക്ക് ആനയിച്ച ശേഷം അവനും നിദ്രയുടെ ലോകത്തേക്ക്.. അതായിരുന്നു പതിവുകൾ.
ഒട്ടും പ്രതീക്ഷിരിക്കാത്ത ആ നാളിലായിരുന്നു അമ്മയുടെ വേർപാട്. അന്നു മുതൽ ജൂലിയുമായുള്ള അടുപ്പത്തിന്റെ ദൂരം ഒത്തിരി കുറഞ്ഞു വന്നു. അവന് അവളും അവൾക്ക് അവനും മാത്രമായിരുന്നു കൂട്ട്.
പതിയെ പതിയെ വേർപാടിന്റെ നോവ് മാഞ്ഞു തുടങ്ങി.
കിച്ചു പോകുന്ന വഴികളിലെല്ലാം രക്ഷകനായി അവളും അവനു മുന്നേ നടന്നു നീങ്ങി. ആ യാത്രകളിൽ അവൾ ഏറേ സന്തോഷിച്ചിരുന്നു.
പക്ഷെ അന്നെന്ത് കൊണ്ടോ ജൂലിയെ കൂട്ടി പോകാൻ അവൻ മടിച്ചിരുന്നു.പുറത്ത് പോകാനായി ഒരുങ്ങി നിന്ന കിച്ചുവിനെ നോക്കി അവൾ മോങ്ങി മോങ്ങി കൊണ്ടിരുന്നു. അവളെ തനിച്ചാക്കി പോകുന്നതിന്റെ പിണക്കത്തിലായിരിക്കും എന്നവൻ വിചാരിച്ചു. പല വിധേനയും ആ യാത്രയിൽ തടസം ഉണ്ടാക്കാൻ അവൾ ശ്രമിച്ചു കൊണ്ടേയിരുന്നു.
അവളെ ആശ്വാസിപ്പിക്കാനും പിണക്കം മാറ്റാനും യാത്ര പറഞ്ഞിങ്ങിയ കിച്ചുവിന് മടങ്ങി വരേണ്ടി വന്നു. അവൻ മടങ്ങി വന്നപ്പോൾ മിണ്ടാതിരുന്ന ജൂലി അവൻ പോകാൻ തുടങ്ങുന്നത് കണ്ടപ്പോൾ വീണ്ടും വീണ്ടും മോങ്ങി കൊണ്ടേയിരുന്നു.
അന്നത്തെ യാത്ര മാറ്റി വെക്കാൻ അവനായില്ല. ജൂലിയുടെ വികാരങ്ങൾ എന്ത് കൊണ്ടോ അവൻ തിരിച്ചറിഞ്ഞില്ല. താൻ ഒത്തിരി സ്നേഹിച്ചിരുന്ന കിച്ചുവിന്റെ യാത്രയിൽ പതിയിരിക്കുന്ന ആപത്തിനെ മണത്തറിഞ്ഞത് കൊണ്ടാവണം ഏറേ വേദനയോടെയാണ് അന്നവനെ യാത്ര യാക്കിയത്.
യാത്ര പോയി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ദേശത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ ആ ദുരന്തവാർത്തയ്ക്ക് അവളും സാക്ഷിയായി. അവൻ എന്നേന്നേക്കുമായി ഈ ലോകത്തോട് വിട പറഞ്ഞു.
അവസാന യാത്ര അതിന് തടസം നിക്കാൻ ജൂലിക്കെന്നല്ല ഒരു ശക്തിക്കും ആവില്ല.
ബേബിസബിന

ന്യൂജനറേഷൻ

Image may contain: 2 people, closeup
-------------------------
രാവിലത്തെ ജോലി തിരക്കുകൾ കഴിഞ്ഞ് ഉമ്മറത്ത് പത്രവായനയിൽ മതിമറന്നിരിക്കുന്ന സമയത്താണ് ആ കരച്ചിൽ എന്റെ കാതിലും മുഴങ്ങിയത്. വായനയിൽ നിന്ന് മുഖം തിരിച്ച് ഒരിക്കൽക്കൂടി ചെവി ഓർത്തുകൊണ്ട് അല്പനേരം ചുറ്റിലും നോക്കി.വെറും തോന്നലായിരിക്കുമെന്ന് കരുതി വീണ്ടും വായിക്കാനൊരുങ്ങിയ അവസരത്തിലാണ് കരച്ചിലിന്റെ ശക്തി കൂടി വരുന്നതായി വീണ്ടും വീണ്ടും കേട്ടത്.
ഒരാളിൽ നിന്ന് തുടങ്ങിയ കരച്ചിൽ മറ്റുള്ളവരിലേക്ക് വ്യാപിച്ചപ്പോൾ ഒരു കൂട്ടനിലവിളി തന്നെയായിരുന്നു.പിന്നെ ഞാനൊന്നും നോക്കിയില്ല. പത്രവും ചാടി നിലവിളി കേട്ട ഭാഗത്തേക്ക് ഓടി.വീടിന്റെ കിഴക്ക് ഭാഗത്ത് പുതിയ താമസക്കാരുടെ വീട്ടിൽ നിന്നായിരുന്നു ആ നിലവിളി ഉയർന്നത്. വേഗം സംഭവസ്ഥലത്തേക്ക് പ്രവേശിക്കാമെന്ന് വിചാരിച്ചലത് ഒട്ടു കഴിയുന്നുമില്ല.
ചുറ്റിലും ജയിലു പോലെ ഉയരത്തിൽ കെട്ടിവച്ചിരിക്കുന്ന മതിലല്ലേ. ഗേറ്റുകടന്നു പോകണമെന്ന് വച്ചാൽ റോഡിലൂടെ കുറച്ച് ചുറ്റണം. ഒരു വിധം സാഹസപെട്ട് മതിലും ചാടി വീട്ടുമുറ്റത്തെത്തി. ഒറ്റ നോട്ടത്തിൽ എനിക്ക് ഒന്നും മനസ്സിലായില്ല. ആ പ്രദേശം മുഴുവൻ കേൾക്കുമാറുച്ചത്തിലുള്ള നിലവിളി കേട്ടിട്ടായിരിക്കാം ഒരു പ്രദേശം മുഴുവൻ ഓടിയെത്തിയിട്ടുമുണ്ട്.
വന്നവർ വന്നവർ കാര്യമെന്തെന്ന് തിരക്കുന്നുണ്ടെങ്കിലും കൂട്ടക്കരച്ചിലിനിടയിൽ ആരും വ്യക്തമായി ഒന്നും പറയുന്നുമില്ല. അപ്പോഴാണ് ആ വീട്ടിലെ മൂത്ത സന്തതി ആൾക്കൂട്ടത്തിനിടയിലേക്ക് കടന്നുവന്നത്.കൂട്ടക്കരച്ചിൽ നടത്തിയ സ്ത്രികളോടായി ഇങ്ങനെ പറയുന്നുമുണ്ട്.
'' ഒന്ന് മിണ്ടാതിരിക്ക്വാ, ആവശ്യമില്ലാത്ത കാര്യത്തിന് ഒച്ചവച്ച് ആൾക്കാരേ കൂട്ടിരിക്കുന്നു.''
കലി കയറിയ അവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട് ഒപ്പം വന്നവരെയൊക്കെ എന്തൊക്കെയോ പറഞ്ഞ് തിരിച്ചയക്കുന്നുമുണ്ട്.
കാറ്റും, വെളിച്ചവും, വെയിലും, മഴയും ഒന്നും കൊള്ളാതെ കൂട്ടിലടച്ചിട്ട പക്ഷിയെ പോലെ ആ വീടിന്റെ അകത്തളങ്ങളിൽ കഴിഞ്ഞിരുന്ന ഇളയ സന്തതി ഇന്ന് പുറത്തേക്ക് ഇറങ്ങി. പൂന്തോട്ടം വൃത്തിയാക്കാൻ വന്ന ചേച്ചിക്ക് ഉപദേശ നിർദേശങ്ങൾ കൊടുക്കുന്നതിനിടയിൽ കുറച്ച് സമയം വെയിലും കൊണ്ടു.
ഒരു മണിക്കൂർ തികച്ചായില്ല പുള്ളിക്കാരത്തിയൊന്ന് തല കറങ്ങി വീണു.ജോലിക്കാരി ചേച്ചിക്ക് താങ്ങി എഴുന്നേൽപ്പിക്കാനാവാതെ വന്നപ്പോൾ അകത്ത് അമ്മയെ വിളിച്ചതാ.
ന്റെ മോൾക്ക് ഇതെന്തു പറ്റിയെന്ന് പറഞ്ഞ് കരച്ചിലും. അമ്മക്ക് പിന്നാലെ വീട്ടിനുള്ളിൽ നിന്ന് പുറത്ത് ഇറങ്ങി വന്നവരും കരച്ചിലോടു കരച്ചിൽ അങ്ങനൊരു കൂട്ട നിലവിളിയായി.
മുഖവും കഴുകിച്ച് വെള്ളവും കുടിപ്പിച്ച് തലകറങ്ങിയവർ ഓക്കേ ആയിട്ടും ജനപ്രവാഹത്തിന് കുറവൊന്നും ഉണ്ടായില്ല. ഒടുവിൽ വന്നവരൊക്കെ പൂന്തോട്ടവും കണ്ട് മടങ്ങിപ്പോയി. അപ്പോളാണ് മതിലു ചാടി കയറിയപ്പോൾ കാല് ഉരഞ്ഞ് പൊട്ടിയത് എന്റെ ശ്രദ്ധയിലും പെട്ടത്.പത്രവായനയും മുടങ്ങി കാലും പൊട്ടിയത് മിച്ചം.
വീടിനകത്തിരുന്ന് ഉപകരണങ്ങളിൽ ജോലിയും ചെയ്ത്, ചുറ്റുമതിലുണ്ടായിട്ട് പോലും പുറം ലോകം കാണാൻ മടിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ(ന്യൂജനറേഷന്റെ) ദയനീയമായ അവസ്ഥകൾ ഇങ്ങനെയുമാകാം.
ബേബിസബിന

അവധിക്കാലം

Image may contain: 2 people, closeup
- - - - - - - - - - - - - - -
പതിവിലും നേരത്തെ ഉറക്കമുണർന്ന് ''അമ്മേ ഒന്നിങ്ങോട്ടു വര്വോ ''എന്ന ദർശൂട്ടന്റെ വിളി കേട്ട് അടുക്കളയിൽ പാത്രങ്ങൾ കഴുകി കൊണ്ടിരുന്ന ഞാൻ കിടപ്പു മുറിയിലേക്കോടി. കടുപ്പിച്ചുള്ള ആ വിളി കേട്ടപ്പോൾ തന്നെ എന്തോ ഒരു പന്തിക്കേട് തോന്നിയെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ബെഡിനരികിലെത്തിയ എന്നെ കൈ പിടിച്ച് ഇരുത്തി. അവധിക്കാലം ആയത് കൊണ്ട് തന്നെ നേരത്തെ വിളിച്ചുണർത്തുന്ന പതിവില്ലായിരുന്നു.
''എന്താ മോനൂ ഇന്ന് നേരത്തെ'' എന്ന് ചോദിച്ചപ്പോൾ ഉത്തരം തരാതെ അവന്റെ ചോദ്യങ്ങളുടെ കെട്ടയിച്ചു.അമ്മക്ക് ഇന്നും പോകണോ ആദ്യം അവനറിയേട്ടത് അതായിരുന്നു. അതേ മോനേ എന്ന് പറഞ്ഞപ്പോളേക്കും അവന്റെ മട്ടും ഭാവവും മാറി.
സ്കൂൾ പൂട്ടിയത് കൊണ്ട് ഞാമ്പോനില്ലല്ലോ അച്ഛാ.പിന്നെന്തിനാ അമ്മ പോകുന്നേ അവിടെ കുട്ട്യോളൊന്നും വരില്ലല്ലോ അമ്മയോടും പോകണ്ടന്ന് പറയ്യോ. അല്ലെങ്കിൽ എനിക്കും പോണം.
മോനേ അമ്മക്ക് കോഴ്സാണ് പോകാതിരിക്കാൻ പറ്റില്ല. സ്കൂൾ തുറന്നാൽ മോനേയും അതേപോലുള്ള മറ്റ് കുട്ടികളെയും പഠിപ്പിക്കാൻ ടീച്ചർമാർക്കും പരിശീലനം നൽകും.കോഴ്സിന് പോയി പഠിച്ചാലേ സ്കൂൾ തുറന്നാൽ കുട്ടികളെയും അതേപോലെ പഠിപ്പിക്കാൻ പറ്റൂള്ളൂ. മോനേ കൂട്ടാൻ പറ്റാത്തത് കൊണ്ടല്ലേ. കോഴ്സിന് പോകുമ്പോൾ ആരും കുട്ടികളെയൊന്നും കൂട്ടില്ല. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അവന്റെ പരിഭവത്തിന് കുറവൊന്നും ഉണ്ടായില്ല.
ആന്റിയുടെ വീട്ടിൽ മാളു ഏച്ചിയുടെയും ഏട്ടന്റെയും കൂടെ കളിക്കാലോ മോന്. വൈകുന്നേരം അമ്മ വന്നാൽ നമുക്ക് പുറത്ത് എവിടെങ്കിലും പോകാലോ. അതിനൊന്നും ചെവി കൊടുക്കാതെ അവൻ പരാതികൾ പറഞ്ഞു.അമ്മ പോയാൽ ഏട്ടൻ പേടിപ്പിക്കും. മാളു ഏച്ചി മിണ്ടൂല.അങ്ങനെ അങ്ങനെ ഓരോ പരാതികളും പരിഭവങ്ങളും നിരത്തി.അതോണ്ട് എനിക്ക് അച്ഛാച്ചന്റെ വീട്ടിൽ പോയാമതി.
ഓഹ്.അപ്പോ അച്ഛാച്ചന്റെ വീട്ടിൽ പോകാനുള്ള അവന്റെ ഐഡിയ ആണെന്ന് എനിക്ക് മനസ്സിലായെങ്കിലും ഞാൻ പുറമേ കാണിച്ചില്ല. എന്തായാലും അച്ഛാച്ചന്റെയും, അച്ഛമ്മയുടെയും കൊഞ്ചിക്കലും ലാളനയും ഒന്നും ആന്റിയുടെ വീട്ടിന്ന് കിട്ടില്ലല്ലോ.എനിക്ക് മുന്നെ തന്നെ അവൻ റെഡിയായി.അച്ഛനവന അച്ഛാച്ചന്റെ വീട്ടിലും കൊണ്ടു വിട്ടു. അനിയൻ പോയതോടെ ഏട്ടനും ഒരു ചാട്ടം,അവനും പോയി.
പിള്ളേര് പോയതോടെ വീടും ഉറങ്ങി.ശങ്കും മങ്കും തനിച്ചായി.കോഴ്സും കഴിഞ്ഞു ദിവസങ്ങളുമായി. ഇങ്ങോട്ട് വരണമെന്ന ചിന്തയെ പിള്ളേർക്കില്ല. അവിടെ നിക്കട്ടെന്ന് ഞാനും കരുതി. എന്തായാലും അവധിക്കാലമല്ലേ പേരക്കിടാങ്ങളെ സ്നേഹിക്കാനും ലാളിക്കാനും അവർക്കും ആഗ്രഹമുണ്ടാവില്ലേ. പിള്ളേരുടെയും സന്തോഷമല്ലേ വലുത്.അവരും അവധിക്കാലം ആഘോഷിക്കട്ടെ.
മക്കളിൽ പ്രതീക്ഷ വെക്കരുത്. ആൺ പിള്ളേരാണ്. ജോലിയൊക്കെയായി പലസ്ഥലങ്ങളിൽ കഴിയേണ്ടവരാണ്. എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഉണ്ടാവുള്ളൂ. അതിന്റ ആദ്യ പരിശീലനാന്ന് കൂട്ടിക്കോ എന്ന് വീട്ടുകാരന്റെ വകയൊരു കമന്റും.
ബേബിസബിന

ജൂബിയുടെ നോവ്


ജൂബിയുടെ നോവ്
---------------------------------
ജൂബി ഇന്നും കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അയൽ വീടുകളിലെ പിള്ളേരുടെ കളിയാക്കൽ ഈയിടെയായ് കുറച്ച് കൂടുതലാണ്.ഇറയത്തെ കസേരയിൽ പുസ്തകവും വലിച്ചെറിഞ്ഞ് കരച്ചിലിന്റെ ഒച്ച കൂട്ടി. തൊടിയിൽ നട്ടിരിക്കുന്ന പച്ചക്കറിക്ക് വെള്ളം കോരുകയായിരുന്ന ജാനു അമ്മ ഓടി വന്നു .അമ്മയെ കണ്ടതും കെട്ടിപിടിച്ചു കരഞ്ഞു പതിവ് പരാതികൾ നിരത്തി.
കൂട്ടുകാരിയായ അമ്മുവിനെ അവളുടെ അമ്മയാണ് സ്കൂളിൽ കൊണ്ടുവിടുന്നതും കൂട്ടുന്നതും. അമ്മയേയും അച്ഛനേയും കുറിച്ച് പറയാൻ എല്ലാവർക്കും നൂറ്നാവാണ്. തനിക്ക് അച്ഛനില്ല. കാണാൻ രസമില്ലാത്ത വയസ്സായ അമ്മയാണ് എന്ന് പറഞ്ഞ് കൂട്ടുകാരികൾ കളിയാക്കുകയാണ്. ആ കളിയാക്കൽ എന്നും ഒരു നോവായിരുന്നു. ഓർമ്മ വച്ച നാളുമുതൽ ജാനു അമ്മയാണ് എല്ലാം. അമ്മ എന്ന് വിളിച്ചതും അവരെ തന്നെയായിരുന്നു. വിശന്ന് കരയുമ്പോൾ ഭക്ഷണം തന്നിരുന്നതും, ഉറക്കമില്ലാ രാത്രികളിൽ കഥകൾ പറഞ്ഞ് ഉറക്കിയതും, സ്കൂളിൽ പോകുമ്പോൾ കൂട്ട് വന്നിരുന്നതും അങ്ങനെ എല്ലാമെല്ലാം ജാനു അമ്മ തന്നെയായിരുന്നു.
ആ വലിയ തറവാട് വീട്ടിൽ ജാനു അമ്മയ്ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകളായിരുന്നു അത്.
വീട്ടിൽ വല്ലപ്പോഴും വന്ന് പോകുന്ന സുലോചന ചേച്ചിയുടെ മകളാണ് നീ എന്ന് മാളുവിന്റെ അമ്മ പറഞ്ഞു എന്നവൾ പറയാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. കൈ നിറയെ മിഠായിയും പലഹാരങ്ങളുമായി വന്ന് പോകുന്ന സുന്ദരിയായ സുലു ചേച്ചിയെ അമ്മയായ് കാണാൻ ഞാനും ആഗ്രഹിച്ചിരുന്നു എന്നുള്ളത് സത്യം. പക്ഷെ അത് എന്റെ അമ്മയായിരിക്കില്ല എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.
പ്രസവിച്ച് ഉപേക്ഷിച്ച് പോയ അമ്മയെ എനിക്ക് അത്രക്ക് വെറുപ്പായിരുന്നു.കൂട്ടുകാരികളുടെയും അയൽപക്കകാരുടെയും കളിയാക്കലിലും അവരിൽ നിന്ന് കേട്ടറിഞ്ഞ അറിവും മാത്രമായിരുന്നു പെറ്റമ്മ. ജാനു അമ്മയെ അമ്മയായ് കാണാൻ തന്നെയായിരുന്നു എനിക്കിഷ്ടം. അച്ഛന്റെയോ അമ്മയുടെയോ സ്നേഹമോ വാത്സല്യമോ കിട്ടാതിരുന്ന എന്നെ അതിലേറേ സ്നേഹത്തോടും, ലാളനയോടും കൂടി വളർത്തിയത് ജാനു അമ്മയായിരുന്നു.
ജാനു അമ്മയോട് ആദ്യമൊക്കെ അമ്മയെ കുറിച്ച് ചോദിച്ചിരുന്നു അപ്പോളോക്കെ അവർ വിഷയം മാറ്റി സംസാരിക്കുമായിരുന്നു. അവരുടെ കണ്ണും നിറയുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട് നീ എന്റെ പൊന്നുമോളാ എന്ന് പറഞ്ഞ് കെട്ടിപിടിച്ച് കിടക്കും. ആ തറവാട് വീട് എനിക്ക് എന്നുമൊരു സ്വർഗമായിരുന്നു. ജാനു അമ്മയ്ക്ക് വിഷമം ആവുന്നത് കൊണ്ട് തന്നെ ഞാൻ ആ ചോദ്യവും മറന്നു തുടങ്ങി.
ജാനു അമ്മയുടെ കൈയ്യിൽ തൂങ്ങി പുഴയിൽ അലക്കാനും, വയലിൽ പണിയെടുക്കാനും, തോട്ടിൽ വലവിരിക്കാനും എല്ലാം ഞാനും കൂട്ട് പോയി. ആ വയലും, പച്ചപ്പും എനിക്കാനന്ദമായിരുന്നു. പത്താം ക്ലാസ് പാസായതിന് ശേഷം നഗരത്തിലെ വലിയ സ്കൂളിൽ പ്ലസ് വൺ ക്ലാസിൽ ചേർന്ന സമയമായിരുന്നു. ബസ്സിൽ കയറി പോകേണ്ടതിനാൽ കുറേ പേർ ചേർന്ന് ഒന്നിച്ചാണ് പോക്കുവരവ്. ഗ്രാമപ്രദേശത്ത് ബസ് റൂട്ട് കുറവായിരുന്നു.രാവിലെ ബസ്സിൽ കയറി പിടിച്ചു തൂങ്ങി പോകും വൈകുന്നേരം എല്ലാരും ചേർന്ന് നടന്ന് വരും.ഓരോ ദിവസവും വീട് എത്തുന്നത് വരെ പറയാൻ കഥകളൊരൊന്നും കിട്ടും.
അന്നത്തെ ദിവസം പറഞ്ഞ കഥ ഇങ്ങനെയായിരുന്നു...
നാമത്ത് തറവാട് വീട്ടിലെ ജാനു അമ്മയുടെ ഏകമകളായിരുന്നു സുലോചന. തറവാട്ടിലെ ഇളയ കാരണവരുടെ മകനും മുറച്ചെറുക്കനുമായ മാധവും കളിക്കൂട്ടുകാരായിരുന്നു.
നാമത്ത് വീട്ടിലെ പേരക്കുട്ടികളായ സുലുവും, മാധവും ഓർമ്മ വച്ച നാൾ മുതലേ ഒന്നിച്ച് കളിച്ചും, പഠിച്ചും നടന്നവർ. സുലു മാധവിന്റെ കൈയ്യിൽ തൂങ്ങി പാടവരമ്പത്ത് കൂടെ സ്കൂളിലേക്ക് പോയിരുന്നവർ മാധവില്ലാത്ത ദിവസങ്ങളിൽ സ്കൂളിൽ പോകാൻ മടിഞ്ഞിരുന്നവൾ. ഒരു നിമിഷം പോലും പിരിയാതെ നാമത്ത് വീട്ടിലെ സന്തോഷ ദിനങ്ങൾ പങ്കിട്ടവർ.പഠിക്കാൻ മിടുക്കരായതിനാൽ ക്ലാസുകളൊരൊന്നും കയറ്റം കിട്ടി അങ്ങനെ അവർ ബിരുദ പഠനവും നേടി കഴിഞ്ഞു. സുലുവിനെ പിരിഞ്ഞൊരു ജീവിതം ഓർക്കാൻ പോലും ആവുമായിരുന്നില്ല മാധവിന് നാമത്ത് വീട്ടുലുള്ളവർക്കും അതിൽ താത്പര്യ മേറേയായിരുന്നു. ജോലി ഒത്തു വന്നാൽ മാത്രമേ സുലുവിനെ ജീവിത സഖിയാക്കാൻ പറ്റുകയുള്ളൂ എന്ന നിബന്ധന ജാനു അമ്മ വച്ചതിനാൽ ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടേയിരുന്നു മാധവ്
സുലുവുമൊന്നിച്ചുള്ള ഓരോ നിമിഷവും സ്വപ്നം കണ്ടു തുടങ്ങിയ മാധവിന് നല്ലൊരു ജോലിയും കിട്ടി. താമസിയാതെ തന്നെ അവരുടെ വിവാഹവും കഴിഞ്ഞു സന്തോഷത്തിന്റെ നാളുകളായിരുന്നു നാമത്ത് വീട്ടിൽ. മൂന്ന് മാസത്തിന് ശേഷം ഒരു ദിവസം ജോലിക്ക് പോയ മാധവ് മടങ്ങി എത്താതായപ്പോൾ അന്വേക്ഷിച്ച് കവലയിലേക്ക് പോയ ജാനു അമ്മ നടുക്കത്തോടെയാണ് ആ വാർത്ത കേട്ടത്.ആക്സിഡന്റായിരുന്നു അപ്പോ തന്നെ എല്ലാം കഴിഞ്ഞു.
രാവിലെ ജോലിക്ക് പോയ മാധവിനെ കാത്തിരുന്ന സുലുവിന് വെള്ളപുതച്ച് കിടന്ന മാധവിനെയാണ് കാണാനായത്. അവൾ അലറി കരഞ്ഞു പിച്ചും പേയും പറഞ്ഞു മാനസികമായി തകർന്നു പോയ അവൾ അടച്ചിട്ട മുറിയിൽ നാളുകൾ നീക്കി.ഒരു കുഞ്ഞു ജീവൻ അവളുടെ ഉള്ളിൽ വളരുന്നുണ്ടായിരുന്നു. മാസവും ദിവസവും തികഞ്ഞ് ഒരു പെൺകുഞ്ഞ് ജനിച്ചു 'ജൂബി എന്ന ഞാൻ'.അപ്പോളേക്ക് മുഴുഭ്രാന്തിയായ അമ്മയെ മനോരോഗ ചികിത്സയിലും ആക്കി.
എന്നെ നോക്കുന്ന ഉത്തരവാദിത്വം ജാനു അമ്മ ഏറ്റെടുത്തു.എന്റെ അമ്മയായ്,ദീർഘനാളത്തെ മനോരോഗ ചികിത്സക്ക് ശേഷം നോർമ്മലായ സുലു അമ്മയെ ഭാര്യ മരണപെട്ട ഡോ: ശ്യാം കല്യാണം കഴിക്കുകയായിരുന്നു. എന്നെ കാണുവാനായി വന്നു പോകുന്ന സുലോചന ചേച്ചി എന്റെ അമ്മയായിരുന്നു. ഇപ്പോ ഞാനെന്റെ പെറ്റമ്മയെ വെറുക്കുന്നില്ല. സ്നേഹിക്കുന്നു രണ്ടമ്മമാരേയും.രണ്ടമ്മമാരേ കിട്ടിയ ഞാനല്ലേ ഭാഗ്യവതി.....
(കുറേ മുന്നെ എഴുതിയതാണ്. ഇപ്പോളാണ് പോസ്റ്റ് ചെയ്യാൻ പറ്റിയത്.തെറ്റുകളുണ്ടാകും )
ബേബിസബിന

എന്റെ ഡയറിക്കുറിപ്പുകൾ.... ഭാഗം -2


എന്റെ ഡയറിക്കുറിപ്പുകൾ.... ഭാഗം -2
---------------------------------------------
നേരം പുലർന്നിരിക്കുന്നു. അമ്പലത്തിലെ പാട്ട് കേൾക്കുന്നുണ്ട്. രാത്രി ഏറേ വൈകിയപ്പോൾ ഒന്ന് മയങ്ങി. ശരിക്കൊന്ന് ഉറങ്ങാൻ പറ്റിയില്ല. വെറുതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പുലർച്ചേ മുത്തശ്ശി കത്തിക്കുന്ന വിളക്ക് ആരാവും കത്തിച്ചത്. അറിയില്ല. മാമന്റെ മക്കളുണ്ട്, മുത്തശ്ശി ഹോസ്പിറ്റലിൽ ആയത് കൊണ്ട് വന്നിരിക്കുന്ന അടുത്ത ബന്ധുക്കളുമുണ്ട്.വീട് മാറികിടന്നത് കൊണ്ടും, ലൈറ്റിന്റെ വെളിച്ചം ഉള്ളത് കൊണ്ടുമായിരിക്കാം അവരും ഉറക്കമില്ലാതെ തിരിഞ്ഞും, മറിഞ്ഞും കിടക്കുന്നത് കണ്ടു.
എഴുന്നേറ്റ് പുറത്ത് വന്നെങ്കിലും വീട്ടിലെ മൗനത്തിനൊന്നും ഒരു മാറ്റവും ഉണ്ടായില്ല. ഇന്നലത്തെ പോലെ തന്നെ. അടുക്കളയിലാണെങ്കിൽ പലഹാരമൊന്നും ഉണ്ടാക്കുന്നുമില്ല. ട്യൂഷന് പോകാനായി ഒരുങ്ങുമ്പോൾ മാമി പറഞ്ഞു ഇന്ന് പോകണ്ട മുത്തശ്ശിക്ക് സുഖമില്ലാത്തതല്ലേ എന്ന്. അടുത്ത വീട്ടിലെ ലക്ഷ്മിയേച്ചി അവരുടെ വീട്ടിൽ നിന്ന് ദോശയും, കറിയും കൊണ്ടുവന്നു. ഞങ്ങൾ കുട്ടികൾ അത് കഴിച്ചു.
അമ്മ മുത്തശ്ശിയെ കാണണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നു, കരയുന്നുമുണ്ട്. അപ്പോൾ മാമൻ അമ്മയോട് പറയുന്നുണ്ട് ''ഐ സി യു വിലാണ് നീ പോയാലും കാണില്ല എന്തായിത് കുഞ്ഞുങ്ങളെ പോലെ മിണ്ടാതിരുന്നാട്ടേ എന്ന്.'' മാമന്റ ആ പറച്ചിലിലും എന്തോ സങ്കടം ഉള്ളതായി എനിക്ക് തോന്നി.
മുത്തശ്ശിയുടെ കൂടെ ഹോസ്പിറ്റലിൽ മൂത്തമ്മയും, ഒരു മാമനും ഉണ്ട്. ഇടവിട്ടിടവിട്ട് വീട്ടിലുള്ള മാമന് ഫോൺ വരുന്നുണ്ട്. മാമന് എന്തൊക്കെയോ അറിയാം.പക്ഷെ മാമൻ വീട്ടിൽ പെണ്ണുങ്ങളോട് ഒന്നും പറയുന്നില്ല. പുറത്ത് വരാന്തയിൽ ഇരിക്കുന്ന ചേട്ടൻമാരോടൊക്കെ മാമൻ സംസാരിക്കുന്നുണ്ട്.പോണ്ടിച്ചേരിയിലുള്ള മാമനേയും ഫോണിൽ വിളിച്ച് സംസാരിക്കുന്നുണ്ട്. മാമൻ നാട്ടിൽ വരുന്നുണ്ട് എന്ന് പറയുന്നത് കേട്ടു.
ഇന്നലത്തെ പോലെ ബന്ധുക്കൾ വന്ന് പോയി കൊണ്ടിരിക്കുന്നു. പുറത്ത് പോയി കളിക്കാനും പറ്റുന്നില്ല. ആകെ ഒരു മൗനം.ലക്ഷ്മിയേച്ചി ഞങ്ങൾ കുട്ടികളെ എല്ലാവരേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി. വീട്ടിലെ മൗനമായ അന്തരീക്ഷത്തിൽ നിന്ന് ഒരു മാറ്റം. അത് എനിക്ക് ആശ്വാസമായി തോന്നി. കുറച്ച് സമയം മുറ്റത്തും പറമ്പിലും നടന്നു മാമന്റെ മക്കളും വന്നതല്ലേ എല്ലാവരും കൂടിയായപ്പോൾ കളിയും, ചിരിയുമായി സമയം പോയതറിഞ്ഞില്ല.
ലക്ഷ്മിയേച്ചി ഞങ്ങളെ ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞങ്ങൾ കൈ കഴുകി വന്ന് ലക്ഷ്മിയേച്ചി വിരിച്ച പുൽപായയിൽ നിരന്നിരുന്നു. ലക്ഷ്മിയേച്ചി ഞങ്ങൾക്ക് ചോറ് വിളമ്പി തന്നു. മാമന്റെ മോൾ (പ്രവിദ) പറഞ്ഞു''ഞാനാദ്യം, ഞാനാദ്യം'' എന്ന്. പിന്നെ അങ്ങോട്ട് മത്സരമായി. ഓരോരുത്തരും വേഗം ഭക്ഷണം കഴിച്ചു.ലക്ഷ്മിയേച്ചിയും ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് വന്നു. വീട്ടിലെത്തിയപ്പോൾ എല്ലാരും കഞ്ഞി കുടിക്കുന്നുണ്ടായിരുന്നു.
മുത്തശ്ശിയുടെ കണ്ടീഷൻ മോശമാണെന്ന് ആരോ പറയുന്നത് കേട്ടു. കുറച്ച് സമയം കഴിഞ്ഞതിന് ശേഷം മൂത്തമ്മയും, മാമനും കാറിൽ വന്നിറങ്ങി.ഞാൻ നോക്കീട്ട് മുത്തശ്ശിയെ മാത്രം കണ്ടില്ല.മൂത്തമ്മ കരഞ്ഞുകൊണ്ട് വീട്ടിൽ കയറി വന്നു.പിന്നെ കൂട്ടക്കരച്ചിലായിരുന്നു. മുത്തശ്ശി പോയെന്നും പറഞ്ഞാണ് കരയുന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. മുത്തശ്ശി എവിടെ പോകാനാണ്.ഇവർ മുത്തശ്ശിയെ കൂട്ടാതെ വന്നിട്ട് എന്തൊക്കെയാ പറയുന്നത്.
ആളുകൾ കൂടുതലായി വന്ന് പോയി കൊണ്ടിരിക്കുന്നു. വന്നവരിൽ ആരോ പറയുന്നുണ്ട് ഇന്ന് രാവിലെ മരിച്ചതാണ് മോൻ പോണ്ടിച്ചേരിയിൽ നിന്ന് പുറപെട്ടിട്ടുണ്ട് നാളെ രാവിലെ എത്തും ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞ് നാളെ 2 മണിക്ക് എത്തും എന്ന്.ബന്ധുക്കളിൽ ചിലർ പോകാതെ നിൽക്കുന്നുമുണ്ട്.
അമ്മയും, മൂത്തമ്മയും കിടക്കുന്ന മുറിയിൽ ഭയങ്കര കരച്ചിലും അടുത്ത ബന്ധുക്കളും അവിടെ ഉണ്ട്.ഞാൻ ആ മുറിയിൽ കയറിയപ്പോൾ മുത്തശ്ശി പോയിമോളെ എന്ന് പറഞ്ഞു അമ്മ കരയുന്നുണ്ട്.ഞാൻ അവിടുന്ന് ഒഴിഞ്ഞ് മാറി അടുത്ത മുറിയിൽ പോയി. പിന്നെ ഞാനാമുറിയിൽ കയറിയില്ല. ഞാനും മാമന്റ മക്കളും തൊട്ടടുത്ത മുറിയിൽ കട്ടിലിൽ ഇരുന്നു.വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ എന്റെ കൂട്ടുകാരികൾ വീട്ടിൽ വന്നു. കുറച്ച് സമയം അവിടെ നിന്നു പിന്നെ അവരുടെ വീട്ടിലേക്ക് പോയി.
ലക്ഷ്മിയേച്ചിയുടെ വീട്ടിൽ നിന്നാണ് കാപ്പിയും, കഞ്ഞിയും ഉണ്ടാക്കുന്നത്. സന്ധ്യ നേരത്തിന് ശേഷം ലക്ഷ്മിയേച്ചി കഞ്ഞി കൊണ്ട് വന്ന് എല്ലാവർക്കും നൽകി. എല്ലാവരും മുറിയിൽ തളർന്നിരിക്കുകയായിരുന്നു. നാളെയാകാൻ കാത്തിരിക്കുകയാണ് ബന്ധുക്കളൊക്കെ.മാമൻ വരുന്നതും മുത്തശ്ശിയെ കൊണ്ടുവരുന്നതും നാളെയാണ്.മുത്തശ്ശിയെ വേഗം ഒന്ന് കാണാൻ എനിക്കും ആകാംക്ഷയായി.
ഒരു മരണവീട്ടിലും ഞാനിതുവരെ പോയിട്ടില്ല. കൂട്ടുകാർ പറഞ്ഞു കേട്ടിട്ടുണ്ട് അവരുടെ മുത്തശ്ശിയും മുത്തച്ഛനും മരിച്ചപ്പോൾ വെള്ളതുണിയിൽ പൊതിഞ്ഞാണ് കിടത്തിയത്, ഉറങ്ങുന്നത് പോലെയാണ് ഉണ്ടാവുക എന്ന്. ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയെ വെള്ളതുണിയിൽ പൊതിഞ്ഞിരിക്കുന്നത് മനസ്സിൽ കണ്ടു ഞാനും കിടന്നു. എന്തോ ഒരു പേടി തോന്നി. ഉറക്കവും വന്നില്ല. പ്രവിദ പറഞ്ഞു മുത്തശ്ശി പ്രേതമായിട്ട് വരുമെന്ന്.കട്ടിലിലും, തറയിൽ പുൽപായ വിരിച്ചും എല്ലാരുംമുറിയിൽ നിരന്ന് കിടന്നു .തിരിഞ്ഞും മറിഞ്ഞും കിടന്നു ഉറക്കമില്ലാതെ നേരം വെളുപ്പിച്ചു.
ലക്ഷ്മിയേച്ചി തന്ന ബിസ്ക്കറ്റും കാപ്പിയും കുടിച്ച് മുറിയിൽ തന്നെയിരുന്നു. അപ്പോളേക്ക് ആളുകൾ വീണ്ടും വന്ന് തുടങ്ങി.പോണ്ടിച്ചേരിയിൽ നിന്ന് മാമൻ എത്തി.മാമൻ കയറി വന്നപ്പോൾ കൂട്ടക്കരച്ചിലുയർന്നു. ആളുകൾ വന്ന് കൊണ്ടേയിരുന്നു. തെക്കേ പറമ്പിൽ മുത്തശ്ശിക്കായ് കുഴി ഒരുക്കുന്നതിന്റെ ഒച്ച കേൾക്കുന്നുണ്ട്.
മാമന്റെ സുഹൃത്തുക്കൾ ആരോക്കെയോ കോഴിക്കോട് പോയിട്ടുണ്ട്.ലക്ഷ്മിയേച്ചി ഇടക്ക് കഞ്ഞി വെള്ളവുമായി വന്ന് വേണ്ടുന്നവർക്ക് കൊടുക്കുന്നുണ്ട്. ആളുകൾ തിങ്ങി നിറഞ്ഞു.
ഒരു വണ്ടി വന്ന് നിറുത്തുന്ന ശബ്ദം കേട്ടു .കൂടി നിന്നവർ പറയുന്നത് കേട്ടു എത്തിയിരിക്കുന്നു എന്ന്. പിന്നെ വിളക്കും, കിണ്ടിയും എടുക്കാൻ പറയുന്നത് കേട്ടു.മുത്തശ്ശിയെ കൊണ്ടുവന്ന് നടുമുറ്റത്ത് മേശയിൽ കിടത്തിയിരിക്കുന്നു.
കൂട്ട നിലവിളിയായ് വീട് മുഴുവൻ ആരോക്കെയോ ചേർന്ന് അമ്മയെയും മൂത്തമ്മയെയും കൂട്ടികൊണ്ടു പോയി മുത്തശ്ശിയെ കാണിക്കുന്നു. അടുത്ത ബന്ധുക്കളും പോയി മുത്തശ്ശിയെ കണ്ട് പ്രദക്ഷിണം വച്ച് കാല് തൊട്ട് നെറ്റിയിൽ വെക്കുന്നു. ലക്ഷ്മിയേച്ചിയും, മാമിയും ചേർന്ന് ഞങ്ങൾ കുട്ടികളെ കൂട്ടികൊണ്ടു പോയി മുത്തശ്ശിയെ കാണിച്ചു. ഞങ്ങളും പ്രദക്ഷീണംവച്ച് കാൽതൊട്ട് നെറ്റിയിൽ വച്ചു.
ലക്ഷ്മിയേച്ചിയും മാമിയും കരയുന്നുണ്ട്. മുത്തശ്ശി ആകെ മാറിയിരിക്കുന്നു. മുഖം കറുത്തിരിക്കുന്നു. നെറ്റിയിൽ വെള്ള തുണി തലയടക്കി കെട്ടിയിരിക്കുന്നു.മൂക്കിൽ വെള്ള പഞ്ഞി വച്ചിരിക്കുന്നു. വെള്ളപുതച്ച് ഉറങ്ങിക്കിടക്കുന്ന മുത്തശ്ശിയെ കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി. ആദ്യമായി ഞാൻ കണ്ട ശവശരീരം എന്റെ മുത്തശ്ശിയുടേതായിരുന്നു.
മുത്തശ്ശിയെ കാണാൻ ആളുകൾ തിക്കും തിരക്കുമാക്കിയപ്പോൾ ആരോ പറയുന്നുണ്ട് കണ്ടവർ മാറി നിൽക്കൂ. തിരക്ക് കൂട്ടണ്ട എല്ലാവർക്കും കാണാം എന്നൊക്കെ. എല്ലാരും പോയി മുത്തശ്ശിയെ കണ്ടതിന് ശേഷം എന്തൊക്കെയോ കർമ്മങ്ങൾ ചെയ്തു. പിന്നെ മുത്തശ്ശിയെ ആളുകൾ ചേർന്ന് എടുത്ത് തേക്കേ പറമ്പിലേക്ക് നടന്നു.
മുകളിലെ റൂമിൽ പോയി ജനാലയിലൂടെ നോക്കിയപ്പോൾ മുത്തശ്ശിയെ കിടത്തി വിറക് വച്ചിരിക്കുന്നു. ആ കുഴിമാടത്തിന് ചുറ്റും മാമൻമാർ നടക്കുന്നു. കർമ്മങ്ങൾ ചെയ്യുന്നതാണെന്ന് പ്രവിദ പറഞ്ഞു.മൂന്ന് തവണ പ്രദക്ഷിണം വച്ചതിന് ശേഷം തീകൊളുത്തി. പുകവരാൻ തുടങ്ങിയപ്പോൾ എല്ലാരും മുറ്റത്തേക്ക് വന്നു.
മുതിർന്ന ഒരാൾ എന്തൊക്കെയോ സംസാരിച്ചതിന് ശേഷം പറഞ്ഞു ഇന്നത്തെ ചടങ്ങുകൾ ഇവിടെ അവസാനിച്ചിരിക്കുന്നു. മൂന്ന് ദിവസം ഇവിടെ നിൽക്കുന്നവർക്ക് നിൽക്കാം. അല്ലാത്തവർക്ക് പിരിഞ്ഞു പോകാമെന്ന്. അത് കേട്ടപ്പോൾ കുറേ ആളുകൾ പിരിഞ്ഞു പോയി.
ലക്ഷ്മിയേച്ചിയും, മാമിയും ചേർന്ന് കാപ്പി ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു. ഓരോരുത്തരായി കുളിച്ചു വന്നു.അടുക്കളയിൽ ആരോക്കെയോ കഞ്ഞി ഉണ്ടാക്കി.ലക്ഷ്മിയേച്ചി കഞ്ഞി തണിച്ചു എല്ലാരും ആ കഞ്ഞി കുടിച്ചു. ആളുകൾ ഓരോരുത്തർ ഇടവിട്ട് വന്ന് കൊണ്ടിരിക്കുന്നു. രണ്ട് ദിവസമായി ശരിയായ ഉറക്കം ഇല്ലാത്തത് കൊണ്ടാവാം കഞ്ഞികുടിച്ച് മുറിയിൽ കിടക്കുന്നവരൊക്കെ നല്ല ഉറക്കത്തിലാണെന്ന് തോന്നുന്നു. മുത്തശ്ശിയെ കുറിച്ചുള്ള ഓർമ്മകളുമായി ഞാനും കിടന്നു. കഥ പറഞ്ഞ് തരുന്ന മുത്തശ്ശിയുടെ ഓരോ ഭാവങ്ങളും മനസിലൂടെ മിന്നി മാഞ്ഞു കൊണ്ടേയിരുന്നു.
ബേബിസബിന

എന്റെ ഡയറിക്കുറിപ്പുകൾ - Part1


എന്റെ ഡയറിക്കുറിപ്പുകൾ
- - - - - - - - - - - - - - - - - - - - - -
ഇന്നും പതിവുപോലെ ആറ് മണിക്ക് ഉണർന്നു.പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞു.ഇനി ട്യൂഷന് പോകണം. ഇന്ന് തിങ്കളാഴ്ചയാണ്. നാലുതറയിൽ രാജേന്ദ്രൻ മാഷിന്റെയും, സോമൻ മാഷിന്റെയും ക്ലാസാണ്.
മുത്തശ്ശി ഉറങ്ങുന്ന മുറിയിലാണ് എന്റെ പുസ്തകം ഉള്ളത്. പഠനമുറിയും ഇത് തന്നെയാണ്.പഠനവും ഒപ്പം മുത്തശ്ശിയുടെ കഥകൾ കേൾക്കുകയും ചെയ്യാം. മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ട്യൂഷന് പോകാനൊരുങ്ങിയ ഞാൻ പുസ്തകമെടുക്കാൻ മുത്തശ്ശിയുടെ മുറിയിൽ പോയി. മുത്തശ്ശി പുലർച്ചേ എഴുന്നേൽക്കും. വിളക്ക് കത്തിക്കലും പ്രാർത്ഥനയും കഴിഞ്ഞ് മുറിയിൽ തന്നെ പോയി കിടക്കും. ഇന്ന് മുത്തശ്ശി കട്ടിലിൽ ഇരിക്കുകയാണ്. എന്നെ കാത്തിരിക്കുന്നതായിരിക്കും. വീട്ടിൽ എന്റെ നല്ലൊരു കൂട്ട് മുത്തശ്ശിയാണ്.
കുട്ട്യേ ശ്രദ്ധിച്ച് നടക്കണം. റോഡ് മുറിച്ച് കടക്കുമ്പോൾ നല്ലോണം രണ്ട് ഭാഗത്തും നോക്കണം ഞാൻ ദുഃസ്വപ്നം കണ്ടിരിക്കുന്നു. എന്തോ ആപത്ത് വരുന്നുണ്ട്. എല്ലാം ദുർനിമിത്തങ്ങളാ കാണുന്നത്.റോഡിന്റെ അരികിലൂടെ നടക്കുന്ന ഒരു പെൺകുട്ടിക്ക് ബസ്സ് തട്ടിയതായി കണ്ടു. മുത്തശ്ശിയോട് യാത്ര പറഞ്ഞ് പുസ്തകവുമായിറങ്ങി.
അമ്മ അടുക്കളയിൽ ഗുസ്തിയാണ്. അനുജന്മാർക്ക് രാവിലത്തെ ഷിഫ്റ്റാണ് സ്കൂൾ.അവരെ എഴുന്നേൽപിക്കുകയും, ഒരുക്കലുമെല്ലാമായി ഒരു കോലാഹലം തന്നെയാണ്.അടുക്കളയിൽ പോയി അമ്മയുടെ കണ്ണ് വെട്ടിച്ച് ചായ കുടിച്ചു എന്ന് വരുത്തി ട്യൂഷൻ ക്ലാസിലേക്ക് പുറപ്പെട്ടു.
(ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഇവിടുത്തെ സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നാമത്തെ ഷിഫ്റ്റ് 8.20 മുതൽ 12.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് 12.50 മുതൽ 5 മണി വരെയുമാണ്.5 മാസം രാവിലെ പോയവർ 5 മാസം ഉച്ചക്കും പോകണം.നവംബറിലാണ് ഷിഫ്റ്റ് മാറുന്നത്. എനിക്ക് രണ്ടാമത്തെ ഷിഫ്റ്റാണ് ഉച്ചക്ക് പോയാ മതി.)
വീട്ടിൽ നിന്ന് കുറച്ചകലേയാണ് നാലുതറ ട്യൂഷൻ സെന്റർ.8 മണിക്ക് ട്യൂഷൻ തുടങ്ങും. വഴിയിൽ കൂട്ടുകാരികൾ കാത്തിരിക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് നടന്ന് നീങ്ങി. വലിയ ഒരു പെൺപട വരുന്നത് ദൂരത്ത് നിന്ന് തന്നെ തിരിച്ചറിയും. ഒച്ചയും ബഹളവുമായാണ് പോകാറ്.
ട്യൂഷൻ ക്ലാസിൽ ഗേൾസും, ബോയ്സും ഒന്നിച്ചാണ്.(അഞ്ചാം ക്ലാസു മുതൽ ബോയ്സും, ഗേൾസും വേറെ വേറെ സ്കൂളിലാണ്) ബോയ്സിനും, ഗേൾസിനും ആകെ മിണ്ടാനും പറയാനും, അടി കൂടാനും പറ്റുന്നത് ട്യൂഷൻ ക്ലാസിലാണ്.
പക്ഷെ രാജേന്ദ്രൻ മാഷിനെ എല്ലാവർക്കും പേടിയാണ്.രാജേന്ദ്രൻ മാഷിനേക്കാൾ പേടി സോമൻ മാഷിനെയാണ്. സോമൻ മാഷ് ക്ലാസിൽ വന്നാൽ ഒരു മൊട്ടുസൂചി വീണാൽ പോലും അറിയും അത്രയ്ക്ക് അടക്കവും ഒതുക്കവും ആയിരിക്കും എല്ലാവരും.
സോമൻ മാഷിന്റെ പുസ്തകവായന ആ പ്രദേശം മുഴുവൻ കേൾക്കും വിധമായിരുന്നു. ഒറ്റ ശ്വാസത്തിൽ ഒത്തിരിവായിക്കും. നല്ല അക്ഷരസ്ഫുടതയാണ്. ക്ലാസിൽ എല്ലാവരേയും അതേപോലെ വായിപ്പിക്കാൻ മാഷ് ശ്രദ്ധിച്ചിരുന്നു. മാഷിന്റെ ആവായന എനിക്ക് ഒത്തിരി ഇഷ്ടമാണ്. പലപ്പോഴും ആ വായന ഞാൻ അനുകരിച്ചിട്ടുമുണ്ട്.
രാജേന്ദ്രൻ മാഷിന്റെയും, സോമൻ മാഷിന്റെയും ഇന്നത്തെ പ്രകടനങ്ങൾ കഴിഞ്ഞു.ഇനി വീട്ടിലേക്ക് പോകണം. വഴിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ഒരു പുളിമരമുണ്ട്. അവിടുന്ന് പച്ചപുളി പെറുക്കിയെടുത്തു. നല്ല രസമാണ് പച്ചപുളി തിന്നാൻ.ഉണ്ണിമാങ്ങയുമുണ്ട്. കൈ നിറയെ പെറുക്കിയെടുത്തു വീട്ടിലെത്തി.സ്കൂളിൽ പോകുമ്പോൾ കൊണ്ടു പോകണം.പുളിയും, മാങ്ങയും അമ്മയുടെ കണ്ണിൽ പെടാതെ മാറ്റിവച്ചു.
വീട്ടിൽ മുത്തശ്ശിയെ കാണാനില്ല. അമ്മയോട് ചോദിച്ചപ്പോൾ കഷായവും, തൈലവും വാങ്ങാൻ പോയിരിക്കുകയാണെന്ന് പറഞ്ഞു. ആഴ്ചയിൽ ഒരുദിവസം അടുത്തുള്ള ആയുർവ്വേദ ആശുപത്രിയിൽ പോയി തൈലവും, കഷായവും വാങ്ങുന്ന ശീലം മുത്തശ്ശിക്കുണ്ട്. വഴിയിൽ പരിചയക്കാരോട് കുശലാന്വേഷണവും പറഞ്ഞാണ് വരാറ്.
ഇനി സ്കൂളിൽ പോകാനൊരുങ്ങണം. മുടി രണ്ട് ഭാഗത്ത് മടഞ്ഞിടണം, അത് മാത്രം പോര മടക്കി കെട്ടണം വെള്ള റിബൺ കൊണ്ട്. 11.30നാണ് വീട്ടിൽ നിന്നിറങ്ങുക.യൂണിഫോമിട്ട്, ഭക്ഷണം കഴിച്ച് പുസ്തകവുമായി ഇറങ്ങി.
പെൺപട എന്നും ഒത്ത് കൂടുന്നത് മുകുന്ദട്ടന്റെ കടയ്ക്കരികിലാണ്. എല്ലാവരും കൃത്യസമയം നോക്കി അവിടെ എത്തും.മുകുന്ദട്ടന്റെ കടയിൽ നല്ല ഉപ്പിലിട്ട നെല്ലിക്കയുണ്ട്.ഒരു രൂപ വീതം എല്ലാരും എടുത്ത് നെല്ലിക്കയും, കടലയും വാങ്ങും. ആ നെല്ലിക്കയ്ക്ക് നല്ല രുചിയാണ്.
പുളിയും മാങ്ങയും സ്കൂളിലെത്തിയാൽ എല്ലാർക്കും കൊടുക്കും. സുജിഷയാണ് ഉപ്പ് കൊണ്ടുവരിക. അവൾ അമ്മ കാണാതെ ഉപ്പ് എടുത്ത് വച്ചിട്ടുണ്ടാവും. നമ്മൾ എട്ട് പേരുണ്ട്. നെല്ലിക്കയുടെ രുചിയും ആസ്വദിച്ച് പെൺപട നടന്നു നീങ്ങി.
മഠംത്തിനരികിലെത്തിയാൽ ആൺപടയുണ്ടാകും. ബോയ്സ് സ്കൂളിലേക്ക് പോകുന്ന ആൺപട പെൺപടയെ കാത്തിരിക്കും. പിന്നെ പരസ്പരം അടി കൂടിയും കമന്റടിച്ചും മുന്നിലും പിന്നിലുമായി നടന്നു. ഒരു കാര്യമുണ്ട് വഴിയിൽ വെറെയൊന്നും പേടിക്കണ്ട. കാരണം ആൺപട കൂടെയുണ്ടല്ലോ അത് ഒരു ധൈര്യം തന്നെയാണ്. ഗേൾസ് സ്കൂളിൽ കയറിയതിന് ശേഷം സ്കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് ആൺപട കുറച്ചകലെയുള്ള ബോയ്സ് സ്കൂളിലേക്ക് പോകുന്നത്.
സ്കൂളിലെത്തി. ഒന്നാം ഷിഫ്റ്റ് കഴിഞ്ഞില്ല ഓഫീസ് റൂമിനടുത്തായുള്ള ആ മാവിൻ ചുവട്ടിൽ എന്നത്തേതു പോലെ ഇന്നും ഒത്ത് കൂടി കൈയ്യിലുള്ള മാങ്ങയും, പുളിയും വിതരണം തുടങ്ങി.കൂട്ടത്തിൽ ചാമ്പക്ക കൊണ്ടുവന്നവർ അതും വിതരണം ചെയ്തു. ഇന്ന് നല്ല കുശാലു തന്നെ.
സ്കൂൾ വിട്ടു.ഇനി നമ്മുടെ ഊഴമാണ്. ക്ലാസിലേക്ക് പോയി പത്രവാർത്ത എഴുതണം. എല്ലാവരും ധൃതി പിടിച്ച് എഴുതി. ഇനി അസംബ്ലിയാണ് എല്ലാരും വരാന്തയിൽ വരിവരിയായി നിന്നു. പത്രവാർത്തയും, പ്രതിഞ്ജയും, പ്രാർത്ഥനയും കഴിഞ്ഞു.ഇനി ക്ലാസിലേക്ക്.
മുസ്തഫ മാഷിന്റെ മലയാളം ക്ലാസാണ്. നല്ല ഉത്സാഹത്തോടെ ക്ലാസിലേക്ക് പോയി. നർമ്മം നിറഞ്ഞു നിൽക്കുന്ന നല്ലൊരു ക്ലാസാണ് മുസ്തഫ മാഷിന്റെത്. ചില ക്ലാസുകളിൽ ഉറക്കിനോട് പൊരുതുമ്പോൾ മുസ്തഫ മാഷിന്റെ ക്ലാസ് തീരല്ലേ എന്ന് തോന്നിപോകും. ചിരിയിലൂടെയും, കളിയിലൂടെയും നമ്മളിൽ ഓരോരുത്തരുടെയും ശ്രദ്ധ മാഷിലേക്ക് ആകർഷിക്കും.
ക്ലാസിൽ മുഴുകിയിരിക്കുമ്പോഴാണ് പ്യൂൺ സരളേച്ചി സർക്കുലറുമായി ക്ലാസിലേക്ക് വന്നത്.സർക്കുലർ വായിച്ചതിന് ശേഷം മുസ്തഫ മാഷ് എന്നോട് പറഞ്ഞു ബേഗും പുസ്തകവുമെടുത്ത് സരളേച്ചിയുടെ കൂടെ പോകാൻ. എന്നെ കൂട്ടികൊണ്ടു പോകാൻ വീട്ടിൽ നിന്ന് ആള് വന്നിരിക്കുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല.
ഒന്നാമത്തെ പിരിയഡ് തന്നെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോകാൻ വന്നതിൽ എനിക്ക് അതിശയം തോന്നി. ഞാൻ സരളേച്ചിയുടെ കൂടെ സ്റ്റാഫ് റൂമിനടുത്തേക്ക് വന്നു. അപ്പോൾ അവിടെ ആന്റി നിൽക്കുന്നു. അവരുടെ കൂടെ ഞാൻ വീട്ടിലേക്ക് വന്നു.
വീട്ടിൽ ആകെ ഒരു മൗനം.ബന്ധുക്കൾ വന്ന് പോയി കൊണ്ടിരിക്കുന്നു. അടുത്ത വീട്ടിലെ ചേച്ചിയുണ്ട് അടുക്കളയിൽ.ആരോ പറയുന്നത് കേട്ടു മുത്തശ്ശി രാവിലെ തൈലവും, കഷായവും വാങ്ങാൻ പോയപ്പോൾ ബസ്സ് തട്ടിയിരിക്കുന്നു.തലയ്ക്കാണ് പരിക്ക് ബോധമില്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കേട്ടപ്പോൾ സങ്കടായി.
അറിഞ്ഞവരൊക്കെ വീട്ടിൽ വന്ന് പോയി കൊണ്ടിരിക്കുന്നു. രാത്രി വരെയും ഇതേ അവസ്ഥ തന്നെ. അടുത്ത വീട്ടിലെ ചേച്ചി നമ്മൾ കുട്ടികൾക്ക് ഭക്ഷണം തന്നു.മുതിർന്നവർ ഒന്നും കഴിച്ചില്ല. ബോധം വന്നാലെ എന്തെങ്കിലും പറയാൻ പറ്റൂള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു.ചർദ്ദിയും തുടങ്ങിയിരിക്കുന്നു. സീരിയസാണെന്ന് പറഞ്ഞു.
എല്ലാവരും പ്രാർത്ഥനയോടെ, അതിലെറെ സങ്കടത്തോടെ കാത്തിരിക്കുകയാണ് ബോധം തിരിച്ചു കിട്ടാൻ. ഈ വീട്ടിലെ മൗനവും സങ്കടവും എന്നെ വീർപ്പുമുട്ടിക്കുന്നു. നാളെ പുലരുന്നത് നല്ല വാർത്ത കേട്ട് കൊണ്ടായിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടക്കുകയാണ്. ഉറക്കം വരുന്നില്ല. മുത്തശ്ശിയെ കാത്തോളണേ ഈശ്വരാ....
നല്ലത് മാത്രം വരുത്തണേ....
ബേബിസബിന

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo