Showing posts with label NasniJunaid. Show all posts
Showing posts with label NasniJunaid. Show all posts

പകച്ചു പോയി എന്റെ പിതൃത്വം

Image may contain: 1 person, smiling

ശ്രീമതിയുടെ കടിഞ്ഞൂൽ ഗർഭം ആയിരുന്നു അത്.ഗർഭിണികളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണമെന്നുള്ളതു പല സിനിമകളിലും കേട്ടിട്ടുള്ള അറിവാണു.എന്നാലും വല്ലാത്തൊരു ചെയ്ത്തായി പോയി അതു!!!
ശ്രീമതിക്ക് വിശേഷം ഉണ്ടെന്നു അറിയുന്നതും മുറ്റത്തെ മൂവണ്ടാൻ പൂത്തതും ഒരുമിച്ചായിരുന്നു.ഗൾഫിൽ പോകാൻ വിസയ്ക്ക് കാത്തിരുന്ന എനിക്ക് നാലു നേരം മാവിൽ കേറുന്നത് ഒരു തൊഴിലായി മാറി.വഴിയേ പോകുന്ന പിള്ളേരുടെ കല്ലേറിൽ നിന്നു മൂവണ്ടാനെ രക്ഷിക്കേണ്ടതും എന്റെ ചുമതലയായി മാറി.
ഒരു ദിവസം ശ്രീമതിക്ക് ഒരു കൊതി!!നാലാം ക്ലാസ്സിൽ തൃശ്ശൂർ സൂ വിലോട്ട് ടൂർ പോയപ്പോൾ എന്റെ പ്രിയപ്പെട്ട അമ്മായി അച്ഛൻ അവൾക്ക് വാങ്ങി കൊടുത്ത ഒരു പലഹാരം.പേരും നാളും ഒന്നും അറിയാത്ത ഒരു പലഹാരം.ഉഴുന്നു വടയുടെ ആകൃതിയും മുറുക്കിന്റെ ടെ ക്സ്ച്ചറും കറുത്ത എള്ളും ഉണ്ടെന്നുള്ള വിവരണം തന്നു കൊണ്ട് അവൾ എഴുന്നേറ്റു പോയി.നാട്ടിലുള്ള ബേക്ക റികളായ ബേക്കറികൾ മുഴുവനും കയറി ഇറങ്ങി ഒടുവിൽ വിജയശ്രീലാളിതനായി ഒരു പൊതിയുമായി ശ്രീമതിയുടെ മുന്നിൽ എത്തിയപ്പോൾ എന്തെന്നിലാത്ത അഭിമാനം തോന്നി.
വീണ്ടും ഒരു ദിവസം ശ്രീമതി സ്നേഹത്തോടെ അരികിൽ വന്നിരുന്നപ്പോൾ പുതിയ ഒരു ആഗ്രഹ സാക്ഷാത്കാരത്തിനായുള്ള വരവാണെന്ന് ഞാൻ ഊഹിച്ചു. ഞാൻ ചോദിച്ചു, "ഇന്ന് ഭവതിക്കു മസാലദോശ വേണോ അതോ കുഴലപ്പം വേണോ? "
ഒട്ടും വൈകാതെ മറുപടി വന്നു, " നിങ്ങളുടെ മണം ഈയിടെയായി എനിക്ക് തീരേ പിടിക്കുന്നില്ല.. ജോ ൺസൺസ് ബേബി സോപ്പ് വാങ്ങി കൊണ്ട് വാ.. അതിട്ട് ഇനി 3 നേരം കുളിക്കണം.. "
മധുവിധു നാളുകളിൽ എന്റെ വിയർപ്പ് പോലും അവൾക്ക് സുഗന്ധമാണെന്ന അവളുടെ വാക്കുകൾ ആ നിമിഷം കാതിൽ ഇക്കിളിയാക്കി കൊണ്ടിരുന്നു ..
പകച്ചു പോയി എന്റെ പിതൃത്വം !!!!!!!
പക്ഷേ ലേബർ റൂമിനുള്ളിൽ മണിക്കൂറുകൾക്കൊടുവിലുള്ള പേറ്റു നോവും സഹിച്ച് തൻറെ രക്തത്തിലുള്ള ഒരാൺ കുഞ്ഞിനു അവൾ ജന്മം നൽകിയപ്പോൾ,ചെയ്തു കൊടുത്തതൊന്നും ഒരംശം പോലുമല്ലായിരുന്നു എന്നു തോന്നി പോയി...
നാസ്നി ജുനൈദ്...

പ്രവേശനോത്സവം..


പുതിയ ഒരു ജീവിതത്തിന്റെ തുടക്കമായിരുന്നു അന്ന്... താൻ ആഗ്രഹിച്ചു നേടിയ ജോലിയിൽ പ്രവേശിക്കേണ്ട ദിവസം... പതിവിലും നേരത്തെ അവൾ ഉണർന്നു,മനസ്സിൽ തയ്യാറെടുപ്പുകൾ നടത്തി .പുറമേ നിന്നു നോക്കിയാൽ എല്ലാവർക്കും നിസ്സാരമായ ഒരു ജോലിയാണ് ഒരു നഴ് സറി ടീച്ചറുടേതു.. പക്ഷേ മറ്റേതു ക്ലാസ്സുകളേക്കാൾ ശ്രമകരമായ ഒരു ദൗത്യമാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കുക എന്നുള്ളത് എന്നു നന്നായി മനസ്സിലാക്കിയ അവൾ കുഞ്ഞുങ്ങളെ കയ്യിലെടുക്കാനുള്ള വിദ്യകൾ ഓരോന്ന് ആലോചിച്ചു കൂട്ടി.. വാപിച്ചിയോടും ഉമ്മിച്ചിയൊടും യാത്ര പറഞ്ഞു അവൾ സ്കൂളിലോട്ടു പുറപ്പെട്ടു... തലേന്നു വർണകടലാസ്സുകളും കളിപാട്ടങ്ങളും,ബലൂണുകളും മിഠായികളുമൊക്കെയായി ഒരു പുതു പെണ്ണിനെ പോലെ ഒരുക്കി നിർത്തിയ ക്ലാസ്സ്‌ മുറി അവൾ ഒന്നു കൂടി നിരീക്ഷിച്ചു.. എല്ലാം തയ്യാറാണ്.. അവൾ ഉറപ്പിച്ചു.. കുഞ്ഞുങ്ങൾ ഓരോന്നായി വന്നു തുടങ്ങി.. ആയയുടെ സഹായത്തോടെ ഓരോരുത്തരെയും ക്ലാസ്സ്‌ മുറിക്കുള്ളിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു... ചില കുഞ്ഞുങ്ങൾ തങ്ങൾ തലേന്നു ഒരുക്കിയ മായിക ലോകത്തിൽ മൂക്കും കുത്തി വീണു.. പുതിയ യൂണിഫോമും ബാഗും വാട്ടർ ബോട്ടിലുമൊക്കെ അവരുടെ അപരിചിത്വത്തെ മായിച്ചു കളഞ്ഞു ..പുറത്തു ആശങ്കാകുലരായി നിൽക്കുന്ന മാതാ പിതാകളെ പോലും ആ കുഞ്ഞു ലോകത്തിൽ അവർ കാണാൻ ശ്രമിച്ചില്ല.. മറ്റു ചില കുഞ്ഞുങ്ങളുടെ കാര്യം ശ്രമകരമായിരുന്നു.. നിറകണ്ണുകളൊടെ,പേടിച്ചരണ്ട മുഖവുമായി, അമ്മയുടെ സാരി തുമ്പിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞുങ്ങളെ വരുതിയിലാക്കാൻ കുറെയധികം സമയം എടുത്തു അവൾക്ക്.. എന്നിരുന്നാലും ചിരിയും കരച്ചിലും സമ്മിശ്രമായ ആ അന്തരീക്ഷത്തിൽ അവരുടെ അമ്മയുടെ റോൾ അവൾ ഏറ്റെടുത്തു.. ആദ്യ ദിവസം കുഞ്ഞുങ്ങളെല്ലാവരെയും സമാശ്വസിപ്പിച്ചു വന്നപ്പോളേക്കും സമയ പരിധി അവസാനിച്ചിരുന്നു.. പിറ്റേന്നും ഒട്ടും ആവേശം ചോരാതെ അതിൽ കൂടുതൽ ആനന്ദത്തിൽ അവൾ അവളുടെ ജോലിയിൽ മുഴുകി..കുട്ടികളോട് അടുക്കാനുള്ള ആദ്യ പടി എന്ന രീതിയിൽ അവൾ കുഞ്ഞുങ്ങളോട് പേര് ചോദിച്ചു ജോലി ആരംഭിച്ചു... കുഞ്ഞുങ്ങളുടെ ഭയവും കുറയും എന്ന ഉദ്ദേശവും അതിനു പിന്നിൽ ഉണ്ടായിരുന്നു.. കുറച്ച് കുഞ്ഞുങ്ങൾ ഒന്നും പറയാതെ അമ്മയെ കാണണം എന്ന ആവശ്യം വീണ്ടും വീണ്ടും ഉന്നയിച്ചു കരയുകയായിരുന്നു.. മറ്റു കുട്ടികൾ കുറുമ്പന്മാരും കുറുമ്പികളും ആയിരുന്നു.. സഭാകമ്പം കൂടാതെ അവർ പേര് പറഞ്ഞു തുടങ്ങി.. ആര്യ,ജാസ്മിൻ, മുഹമ്മദ്‌ ഹാഫിസ്, അപ്പു,ഒമർ, സാം,ലക്ഷ്മി മുഹമ്മദ്‌ ആബിദ്, , മുഹമ്മദ്‌ നബീൽ, മുഹമ്മദ്‌ ഷഫീഖ്, മുഹമ്മദ്‌ ഷംസീർ,മുഹമ്മദ്‌ അസ്ഹർ എന്നിങ്ങനെ കുഞ്ഞു നാവുകൾ കൊഞ്ചലൊടെ അവരുടെ പേരുകൾ പറഞ്ഞു ഒപ്പിച്ചു .. അടുത്തയാളുടെ അടുക്കൽ ചെന്നു .. കൂട്ടത്തിൽ കുറുമ്പ് കൂടുതൽ അവനാണെന്നു തലേന്നു തന്നെ തോന്നിയിരുന്നു.. അതുകൊണ്ട് തന്നെ അവന്റെ പേരറിയാനുള്ള ആകാംഷയും ഉണ്ടായിരുന്നു.. കുറച്ച് സംശയിച്ചു അവൻ പറഞ്ഞു, 'മുഹമ്മദ്‌ രവി വർമ്മ രാജാ '...
ഒന്നു ഞെട്ടിയെങ്കിലും അതു മുഖത്ത് കാണിക്കാതെ അവൾ ക്ലാസ്സ്‌ രെജിസ്റ്ററിൽ അങ്ങനെയൊരു പേരിനായി പരതി നോക്കി.. ആ കുറുമ്പന്റെ പേര് രവി വർമ രാജാ എന്നായിരുന്നു..
അവൾ അവനെ വീണ്ടും വിളിച്ചു.. "രവി എന്തിനാ പേര് മാറ്റി പറഞ്ഞേ, 'മുഹമ്മദ്‌ രവി വർമ്മ രാജാ എന്നല്ലലോ, രവി വർമ രാജാ എന്നു മാത്രല്ലേ ഉണ്ണിടെ പേര്... "
രവിയുടെ മറുപടി താമസമില്ലാതെ തന്നെ വന്നു "ടീച്ചറെ, എൻറെ ഫ്രണ്ട്സ് ഷഫീക്കും ഷംസീറും ആബിദുമെല്ലാം എന്നോട് അങ്ങനെയാണല്ലൊ പേര് പറഞ്ഞത് ടീച്ചറെ .. അവരും മാറ്റി പറഞ്ഞിട്ടുണ്ട് ടീച്ചറെ... "
അടക്കി പിടിച്ച ചിരി അവളുടെ ചുണ്ടിൽ നിന്നും പുറത്ത് ചാടി.. എന്തിനെന്നറിയിലെങ്കിലും രവി അവളുടെ ചിരിയ്ക്കു മുന്നിൽ നിഷ്കളങ്കമായി കൈ കൊട്ടി കുഞ്ഞരി പല്ലും കാട്ടി ചിരിച്ചു.. അതു കണ്ടു രവിയുടെ ഫ്രണ്ട്സും കൈ കൊട്ടി ചിരിച്ചു...
തീൻ മേശയ്ക്കു മുന്നിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലും അവൾ ആ രംഗം ഓർത്തോർത്തു ചിരിച്ചു കൊണ്ടിരിക്കുകയാണ്.. വാപ്പിച്ചിയും ഉമ്മിച്ചിയുടെയും കുശലാന്വേഷണങ്ങൾ ഒന്നും അവളുടെ ചെവികൾ കേട്ടില്ല..
അവളുടെ കൂട്ടുക്കാരനും വഴകാളിയും ആയ പൊന്നാങ്ങള കമന്റ്‌ അടിക്കാൻ മറന്നില്ല.. "പുന്നാര മോൾടെ ആകെ ഉണ്ടായിരുന്ന പിരി ആ പിള്ളേര് പൊളിച്ച് അടുക്കീന്നാ തോന്നണേ.. "
അപ്പോളും മുഹമ്മദ്‌ രവി വർമ്മ രാജ അവളുടെ ചുണ്ടുകളിലെ പുഞ്ചിരി മായ്ക്കാതെ നില നിർത്തി..
നാസ്നി ജുനൈദ്...

വീട്ടിലെ കലാപരിപാടികൾ

ഹോ....വല്ലാത്ത ഒരു ആശ്വാസം...ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു..HOD യുടെ വർക്ക് പ്രഷർ അങ്ങേരു മാനേജരെ ചീത്ത പറഞ്ഞു തീർത്തു,മാനേജർ അത് എന്റെ മേൽ കുറവൊട്ടും കൂടാതെ ചൊരിഞ്ഞു...ഞാൻ വിട്ട് കൊടുത്തില്ല...മുകളിൽ നിന്നുള്ള കലിപ്പ് തീർത്തത് മുഴുവൻ എന്റെ സൂപ്പർവൈസറിന്റെ അടുത്തു,അയാൾ അത് നേരെ ലേബേഴ്സിനോടും തീർത്തു..അവർ അത് സിമെന്റിനോടും കല്ലിനോടും ഒക്കെ തീർത്തു അവസാനിപ്പിച്ചു ....ചുട്ടു പൊള്ളുന്ന വെയിലും പൊടിയും എല്ലാവരെയും നന്നേ അവശരാക്കിയിരുന്നു...ഇനി എത്രയും പെട്ടന്ന് വീടണയണം..
വാട്സ് ആപ്പ് എടുത്തു നോക്കി..ശ്രീമതി കടയിൽ നിന്ന് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എന്തെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് നോക്കി...ഒന്നും ഇല്ല..ഒരു വോയിസ് മെസ്സേജ്..ആ കുറുമ്പി ആയിരിക്കും..
'വാപ്പി എനിച്ചു ലോലിപോപ് വേണം.. ഐസ് കീമും..'
"2 വയസ്സായപ്പോളേക്കും പെണ്ണ് വാട്സാപ്പിൽ വോയിസ് മെസ്സേജ് അയക്കാൻ പഠിച്ചു.. കുറച്ചും കൂടി കഴിഞ്ഞാൽ എന്താവും എന്തോ"
അങ്ങിനെ മോളുടെ ലിസ്റ്റിലുള്ളതും അല്ലാത്തതുമായി അവൾക്ക് കുറച്ചു ഫുഡ് ഐറ്റംസുമായി ഞാൻ വാതിൽ മുട്ടി...അകത്തു നല്ല ബഹളം...അതുകൊണ്ട് കയ്യിലുള്ള സ്പെയർ താക്കോൽ കൊണ്ട് വാതിൽ തുറന്നു...ഉമ്മയും മോളും പതിവ് കലാ പരിപാടിയിലാണ്...കയ്യിൽ പുട്ട് കുത്തുന്ന വടിയുമായി ഉമ്മി...പെരുച്ചാഴിയെ വിഴുങ്ങിയ പാമ്പിന്റെ പോലെ മോളുടെ വായിൽ ചോറുരുള്ള..തൊണ്ട കുഴലിൽ നിന്ന് ചോറ് താഴോട്ട് ഇറങ്ങുന്നില്ല..അതാണ് ഇന്നത്തെ കലാപരിപാടി... എന്നത്തേയും...കണ്ണുരുട്ടിയും വടി കാണിച്ചും ഉമ്മ പേടിപ്പിക്കുന്നു..മോളുന്റെ കണ്ണീർ സാഗരം താഴോട്ട് ഇട തടവില്ലാതെ ഒഴുകുന്നുണ്ടെങ്കിലും ചോറുരുള്ളയിൽ നിന്ന് ഒരു മണി പോലും തൊണ്ടയിൽ നിന്ന് താഴോട്ടു ഇറങ്ങിയില്ല...
ഈ സീനിലോട്ടാണ് നിർഭാഗ്യവശാൽ ഞാൻ കാലെടുത്തു വെച്ചത്..എന്നെ കണ്ടതും മോള് മേശ പുറത്തുന്നു ചാടി ഇറങ്ങി ഓടി വന്നു രണ്ടു കൈകളും പൊക്കി എടുക്കാൻ അഭ്യർത്ഥിച്ചു...സംസാര ശേഷി ഇല്ലാഞ്ഞിട്ടല്ല കേട്ടോ...ചോറുരുള്ള വായിൽ ഉള്ളപ്പോൾ എന്റെ മോൾക്ക് മൗന വ്രതം ആണ്...സംസാരിച്ചാൽ ചോറെങ്ങാനും ഇറങ്ങി പോയാലോ...
കെട്ടി പിടിച്ചു അവൾ കരച്ചിൽ ആയി..കെട്യോള് ആണെങ്കിൽ കലി തുള്ളിയും...
"പുന്നാരിച്ചോ.. പുന്നാരിച്ചോ വശാളാക്കിക്കോ...പെണ്കുഞ്ഞാണു.ഓർത്തോ...കോലം കണ്ടോ...
അപ്പുറത്തെ ഫ്ളാറ്റിലെ പുതിയ താമസക്കാർ ചോദിയ്ക്കാ മോൾക്ക് എത്ര മാസമായി എന്ന്...2 വയസ്സ് എന്ന് പറയുമ്പോൾ എന്റെ തൊലി ഉരിഞ്ഞു പോയി.."
"നിനക്കു 24 മാസം എന്ന് പറയാർന്നില്ലേ...പ്രശനം തീർന്നില്ലേ"ഇതും പറഞ്ഞു
ഞാൻ മോളെയും കൊണ്ട് ബെഡ്റൂമിലോട്ടു ഓടി സീൻ ക്ലിയർ ചെയ്തു.....കാരണം അവളുടെ പരാതി കെട്ട് ഇപ്പളെങ്ങും തീരൂല്ല... അടുക്കളയിൽ നിന്നു നല്ല തട്ടും മുട്ടും കേൾക്കുന്നുണ്ട്..പ്രതിഷേധം ആണ്..ചോറ് കൊടുക്കുന്നതിനിടയിൽ കുഞ്ഞിനെ കൊണ്ട് പോയതിനും എന്റെ വളിഞ്ഞ കോമടിക്കും..റൂമിൽ എത്തിയതും കുറുമ്പിയുടെ കരച്ചിൽ നിന്നു,ചോറും ഇറങ്ങി..കാരണം വാപ്പിയുടെ കയ്യിലെ പൊതി തന്നെ...ലോലിപോപ് മാറ്റി വെച്ചു അവൾ ഐസ് ക്രീം നുണയാൻ തുടങ്ങി...ഇടയ്ക്കു എനിക്ക് ഒരു സ്പൂൺ കോരി എനിക്കും തന്നു.....ശ്രീമതിയുടെ കാലടി ശബ്ദം അടുത്തടുത്ത് വരുന്നുണ്ട്..
"ചായ ."...മേശ പുറത്തു ചായ ഗ്ലാസ് ഉറക്കെ വെച്ച് വീണ്ടും പ്രതിഷേധം...
കുഞ്ഞിനെ കണ്ടതും വീണ്ടും കലി ഇളകി..വായിലും മൂക്കിലും ഒക്കെ ഐസ് ക്രീം ആയി ഇരിക്കുന്ന കുഞ്ഞൂസ്...."കണ്ടോ അപ്പൊ തൊണ്ട കൊഴലിന് കുഴപ്പൊന്നും ഇല്ല...ഞാൻ വെച്ചുണ്ടാക്കുന്നത് മാത്രമേ ഇറങ്ങാതുള്ളൂ...നിങ്ങൾ ഇങ്ങനെ ഓരോന്നും വാങ്ങി കൊടുത്ത് കൊച്ചിനെ വഷളാക്കിക്കോ.. പാടത്തു കൊണ്ടോയി വെക്കാൻ പറ്റിയ കോലം ആയിട്ടുണ്ട്..."
വികട സരസ്വതി വിളയാടിയ പോലെ എന്റെ നാവു പിഴച്ചു.."അല്ലേലും അവൾ രുചിയുള്ളത് കഴിക്കാറുണ്ട്"
ശ്രീമതി ഭദ്ര കാളിയുടെ രൂപം പ്രാപിച്ചു...കണ്ണ് രണ്ടും ഉരുട്ടി...നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന മട്ടിൽ തിരിഞ്ഞു നടന്നു..ഫ്ലാറ്റ് മുഴുവൻ കുലുങ്ങി...
ഇതൊന്നും കേട്ടിട്ടും ഒരു കൂസലുമില്ലാതെ മോള് ഐസ് ക്രീമിൽ മുഴുകി ..എന്തൊക്കെയോ പിറു പിറുക്കൽ ഇപ്പോളും കേൾക്കുന്നുണ്ട്..
സീൻ ശാന്തമാക്കുവാൻ ഞാൻ അടുക്കളയിലോട്ടു നടന്നു...പഴയ സോപ്പ് ഒന്നും പതയൂല..പുതിയ എന്തേലും ഐറ്റം വേണം...ഇത് വരെ ഡയലോഗ് ഒന്നും ഇല്ലാതിരുന്ന ഒരു നാടക നടൻ ഊഴം കാത്തിരുന്നു വന്ന പോലെ ഞാൻ തുടങ്ങി..
"ഞാനും പണ്ട് ഇങ്ങനെ ആയിരുന്നു..ഭക്ഷണം കഴിപ്പിക്കാൻ എന്റെ ഉമ്മ കൊറേ പാട് പെട്ടിരുന്നു"
ഡയലോഗ് മുഴുമ്മിപ്പിക്കാൻ സമ്മതിക്കാതെ അവൾ ഇടയിൽ കേറി കൌണ്ടർ ഇട്ടു."വിത്ത് ഗുണം പത്തു...പിന്നെങ്ങാനാ...മോൾക്ക് വക്കാലത്തും കൊണ്ട് വന്നിരിക്കയാ.."
പ്രതീക്ഷിച്ച പോലെ അവളുടെ ഡയലോഗിന് നീളം കുറവായിരുന്നു..ഞാൻ തുടർന്നു..
"പണ്ട് ഞാൻ നമ്മുടെ മോളെ പോലെ ഭക്ഷണം കഴിക്കാൻ മടി കാണിച്ചത് കൊണ്ടാണ് ഇപ്പൊ നീ പറയുന്നതൊക്കെ കേൾക്കാൻ ഞാൻ ബാക്കി ആയതു..കണ്ണീരിൽ കുതിർന്ന കണ്ണുകളോടെ ഉമ്മ അന്ന് വാരി തന്ന അവസാന ചോറുരുള്ള ,ഉമ്മ കാണാതെ തുപ്പി കളഞ്ഞത് കൊണ്ട് എന്റെ ഉമ്മക്കും കൂടപിറപ്പിന്റെയും കൂടെ വെള്ള പുതച്ചു കിടക്കാൻ എനിക്ക് കഴിഞ്ഞില്ല...അതിൽ വിഷം കലർത്തിയിരുന്നെന്നു എന്റെ കുഞ്ഞി മനസ്സിന് മനസ്സിലായുമില്ല..കാരണം കുറച്ചു ദിവസങ്ങളായി എപ്പോളും ഉമ്മയുടെ കണ്ണുകൾ നിറഞ്ഞേ ഞാൻ കണ്ടിരുന്നുള്ളൂ...നിന്റെ ഉപ്പയുടെ നല്ല മനസ്സ് കൊണ്ട് ഈ അനാഥനെ പഠിപ്പിച്ചു നല്ല നിലയിലാക്കി..നിന്നെ എന്റെ കൈകളിൽ ഏല്പിച്ചു എന്നെ സനാഥനാക്കി."
ഞാൻ ഇടം കണ്ണിട്ടു നോക്കി...സംഭവം ഏറ്റു...അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പൊടിഞ്ഞു..ഇനി ശാന്തമായിക്കോളും..
പെട്ടന്ന് കാലിൽ ഒരു വേദന അനുഭവപെട്ടു...കുട്ടി കുറുമ്പിയുടെ 8 പല്ലിന്റെ അടയാളം കാലിൽ പതിഞ്ഞിരിക്കുന്നു..."ഉമ്മിനെ ചീത്ത പയ്യണ്ടാട്ടാ..."
നല്ലൊരു കടിയും തന്നു അവൾ ഉമ്മാന്റെ മേത്ത് വലിഞ്ഞു കേറി കണ്ണ് രണ്ടും തുടച്ചു..കൂടെ ഡയലോഗും.."ഉമ്മി കരയല്ലേ.. മോൾക് ചങ്കടാവും... വാപ്പിനെ ഞമ്മക്ക് തല്ലാം.."
സീൻ കോൺട്രാ...ഞാൻ ഔട്ട് ആയി..ഉമ്മിയും മോളും സെറ്റ് ആയി..അവൾ അല്ലേല്ലും എന്റെ പോലെയാ..അല്ല എന്നെക്കാൾ വലിയ സോപ്പ് ആണ്...
അങ്ങിനെ സൈറ്റിലെ ഡ്യൂട്ടിയും വീട്ടിലെ ഡ്യൂട്ടിയും കഴിഞ്ഞ ഒരാശ്വാസത്തോടെ ഞാൻ ഫോൺ എടുത്തു...ഒരു കഥയെഴുതി എഫ് ബി യിൽ ഇടാൻ..."വീട്ടിലെ കലാപരിപാടികൾ"..
നാസ്നി ജുനൈദ്..
25/04/2017

പിശുക്കൻ

Image may contain: 1 person, smiling

അയാൾ ഒരു അറു പിശുക്കനായിരുന്നു.. സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കി ഭാര്യയ്ക്കും മക്കള്ക്കും വേണ്ടി വണ്ടി കാളയെ പോലെ ഓടി നടന്നു പണം ഉണ്ടാക്കിയിരുന്ന ഒരു പിശുക്കനായ ഗൃഹനാഥൻ . ഭാര്യയും ഒരു മകളും മകനും അടങ്ങിയ ഒരു ചെറിയ കുടുംബമായിരുന്നു അയാളുടെതെങ്കിലും ധനാഡ്യരായ ഭാര്യവീട്ടുകാരുടെ പരിഹാസത്തിൽ നിന്നുണ്ടായ പ്രതികാരഗ്നിയിൽ പണം ഉണ്ടാക്കാനുള്ള പാച്ചിലിൽ മുഴുകി അവരെ സ്നേഹിക്കാനൊ, അവർക്കൊപ്പം കുശലം പറയാൻ അൽപം സമയം കണ്ടെത്തുവാനോ അയാൾക്ക് കഴിഞ്ഞില്ല.. അവർക്ക് കഴിക്കാൻ സമയാസമയം നല്ല ഭക്ഷണവും ഉടുക്കാൻ മുന്തിയ വസ്ത്രങ്ങളും എല്ലാ വിധ സുഖ സൗകര്യങ്ങളും നൽകി ഉത്തമനായ ഒരു ഗൃഹനാഥനെന്നു അയാൾ സ്വയം അഭിമാനം പൂണ്ടു..വീടിനോട് ചേർന്ന് തന്നെ സ്ഥലങ്ങൾ വാരി കൂട്ടി വർഷാവർഷം പുതിയ കച്ചവട സ്ഥാപനങ്ങൾ അവിടെ തന്നെ തുടങ്ങി ഒരു കൊച്ചു ധനികനായി അയാൾ വളർന്നു.. മക്കൾ നല്ല വിദ്യാഭ്യാസം നേടി വളരുന്നത്‌ അയാൾ മാറി നിന്നു വീക്ഷിച്ചു സന്തോഷിച്ചു.. ആകെയുണ്ടായിരുന്ന മകളെ ദേഹം മുഴുവൻ പൊന്നുമായി, നാടോട്ടുടുക്കും വിളിച്ചു, ആർഭാടമായി കല്യാണവും നടത്തി..പിതാവിന്റെ കടമ നിറവേറ്റിയ നിർവൃതിയോടെ അയാൾ പിന്നെയും ധനം വാരികൂട്ടാനുള്ള തത്രപാടിൽ മുഴുകി..വലിയ പ്രതിസന്ധികളൊന്നുമറിയാതെ ജീവിതം ഇവിടം വരെ എത്തിയെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടം എല്ലാം മാറ്റി മറിച്ചു.. കച്ചവട സ്ഥാപനത്തിൽ ഒരെണ്ണത്തിൽ തീ പിടിച്ചപോൾ നിമിഷ നേരം കൊണ്ടു അവ പടർന്നു മറ്റു സ്ഥാപനങ്ങളെയും വാഹനങ്ങളെയും സ്വന്തം വീടു പോലും വിഴുങ്ങി,അവയെല്ലാം കത്തി നശിച്ചു ചാരമായി മാറിയത് നിസ്സഹായനായി നോക്കി നിൽക്കാനേ അയാൾക്ക്‌ കഴിഞ്ഞുള്ളൂ.. ഉടുതുണിക്ക്‌ മറു തുണിയില്ലാത്ത വിധം വട്ട പൂജ്യത്തിലോട്ടുള്ള തിരിച്ചു പോക്കിലും തളരാതെ ആ മനുഷ്യൻ പിടിച്ചു നിന്നത് വീട്ടിലുണ്ടായിരുന്ന ഭാര്യയെ അപകടം കൂടാതെ രക്ഷിച്ചതോർത്താണു.. സ്കൂൾ വിട്ടു വന്ന മകനും ഭർതൃ വീട്ടിൽ നിന്നും ദുരന്തം അറിഞ്ഞു വന്ന മകളും ദുഖ ഭാരത്താൽ തളർന്നു കിടക്കുന്ന മാതാവിനെ കെട്ടി പുണർന്നു പിതാവിന് നേരെ ആക്രോശിച്ചു... "ഞങ്ങളെ ഒന്നു മോനെയെന്നോ മോളെയെന്നോ വിളിക്കാനോ, സ്നേഹത്തിൽ ഒന്നു തലോടാനോ, എന്തിനു ഞങ്ങളുടെ നേട്ടങ്ങളിലും സന്തോഷങ്ങളിലും ഒന്നു ചിരിക്കാൻ പോലും മറന്നു വാരി കൂട്ടിയതോക്കെയും ഇതാ ഒരു പിടി ചാരമായിരിക്കുന്നു .ഇനിയെങ്കിലും ഒരു atm മെഷീൻ മാത്രം ആകാതെ ഞങ്ങളെ സ്നേഹിക്കുന്ന , സ്നേഹത്തിൽ പിശുക്ക് കാണിക്കാത്ത ഒരു അച്ഛനാകാൻ കഴിയുമോ "
ദുരന്ത ഭൂമിയിൽ ഇതുവരെ തളരാതെ പിടിച്ചു നിന്ന ആ പിതാവിന്റെ ഹൃദയത്തിൽ ചാട്ടുള്ളി കൊണ്ട് അടിച്ച പോലെയായിരുന്നു ആ വാക്കുകൾ ..സ്നേഹം പ്രകടിപ്പിക്കാതെ ഉള്ളിൽ ഒതുക്കിയതുകൊണ്ട് മക്കളുടെ അനിഷ്ടവും വെറുപ്പും മാത്രമാണ് അയാൾ സമ്പാദിച്ചത് .ഇതു വരെ താൻ ജീവിച്ചത് അവർക്ക് വേണ്ടിയാണെന്ന് അവരെ ബോധ്യപ്പെടുത്താനാവാത്ത അവസ്ഥ മാരകമായ വേദനയായി മനസ്സിൽ കിടന്നു നീറി ...ചാമ്പലായ അയാളുടെ സ്വത്തു വകകളോടോപ്പം താനും കതിയെരിഞ്ഞിരുനെന്കില്ലെന്നു അയാൾ ആത്മാര്തമായി ആഗ്രഹിച്ചു ...
"പ്രകടമാവാത്ത സ്നേഹം നിരർത്ഥകമാണ്. പിശുക്കൻെറ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.... "
മാധവിക്കുട്ടിയുടെ ഈ വാക്കുകൾ സത്യമാണെന്ന് ഈ പിശുക്കന്റെ ജീവിതം പോലെ തന്നെ എത്രയോ ജീവിതങ്ങൾ ശരി വെക്കുന്നു..
നാസ്നി ജുനൈദ്.

പതിനെട്ടു തികയാത്ത 'സ്ത്രീ'

ഞാനൊരു സ്ത്രീയാണ്...ഒരു മുസ്ലിമോ ഹിന്ദുവോ കൃസ്ത്യാനിയോ എന്നല്ല ഞാൻ പറഞ്ഞത്... വെറുമൊരു സ്ത്രീ...പതിനെട്ടു തികയാത്ത 'സ്ത്രീ'...സ്ത്രീ എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്..പെണ്കുട്ടിയെന്നല്ല...എന്നെ ജനിപ്പിച്ചവരെന്നു ഞാൻ വിശ്വസിക്കുന്നവരോ ,ആർക്കു വേണ്ടി എന്നെ കാഴ്ച്ച വെച്ചുവോ ആ ഏമാന്മാരോ ഒരു പെൺകുട്ടി ആയി എന്നെ താരം താഴ്ത്തിയിട്ടില്ല...ഒരു സ്ത്രീ ആയി പരിഗണിച്ചു പരിലാളിച്ചു...ഇന്ന് എന്റെ ഉദരത്തിൽ ഒരു കുഞ്ഞു വളരുന്നു...ആൺ കുഞ്ഞെന്നോ പെൺ കുഞ്ഞെന്നോ ഞാൻ ആവലാതി പെടുന്നില്ല...കാരണം നാളെ ആ കുഞ്ഞു ഭൂമിയിലേക്ക് പിറന്നു വീഴുന്നത് (കു)പ്രസിദ്ധിയുടെ കളി തൊട്ടിലിലേക്കാണ്.. ഭാഗ്യം ചെയ്ത കുഞ്ഞു അല്ലേ... ജനങ്ങൾ ചുറ്റും കൂടും പതിനെട്ടു തികയാത്ത 'സ്ത്രീ' പ്രസവിച്ച കുഞ്ഞിന്റെ അച്ഛനാരെന്നു അറിയാൻ...പോലീസും പട്ടാളവും വാർത്താ മാധ്യമങ്ങളും പിന്നാലെ കൂടും...ചുരിദാറിന്റെ ഷാള് കൊണ്ട് മുഖം മറച്ചു ക്യാമറകളിൽ അന്ന് ഞാൻ നിറഞ്ഞാടും...ഹോ...ഞാനറിയുക പോലുമില്ലാത്ത, എന്നെ അറിയുക പോലുമില്ലാത്ത ചേച്ചിമാരും ചേട്ടന്മാരും വാർത്താ ചാനലുകളിൽ കിടന്നു എനിക്ക് വേണ്ടി കുരയ്ക്കുമ്പോൾ എന്നെ ജനിപ്പിച്ചവർ പുറത്തു വിലപേശുകയായിരിക്കും...എന്റെ കുഞ്ഞിന്റെ പിതൃത്വത്തിന്റെ വില...പുറത്തു കൂട്ടം കൂടിയവരിൽ ഒരു കൂട്ടർക്ക് പൂജാരിയെന്നു പറഞ്ഞു കേട്ടാൽ ബഹുകേമമായിരിക്കും,മറ്റു ചിലർക്കു വികാരിയെന്നു പറഞ്ഞു കേള്ക്കണം, വേറൊരു കൂട്ടർ മുസ്ലാലിയാരെന്നു എന്റെ നാവു ഉരുവിടുവാൻ കാശെടുത്തെറിയും,ഭരണപക്ഷത്തിലൊരുവനു പിതൃത്വം വെച്ച് കെട്ടാൻ പ്രതിപക്ഷം ആക്രോശിക്കുമ്പോൾ മറുപുറത്തു വിപരീത നാടകവും അരങ്ങേറും....നാലക്കവും അഞ്ചക്കവും ആറക്കവും ഒക്കെയായി എന്റെ കുഞ്ഞിന്റെ പിതൃത്വത്തിനു വില കൂടും...മനുഷ്യന്മാരല്ലേ..പണം കണ്ടു കണ്ണ് മഞ്ഞളിക്കും.. പൂജാരിയെന്നോ വികാരിയെന്നോ ഉസ്താദെന്നോ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉരിവിടാനാകാത്ത വിധം എല്ലാ കൂട്ടരിൽ നിന്നും ജനിപ്പിച്ചവർ പണം വാരി കൂട്ടും ...ഒടുവിൽ ദിവ്യഗർഭമാണെന്നു പറയാൻ നിർ വാഹമില്ലാത്തതിനാൽ എന്നെ ജനിപ്പിച്ചവൻ തന്നെ എന്റെ കുഞ്ഞിന്റെയും പിതൃത്വം ഏറ്റെടുക്കട്ടെ...ഷീറ്റിട്ട ചോരുന്ന കുടിൽ രണ്ടു നില മണിമാളികയായി മാറട്ടെ...ചാണകം വിരിച്ച മുറ്റം ഇന്റർലോക്കിലോട്ടു സ്ഥാനാരോഹണം ചെയ്യട്ടെ.. അതിലൂടെ ഓടി കളിക്കുന്ന എന്റെ കുഞ്ഞു ,ചാരു കസേരയിൽ കിടന്നുറങ്ങുന്ന എന്റച്ഛനെ വിളിക്കട്ടെ 'അച്ഛനെ'ന്നു...അച്ഛനും അമ്മയും പണം കൊടുത്താൽ കിട്ടുമെങ്കിൽ ഒരു തുള്ളി ബീജമാരുടേതെന്നു ഉറപ്പിക്കാൻ കഴിയാതെ , അതോർത്തു കരയുന്ന എന്നെ എന്റെ കുഞ്ഞു വിളിക്കും മമ്മിയെന്നല്ല പകരം 'മണ്ടി'യെന്നു...മണ്ടിയായ മമ്മി...
നാസ്നി ജുനൈദ്..

നഗ്നത


കുറച്ചൊന്നു നടന്നപോളേക്കും കുട്ടൂസൻ പതിവ് അടവെടുത്തു.. "വാപ്പി കാലു വേനിക്കുന്നു... നമ്മുക്ക് അവിടെ ഇരിക്കാം"...പതിവ് തെറ്റിക്കാതെ ശരിയായ സ്ഥലത്തു വെച്ച് തന്നെ അവന്റെ കാലു പണി മുടക്കി..മറൈൻ ഡ്രൈവിൽ കാറ്റു കൊള്ളാൻ ഇറങ്ങുന്ന സായാഹ്നങ്ങളിൽ സ്ഥിരം നടക്കുന്ന നാടകമായത് കൊണ്ട് തന്നെ ഞങ്ങളിരുവരുടെയും ചുണ്ടുകളിൽ പിശുക്കൊട്ടും തന്നെ ഇല്ലാതെ മന്ദസ്മിതം തെളിഞ്ഞു...അടുത്ത ഡയലോഗിനായി കാതുകൾ കൂർപ്പിച്ചു... കുട്ടൂസന്റെ കണ്ണുകൾ തൊട്ടടുത്തുള്ള കടയിലേക്ക് ഇടക്കിടക്കു തെന്നി മാറുന്നത് ഒളികണ്ണിട്ട് ഞാൻ നോക്കി രസിച്ചു... വാവ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ വിരൽ കുടിച്ചു ആത്മ സംതൃപ്തി നേടുകയായിരുന്നു..
അറബി കടലിന്റെ ഓളങ്ങളെ തഴുകിയെത്തിയ പടിഞ്ഞാറൻ കാറ്റ് ഞങ്ങൾ ഇരുന്ന മരച്ചുവട്ടിലെ ഇലകളിൽ തട്ടി തടഞ്ഞു കല പില ശബ്ദമുണ്ടാക്കി...സായാഹ്‌ന സൂര്യനൊപ്പം തന്നെ കൂടണയാനായി കിളികൾ വ്യഗ്രതയോടെ ശിഘരങ്ങൾ അന്വേഷിച്ചു പറന്നു...ദേശാടന പക്ഷികൾ ആകാശത്തിൽ ഒരു ചിത്രം തീർക്കുന്ന പ്രതീതിയിൽ ഒരുമിച്ചൊരു പട്ടാളം പോലെ ലക്ഷ്യ സ്ഥാനത്തേക്ക് പറന്നു നീങ്ങി...കച്ചവട സ്ഥാപനങ്ങളിൽ വെളിച്ചം തെളിഞ്ഞു.. അസ്തമയ സൂര്യൻ മഞ്ഞയിൽ നിന്ന് ചുവപ്പായി പിന്നെ കറുപ്പിന്റെ കമ്പിളി പുതപ്പിനുള്ളിൽ ലോകത്തെ മൂടിയിട്ടു.. കപ്പലണ്ടി കച്ചവടക്കാരൻ തിടുക്കത്തിൽ ഇരുമ്പു ചട്ടിയിൽ തട്ടി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു...അയാളുടെ പക്കൽ നിന്ന് മൂന്ന് പൊതി വാങ്ങി ,ഒരു പൊതി കുട്ടൂസനു കൊടുത്തു...മുഖം തെളിഞ്ഞില്ല.. തെളിയുകയുമില്ല..അത് ഞങ്ങൾക്ക് അറിവുള്ള കാര്യമാണ്...
വാപിയോട് അടുത്ത് ഒന്ന് കൂടി ചേർന്നിരുന്ന് കുട്ടൂസൻ സ്വകാര്യം പറഞ്ഞു..
"വാവേടെ ടോയ്‌സ് ചീത്തയായാലോന്നു വെച്ചിട്ടാ...സണ്ണി അങ്കിളിന്റെ ബേബി ഇനി വരുമ്പോ മോൻ ടോയ്‌സ് കൊടുക്കാം..പ്രോമിസ്..പ്ലീസ് വാപ്പി ,നമ്മക്ക് ആ കടയിൽ പോയി ഐസ് ക്രീം വാങ്ങാം.."
തലേന്ന് ഉണ്ടായ സംഭവത്തിൽ കുറ്റം ഏറ്റു പറഞ്ഞു ഒരു ഐസ് ക്രീം ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കുട്ടൂസൻ... വാവേടെ കളിപ്പാട്ടങ്ങൾ ആരും എടുക്കണ്ടാന്നു വാശി പിടിച്ചു ബാഡ് ബോയ് പട്ടം സ്വയം എടുത്തണിഞ്ഞു സണ്ണി അങ്കിളിന്റെ കുഞ്ഞാവയെ കരയിപ്പിച്ചതു കൊണ്ട് ഇനി കുട്ടൂസന് ഐസ് ക്രീം വാങ്ങി കൊടുക്കണ്ടാന്ന് ഞാൻ അവന്റെ വാപിയോട് അന്ത്യശാസനം കൊടുത്തിരുന്നു.."ആദ്യം കുട്ടൂസൻ ഗുഡ് ബോയ് ആവട്ടെ.. എന്നിട്ട് മതി ഐസ് ക്രീം..."
പ്രിയ പുത്രന്റെ അഭ്യര്ഥനയിൽ അവന്റെ വാപ്പി ഐസ് ക്രീം പോലെ അലിഞ്ഞിലാതായത് കൊണ്ടാവണം ഇക്കാൻറെ കണ്ണുകൾ എന്നെ നോക്കി ചിരിച്ചു...
"ങ്ഹും", എനിക്കിങ്ങനെ അലിയാൻ നിവൃത്തിയില്ലലോ... കുട്ടൂസൻ തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ വാവയെ ഗർഭം ധരിക്കേണ്ടി വന്നപ്പോൾ അവന്റെ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു.. വാവയായപ്പോളേക്കും വാശിയുടെയും കുറുമ്പിന്റെയും കൂടാരമായി അവൻ മാറി കഴിഞ്ഞിരിക്കുന്നു.. ഇനിയിപ്പോ ഇത്തരം ട്രിക്‌സ് ഉണ്ടെങ്കിലേ അവനെ അനുനയിപ്പിക്കാൻ സാധിക്കൂ.. അതുകൊണ്ട് ഞാൻ അലിഞ്ഞതായി നടിച്ചില്ല..
കുട്ടൂസൻ ക്ഷമാപണവുമായി ഒടുവിൽ എന്റെ അടുക്കൽ എത്തി..
" ഉമ്മി പ്ലീസ് ഉമ്മി... ഞാൻ നാളെ മുതൽ ഗുഡ് ബോയ് ആയിക്കോളാം.. നല്ല ഉമ്മിയല്ലേ.. മോൻ ഐസ് ക്രീം വാങ്ങി തരോ.."
"എല്ലാവര്ക്കും എല്ലാം ഷെയർ ചെയ്യുമോ" ഗൗരവം വിടാതെ ഞാൻ ചോദിച്ചു..
"ങും",അവൻ മൂളി..
സോപ്പ് ഇട്ടു പതപ്പിച്ചു പതപ്പിച്ചു ഒടുവിൽ എന്റെ സമ്മതവും നേടി വാപ്പിയുടെ കയ്യിലും തൂങ്ങി അവൻ കടയിലോട്ടു ഓടി..
അവന്റെ കുസൃതിയും നിഷ്കളങ്കതയും ഓർത്തു മനസ്സിൽ ചിരിച്ചു കൊണ്ടിരിക്കെ പിന്നിൽ ആരോ പിറു പിറക്കുന്നത് കേട്ടു
"പന്നി നായിന്റെ മോൾ,പന്നി നായിന്റ...."
അതെ തീയേറ്ററിൽ നിന്ന് കണ്ട അതെ ആള് തന്നെ...ഹൌസ്സ് ഫുൾ ആയി ഓടുന്ന പഠത്തിന് ടിക്കറ്റ് കിട്ടാതെ ഞങ്ങളുൾപ്പടെ വലിയൊരു ജന സാഗരം തന്നെ നിരാശരായി മടങ്ങി എങ്കിലും, തേച്ചു മിനുക്കിയ ഇളം നീല ഷർട്ടും ചാര കളർ പാന്റും പോളിഷ് ചെയ്തു മിനുക്കിയ ഷൂവും ,ചീകി ഒതുക്കിയ മുടിയും ഒത്ത വണ്ണവും ഉയരവും ഉള്ള ,കാഴ്ച്ചയിൽ കേമനായ അയാൾ ഇതേ വാക്കുകൾ കൊണ്ട് ഭാര്യയെ അവിടെ വെച്ചും ശകാരിച്ചിരുന്നു..ടിക്കറ്റ് കിട്ടാത്തത് അവളുടെ മാത്രം കുറ്റമാണെന്നുള്ള പോലെ അയാൾ അവിടെയും ഉരുവിട്ടിരുന്നു..
"പന്നി നായിന്റെ മോൾ..ഒരു സ്ഥലത്തേക്ക് സമയത്തിനു ഇറങ്ങൂല..പന്നി....."
റബ്ബേ ഇത്ര നേരമായിട്ടും അയാൾക്ക് നിർത്താറായില്ലേ...വീട്ടിൽ ചെന്നിട്ടു പോരെ ഇയാളുടെ കസർത്തു..
സംശയം കൊണ്ട് ഞാൻ വീണ്ടും അയാളുടെ ചുണ്ടുകൾ ശ്രദ്ധിച്ചു.. അതെ...അയാളുടെ ആ തേച്ചു മിനുക്കിയ ശരീരം തന്നെയാണ് ഈ വാക്കുകൾക്ക് ഉടമസ്ഥൻ..
പല്ലുകൾ കടിച്ചമർത്തിയിട്ടും കൈകൾ ചുരുട്ടിയിട്ടും ദേഷ്യം തീരാത്തതു കൊണ്ടാവണം അയാൾ വീണ്ടും വീണ്ടും പിറു പിറുത്തു..."പന്നി കഴുവെറിടെ മോൾ"
എന്റെ കണ്ണുകൾ മാത്രമല്ല ചുറ്റുമുള്ള എല്ലാ കണ്ണുകളും അയാളിൽ തന്നെ തറഞ്ഞു നിന്നു.. അയാളിൽ നിന്ന് സ്വല്പം അകലം പാലിച്ചു മാന്യമായി തന്നെ വസ്ത്രധാരണം ചെയ്ത ആ സ്ത്രീ രണ്ടു കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചു നടന്നു..മൂടി കെട്ടി നിൽക്കുന്ന കാറ്മേഘമായിരുന്നു അവളുടെ കണ്ണുകൾ .. കണ്ണ് നീർ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തുള്ളി പോലും തുളുമ്പി വീണില്ല... നിർവ്വികാരതയാൽ അവളുടെ മുഖം കനത്തു.. കുഞ്ഞുങ്ങൾ പേടിച്ചരണ്ട കണ്ണുകളും അപമാന ഭാരം പേറിയ മുഖവുമായി അമ്മയെ ഇറുകെ പിടിച്ചു നടന്നു വന്നു..
പെട്ടന്ന് സുന്ദരിയായ ആ പൊന്നു മോളുടെ കൈകളിൽ ആരോ കേറി പിടിച്ചു...
"റബ്ബേ. അതെന്റെ കുട്ടൂസനാണലോ... വാപ്പിയുടെ മോൻ തന്നെ"..സന്ദർഭത്തിന്റ് ഗുരുതരാവസ്ഥ ഓർത്തു കൊണ്ട് ഞാൻ അവന്റെ അടുത്തേക്കോടി..
"ഉമ്മി ഇതെന്റെ ഗേൾ ഫ്രണ്ട്...ഏബെൽ ജോസഫ്.. എന്റെ എൽ .കെ .ജി .ബി യിൽ ആണ് ഇവളും പഠിക്കനെ .."
"എന്റെ വാപ്പി വാങ്ങി തന്നതാ.. ഐസ് ക്രീം..നീ എടുത്തോ...ഞാൻ വേറെ വെടിപ്പിച്ചോളാം.."
തന്നോടൊപ്പം നടന്നെത്താത്തതിനു അവരെ പിന്തിരിഞ്ഞു നോക്കി അയാൾ വീണ്ടും പല്ലുകൾ കടിച്ചമർത്തി...
നിസ്സഹായയായി അവൾ കുട്ടൂസന്റെ നെറുകയിൽ ഒന്ന് തലോടി അയാൾക്കൊപ്പം എത്താൻ ധൃതി കൂട്ടി പോയി..
അവർ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു... അയാൾ എന്തൊക്കെയോ പിറ പിറുത്തുകൊണ്ടിരുന്നു... അയാളുടെ വസ്ത്രങ്ങൾ മുഴുവൻ അഴിഞ്ഞു വീഴുന്നതായും നഗ്നനായ ഒരുവൻ വഴി നീളം നടന്നു അസഭ്യം പുലമ്പുന്നത് പോലെയും എനിക്കനുഭവപ്പെട്ടു..ആ കുഞ്ഞുങ്ങളെ ഓർത്തു നിരാശയും..
"ഉമ്മി ഉമ്മി, അവളെന്താ എന്റെ ഐസ് ക്രീം വാങ്ങാഞ്ഞെ.. ഞാൻ ഗുഡ് ബോയ് ആയതല്ലേ ഇന്ന് മുതൽ.."
കുട്ടൂസന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു ഞാൻ പറഞ്ഞു ," ഉമ്മിടെ ചക്കര ഗുഡ് ബോയ് തന്നെയാ...കുട്ടൂസിന്റെ ഗേൾ ഫ്രണ്ടിന്റെ വാപ്പി ഇതിലും ടേസ്റ്റ് ഉള്ള ഐസ് ക്രീം വാങ്ങി കൊടുക്കാൻ പോവാണ്.. കട പൂട്ടുന്നതിനു മുൻപ്പ് എത്തണ്ടെ.. അതാ മുത്തിന്റെ ഐസ് ക്രീം വാങ്ങാതെ ഓടി കളഞ്ഞത്.."
നടന്നു നീങ്ങിയ ദൂരമത്രെയും സഹതാപ കണ്ണുകളാൽ ആക്രമിക്കപ്പെട്ട ആ കുഞ്ഞുങ്ങളെ ഒരു നിമിഷത്തേക്കെങ്കിലും കോപം മറന്നു ആ മനുഷ്യൻ ഓർത്തെങ്കിൽ എന്ന് ഞാൻ വെറുതെ മനഃപായസ്സാം ഉണ്ടു..ജീവിത കാലം മുഴുവൻ പന്നിയുടെയും നായയുടെയും മകളായി ജീവിക്കാൻ വിധിക്കപ്പെട്ട ആ സ്ത്രീയുടെ രൂപം കപ്പലണ്ടി കച്ചവടക്കാരന്റെ മണ്ണെണ്ണയടുപ്പിൽ നിന്നുയർന്ന തീ ആകാശത്തിലേക്കുയർന്നു പൊന്തി ഒരഗ്നി ഗോളമായി അവളെ വിഴുങ്ങിയെങ്കിലെന്നു വെറുതെ സങ്കല്പിച്ചു.. കുന്നു കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്ക് നടുവിൽ നഗ്നനായ അയാളെയും എന്റെ ഭാവനാ ലോകത്തു ഞാൻ കണ്ടു...അപ്പോളും അയാൾ ഉരുവിട്ട് കൊണ്ടിരുന്നു"പന്നി..നായിന്റെ..മോൾ..."
നാസ്നി ജുനൈദ്..

നീണ്ടു പുളഞ്ഞു കിടക്കുന്ന....

നീണ്ടു പുളഞ്ഞു കിടക്കുന്ന ട്രാഫിക്കിനിടയിൽ എങ്ങിനെ ഫ്ലാറ്റ് എത്തും എന്നു നെടുവീർപ്പിടുമ്പോളാണ് അവളുടെ ഫോൺ റിങ് ചെയുന്നത് .. സ്കൂളിൽ നിന്നു മോളുടെ ടീച്ചർ ആയിരന്നു ... വാഹനങ്ങളുടെ ബഹളം അസഹനീയമായതിനാൽ തിരിച്ചു വിളിക്കാം എന്നുള്ള മറുപടി നൽകി അവൾ ഫോൺ വെച്ചു ..ഒന്നൊന്നര മണികൂർ പിന്നിട്ട് ട്രാഫിക്കിനെയും പ്രാകി കൊണ്ടവൾ ലിഫ്റ്റിലോട്ട് കയറുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു .ഡിന്നർ ഉണ്ടാകാൻ ഇനി തന്നെക്കൊണ്ടാവില്ലെന്നു ഉറപ്പിച്ചു ഫോൺ എടുത്ത് കുത്തി മോൾക്ക് ഇഷ്ടമുള്ള ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു . ഫ്ലാറ്റിന്റെ സ്പർ കീ ഉള്ളത് കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ അവൾ അകത്തു കയറി .പതിവ് വാർത്ത ചാനൽ ആർക്കോ വേണ്ടി ഓൺ ആയി കിടക്കുന്നുണ്ട് . ഓഫീസിൽ നിന്നെത്തിയ ഭർത്താവ് പതിവ് പോലെ സോഫയിൽ ചാരി കിടന്നു ഉറങ്ങുന്നുമുണ്ട്..ഭർത്താവ് അഴിക്കാൻ മടിച്ച ഷോക്‌സുകൾ വലിച്ചൂരിയെടുത്തു ഉത്തമയായ ഭാര്യയുടെ കടമ നിറവേറ്റാൻ അവൾ മറന്നില്ല.. മകളുടെ റൂമിന്റെ വാതിൽ പതിയെ തള്ളി തുറന്നപ്പോൾ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ പുസ്തകത്തിൽ കണ്ണും നട്ടിരിക്കുന്ന മകളെ കുറിച്ചോർത്തു അഭിമാനം കൊണ്ടു.. അവളുടെ കാര്യങ്ങൾ അവൾ തന്നെ മാനേജ് ചെയ്യുന്നുണ്ടലൊ എന്നോർത്ത്...
"നാളെ എക്സാം ഉണ്ടോ അമ്മു ",അവളുടെ ചോദ്യം കേട്ടു ഞെട്ടി അമ്മു തലയുയർത്തി നോക്കി
"ഉം... "അമ്മുവിൻറെ മറുപടി..
"എന്നാ പഠിച്ചോ.. അമ്മ മോൾക്കിഷ്ടമുള്ള ഫ്രൈഡ് ചിക്കനും പെപ്സിയും ഓർഡർ ചെയ്‌തിട്ടുണ്ട്, ഫുഡ് എത്തുമ്പോൾ വിളിക്കാം ട്ടോ... "
ഒരു മേശയുടെ മൂന്ന് മൂലകളിലായിരുന്നു മൂന്ന് ലോകകങ്ങളിൽ മുഴുകി മൂന്ന് പേരും ഭക്ഷണം കഴിച്ചു, ആലങ്കാരികമായി ഒരു ഗുഡ് നൈറ്റും പാസാക്കി അവർ ഉറങ്ങാൻ പിരിഞ്ഞു...
മറ്റൊരു ദിവസം പുതുമയൊന്നും കൂടാതെ അവർക്കിടയിൽ പിറന്നു വീണു.ഓഫീസ്സിലെ തിരക്കൊഴിഞ്ഞ വേളയിൽ ആ ഫോൺ വീണ്ടും ശബ്ദമുയർത്തി.. അമ്മുവിന്റെ ടീച്ചർ തന്നെയാണല്ലോ.. തന്റെ മറവിയെ ശപിച്ചു കൊണ്ട് ഫോൺ ചെവിയോട് ചേർത്തു..
അങ്ങേ തലക്കൽ ശബ്ദിച്ചു...
"ഹലോ അമ്മുവിന്റെ അമ്മയല്ലേ.. ഇന്നലെ വിളിച്ചിരുന്നു.. റെസ്പോൺസ് ഒന്നും ഉണ്ടായില്ല.. എന്തായാലും അത്യാവശ്യമായി സ്കൂൾ വരെയൊന്നു വരണം."
തിരിച്ചു വിളിക്കാൻ മറന്നതിന്റെ ജാള്യത ഉള്ളത് കൊണ്ട് ഒഴിവു കഴിവൊന്നും പറയാതേ ഇന്ന് തന്നെ വരാം എന്ന് സമ്മതിച്ചു..ഹാഫ് ഡേ ലീവ് എടുത്ത് സ്കൂളിലൊട്ടു പുറപ്പെട്ടു...മനസ്സാകെ ദേഷ്യം ആയിരുന്നു.. എക്സാമിൽ മാർക്ക് കുറഞ്ഞിട്ടുണ്ടാവും അമ്മുവിന്റെ.. അല്ലാതെ അത്യാവശ്യമായി വിളിച്ചു വരുത്തേണ്ട കാര്യമെന്താ?...
സ്കൂളിൽ എത്തി...ഇന്റർവെൽ സമയം...അവളെ കണ്ടതും അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് രാഖി ഓടി വന്നു..." ആന്റി ആന്റി, അമ്മുന്റെ അസുഖം കുറഞ്ഞോ,ഇന്നലെ ഞങ്ങളൊക്കെ പേടിച്ചു പോയി.. കൊറേ ചോര ഉണ്ടാർന്നു.."
"അസുഖമോ, അമ്മുവിനോ....എവിടേലും വീണോ...ഇന്നലെ മുറിവൊന്നും കണ്ടില്ലല്ലോ...ചോരയോ....അപ്പോൾ അമ്മു ഇന്ന് സ്കൂളിൽ ?.........."
കുറേ ചോദ്യാവരികൾ മനസ്സിലൂടെ ശര വേഗത്തിൽ പാഞ്ഞു പോയി...സ്ഥിതി ഗതികളുടെ സത്യാവസ്ഥയറിയാനായി രേഖയോട് മറു ചോദ്യം ചോദിക്കുന്നതിനു മുൻപ് പിന്നിൽ നിന്ന് ഒരു വിളി കേട്ടു...
"അമ്മുവിന്റെ അമ്മ വന്നിട്ട് കുറെ നേരമായോ.. വരൂ..സ്റ്റാഫ് റൂമിൽ ഇരുന്ന് സംസാരിക്കാം..."
"അമ്മു ആകെ ഡെസ്പ് ആണ്... ഈ ചെറിയ പ്രായത്തിൽ കുട്ടികൾക്ക് അത് മനസ്സിലാവാനുള്ള പക്‌വത ഇല്ലാത്തതു കൊണ്ടാവാം..."എനിക്ക് എന്തോ അസുഖമാ ടീച്ചർ.. ഞാൻ മരിച്ചു പോകും "എന്നും പറഞ്ഞാണ് അമ്മു ഇന്നലെ എന്നെ കെട്ടിപിടിച്ചു കരഞ്ഞത്...വയറു വേദന കൊണ്ട് ഇന്നലെ പുളയുകയായിരുന്നു...വീട്ടിലോട്ടു കൊണ്ടു പോകാൻ വേണ്ടി മാടത്തിനെ ഇന്നലെ കുറെ ട്രൈ ചെയ്തു.. കിട്ടിയില്ല...ഒടുവിൽ യൂണിഫോം ഒക്കെ വാഷ് ചെയ്തു എല്ല്ലാം പറഞ്ഞു മനസ്സിലാക്കി സ്കൂൾ ബസ്സിൽ കേറ്റി വിട്ടു...4 ദിവസായെന്നു അമ്മു പറഞ്ഞു.. സ്കൂളിൽ വിടേണ്ടീരുന്നില്ല....കുട്ടിയാകെ പേടിച്ചിരിക്കയല്ലേ...എല്ലാം കഴിഞ്ഞിട്ട് ഇനി സ്കൂളിൽ വിട്ടാൽ മതി...ഇപ്പോ അമ്മു കൂൾ ആയോ...കുഞ്ഞു മനസ്സല്ലേ... കുറച്ചു ദിവസം ലീവ് എടുത്ത് കൂടെ ഇരിക്കുന്നത് നല്ലതായിരിക്കും...പേടിയൊക്കെ മാറി കോളും. "
പിന്നെ പറഞ്ഞതൊന്നും അവൾ കേട്ടില്ല...താൻ എല്ലാം അറിഞ്ഞ മട്ടിലാണ് ടീച്ചർ സംസാരിക്കുന്നത്...തിരുത്താൻ അവളുടെ ആത്മാഭിമാനം അനുവദിച്ചില്ല...
ടീച്ചറോട് യാത്ര പറഞ്ഞു സ്കൂളിൽ നിന്ന് ഇറങ്ങി... ഹാഫ് ഡേ ലീവ് എടുത്തതിനാൽ തിരിച്ചുള്ള യാത്ര ഫ്ലാറ്റിലൊട്ടായിരുന്നു.. യാന്ത്രികമായി സ്റ്റിയറിംഗ് ചലിച്ചു കൊണ്ടിരുന്നു.. ഗിയറുകൾ മാറി കൊണ്ടിരുന്നു
നാലാംക്ലാസ്സിൽ പഠിക്കുന്ന തൻറെ മകൾ വയസ്സറിയിച്ചിരിക്കുന്നു...അടി വസ്ത്രത്തിലും പാവാടയിലും പടരുന്ന രക്ത കറയും അസഹനീയമായ വയറു വേദനയും തന്റെ മകളുടെ മനസ്സിൽ മരണ ഭീതി ഉണ്ടാക്കിയിരിക്കുന്നു.. മാറാരോഗത്തിന് അടിമയാണെന്ന തോന്നലിൽ ആ പിഞ്ചു ഹൃദയം പിടഞ്ഞിട്ടുണ്ടാവാം.പക്ഷെ അവളെ തകർത്തു കളഞ്ഞത് ഇതൊന്നുമായിരുന്നില്ല... അവളുടെ മാതൃത്വത്തെ നിശ്ചലമാക്കിയ ഹേതു മാറ്റൊന്നായിരുന്നു..നാലു ദിവസമായിട്ടു പോലും,ഇത്രയധികം മാനസിക ഭയം ഉള്ളിൽ ഉണ്ടായിട്ട് പോലും, തന്റെ മകൾ ഒന്നും തന്നെ അറിയിച്ചില്ലല്ലോ.."മരണ ഭീതിയാൽ ടീച്ചറുടെ മുന്നിൽ നിന്റെ മനസ്സ് വിതുമ്പികരഞ്ഞു... കെട്ടിപിടിച്ചു ആശ്വാസത്തിനായി കൊതിച്ചു.. അപ്പോളും ഈ അമ്മയെ നീ ഓർകാഞ്ഞതെന്തേ കുഞ്ഞേ"...കണ്ണുനീർ ചാലുകൾ അവളുടെ കവിളുകളിലൂടെ ഒഴുകി ഇറങ്ങി...തന്റെ മകൾക്ക് താൻ ഒരു അന്യ ആണെന്ന തിരിച്ചറിവിൽ നെഞ്ചിടം പിടഞ്ഞു. ...സ്വന്തം മനസ്സ് സ്വയമേ പ്രാകി കൊണ്ടിരുന്നു.തന്റെ മകളെക്കാളേറെ തന്റെ ജോലിയെയും തിരക്കുകളെയും പ്രണയിച്ചതിനു... ആർട്സ് ഡേയ്‌ക്കോ സ്കൂൾ ഡേയ്‌ക്കോ കിട്ടാത്ത സമയം റിപ്പോർട്ട് കാർഡ് വാങ്ങാൻ മാത്രം കിട്ടുന്നതിൽ..അവളുടെ മാർക്ക് പറഞ്ഞു മറ്റുള്ളവരോട് വീമ്പോതുമ്പോൾ ,അവൾ വരച്ച ചിത്രങ്ങളെയും പാടിയ പാട്ടുകളേയും, നൃത്ത ചുവടുകളെയെലാം നിഷ്കരുണം അവഗണിച്ചതിന്നു. അവൾക്കു പ്രിയപ്പെട്ട ഭക്ഷണം എന്തെന്ന് ആരായതത്തിൽ, സമയ ലാഭത്തിനായി നിത്യവും നൂഡില്സിനെയും ഫാസ്റ്റ് ഫുഡിനെയും ആശ്രയിച്ചതിൽ... എല്ലാത്തിനും ഒടുവിൽ ഒരു ബ്രോയിലർ കോഴിയെ പോലെ അമ്മുവിന്റെ ശരീരവും വലുതായി കൊണ്ടിരിക്കുന്നത് കണ്ടില്ലെന്നു നടിച്ചതിൽ..വീടെത്തി പേടിച്ചരണ്ടിരിക്കുന്ന തന്റെ പോന്നോമനയെ നെഞ്ചോടു ചേർക്കും വരെ അവളുടെ ഹൃദയം പാപഭാരത്താൽ പുകയുകയായിരുന്നു...മാനേജരെ വിളിച്ചു ഒരാഴ്ച്ച ലീവ് പറഞ്ഞു ഫോൺ വെക്കുമ്പോൾ അമ്മുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കു ആശ്വാസത്തിന്റെ നിഴൽ വീണിരുന്നു...
എന്റെ സുഹൃത്തായ ഒരു അധ്യാപികയ്ക്കുണ്ടായ സമാനമായ ഒരനുഭവത്തിൽ നിന്നും ഉടലെടുത്ത സാങ്കല്പിക കഥാപാത്രങ്ങളാണ് അമ്മുവും അമ്മുവിന്റെ അമ്മയും . അമ്മുവിനെ പോലെ കളിച്ചു നടക്കേണ്ട പ്രായത്തിൽ തന്നെ ആർത്തവത്തെ നേരിടേണ്ടി വരുന്ന ബാല്യങ്ങൾ ഇപ്പോൾ വിരളമല്ല..
ഇപ്പോൾ ഉള്ള ജീവിത സാഹചര്യങ്ങളും, ഭക്ഷണ രീതിയും മൂലം, പണ്ട് കാലത്തു പതിനാലും പതിനഞ്ചും വയസ്സിൽ നടന്നിരുന്ന 'വയ്യസ്സറിയിക്കൽ 'എന്ന പ്രക്രിയ ഇപ്പോളത്തെ ഒട്ടു മിക്ക പെൺകുഞ്ഞുങ്ങളും10 വയസ്സ് ആവുമ്പോളേക്കും നേരിടുന്നു.. കാരണം മറ്റൊന്നുമല്ല, നമ്മുടെ മക്കളും ബ്രോയിലർ കോഴികളെ പോലെ നേരത്തെ പാകപ്പെടുകയാണ്.. തങ്ങളുടെ ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അമ്പരന്നു നിൽക്കുന്ന അമ്മുവിനെ പോലുള്ള കുഞ്ഞുങ്ങൾക്ക് അമ്മമാർ സുഹൃത്തുകളായാൽ തീരാവുന്ന പ്രശ്നമേ ഉള്ളു... സമയാസമയം നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് ചെറിയ തോതിലുള്ള ബോധവത്കരണം കൊടുത്താൽ, ആർത്തവം ഒരു രോഗമല്ലെന്നു ഒരു സൂചന നൽകിയാൽ ,സമാനമായ സാഹചര്യങ്ങൾ ഒഴുവകാവുന്നതെ ഉള്ളു...എല്ലാത്തിനും ഉപരി ,ഒരാശ്വാസത്തിനായി മക്കൾ എന്നും ഓടി വരുന്നത് അമ്മയുടെ മടിയിലേക്കാണെന്നു നിങ്ങളുടെ പ്രവർത്തികളെ സാക്ഷിയാക്കി ഉറപ്പ് വരുത്തുക..
നാസ്നി ജുനൈദ്...

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo