കുറച്ചൊന്നു നടന്നപോളേക്കും കുട്ടൂസൻ പതിവ് അടവെടുത്തു.. "വാപ്പി കാലു വേനിക്കുന്നു... നമ്മുക്ക് അവിടെ ഇരിക്കാം"...പതിവ് തെറ്റിക്കാതെ ശരിയായ സ്ഥലത്തു വെച്ച് തന്നെ അവന്റെ കാലു പണി മുടക്കി..മറൈൻ ഡ്രൈവിൽ കാറ്റു കൊള്ളാൻ ഇറങ്ങുന്ന സായാഹ്നങ്ങളിൽ സ്ഥിരം നടക്കുന്ന നാടകമായത് കൊണ്ട് തന്നെ ഞങ്ങളിരുവരുടെയും ചുണ്ടുകളിൽ പിശുക്കൊട്ടും തന്നെ ഇല്ലാതെ മന്ദസ്മിതം തെളിഞ്ഞു...അടുത്ത ഡയലോഗിനായി കാതുകൾ കൂർപ്പിച്ചു... കുട്ടൂസന്റെ കണ്ണുകൾ തൊട്ടടുത്തുള്ള കടയിലേക്ക് ഇടക്കിടക്കു തെന്നി മാറുന്നത് ഒളികണ്ണിട്ട് ഞാൻ നോക്കി രസിച്ചു... വാവ ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ വിരൽ കുടിച്ചു ആത്മ സംതൃപ്തി നേടുകയായിരുന്നു..
അറബി കടലിന്റെ ഓളങ്ങളെ തഴുകിയെത്തിയ പടിഞ്ഞാറൻ കാറ്റ് ഞങ്ങൾ ഇരുന്ന മരച്ചുവട്ടിലെ ഇലകളിൽ തട്ടി തടഞ്ഞു കല പില ശബ്ദമുണ്ടാക്കി...സായാഹ്‌ന സൂര്യനൊപ്പം തന്നെ കൂടണയാനായി കിളികൾ വ്യഗ്രതയോടെ ശിഘരങ്ങൾ അന്വേഷിച്ചു പറന്നു...ദേശാടന പക്ഷികൾ ആകാശത്തിൽ ഒരു ചിത്രം തീർക്കുന്ന പ്രതീതിയിൽ ഒരുമിച്ചൊരു പട്ടാളം പോലെ ലക്ഷ്യ സ്ഥാനത്തേക്ക് പറന്നു നീങ്ങി...കച്ചവട സ്ഥാപനങ്ങളിൽ വെളിച്ചം തെളിഞ്ഞു.. അസ്തമയ സൂര്യൻ മഞ്ഞയിൽ നിന്ന് ചുവപ്പായി പിന്നെ കറുപ്പിന്റെ കമ്പിളി പുതപ്പിനുള്ളിൽ ലോകത്തെ മൂടിയിട്ടു.. കപ്പലണ്ടി കച്ചവടക്കാരൻ തിടുക്കത്തിൽ ഇരുമ്പു ചട്ടിയിൽ തട്ടി ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു...അയാളുടെ പക്കൽ നിന്ന് മൂന്ന് പൊതി വാങ്ങി ,ഒരു പൊതി കുട്ടൂസനു കൊടുത്തു...മുഖം തെളിഞ്ഞില്ല.. തെളിയുകയുമില്ല..അത് ഞങ്ങൾക്ക് അറിവുള്ള കാര്യമാണ്...
വാപിയോട് അടുത്ത് ഒന്ന് കൂടി ചേർന്നിരുന്ന് കുട്ടൂസൻ സ്വകാര്യം പറഞ്ഞു..
"വാവേടെ ടോയ്‌സ് ചീത്തയായാലോന്നു വെച്ചിട്ടാ...സണ്ണി അങ്കിളിന്റെ ബേബി ഇനി വരുമ്പോ മോൻ ടോയ്‌സ് കൊടുക്കാം..പ്രോമിസ്..പ്ലീസ് വാപ്പി ,നമ്മക്ക് ആ കടയിൽ പോയി ഐസ് ക്രീം വാങ്ങാം.."
തലേന്ന് ഉണ്ടായ സംഭവത്തിൽ കുറ്റം ഏറ്റു പറഞ്ഞു ഒരു ഐസ് ക്രീം ഒപ്പിക്കാനുള്ള തത്രപ്പാടിലാണ് കുട്ടൂസൻ... വാവേടെ കളിപ്പാട്ടങ്ങൾ ആരും എടുക്കണ്ടാന്നു വാശി പിടിച്ചു ബാഡ് ബോയ് പട്ടം സ്വയം എടുത്തണിഞ്ഞു സണ്ണി അങ്കിളിന്റെ കുഞ്ഞാവയെ കരയിപ്പിച്ചതു കൊണ്ട് ഇനി കുട്ടൂസന് ഐസ് ക്രീം വാങ്ങി കൊടുക്കണ്ടാന്ന് ഞാൻ അവന്റെ വാപിയോട് അന്ത്യശാസനം കൊടുത്തിരുന്നു.."ആദ്യം കുട്ടൂസൻ ഗുഡ് ബോയ് ആവട്ടെ.. എന്നിട്ട് മതി ഐസ് ക്രീം..."
പ്രിയ പുത്രന്റെ അഭ്യര്ഥനയിൽ അവന്റെ വാപ്പി ഐസ് ക്രീം പോലെ അലിഞ്ഞിലാതായത് കൊണ്ടാവണം ഇക്കാൻറെ കണ്ണുകൾ എന്നെ നോക്കി ചിരിച്ചു...
"ങ്ഹും", എനിക്കിങ്ങനെ അലിയാൻ നിവൃത്തിയില്ലലോ... കുട്ടൂസൻ തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ വാവയെ ഗർഭം ധരിക്കേണ്ടി വന്നപ്പോൾ അവന്റെ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു.. വാവയായപ്പോളേക്കും വാശിയുടെയും കുറുമ്പിന്റെയും കൂടാരമായി അവൻ മാറി കഴിഞ്ഞിരിക്കുന്നു.. ഇനിയിപ്പോ ഇത്തരം ട്രിക്‌സ് ഉണ്ടെങ്കിലേ അവനെ അനുനയിപ്പിക്കാൻ സാധിക്കൂ.. അതുകൊണ്ട് ഞാൻ അലിഞ്ഞതായി നടിച്ചില്ല..
കുട്ടൂസൻ ക്ഷമാപണവുമായി ഒടുവിൽ എന്റെ അടുക്കൽ എത്തി..
" ഉമ്മി പ്ലീസ് ഉമ്മി... ഞാൻ നാളെ മുതൽ ഗുഡ് ബോയ് ആയിക്കോളാം.. നല്ല ഉമ്മിയല്ലേ.. മോൻ ഐസ് ക്രീം വാങ്ങി തരോ.."
" ഉമ്മി പ്ലീസ് ഉമ്മി... ഞാൻ നാളെ മുതൽ ഗുഡ് ബോയ് ആയിക്കോളാം.. നല്ല ഉമ്മിയല്ലേ.. മോൻ ഐസ് ക്രീം വാങ്ങി തരോ.."
"എല്ലാവര്ക്കും എല്ലാം ഷെയർ ചെയ്യുമോ" ഗൗരവം വിടാതെ ഞാൻ ചോദിച്ചു..
"ങും",അവൻ മൂളി..
സോപ്പ് ഇട്ടു പതപ്പിച്ചു പതപ്പിച്ചു ഒടുവിൽ എന്റെ സമ്മതവും നേടി വാപ്പിയുടെ കയ്യിലും തൂങ്ങി അവൻ കടയിലോട്ടു ഓടി..
അവന്റെ കുസൃതിയും നിഷ്കളങ്കതയും ഓർത്തു മനസ്സിൽ ചിരിച്ചു കൊണ്ടിരിക്കെ പിന്നിൽ ആരോ പിറു പിറക്കുന്നത് കേട്ടു
"പന്നി നായിന്റെ മോൾ,പന്നി നായിന്റ...."
അതെ തീയേറ്ററിൽ നിന്ന് കണ്ട അതെ ആള് തന്നെ...ഹൌസ്സ് ഫുൾ ആയി ഓടുന്ന പഠത്തിന് ടിക്കറ്റ് കിട്ടാതെ ഞങ്ങളുൾപ്പടെ വലിയൊരു ജന സാഗരം തന്നെ നിരാശരായി മടങ്ങി എങ്കിലും, തേച്ചു മിനുക്കിയ ഇളം നീല ഷർട്ടും ചാര കളർ പാന്റും പോളിഷ് ചെയ്തു മിനുക്കിയ ഷൂവും ,ചീകി ഒതുക്കിയ മുടിയും ഒത്ത വണ്ണവും ഉയരവും ഉള്ള ,കാഴ്ച്ചയിൽ കേമനായ അയാൾ ഇതേ വാക്കുകൾ കൊണ്ട് ഭാര്യയെ അവിടെ വെച്ചും ശകാരിച്ചിരുന്നു..ടിക്കറ്റ് കിട്ടാത്തത് അവളുടെ മാത്രം കുറ്റമാണെന്നുള്ള പോലെ അയാൾ അവിടെയും ഉരുവിട്ടിരുന്നു..
"പന്നി നായിന്റെ മോൾ..ഒരു സ്ഥലത്തേക്ക് സമയത്തിനു ഇറങ്ങൂല..പന്നി....."
റബ്ബേ ഇത്ര നേരമായിട്ടും അയാൾക്ക് നിർത്താറായില്ലേ...വീട്ടിൽ ചെന്നിട്ടു പോരെ ഇയാളുടെ കസർത്തു..
സംശയം കൊണ്ട് ഞാൻ വീണ്ടും അയാളുടെ ചുണ്ടുകൾ ശ്രദ്ധിച്ചു.. അതെ...അയാളുടെ ആ തേച്ചു മിനുക്കിയ ശരീരം തന്നെയാണ് ഈ വാക്കുകൾക്ക് ഉടമസ്ഥൻ..
പല്ലുകൾ കടിച്ചമർത്തിയിട്ടും കൈകൾ ചുരുട്ടിയിട്ടും ദേഷ്യം തീരാത്തതു കൊണ്ടാവണം അയാൾ വീണ്ടും വീണ്ടും പിറു പിറുത്തു..."പന്നി കഴുവെറിടെ മോൾ"
എന്റെ കണ്ണുകൾ മാത്രമല്ല ചുറ്റുമുള്ള എല്ലാ കണ്ണുകളും അയാളിൽ തന്നെ തറഞ്ഞു നിന്നു.. അയാളിൽ നിന്ന് സ്വല്പം അകലം പാലിച്ചു മാന്യമായി തന്നെ വസ്ത്രധാരണം ചെയ്ത ആ സ്ത്രീ രണ്ടു കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ചു നടന്നു..മൂടി കെട്ടി നിൽക്കുന്ന കാറ്മേഘമായിരുന്നു അവളുടെ കണ്ണുകൾ .. കണ്ണ് നീർ നിറഞ്ഞു നിന്നിരുന്നെങ്കിലും ഒരു തുള്ളി പോലും തുളുമ്പി വീണില്ല... നിർവ്വികാരതയാൽ അവളുടെ മുഖം കനത്തു.. കുഞ്ഞുങ്ങൾ പേടിച്ചരണ്ട കണ്ണുകളും അപമാന ഭാരം പേറിയ മുഖവുമായി അമ്മയെ ഇറുകെ പിടിച്ചു നടന്നു വന്നു..
പെട്ടന്ന് സുന്ദരിയായ ആ പൊന്നു മോളുടെ കൈകളിൽ ആരോ കേറി പിടിച്ചു...
"റബ്ബേ. അതെന്റെ കുട്ടൂസനാണലോ... വാപ്പിയുടെ മോൻ തന്നെ"..സന്ദർഭത്തിന്റ് ഗുരുതരാവസ്ഥ ഓർത്തു കൊണ്ട് ഞാൻ അവന്റെ അടുത്തേക്കോടി..
"ഉമ്മി ഇതെന്റെ ഗേൾ ഫ്രണ്ട്...ഏബെൽ ജോസഫ്.. എന്റെ എൽ .കെ .ജി .ബി യിൽ ആണ് ഇവളും പഠിക്കനെ .."
"എന്റെ വാപ്പി വാങ്ങി തന്നതാ.. ഐസ് ക്രീം..നീ എടുത്തോ...ഞാൻ വേറെ വെടിപ്പിച്ചോളാം.."
തന്നോടൊപ്പം നടന്നെത്താത്തതിനു അവരെ പിന്തിരിഞ്ഞു നോക്കി അയാൾ വീണ്ടും പല്ലുകൾ കടിച്ചമർത്തി...
നിസ്സഹായയായി അവൾ കുട്ടൂസന്റെ നെറുകയിൽ ഒന്ന് തലോടി അയാൾക്കൊപ്പം എത്താൻ ധൃതി കൂട്ടി പോയി..
അവർ കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിന്നു... അയാൾ എന്തൊക്കെയോ പിറ പിറുത്തുകൊണ്ടിരുന്നു... അയാളുടെ വസ്ത്രങ്ങൾ മുഴുവൻ അഴിഞ്ഞു വീഴുന്നതായും നഗ്നനായ ഒരുവൻ വഴി നീളം നടന്നു അസഭ്യം പുലമ്പുന്നത് പോലെയും എനിക്കനുഭവപ്പെട്ടു..ആ കുഞ്ഞുങ്ങളെ ഓർത്തു നിരാശയും..
"ഉമ്മി ഉമ്മി, അവളെന്താ എന്റെ ഐസ് ക്രീം വാങ്ങാഞ്ഞെ.. ഞാൻ ഗുഡ് ബോയ് ആയതല്ലേ ഇന്ന് മുതൽ.."
കുട്ടൂസന്റെ നെറുകയിൽ ഒരുമ്മ കൊടുത്തു ഞാൻ പറഞ്ഞു ," ഉമ്മിടെ ചക്കര ഗുഡ് ബോയ് തന്നെയാ...കുട്ടൂസിന്റെ ഗേൾ ഫ്രണ്ടിന്റെ വാപ്പി ഇതിലും ടേസ്റ്റ് ഉള്ള ഐസ് ക്രീം വാങ്ങി കൊടുക്കാൻ പോവാണ്.. കട പൂട്ടുന്നതിനു മുൻപ്പ് എത്തണ്ടെ.. അതാ മുത്തിന്റെ ഐസ് ക്രീം വാങ്ങാതെ ഓടി കളഞ്ഞത്.."
നടന്നു നീങ്ങിയ ദൂരമത്രെയും സഹതാപ കണ്ണുകളാൽ ആക്രമിക്കപ്പെട്ട ആ കുഞ്ഞുങ്ങളെ ഒരു നിമിഷത്തേക്കെങ്കിലും കോപം മറന്നു ആ മനുഷ്യൻ ഓർത്തെങ്കിൽ എന്ന് ഞാൻ വെറുതെ മനഃപായസ്സാം ഉണ്ടു..ജീവിത കാലം മുഴുവൻ പന്നിയുടെയും നായയുടെയും മകളായി ജീവിക്കാൻ വിധിക്കപ്പെട്ട ആ സ്ത്രീയുടെ രൂപം കപ്പലണ്ടി കച്ചവടക്കാരന്റെ മണ്ണെണ്ണയടുപ്പിൽ നിന്നുയർന്ന തീ ആകാശത്തിലേക്കുയർന്നു പൊന്തി ഒരഗ്നി ഗോളമായി അവളെ വിഴുങ്ങിയെങ്കിലെന്നു വെറുതെ സങ്കല്പിച്ചു.. കുന്നു കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങൾക്ക് നടുവിൽ നഗ്നനായ അയാളെയും എന്റെ ഭാവനാ ലോകത്തു ഞാൻ കണ്ടു...അപ്പോളും അയാൾ ഉരുവിട്ട് കൊണ്ടിരുന്നു"പന്നി..നായിന്റെ..മോൾ..."
നാസ്നി ജുനൈദ്..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക