നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 8

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 8
ഊട്ടിയിലേക്കൊരു ബല്ലേ ബല്ലേ ട്രിപ്പ് !
****************
ഫൈനൽ ഇയർ ബി.കോമിന് പഠിക്കുമ്പോളാണ് ഞങ്ങൾ ഊട്ടിയിലേക്ക്‌ ടൂർ പോയത്. സന്ധ്യക്ക്‌ പുറപ്പെട്ട് രാത്രി ഒരു സിനിമ കണ്ട് രാവിലേ തന്നെ ഊട്ടിയിൽ എത്തുക. അവിടെ റൂം എടുത്ത് ഒന്നു ഫ്രഷ് ആയി അന്നത്തെ ദിവസം മുഴുവൻ ഊട്ടി കറങ്ങുക.പിറ്റേ ദിവസം മേട്ടുപാളയത്തെ ബ്ലാക്ക്‌ തണ്ടർ വാട്ടർ തീം പാർക്കിൽ കളിച്ച് രാത്രിയോട് കൂടെ അവിടെ നിന്നും യാത്രതിരിക്കുക. ഇതാണ് മാസ്റ്റർ പ്ലാൻ.
ഞങ്ങൾ അന്ന് രാത്രി കണ്ട സിനിമ "പഞ്ചാബി ഹൗസ്" ആയിരുന്നു.! പിന്നെ പറയണോ പൂരം!! ദിലീപിന്റെ ജബാ..ജബ ജബ ജബാ..യും ഹരിശ്രീ അശോകന്റെ മൊയ്‌ലാളീ... വിറ്റുകളും കൊച്ചിൻ ഹനീഫയുടെ കൂതി കുണുക്കിയുള്ള ആക്‌ഷനുകളും കൊണ്ട് ബസ് നിലം തൊടാതെ ഊട്ടിയിലേക്ക് പറന്നു. ബല്ലേ ബല്ലേയുടെ ചിരിയമിട്ടുകൾ കൊണ്ട് അതിവേഗം ബഹു ദൂരം ബസ് മുന്നേറി.ഇതു കൂടാതെ മറ്റൊരു ബല്ലേയും ഞങ്ങൾ നെഞ്ചിലേറ്റി.അത് മറ്റൊന്നുമല്ല...
കേട്ടിട്ടില്ലേ...
ബല്ലേ ബല്ലേ... ബല്ലേ ബല്ലേ
തെരാ രംഗ് ബല്ലേ ബല്ലേ
തേരാ രൂപ്‌ ബല്ലേ ബല്ലേ..
സോൾജിയർ എന്ന സിനിമയിൽ ബോബി ഡിയോളും പ്രീതി സിന്റയും തിമിർത്താടിയാ ആ പാട്ട്!!.ഹോ!! എന്തു രസാ ല്ലേ!
ഞങ്ങൾക്ക് പറ്റിയ അക്കിടി എന്താണെന്ന് വെച്ചാൽ ബസിൽ കിടന്ന് തുള്ളാൻ വേണ്ടി കളക്ട് ചെയ്തു വെച്ചിരുന്ന പാട്ടിന്റെ സിഡി എടുക്കാൻ മറന്നു പോയി... ബസ്സിൽ ആകെ ഉണ്ടായിരുന്നത് ഈ സിനിമയുടെ പാട്ട് സിഡി മാത്രം! ആ മൂന്നു ദിവസവും പപ്പടം നിലത്തിട്ടുണക്കുന്ന പോലെ ആ സിഡി ഞങ്ങൾ 24 മണിക്കൂറും തിരിച്ചും മറിച്ചുമിട്ട് കേട്ടു. തണുപ്പിരച്ചു കയറുന്ന ഊട്ടിയുടെ ഓരോ ഹെയർപിന്നും ഞങ്ങൾ ആ പാട്ടിന് താളം ചവിട്ടി ഇടിച്ചു നിരത്തി !.
ബസ്സിൽ മുഴുവൻ കപ്പലണ്ടിയുടെയും ചിപ്സിന്റെയും ഓറഞ്ചിന്റെയും മണമൊക്കെ പരത്തി ചറ പറ വർത്തമാനം ഒക്കെ പറഞ്ഞ്‌ ഊട്ടിയുടെ തണുപ്പിലേക്ക് ഞങ്ങൾ പതിയെ പതിയെ വിറച്ചിറങ്ങി...
ഊട്ടിയിലെ ലെയ്ക്കിനടുത്തുള്ള കുതിര സവാരിയും ബോട്ടിങ്ങും നടത്താൻ അന്ന് എല്ലാവരും തമ്മിൽ ഭയങ്കര മത്സരമായിരുന്നു.
'ഒരു കുതിര പുറത്ത്
രണ്ടു കഴുതകൾ 'എന്ന മട്ടിൽ ഞാനും മഞ്ജുവും വല്യ ഗമയിൽ കയറിയിരുന്നു.
കയറിയപ്പോൾ
ഉണ്ടായ ഗമയൊക്കെ കുതിര ഒരു കയറ്റം നടന്നു കയറിയപ്പോൾ തന്നെ തീർന്നു. ഞാൻ മുന്പിലായിട്ടാണ് ഇരുന്നത്. മഞ്ജു പുറകിലും.കുതിര ആ കയറ്റം ചാടി ചാടി കയറുന്നതിനനുസരിച്ച്‌ മഞ്ജു എന്നെ പുറകോട്ടു അള്ളിപിടിച്ച് വലിക്കുകയാണ്....
"വലിക്കല്ലേടി വലിക്കല്ലേടി" എന്നു പറഞ്ഞിട്ടൊന്നും ആ കഴുത കേൾക്കുന്നില്ല.!
തന്റെ ദുഷ്പ്രവൃത്തി തുടർന്നുകൊണ്ടേയിരിക്കുകയാണ്...!.അവൾ താഴെ വീഴുമോ എന്ന പേടി കാരണം 'വീഴാണെങ്കിൽ ഒരുമിച്ചു വീഴാമെടി എന്ന മട്ടിലാണ് അവളുടെ ആ വലി.! ' അതിനിടയിൽ ആ കുതിര യാങ്ഹീ... ന്നൊരലർച്ച! എന്നിട്ടു അവിടെ നിന്നു ഇടത്തോട്ടും വലത്തോട്ടും അതിന്റെ വാലൊരാട്ടം!! .വേറെയൊന്നിനുമല്ല.....കക്ഷിക്ക്‌
ചാണകമിടണമത്രെ!!
കുതിരയോട് "കുതിരെ.... ഇപ്പോൾ ചാണകം ഇടാൻ പാടില്ല.. നിങ്ങൾ പ്രവർത്തിപ്പിക്കുന്ന ആ യന്ത്രം ഓഫ്‌ ചെയ്യണം" എന്നൊന്നും പറയാൻ നമുക്കു പറ്റില്ലല്ലോ!! ആ കയറ്റത്തിന് ഒത്ത നടുവിലായി കുതിര പിന്നോട്ട് ചരിഞ്ഞ്‌ നിന്ന് ചാണകമിങ്ങനെയിടുകയാണ്..
കുതിരചാണകത്തിന്റെ സുഗന്ധം മൂക്കിലടിച്ചതും മഞ്ജു അവളുടെ മൂക്ക് രണ്ടു കൈ കൊണ്ടും പൊത്തി.!
"ലിപീ"... ന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ സാധനം പിറകോട്ട് ഊർന്നിറങ്ങി പോകുന്ന കാഴ്ചയാണ കണ്ടത്!! എന്റെ ഉള്ളോന്നാന്തി!! എന്തോ ഭാഗ്യത്തിന് അവളുടെ കഴുത്തിൽ കെട്ടിയ സ്കർഫിൽ പിടി കിട്ടി! ആ കഴുതയെ പിടിച്ചു വലിച്ചു ഒരുകണക്കിന്‌ മുന്പിലേക്കിട്ടു.
ഹോ!! പിടികിട്ടിയില്ലേങ്കിൽ കാണാമായിരുന്നു കുതിരചാണകത്തിൽ മൂടും കുത്തി വീണു കിടക്കുന്ന മഞ്ജു മനോഹരിയുടെ നല്ല ചന്തമുള്ള മോന്ത!
ബോട്ടിങ്ങിനായി ഞാനും പ്രമിതയും സന്തോഷും ജോജിയും ഒരുമിച്ചു കയറി.ഞങ്ങൾ ചവിട്ടിയും തുഴഞ്ഞും ഒരുകണക്കിന്‌ ബോട്ടിനെ നിരക്കി നിരക്കി കൊണ്ട് പോകുമ്പോൾ ഞങ്ങളെയും വെട്ടിച്ച് ബിനുവും വിൻസും മഞ്ജുവും ഷീബയും ഒക്കെ കൈ വീശി കൂക്കി വിളിച്ച് ആർത്തട്ടഹസിച്ച്‌ പോകുന്ന കണ്ടു.
അവരുടെ പോക്ക് എന്തോ എനിക്കത്ര പിടിച്ചില്ല.
കാട്ടിനുള്ളിലെ വന്യ മൃഗങ്ങളെ കാണാൻ വേണ്ടി ...(ആ കണ്ണട എടുത്തു നോക്കേണ്ട കാര്യമേ ഉള്ളു!) വല്യ കാര്യത്തിനവർ സാഹസികമായി ലേയ്ക്കിന്റെ സൈഡിൽ കൂടി ബോട്ടും കൊണ്ട് പോയതാ...അവിടെ കിടന്ന തടി കഷണത്തിന്റെ മീതെ കൂടെ ബോട്ട് അങ്ങു കേറി.!അവർ കുറെ തിരിഞ്ഞും മറിഞ്ഞും നോക്കി.... മുന്പോട്ടും പുറകോട്ടും ചവിട്ടി കൂട്ടി നോക്കി. "എന്നോടൊ ബാലാ'...എന്ന മട്ടിൽ ബോട്ട് ആ തടിയുമായി കെട്ടിപിടിച്ചവിടെ കിടന്നു.!
ആമയും മുയലും കഥയിലെ ആമയെപ്പോലെ ഇഴഞ്ഞിഴഞ്ഞ്‌ ഞങ്ങൾ ഫിനിഷിങ് പോയിന്റ് എത്തിയിട്ടും കുതിച്ചു പാഞ്ഞോടിയ ആ ബോട്ടിലിരിക്കുന്ന മുയലന്മാർ അവിടെ ബോട്ടിൽ ക്ഷീണിച്ചു കിടന്ന്‌ ഉറങ്ങിപ്പോയി....പഠിച്ച പണി പതിനെട്ട് എടുത്തിട്ടും അവർക്ക് ആ തടിയിൽ നിന്നും തലയൂരി പോരാൻ പറ്റിയില്ല! പാകൊള്ളു.!!. അങ്ങനെ തന്നെ വേണം...അഹങ്കാരികൾ!!
അവസാനം ലൈഫ് ഗാർഡ് ചെന്ന് കല്യാണ പെണ്ണിനെ ചെറുക്കൻ വീട്ടുകാർ പോയി കെട്ടിന് കൂട്ടി കൊണ്ടു വരുന്ന പോലെ ബോട്ടിനെ കെട്ടി വലിച്ചു കൊണ്ടു വരികയായിരുന്നു. അവരുടെ അര മണിക്കൂറും, 500 രൂപയും അതിലുപരിയായി ആ നാലെണ്ണത്തിന്റെ
അഹങ്കാരവും ദേ... കിടക്കണ്‌ വെള്ളത്തിൽ!!
മധു സാറിന്റെയും രാജി ടീച്ചറുടെയും കട്ട സംരക്ഷണത്തിൽ നടു റോഡിൽ പാട്ടു പാടി സ്റ്റെപ്പ് വെച്ച് കളിച്ചും ചിരിച്ചും ഫോട്ടോയെടുത്തും ഞങ്ങൾ ഊട്ടിയിലെ ഓരോ ഗാർഡ്നും കയറിയിറങ്ങി. അവിടുത്ത ഓരോ പൂക്കളോടും ഞങ്ങൾ വർത്തമാനം പറഞ്ഞു. ഓരോ മരത്തിലും ഞങ്ങൾ വലിഞ്ഞു കയറി തൂങ്ങിയാടി. ഓരോ പുല്ലിലും ഞങ്ങൾ കിടന്നുരുണ്ടു.
ആശിശു ആയിരുന്നു ഞങ്ങളുടെ ആസ്ഥാന ഫോട്ടോ ഗ്രാഫർ. ബാക്കി എല്ലാവരും പോസ് ചെയ്യുന്നതിൽ കോണ്സണ്ട്രേറ്റ് ചെയ്തു. അന്നത്തെ ഏതു ഫോട്ടോ എടുത്താലും അതിലൊക്കെ 'വേണെങ്കിൽ എന്റെ തല മാത്രം എടുത്തോ 'എന്ന മട്ടിൽ ഒളിച്ചു നിന്നു മാത്രം ഫോട്ടോക്ക് പോസ് ചെയ്യുന്ന വിനയ കുനയനായ ശാന്തശീലനായ നാണം കുണുങ്ങിയായ ഒരാൾ ഉണ്ടായിരുന്നു....
ഞങ്ങളുടെയെല്ലാം പ്രിയങ്കരനായ അഫ്രേം!!
ഊട്ടിയിലെ തണുപ്പിൽ അവിടുത്തെ മരങ്ങൾക്കിടയിലൂടെയുള്ള തീവണ്ടി യാത്രയിൽ ആരുടെയൊക്കെയോ പ്രണയങ്ങൾ ഊട്ടി പൂ പോലെ പൂത്തുലയുന്നത് ഞാൻ സുമ്മാ കണ്ടില്ലെന്നു
വെച്ചു.
രണ്ടാമത്തെ ദിവസം ഞങ്ങൾ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് അതിരാവിലെ പറഞ്ഞതിലും രണ്ടു മണിക്കൂർ മുൻപേ ഞങ്ങൾ എത്തി.പക്ഷെ ഹോട്ടലുകാർക്ക്‌ ഞങ്ങളെ അതിനകത്തേക്ക് കേറ്റാൻ ഒരു നിർവാഹം ഇല്ല.! അതു കൊണ്ട് ഞങ്ങൾ എല്ലാവരും ബസ്സിൽ നിന്നിറങ്ങി ആ തണുപ്പത്ത് സ്വെറ്ററും സ്‌കാർഫും ഒക്കെ കെട്ടി കള്ളന്മാരെ പോലെയിങ്ങനെ റോഡിൽ അവിടെയും ഇവിടെയുമൊക്കെയായി പമ്മി പമ്മി നടക്കുകയാണ്. നേരം ആറു മണി ആകുന്നതെ ഉള്ളു.നല്ല തണുപ്പ്...തണുത്തിട്ട് എല്ലാവരും കയ്യും കെട്ടി നിന്ന് വിറച്ചു വിറച്ചാണ് ഓരോന്നു സംസാരിക്കു ന്നത്. സംസാരിക്കുന്ന എല്ലാവരുടേം വായിൽ നിന്ന് പുകചുരുളുകൾ മുകളിലേക്ക് പൊങ്ങി കൊണ്ടിരിക്കുന്നു.
അതിനിടയിൽ പ്രമിത എന്നെ ഒന്ന് തോണ്ടിയിട്ടു പറഞ്ഞു..
"എനിക്ക്‌ മുള്ളാൻ മുട്ടുന്നു...!!!"
"മുള്ളാൻ" എന്നു കേട്ട വഴി എനിക്കും അങ്ങനെ ഒരു മുട്ട് മുട്ടാൻ തുടങ്ങി...പക്ഷെ ആരോടെങ്കിലും പറയാൻ മടി.അങ്ങനെ ഞങ്ങൾ രണ്ടു മുട്ടലുകാർ പരസ്‌പരം കണ്ണിൽ കണ്ണിൽ നോക്കി കളിക്കുകയാണ് .
"നീ പറ....ഞാൻ പറയില്ല എന്ന ലേലം വിളി!" അവസാനം ഞങ്ങൾ അത്‌ ഞങ്ങളുടെ അംഗരക്ഷകരായ ലിജോയോടും ബിനുവിനോടും പോയി മന്ത്രിച്ചു...അവർ അത് മിന്റോയോടും ജയ്ജുവിനോടും ഓളിയിട്ടു വിളിച്ചു പറഞ്ഞു..
"ഡാ....ഇവർക്ക് മൂത്രം ഒഴിക്കണം….ന്ന്!!"
"ദേ..നിങ്ങൾ അവിടെ പോയി കാര്യം സാധിച്ചോ.. ആരും കാണില്ല നേരം വെളുത്തു വരുന്നല്ലേയുള്ളൂ.!".റോഡിനരികെയുള്ള ഒരു കുറ്റികാട്ടിനകത്തെക്കു ചൂണ്ടികാട്ടി കൊണ്ടു ജയ്ജു പറഞ്ഞു.
"അയ്യേ!! വെളിയിൽ ഒന്നും ഞങ്ങൾ ഇരിക്കില്ല... അതും ഊട്ടിയിൽ!!
"എന്നാ പിന്നെ പിടിച്ചോണ്ട് നിന്നോ!!" അവൻ ഒരു കുന്ന് പുച്ഛത്തോടെ പറഞ്ഞു.
മൂത്രത്തെ തടഞ്ഞു നിർത്താൻ മാത്രം സൂത്രം ഒന്നും പഠിച്ചിട്ടില്ലാത്തത് കൊണ്ട് ആ കുറ്റിക്കാട്ടിലേക്ക് ഒരു വിസിറ്റ് നടത്താമെന്ന് ഞങ്ങൾ തീരുമാനിച്ചു.
അങ്ങനെ ഞാനും പ്രമിതയും കൂടി ആ കുറ്റികാട്ടിലേക്ക്‌ കൈകൾ കൂട്ടി പിടിച്ച്‌ ആട്ടിയാട്ടി
"യെ ഹേ..ദോസ്തി..ഹം നഹി ചോടേങ്കെ.." ന്നും പാടി പാടി അങ്ങാട് ഇറങ്ങി. ഇറങ്ങും തോറും ഇരുട്ട് കേറി കേറി വരുന്നു....ചുറ്റും ചീവിടുകളുടെ ശബ്ദം മാത്രം..
"ഡീ...അവിടെ വരെ പോയാൽ മതി.ഞങ്ങൾ ഒന്നും കാണൂല്ല്യ... ഇനി ഇറങ്ങി പോണ്ടാ.."
മുകളിൽ നിന്നും ഞങ്ങളുടെ ബോഡി ഗാർഡ്സിന്റെ ശബ്ദം ആ കുറ്റിക്കാട് ആകെ മുഴങ്ങി കേട്ടു.
"ഓക്കേ..ശെരീ..."ന്ന് ഞങ്ങളും തിരികെ വിളിച്ചു പറഞ്ഞു.
അതു വിളിച്ചു പറഞ്ഞ ഉടനെ ഞാൻ കേട്ടു... ആ ശബ്ദം.!! ആ ഭയാനകമായ ശബ്ദം..ഒരു സ്ഥലത്ത് നിന്നു മാത്രം അല്ല...പല സ്ഥലത്തു നിന്നും...ആദ്യം അകലെ നിന്ന്...പിന്നെ അടുത്തു നിന്ന്..അതെ.. ആ ശബ്ദത്തിന്റെ ഉടമകൾ ഞങ്ങൾ മൂത്രിക്കാൻ തക്കം പാർത്തു നിന്ന ആ ഭാഗത്തേക്ക് കുറ്റി ക്കാടുകളെ വകഞ്ഞു മാറ്റി കിതച്ചു കൊണ്ട് അടുത്തേക്ക് ,അടുത്തേക്ക്... തൊട്ട്‌ അടുത്തേക്ക് പാഞ്ഞു വന്നു കൊണ്ടിരിക്കുകയാണ്...
ബൗ..ബൗ..ബൗ..!!!
പ്രമിതേ...
ഓടിക്കോടി...!!! പട്ടി.. പട്ടി..
അതു കേട്ടതും
ആ ദോസ്ത് എന്റെ കൈ കുടഞ്ഞ്
തെക്കോട്ടോടി ..
ഞാൻ വടക്കോട്ടും.!!
ഒരു കണക്കിന് കിതച്ച് മറിഞ്ഞ് ഉരുണ്ട് പിരണ്ട് ഞങ്ങൾ ആ കുന്ന് മൊത്തം കുതിച്ചു കയറി!
മുകളിൽ ചെന്നപ്പോൾ ആകാശം മാത്രേ ഉള്ളു...ഗാർഡ്സിന്റെ ബോഡിയുടെ ഒരു പാർട്സ് പോലും ഇല്ല !!
ചുറ്റും നോക്കിയപ്പോൾ അങ്ങകലെ മരത്തിൽ നിന്നും പരിചയം ഉള്ള ആരൊക്കെയോ ചാടിയിറങ്ങുന്നു.!!.എന്നിട്ട് ഒരു കാലും പൊക്കി പിടിച്ച് അട്ടഹസിച്ച്‌ ചിരിച്ച്‌ ബല്ലേ ബല്ലേ പാടുന്നു.!!
ഞങ്ങളെ ഇട്ടോണ്ട് ഓടിയ നാണക്കെട് കൊണ്ടാണോ അതോ പശ്ചാത്താപം കൊണ്ടാണോ എന്നറിയില്ല...പിന്നീട് അവർ തന്നെ ഞങ്ങളെ അവിടെ അടുത്തുള്ള ഒരു അമ്മുമ്മയുടെ വീടൊക്കെ കണ്ടു പിടിച്ച് അവസാനം കാര്യം സാധിക്കാൻ ഒരു അവസരം ഒരുക്കി തന്നു.
തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോഴും ഏതൊരു ആവശ്യത്തിനും കൂടെ നിൽക്കാനും,വിളിച്ചാൽ ഓടി എത്താനും, കാര്യം സാധിച്ചു തരാനും, ഞങ്ങളുടെ ഗാർഡ്സ് ആകാനുമൊക്കെ ഈ ബല്ലേ ബല്ലേ ഗഡികൾ തന്നെ ശരണം..!
അല്ലെങ്കിലും നമ്മുടെയൊക്കെ സൗഹൃദം എന്തിന് വേണ്ടിയാണ്...
മരണം വരെ കുറെ ശരണം നൽകാൻ അല്ലാതെ!!.

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot