Slider

എന്റെ ഡയറിക്കുറിപ്പുകൾ - Part1

0

എന്റെ ഡയറിക്കുറിപ്പുകൾ
- - - - - - - - - - - - - - - - - - - - - -
ഇന്നും പതിവുപോലെ ആറ് മണിക്ക് ഉണർന്നു.പ്രാഥമിക കൃത്യങ്ങൾ കഴിഞ്ഞു.ഇനി ട്യൂഷന് പോകണം. ഇന്ന് തിങ്കളാഴ്ചയാണ്. നാലുതറയിൽ രാജേന്ദ്രൻ മാഷിന്റെയും, സോമൻ മാഷിന്റെയും ക്ലാസാണ്.
മുത്തശ്ശി ഉറങ്ങുന്ന മുറിയിലാണ് എന്റെ പുസ്തകം ഉള്ളത്. പഠനമുറിയും ഇത് തന്നെയാണ്.പഠനവും ഒപ്പം മുത്തശ്ശിയുടെ കഥകൾ കേൾക്കുകയും ചെയ്യാം. മുത്തശ്ശിയുടെ കഥകൾ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
ട്യൂഷന് പോകാനൊരുങ്ങിയ ഞാൻ പുസ്തകമെടുക്കാൻ മുത്തശ്ശിയുടെ മുറിയിൽ പോയി. മുത്തശ്ശി പുലർച്ചേ എഴുന്നേൽക്കും. വിളക്ക് കത്തിക്കലും പ്രാർത്ഥനയും കഴിഞ്ഞ് മുറിയിൽ തന്നെ പോയി കിടക്കും. ഇന്ന് മുത്തശ്ശി കട്ടിലിൽ ഇരിക്കുകയാണ്. എന്നെ കാത്തിരിക്കുന്നതായിരിക്കും. വീട്ടിൽ എന്റെ നല്ലൊരു കൂട്ട് മുത്തശ്ശിയാണ്.
കുട്ട്യേ ശ്രദ്ധിച്ച് നടക്കണം. റോഡ് മുറിച്ച് കടക്കുമ്പോൾ നല്ലോണം രണ്ട് ഭാഗത്തും നോക്കണം ഞാൻ ദുഃസ്വപ്നം കണ്ടിരിക്കുന്നു. എന്തോ ആപത്ത് വരുന്നുണ്ട്. എല്ലാം ദുർനിമിത്തങ്ങളാ കാണുന്നത്.റോഡിന്റെ അരികിലൂടെ നടക്കുന്ന ഒരു പെൺകുട്ടിക്ക് ബസ്സ് തട്ടിയതായി കണ്ടു. മുത്തശ്ശിയോട് യാത്ര പറഞ്ഞ് പുസ്തകവുമായിറങ്ങി.
അമ്മ അടുക്കളയിൽ ഗുസ്തിയാണ്. അനുജന്മാർക്ക് രാവിലത്തെ ഷിഫ്റ്റാണ് സ്കൂൾ.അവരെ എഴുന്നേൽപിക്കുകയും, ഒരുക്കലുമെല്ലാമായി ഒരു കോലാഹലം തന്നെയാണ്.അടുക്കളയിൽ പോയി അമ്മയുടെ കണ്ണ് വെട്ടിച്ച് ചായ കുടിച്ചു എന്ന് വരുത്തി ട്യൂഷൻ ക്ലാസിലേക്ക് പുറപ്പെട്ടു.
(ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ഇവിടുത്തെ സ്കൂൾ പ്രവർത്തിക്കുന്നത്.ഒന്നാമത്തെ ഷിഫ്റ്റ് 8.20 മുതൽ 12.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് 12.50 മുതൽ 5 മണി വരെയുമാണ്.5 മാസം രാവിലെ പോയവർ 5 മാസം ഉച്ചക്കും പോകണം.നവംബറിലാണ് ഷിഫ്റ്റ് മാറുന്നത്. എനിക്ക് രണ്ടാമത്തെ ഷിഫ്റ്റാണ് ഉച്ചക്ക് പോയാ മതി.)
വീട്ടിൽ നിന്ന് കുറച്ചകലേയാണ് നാലുതറ ട്യൂഷൻ സെന്റർ.8 മണിക്ക് ട്യൂഷൻ തുടങ്ങും. വഴിയിൽ കൂട്ടുകാരികൾ കാത്തിരിക്കുന്നുണ്ട്. എല്ലാവരും ഒന്നിച്ച് നടന്ന് നീങ്ങി. വലിയ ഒരു പെൺപട വരുന്നത് ദൂരത്ത് നിന്ന് തന്നെ തിരിച്ചറിയും. ഒച്ചയും ബഹളവുമായാണ് പോകാറ്.
ട്യൂഷൻ ക്ലാസിൽ ഗേൾസും, ബോയ്സും ഒന്നിച്ചാണ്.(അഞ്ചാം ക്ലാസു മുതൽ ബോയ്സും, ഗേൾസും വേറെ വേറെ സ്കൂളിലാണ്) ബോയ്സിനും, ഗേൾസിനും ആകെ മിണ്ടാനും പറയാനും, അടി കൂടാനും പറ്റുന്നത് ട്യൂഷൻ ക്ലാസിലാണ്.
പക്ഷെ രാജേന്ദ്രൻ മാഷിനെ എല്ലാവർക്കും പേടിയാണ്.രാജേന്ദ്രൻ മാഷിനേക്കാൾ പേടി സോമൻ മാഷിനെയാണ്. സോമൻ മാഷ് ക്ലാസിൽ വന്നാൽ ഒരു മൊട്ടുസൂചി വീണാൽ പോലും അറിയും അത്രയ്ക്ക് അടക്കവും ഒതുക്കവും ആയിരിക്കും എല്ലാവരും.
സോമൻ മാഷിന്റെ പുസ്തകവായന ആ പ്രദേശം മുഴുവൻ കേൾക്കും വിധമായിരുന്നു. ഒറ്റ ശ്വാസത്തിൽ ഒത്തിരിവായിക്കും. നല്ല അക്ഷരസ്ഫുടതയാണ്. ക്ലാസിൽ എല്ലാവരേയും അതേപോലെ വായിപ്പിക്കാൻ മാഷ് ശ്രദ്ധിച്ചിരുന്നു. മാഷിന്റെ ആവായന എനിക്ക് ഒത്തിരി ഇഷ്ടമാണ്. പലപ്പോഴും ആ വായന ഞാൻ അനുകരിച്ചിട്ടുമുണ്ട്.
രാജേന്ദ്രൻ മാഷിന്റെയും, സോമൻ മാഷിന്റെയും ഇന്നത്തെ പ്രകടനങ്ങൾ കഴിഞ്ഞു.ഇനി വീട്ടിലേക്ക് പോകണം. വഴിയിൽ ഒരു വലിയ പറമ്പുണ്ട്. അവിടെ ഒരു പുളിമരമുണ്ട്. അവിടുന്ന് പച്ചപുളി പെറുക്കിയെടുത്തു. നല്ല രസമാണ് പച്ചപുളി തിന്നാൻ.ഉണ്ണിമാങ്ങയുമുണ്ട്. കൈ നിറയെ പെറുക്കിയെടുത്തു വീട്ടിലെത്തി.സ്കൂളിൽ പോകുമ്പോൾ കൊണ്ടു പോകണം.പുളിയും, മാങ്ങയും അമ്മയുടെ കണ്ണിൽ പെടാതെ മാറ്റിവച്ചു.
വീട്ടിൽ മുത്തശ്ശിയെ കാണാനില്ല. അമ്മയോട് ചോദിച്ചപ്പോൾ കഷായവും, തൈലവും വാങ്ങാൻ പോയിരിക്കുകയാണെന്ന് പറഞ്ഞു. ആഴ്ചയിൽ ഒരുദിവസം അടുത്തുള്ള ആയുർവ്വേദ ആശുപത്രിയിൽ പോയി തൈലവും, കഷായവും വാങ്ങുന്ന ശീലം മുത്തശ്ശിക്കുണ്ട്. വഴിയിൽ പരിചയക്കാരോട് കുശലാന്വേഷണവും പറഞ്ഞാണ് വരാറ്.
ഇനി സ്കൂളിൽ പോകാനൊരുങ്ങണം. മുടി രണ്ട് ഭാഗത്ത് മടഞ്ഞിടണം, അത് മാത്രം പോര മടക്കി കെട്ടണം വെള്ള റിബൺ കൊണ്ട്. 11.30നാണ് വീട്ടിൽ നിന്നിറങ്ങുക.യൂണിഫോമിട്ട്, ഭക്ഷണം കഴിച്ച് പുസ്തകവുമായി ഇറങ്ങി.
പെൺപട എന്നും ഒത്ത് കൂടുന്നത് മുകുന്ദട്ടന്റെ കടയ്ക്കരികിലാണ്. എല്ലാവരും കൃത്യസമയം നോക്കി അവിടെ എത്തും.മുകുന്ദട്ടന്റെ കടയിൽ നല്ല ഉപ്പിലിട്ട നെല്ലിക്കയുണ്ട്.ഒരു രൂപ വീതം എല്ലാരും എടുത്ത് നെല്ലിക്കയും, കടലയും വാങ്ങും. ആ നെല്ലിക്കയ്ക്ക് നല്ല രുചിയാണ്.
പുളിയും മാങ്ങയും സ്കൂളിലെത്തിയാൽ എല്ലാർക്കും കൊടുക്കും. സുജിഷയാണ് ഉപ്പ് കൊണ്ടുവരിക. അവൾ അമ്മ കാണാതെ ഉപ്പ് എടുത്ത് വച്ചിട്ടുണ്ടാവും. നമ്മൾ എട്ട് പേരുണ്ട്. നെല്ലിക്കയുടെ രുചിയും ആസ്വദിച്ച് പെൺപട നടന്നു നീങ്ങി.
മഠംത്തിനരികിലെത്തിയാൽ ആൺപടയുണ്ടാകും. ബോയ്സ് സ്കൂളിലേക്ക് പോകുന്ന ആൺപട പെൺപടയെ കാത്തിരിക്കും. പിന്നെ പരസ്പരം അടി കൂടിയും കമന്റടിച്ചും മുന്നിലും പിന്നിലുമായി നടന്നു. ഒരു കാര്യമുണ്ട് വഴിയിൽ വെറെയൊന്നും പേടിക്കണ്ട. കാരണം ആൺപട കൂടെയുണ്ടല്ലോ അത് ഒരു ധൈര്യം തന്നെയാണ്. ഗേൾസ് സ്കൂളിൽ കയറിയതിന് ശേഷം സ്കൂളിന്റെ ഗ്രൗണ്ടിലൂടെയാണ് ആൺപട കുറച്ചകലെയുള്ള ബോയ്സ് സ്കൂളിലേക്ക് പോകുന്നത്.
സ്കൂളിലെത്തി. ഒന്നാം ഷിഫ്റ്റ് കഴിഞ്ഞില്ല ഓഫീസ് റൂമിനടുത്തായുള്ള ആ മാവിൻ ചുവട്ടിൽ എന്നത്തേതു പോലെ ഇന്നും ഒത്ത് കൂടി കൈയ്യിലുള്ള മാങ്ങയും, പുളിയും വിതരണം തുടങ്ങി.കൂട്ടത്തിൽ ചാമ്പക്ക കൊണ്ടുവന്നവർ അതും വിതരണം ചെയ്തു. ഇന്ന് നല്ല കുശാലു തന്നെ.
സ്കൂൾ വിട്ടു.ഇനി നമ്മുടെ ഊഴമാണ്. ക്ലാസിലേക്ക് പോയി പത്രവാർത്ത എഴുതണം. എല്ലാവരും ധൃതി പിടിച്ച് എഴുതി. ഇനി അസംബ്ലിയാണ് എല്ലാരും വരാന്തയിൽ വരിവരിയായി നിന്നു. പത്രവാർത്തയും, പ്രതിഞ്ജയും, പ്രാർത്ഥനയും കഴിഞ്ഞു.ഇനി ക്ലാസിലേക്ക്.
മുസ്തഫ മാഷിന്റെ മലയാളം ക്ലാസാണ്. നല്ല ഉത്സാഹത്തോടെ ക്ലാസിലേക്ക് പോയി. നർമ്മം നിറഞ്ഞു നിൽക്കുന്ന നല്ലൊരു ക്ലാസാണ് മുസ്തഫ മാഷിന്റെത്. ചില ക്ലാസുകളിൽ ഉറക്കിനോട് പൊരുതുമ്പോൾ മുസ്തഫ മാഷിന്റെ ക്ലാസ് തീരല്ലേ എന്ന് തോന്നിപോകും. ചിരിയിലൂടെയും, കളിയിലൂടെയും നമ്മളിൽ ഓരോരുത്തരുടെയും ശ്രദ്ധ മാഷിലേക്ക് ആകർഷിക്കും.
ക്ലാസിൽ മുഴുകിയിരിക്കുമ്പോഴാണ് പ്യൂൺ സരളേച്ചി സർക്കുലറുമായി ക്ലാസിലേക്ക് വന്നത്.സർക്കുലർ വായിച്ചതിന് ശേഷം മുസ്തഫ മാഷ് എന്നോട് പറഞ്ഞു ബേഗും പുസ്തകവുമെടുത്ത് സരളേച്ചിയുടെ കൂടെ പോകാൻ. എന്നെ കൂട്ടികൊണ്ടു പോകാൻ വീട്ടിൽ നിന്ന് ആള് വന്നിരിക്കുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല.
ഒന്നാമത്തെ പിരിയഡ് തന്നെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടു പോകാൻ വന്നതിൽ എനിക്ക് അതിശയം തോന്നി. ഞാൻ സരളേച്ചിയുടെ കൂടെ സ്റ്റാഫ് റൂമിനടുത്തേക്ക് വന്നു. അപ്പോൾ അവിടെ ആന്റി നിൽക്കുന്നു. അവരുടെ കൂടെ ഞാൻ വീട്ടിലേക്ക് വന്നു.
വീട്ടിൽ ആകെ ഒരു മൗനം.ബന്ധുക്കൾ വന്ന് പോയി കൊണ്ടിരിക്കുന്നു. അടുത്ത വീട്ടിലെ ചേച്ചിയുണ്ട് അടുക്കളയിൽ.ആരോ പറയുന്നത് കേട്ടു മുത്തശ്ശി രാവിലെ തൈലവും, കഷായവും വാങ്ങാൻ പോയപ്പോൾ ബസ്സ് തട്ടിയിരിക്കുന്നു.തലയ്ക്കാണ് പരിക്ക് ബോധമില്ല കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. കേട്ടപ്പോൾ സങ്കടായി.
അറിഞ്ഞവരൊക്കെ വീട്ടിൽ വന്ന് പോയി കൊണ്ടിരിക്കുന്നു. രാത്രി വരെയും ഇതേ അവസ്ഥ തന്നെ. അടുത്ത വീട്ടിലെ ചേച്ചി നമ്മൾ കുട്ടികൾക്ക് ഭക്ഷണം തന്നു.മുതിർന്നവർ ഒന്നും കഴിച്ചില്ല. ബോധം വന്നാലെ എന്തെങ്കിലും പറയാൻ പറ്റൂള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞു.ചർദ്ദിയും തുടങ്ങിയിരിക്കുന്നു. സീരിയസാണെന്ന് പറഞ്ഞു.
എല്ലാവരും പ്രാർത്ഥനയോടെ, അതിലെറെ സങ്കടത്തോടെ കാത്തിരിക്കുകയാണ് ബോധം തിരിച്ചു കിട്ടാൻ. ഈ വീട്ടിലെ മൗനവും സങ്കടവും എന്നെ വീർപ്പുമുട്ടിക്കുന്നു. നാളെ പുലരുന്നത് നല്ല വാർത്ത കേട്ട് കൊണ്ടായിരിക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടക്കുകയാണ്. ഉറക്കം വരുന്നില്ല. മുത്തശ്ശിയെ കാത്തോളണേ ഈശ്വരാ....
നല്ലത് മാത്രം വരുത്തണേ....
ബേബിസബിന
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo