Slider

മരുമക്കത്തായത്തിന്റെ കാലത്തെ കഥയാണ്

0
Image may contain: 1 person, beard, outdoor and closeup

'വരിക വരിക വേണം
വയനാട്ട് കുലവൻ ദൈവം
വയനാടഞ്ചും മുന്നൂറ് കാതവും
അവിടെയും പന്തീരുകാതം
ഇവിടെയും പന്തീരുകാതം
അകമല പന്ത്രണ്ടു കാതം
പുറ മലപതിനെട്ടു കാതം.......
മെടഞ്ഞ ഉണക്ക തെങ്ങോലയിൽ ചമ്രം പടിഞ്ഞിരുന്ന് കണ്ണൻ പെരുവണ്ണാൻ തോറ്റം തുടങ്ങി. ചിറക്കൽ തറവാട്ടിൽ 'പുതിയോട്ക്കൽ'. തറവാട്ടംഗമായ ചിരുത ചടങ്ങിനെത്താൻ വൈകി. കിഴക്ക് പെയ്ത മഴയിൽ അന്ന് കരിച്ചേരി പുഴയിൽ അസാമാന്യ ഒഴുക്കായിരുന്നു.ചെറിയമ്മാവൻ തോണി കടത്താം എന്നെറ്റതാണ്, എത്താൻ വൈകി. ചിരുതയും മക്കളും കാത്തിരുന്ന് മുഷിഞ്ഞു. ചൂട്ടും കെട്ടി അഞ്ചിടങ്ങഴി അരിയും, അഞ്ച് തേങ്ങയും, 25 വാഴയിലയും, കുലദൈവമായതൊണ്ടച്ചന് കലശം വെക്കാനുള്ള ഒരു കുപ്പി കള്ളും കൊണ്ട് മല കടന്ന് ചിറക്കൽ എത്താൻ മൂന്ന് നാല് മണിക്കൂറെടുക്കും.
.......................
വെളിച്ചപ്പാടിന്റെയും, കുലദൈവം തൊണ്ടച്ചന്റയം അനുഗ്രഹം വാങ്ങി ചോറും കഴിച്ച് പുതിയോട്ക്കലിന്റ പ്രസാദമായ അടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്.
"വൈകി വന്നവർക്ക് അട കുറച്ച് കൊടുത്താ മതി"
തറവാട്ട് കാരണവരുടെ ഉത്തരവ്.കൊടിയിലയിൽ ശർക്കരയും, തേങ്ങയും ചേർത്ത നാല് അടയായിരുന്നു.കഴിഞ്ഞ വർഷം വരെ ചിരുതയ്ക്ക് കൊടുത്തിരുന്നത്. ഇപ്രാവിശ്യം രണ്ടാക്കി ചുരുക്കി.
''എന്തേ ചീരു കരയുന്നത്. " ?
വല്യമ്മാവനാണ്. തണ്ടും, തടിയും, സമ്പത്തുമുള്ള വല്യമ്മാവൻ. മരുമക്കളെ മക്കളെ പോലെ നോക്കുന്നയാൾ. മരുമോളുടെ സങ്കടത്തിന്റെ കാരണമാരാഞ്ഞു.
"തറവാട്ടീന്ന് രണ്ട് കഷണം അടയേ തന്നുള്ളൂ വല്യമ്മാവാ. ഇതിനെ ഞാൻ എവിടൊക്കൊക്കെ വീതിച്ച് കൊടുക്കും..? നേരം താമസിച്ചത് കൊണ്ട് തറവാട്ട് കാർന്നോർ ഇത്ര കൊടുത്താ മതീന്ന് പറഞ്ഞു.''
" കുമാരാ.... ( ചെറിയമ്മാവനെയാണ് ) നാളെന്നെ കോതോർമ്മൻ ആശാരിനെ കാണണം. വളപ്പിലെ പടിഞ്ഞാറെ മൂലക്ക് തെങ്ങിന് താഴെയുള്ള തേക്ക് മരം നോക്കിക്കണം. ഒരു കൊട്ടിലിന്റെ മരം കിട്ടും(കൊട്ടിൽ തൊണ്ടച്ചൻ ദൈവത്തിന്റെ ആ യുധങ്ങളും, വിളക്കും വെക്കാനുള്ള മരത്തിന്റെ ശിൽപ്പം 6 അടിയോളം നീളം 5 അടിയോളം വീതിയുമുള്ള കൊത്തുപണികൾ ഉള്ള ശിൽപ്പം). ഞാൻ പോയി ഇരിയയിലെ തന്ത്രിനെ കാണാം. നല്ലൊരു ദിവസം നോക്കി കുറ്റിയിടണം. എന്റെ കുഞ്ഞിക്ക് (ചിരുതയെ അങ്ങനെയാണ് വിളിക്കുന്നത് ) ഞാൻ തന്നെ തൊണ്ടച്ചനെ കുടിയിരുത്തി കൊടുക്കും. ഇനി കൈതേരിയിലേക്ക് പോവേണ്ട."
അഭിമാനത്തിനും, വാശിക്കും വല്യമ്മാവനെ കവച്ച് വെക്കാൻ ആരുമില്ല. പെങ്ങളുടെ വീടിന്റെ (ചിരുതയുടെ അമ്മ ) തൊട്ടടുത്ത് 'കുഴിഞ്ഞടി' യിൽതന്നെ തറവാട് പണിതു കൊടുത്തു.ഇരിയയിലെ തന്ത്രിയെ കൊണ്ട് കുലദൈവമായ തൊണ്ടച്ചൻ ദൈവത്തിന്റെയും, ഉറ്റ ചങ്ങാതി വിഷ്ണുമൂർത്തിയുടെയും സാന്നിദ്ധ്യം പ്രതിഷ്ഠിച്ചു. തറവാട്ടിന് സമീപത്ത് തന്നെ ഗുളികനേയും പ്രതിഷ്ഠിച്ചു.
ചിറക്കൽ കാർന്നോരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും വല്യമ്മാവന്റെ നിശ്ചയദാർഠ്യത്തിനും, കരുത്തിനും മുന്നിൽ അതൊക്കെ നിഷ്പ്രഭമായി.ചിരുതയും മക്കളും ശിഷ്ടകാലം കുഴിഞ്ഞടിയിലെ തറവാട്ടിൽ ' പുതിയോട്ക്കൽ' ഗംഭീരമായി തന്നെ കൊണ്ടാടി.
മരുമക്കത്തായത്തിന്റെ കാലത്തെ കഥയാണ്. മാനത്തിനും, അഭിമാനത്തിനും വലിയ പ്രാധാന്യം കൊടുത്തിരുന്ന കാലം.
(പുതിയോട്ക്കൽ..... അത്യുത്തരകേരളത്തിലെ ഒരു പ്രത്യേക സമുദായം തങ്ങളുടെ തറവാട്ട് കുലദൈവമായ തൊണ്ടച്ചൻ (വയനാട്ട് കുലവൻ) ദൈവത്തിന് പ്രസാദം നേദിക്കുന്ന ചടങ്ങ്)

By: James TK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo