Showing posts with label JitheshPaniker. Show all posts
Showing posts with label JitheshPaniker. Show all posts

ബാധ .

ബാധ ..
നാല് കൂട്ടം കറികളും അതിനു പുറമെ വറുത്ത മീനും ചിക്കനും പിന്നെ സാധാരണയുള്ളതു പോലെ കടുമാങ്ങ അച്ചാറും പച്ചടിയും ഒക്കെ ചേർത്ത് "അത്താഴം അരവയർ " എന്ന ചൊല്ല് തൽക്കാലം മറന്നു മുഴുവയർ തന്നെ കയറ്റി, പിറ്റേന്ന് സുഖമായി "പോകാൻ " ഒരു മൈസൂർപ്പഴവും കഴിച്ചായിരുന്നു പ്രഭാകരൻ മേനോൻ നിദ്രയായതു . പക്ഷെ പതിവ് തെറ്റിച്ചു പിറ്റേന്ന് കാലത്തു കക്കൂസിലിരുന്നപ്പോൾ ഒന്നും പോയില്ല വെറും കാറ്റ് മാത്രം . ആകെ വിഷണ്ണനായി വയറും തടവി ഇരുന്നു . ഒരു ചായ കുടിച്ചാൽ ശരിയാകുമെന്ന് കരുതി , അതും സ്വാഹാ !! പ്രാതലിനു "എന്നെ വിഴുങ്ങൂ.." എന്നും പറഞ്ഞു തീന്മേശയിലിരുന്ന ഒരു കുറ്റി പുട്ടും , നെയ്പത്തിരിയും കടലക്കറിയും മട്ടൺ സ്റ്റൂ വും ഒക്കെ നോക്കി നുണച്ചിറക്കാനേ സ്തംഭിച്ച വയറുമായി നിൽക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞുള്ളു .
ഉടനെ ഡ്രൈവറെ വിളിച്ചു സ്പെഷലിസ്റ്റിന്റെ അടുത്തേക്ക് ഓടി . അദ്ദേഹം കുറിച്ച് തന്ന മരുന്നുകളും ഫൈബർ അടങ്ങിയിട്ടുള്ള പഴങ്ങളും പെരുമാറി നോക്കി ഒരു രക്ഷയുമില്ല . ഉച്ചക്കും രാത്രിയും ചോറ് നോക്കിയിരിക്കാനേ കഴിഞ്ഞുള്ളു . വൈദ്യർ പറഞ്ഞ പിപ്പല്യാസവവും തേനും മറ്റും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല . മാത്രമല്ല സ്ഥലത്തു മറ്റു ചിലർക്കും ഇതേ അസുഖം വന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു . പ്രത്യേകിച്ചും സുഹൃത്തുക്കളായ എസ്റ്റേറ്റ് മുതലാളി അബ്രഹാമിനും , ഷോപ്പിംഗ് കോംപ്ലക്സ് ഉടമ അബ്ദുല്ല ഹാജിയാർക്കും . നാണക്കേട് കാരണം ആരും അങ്ങോട്ടുമിങ്ങോട്ടും അന്വേഷിച്ചില്ല !!.
വടക്കു നിന്ന് ഒരു കാഷായധാരി സിദ്ധൻ നാട്ടിലെത്തിയിട്ടുണ്ടെന്നു ആരോ പറഞ്ഞത് . അയാളുടെ കയ്യിലുള്ള തീർത്ഥം മാറ്റാത്ത രോഗമില്ലത്രേ . മറ്റാരെങ്കിലും കൊണ്ടുപോകുന്നതിന് മുൻപ് തന്നെ മേനോൻ വീട്ടിൽ വരുത്തി . ചോറ് കാണുമ്പോൾ ഛർദിക്കാൻ തോന്നുന്നുണ്ടെന്നു പറഞ്ഞപ്പോൾ ഒരു പ്ലേറ്റ് നിറയെ ചോറ് കൊണ്ട് വരാൻ പറഞ്ഞു . ധ്യാനത്തിലിരുന്ന സിദ്ധൻ കണ്ണ് തുറക്കാതെ പറഞ്ഞു
"ഇത് ശരീരത്തിന്റെ അസുഖമല്ലാ വത്സാ , ഇത് ബാധ കൂടിയതാണ് "
സ്വാമി ഭാണ്ഡത്തിൽ നിന്നും ഒരു ചൂരൽ എടുത്തു . മേനോന്റെ കണ്ണ് തള്ളി ഇത് വരെ എല്ലാവരെയും അടിക്കുക മാത്രം ചെയ്തിട്ടുള്ള എന്നെ ..... കക്കൂസിൽ ഇരുന്നു ഇരുന്നു വേദന കയറിയ ചന്തി ചൂരൽപ്രഹരത്തിൽ പുളഞ്ഞു .
"പറ നീ ആരാണ് ?, ഏതു ജാതി ഏതു മതം ??"
അതുവരെ മന്ത്രം ചൊല്ലിയിരുന്ന സിദ്ധന്റെ ശബ്ദം ഉച്ചത്തിലായി . ഉത്തരം വന്നു.
"എനിക്ക് ജാതിയും മതവും ഇല്ല , കണ്ടു പിടിക്കാമെങ്കിൽ കണ്ടു പിടിച്ചോ "
സാധാരണ ബാധയുടെ അലർച്ചയും അട്ടഹാസങ്ങളും ഒന്നും ഇല്ലാതെ മണ്ണും വെള്ളവും പോലെ തണുത്തു മരവിച്ച ആ മറുപടിയും വെല്ലുവിളിയും സിദ്ധനെ കുറച്ചു പരിഭ്രമത്തിലാഴ്ത്തി . എന്തായാലും കീഴടങ്ങാൻ പറ്റില്ലല്ലോ .
"മേനോനോട് പാത്രത്തിലെ ചൂടുചോറിലേക്കു സൂക്ഷിച്ചു നോക്കാൻ പറഞ്ഞു " വീണ്ടും സ്വാമി ധ്യാനത്തിലായി . പതിയെ കണ്ണ് തുറന്നു ചോറിലേക്കു നോക്കിയ സ്വാമിയുടെ കണ്ണ് തള്ളി
"നാല് കാലുകൾ !!" ... ഹോ ഗോമാതാ , കാളപിതാ..." സിദ്ധൻ ചാടിയെഴുന്നേറ്റു കൈ കൂപ്പി .
ഇത്തവണ ബാധ ഒച്ച വെച്ചു
"സൂക്ഷിച്ചു നോക്കെടാ !!"
കാളയല്ല, കാളയെ പോലെ എല്ലുന്തി കരുവാളിച്ച ഒരു മനുഷ്യൻ , മെല്ലിച്ചതെങ്കിലും ചേറിന്റെ മണമുള്ള ഇരുമ്പു പോലെയുള്ള അവന്റെ കൈത്തണ്ടകൾ തന്റെ മുഖത്ത് ഏതു നിമിഷവും വീഴും എന്ന് സ്വാമിക്ക് തോന്നി, അവന്റെ കണ്ണിലെ തീ സിദ്ധനെ പൊള്ളിച്ചു . നോക്കിയിരിക്കെ അണു വിഘടിക്കുന്നതു പോലെ അവൻ പെരുകുന്നു നൂറായി പതിനായിരമായി കോടിയായി.... പേടിച്ചു സ്തംഭിച്ച വയറുമായി സിദ്ധൻ പുറത്തേക്കോടി .
വിറച്ചു നിൽക്കുന്ന മേനോനും ദർശനം കിട്ടി . " സാധാരണ ഭക്ഷണം കഴിക്കുന്ന ആർക്കും എന്നെ മനസ്സിലാവുമെടാ , നിന്റെ തീന്മേശയിൽ നിറയുന്ന വിഭവങ്ങൾ എന്റെ ചോരയുടെ രുചിയും വിയർപ്പിന്റെ ഉപ്പുമാണെടാ !!"
ജിതേഷ് പൊയിലൂർ

പരിഹാരം


പരിഹാരം ....
1 ) ഉത്തരകൊറിയയെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കും - ട്രംപ്
നീ പുളുത്തും..... കിം
2 ) അമേരിക്കയിലെ എല്ലാ സിറ്റികളും തകർക്കാനുള്ള മിസൈൽസ് ന്റെ ബട്ടൺ എന്റെ കോട്ടിൽ ഉണ്ട് .... കിം
ആ മിസൈൽസ് അവിടെ വെച്ച് തന്നെ പൊട്ടിക്കാനുള്ള ബട്ടൺ എന്റെ ട്രൗസറിന്റെ നാടയിൽ ഉണ്ട് ..... ട്രംപ്
ഇവന്മാരെ കൊണ്ട് വലിയ പ്രശ്നമായല്ലോ !!
ഞാൻ ഫോണെടുത്തു , സംഖ്യ ഗണിച്ചെടുത്തു കോൺഫെറൻസ് കോൾ ഇട്ടു ഇത്തിരി നേരം മാന്തി പുണ്ണാക്കിയപ്പോൾ മറുതലയ്ക്കൽ അപായമണി മുഴങ്ങി ... അല്പം അമാന്തിച്ചെങ്കിലും അധികം മുഷിപ്പിക്കാതെ ഒരു മൊശകോടൻ ഫോൺ എടുത്തു ....
“ഹലോ...”
“ഹലോ ... വെള്ളവീടല്ലേ ??”
“ ഇത് വൈറ്റ് ഹൌസ് ആണ് .... “
“പൊയിലൂരിൽ ഇങ്ങനെയാണ് പറയുക മിഷ്ടർ , ഞാൻ പൊയിലൂർ കാരനാണ്‌ തുറുപ്പു ഗുലാനില്ലേ അവിടെ ??”
“യു മീൻ ട്രംപ് അദ്ദ്യം “
“ മിടുക്കൻ , യന്ത്രം കൊടുക്കുക ...”“ഹലോ , പൊയിലൂർകാരനാണ് , എന്താടോ നന്നാവാത്തതു .... “
“എന്ത് .... ? “
“ വിട്ടുകള , സന്ദർഭവശാൽ ഒരു സിനിമാവാക്യം വന്നുപോയതാ , എന്താ ഫോണെടുക്കാൻ ഒരമാന്തം .... “
“ആരാധകരുടെ ശല്യം തന്നെ .... “
“ ഇവിടെയുമുണ്ട് അങ്ങിനെ ശല്യം സഹിക്കുന്ന ഒരാൾ (സെയിം പിഞ്ച് ) പേര് സന്തോഷ് പണ്ഡിറ്റ് !!”
“ ഓഹോ , അതിരിക്കട്ടെ എന്താ വിളിച്ചത് മിഷ്ടർ പൊയിലൂർ ...??”
“ പറയാം , മറ്റവനും കൂടി വരട്ടെ കോൺഫറൻസ് കോൾ ആണ് !!”
“ഛായ് , മറ്റവനുമായി ഞാൻ മിണ്ടില്ലെന്നറിയില്ലേ
“ഏതു ...!!?”
“അല്ല താങ്കൾ പറഞ്ഞത് കൊണ്ട് അല്പസമയം ചിലവഴിക്കാം .....”
“അത് .... “
ഇനി മറ്റവനെ വിളിക്കാം ,
“ ഹലോ , കിങ്കോങ് അല്ലെ .... ??”“അല്ല , ഇത് കിം ജോംഗ് ഉൻ ന്റെ ഓഫീസ് ആണ് !”
“അതെ , അത് തന്നെ , വലിയ ദമ്പട്ടൊന്നും വേണ്ട , കിങ്‌കോങ് അത് മതി , ഞാൻ പൊയിലൂർകാരൻ ആണ് ... !”
“ശരി ശരി എന്താ കാര്യം ?”
“കോൺഫറൻസ് കോൾ ആണ് മറ്റവൻ മറുതലക്കൽ വെയ്റ്റിംഗ് ആണ് “
“അവനോടു മിണ്ടാനോ , ഞങ്ങൾ തമ്മിൽ പിണക്കമാണെന്നറിയില്ലേ , ഞങ്ങൾ മാധ്യമ സിൻഡിക്കറ്റ് വഴി മാത്രമേ സംസാരിക്കാറുള്ളു!!”
“ഭാ , തന്നോടാരാ സംസാരിക്കാൻ പറഞ്ഞത് , പറയുന്നത് കേട്ടാൽ മതി “
“ രണ്ടു പേർക്കും കേൾക്കാമോ ?”
“ഓ , കേൾക്കാം
“നിങ്ങളെന്താ പഹയന്മാരെ ഇടയ്ക്കിടയ്ക്ക് പൊട്ടിക്കും പൊട്ടിക്കും എന്ന് പറഞ്ഞു നാട്ടുകാരെ ബേജാറാക്കുന്നതു !! ഒന്നുകിൽ നിങ്ങൾ പൊട്ടിക്കണം അല്ലെങ്കിൽ ഈ തള്ളു നിർത്തണം !”
വേണമെങ്കിൽ പൊട്ടിക്കാനറിയുന്ന രണ്ടു പേരെ അങ്ങോട്ടേക്ക് വിടാം ?!”
“അയ്യോ അതൊന്നും വേണ്ട , പക്ഷെ ഈ തള്ളിന്റെ പുറത്താണ് ഞങ്ങൾ പിടിച്ചു നിൽക്കുന്നത് !!”
“അതൊന്നും എനിക്കറിയണ്ട , ഈ കാര്യത്തിൽ ഇനി ഞാൻ വിളിക്കില്ല !!”
ഭീഷണി ഏറ്റെന്നു തോന്നുന്നു , രണ്ടു പേരും പെട്ടെന്ന് തന്നെ പൊറോട്ടക്ക് കുഴച്ച മാവ് പോലെ സോഫ്റ്റ് ആയി ... ഒരേ സ്വരത്തിൽ വാക്കു തന്നു ഇനി ഇങ്ങനെയുള്ള വെല്ലുവിളികൾ ഉണ്ടാവില്ല പൊയിലൂർ മുത്തപ്പനാണേ സത്യം !!”
ഗൗരവമായ ഒരു പ്രശ്‍നം ലളിതമായി പരിഹരിച്ച സംതൃപ്തിയിൽ ഞാൻ ഉറങ്ങാൻ കിടന്നു ...
ജിതേഷ് പൊയിലൂർ .

സമുദ്ര ലംഘനം .

ഒരു രാമായണഭാഗത്തിലെ എനിക്കിഷ്ടപ്പെട്ട അല്ലെങ്കിൽ എനിക്ക് തോന്നിയ ചെറിയ ഒരു സന്ദേശം അൽപം നർമം ചാലിച്ച് .....
സമുദ്ര ലംഘനം .
"പിന്നെ കപിവരന്മാർ കൗതുകത്തോടു,
മന്യോന്യമാശു പറഞ്ഞു തുടങ്ങി നാൻ ,
ഉഗ്രം , മഹാനക്ര ചക്ര ഭയങ്കരം
അഗ്രെ സമുദ്രമാലോക്യ കുപികുലം
എങ്ങിനെ നാമിതിനെകടക്കുന്ന വാറെങ്ങും
മറുകര കാണ്മാനുമില്ലല്ലോ ..."
"ന്നു വെച്ചാൽ മലയാളത്തിൽ പറ മാഷെ ??"
"അതായത് സുലൈമാനെ, പല പ്രമുഖരെയും ചോദ്യം ചെയ്തതിന്റെ വെളിച്ചത്തിൽ സീതാദേവിയെയും കൊണ്ട് ടിയാൻ സമുദ്രം കടന്നു ഇത് വഴിയാണ് പോയതെന്ന് ശ്രീരാമ ലക്ഷ്മണന്മാരും സുഗ്രീവ അംഗദാദി കപികുലവും അടങ്ങുന്ന അന്വേഷണ സംഘം സ്ഥിതീകരിച്ചു .
ഇനി സമുദ്രതീരത്തെ രംഗം ;
തുടർന്നുള്ള അന്വേഷണം മുന്നിലെ കടൽ കാരണം വഴി മുട്ടിയതിൽ എല്ലാവരും വിഷണ്ണരായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
"നിപ്പോ ന്താ ചെയ്യാ ?" ഒരു പാലം പണിയണമെന്ന് വെച്ചാലും ഇത്തിരി സമയമെടുക്കില്ലേ "?
ചേട്ടന്റെ വിഷമം കണ്ടു "ആ ഇത്തിരി സമയം കൂടി ബാച്ച്ലർ ലൈഫ് പൊളിച്ചൂടെ " എന്ന വാചകം വിഴുങ്ങി ആയുധാഭ്യാസങ്ങൾക്കു പുറമെ പാർട്ട് ടൈം സിവിൽ എഞ്ചിനീറിംഗും കഴിഞ്ഞ ലക്ഷ്മണൻ ഇങ്ങനെ പറഞ്ഞു .
"നമ്മളെ നാട്ടുകാരാണ് പണിയുന്നതെങ്കിൽ ബീഡി വലിയും ലുങ്കി മാടികുത്തലും ഹർത്താലും സമരവും എല്ലാം കഴിഞ്ഞു പാലം തീരുമ്പോഴേക്കും ദേവി ......"
"ഉം ... അത് ശരിയാ മാത്രമല്ല മുക്കാൽ ഭാഗവും പണിയെടുക്കാതെ നോക്കുകൂലി കൈ പറ്റുകയാവും, ബംഗാളികളെ ഇറക്കിയാലോ ??"
"എങ്കിലും വർഷം ഒന്നെങ്കിലും വേണം .... ഇനി അണ്ണാറക്കണ്ണനടക്കം എല്ലാരും ഒത്തു പിടിച്ചാൽ മാസങ്ങൾ കൊണ്ട് തീർന്നേക്കും "
"പക്ഷെ പാലം പണിയുന്നതിന് മുൻപേ "ഓറോടു കാത്തിരുന്നു കാത്തിരുന്നു ... മുഷിയരുതെന്നു ആരെങ്കിലും വേഗം ഒന്ന് പറയണ്ടേ ??"
ഓറോടു എന്ന് പറഞ്ഞത് സുലൈമാൻ ശ്രദ്ധിച്ചോ ? ഓളോട് എന്ന് ഉപയോഗിച്ചാൽ ഭാര്യയെ ബഹുമാനമില്ലാതെ സംബോധന ചെയ്തു എന്നും അത് കൊണ്ട് ഇത് ഒരു മെയ്ൽഹൈറാർക്കി എഴുത്താണെന്നു പറഞ്ഞു ഈ ചെറിയ തമാശ വിവാദമാക്കി അച്ചാർ പരുവത്തിലാക്കും . ഏതെങ്കിലും വരിയിൽ വിവാദത്തിനു സ്കോപ്പുണ്ടോ എന്ന് ഭൂതക്കണ്ണാടി വെച്ച് നോക്കുന്ന കാലമാണ്, അതാണ് പൂബ പ്രയോഗിച്ചത് !!
"പൂബയോ ക്യൂബ എന്ന് കേട്ടിട്ടുണ്ട് ഇതെന്താണ് ??"
"പൂജക ബഹുവചനം ഓറ് = അവർ മനസ്സിലായോ "
"ഓ അങ്ങിനെ , എന്നിട്ടെന്തായി ?"
എന്നിട്ടു,...
"വഴീണ്ടു ,വഴീണ്ടു ആരെങ്കിലും കടൽ ചാടി കടന്നു പറഞ്ഞാൽ പോരെ ??"
സുഗ്രീവ രാജാവാണ് .
"ശിവ ശിവ , പെട്ടെന്ന് ചേട്ടനെ തട്ടി രാജ്യം ലഭിച്ചപ്പോൾ ഇയാളുടെ കിളി പോയോ ??"
"എന്നാൽ പിന്നെ സുഗ്രീവ രാജാവിന് തന്നെ ശ്രമിച്ചു കൂടെ ??"
പന്ത് വീണ്ടും തന്റെ കോർട്ടിൽ എത്തിയത് ഇഷ്ടപ്പെടാതെ മൂപ്പർ വിഷമത്തോടെ പറഞ്ഞു ,
"പണ്ടാണെങ്കിൽ നോക്കാമായിരുന്നു ഇപ്പോൾ വയസ്സായില്ലേ , പഴയ
പിക്കപ്പൊന്നുമില്ല പ്രഭോ !!"
പിന്നെ ദൂരെ ഇതെല്ലാം കേട്ടിട്ടും കേൾക്കാത്ത മട്ടിലിരിക്കുന്ന ചെറുപ്പക്കാരനെ കാണിച്ചു സിനിമ ഡയലോഗ് കടമെടുത്തു പറഞ്ഞു .
"ദോ ആ ചെറുപ്പക്കാരനെ കണ്ടോ ആളെ അങ്ങട് മനസ്സിലായില്യ ന്നു തോന്നുന്നു , ബഹുമിടുക്കനാ , എന്റെ വലംകൈ മാത്രമല്ല ചാട്ടത്തിലും യുദ്ധത്തിലും കെങ്കേമൻ , ആഞ്ജനേയൻ , ചിരഞ്ജീവി".
"നമ്മുടെ ഭക്തവത്സലനായ ഇവനോ "?
"ഹെന്താ സംശയം പണ്ട് പഴമാണെന്നു കരുതി സൂര്യനെ പിടിക്കാൻ 500 യോജന മേല്പോട്ടു ചാടിയ വീരനാ ??! കഴിഞ്ഞ ലോങ്ങ് ജമ്പ് മത്സരത്തിൽ അവൻ ചാടി വീണയിടത്തേക്കു എത്താൻ മണിക്കൂറുകളോളം രഥമോടിക്കേണ്ടി വന്നു വളണ്ടിയേഴ്സിന് !!" മാത്രമല്ല പിതാവായ കാറ്റും സഹായത്തിനുണ്ടാവും , ക്ഷീണിച്ചാലും കാറ്റടിച്ചെങ്കിലും മറുകണ്ടം ചാടും !!"
"മറുകണ്ടം ചാടുമെന്നു പറയാതെ , മറുകര പറ്റുമെന്ന് പറയൂ , പഴംചൊല്ലിലെ അജ്ഞത കൊണ്ടുണ്ടായ അബദ്ധം ലക്ഷ്മണൻ തിരുത്തി .
"ബുലാവോ , വിളിക്ക്യ "
"ഹൃദയത്തിൽ എന്റെ കയ്യൊപ്പുള്ള ഭക്താ , ഈ അവസരത്തിൽ എന്നെ നീ സഹായിക്കില്ലേ ??!!
"സ്വാമി പറയുമ്പോൾ എങ്ങിനെ പറ്റില്ല എന്ന് പറയും എല്ലാവർക്കും താല്പര്യമാണെങ്കിൽ ഞാൻ തന്നെ ചാടാം "
ആരെങ്കിലും കൈ പൊക്കുമെന്നു പ്രതീക്ഷിച്ചു കുറച്ചു വെറുതെ കാത്തു .
പിന്നെ റണ്ണപ്പിനായി നൂറടി പിറകോട്ടു നടന്നു , മനസ്സിലെ ഗൂഗിൾ മാപ്പിൽ അക്ഷാംശവും രേഖാംശവും കണക്കു കൂട്ടി വാലുയർത്തി പിടിച്ചു ദിശ ഉറപ്പിച്ചു , ചാടി ക്കെട്ടി വലത്തമർന്നു ഇടത്തമർന്നു ഓതിരം മറിഞ്ഞു ഒരൊറ്റ ചാട്ടം
ശ് ഷ്റൂം .....!
ശ്രീരാമ ലക്ഷ്മണന്മാരും സുഗ്രീവ അംഗദാദി കപികുല സൈന്യവും നോക്കി നിൽക്കേ ഹനുമാൻ സ്വാമി ആകാശത്തിൽ ഒരു പൊട്ടു പോലെ മറഞ്ഞു .
വായുപുത്രൻ ഒരു ബിന്ദുവായി മറഞ്ഞു കഴിഞ്ഞിട്ടും മേലേക്ക് നോക്കി വായും പൊളിച്ചിരിക്കുന്ന അനുചരന്മാരോട് ശ്രീരാമസ്വാമി ഇങ്ങനെ അരുൾ ചെയ്തു .
"അബ് വോ വാപസ് ആനേ കേലിയെ ദോ ദിൻ തോ ലഗേഗ , തബ് തക് ഐസാ ഊപർ ദേഖേ ബൈട്ടാ തോ ഖാന കോൻ ബനായേഗാ ??!! ("ഓൻ ബെരാൻ രണ്ടു ദിവസെങ്കിലും ആവും അത് വരെ പയിച്ചിറ്റി രിക്കാനാ (വിശന്നു ) ബേഗം ചോറിന്റെ പരിപാടി നോക്കിൻ!" എന്ന് പൊയിലൂർ ഭാഷാന്തരം .)
മേലോട്ട് നോക്കി കുറച്ചു സമയം കൂടെ റസ്റ്റ് എടുക്കാം ന്നു വിചാരിച്ച സൈന്യം പിറുപിറുത്തു കൊണ്ട് അടുപ്പു കൂട്ടാനായി യോഗം പിരിച്ചു വിട്ടു .
2 .
അങ്ങിനെ ആകാശത്തുള്ള അദൃശ്യമായ എക്സ്പ്രസ്സ് ഹൈവേയിൽ ഒരു നൂറു നൂറ്റമ്പതു സ്പീഡിൽ ഹനുമാൻ സ്വാമി പറന്നുപോകുന്ന നേരം അവിടെ ടോൾ പിരിക്കാനെന്ന വണ്ണം വായും പൊളിച്ചു അത് വഴി പോകുന്നവരെ ഭക്ഷിച്ചു വിശപ്പടക്കുന്ന സുരസാ ദേവിയെ കണ്ടു മുട്ടി .
"അതാരാണപ്പാ ഈ സുരസാ??"
"അറിയില്ലേ ഭുജംഗ മാതാവ് അല്ലെങ്കിൽ നാഗ ജനനി എന്നൊക്കെ പറയുന്ന ദേവിയാണ് സുരസാ ദേവി , അത് വഴി പോകണമെങ്കിൽ അവരുടെ വായിൽ പ്രവേശിക്കാതെ പോകാൻ പറ്റില്ല .
"എന്നാൽ ശരി എന്നെ നീ ഭക്ഷിച്ചോ ?" എന്ന് പറഞ്ഞു ആഞ്ജനേയൻ ഒരു യോജന ഉയരത്തിൽ വളർന്നു .
സുരസ വിടുമോ ! , ദേവി അഞ്ചു യോജന വലുപ്പത്തിൽ വായ പിളർന്നു . ആ കാലത്തു എൻലാർജ്മെന്റ് വളരെ എളുപ്പമായിരുന്നു എന്ന് ഓർക്കണം .
ഉടനെ ഹനുമാൻ സ്വാമി പത്തു യോജന വലുതായി . ദേവി ഇരുപതു , പിന്നെ സ്വാമി മുപ്പതു , അപ്പോൾ ദേവി അമ്പതു യോജന വലുപ്പത്തിൽ വായ തുറന്നു . പെട്ടെന്ന് ഒരു വിരലിന്റെ അത്ര ചെറുതായി വായുപുത്രൻ ദേവിയുടെ വായയിൽ പ്രവേശിച്ചു വായടക്കുന്നതിനു മുന്നേ വെളിയിൽ കടന്നു .
അങ്ങിനെ സുരസയെ പറ്റിച്ചു യാത്ര തുടർന്നു .
ഇതിൽ നിന്ന് സുലൈമാന് എന്ത് മനസ്സിലായി ??
"നമ്മള് ഒരു ലക്ഷ്യത്തിലേക്കു പോകുമ്പോൾ ഇടയ്ക്കു ഇത് പോലെ ചില സരസു ...
"സരസു അല്ല സുലൈമാനെ സുരസ..."
"ഓക്കേ ഇങ്ങനെയുള്ള സുരസമാർ ഇടയ്ക്കു കയറി വെല്ലു വിളിക്കുകയും മറ്റും ചെയ്യും , അപ്പം അവരോടു അധികം അടി കൂടാതെ ഒന്ന് ചെറുതായി കൊടുത്തു ഒഴിവാകാൻ നോക്കുക , അല്ലാതെ നേരം പുലരുന്നത് വരെ വാദിക്കാനും മത്സരിക്കാനും നിന്നാൽ കടൽ പോയിട്ട് ഒരു തോട് വരെ കടക്കാൻ പറ്റൂല !!"
"എടാ ഭയങ്കരാ രാമായണവും മഹാഭാരതവും ഒക്കെ കുറെ വായിച്ചിട്ടും നിന്നെ പോലെ ഇത്ര കൃത്യമായി അർഥം പറയാൻ എനിക്ക് പറ്റിയില്ലല്ലോ ?!!
"എന്തായാലും നിങ്ങളെ ഈ കഥ കേട്ട് എന്റെ ഇന്നത്തെ പരിപാടി മുഴുവൻ വൈകി ന്നു പറഞ്ഞാൽ മതിയല്ലോ , ഇനിയെങ്കിലും നിങ്ങളെ പോലത്തെ സുരസമാരെ ഒഴിവാക്കാൻ നോക്കണം !!"
"മോനെ സുലൈ ... മാനെ ഇത്ര നല്ല ഒരു കഥയും ഗുണപാഠവും പറഞ്ഞു തന്ന എന്നോട് തന്നെ വേണം ....!!"
തിരക്കോടെ സുലൈമാൻ ഇറങ്ങിയപ്പോൾ അടുക്കളയിൽ നിന്ന് പാത്രങ്ങളുടെ ഒച്ചപ്പാട് , കൂടെ ശ്രീമതിയുടെ ചോദ്യവും .. "ജിതുവേട്ടാ ഇങ്ങളിപ്പം സരസു ന്നോ സുരസന്നോ ഒക്കെ പറഞ്ഞത് എന്നെ കൊണ്ടാണോ ??"
(കെണിഞ്ഞോ എന്റെ ആഞ്ജനേയാ , ഒരു നല്ല കഥ പറഞ്ഞത് പാരയായോ !!)
"അയ്യോ , ദേവീ തായേ , ജീവനുള്ളിടത്തോളം കാലം ഈ സംസാരസാഗരം നീന്തി കടക്കാൻ അന്യോന്യം തുണയാവുമെന്നു ഉടമ്പടി ഒപ്പു വെച്ച നിന്നെ കൊണ്ട് ഞാനങ്ങനെയെന്തെങ്കിലും പറയാൻ ധൈര്യപ്പെടുമോ എന്റെ പൊന്നെ ....!!"
"അത് ............!!!"
ജിതേഷ് പൊയിലൂർ

"അവിലോസുണ്ട !!!"

"അവിലോസുണ്ട !!!"
"ഹലോ , കാൻ ഐ സ്പീക് റ്റു മിസ്റ്റർ ജിതേഷ് ?"
"യെസ് സ്പീകിംഗ് "
"ഐ ആം മിസ്റ്റർ എക്സ് ഫാദർ ഇൻ ലോ ഓഫ് യുവർ ഫ്രെണ്ട് വൈ "
"അങ്കിൾ ആണോ ? അവൻ പറഞ്ഞിരുന്നു നിങ്ങൾ വിളിക്കുമെന്ന് , പിന്നെ എന്തൊക്കെയുണ്ട് അങ്കിളേ വിശേഷങ്ങൾ ?"
"ഐ ആം ഫൈൻ ജിതേഷ് ഹൌ ഡു യു ഡു ?
"സുഖം തന്നെ , അങ്കിൾ കൊച്ചിയിൽ നിന്നല്ലേ വിളിക്കുന്നത് മലയാളത്തിൽ പറഞ്ഞോളു !"
"ആക്ച്വലി ഐ വാണ്ട് റ്റു നോ ഹൌ ലോങ്ങ് യു വിൽ ബി ഹിയർ ? വെൻ ആർ യു ഗോയിംഗ് ബാക്ക് റ്റു മെൽബൺ ?"
( ചൊറ ഇംഗ്ലിഷ് വിടുന്ന ലക്ഷണം കാണുന്നില്ല , ഞാനാണെങ്കിൽ മലയാളം മീഡിയവും !! )
"ഒന്നര മാസത്തെ ലീവ് ഉണ്ടായിരുന്നു , കഴിയാറായി അടുത്ത ആഴ്ച തിരിച്ചു പോകും . താങ്കൾ മലയാളത്തിൽ തന്നെ പറഞ്ഞോളു "
"നോ ,നോ ഐ ആം ഓക്കേ ജിതേഷ് , ഐ വാണ്ട് റ്റു ആസ്ക് യു എ ഫേവർ .."
"അല്ല നിങ്ങളുടെ കാര്യമല്ല എനിക്ക് മലയാളമാണ് നല്ലവണ്ണം വഴങ്ങുക എന്നാണു ഞാൻ ഉദ്ദെശിച്ചതു , പറയു എന്താണ് ചെയ്യേണ്ടത് ?"
"ഇഫ് യു ഡോണ്ട് ഹാവ് മച് ലഗൈജ് , കാൻ യു ടേക്ക് എ സ്മാൾ പാകെറ്റ് ഫോർ മൈ ഡോടർ ?"
( എന്റെ ക്ഷമ പാതാളം വരെ ആയി തുടങ്ങി )
"എന്താ സാധനം ?"
"മൈ ഡോടർ ലവ്സ് ദിസ് വെരി മച്ച് , ഇറ്റ് ഈസ് വെരി ടൈസ്റ്റി , ദാറ്റ് റൌണ്ട് ആൻഡ് സ്വീറ്റ് തിങ്ങ് .....ആക്ച്വലി വാട്ട് ഈസ് ദാറ്റ് കോള്ഡ് ...(മൌനം ഡിക്ഷ്ണറി തപ്പുകയാണെന്നു തോന്നുന്നു ) ആക്ച്വലി ദാറ്റ് ഈസ് യു നോ ദിസ് അവിലോസുണ്ട അതാണു ...!"
ഭാഗ്യം അവിലോസുണ്ടയുടെ ഇംഗ്ലിഷ് അയാൾക്ക് അറിയാത്തത് അല്ലെങ്കിൽ ഞാൻ പെട്ടെനെ..
"ഓക്കേ കുഴപ്പമില്ല നല്ല വണ്ണം പാക് ചെയ്താൽ മതി "
" ആക്ച്വലി ഐ വാണ്ട് ടോ മൈക്ക് ഷുവർ യു ഡോണ്ട് ഹാവ് എനി...
ഞാൻ ഇടയിൽ ചാടി ക്കയറി പറഞ്ഞു
ഇനി ഒരക്ഷരം ഇംഗ്ലിഷ് പറഞ്ഞാൽ , അവിടെ വന്നു ആ അവിലോസുണ്ട തന്റെ വായിലിട്ടു കഴുത്തിനു ഞാൻ ഒരു പിടി പിടിക്കും" , അടുത്ത ആഴ്ച മുതൽ വിദേശി സായിപ്പിന്റെ ഇംഗ്ലിഷ് എങ്ങിനെ താങ്ങുമെന്ന് വിഷമിചിരിക്കുമ്പൊഴാ ഈ സ്വദേശി സായിപ്പിന്റെ ഒരു അവിഞ്ഞ ഇംഗ്ലിഷ് , ഒന്ന് ഫോൺ വെച്ച് പോ മാഷെ ....."!!
ജിതേഷ് പോയിലൂർ

മത സൗഹാർദ വിരുന്നു ..

മത സൗഹാർദ വിരുന്നു ..
തിരുമേനി : "മതങ്ങളെല്ലാം വല്ലാതെ വെറി പിടിച്ചു വിറളി പിടിച്ചു നടക്കുന്ന ഈ സമയം നമ്മൾ വെറുതെ ഇങ്ങനെ കയ്യും കെട്ടി നോക്കി നിന്നാൽ മതിയോ ? എന്തെങ്കിലും ഉടനെ ചെയ്തെ പറ്റൂ .നമുക്ക് ഒരു മത സൗഹാർദ വിരുന്നു സംഘടിപ്പിച്ചാലോ ?"
വിരുന്നെന്നു കേൾക്കേണ്ട താമസം പരികർമിയും ശിങ്കിടികളും എല്ലാം വായിൽ വാസ്കോഡ ഗാമയ്ക്ക് കപ്പലിറക്കാവുന്നത്ര വെള്ളവുമായി ഹാജരായി .
"തീർച്ചയായും തിരുമേനി ഒരു വിരുന്നിനുള്ള സമയം വല്ലാതെ അതിക്രമിച്ചിരിക്കുന്നു . ഇനി ഒട്ടും അമാന്തിക്കരുത് , ശുഭസ്യ ശീഘ്രസ്യ എന്നല്ലേ ..."
" എന്നാൽ സ്ഥലത്തെ പ്രധാന ദിവ്യന്മാർക്കും പണ്ഡിതന്മാർക്കും സന്ദേശം എത്തിക്കുക . ഇതര മതങ്ങളുടെ പ്രതിനിധികൾ വേണം , മതെതരന്മാർ വേണ്ട അലമ്പാകും. മതം ഒന്നിന് രണ്ടാൾ വെച്ച് ഒരു പത്തിരുപതു പേർ, അധികമായാൽ സ്ഥലം തികയില്ല ."
ഉടനെ പരികർമി ഐ ഫോണെടുത്തു മാന്തി പുണ്ണാക്കാൻ തുടങ്ങി . പട്ടണത്തിന്റെ പല ഭാഗത്ത് നിന്നും മറുവിളിയായി റിംഗ് ടോണുകൾ പൊങ്ങി . കൗസല്യ സുപ്രഭാതം , ബാങ്ക് വിളികൾ , പള്ളിമണി , കൃസ്ത്മസ് കരോൾ എന്തിനേറെ കൊടുങ്ങല്ലൂർ പാട്ട് വരെ റിംഗ് ടോണായി അന്തരീക്ഷത്തിൽ ഉയർന്നു വിലസി .
ശീഘ്രം തിരുമേനിയെ ഉണർത്തിച്ചു . "എല്ലാവരും റെഡി ആണ് . സൌഹാർദം അത്ര താല്പര്യമില്ലെങ്കിലും വിരുന്നു എല്ലാവർക്കും "ക്ഷ " പിടിച്ചിട്ടുണ്ട് .
" അപ്പോൾ ശരി , ശ്രീമതിയും കുട്ടികളും അമ്മാത്തേക്ക് പോകുന്ന ദിവസം രാത്രി സൂര്യൻ അസ്തമിച്ചു ഒന്നേ മുക്കാൽ നാഴിക കഴിഞ്ഞു യുദ്ധം തീരുമാനമായി . എന്നാലെ ബ്രാഹ്മ മുഹൂർതത്തിനു മുന്നേ കലാശം നടക്കുള്ളൂ .”
പൂജാ ദ്രവ്യങ്ങൾ കുറിച്ചെടുക്കാൻ പരികർമി ചാർത്തുമായി മുന്നിലെത്തി . സസ്യനും സസ്യെതരനുമായി വിഭവങ്ങൾ .തന്ദൂരിയിൽ ചുട്ടെടുത്ത കോഴികൾ ആൾക്കൊന്നിനു ഒന്ന് വെച്ച് ( വേണമെങ്കിൽ ഇവിടെയെത്തിയാൽ അവയെ പറപ്പിക്കാൻ ശ്രമിക്കാം )
പിന്നെ ഷഡ്ജം പാടി റിഷഭത്തിലെക്കു കടന്ന ശിങ്കിടിയെ തിരുമേനി വിലക്കി . രിഷഭം വേണ്ട , കേന്ദ്രൻ വിലക്കിയിരിക്കുകയല്ലേ , അവന്റെ പോലീസിനും പട്ടാളത്തിനും ഇപ്പോൾ അത് മണത്തു പിടിക്കുന്നതിലാണ് ശുഷ്കാന്തി .”അത് കൊണ്ട് ഗാന്ധാരം മതി , ന്നു വെച്ചാൽ ആട് ,ഒരു "ഭീകര ജീവി" തന്നെയാണല്ലോ അതും ."
"അല്ല തിരുമേനി , ചിലർക്ക് മറ്റവൻ തന്നെ വേണം എന്നാലെ വിരുന്നു പൊടി പൊടിക്കൂള്ളൂ"
" എന്നാൽ താനൊരു കാര്യം ചെയ്യുക , സ്പെഷൽ ആടുകറി എന്ന് പറഞ്ഞു ഇത്തിരി മാറ്റിവെക്കുക , ആട്ടിൻ തോലിട്ട പോത്ത് എന്നൊക്കെ കേട്ടിട്ടില്ലേ അത്ര തന്നെ "
"സേവയില്ലേ ??"
തിരുമേനി : ഇതെന്തു ചോദ്യം , സേവയില്ലാതെ എന്ത് വിരുന്നു ? " ന ദ്രവ്യ സേവാ ന ഡിന്നർ " എന്ന പ്രമാണം കേട്ടിട്ടില്ലേ ?
പരികർമി തിരുമേനിയുടെ ജ്ഞാനത്തിനു മുന്നിൽ വാ പൊളിച്ചു.
"എന്താണ് സാധനം ?"
"മെക്സികൊ വിൽ നിന്ന് നേരിട്ടു ഇറക്കുമതി ചെയ്ത ശുദ്ധമായ ടക്കീല കുമാരികൾ , ആറു കുപ്പികൾ (അശുദ്ധമാവരുതു പല സ്വാമികളും എഴുന്നള്ളുന്നതാണ്) ചിട്ട പ്രകാരം ചെറുനാരങ്ങയും ഉപ്പും ചേർത്തു പ്രയോഗം.
**************
അങ്ങിനെ കേമന്മാരും പ്രഭാഷകരും സംസ്കാരത്തിന്റെ ഉത്തുംഗ ശ്രിംഗങ്ങളിലിരിക്കുന്നവരും സർവോപരി മത പണ്ഡിതന്മാരും ആയിട്ടുള്ള പടയാളികൾ അണി നിരന്നു. പറഞ്ഞതിനും പത്തു മിനുട്ട് മുൻപേ അടി തുടങ്ങി. ഈയൊരു പരിപാടിയിൽ സ്വതവേ നമ്മൾ കൃത്യ നിഷ്ഠരാണല്ലൊ.
കോഴികൾ കൂവി ക്കൊണ്ടും ആടും പോത്തും കരഞ്ഞു കൊണ്ടും അന്നനാളത്തിലൂടെ ഇറങ്ങി കീഴടങ്ങി .ടക്കീലയും ഒന്നിച്ചു നൃത്തം ചെയ്യാൻ തുടങ്ങിയതോടെ രംഗം കൊഴുത്തു. ദ്രവം ഉള്ളു ദ്രവിപ്പിച്ചു എമ്പക്കങ്ങളായി പുറത്തു വരാൻ തുടങ്ങി.
പിന്നീടാണ് വിരുന്നിന്റെ നിറം മാറിത്തുടങ്ങിയത് .(പണ്ഡിതന്മാരുടെ തനി നിറം പുറത്തു വരാൻ തുടങ്ങിയെന്നു സാരം ) ആദ്യം എന്റെ മതം വലുത് ,നല്ലത് നിന്റെ മതം ത്ഫൂ ... എന്ന് മലയാളത്തിലാണ് തുടങ്ങിയത് പിന്നെ മേരാ മത് തേരാ മത് എന്ന് ഹിന്ദിയിലും മൈ റിലീ... യുവർ റിലീ ..എന്ന് ഇംഗ്ലീഷിലും അങ്ങ് കത്തി കയറി (അല്ലെങ്കിലും കലയ്ക്കും കലാപത്തിനും ഭാഷയില്ലെന്നല്ലേ!)
ഇതിനിടയിൽ അധികം തീ പറ്റിയില്ലാത്ത ഒരുത്തൻ മേരാ ഭാരത് മഹാൻ എന്ന് പറയുന്നത് ആരും ശ്രദ്ധിച്ചില്ല. പിന്നെ ഗ്വാ ഗ്വാ വിളികളായി, അക്രമവാസന കുറഞ്ഞ ചിലർ നിന്നെ ഞാൻ ഫേസ് ബുകിലോ വട്സാപ്പിലോ വെച്ച് എടുത്തൊളാമെന്നായി. ടക്കീല കുപ്പികൾ ബാറ്റ് ആയി , ഗ്ലാസ്സുകൾ ബോൾ ആയി , 20 - 20 ആയി . ആദ്യം സമാധാനമായി പൊട്ടിയ കുപ്പികൾ പിന്നെ ശരിക്കും പൊട്ടി .കത്തിക്കുത്തായില്ല എന്നേയുള്ളു , കുപ്പി ക്കുത്തായി .
ഒടുവിൽ വിവരം കിട്ടുമ്പോൾ രണ്ടെണ്ണം മോർച്ചറിയിലും മൂന്നെണ്ണം ഐ സി യു വിലും തിരുമേനിയും പരികർമിയും രണ്ടു ശിങ്കിടികളും ഒളിവിലും ആണ് കലാശിച്ചതു .
ചത്തതിന്റെയും മറ്റും നിറവും മണവും ഒന്നും വെളിയിൽ അറിയിക്കരുതെന്ന് പ്രത്യേകം പോലിസിനെ ശട്ടം കെട്ടിയിട്ടുണ്ട് , അല്ലെങ്കിൽ അതും പറഞ്ഞാവും പുറത്തുള്ളവർ വാളെടുക്കുന്നതും ഒരു രണ്ടായിരത്തിനെ തട്ടുന്നതും !!
തിരുമേനി മുൻകൂർ ജാമ്യത്തിന് വേണ്ടി മുദ്ര കടലാസിൽ ഇങ്ങനെ എഴുതി ഒപ്പിട്ടുകൊടുത്തു .
"ഞാൻ ഇനി മേലാൽ യാതൊരു മത സൗഹാർദ വിരുന്നും നടത്തുകയില്ലെന്നു ഈ ടക്കീലയിലെ പുണ്യ തീർത്ഥം സാക്ഷിയാക്കി ഉറപ്പു നൽകുന്നു"
മുകളിൽ നിന്നുള്ള നിർദേശപ്രകാരം മുൻകൂർ ജാമ്യം തരമാവുന്നത് വരെ മൃഷ്ടാന്ന ഭോജനവും സുഖചികിത്സയും അല്പസ്വല്പം സേവയും രാസലീലയുമൊകെ ആയി തിരുമേനിയും ശിങ്കിടികളും ഇപ്പോൾ തല്ക്കാലം ഒളിവിലാണ്.
ശുഭം
ജിതേഷ് പോയിലൂർ .

നിങ്ങൾ ക്യൂ വിലാണ് .....

ഓസ്‌ട്രേലിയയിലെ ഒരു വാർഷിക മാഗസിനിൽ വന്ന എന്റെ ഒരു കഥ നല്ലെഴുത്തിലെ വായന സുഹൃദങ്ങൾക്കു വേണ്ടി ഷെയർ ചെയ്യുന്നു .
നിങ്ങൾ ക്യൂ വിലാണ് .....
1..
ചിതറിയ മണ്പുറ്റിനു ചുറ്റും നുരിക്കുന്ന ചിതലുകളെ പോലെ എവിടെ നോക്കിയാലും ആളുകൾ. നഗരം ദീപാവലിയുടെ തിരക്കിലാണ് . പത്തൻപത് കിലോമീറ്റർ താണ്ടി ഗ്രാമത്തിൽ നിന്ന് ഷോപ്പിങ്ങിനായി ഇവിടെ വന്നത് നന്നായിയെന്നു സാധനങ്ങളുടെ വിലക്കുറവും വ്യത്യസ്തതയും കണ്ടപ്പോൾ തോന്നി. അല്ലെങ്കിലും എവിടെ നിന്ന് എന്തൊക്കെ വാങ്ങിക്കണമെന്ന് ഭാര്യക്ക് നല്ല നിശ്ചയമാണ്. അതോർത്ത് തലയധികം പുണ്ണാക്കണ്ട എന്നത് എന്റെ സന്തോഷവും. പല കടകളുടെ മുൻപിലും അൻപതും അറുപതും ശതമാനം കിഴിവ് എന്ന പരസ്യം കാണാം. അവിടെയെല്ലാം നല്ല തിരക്കും ആളുകളുടെ നീണ്ട ക്യൂ വും ഉണ്ടായിരുന്നു .
നാട്ടിലേക്ക് പോകുമ്പോൾ ആളെണ്ണി ഡ്രെസ്സും കുട്ടികൾക്കെല്ലാം കളിപ്പാട്ടങ്ങളും വാങ്ങണം . രണ്ടു മൂന്നു സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് കടം വാങ്ങിയാണ് പണം ഒപ്പിച്ചത്. അത് വീട്ടി അല്പം സ്വസ്തമാവുംബോഴേക്കും വീണ്ടും ദീപാവലി എത്തും. വര്ഷങ്ങളായി തുടരുന്ന ചര്യ യാണ് . നഗരത്തിൽ നല്ല ജോലിയുള്ള വലിയച്ചനാണ് മാമനാണ് എന്നൊക്കെ ബന്ധുക്കൾ പറഞ്ഞുണ്ടാക്കിയ ചിത്രം തകരാതെ നോക്കേണ്ട ബാധ്യത . ആകെയുള്ള ആശ്വാസം കുട്ടികള്ക്ക് എന്തെങ്കിലും കിട്ടുമ്പോൾ അവരുടെ കണ്ണുകളിൽ കാണുന്ന തിളക്കമാണ്.
പല കടകളിലും നീണ്ട ക്യൂ വിൽ നിന്ന് സാധനങ്ങൾ വാങ്ങി ക്കഴിഞ്ഞപ്പോഴേക്കും ഉച്ചയായിരുന്നു . ഭാര്യയുടെ മിടുക്ക് കൊണ്ട് കുറച്ചധികം പൈസ മിച്ചം വെക്കാൻ കഴിഞ്ഞു.അത് കൊണ്ട് തരക്കേടില്ലാത്ത ഒരു ഹോട്ടൽ ഇൽ നിന്ന് നല്ല ഒരൂണ് കഴിച്ചു. ഗ്രാമത്തിലേക്കുള്ള ബസ്സിൽ കയറിയപ്പോഴേക്കും ക്ഷീണം കണ്ണുകളെ അടയ്ക്കാൻ തുടങ്ങിയിരുന്നു . ഇനിയും സാധനങ്ങൾ ഉണ്ടെന്നു ഭാര്യ പറഞ്ഞെങ്കിലും പിന്നീടാവാമെന്നു പറഞ്ഞു അവളെ പിന്തിരിപ്പിച്ചത് നന്നായി. അടഞ്ഞ മിഴികൾക്ക് മുന്നിൽ സ്വപ്നങ്ങളുടെ വർണക്കൂട്ടുകൾ തെളിഞ്ഞു.
2.
ഭാര്യ കുലുക്കി വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നതു.ഇറങ്ങേണ്ട സ്ഥലം ഇനിയും ആയില്ല . ചായ കുടിക്കാൻ വേണ്ടി നിർതിയതാവണം. ബസ് കാലിയായിരുന്നു .ആളുകൾ പല ആവശ്യങ്ങൾക്കും പുറത്തിറങ്ങിയിതാവാം.അവൾ പുറത്തേക്കു ചൂണ്ടി ക്കൊണ്ട് പറഞ്ഞു. അവിടെ കാര്യമായ എന്തോ സെയിൽ ഉണ്ടെന്നു തോന്നുന്നു . ബസ് നിർത്തിയതിനു മറുവശത്തായി അല്പം അകലെ വലിയ ഒരു കെട്ടിടം . അതിനു മുൻപിൽ ആളുകളുടെ നീണ്ട നിരയും. നഗരത്തിലേക്ക് പോകുമ്പോൾ അത് ശ്രദ്ധിക്കാതിരുന്നതിൽ എനിക്കതിശയം തോന്നി . ഒരു പക്ഷെ അതിരാവിലെ തിരക്കില്ലാത്തത് കൊണ്ടാവും. വലിയ താല്പര്യമില്ലാതെ ഞാൻ ഭാര്യയെ നോക്കി.
"നിങ്ങൾ ഒന്നിറങ്ങി നോക്കുമോ? വീട്ടുസാധനങ്ങളൊ , പലഹാരങ്ങളൊ എന്തായാലും കാര്യമായ എന്തോ ആണു. അല്ലാതെ ഇത്ര പെട്ടെന്ന് ഇത്ര ആളുകൾ കൂടില്ല . ഒഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു
"വലിയ വിലയുടെ ഫോണോ കമ്പ്യൂട്ടറോ ആയിരിക്കും ".
"നമ്മളെ പോലെ സാധാരണക്കാരാണ് അധികവും അതുകൊണ്ട് വലിയ വിലയുള്ള ഒന്നും ആവില്ല , കുറച്ചു പൈസ നമ്മുടെ കയ്യിൽ ബാക്കിയും ഉണ്ടല്ലോ ".
അവൾ വിടുന്ന ലക്ഷണമില്ല . എന്റെ കയ്യിലുള്ള സാധനങ്ങളുടെ ബാഗുകളെല്ലാം അവളുടെ സീറ്റിലെക്കു എടുത്തു വെക്കാനും തുടങ്ങി. ഇനി രക്ഷയില്ല ഇറങ്ങിയെക്കാം. പിറകിൽ നിന്നും അവൾ വിളിച്ചുപറഞ്ഞു . "വേണ്ട കാര്യമാണെങ്കിൽ മാത്രം വാങ്ങിച്ചാൽ മതി..."
3
അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് വിചാരിച്ചതിലും നീണ്ട ക്യൂ വാണ്. ഒന്ന് രണ്ടു മണിക്കൂർ എടുക്കുമെന്ന് തോന്നുന്നു. അല്പം
ആശയക്കുഴപ്പത്തിൽ തിരിഞ്ഞു നോക്കിയപ്പോഴേക്കും ബസ് പോയിരുന്നു .ആ നീണ്ട ചങ്ങലയുടെ ഒടുവിലത്തെ കണ്ണിയായി ഞാൻ മാറി. എന്തിന്റെ സെയിൽ ആണെന്ന് മുൻപിലെ ആളോട് ചോദിച്ചപ്പോൾ അയാളും കയ് മലർത്തിയതു തമാശയായി തോന്നി .എന്നെ പോലെ മറ്റൊരാൾ.
മൂന്നു മണിയായിക്കാണും, ചുറ്റിലും വെയിൽ നിന്ന് കത്തുകയാണ്. സമയം നോക്കാൻ വേണ്ടി തിരഞ്ഞപ്പോഴാണ് മൊബൈൽ എടുത്തില്ലെന്നറിഞ്ഞതു. ഒരിത്തിരി വെള്ളം പോലുമെടുക്കാതെ ഇറങ്ങിയതിൽ സങ്കടപ്പെട്ടു. ചുറ്റിയടിക്കുന്ന ചൂടുകാറ്റ് വായിൽ പൊടിമണ്ണിന്റെ ചുവ സമ്മാനിക്കുന്നു . ഒരു തണുത്ത മഴ പെയ്തിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു. പുതുമഴയും മണ്ണും ഇണ ചേരുന്നതിന്റെ മദഗന്ധം ഒന്ന് മാത്രം മതിയാവും ക്ഷീണങ്ങൾ അകറ്റാൻ. മുന്നിലുള്ള ഒരു കിഴവൻ അയാളുടെ കയ്യിലെ വെള്ളം ഇത്തിരി ബാക്കി വെച്ച് നല്കിയത് വലിയ ആശ്വാസമായി. ചിലപ്പോൾ അപരിചിതമായ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നാണ് സഹായം വരിക.
ഇപ്പോൾ എന്റെ പിറകിലും ആളുകൾ വന്നത് കണ്ടു സന്തോഷം തോന്നി. ഏറ്റവും മുന്നിലെയും പിറകിലെയും ആളാവുന്നത് എന്റെ ഭയങ്ങളിൽ ഒന്നാണ്. ആളുകളുടെ നടുവിലുള്ള സുരക്ഷിതത്വം ആവാം.കാവൽക്കാർ കർക്കശമായി നിയന്ത്രിക്കുന്നത് കൊണ്ട് ആരും ക്യൂ തെറ്റിക്കുന്നില്ല. നമ്മുടെ നാട്ടിൽ ഒരിക്കലും കാണാത്ത ഒരു കാഴ്ചയായി അത് കൃത്യമായി മുന്നോട്ടു പോകുന്നു .
4
എന്റെ ഊഴമെത്തിയപ്പോൾ അത് വരെയുള്ള തളർച്ചയൊക്കെ ആകാംഷക്കും സന്തോഷത്തിനും വഴി മാറി. ഗ്രൌണ്ട് ഫ്ലോറിനും കീഴെയാണെന്ന് തോന്നുന്നു അവരുടെ ഓഫീസും ഷോപ്പുകളും. താഴേക്കു നോക്കിയപ്പോൾ അല്പദൂരം ഇരുട്ടാണ് അത് കഴിഞ്ഞു നല്ല വെളിച്ചം. ആ ഓഫീസിൽ നിന്ന് എന്റെ പേര് വിളിച്ചപ്പോൾ അവരുടെ സിസ്റ്റെത്തെ പ്പറ്റിയൊർത്തു ഞാൻ അതിശയിച്ചു.ക്യൂ വിൽ നിന്നപ്പോൾ ആരോ എഴുതിയെടുത്തതാവും. അത് കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കുന്നു .
താഴേക്കു ഇറങ്ങാനുള്ള പടികൾ തിരയുന്പോഴാണ്അപ്രതീക്ഷിതമായി പിറകിൽ നിന്ന് കാവല്ക്കാരന്റെ ഒരു തള്ളൽ!!. ഒരു നിമിഷം കഴിഞ്ഞപ്പോൾ സംഭവിച്ചതിന്റെ നടുക്കവും പേടിയും വിട്ടു മാറി.കാരണം ഞാനിപ്പോൾ വീഴുകയായിരുന്നില്ല. ഒരു തൂവൽ പോലെ ലഘുവായി ആ ഇരുട്ടിലൂടെ പറന്നിറങ്ങുകയായിരുന്നു.
അപ്പോഴാണ് എന്റെ മനസ്സിൽ മിന്നൽ പോലെ ഒരു അറിവ് ഉണർന്നത്. ഈ ക്യൂ വിൽ എന്നും ഞാൻ ഉണ്ടായിരുന്നു , എന്റെ ഊഴവും കാത്തു എന്ന പരമമായ സത്യം !! .....
കഥ by ജിതേഷ് പോയിലൂർ
(മരിച്ചു എന്ന് ഡോക്ടർമാർ പറഞ്ഞതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന പലരുടെയും അനുഭവത്തിൽ പൊതുവായി ഒരു ഇരുണ്ട ഗുഹയിലൂടെ ഉള്ള യാത്രയും ഒടുവിൽ ഒരു വെളിച്ചം കാണുന്നതായും പറയപ്പെടുന്നു . എവിടെയോ വായിച്ച ഈ അറിവ് ഈ കഥയ്ക്ക് വേണ്ടി ഞാൻ ഉപയോഗിച്ചിട്ടുണ്ട് . ജിതേഷ് )


സൈക്കിൾ!

Image may contain: 1 person, sitting, motorcycle, beard and outdoor

പണിക്കത്തി അഥവാ പണിക്കരുടെ കത്തി!
പണ്ട് ഫോർട്ടുകൊച്ചിയിൽ താമസിച്ചു കൊണ്ടിരുന്ന കാലത്ത്, അതായത് എനിക്ക് അഞ്ചു വയസ്സാവുന്നതിനു മുൻപ് അച്‌ഛൻ ഒരു ഹെർക്കുലീസ് സൈക്കിൾ ഉപയോഗിച്ചിരുന്നു..
മാറ്റം കിട്ടി പെരുമ്പാവൂരിലേയ്‌ക്ക് വരുന്നതിന് തൊട്ടു മുൻപ് പുള്ളി അത് ഒരു സുഹൃത്തിന് കൊടുത്തു.
പശുവിനെ മേടിച്ചവന് കിടാവിനെക്കൂടി കൊടുത്തു വിടുന്നതു പോലെ ഞാൻ ബാഗ് തൂക്കിയിട്ടിരുന്ന മുൻപിലെ ചെറിയ കാരിയറും കാൽ കയറ്റി വെച്ചിരുന്ന മെഷീൻ തണ്ടിൽ ഫിറ്റ് ചെയ്തിരുന്ന ഇരു വശങ്ങളിലേക്കും നിവർത്താവുന്ന ചെറിയ പെഡലും പിന്നെ എനിക്ക് അടിച്ചു കളിയ്‌ക്കാൻ അച്‌ഛൻ ഫിറ്റ് ചെയ്തിരുന്ന ബെല്ലും എല്ലാം സൈക്കിൾ വാങ്ങിയവൻ കൊണ്ടു പോയി.
ഒരു വഴക്ക് ഉണ്ടാക്കാനുള്ള സമയം കിട്ടുന്നതിനു മുൻപ് സാധനങ്ങൾ കയറ്റിയ വണ്ടി പെരുമ്പാവൂരെത്തുകയും എനിക്ക് പുതിയ കൂട്ടുകാരെ കിട്ടുകയും ചെയ്തു.
അങ്ങനെ ഞാൻ സൈക്കിൾ കഥ മറന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം....
കൊച്ചി കാണാനായി എന്നെ അച്‌ഛൻ കൊണ്ടു പോകാൻ തീരുമാനിച്ചു. പെരുമ്പാവൂരു നിന്നും രാവിലെ സിന്ദൂരം ബസ്..സൈഡ് സീറ്റിൽ ഒറ്റയ്‌ക്ക് ഇരുന്ന ഞാൻ തിരക്കു വരുന്തോറും ബോഡിയോട് ചേർത്ത് ഞെക്കപ്പെടുന്നതും പയ്യെ അച്‌ഛന്റെ മടിയിലേക്ക് മാറ്റപ്പെടുന്നതുമൊന്നും കാഴ്‌ച കാണുന്ന തിരക്കിൽ ഞാൻ അത്രയ്‌ക്കങ്ങ് മൈൻഡ് ചെയ്തില്ല.
പിന്നീട് സൗത്തിൽ ഇറങ്ങി കുമ്പളങ്ങിയ്‌ക്കുള്ള ഒരു ബസിൽ കേറി.
ഇന്നത്തെപ്പോലെ ഓട്ടോറിക്ഷകളിൽ കയറി ഞെളിഞ്ഞിരിക്കുന്ന പതിവോ ഇന്നത്തെയത്ര ഓട്ടോറിക്ഷകളോ അന്നില്ലാത്തതിനാൽ കുമ്പളങ്ങിയിൽ ഇറങ്ങി രണ്ടു രണ്ടര കിലോ മീറ്റർ നടക്കാനായിരുന്നു അച്‌ഛന്റെ തീരുമാനം.
ഒടുക്കം ഏതൊക്കെയോ വഴികളിലൂടെയൊക്കെ നടന്ന് ഞങ്ങൾ അച്‌ഛന്റെ ഒരു കൂട്ടുകാരന്റെ വീട്ടിലെത്തി.
ഒരു പഴയ നിരക്കെട്ടിടത്തിന്റെ മുകളിലെ നിലയിൽ...(അതെ, ഏതാണ്ട് വിയറ്റ്‌നാം കോളനിയിലെ നിരക്കെട്ടിടങ്ങൾ പോലെ ഒന്ന്) താമസിച്ചിരുന്ന കൂട്ടുകാരന്റെ വീട്ടിലേക്ക് മരം കൊണ്ടുള്ള ഒരു ഗോവണി കയറണമായിരുന്നു. മരം കൊണ്ടു തന്നെയുള്ള കൈവരിയിൽ കൈ പിടിച്ച് ഇടയ്‌ക്കിടയ്‌ക്കുള്ള ക്രാസികൾ എണ്ണി മുകളിലേക്കുള്ള സ്‌റ്റെപ്പുകൾ കയറുന്നതിനിടെ ഹൃദയഭേദകമായ ആ കാഴ്‌ച ഞാൻ കണ്ടു.
ദേ ഇരിക്കുന്നു എന്റെ സൈക്കിൾ! ആ കാരിയറും ബെല്ലും പെഡലും.....
ഒരു ഞെട്ടലോടെ താഴേക്കു പായാനാഞ്ഞ എന്നെ തടഞ്ഞു കൊണ്ട് ദേ കയറി വരുന്നു എന്റെ അതേ സൈസുള്ള ഒരുത്തൻ. കൂട്ടുകാരന്റെ മോൻ!
ഒറ്റ നോട്ടത്തിൽ തന്നെ ഒരു അലവലാതി ലുക്ക്. ഇച്ചിരി കീറിയ ഷർട്ട്–നന്നായി മുഷിഞ്ഞിരിക്കുന്നു. അൽപം കരി പുരണ്ടതു പോലെയുള്ള മുഖം. കൈയിൽ ഒരു കെട്ട് പുസ്തകം ഒരു ഇലാസ്‌റ്റിക് കൊണ്ട് വലിച്ചു മുറുക്കിയിട്ടുണ്ട്. നിക്കറിൽ പച്ചമണ്ണ്..
ഉം?
ഉത്തരം പറയണ്ട ആവശ്യം ഉള്ളതായി തോന്നിയില്ല. സൈക്കിളിലേക്ക് ശ്രദ്ധ പായിച്ചു കൊണ്ട് അവനെ തട്ടി മാറ്റി താഴേക്ക് ഓടിയിറങ്ങുവാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.
എന്നെ വിടാതിരിക്കാൻ അവനും.
ഇതിനിടയിൽ എപ്പോഴോ എന്റെ വായിൽ നിന്ന് അറിയാതെ ഇങ്ങനെയെന്തോ പുറത്തു ചാടി.
മാറ്..ഞാൻ എന്റെ സൈക്കിൾ കാണട്ടെ...
അതോടെ താഴേക്കിറങ്ങാനുള്ള എന്റെ എല്ലാ ഗ്യാപ്പും അവൻ അടച്ചു. പിന്നെ അവൻ പറഞ്ഞു. നിന്റെയല്ല. എന്റെ അച്‌ഛന്റെ സൈക്കിളാ.
എന്റെ കാണാതെ പോയ സൈക്കിൾ കിട്ടി എന്ന മട്ടിൽ താഴേയ്‌ക്കു പാഞ്ഞ എന്നെ തടഞ്ഞതു കൂടാതെ എന്റെ സൈക്കിളിൽ അവകാശമുന്നയിക്കുകയും കൂടി ചെയ്തതോടെ അവൻ പൂർണമായും എന്റെ ശത്രുവായി മാറി. ഞാൻ ചെറിയ ഒരു തട്ടിന്റെ അകമ്പടിയോടു കൂടി പറഞ്ഞു.“അല്ല! എന്റെ അച്‌ഛന്റെ സൈക്കിളാ...എന്റെ ബെല്ലും പെഡലും വാട്ടർ ബോട്ടിൽ തൂക്കുന്ന കാരിയറും ഉണ്ട്.“
സ്വാഭാവികമായും ചെറിയ സമയത്തിനുള്ളിൽ തന്നെ അവന്റെ നിക്കറിലെ പച്ചമണ്ണ് ഞങ്ങൾ ഷെയർ ചെയ്തു.
ഇതിനിടെ ഉഴുതോണ്ടിരുന്ന കാളയെ കണ്ടില്ല എന്ന മട്ടിൽ അന്വേഷിച്ചെത്തിയ അച്‌ഛൻ നോക്കിയപ്പോൾ വളരെ ഡീസന്റായിരുന്ന മകൻ ആദ്യമായി കാണുന്ന ഒരുത്തനെ കൈകാര്യം ചെയ്യുന്നു.
ഒന്നുരണ്ട് അടിയും കരച്ചിലും ഒക്കെ കഴിഞ്ഞ് സമാധാനമായി കാര്യം മനസ്സിലാക്കിയപ്പോൾ അച്‌ഛൻ പറഞ്ഞു.
ഡാ..അതു നമ്മടെ സൈക്കിളു തന്നെയാ...പക്ഷെ അതു അച്‌ഛൻ മാമനു കൊടുത്തു. ഇപ്പോ മാമന്റെയാ...
സൈക്കിൾ പോയതു പോട്ടെ..അതു കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് രണ്ടു കൈയും പോക്കറ്റിൽ ഇട്ടു നിൽക്കുന്ന ലവനെയായിരുന്നു.
എന്റെ മനസ്സു വായിച്ച അച്‌ഛൻ അവനെ അടുത്തു വിളിച്ചു എനിക്കു ഷെയ്‌ക്‌ഹാൻഡ് തരാൻ ആവശ്യപ്പെട്ടു. താൻ ജയിച്ചതായി ഫീൽ ചെയ്തതു കൊണ്ട് അവന് ബുദ്ധിമുട്ട് അൽപം പോലും ഉണ്ടായില്ല. നിസ്സഹായനായതു കൊണ്ട് ഞാൻ തിരിച്ചു കൊടുക്കുകയും ചെയ്തു.
പിന്നീട് ഞങ്ങൾ വഴക്കു മാറി എന്ന മട്ടിൽ അൽപനേരം കളികളിൽ ഏർപ്പെട്ടു.
ഇതിനിടെ മുഷിഞ്ഞ ഡ്രസ് മാറാനായി അവന്റെ അമ്മ അവനെ അകത്തേക്ക് വിളിച്ചു. ഒരു തക്കം നോക്കിയിരുന്ന ഞാൻ ശരവേഗത്തിൽ താഴേയ്‌ക്കോടി സൈക്കിളിനടുത്തെത്തി.
അറിയാവുന്ന ഏക വിദ്യ പ്രയോഗിച്ചു. കാറ്റു കുത്തി. അൽപം കടന്ന കൈ എന്ന രീതിയിൽ വാൽവ്‌ടുൂബ് അഴിച്ച് ഒരു ഏറു കൊടുത്തു. പിന്നെ ഒന്നും നടക്കാത്ത രീതിയിൽ മുകളിൽ കയറി ഈ നൂറ്റാണ്ടിലെ ഏറ്റവും നല്ല പയ്യനായി ഒറ്റ നിൽപു നിന്നു.
പിന്നേയും അവൻ വന്നു..ഞങ്ങൾ കളിച്ചു..നല്ല കൂട്ടുകാരായി.
ഇറങ്ങാൻ നേരം അച്‌ഛന്റെ കൂട്ടുകാരൻ അച്‌ഛനോടു പറഞ്ഞു. ചേട്ടൻ നടന്നു പോണ്ട..ബസ്സ്‌റ്റോപ്പ് വരെ ഞാൻ കൊണ്ടു വിടാം.
എന്നാ അങ്ങനെ ആയിക്കോട്ടെ..
എന്റെ കൈയും പിടിച്ച് അച്‌ഛൻ ഇറങ്ങി. ഞാൻ പുതുതായി കിട്ടിയ സുഹൃത്തിനും അവന്റെ അമ്മയ്‌ക്കും കൈ വീശിക്കാണിച്ച് അച്‌ഛന്റെ കൂടെ മരക്കോവണി ഇറങ്ങി.
ബസ്സ്‌റ്റോപ്പിലേക്ക് വന്ന വഴിയിലൂടെ രണ്ടര കിലോമീറ്റർ വിയർത്തു കുളിച്ച് നടക്കുന്നതിനിടെ അച്‌ഛൻ ചോദിച്ചു..
നീ ആ വാൽവ് റ്റ്യൂബ് എവിടെയാ കളഞ്ഞെ?

By Jithesh Panicker

പകർന്നാട്ടങ്ങൾ ... കഥ

കേരളനാദം എന്ന സിഡ്നിയിൽ നിന്നും എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന മലയാളം മാഗസിനിൽ വന്ന എന്റെ ഒരു കഥ നല്ലെഴുത്തിലെ വായനസൗഹൃദങ്ങൾക്കു വേണ്ടി പോസ്റ്റ് ചെയ്യുന്നു .അതിവേഗവും യാന്ത്രികതയും നിറഞ്ഞ ആധുനിക ജീവിതത്തിന്റെ എലിപ്പന്തയങ്ങളിൽ ഒറ്റപ്പെട്ടു പോകുന്ന ചിലരെങ്കിലും മൃതാവസ്ഥയിലേക്കു പകർന്നാടാൻ നിർബന്ധിതരാവുന്നുണ്ടോ എന്ന തോന്നലിൽ നിന്നും .... ഇത്തിരി നീണ്ട കഥയാണ് പൂർണമായും വായിക്കാൻ കഴിയുന്നവർ മാത്രം അഭിപ്രായമോ വിമർശനമോ അറിയിക്കാൻ താല്പര്യം .... ജിതേഷ്
പകർന്നാട്ടങ്ങൾ ... കഥ
1 .
എത്ര നേരം കിടന്നിട്ടും ഉറക്കം കയ്യെത്താദൂരത്തു അടുത്ത് വരാൻ മടിച്ചു നിൽക്കുന്ന ഒരപരിചിതനെ പോലെ തന്നെ നിന്നു. കുറെ ദിവസങ്ങളായി ഇങ്ങനെയാണ് കടന്നു പോകുന്നത് . പകൽ അതിന്റെ ക്ഷീണം അറിയാനുമുണ്ട് . സീതാരാമൻ എഴുന്നേറ്റിരുന്നു സമയം നോക്കി . ഒരു മണി കഴിഞ്ഞിരിക്കുന്നു . അപ്പുറത്തു സുഖനിദ്രയിലാണ്ടു കിടക്കുന്ന ഭാര്യയോട് അയാൾക്കസൂയ തോന്നി . അവളെ പറ്റിച്ചേർന്നു നാല് വയസ്സുകാരൻ മകനും .ഉറക്കത്തിലും . ചുണ്ടിന്റെ കോണിൽ നിന്നും ബെഡ്ഷീറ്റിലേക്കു ഒലിച്ചിറങ്ങിയ ഉമിനീരിന്റെ നേർത്ത വര അയാൾ തുടച്ചു കളഞ്ഞു . ഭാര്യ അറിയാതെ ഒരു സിഗരറ്റു വലിക്കാം എന്ന് കരുതി പിൻവാതിൽ തുറന്നു പുറത്തേക്കിറങ്ങി .
നല്ല നിലാവ് , ചെറിയ തണുപ്പും . ആതിര തിങ്കളും ഓണക്കാലവും ഇളം തെന്നൽ പോലെ ഓർമകളിലുണർന്നു. സ്ഥലങ്ങളും കാലങ്ങളും ആയി മാത്രമല്ല ഗൃഹാതുരത ആവേശിക്കുന്നതു , സ്നേഹത്തിന്റെ കുറെ മുഖങ്ങളായും കൂടിയാണ്. അച്ഛന്റെയും അമ്മയുടെയും മുന്നേ മുത്തച്ഛന്റേയും മുത്തശ്ശിയുടെയും മുഖങ്ങൾ മനസ്സിലെത്തുന്നു . ഒരു പക്ഷെ അവർ ഇന്നീ ലോകത്തിൽ ഇല്ലാത്തതു കൊണ്ടാവാം. കടമകളെയും , കർമങ്ങളെയും കുറിച്ച് ഭാരതവും രാമായണവും ഒക്കെ ഉദ്ധരിച്ചു അവർ പറഞ്ഞു തന്ന കഥകളാവാം കുറെ വർഷങ്ങളായി ഒരേ ഫാക്ടറിയിൽ ഒരേ മെഷിനിൽ ജോലി ചെയ്യുന്ന തനിക്കു ഊർജം നൽകുന്നത്. ഒരർത്ഥത്തിൽ ഇത് ഒരു കാനന വാസം തന്നെയാണെന്ന് സീതാരാമന് തോന്നി. എവിടെയും പിന്തുടരുന്ന മൊബയിൽ ഫോണും , ഇന്റർനെറ്റും , കാമറ കണ്ണുകളും , ഇതിനിടയിലൂടെ ഭീതി പുറത്തു കാണിക്കാത്ത ഇരകളായി ആളുകൾ ജീവിക്കുന്ന ഒരു കോൺക്രീറ്റു വനം !.
ഫിൽറ്റർ കരിഞ്ഞ ചുവ നാവിലനുഭവപ്പെട്ടപ്പോൾ അയാളുടെ ചിന്തകൾ മുറിഞ്ഞു . തിരികെ വീണ്ടും ബെഡ്റൂമിലെത്തി . ഭാര്യയും മകനും ഇപ്പോഴും നല്ല ഉറക്കമാണ് . അവനു നഷ്ടപ്പെടുന്ന മുത്തച്ഛന്റേയും മുത്തശ്ശിയുടെയും സാമീപ്യവും വാത്സല്യവും അയാളിൽ ഒരു നേർത്ത നീറ്റലായി. നാട്ടിൽ ഫോൺ ചെയ്താൽ അച്ഛനും അമ്മയും ഒരേ പല്ലവിയാണ് .
"എപ്പോഴാണ് പേരക്കുട്ടിയെ കാണാൻ കഴിയുക ?"വെബ്കാമിലും ഇന്റർനെറ്റിലും അവന്റെ കളികളും ഫോട്ടോകളും കണ്ടു അവർക്കു കൊതി കൂടുന്നേയുള്ളു . അച്ഛൻ പറയുന്നത് പോലെ ഛായാചിത്രങ്ങൾ ഒരിക്കലും ജീവനുള്ളവയാവില്ലല്ലോ .
ജീവിത തിരക്കിനിടയിൽ മക്കൾക്ക് കൊടുക്കാൻ മറന്നുപോയ സ്നേഹമാണ് പലപ്പോഴും പേരക്കുട്ടികൾക്ക് ലഭിക്കുന്നതെന്ന് അയാൾക്ക് തോന്നി. അതുകൊണ്ടായിരിക്കണം എല്ലാ മുത്തച്ഛന്മാരും മുത്തശ്ശികളും സ്നേഹത്തിന്റെ മൂർത്തികളാവുന്നതും .സിഗരറ്റ് നൽകിയ ഉന്മേഷം കഴിഞ്ഞു . ഉറക്കം ഉത്രാടത്തെന്നൽ പോലെ അയാളെ താരാട്ടാൻ തുടങ്ങി .
2 .
പകൽ .
അനേകം വെള്ള പറവകൾ കൂട്ടമായി ആകാശത്തിൽ വട്ടമിട്ടു പറക്കുന്നതും നോക്കിയിരിക്കുകയാണ് സീതാരാമൻ. സൂര്യപ്രകാശത്തിനു നേരെ അവയെല്ലാം ഒരേ സമയം ചിറകു വിടർത്തി കാണിക്കുമ്പോൾ കണ്ണാടിക്കഷണങ്ങളിൽ തട്ടി വെളിച്ചം മുഖത്തടിക്കുന്നതു പോലെ അയാളുടെ കണ്ണഞ്ചി. ഈ പറവകളുടെ കളി എത്ര നേരം കണ്ടാലും മതിയാവില്ല. പറന്നു കൊണ്ട് തന്നെ അവ നീലാകാശത്തിന്റെ മനോഹരമായ ക്യാൻവാസിൽ വൈവിധ്യമാർന്ന ചിത്രങ്ങൾ വരയ്ക്കുന്നു . ഏതൊരു ശില്പിയാണ് ഇത്ര കൃത്യമായി വരിയായും നിരയായും ചന്ദ്രക്കലയായും ഓംകാരമായും പോലും രൂപങ്ങൾ മെനയാൻ അവരെ പഠിപ്പിച്ചിട്ടുണ്ടാവുക .അതിരില്ലാത്ത അവയുടെ സ്വാതന്ത്ര്യം അയാളെ തെല്ലൊന്നസൂയപ്പെടുത്തി .
തണുപ്പുകാലത്തെ ഉറക്കം കഴിഞ്ഞു വസന്തത്തെ വരവേൽക്കുകയാണ് നഗരം. ഉള്ളിലും പുറത്തും ധരിക്കുന്ന രോമക്കുപ്പായങ്ങൾ ഒഴിവാക്കി ആളുകളെല്ലാം ഒന്ന് മെലിഞ്ഞു പ്രസന്നരായിരിക്കുന്നു. നഗരവും നരച്ച പുതപ്പു മാറി വർണവസ്ത്രങ്ങൾ അണിയുന്നു . പോക്കെറ്റിലിരുന്നു മൊബൈൽ കിളി അയാളെ ചിലച്ചുണർത്തി. ഭാര്യയാണ് ,
"നിങ്ങൾ പച്ചക്കറികൾ വാങ്ങാൻ പോയിട്ട് ഇത് വരെ കഴിഞ്ഞില്ലേ ?". ഉച്ചയ്ക്ക് ഒന്ന് രണ്ടു സുഹൃത്തുക്കൾ വീട്ടിൽ വരാമെന്നു പറഞ്ഞിരുന്നു . അതിഥികൾ ഒന്നായാലും പത്തായാലും അവൾക്കു ഒരേ ടെൻഷൻ ആണ്
"അയ്യോ , ഉള്ളി വാങ്ങിയില്ലേ?,
നിങ്ങൾക്കിതെന്തൊരു മറവിയാണ് ". "ഇപ്പോൾ വാങ്ങി വരാം" കൂടുതൽ കേൾക്കാൻ നിൽക്കാതെ അയാൾ വീണ്ടും നിരത്തിലേക്കിറങ്ങി.
ആകാശത്തു ഇപ്പോഴും ആ കിളികളുടെ കൂട്ടം കാണാം. ഒരു പക്ഷെ നാട്ടിലെ ബലിക്കാക്കകളെ പോലെയാവും ഇവിടെ ഈ കിളികൾ. വേഷവും വർണവും മാറി തന്റെ പൂർവികരും തന്നോടൊപ്പം ഇങ്ങോട്ടു കുടിയേറിയതാണോ ?. ആ മൂഢസങ്കല്പത്തെയോർത്തു അയാൾ സ്വയം ചിരിച്ചു .
3 .
വൈകുന്നേരം .
അതിഥികൾ പോയിക്കഴിഞ്ഞു , കുട്ടികൾ വലിച്ചു വാരിയിട്ട കളിപ്പാട്ടങ്ങൾ അടുക്കിവെക്കുകയാണ് ഭാര്യ. വീണ്ടും വാരി വലിച്ചിടുകയാണ് മകൻ. അവനു ഈയിടെയായി കുറുമ്പ് വളരെ കൂടുതലാണ്. ഒരു മാസം പ്രായമാകുന്നത് വരെ മൂക്കിനടുത്തു വിരൽ വെച്ച് ശ്വാസം വലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുമായിരുന്നു. ഒരിക്കൽ ഭാര്യ അത് കണ്ടു പിടിച്ചപ്പോൾ, അവളും അങ്ങിനെ ചെയ്യാറുണ്ടെന്നു പറഞ്ഞപ്പോൾ അത് ഞങ്ങളുടെ ഇടയിലെ സ്വകാര്യ ഫലിതമായി .
"കുട്ടികൾ എത്ര വേഗമാണ് വലുതാവുന്നതു "
" ഇതെന്താണ് ഈ കുപ്പിയിൽ ?, കുളിമുറിയിലെ കപ്ബോർഡ് വൃത്തിയാക്കുമ്പോൾ കിട്ടിയതാണ് ". ഭാര്യയുടെ ചോദ്യം കേട്ട് അയാൾ മുഖം ഉയർത്തി. "അയ്യോ അത് കമ്പനി ആവശ്യത്തിന് വേണ്ടി വാങ്ങിയ കെമിക്കലാണ് ".
മറുപടി കേട്ടതും അവൾ ദേഷ്യപ്പെട്ടു , "നിങ്ങൾക്കൊരു ശ്രദ്ധയുമില്ല ഇങ്ങനെയുള്ള വിഷമൊക്കെ കുട്ടിയുടെ കയ്യിൽ കിട്ടിയാൽ എന്താവും സ്ഥിതി ?". അവളുടെ പരാതി ശരിയാണ്, നല്ല വിഷാംശമുള്ള കെമിക്കലാണ്, താൻ ഈയിടെയായി വല്ലാതെ അശ്രദ്ധനാകുന്നു . അയാൾക്ക് കുറ്റബോധം തോന്നി .കുറെ കാലമായി ഒരേ ഫാക്ടറി യിൽ ജോലി ചെയ്യുന്നത് കൊണ്ട് ജോലിസ്ഥലവും വീടും പരസ്പരം മാറിപ്പോകുക പോലും ചെയ്യുന്നു .
4 .
പ്രൊഡക്ഷൻ മാനേജർ ഇന്നലെ കമ്പനിയിൽ നടത്തിയ പ്രസംഗം ദഹിക്കാത്ത ഭക്ഷണം പോലെ സീതാരാമന്റെ മനസ്സിൽ ഇടയ്ക്കിടെ തികട്ടി വരുന്നുണ്ടായിരുന്നു.
"നമ്മുടെ കമ്പനിയുടെ ഉൽപാദനക്ഷമത ഇനിയും വളരെ കൂട്ടേണ്ടതുണ്ട് , പറ്റുമെങ്കിൽ ഇരട്ടിയാക്കണം ; അതിനായി ഈ കംപ്യൂട്ടറൈസ്ഡ് മെഷിൻസ് എല്ലാം ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്ന രീതിയിൽ നാം പ്ലാൻ ചെയ്യണം . ജോലിക്കാരും സഹകരിക്കണം . ഇതിനു വേണ്ട എല്ലാ സഹായങ്ങളും സംവിധാനവും കമ്പനി ചെയ്യുന്നതാണ്. എങ്കിൽ മാത്രമേ കമ്പോള കിട മത്സരങ്ങൾക്കിടയിൽ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയുകയുള്ളു". ഇതായിരുന്നു ആ പ്രസംഗത്തിന്റെ ഉള്ളടക്കം .
പിന്നീട് തനിച്ചു കിട്ടിയപ്പോൾ സുഹൃത്ത് കൂടിയായ മാനേജരോട് ഒരു ചിരിയോടെ ചോദിച്ചു . "ഇത്ര വേഗത വേണോ ?, ലക്ഷ്യത്തിലെത്തുന്നതിനു മുൻപ് തളർന്നു പോകില്ലേ ?"
"അല്ല സീതാറാം ഇതൊരു ഒഴുക്കാണ് , ഒഴുക്കിനനുസരിച്ചു പരമാവധി വേഗതയിൽ നീന്തുന്നവർക്കേ നിലനിൽപ്പുള്ളൂ , പറ്റുമെങ്കിൽ മുന്നിൽ പോകുന്നവന്റെ കഴുത്തിന് പിടിച്ചു തള്ളി നമ്മൾ വേഗം കണ്ടെത്തണം" ചെറുപ്പത്തിൽ ഒഴുക്കിനെതിരെ നീന്താൻ വാശി പിടിച്ചിരുന്ന എന്നിലെ കുട്ടിയിൽ അവന്റെ വാക്കുകൾ ഒരു നീറ്റലായി . ഒന്നോർത്താൽ അവനാണ് ശരി , അങ്ങിനെ വേഗം കണ്ടെത്തിയവരാണ് ജയിച്ചവരിൽ അധികവും !.
5 .
രാത്രി !
ഇരുപത്തിനാലു മണിക്കൂറും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന യന്ത്രങ്ങൾ . പല ഇംഗ്ലീഷ് സിനിമകളിലും കണ്ടിട്ടുള്ളത് പോലെ അവയ്ക്കു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ലഭിച്ചാൽ .... ആ ചിന്ത അയാളിൽ ചിരിക്കു പകരം ഭീതിയാണ് വിതച്ചത് . എത്ര ചെവി മൂടിക്കിടന്നിട്ടും തുളച്ചു കയറുന്ന ചീവീടിന്റെ സ്വരം പോലെ അതയാളെ അസ്വസ്ഥനാക്കി . ഇന്നും ഉറക്കമില്ലാത്ത ഒരു രാത്രി കൂടി തന്നെ തുറിച്ചുനോക്കുകയാണ് .
"ദേ, മോനുറങ്ങി" , ഭാര്യയുടെ ക്ഷണിക്കുന്ന കണ്ണുകൾ , ഏറുന്ന ഹൃദയമിടിപ്പുകളുടെ ദ്രുതതാളം , ശ്വാസോച്ഛ്വാസങ്ങളുടെ ഏറ്റക്കുറച്ചിലുകളുടെ സാന്ദ്രസംഗീതം . ആരോഹണ അവരോഹണങ്ങൾ കഴിഞ്ഞു എപ്പോഴാണ് മയങ്ങിപോയതു എന്നറിഞ്ഞില്ല.
ചുറ്റും വലുതും ചെറുതുമായ അനേകം യന്ത്രങ്ങൾ , ഏതോ വന്യ സംഗീതത്തിനനുസരിച്ചു അവ തനിക്കു ചുറ്റും നൃത്തം വെക്കുകയാണ് . പച്ചയും ചുവപ്പും നിറങ്ങളുടെ കണ്ണഞ്ചിക്കുന്ന പ്രകാശങ്ങൾ , ചെവി തുളയ്ക്കുന്ന ശബ്ദങ്ങൾ . ആ ആരവങ്ങൾക്കു നടുവിൽ ജനക്കൂട്ടം തടവിലാക്കിയ പോക്കേറ്റടിക്കാരനെ പോലെ ഞാൻ . ചുറ്റിലും അവ സൃഷ്ടിച്ച വൃത്തം ചെറുതായി വരുന്നു . അയാൾ ചാടിയെഴുന്നേറ്റു കിടക്കയിൽ കുത്തിയിരുന്നു. നേരിയ തണുപ്പിലും വിയർത്തു കുളിച്ച ശരീരം .
"എന്തേ, പതിവ് പോലെ ദുസ്വപ്നം വല്ലതും കണ്ടോ ?"ആലസ്യത്തിൽ മയങ്ങി കിടന്ന ഭാര്യ കണ്ണടച്ചു കൊണ്ട് തന്നെ ചോദിച്ചു . "ഉം ..." "അർജുനനെ ജപിച്ചാൽ മതി " ഭാര്യയുടെ ഒറ്റമൂലി ഉപദേശം . "അർജുന , ഫൽഗുന , പാർത്ഥ , ജയ വിജയ കിരീടി .... " ഓർമയിലെ പര്യായങ്ങൾ തീർന്നു , എന്നിട്ടും മനസ്സ് സ്വസ്ഥമായില്ല .
പിന്നെ , മകനെ ഉറക്കുന്നതു പോലെ ഭാര്യ മാറോടു ചേർത്ത് പിടിച്ചു ഈണത്തിൽ പുറത്തു താളമിട്ടു . സീതാരാമൻ ഒരു ശിശുവായി .മനസ്സിലെ ഭീതി പകർന്ന രംഗങ്ങൾ പതുക്കെ മാറി .പകരം ബാല്യത്തിന്റെ നിറപ്പകിട്ടാർന്ന ദൃശ്യങ്ങൾ , പൂവിറുത്തു നടന്ന വയലോരങ്ങൾ , നീരാടി മദിച്ച കാട്ടരുവികൾ , പൂത്തിരി വെട്ടം ചിതറിയ വിഷുരാവുകൾ അങ്ങിനെ കുട്ടിക്കാലത്തിന്റെ നിറങ്ങൾ തെളിച്ച വഴിയേ ഉറക്കം കടന്നു വന്നു .
സ്വപ്നങ്ങളുടെ ഇടവേളയിലെപ്പോഴോ ആരുടെയോ വിളി കേട്ട് കിടക്ക വിട്ടെഴുന്നേറ്റതു ഒരു പക്ഷെ അവൻ പോലുമറിഞ്ഞു കാണില്ല !! .
6 .
പുലർച്ചെ ..
പതിവുപോലെ മൊബൈലിലെ കോഴി വിളിച്ചുണർത്തി . ഭാര്യയെ വിളിക്കാൻ ശ്രമിക്കുമ്പോഴാണ് തന്റെ കൈകളും ശരീരം തന്നെയും നഷ്ടപ്പെട്ടുവെന്ന് അയാൾ അറിയുന്നത് . പാതിയുറക്കത്തിൽ കുഞ്ഞിക്കൈകൾ കൊണ്ട് അച്ഛനെ തിരയുകയാണ് മകൻ . കമ്പനി ഇവിടെ അടുത്ത് തന്നെയാണല്ലോ , അരൂപിയായ സീതാരാമന്റെ ആത്മാവ് എന്തോ പ്രേരണയാലെന്നതു പോലെ അങ്ങോട്ടേക്ക് നീങ്ങി .
അവിടെ മാനേജരും മുതലാളിയും ചേർന്ന് പുതിയ യന്ത്രം സ്ഥാപിക്കുകയാണ് . അതിനു തന്റെ രൂപം കണ്ടു അയാൾ നടുങ്ങി . അത്ഭുതം , ഭയം , ദുഃഖം ... തന്റെ ശരീരമോ ഇവർ അപഹരിച്ചു . മനസ്സെങ്കിലും രക്ഷപ്പെടുത്തണം. പുറത്തേക്കു കുതിച്ചു ...
സൂര്യൻ ഉദിക്കുന്നതേയുള്ളു . ആകാശത്തിൽ എപ്പോഴും അയാളെ ആകർഷിച്ചിരുന്ന കാഴ്ചയായി ആയിരക്കണക്കിന് വെള്ളക്കിളികൾ കളി തുടങ്ങിയിരുന്നു . ഉദയസൂര്യൻ അവയുടെ ചിറകുകളിൽ സ്വർണം പൂശി. വലിയ സ്വർണ അരഞ്ഞാണം കൊണ്ട് പല തരം രൂപങ്ങളുണ്ടാക്കുന്ന കൊച്ചുകുട്ടിയെ പോലെ അവ പറന്നു കളിക്കുകയാണ് .
"വരൂ രാമാ, ഞങ്ങൾ നിന്നെ കാത്തിരിക്കുകയാണ് ."
അനന്തതയിലെവിടെയോ നിന്ന് മുത്തച്ഛന്റേയും മറ്റും വാത്സല്യം നിറഞ്ഞ ശബ്ദങ്ങൾ ക്ഷണിക്കുന്നു . പെട്ടെന്ന് നഷ്ടപ്പെട്ട തന്റെ രൂപത്തിനും കൈകാലുകൾക്കും പകരം വലിയ വെള്ളച്ചിറകുകൾ മുളച്ചു വരുന്ന ഒരു പക്ഷിയുടെ രൂപം തനിക്കു സ്വന്തമാവുന്നതു വിസ്മയത്തോടെയും അതിലേറെ ആനന്ദത്തോടെയും അയാൾ അറിഞ്ഞു . പിന്നെ പുതുതായി ലഭിച്ച വലിയ വെള്ളച്ചിറകുകൾ വിരിച്ചു എന്നും താനിഷ്ടപ്പെട്ട പക്ഷിയുടെ രൂപവുമായി സീതാരാമൻ ആകാശത്തേക്ക് പറന്നുയർന്നു .
താഴെ വീട്ടിൽ കുളിമുറിയിലെ തണുത്ത മാർബിൾ തറയിൽ ജീർണിച്ച വസ്ത്രം കളയുന്നത് പോലെ താനുപേക്ഷിച്ച നിശ്ചേതനമായി കിടക്കുന്ന ശരീരമോ , അതിനടുത്തു കിടന്ന ഒഴിഞ്ഞ വിഷക്കുപ്പിയോ , അച്ഛനെന്തേ ഈ നനഞ്ഞ തറയിൽ കിടക്കുന്നതെന്നറിയാതെ തോണ്ടി വിളിക്കുന്ന മകനെയോ, ഏതു നിമിഷവും പൊട്ടിയൊഴുകിയേക്കാവുന്ന ഒരു നിലവിളി തൊണ്ടയിൽ പിടിച്ചു എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഭാര്യയേയും ഒന്നും സീതാരാമൻ കണ്ടില്ല !!.
അല്ലെങ്കിൽ തന്നെ ഇനി എന്തിനാണ് അയാളുടെ സ്വച്ഛമായ പ്രയാണത്തെ തടയാൻ കഴിയുക !!.
ജിതേഷ് പൊയിലൂർ

പാഷൻ

പാഷൻ
രാവിലെ ഒമ്പതര ആയി കാണും . ഞായറാഴ്ച ആയതു കൊണ്ട് അതിരാവിലെ എന്ന് വേണമെങ്കിൽ പറയാം .ചായ കിട്ടിയിട്ടേ കിടക്കയിൽ നിന്ന് എഴുന്നേല്ക്കു എന്ന വാശിയിൽ ഞാനും എഴുന്നേറ്റു വന്നാലേ ചായ തരു എന്ന വാശിയിൽ ഭാര്യയും ഇടഞ്ഞുനില്കുന്ന സമയം .അപ്പോഴാണ് ദിവാസ്വപ്നങ്ങൾക്ക് കയറിട്ടു കൊണ്ട് ഫോണ് ചിലച്ചതു.
"ഹലോ , കോയ നീ ഇതുവരെ കിടക്കപായിന്നു എഴുന്നേറ്റില്ലേ , ഇത് ഞാനാ സുലയ്മാൻ..( കോയ എന്ന വിളി കേട്ടപ്പോൾ തന്നെ ആളെ മനസ്സിലായിരുന്നു )
ഇന്ന് വൈകിട്ട് ഞാനും ഷാഹിനയും അങ്ങ് വരുന്നുണ്ട് . ചോറിനോന്നും നിക്കുല്ല. ഇങ്ങൾ ചായയും സ്പെഷൽ എന്തെങ്കിലും ഉണ്ടാക്കിയാൽ മതി. (എപ്പോഴും ഉള്ളത് പോലെ നേരെ യുള്ള സംസാരം )
ശരി ആയിക്കോട്ടെ എന്നാ വയ്കുന്നേരം കാണാം ".
"കുറെ ക്കാലം കൂടി വരുന്നതല്ലേ ,ഊണിനു കുറെ ക്കുടി നിർബന്ധിക്കണമായിരുന്നു , ഇനി ചായക്കു കാര്യമായി എന്തെങ്കിലും ഉണ്ടാക്കാം" എന്ന്
പരിഭവം പ്രകടിപ്പിച്ചു പറഞ്ഞുകൊണ്ട് ഭാര്യ അടുക്കളയിലേക്ക് കയറി .ഞാൻ സുലയ്മാനെ കുറിച്ച് ഓരോന്നാലോചിച്ച് വീണ്ടും കിടന്നു .
അവന്റെ ഫുട്ബോൾ കമ്പമാണ് ആദ്യം മനസ്സിൽ വന്നത് . കോളേജിൽ പഠിക്കുമ്പോൾ ഭാഷ പോലുമറിയാതെ കല്കട്ടയിലും ഗോവയിലും മറ്റും കളി കാണാൻ പോയിരുന്നു അവൻ . അച്ഛന്റെ പേര് മാറിപോയാലും അവനു കളിക്കാരുടെ പേര് മാറിപോകില്ല എന്ന് നാട്ടുകാർ...
ഒരിക്കൽ ഭാര്യ ഷാഹിനയുടെ വയറിൽ ആദ്യത്തെ കുട്ടി നിറഞ്ഞു നില്കുന്ന സമയം, കോഴിക്കോട് ഗ്രൗണ്ടിൽ ഒരു പ്രധാന ഫുട്ബോൾ മത്സരം നടക്കുന്നു .ഡോക്ടർ പറഞ്ഞതനുസരിച്ച് പ്രസവത്തിനു ഇനിയും ഒരാഴ്ച ഉണ്ട് .
ഏറിയ കണക്കുകൂട്ടലുകൾക്കൊടുവിൽ മൂപ്പർ കളി കാണാൻ പോകാൻ തന്നെ തീരുമാനിച്ചു . പത്തു മിനുട്ടിനുള്ളിൽ വരാമെന്ന് പറഞ്ഞു ഒരു മുങ്ങൽ .തന്റെ ടീം ജയിക്കുമെന്നുറപ്പായപ്പൊൾ അര മണിക്കൂർ മുൻപ് പകുതി മനസ്സോടെ വീടിലേക്ക് മടങ്ങി .
വീടിനടുത്തെത്തിയപ്പോൾ "എന്തായി സുലയ്മാനെ, ഏതു ഹോസ്പിറ്റലിൽ ആണ് ?" എന്നൊക്കെ ആരോ ചോദിച്ചപ്പോളാണ് ഷാഹിന ഹോസ്പിറ്റലിൽ ആണെന്നത് ഇഷ്ടന് കത്തിയത് . അതേ ഓട്ടോയിൽ മാക്സിമം സ്പീഡിൽ വിട്ടു അവിടെയെത്തുമ്പോൾ അവളെ സ്ട്രെചെറിൽ അകത്തേക്ക് കൊണ്ടുപോകുകയായിരുന്നു .
"പേടിക്കണ്ട ഷാഹീ ഞാനിവിടെയുണ്ട് ... എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരു അന്താരാഷ്ട്ര ഗോളിയെ പോലെ സുലയ്മാൻ ഡൈവ് ചെയ്തു സ്ട്രെചെർ ന്റെ ഒരു മൂലയിൽ പിടുത്തമിട്ടു!!..
ഷാഹിന സങ്കടവും ദേഷ്യവും സന്തൊഷവുമെല്ലാം മാറി വിടരുന്ന കണ്ണുകളോടെ അയാളെ നോക്കി ...
സുഖ പ്രസവമൊക്കെ കഴിഞ്ഞു ഷാഹിന പറഞ്ഞത്രേ അന്ന് ആ സമയത്ത് നിങ്ങൾ എത്തിയത് നന്നായി അല്ലെങ്കിൽ പടചൊനാണെ നമ്മൾ പിരിഞ്ഞെനെ" "
അവള് പറഞ്ഞാൽ പറഞ്ഞത് ചെയ്യും പോരെങ്കിൽ നല്ല നെലെലുള്ള അഞ്ചു ആങ്ങളമാരുമുണ്ട്" എന്ന് കേട്ടപ്പോൾ ചിരിച്ച ഞാനും ചെറുതായി ഒന്ന് ഞെട്ടി .
വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഉമായി ഭാര്യ വന്നപ്പോൾ തല്ക്കാലം ഞാൻ ഓര്മ്മകള്ക്ക് റസ്റ്റ് കൊടുത്തു .
വൈകുന്നേരം ചായയും പലഹാരങ്ങളും കഴിക്കുന്നതിനിടയിൽ സുലയ്മാൻ പറഞ്ഞു "വേഗം പോകണം , ഗൾഫിൽ ഇന്ന് രാത്രി പോകുന്ന ജമാൽ എന്ന ഒരു ചങ്ങായിയുടെ വീട്ടിൽ കയറണം . ഇവളെ ചേച്ചിയുടെ വീട്ടിൽ ആക്കിയിട്ടു വേണം അവിടെ പോകാൻ "
ഷാഹിന ചായ കുടിക്കുന്നതിനിടയിൽ ഇടം കണ്ണിട്ടു നോക്കി .
ഭാര്യ ഉണ്ടാക്കിയ നെയ്പതിരിയും ചിക്കനും പിന്നെ അവർ കൊണ്ടുവന്ന ഹലുവയും ഒകെ കഴിച്ചു ഒരു "പുകയിട്ടു " ദഹിപ്പിക്കാം എന്ന് കരുതി വെളിയിൽ ഇരങ്ങിയപ്പൊളാണു സുലയ്മാൻ ഞെട്ടിപ്പിക്കുന്ന വേറൊരു വിവരം പറഞ്ഞത് .
"ഗൾഫിൽ പോകുന്ന ചങ്ങായിന്റെ കാര്യം വെറും തട്ടിപ്പാണ് കോയ ..ശരിക്കും ഇന്ന് കേരള ബ്ലാസ്റ്റെർസ് ന്റെ സെമി കാണലാണു ഉദ്ദേശം ,അവളെ പറ്റിക്കാൻ ഇതേ ഒരു മാർഗം ഉള്ളു ."
അവന്റെ ഫുട്ബോൾ കമ്പം ഇനിയും മാറിയിട്ടില്ല എന്നറിഞ്ഞു ഞാൻ വണ്ടെർ അടിച്ചു .പിന്നെ ഷാഹിനയെ ഓർത്തു ശരിക്കും വിഷമം തോന്നി "കളി വേറെ കല്യാണം വേറെ " എന്നായിരുന്നു മൂപ്പരുടെ മറുപടി ...
പോകാനായി സുലയ്മാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ എടുത്തുവെച്ച കറിവേപ്പില മറന്നുപോയെന്നു പറഞ്ഞു ഷാഹിന എന്റെയടുത്തു വന്നു എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു .
"ഇക്കയുടെ ചങ്ങായി കഴിഞ്ഞ ആഴ്ച തന്നെ ഗൾഫിലെത്തി എന്നും ഇപ്പം വന്നത് പന്തുകളി കാണാനാണെന്നും ഞമ്മക്ക് മനസ്സിലായിനു , ഒരാഴ്ചയായി പേപ്പർ വായിച്ചു കണക്കു കൂട്ടുന്നതും, ആരോ ടിക്കറ്റ് അയച്ചു കൊടുത്തതും എല്ലാം ഞമ്മൾ അറിഞ്ഞിനു . പിന്ന മൂപ്പരെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ ഞാൻ ഒന്നും പറയാത്തത് . എന്റെയും കുട്ടികളുടെയും കാര്യം നല്ലോണം സ്നേഹത്തോടെ നോക്കുന്നുണ്ട് നമ്മക്കത് പോരെ ഇക്ക പറേന്ന പോലെ ഓരോരാക്കും ഓരോ പാശൻ ഉണ്ടാവുഅല്ലോ ഇത് അങ്ങിനെ ആടെ നിന്നോട്ടെ .
നിങ്ങൾ ആണുങ്ങൾക്കൊരു വിചാരമുണ്ട് പെണ്ണുങ്ങൾ വെറും പൊട്ടത്തികളാണെന്നു അത് മാറ്റാൻ മാത്രമാ ഇപ്പം നിങ്ങളോടിത്ര പറഞ്ഞത് അപ്പം നമ്മൾ പോട്ടെ എന്ന് പറഞ്ഞു ഷാഹിന ശ്വാസം വിട്ടപ്പോൾ പെട്ടെന്ന് ആകെ ചമ്മി വിളറിയെങ്കിലും പിറകിൽ നിന്ന് ഭാര്യ കുലുങ്ങി ചിരിക്കുന്നത് കേട്ടപ്പോൾ എനിക്കും ചിരിക്കാതിരിക്കാൻ പറ്റിയില്ല . സുലയ്മാനോട് ഒരിത്തിരി സഹതാപവും ...
അങ്ങിനെ മുത്ത് കിലുങ്ങും പോലെ ചിരിച്ചു ഷാഹിന പോയി . കൂടെ സുലയ്മാനും . എല്ലാം കഴിഞ്ഞപ്പോൾ എനിക്കൊരു സംശയം ബാക്കി ... "സുലയ്മാനു ഫുട്ബോളിനോടുള്ള പാഷനൊ വലുത് ഷാഹിനക്കു സുലയ്മാനോടുള്ള പാശനൊ ???..
ജിതേഷ് പോയിലൂർ .

പഴുത്തിലകൾ.....


പഴുത്തിലകൾ.....
“ബസ്സ്‌ വരുന്ന ലക്ഷണമൊന്നും കാണുന്നില്ലല്ലോ?” പ്രഭാകരേട്ടന്‍ അക്ഷമനായി ഒരു റബ്ബര്‍ പന്തുപോലെ ആ ചെറിയ ചായക്കടയുടെ തിണ്ണയിലും അതിനോട് ചേര്‍ന്നുള്ള ട്രാവല്‍ ഓഫിസിലും, മഴവെള്ളം കുതിര്‍ത്ത ഹൈവേയുടെ വശത്തുള്ള നടപ്പാതയിലും തെറിച്ചു വീണുകൊണ്ടിരുന്നു. അല്‍പ്പനേരം മുന്‍പുവരെ പിറുപിറുത്തുകൊണ്ടിരുന്ന അയാളുടെ ആത്മഗതങ്ങള്‍ ഇപ്പോള്‍ ഉച്ചത്തിലുള്ള രോഷപ്രകടനങ്ങളായി മാറിതുടങ്ങി.
“ബോംബേയില്‍നിന്നു രാവിലെ ആറുമണിക്ക് പുറപ്പെടുമെന്ന് പറഞ്ഞതാണ്‌. പതിനൊന്നു മണിക്ക് പൂനെയില്‍ എത്തുമെന്നും . ഇപ്പോള്‍ ഒരുമണിയാകാറായി.
അന്തരീക്ഷത്തില്‍ സ്വീകരിക്കാനാളില്ലാതെ കുഴങ്ങിനിന്ന വാക്കുകളെ ഏറ്റെടുത്തു മനോജ്‌ അയാളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു.
“നമ്മളെന്തു ചെയ്യാനാ പ്രഭാകരേട്ടാ, മഴ കാരണം ലോണാവാല-ഖണ്ടാലാ ചുരം മുഴുവന്‍ ട്രാഫിക് ജാമായിരിക്കും. ഇനി എന്തായാലും അധികം വൈകില്ല.”
“ഹാഫ് ഡേ ലീവ് മാത്രമേ ഞാനെടുത്തിട്ടുളൂ. ഇനിയും വൈകിയാല്‍ സ്വതവേ ചിരിക്കാത്ത മാനേജരുടെ കറുത്ത മുഖം കൂടി കാണേണ്ടിവരും.” പറയുമ്പോള്‍ അയാളുടെ മുഖത്ത് ദേഷ്യവും സങ്കടവും കലര്‍ന്ന ഭാവം.
ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടില്‍ ഇരിക്കുന്ന പാര്‍വതിയമ്മ അടക്കിയ സ്വരത്തില്‍ പറഞ്ഞു. “ഇത്തിരി ചായെന്റെ വെള്ളം കിട്ടിയാല്‍ തരകേടില്ലായിരുന്നു.” അതുകേട്ടു പ്രഭാകരെട്ടന്റെ ഒച്ച ഉയര്‍ന്നു. “ചോറിന്റെ സമയമായില്ലേ അമ്മെ, അതിനിടയില്‍ എന്തിനാ ഒരു ചായ.” ചിരിയടക്കുന്ന കടക്കാരന്റെ മുഖത്തുനോക്കി വൃദ്ധ നെടുവീര്‍പ്പിട്ടു.
ഇവര്‍ക്കിടയില്‍ ഞാനെങ്ങനെ പെട്ടെന്നെല്ലേ? ഒറ്റയ്ക്ക് നാട്ടിലേക്ക് ഒരു ബസ് യാത്രയും പ്ലാന്‍ ചെയ്തിരിക്കുമ്പോഴാ സുഹൃത്തായ മനോജ്‌, നാട്ടിലേക്ക് പ്രഭാകരേട്ടന്റെ അമ്മ കൂടെ ഉണ്ടെന്നു പറഞ്ഞത്. ഞങ്ങളുടെ കമ്പനിയുടെ അടുത്തു തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആളാണ് മനോജിന്റെ ബന്ധു കൂടിയായ പ്രഭാകരേട്ടന്‍. ഒറ്റക്കൊരു യാത്ര ഒരിക്കലും വിരസമായിരുന്നില്ല. മറിച്ചു ഒരാനന്ദമായിരുന്നു. ഒരു ബന്ധനവുമില്ലാതെ ഒറ്റയ്ക്ക് സഞ്ചരിക്കുക, പലതരം ആളുകളെ കാണുക, കനവുകളില്‍ മുഴുകാം, വഴിക്ക് വച്ച് യാത്ര നിര്‍ത്തുകയോ വേറെ ലക്ഷ്യത്തിലേക്ക് മാറ്റുകയോ വരെ ചെയ്യാം. ഈ സ്വാതന്ത്ര്യങ്ങളെല്ലാം ഒരാള്‍ കൂടെ വരുന്നതോടെ ഇല്ലാതാവുന്നു.
എങ്കിലും മനോജിന്റെ ആവശ്യം തള്ളിക്കളയാന്‍ എനിക്കു തോന്നിയില്ല. ഒരു രാത്രിയുടെ കാര്യമല്ലേ ഉള്ളൂ.
പ്രഭാകരെട്ടന്റെ വെപ്രാളം കണ്ട് മനോജ്‌ പറഞ്ഞു. “നിങ്ങള്‍ വേണമെങ്കില്‍ ഓഫീസിലേക്ക് പൊയ്ക്കോള്ളൂ . ഇവരെ ഞാന്‍ ബസ് കയറ്റി വിട്ടോളാം. “കേള്‍ക്കാന്‍ കാത്തുനില്‍ക്കുന്നത് പോലെ അയാള്‍ ചാടിയിറങ്ങി എന്നോടു പറഞ്ഞു. “വഴിചിലവിനുള്ള പണം ഞാന്‍ അമ്മയുടെ കയ്യില്‍ കൊടുത്തിട്ടുണ്ട്. പിന്നെ അവശ്യമില്ലാത്തതൊന്നും വാങ്ങിച്ചു കൊടുക്കേണ്ട. അനന്തേട്ടനോടു ഞാന്‍ വിളിച്ചു പറയാം ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കാന്‍. ട്രാവല്‍ ഓഫീസില്‍ അന്വേഷിച്ചു സമയത്ത്‌ അവിടെ എത്തിക്കൊള്ളും. നാളെ ഞായറാഴ്ച ആയതുകൊണ്ട് ചേട്ടന്‍ വീട്ടില്‍ തന്നെ കാണും. അഥവാ സ്റ്റോപ്പില്‍ കണ്ടില്ലെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ നമ്പരും തന്നു. പിന്നെ ചാറ്റല്‍ മഴയില്‍ റെയിന്‍ കോട്ടും തൊപ്പിയും വച്ച് ഒരു വലിയ വവ്വാലിനെ പോലെ സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് അയാള്‍ ധൃതിയില്‍ പറന്നകന്നു.
ഊണ് കഴിഞ്ഞു ഒരു നാല് മണിയായ്‌ ബസ് വന്നപ്പോള്‍. അമ്മ ഉള്ളത് കൊണ്ട്ട് ഇനി പുകവലിയും ബിയറും ഒന്നും നടക്കില്ല. ഈ യാത്ര മുഴുവന്‍ നല്ല കുട്ടിയായിരിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോളാണ് അടുത്ത സ്റ്റോപ്പില്‍ നിന്നും പ്രകാശന്‍ കയറിയത്. ഒരു ടയര്‍ വര്‍ക്സില്‍ ജോലി ചെയ്യുന്ന പരിചയക്കാരനാണ്‌. അത്യാവശ്യം മദ്യപാനത്തിന് കൂടുന്നവനാണ്. ഇനി എങ്ങിനെ നാട്ടിലെത്തുന്നത് വരെ പിടിച്ചു നില്‍ക്കുമെന്ന് എനിക്ക് ആധിയായി. പെട്ടെന്ന് തന്നെ അവനു കാര്യങ്ങള്‍ മനസ്സിലാവാന്‍ വേണ്ടി അമ്മയെ പരിചയപ്പെടുത്താന്‍ ഞാന്‍ മുന്‍കൈ എടുത്തു. പറഞ്ഞു വന്നപ്പോള്‍ പ്രകാശനും അവരും ഒരേ നാട്ടുകാരായിരുന്നു . അതു കൊണ്ടായിരിക്കാം അവന്റെ മുഖത്ത് ഒരു സന്തോഷം തെളിഞ്ഞതും. എന്നെപ്പോലെ തന്നെ അവരുടെ കാര്യത്തില്‍ അവനും ശ്രദ്ധാലുവായത് എന്തായാലും എനിക്കു വലിയ ഒരാശ്വാസമായി.
പ്രഭാകരേട്ടന്‍ ഉള്ളപ്പോള്‍ ഒന്നും മിണ്ടാതെ പേടിച്ചു ഒതുങ്ങിയിരുന്ന അമ്മ, മകന്‍ പോയതോടെ നിറയെ സംസാരിച്ചു തുടങ്ങി. ബസിനകത്തു കയറിയതും അവര്‍ പലതും പറഞ്ഞു കൊണ്ടേയിരുന്നു. സാധാരണ അമ്മമാരെപ്പോലെ തന്നെ മക്കളെ കുറിച്ചായിരുന്നു അതില്‍ അധികവും . മൂത്ത മകന്‍ അനന്തന്‍ നാട്ടില്‍ അറിയപ്പെടുന്ന ഒരു വക്കീലാണ്. രണ്ടാമത്തവന്‍ ഇവിടെയും. പിന്നെ ഒരു പെണ്ണ് ഉള്ളത് ഭര്‍ത്താവിന്റെ കൂടെ ബംഗ്ലൂരിലാണ്. അവന്‍ അവിടെ എന്തോ വലിയ കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥനാണു. ആരുടെ കൂടെ കഴിഞ്ഞാലും എനിക്കു നല്ല സുഖമാണ് എന്നും മറ്റുമുള്ള അവരുടെ സംസാരം എന്തോ എനിക്കും പ്രകാശനും വിരസമായി തോന്നിയില്ല. മറ്റു യാത്രക്കാര്‍ക്കു ഒരു ചെറിയ ശല്യമായിരിക്കും എങ്കിലും പ്രായം കണക്കിലെടുത്ത് ആവാം ആരും ഒന്നും മിണ്ടിയില്ല.
അടുത്ത ചുരത്തിന്റെ താഴെ എത്തുമ്പോഴേക്കും ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഇനി കയറ്റം കഴിഞ്ഞ് മുകളിലെ ഹോട്ടലില്‍ ആയിരിക്കും രാത്രി ഭക്ഷണം. ഒരു ചെറുപ്പക്കാരനെപ്പോലെ ഓടിയിരുന്ന ബസ്, കയറ്റം തുടങ്ങിയതുമുതല്‍ കിതച്ചു തുടങ്ങിയിരുന്നു.മുന്നിലെ ട്രക്കുകളെ കണ്ടപ്പോള്‍ ചുരം ഏകദേശം കഴിയാറായി എന്ന് മനസ്സിലായി. താഴെ വളഞ്ഞു പുളഞ്ഞു ഒരു വലിയ ശഖു വരയന്‍ പാമ്പിനെപ്പോലെ ഇരുളും വെളിച്ചവും ഇടവിട്ട് മെല്ലെ നീങ്ങുന്ന വാഹനങ്ങളുടെ നിര. ഹൈവേയുടെ വല്ലാതെ അപകടം പിടിച്ച ഒരു ഭാഗമാണിത്. ഒരു തവണ ബൈക്കില്‍ പോകുമ്പോള്‍ “അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ ഇത്രപേര്‍ മരിച്ചു അടുത്തത് നിങ്ങളാവരുത്” എന്ന ബോര്‍ഡ് വായിച്ചതോര്‍ക്കുന്നു. ഇരുട്ടു മൂടിയതിനാല്‍ വശങ്ങളിലെ കൊക്കയുടെ ആഴം സംസാരിച്ചും ഉറങ്ങിയുമിരിക്കുന്ന യാത്രക്കാര്‍ അറിയാതെ പോയി. ചിലപ്പോള്‍ ചുറ്റുപാടുകളെ കുറിച്ചുള്ള അറിവില്ലായ്മ ഒരു അനുഗ്രഹമാകുന്നു.
പറഞ്ഞതുപോലെ തന്നെ അടുത്ത ചെറിയ ടൌണില്‍ നിര്‍ത്തി.
“അര മണിക്കൂറോളം സമയമുണ്ട്. എല്ലാവരും ഇറങ്ങിക്കോളൂ” എന്ന് പറഞ്ഞു ചാടിയിറങ്ങിയ ഡ്രൈവറെ ഞാന്‍ ഒരു ദൈവത്തെ കാണുന്നപോലെ നോക്കി. അന്‍പതോളം പേരുടെ ജീവന്‍ ഇയാളുടെ കൈകളിലാണു ഉള്ളതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു. പലപ്പോഴും സന്ദര്‍ഭങ്ങള്‍ ആളുകളെ ദൈവവും ചെകുത്താനുമാകുന്നു.
അമ്മ കൂടെയുള്ളതുകൊണ്ട് ഞങ്ങള്‍ ബാര്‍ അറ്റാച്ച് ഹോട്ടെലിനെ ഇടം കണ്ണു കൊണ്ട് നോക്കി. അടുത്തു തന്നെയുള്ള വെജിറ്റേറിയന്‍ റസ്ടോരന്റിലേക്ക് നീങ്ങി. ഞങ്ങളെ അത്ഭുതപ്പെടുത്തി കൊണ്ട് അമ്മ പറഞ്ഞു “എനിക്കെന്തായാലും ചിക്കന്‍ ബിരിയാണി തിന്നണം. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഓരോ ബിയറും കുടിക്കാം. പിന്തിരിപ്പിക്കാന്‍ നോക്കുമ്പോഴേക്കും അവര്‍ മുന്നോട്ടു നടന്നു കഴിഞ്ഞിരുന്നു. വീട്ടമ്മയെ പോലെ നിന്ന വെജിറ്റേറിയന്‍ റസ്ടോരന്റ് വിട്ട് കാമുകിയെപ്പോലെ അണിഞ്ഞൊരുങ്ങി നിന്ന ബാറിനുള്ളിലേക്ക് ഞങ്ങള്‍ കയറി. വിളമ്പുകാരന്‍ വന്ന് എന്താണ് കഴിക്കുന്നതെന്നു ചോദിച്ചപ്പോഴും ഞാനും പ്രകാശനും ഒരു വൃദ്ധയെയും കൊണ്ട് ബാറില്‍ കയറിയതിന്റെ മൌഡ്യത്തിലായിരുന്നു. “ഇവര്‍ക്ക് രണ്ടു ബിയറും എനിക്കൊരു ചിക്കന്‍ ബിരിയാണിയും” മലയാളിയായ അവനോടു അമ്മ തന്നെ ഓര്‍ഡര്‍ ചെയ്തു. തള്ളയുടെ ചിലവില്‍ കള്ളുകുടിക്കുന്ന മക്കള്‍ എന്ന ഒരു പുച്ഛച്ചിരി സമ്മാനിച്ചുകൊണ്ട് അവന്‍ അകത്തേക്ക് പോയി. പിന്നീട് ഭക്ഷണം കഴിച്ചു പുറത്തു വന്നപ്പോള്‍ “ഞാനിത്തിരി അടയ്ക്ക ചവയ്ക്കട്ടെ” എന്നും “പുകവലിക്കണമെങ്കില്‍ ബസ്സ് പുറപ്പെടുന്നതിനു
മുന്പ് തന്നെ ആയികോളൂ” എന്നും പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കവരെ തീരെ മനസ്സിലായില്ല.
തണുപ്പില്‍ അല്പം മാറിനിന്ന് സിഗരറ്റിനു തീ പിടിപ്പിക്കുമ്പോള്‍ പ്രകാശന്‍ മന്ത്രിക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു. “ഇവരുടെ മക്കളെത്ര ഭാഗ്യവാന്മാര്‍”.
പിന്നീടുള്ള യാത്രയിലും അമ്മയുടെ നാവിനു വിശ്രമമില്ലയിരുന്നു. പിറകിലെ സീറ്റിലെ പെണ്‍കുട്ടി ഇടവിട്ടിടവിട്ട് ഫോണില്‍ സംസാരിക്കുന്നതു കണ്ട് അവര്‍ പറഞ്ഞു “ഒന്നുകില്‍ പുതുമോടി അല്ലെങ്കില്‍ പ്രേമം” പിന്നെ തന്റെ പ്രണയ വിവാഹത്തെ പറ്റിയായി സംസാരം. ഭര്‍ത്താവിനെ ആദ്യമായി കണ്ടതും, കണ്ടപ്പോള്‍ തന്നെ പ്രണയം മനസ്സില്‍ ഇളവെയിലായി പടര്‍ന്നതും മറ്റും പറയുമ്പോള്‍, എഴുപതുവയസ്സുള്ള അവര്‍ പതിനെഴുകാരിയായി. പിന്നെ സ്വകാര്യമായി പറഞ്ഞു
“കല്യാണം കഴിക്കുമ്പോള്‍ തന്നെ നന്ദു എന്റെ വയറ്റിലുണ്ടായിരുന്നു”. അല്പം ഉറക്കെയുള്ള ഈ സ്വകാര്യം കേട്ട് ഡ്രൈവറും പ്രകാശനും കാബിനിലിരുന്നു ചിരിച്ചു. മൂത്തമകനെപ്പറ്റി പറയുമ്പോള്‍ അവരില്‍ കുറച്ചധികം വാത്സല്യവും അഭിമാനവും നിറയുന്നുണ്ടോ? ഇടക്ക് സംസാരം നിലച്ചപ്പോള്‍ അവര്‍ ഉറക്കം പിടിച്ചെന്നു മനസ്സിലായി.
ഒരു പുകയിടാന്‍ വേണ്ടി ഞാന്‍ കാബിനിലേക്ക്‌ നീങ്ങി. താഴെ പത്രം വിരിച്ച് ഇല്ലാത്ത സ്ഥലത്ത് പട്ടുമെത്തയിലെന്നപോലെ പ്രകാശന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. പുകവലിക്കാരുടെയും മദ്യപരുടെയും ഇടയില്‍, പെട്ടെന്ന് മുളപൊട്ടുന്ന സൗഹൃദം കൊണ്ടാവണം ഡ്രൈവര്‍ പറഞ്ഞു “സിഗരറ്റും തീപ്പെട്ടിയും പുറകിലെ എഫ് എ ബോക്സിലുണ്ട്, ഒന്നിങ്ങെടുത്തോളി ഒന്നെനിക്കും വേണം”. ഒന്നു ഞാനെടുത്തു, പാക്കറ്റും തീപ്പെട്ടിയും അയാള്‍ക്ക് കൊടുത്തു. എണ്പതു തൊണ്ണൂറു സ്പീഡില്‍ പോകുന്ന ബസ്സില്‍ രണ്ടു കാല്‍മുട്ടുകൊണ്ടും സ്റ്റിയറിംഗ് ബാലന്‍സ് ചെയ്ത് അയാള്‍ തീപ്പെട്ടിയുരച്ചു. കത്തിയത് എന്‍റെ നെഞ്ചിനുള്ളിലായിരുന്നു. ഈശ്വരാ അയാളുടെ കാല്‍മുട്ടൊന്നു വിറച്ചാല്‍..... എന്‍റെ പേടികണ്ടു അയാള്‍ ചിരിച്ചു. “ഇതൊന്നുമല്ല മാഷെ, നൂറ്റി ഇരുപതില്‍ പോകുമ്പോള്‍ രണ്ടു കൈയുംവിട്ട് ഞാന്‍ അഞ്ചു മിനിറ്റ് ഓടിച്ചിട്ടുണ്ട്. അന്ന് ഈ കാബിനിലുള്ളവര്‍ നിലവിളിയായിരുന്നു. ശ്രദ്ധ സംസാരത്തിലായതുകൊണ്ടാവം റോഡ്‌ ഡിവൈഡറിനടുത്തേക്ക് ബസ് ഒന്നു പാളി. ഞാന്‍ മാത്രമല്ല ഇപ്പോള്‍ അയാളും നല്ലവണ്ണം പേടിച്ചു. ഇളിഭ്യനായതുകൊണ്ടാവാം പിന്നീട് അയാള്‍ ഒന്നും സംസാരിച്ചില്ല. മാത്രമല്ല വളരെ ശ്രദ്ധിച്ചാണ് ഇപ്പോള്‍ അയാള്‍ ഡ്രൈവ് ചെയ്യുന്നത്. ചിലപ്പോള്‍ ഒരു നിമിഷം മതി വിശ്വാസങ്ങള്‍ നശിക്കാനും ജനിക്കാനും.
കുറച്ചു ദൂരം മാത്രമേ റോഡ്‌ കാണുന്നുള്ളൂ. അതിനപ്പുറം ഇരുട്ടിനെ മുറിച്ച് വഴി വെട്ടിയുണ്ടാക്കുകയാണ് ബസ്സിന്റെ ഹെഡ് ലൈറ്റുകള്‍. ഇവിടെ നിന്നാല്‍ എനിക്കു രാവിലെ വരെ ഉറങ്ങാന്‍ പറ്റില്ല. ഞാന്‍ തിരിച്ചു സീറ്റിലേക്കു പോയി. അമ്മ ചെറിയ ഒരുറക്കം കഴിഞ്ഞിരുന്നു. “നീ ഇവിടെ കിടന്നോ” ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ആ ലോങ്ങ്‌ സീറ്റില്‍ ഉള്ളൂ. അഡ്ജസ്റ്റ് ചെയ്ത് കിടക്കാന്‍ തുടങ്ങിയപ്പോള്‍ മടിയില്‍ തലവച്ചോളാന്‍ പറഞ്ഞത് ഞാന്‍ ചെവിക്കൊണ്ടില്ല. പക്ഷെ അവര്‍ ബലമായി പിടിച്ചു അവരുടെ മടിത്തട്ട് എനിക്കു തലയണയായി തന്നു. അമ്മയുടെ മടിയില്‍ കുഞ്ഞുങ്ങള്‍ എന്താണ് എളുപ്പം ഉറക്കം പിടിക്കുന്നതെന്നോര്‍ത്ത് അത്ഭുതപ്പെടാനുള്ള സമയം എനിക്കു കിട്ടിയില്ല, അതിനു മുന്‍പേ ഞാന്‍ മയങ്ങിപ്പോയിരുന്നു.
ഇനിയും അല്‍പസമയം കഴിഞ്ഞാല്‍ അവര്‍ക്കിറങ്ങേണ്ട സ്ഥലമാകും. ഡൈവര്‍ പറഞ്ഞു “അവിടെയാണ് നമ്മുടെ ഉച്ചഭക്ഷണം. നിങ്ങള്‍ക്കിവരെ യാത്രയാക്കാനൊക്കെ ഇഷ്ടം പോലെ സമയമുണ്ടാകും”. രാവിലെ ബ്രൈക്ക്ഫാസ്റ്റിന്‍റെയും മറ്റും തിരക്കുകള്‍ക്കിടയിലും അവര്‍ കുളിക്കാന്‍ സമയം കണ്ടിരുന്നു. ചോദിച്ചപ്പോള്‍ പറഞ്ഞു “ഞാന്‍ മുഷിഞ്ഞതിട്ടു നടക്കുന്നതു അനന്തനു ഇഷ്ടാവൂല്ല” ഇറങ്ങേണ്ട സമയമടുത്തപ്പോള്‍ ചെറിയ വിഷമം. ഇത്തിരി നേരത്തെ ബന്ധങ്ങളാണെങ്കിലും വേര്‍പിരിയല്‍ വേദന തന്നെ.
`
അവിടെ എത്തിയപ്പോള്‍ സ്റ്റോപ്പിലും ട്രാവല്‍ ഓഫിസിലുമൊക്കെ അമ്മയുടെ കണ്ണുകള്‍ മകനെ തിരഞ്ഞു. പിന്നാലെ ഞാനും പ്രകാശനും നോക്കിയെങ്കിലും ആരും വന്നില്ല. “സാരമില്ല ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ വിളിച്ചു നോക്കാം” ഞാന്‍ പറഞ്ഞു. ഫോണെടുത്തത് വക്കീലിന്റെ ഭാര്യയാണെന്നു തോന്നുന്നു “അമ്മ വന്നിട്ടുണ്ട് സ്റ്റോപ്പിലേക്ക് ആരെങ്കിലും വന്നാല്‍ എന്റെ ഉത്തരവാദിത്തം കഴിയുമായിരുന്നു.” ഞാന്‍ അറിയിച്ചു. അവര്‍ പറഞ്ഞു “ബസ് സ്റ്റോപ്പില്‍ നിന്ന് വീട്ടിലേക്കു വരാനുള്ള വഴിയൊക്കെ അമ്മയ്ക്ക് നന്നായി അറിയാം, അവര്‍ വന്നു കൊള്ളും. അനന്തേട്ടനെ ഉച്ചയുറക്കത്തില്‍ നിന്നും വിളിച്ചാല്‍ നല്ല ദേഷ്യം വരും. നിങ്ങള്‍ പേടിക്കാതെ പൊയ്ക്കോള്ളൂ” അവര്‍ ഫോണ്‍ കട്ട് ചെയ്തു.
റിസീവര്‍ പിടിച്ചു നെറ്റിയില്‍ കൈയും വെച്ച് ഒന്നും മിണ്ടാതെയിരിക്കുന്ന എന്നെ കണ്ട് പ്രകാശന്‍ ചോദിച്ചു. “എന്തു പറ്റി, ആരെങ്കിലും പെട്ടെന്ന് വരില്ലേ? കാര്യം പറഞ്ഞപ്പോള്‍ അവന്‍ ഫോണെടുത്ത് റീഡയല്‍ ചെയ്തു. വീണ്ടും അതേ സ്ത്രീ ശബ്ദം. “നിങ്ങളോട് ഇങ്ങനെ പറയാന്‍ എല്പ്പിച്ചിട്ടാണ് ചേട്ടന്‍ ഉറങ്ങാന്‍ പോയത്”. പിന്നെ “ഇവര്‍ക്കെന്തു പറഞ്ഞാലും മനസ്സിലാവില്ല” എന്ന്‍ ഒരു പുരുഷന്റെ ഉയര്‍ന്ന ശബ്ദവും അടുത്തു നിന്ന ഞാന്‍ വ്യക്തമായി കേട്ടു. പ്രകാശന്‍റെ മുഖം മാറിവരുന്നത് കണ്ട് ഞാന്‍ ചാടിക്കയറി ഫോണ്‍ കട്ട് ചെയ്തു. ഫോണ്‍ ബൂത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ഒന്നും അടക്കി വെക്കാനറിയാത്ത പ്രകാശന്‍റെ നാവില്‍ നല്ല പൂത്തിരി കത്തി. ഞാന്‍ പറഞ്ഞു “പതുക്കെ, അവര്‍ അടുത്ത് തന്നെയുണ്ട്‌” മകന്റെ കുറ്റങ്ങളും കുറവുകളും കേള്‍ക്കുന്നത് എതൊരമ്മയ്ക്കും ദുഃഖം തന്നെയായിരിക്കും.
റോഡിന്റെ ഓരത്ത് എടുക്കാനാളില്ലാത്ത അവസാന ഉരുപ്പടി പോലെ അവര്‍ നില്‍ക്കുന്നു. കുളി കഴിഞ്ഞിരുന്നെങ്കിലും മുഖത്ത് യാത്രാക്ഷീണവും പിന്നെ ആരും വരാത്തതിന്‍റെയാവാം ഒരു വല്ലായ്മയും. അവര്‍ക്ക് എല്ലാം മനസ്സിലായെന്നു തോന്നി എനിക്ക് തോന്നി. “വീട്ടില്‍ ആരും ഫോണെടുക്കുന്നില്ലല്ലോ” പെട്ടെന്ന് മനസ്സില്‍ തോന്നിയ വാചകം. “സാരമില്ല മോനെ, കനാലിന്റെ സൈഡില്‍ കൂടി നടന്നാല്‍ പത്തു മിനിറ്റുകൊണ്ടു വീടെത്തും, നിങ്ങള്‍ പൊയ്ക്കോള്ളൂ”. അതു ശരിയല്ലെന്ന ഭാവത്തില്‍ ഞാന്‍ പ്രകാശനെ നോക്കി. ഉടന്‍ അവന്‍ സ്റ്റോപ്പില്‍ നിന്ന് ഒരു ഓട്ടോ വിളിച്ചു. പൈസയെടുക്കാന്‍ വേണ്ടി ഞാന്‍ പോക്കറ്റില്‍ കൈയിട്ടപ്പോള്‍ അവന്‍ പറഞ്ഞു. “അതൊന്നും വേണ്ട ചേട്ടാ, നിങ്ങള്‍ ധൈര്യമായി പൊയ്ക്കോള്ളൂ. ഇവരെ വീട്ടിലെത്തിക്കലാണ് എന്റെ ആദ്യത്തെ ജോലി.”
ബസ്സില്‍ കയറുമ്പോള്‍ ഭക്ഷണത്തിന്റെ കാര്യം ഓര്‍മ്മ വന്നെങ്കിലും വിശപ്പുകെട്ടുപോയിരുന്നു. ഇനി എന്തെങ്കിലും കഴിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ബസ്സ് പോയിട്ടു പോകാമെന്ന് കരുതിയാവണം ഓട്ടോ അവിടെ തന്നെ നില്‍ക്കുന്നുണ്ട്. അതിനടുത്തു തന്നെ ഉണ്ടായിരുന്ന പ്രകാശനെ കുറച്ചു നേരം ഞാന്‍ കണ്ടില്ല. പിന്നെ ബസ് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോഴേക്കും അവന്‍ ജനലിനടുത്ത് പ്രത്യക്ഷപ്പെട്ടു. “കുറച്ചു പഴവും ഓറഞ്ചുമൊക്കെയാണ്, നിങ്ങള്‍ ഒന്നും കഴിച്ചില്ലല്ലോ?” എന്ന് പറഞ്ഞു കൈയിലുള്ള പ്ലാസ്റ്റിക്ക് സഞ്ചിയും ഒരു മിനറല്‍ വാട്ടറും അവന്‍ എന്റെ കൈയില്‍ പിടിപ്പിച്ചു. ഇതിന്റെ കാശ് എന്തായാലും നീ വാങ്ങണം എന്ന് പറയുമ്പോഴേക്കും അവന്‍ നടന്നു കഴിഞ്ഞിരുന്നു. ഇടയില്‍ അവന്‍ വിളിച്ചു പറഞ്ഞു “നമ്മള്‍ ഇനിയും കാണേണ്ടവരല്ലേ മാഷേ, അപ്പോള്‍ പറയാം ബാക്കി.കണക്കുകളെല്ലാം തീർക്കേണ്ട !”
ഈ യാത്രയില്‍ അമ്മയെയും വക്കീലിനെയും മാത്രമല്ല ഇവനെയും എനിക്കു മനസ്സിലാവുന്നില്ലല്ലോ!
. . . . . . . . .
തലശ്ശേരി സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും സന്ധ്യയാകാറായി. ഒരു മൂലയില്‍ എന്റെ ഗ്രാമത്തിലേക്കുള്ള ബസ്സ്‌ കണ്ടപ്പോള്‍ യാത്രാ ക്ഷീണമെല്ലാം മറന്നു. അര മണിക്കൂര്‍ കഴിഞ്ഞേ ബസ്സ്‌ പുറപ്പെടുകയുള്ളൂ. അവസാനത്തെ ട്രിപ്പ്‌ ആയതിനാലാവാം നാലഞ്ചുപേര്‍ ഇപ്പഴേ കയറി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോഴേക്കും അമ്മയുടെ ഫോണ്‍ വന്ന്. പതിവ് പരാതികള്‍ തന്നെ, “നീയെന്താ മൂന്നാലു ദിവസായി വിളിക്കാത്തത്, എനിക്കു ഫോണ്‍ ചെയ്യാനൊന്നും ശരിക്കറിയില്ലെന്ന് നിന്നോടു എത്ര തവണയാ വിസ്തരിക്കേണ്ടത്, ഇത് തന്നെ അപ്പുറത്തെ വീടിലെ പയ്യനെക്കൊണ്ട് ഡയല്‍ ചെയ്യിച്ചതാ.”
“അമ്മ ഫോണ്‍ വച്ചോ , ഇനി ഒന്നര മണിക്കൂര്‍ കൊണ്ട് ഞാന്‍ വീടെത്തും, ഓണം കഴിയുന്നത്‌ വരെ ലീവ് ഉണ്ട്.”
അമ്മയുടെ മുഖത്തെ സന്തോഷം ഞാന്‍ മനസ്സില്‍ കണ്ടു. എങ്കിലും ഫോണില്‍ പരിഭവം “അപ്പോള്‍ നീ തലശ്ശേരി എത്തി അല്ലെ? നിനക്ക് നേരത്തെ വിളിച്ചു പറഞ്ഞാലെന്താ? ഇവിടെ ഒന്നു മണക്കാന്‍ കൂടി ഇന്ന് മീന്‍ കിട്ടിയിട്ടില്ല. സാരമില്ല, ഞാന്‍ അച്ഛനോട് ഉണക്കമീനെന്തെങ്കിലും വാങ്ങാന്‍ പറയാം.”
അമ്മ ഇപ്പോഴും അങ്ങിനെയാണ് സന്തോഷവും സങ്കടവും തുടങ്ങി എന്തും പ്രകടിപ്പിക്കാനും മറച്ചുവയ്ക്കാനും ഭക്ഷണത്തെ കൂട്ട് പിടിക്കും. അവധിക്കു വരുമ്പോള്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കിത്തന്നു സന്തോഷം കാട്ടും. തിരിച്ചു പോകുന്ന ദിവസം രാവിലെ മുതല്‍ അടുക്കളയില്‍ നിന്നിറങ്ങില്ല. എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കഭിനയിച്ചു, അതു ശരിയായില്ല, ഇത് കിട്ടിയില്ല എന്നാ പരാതികളില്‍ മകനെ യാത്രയാക്കുന്ന ദുഃഖം ഒളിക്കും. ഉറങ്ങാന്‍ നേരത്ത് ഒരു മൂലയില്‍ കണ്ണുകള്‍ നിറച്ചിരിക്കുന്ന അമ്മയെ കണ്ടില്ലെന്നു ഞാനും നടിക്കും.
ഇനിയും ഞാന്‍ വളര്‍ന്നു വലുതായാല്‍ അനന്തന്‍ വക്കീലിനെപ്പോലെ ഉച്ചയുറക്കം നഷ്ടപ്പെടുത്തി അമ്മയെ കാത്തിരിക്കാന്‍ മടിയുള്ള ഒരാളായി മാറുമോ? ഏയ് ഇല്ല. ചില കാര്യങ്ങള്‍ അങ്ങിനെ മാറാതെ തന്നെയിരിക്കട്ടെ.
ചെറുതായി വീശുന്ന കാറ്റില്‍ ഏതൊക്കെയോ നാട്ടുപൂക്കളുടെ ഗന്ധം. പുറത്ത് പകല്‍ വെളിച്ചം ഏറെക്കുറെ ഇല്ലാതായിരിക്കുന്നു. തെളിഞ്ഞ ആകാശത്തില്‍ അങ്ങിങ്ങു നക്ഷത്രങ്ങള്‍ പൂവിട്ടുതുടങ്ങി. വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളിയും വഴിയില്‍ ഇറക്കിവിട്ട ആ അമ്മയെ കുറിച്ചുള്ള ഓര്‍മ്മകളും മറ്റും കൊണ്ടാവണം ആകാശത്തുനിന്നൊഴിഞ്ഞുപോയ കര്‍ക്കിടകം എന്റെ കണ്ണില്‍ പെയ്തിറങ്ങിയത്. ബസ്സില്‍ നിറയെ പരിചയക്കാരുണ്ടാവും. അവര്‍ കാണാതിരിക്കാന്‍ നിറമിഴികള്‍ ഇറുക്കിയടച്ച് ഞാന്‍ സീറ്റിലേക്കു ചാരിക്കിടന്നു. അച്ഛന്‍ ഇപ്പോള്‍ തന്നെ ടോര്‍ച്ചുമെടുത്ത് ബസ്സ്‌ സ്റ്റോപ്പില്‍ ഹാജരയിട്ടുണ്ടാവും. തല്ക്കാലം ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞാല്‍ ഈ യാത്രയും തീരും. അതുവരെ ഒന്നു മയങ്ങാം. സ്കൂളില്‍ കൂടെ പഠിച്ച കൂട്ടുകാരനാണ് കണ്ടക്ടര്‍. സ്റ്റോപ്പ്‌ എത്തിയാല്‍ അവന്‍ വിളിച്ചുണര്‍ത്തികൊള്ളും........
കഥ ജിതേഷ് പൊയിലൂർ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo