Showing posts with label VaishakhBaiju. Show all posts
Showing posts with label VaishakhBaiju. Show all posts

വാവ്

രചന : വൈശാഖ് ബൈജു
ഇന്നിപ്പോൾ നേരം വെളുത്തപ്പോൾ മുതൽ നല്ല തിരക്കാണല്ലോ തീരത്ത്... എൻറെ മോനെ മാത്രം കണ്ടില്ലല്ലോ.... ഞാൻ പറഞ്ഞു നിർത്തി.
അടുത്ത് നിൽക്കുന്ന പയ്യൻ അതുകേട്ട് എന്നെ നോക്കി ചിരിച്ചു... ഞാൻ അവനോട് ചോദിച്ചു നീയെന്തിനാ ചിരിക്കൂന്നേ... മുന്നിലെ കടൽ കടന്നു അക്കരെ ചെല്ലണമെങ്കിൽ അരിയും പൂവും തരാൻ തീരത്ത് ആരെങ്കിലും വരണം, അതറിയില്ലേ നിനക്ക്...
അവൻ തലയാട്ടി...സമുദ്രത്തിന്റെ ഇക്കരെനിന്നു ഞാൻ വീണ്ടും തീരത്തേക്ക് നോക്കി... ഇല്ല മോൻ ഇതുവരെ വന്നില്ല...
നിങ്ങൾ മരിച്ചിട്ട് എത്രനാളായി ?? ആ പയ്യൻ തന്നോടാണ് ചോദിക്കുന്നത്,
ഒരു വർഷം കഴിഞ്ഞു... അധ്യാപകനായി ജീവിച്ചു തീർത്തതുകൊണ്ടാവും അവളെയും മോനെയും അധികം കഷ്ട്ടപെടുത്താതെ ഇങ്ങു പോരാൻ പറ്റി... അവളും മോനും മാത്രമല്ല പഠിപ്പിച്ച കുഞ്ഞുങ്ങളും സഹപ്രവർത്തകരും എല്ലാവരും എനിക്ക് വേണ്ടി 

Image may contain: 1 person, sitting, beard and outdoor

അന്ന് കരഞ്ഞു.... എൻറെ കണ്ണുകൾ നിറഞ്ഞു...
മോൻ ഇത്ര ചെറുപ്പത്തിലേ എങ്ങനെയാ ഇവിടെയെത്തിയത്... അവൻ എന്നെ നോക്കി ചിരിച്ചു...
ഞാൻ നന്നേ ചെറുപ്പത്തിലാണ് ഇവിടെയെത്തിയത്.... എല്ലാവർഷവും ഞാൻ ഇവിടെയെത്താറുണ്ട്.... ആരെങ്കിലും എന്നെ തേടി വരുന്നുണ്ടോ എന്ന് നോക്കും.... ആരും വന്നിട്ടില്ല ഇതുവരെ.... അവനത് പറഞ്ഞു നിർത്തിയപ്പോൾ അവന്റെ ചിരിക്കുന്ന മുഖത്തെ കണ്ണുകളിൽ ഞാൻ കണ്ണീരിന്റെ തിളക്കം കണ്ടു....എനിക്ക് വിഷമം തോന്നി.... അകലെ തീരത്ത് എൻറെ മകന്റെ മുഖം ഞാൻ കണ്ടു..... എൻറെ മനസ്സ് ആകെ നിറഞ്ഞു തുളുമ്പി... അവൻ ഒഴുക്കിയ ഉരുളയിൽ... ഞാൻ തൃപ്തനായി.... അവന്റെ വിഷാദപൂര്ണമായ മുഖം എന്നിൽ ഒരു വേദനയുണ്ടാക്കി....
മടങ്ങാനൊരുങ്ങിയപ്പോൾ മുൻപ് കണ്ട പയ്യൻ വീണ്ടും അടുത്തെത്തി..... സന്തോഷമായോ.... ഞാൻ നിറകണ്ണുകളോടെ അവനെ നോക്കി തലയാട്ടി...
നിന്നെ തേടി ഇത്തവണയും ആരും വന്നില്ലേ.... അവൻ ചിരിച്ചു... ഞാൻ മരിച്ചതാണോ എന്ന്‌ എനിക്ക് ഇപ്പോഴും ബോധ്യമായിട്ടില്ല.... ജനിച്ചാലല്ലേ ഒരാൾക്ക് മരിക്കാനാകൂ....!!!.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവൻ മുന്നോട്ട് നടന്നു തുടങ്ങി...ഞെട്ടലോടെ ഞാനും അവന്റെ പിന്നാലെ നടന്നുതുടങ്ങി...
അവൻ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.... ഇത്തവണത്തെ വരവ് വെറുതെയായില്ല... അമ്മയെ കണ്ടു, ചേട്ടനെ കണ്ടു, ഒറ്റമോൻ മാത്രം മതിയെന്ന് പറഞ്ഞു എന്നെ വേണ്ടെന്ന് വച്ച എൻറെ അച്ഛൻ ഈ വാവിൽ എന്റെകൂടെ.... ഇതില്പരം എന്ത് ബലിതർപ്പണമാണ് എനിക്ക് വേണ്ടത്....
ഇത്രയും പറഞ്ഞു അവൻ നടക്കുന്നു...അവന്റെ വാക്കുകൾ എന്നെ ശക്തിയായി പ്രഹരിച്ചു... എൻറെ മനസ്സിൽ ഒരു ഭാരം പെടുന്നനെ വന്നു വീണു..... എൻറെ ചലിച്ചുകൊണ്ടിരുന്ന കാലുകൾക്ക് പെട്ടെന്ന് അനക്കമില്ലാതായി.... എൻറെ തലയ്ക്ക് മുകളിൽ ബാലികാക്കകൾ വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു.... നിറഞ്ഞൊഴുകുന്ന എൻറെ കണ്ണീർ കാൽച്ചുവട്ടിലെ സമുദ്രത്തിന് ഉപ്പാകുമ്പോൾ... അവൻ മുന്നോട്ട് നടക്കുകയായിരുന്നു...
NB : ഈ ഭൂമിയിൽ ജനിക്കാൻ കൊതിച്ച ഒരുപാട് ജന്മങ്ങൾ,... ജീവിതം നിഷേധിക്കപ്പെട്ട്. ഈ ലോകത്തിൽ നിന്ന് പുറത്താക്കപ്പെട്ട അവരെയും നമുക്ക് ഓർക്കാം... മരണത്തിന്റെയും ആത്മാക്കളുടെയും മണമുള്ള ഈ ദിനത്തിൽ...

മാറ്റം

Image may contain: 1 person, beard and closeup

ഏട്ടൻ ഇങ്ങനെയായിരുന്നില്ല കുറച്ചു നാളായി ചില മാറ്റങ്ങൾ ഞാൻ കാണുന്നു. ജാതിയും മതവും മറന്നു ഏട്ടന്റെ കൂടെ ഇറങ്ങി വന്ന ദിവസം ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു... ഇപ്പോൾ വൈഗമോൾക്ക് നാലു വയസ്സാകുന്നു... കോളേജ് സമയത്തെ ഇഷ്ടം.... ഒന്നിച്ചു ജീവിക്കാമെന്നു എന്നോട് പറഞ്ഞപ്പോൾ ആ വാക്കുകളിൽ ഞാൻ സ്വപ്‌നങ്ങൾ കണ്ടു... അന്നുമുതൽ ഉള്ള ജീവിതത്തിൽ ഏട്ടനറിയാത്ത ഒന്നും എന്നിലും ഞാനറിയാത്ത ഒന്നും ഏട്ടനിലും ഉണ്ടായിരുന്നില്ല. . പക്ഷെ... കുറച്ചു നാളുകളായി പുതിയതായി എന്തോ ഒന്നു ഏട്ടനിൽ ഞാൻ കാണുന്നു.. ഒരു മാറ്റം.... പഴയതുപോലെ മോളുമായുള്ള കളിചിരികളില്ല...എന്നോടുള്ള സംസാരവും കുറഞ്ഞു... അപ്പച്ചൻ പിണക്കം മാറി വിളിച്ചകാര്യം പറഞ്ഞതും വലിയ കാര്യമായി എടുത്തില്ല... ജോലിത്തിരക്കുകൾ ഉണ്ട് അതാകുമെന്ന് വിശ്വസിച്ച് ആശ്വസിച്ചു... 
അടുത്ത ഫ്ളാറ്റിലെ ജൂലിചേച്ചിയുടെ ചോദ്യം ഒരു പിടച്ചിൽ ഉണ്ടാക്കിയിരിക്കുന്നു, മാതാ ഹോസ്പിറ്റലിൽ വച്ച് ഇന്നലെ വിശാലേട്ടനെ കണ്ടു അവർ.... ആ പറഞ്ഞ സമയം ഞാൻ വിളിച്ചപ്പോൾ ഏട്ടൻ ഓഫീസിൽ ആണെന്നാണ് എന്നോട് പറഞ്ഞത്‌..... എന്നോട് എന്തിനു കള്ളം പറഞ്ഞു... നേരം വൈകിയുള്ള ഫോൺ വിളികൾ..ഉറക്കമില്ലാതെ ലാപ്ടോപിന്റെ മുന്നിലുള്ള ഇരുപ്പ്. . ചോദ്യങ്ങളും ഉത്തരങ്ങളില്ലാത്ത കുറേ പരന്ന വാക്കുകളും എന്നിൽ നിറയുന്നു... ഏട്ടനോട് ചോദിച്ചാലോ.... വേണ്ട... 
ഫോൺ ശബ്‌ദിക്കുന്നു... ഏട്ടനാണ്.... ഏട്ടാ പറ... ഉള്ളിലെ പുകച്ചിൽ ശബ്ദത്തിൽ വരാതിരിക്കാൻ ഞാൻ കുറച്ചു ബുദ്ധിമുട്ടി... ആൻസി... നീ വേഗം റെഡി ആയി താഴേക്ക് വാ ഞാൻ താഴെയുണ്ട്... 
ഏട്ടന്റെ ശബ്ദത്തിൽ വല്ലാത്ത ഒരു തിടുക്കം എനിക്ക് അറിയാൻ പറ്റുന്നുണ്ടായിരുന്നു... 
കാർ വേഗത്തിലാണ് പോയിക്കൊണ്ടിരിക്കുന്നത് അതും ആദ്യമായാണ്... സാധാരണ കാറിൽ ഞാനോ മോളോ ഉള്ളപ്പോൾ ഏട്ടൻ ഇത്ര വേഗത്തിൽ വണ്ടിയോടിക്കാറില്ല.... വണ്ടി ഒരു കെട്ടിടത്തിന്റെ മുന്നിൽ നിന്നു. ഏട്ടൻ വേഗത്തിൽ മുന്നോട്ട് നടക്കുകയാണ് ഒപ്പം ഞാനും.... എന്തോ ഒന്നു എനിക്ക് കേൾക്കാനും കാണാനും ഒരുങ്ങുന്നു എന്നെനിക്ക് ബോധ്യമായി. അതെന്നെ നോവിക്കുന്നതാവരുതേ എന്ന്‌ ഞാൻ മാതാവിനോട് മനസ്സിൽ കെഞ്ചി. 
ഒരു മുറിയിലേക്ക് ഏട്ടന്റെ പിന്നാലെ ഞാൻ നടന്നെത്തി... അവിടെ ഒരു സ്ത്രീ കിടക്കുന്നുണ്ട്.. അവരുടെ മുഖമാകെ വികൃതമാണ് .. ശരിക്കും ഒരു അസ്‌ഥിരൂപം .... എനിക്ക് എന്തോ വല്ലായ്മ തോന്നി ഞാൻ ഏട്ടനെ നോക്കി... ഏട്ടൻ എന്നെ ഒന്നു നോക്കിയിട്ട് അവരുടെ നേരെ തിരിഞ്ഞു. അവരുടെ കണ്ണുകൾ തുറന്നു... നിങ്ങൾ സംസാരിക്ക് ഞാൻ ഡോക്ടറിനെ കണ്ടിട്ട് വരാം... ഏട്ടൻ പുറത്തേക്ക് പോയി.. 
അവർ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചു... ഞാൻ അല്പം അടുത്തേക്ക് നീങ്ങിനിന്നു... ആൻസിക്ക് എന്നെ മനയിലായോ.... അവർ ചോദിച്ചു..ഞാൻ ഇല്ലെന്ന രീതിയിൽ തലയാട്ടി.... ഞാൻ അനഘയാണ് വിശാലിനൊപ്പം കോളേജിൽ പഠിച്ച...ഞാൻ ഞെട്ടിപ്പോയി.... എനിക്കറിയാം... ഏട്ടന്റെ കോളേജ് ടൈമിലെ അടുത്ത കൂട്ടുകാരിയായിരുന്നു..... . അന്ന് ഞാൻ ഇവരെ കണ്ടിട്ടുണ്ട്... സുന്ദരിയായ ഇവരോടൊപ്പം ഏട്ടനെ കാണുമ്പോൾ എനിക്ക് ദേഷ്യവും തോന്നുമായിരുന്നു....അവരാണ് മനുഷ്യക്കോലം എന്ന്‌ വിളിക്കാവുന്ന രൂപത്തിൽ എന്റെമുന്നിൽ കിടക്കുന്നതെന്നു എനിക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.... 
ആൻസിയുമായുള്ള കല്യാണം അറിഞ്ഞിരുന്നു ... വൈകിയാണ് അറിഞ്ഞത്....അൻസിയെ ഒന്നു കാണണമെന്ന് പറഞ്ഞിരുന്നു വിശാലിനോട് .... വൈഗമോളെയും കാണണമെന്നുണ്ടാരുന്നു... വേണ്ടെന്നു വിശാലിനോട് ഞാനാ പറഞ്ഞത്‌. .. അവർ പറഞ്ഞു നിർത്തി... 
ഞാൻ അവരുടെ കയ്യിൽ മുറുക്കെ പിടിച്ചു... എൻറെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അപ്പോഴേക്കും ഏട്ടൻ മുറിയിൽ തിരിച്ചെത്തി...
ഡോക്ടറിനോട് സംസാരിച്ചിട്ടുണ്ട്... ഇനി നീയായിട്ട് നെഗറ്റീവ് ആലോചിക്കാതിരുന്നാൽ മതി.... ഏട്ടൻ ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു നിർത്തി... അവരും ചിരിച്ചു..
. ആൻസീ... നമുക്കിറങ്ങാം... മോളെ വിളിക്കണ്ടേ...
ഞാൻ മറുപടിയായി മൂളി... അവരോട് യാത്രപറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി. മഴപെയ്തു തുടങ്ങിയിരുന്നു.... ഞങ്ങൾ കാറിൽ കയറി... ഏട്ടൻ എന്നോട് പറഞ്ഞു തുടങ്ങി , ഇനി അധികം നാളുകളില്ല അനഘയ്ക്ക്, കല്യാണം കഴിച്ചയാളെപ്പറ്റി ഒരു വിവരവും ഇല്ല..ഞാൻ ഏട്ടനെ ഞെട്ടലോടെ നോക്കി.... ഏട്ടൻ തുടർന്നു .. കുറച്ചു ദിവസം മുൻപാണ് ഈ അവസ്‌ഥ ഞാൻ അറിഞ്ഞത്... ഇവിടെ എത്തിച്ചപ്പോഴേക്കും വൈകി... അവൾക്കും അറിയാം അവളുടെ അവസ്‌ഥ... ലുക്കീമിയ.. ഫൈനൽ സ്റ്റേജ്.... ഞാൻ ആകെ തീപിടിച്ച അവസ്ഥയിലായിരുന്നു കുറച്ചു ദിവസമായി... നിന്നോടും ഒന്നും പറയാൻ പറ്റിയില്ല.. എപ്പോഴോ കള്ളവും പറഞ്ഞു... ഐ ആം.സോറി.... പിന്നെയൊന്നും ഞാൻ കേട്ടില്ല.... ആ ദേഹത്തോട് ഞാൻ എൻറെ മുഖം ചേർത്തു.... എൻറെ കണ്ണുകൾ നിറഞ്ഞു..... ഏട്ടൻ എന്നെ ദേഹത്തോട് ചേർത്തുകൊണ്ട് ചോദിച്ചു, എന്തുപറ്റി ആൻസി... ഒന്നുമില്ലെന്ന രീതിയിൽ ഞാൻ തലയാട്ടി... പുറത്തു ശക്തികൂട്ടികൊണ്ടിരിക്കുന്ന മഴയെ ഭേദിച്ചുകൊണ്ട് ഞങ്ങളുടെ കാർ മുന്നോട്ട് നീങ്ങിത്തുടങ്ങി..

By: Vaisakh baiju

നിര്യാണം ..


നിര്യാണം ..
കോളനിയിലെ രാജീവിന്റെ ഭാര്യ മരിച്ചു. ആത്മഹത്യ ആയിരുന്നു ...
രാവിലെ സുമ ഈ വാർത്ത പറയുന്നത് കേട്ടാണ് ഞാനുണർന്നത്. രാജീവുമായി അടുപ്പമൊന്നുമില്ല. കണ്ടാൽ ചിരിക്കും അത്യാവശ്യം എല്ലാകാര്യങ്ങളിലും ഇടപെടുന്ന ഒരു നല്ല വ്യക്‌തി...
ഏട്ടൻ ഓഫീസിൽ പോകുന്ന വഴിക്ക് ഒന്നു കയറാമോ.. സുമയുടെ ചോദ്യത്തിന് ഒരു മൂളലിലൂടെ മറുപടി കൊടുത്തുകൊണ്ട് ഞാൻ പോകാനുള്ള തയ്യാറെടുപ്പിലേക്ക് തിരിഞ്ഞു. 
റെഡി ആയി പുറത്തേക്കിറങ്ങുമ്പോൾ ഞാൻ ഓർത്തു. രാജീവിന്റെ വൈഫിനെ താൻ കണ്ടിട്ടുള്ളത് ഒരിക്കലാണ്. കഴിഞ്ഞയാഴ്ച മാളിൽ വച്ചു രണ്ടുപേരെയും ഒന്നിച്ചാണ് കണ്ടത്. കൈകൾ കോർത്തുപിടിച്ചുകൊണ്ട് മാളിന്റെ കോറിഡോറിലൂടെ നടക്കുന്ന രാജീവിനെയും ഭാര്യയെയും കണ്ടപ്പോൾ അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന്‌ കരുതിയാണ് സംസാരിക്കാൻ ചെല്ലാതിരുന്നത്. സുമയെ വെയിറ്റ് ചെയ്യുകയായിരുന്നത്കൊണ്ട് താനും അപ്പോൾ തിരക്കിലായിരുന്നു.
എന്നാലും കഷ്ടം തന്നെ നല്ലൊരു കുട്ടിയായിരുന്നു. രാജീവിന് ചേരുന്ന ഒരു കുട്ടി. ആ മുഖം മനസ്സിൽ തെളിഞ്ഞു.. കഷ്ടം... എൻറെ മനസ്സിൽ ഇങ്ങനെ ചിന്തകൾ നിറഞ്ഞു.
മരണവീട്ടിൽ ആളുകൾ കൂടിയിട്ടുണ്ട്. കൂടുതലും കോളനിയിൽ ഉള്ളവരാണ്. ഞാൻ എല്ലാവരെയും ശ്രദ്ധിച്ചുകൊണ്ട് വീടിനുള്ളിലേക്ക് നീങ്ങി. രാജീവിന് ഇപ്പോഴും ബോധം വീണിട്ടില്ല എന്ന്‌ ആരോ പറയുന്നതുകേട്ടു. ഉള്ളിൽ എവിടെയോ ഒരു നോവ് എനിക്കും ഉണ്ടായി.
ഹാളിലാണ് ജഡം കിടത്തിയിരിക്കുന്നത്. ഞാൻ അങ്ങോട്ട് നടന്നു. തൂങ്ങി മരിച്ചതാണെന്നു ആരോ പറയുന്നത് ഞാൻ കേട്ടു.
പോസ്റ്റ്മോർട്ടം കഴിഞ്ഞു ബോഡി കൊണ്ടുവന്നതേയുള്ളു മൃതദേഹം കാണാനുള്ള ആളുകളുടെ തിരക്കുകൾ ഒഴിഞ്ഞിട്ടില്ല.
മുറിയിലേക്ക് നീങ്ങി നിന്ന് ഞാൻ ആ മുഖത്തേക്ക് നോക്കി. എൻറെ മുഖത്തുവരുന്ന മാറ്റം എനിക്ക് തന്നെ മനസ്സിലാകുമായിരുന്നു. വല്ലാത്ത ഒരു അങ്കലാപ്പ് എന്നിൽ നിറഞ്ഞു. ഈ മുഖമായിരുന്നോ അന്ന് ഞാൻ മാളിൽ കണ്ടത്. അല്ല, ഒരിക്കലുമല്ല..
ഈ കൊച്ചിനെ അധികം വെളിയിലേക്ക് അങ്ങനെ കാണാറില്ല. പിള്ളേരില്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നു അതിന്. പാവം രാജീവ്. ആരോ പറഞ്ഞു നിർത്തി.
ആ മുറിയിൽ ഞാൻ കണ്ട ജീവനില്ലാത്ത മുഖം ആരുടേതാണെന്ന ചോദ്യം മുന്നോട്ട് നടക്കുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു ഒരു തവണയല്ല പല തവണ..

Vaishakh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo