Showing posts with label AdhyaThulasi. Show all posts
Showing posts with label AdhyaThulasi. Show all posts

.ഈലോവിന്റെ കഥ.............

Image may contain: 1 person, smiling

ബൈബിളും നെഞ്ചില്‍ അടക്കി പിടിച്ച് ഈലോവ് മകന് പിന്നില്‍ നടന്നു. പലതും അപ്പോള്‍ മനസ്സില്‍ മിന്നി മാഞ്ഞ് പോയി.
" ഒത്തിരി ദൂരം ഉണ്ടോ മക്കളെ ?" ...അയാള്‍ പതറിയ സ്വരത്തില്‍ ചോദിച്ചു.
"ഇല്ലപ്പാ...മെല്ലെ നടന്നാല്‍ മതി തട്ടി വീഴും .." മകന്‍ മറുപടി പറഞ്ഞു.
തന്‍റെ നാടിന് പ്രായം കൂടിയത് പോലെ ആ വൃദ്ധന് തോന്നി.ഇടുക്കിയില്‍ അയാള്‍ വന്നത് അപ്പന് ഒപ്പമാണ്. ഒന്നും ഇല്ലായിരുന്നു അന്ന് കീറി പറിഞ്ഞ ഒരു മുണ്ടും കുറെ വിശന്ന വയറുകളും അല്ലാതെ. ഈലോവിന്റെ അപ്പന്‍ മത്തായി കാടിന്റെ ഒരു വശം വെട്ടി തെളിച്ച് കൃഷി തുടങ്ങി. അമ്മച്ചി മക്കളെ നോക്കി വളര്‍ത്തി.
മൂന്ന് ചേച്ചിമാരും രണ്ടു അനിയന്മാരും ഉണ്ടായിരുന്നു ഈലോവിന്. കാട്ടുപ്പന്നി വന്ന് ഓരോ തവണ കൃഷി നശിപ്പിക്കുമ്പോഴും അപ്പന്‍ കര്‍ത്താവിനെ പ്രാകി അമ്മച്ചി അതിന് മാപ്പും പറഞ്ഞു. മഴ വന്നു കാറ്റ് വന്നു ഒപ്പം വസൂരിയും. മഴയും കാറ്റും ഒന്നും ഇല്ലാതെ മടങ്ങിയപ്പോള്‍ വസൂരിയ്ക്ക് കൂട്ടായി ഈലോവിന്റെ മൂത്ത ചേച്ചിയെയും ഇളയ അനിയനെയും കൊണ്ട് പോയി. അവര്‍ കിടന്ന ചാള അപ്പനാണ് തീ വച്ചത്. ഉള്ളില്‍ അപ്പോഴും ചേച്ചി "വെള്ളം....വെള്ളം " എന്ന് പറയുന്നണ്ടായിരുന്നു.
" അപ്പന്‍ എന്തിനാ അവരെ കൊന്നത്...." കണ്ണീര്‍ തുടച്ച് ഈലോവ് ചോദിച്ചു.
അവനെ ചേര്‍ത്ത് പിടിച്ച് നിറഞ്ഞ് വന്ന കണ്ണ് തുടച്ച് അപ്പന്‍ പറഞ്ഞു " നിനക്ക് വീതം കൂടുതല്‍ കിട്ടാന്‍ ..."
അന്ന് മുതല്‍ അവനില്‍ ഒരു മാറ്റം വന്ന് തുടങ്ങി. ഇടുക്കിയോട് പട വെട്ടി ജീവിതം ജയിച്ചു കേറാന്‍ പലതും കൊടുക്കേണ്ടി വന്നു മത്തായി മാപ്പിളയ്ക്ക്. അതില്‍ മക്കളുടെ കണ്ണീരും ഉള്‍പ്പെടും.ഇളയ പെങ്ങളെ അവളിലും ഇരട്ടി വയസ്സുള്ള ഒരു കിഴവന്‍ വില്ലേ ജ് ഓഫീസര്‍ക്ക് കെട്ടിച്ചു കൊടുത്തപ്പോള്‍ അപ്പന്‍ പൊട്ടിചിരിച്ച് കൊണ്ട് ഈലോവിനെ ഉമ്മ വച്ചു. അപ്പോള്‍ അപ്പന്റെ കണ്‍
മുന്നില്‍ ഒരു ഏക്കര്‍ കൃഷി ഭൂമി വിളഞ്ഞ് നിന്നത് അയാള്‍ ഓര്‍ത്തു. പല പാവങ്ങളെയും പിടിച്ച് പറിച്ച് മത്തായി രാജാവായി. അരികില്‍ അപ്പോഴും പ്രിയ മകന്‍ ഈലോവ് അവന്റെ വീതം കണക്ക് കൂട്ടി നിന്നിരുന്നു.വെടി പൊട്ടിച്ച് മതിവരുവോളം തിന്നുന്ന കാട്ടുപ്പന്നിയുടെ ഇറച്ചിയില്‍ നല്ല വെണ്ണ പോലെയുള്ള പത്തിരി മുക്കി മകനെ ഊട്ടുമ്പോള്‍ അപ്പന്‍ പറഞ്ഞു
" ഈലോവെ ....മകനെ .....ഞാന്‍ ഉണ്ടാക്കിയത് ഒന്നും നീ കൈ വിടല്ലേ എടാ...."
പിന്നീട് കരള്‍ രോഗം മൂര്‍ച്ചിച്ച് ഒരു സഹോദരി കൂടെ മരണത്തിന് കീഴുപ്പെടുമ്പോള്‍ ഈലോവ് അറിയാതെ ഉള്ളില്‍ ഒരു സന്തോഷം കണക്ക് കൂട്ടി. ആരും കെട്ടാതെ പോയ ചട്ട് കാലുള്ള പെങ്ങളെ നിര്‍ബന്ധിച്ച് മഠത്തില്‍ ചേര്‍ത്ത് കര്‍ത്താവിന്റെ മണവാട്ടിയാക്കി.
" ദാഹിക്കുന്നു മോനെ....എന്റെ തൊണ്ട പൊട്ടുന്നു..അപ്പന് നടക്കാന്‍ വയ്യ..." ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞ് ഈലോവ് ഒരു പാറയില്‍ ഇരുന്നു.
" അപ്പന്‍ ഈ വെള്ളം കുടിച്ചോ ...." കിതച്ച് കൊണ്ട് മകന്‍ അയാള്‍ക്ക് നേരെ ഒരു കുപ്പി വെള്ളം നീട്ടി.
അയാള്‍ അത് വാങ്ങി കുടിച്ചു എന്നിട്ട് ആ പാറയിലേക്ക്‌ ചാരി കിടന്നു. ഓര്‍മ്മകള്‍ വീണ്ടും ഒരു തേനീച്ച കൂട്ടത്തെ പോലെ ഇരച്ച് എത്തി.മക്കളെ നോക്കിയും അവരുടെ മരണങ്ങള്‍ കണ്ടും അമ്മച്ചിയും എപ്പോഴോ മണ്ണടിഞ്ഞു. അപ്പനും പ്രിയ മകന്‍ ഈലോവും അപ്പോഴേക്കും ഇടുക്കിയെ പിടിച്ച് അടക്കി കഴിഞ്ഞിരുന്നു. സ്വത്ത് ഭാഗം വച്ചപ്പോള്‍ കുടുംബ വീടും ഒപ്പം വയസ്സനായ അപ്പനെയും അവന് വീതിച്ച് കിട്ടി. ഒടുവില്‍ ഏതോ ഒരു എഴാം പാതിര നാള്‍ അപ്പന്‍ നാട് വിട്ട് പോയി. അപ്പന്‍ ദൈവ വഴിയില്‍ പോയി എന്ന് പറഞ്ഞു കൊണ്ട് പ്രിയ മകന്‍ നെഞ്ചത്ത് അടിച്ചു.
കണ്ണ് തുറന്നപ്പോള്‍ ഈലോവ് ആരുടെയോ ഒക്കത്ത് ആയിരുന്നു. ശെരിയാണ്‌ മകന്‍ അയാളെ ചുമലില്‍ തുക്കി കൊണ്ടാണ് പോകുന്നത്.കാട്ടു വഴി തുടങ്ങി കഴിഞ്ഞു. പാറ കെട്ടുകള്‍ മാറി പച്ചപ്പ്‌ തെളിഞ്ഞു തുടങ്ങി. കുന്തി പുഴയുടെ ഒഴുക്ക് ചെവിയില്‍ വന്ന് അടിക്കുന്നു.മയക്കം പോലെ ഒന്ന് വീണ്ടും കണ്ണിലേക്ക്. ചെറുപ്പത്തിന്റെ ഉശിര് അയാളില്‍ ആടി നിന്ന കാലം.
ഈലോവ് രണ്ട് കെട്ടി. ചോറതിങ്ങള്‍ ഈപ്പന്റെ മകള്‍ എല്‍സയാണ് ആദ്യ ഭാര്യ അവള്‍ ഒന്ന് പേറാന്‍ വേണ്ടി പുരയില്‍ പോയപ്പോള്‍ കരുവാറ്റെ ആന്‍സിയെ അയാള്‍ സ്വീകരിച്ചു. രണ്ടു പേരെയും ഒരേ വീട്ടില്‍ പാര്‍പ്പിച്ചു. പള്ളിയും പട്ടക്കാരും ഒന്നും പറഞ്ഞില്ല കാരണം ഈലോവ് അന്ന് പ്രമാണിയായിരുന്നു. രണ്ടിലും കൂടി അഞ്ചു മക്കള്‍ ജനിച്ചു. എല്‍സയില്‍ അപ്പോഴേക്കും വിഷാദം കുടിയേറി. അവള്‍ കര്‍ത്താവിനെ കൂടുതല്‍ പ്രാര്‍ഥിച്ചു. അടുക്കളയില്‍ പോത്തും പോര്‍ക്കും വച്ച് വിളമ്പി. മക്കളെ നോക്കി വളര്‍ത്തി.പശുവിനെ കറന്ന് ചൂട് പാല്‍ എന്നും രാവിലെ ഈലോവിന് കൊടുത്തു. ആന്‍സി സുന്ദരിയായിരുന്നു. അവള്‍ ചമഞ്ഞു നടന്നു.ഇടയ്ക്ക് സ്വന്തം കുഞ്ഞങ്ങള്‍ക്ക് പാലും വെണ്ണയും കൂടുതല്‍ കൊടുത്തു. എല്‍സയില്‍ മൂന്ന് കുഞ്ഞുങ്ങളെ ജനിപ്പിച്ച ഭര്‍ത്താവിന് തന്നോട് സ്നേഹം കുറവ് ആയതിനാല്‍ ആണ് രണ്ടു മക്കളെ തന്നത് എന്ന് നാട്ടുക്കാരോട് പരിഭവം പറഞ്ഞു.
"എന്റെ മക്കള്‍ക്ക് വീതം കുറഞ്ഞ് പോകാമോ എന്ന് എനിക്ക് പേടിയുണ്ട് ഇച്ചായോ..." ആന്‍സി ഒരു രാത്രിയില്‍ ഈലോവിനോട് പറഞ്ഞു.
" ഇവിടെ വേറെ ഒരുത്തി മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നത് എന്നെയും മക്കളെയും കൊല്ലാന്‍ ആണോ എന്ന് എനിക്ക് സംശയം ഉണ്ട്.ഞങ്ങക്ക് വേറെ വീട് താ എന്റെ കെട്ടിയോനെ..." അവള്‍ സങ്കടം കുടഞ്ഞു.
കിടക്കയില്‍ നിന്ന് ചാടി എഴുന്നേറ്റ് അയാള്‍ ഭാര്യയുടെ മുടിക്ക് കുത്തി പിടിച്ച് പുറത്താക്കി.
" രാത്രിയില്‍ മനുഷ്യനെ ഉറങ്ങാന്‍ വിടണം എടി ഒരുമ്പപ്പെട്ടവളെ...ഇവിടെ ഉള്ളത് തിന്ന് കിടക്കാന്‍ പറ്റും എങ്കില്‍ നീ നിന്നാല്‍ മതി ഇല്ലെങ്കില്‍ കൊന്ന് താഴ്ത്തും ഞാന്‍..." പോത്തിനെ പോലെ മുക്ര ഇട്ട് അയാള്‍ അമറി.
ഇളയ കുഞ്ഞിനെ ഉക്കത്ത് വച്ച് ആന്‍സി മുറിയുടെ പുറത്ത് നിന്ന് കരഞ്ഞു. എല്‍സ അവളെ ആശ്വസിപ്പിച്ചു. സ്നേഹം കൂടിയും കുറഞ്ഞും ഇരുന്ന ആ വീട്ടില്‍ ഒരു വെരുകിനെ പോലെ അലഞ്ഞത് ഈലോവ് മാത്രം ആയിരുന്നു. അയാള്‍ പള്ളിയില്‍ പോയി,കര്‍ത്താവിനെ പ്രാര്‍ഥിച്ചു., എല്ലാ കുര്‍ബാനയും കൂടി, പള്ളിക്ക് സംഭാവനകള്‍ നല്‍കി. അനാഥ പിള്ളേര്‍ക്ക് വേണ്ടി പണം എറിഞ്ഞു .
" ഈലോവ് മാന്യന്‍ ആണ് ....അയാള്‍ വിശ്വാസി ആണ്...അവനാണ് കുടുംബനാഥന്‍.." നാട്ടുക്കാര്‍ വാഴ്ത്തി
ചിലവു അറിഞ്ഞു പണം മുടക്കാന്‍ തയ്യാറായി. മക്കളെ ഒരുപാട് സ്നേഹിച്ചു. ഒരു അല്പം സ്നേഹ കൂടുതല്‍ എല്‍സയോടും കാണിച്ചു. ഭാര്യമാരെ ദേഷ്യംവരുമ്പോള്‍ തല്ലി. മണ്ണില്‍ വീണ്ടും വീണ്ടും പണി എടുത്തു. എങ്കിലും ആ ഉള്ളില്‍ എവിടെയോ ഒരു കനല്‍ ഇരുന്നു പുകഞ്ഞു. ഒരു പ്രഭാതത്തില്‍ എല്‍സയും മക്കളെ ഉപേക്ഷിച്ച് ഒരു എങ്ങോട്ടോ പോയി. ദുഖം കുറച്ച് നാള്‍ തളം കെട്ടി നിന്നു.ആന്‍സി വീട്ടമ്മയായി.
ഈലോവ് അവന്റെ പ്രിയപ്പെട്ട പുത്രനെ താലോലിക്കാന്‍ മറന്നില്ല. എല്‍സയുടെ മൂത്ത സന്താനം ആന്ദ്രെ കുഞ്ഞപ്പോവിനെ.അവനെ അയാള്‍ മതി മറന്ന് സ്നേഹിച്ചു. കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒരുള ഒരുട്ടി മകന് കൊടുക്കും. മക്കള്‍ക്ക്‌ എന്ത് വാങ്ങിയാലും അതില്‍ ഒരു അളവ് കൂടുതല്‍ ആന്ദ്രെയ്ക്ക് നല്‍കി വന്നു. ഒരു അത്താഴ ദിവസം ആന്‍സി പരിഭവ കേട്ട് അഴിച്ചു.
" എനിക്ക് ഉള്ളതും നിങ്ങളുടെ മക്കളാണ് വേര്‍ത്തിരിവ് കാണിക്കരുതെ ഇച്ചായോ..."
പറഞ്ഞ പാടേ പോര്‍ക്കിന്റെ ചാറും ചോറും അവളുടെ മുഖത്ത് ഇരുന്നു. മകനോട്‌ ഉള്ള സ്നേഹം അയാളെ അന്ധനാക്കി എങ്കിലും ഉള്ളിലെ ആ കനല്‍ അണയാതെ കിടന്നു.നനഞ്ഞ മണ്ണിന്റെ സ്പര്‍ശം ഈലോവിനെ ഉണര്‍ത്തി. കൈയും കാലും വരിഞ്ഞു മുറുകുന്നു. അയാള്‍ തിരിയാന്‍ നോക്കി. ഇല്ല
പറ്റുന്നില്ല.
" കുഞ്ഞേ ....ആന്ദ്രെ...മകനെ..." അയാള്‍ ദീനമായി വിളിച്ചു. ഭയം അപ്പോഴേക്കും ഈലോവിനെ കാര്‍ന്നു തുടങ്ങി.
ആന്ദ്രേയുടെ തല പൊന്തി വന്നു. അവന്റെ മുഖം അയാള്‍ക്ക് കാണാന്‍ സാധിച്ചില്ല. എങ്കിലും മകനാണ് അത് എന്ന തിരിച്ചറിവ് അയാളെ സന്തോഷവനാക്കി.
" അപ്പന് എഴുന്നേല്‍ക്കാന്‍ വയ്യ കുഞ്ഞേ...." ഈലോവ് കരഞ്ഞ് കൊണ്ട് പറഞ്ഞു.
" അപ്പാ......അപ്പന്‍ ഇനി മുതല്‍ ഇവിടെയാണ് ..ഇതാണ് അപ്പന്റെ വീട് ഇനി...കര്‍ത്താവിനോട് ചേര്‍ന്നിരിക്കാന്‍ അപ്പന്‍ ആ വേദപ്പുസ്തകം
വച്ച് കൊള്ളൂ..." ആന്ദ്രെ പറഞ്ഞു.
" കഴുവേറി നീ എന്നെ കൊല്ലാന്‍ പോകുവാണോ....നീ ഗുണം പിടിക്കില്ല...നീ നശിക്കും ....നായിന്റെ മോനെ...." ഒരു നിമിഷം കൊണ്ട്
ഈലോവ് വിളിച്ച് പറഞ്ഞു.
" അപ്പ.....ഇതാണ് വിധി..ദൈവ വഴിയില്‍ പോയ മത്തായിപ്പനും എന്റെ അമ്മച്ചിയും ഈ മണ്ണിനോട് ചേര്‍ന്ന് കിടക്കുന്നു എന്ന് എനിക്ക് അറിയാം...പണ്ട് ഇവിടം ചൂണ്ടിക്കാണിച്ചു കൊണ്ട് അപ്പന്‍ എന്നോട് പറഞ്ഞത് ഓര്‍മ്മയില്ലേ...ഇവിടെയാണ് നമ്മുടെ പൂര്‍വ്വികര്‍ ഉറങ്ങുന്നത് എന്ന്..."
തെളിഞ്ഞ ഉറച്ച സ്വരത്തില്‍ ആന്ദ്രെ പറഞ്ഞു നിര്‍ത്തി. അവന്റെ വിയര്‍പ്പ് തുള്ളികള്‍ അയാളുടെ ചുണ്ടില്‍ ഇറ്റ് വീണു. ഉള്ളിലെ കനലുകള്‍ എരിഞ്ഞു കത്തിയപ്പോള്‍ ഓര്‍മ്മകള്‍ വെട്ടി തിളങ്ങി.
ചട്ട് കാലുള്ള അനിയത്തി പെണ്ണിനെ കര്‍ത്താവിന്റെ മണവാട്ടിയാക്കി വിട്ടപ്പോള്‍ അവളുടെ വീതം കൂടി തന്‍റെ പന്തിയില്‍ ചേരും എന്ന് അയാള്‍ കണക്ക് കൂട്ടി. അവള്‍ക്ക് ഉള്ളത് അവള്‍ക്ക് തന്നെ കൊടുക്കണം എന്ന അപ്പന്റെ പിടിവാശി പ്രിയപ്പെട്ട മകന് മാറ്റാന്‍ സാധിച്ചില്ല. പിന്നീട് എന്ത് ചെയ്യാന്‍ ഒരു അനുനയം തര്‍ക്കത്തില്‍ എത്തിയപ്പോള്‍ അപ്പന്റെ കഴുത്തിലേക്ക്‌ ഈലോവ് കൈകള്‍ അമര്‍ത്തി. ഒന്ന് ഞെരുങ്ങി പിന്നെ മരിച്ചു.
ശവം അന്ന് തന്നെ തൊഴുത്തില്‍ മറവു ചെയ്തു. പിന്നീട് ആന്ദ്രെയ്ക്ക് അഞ്ച് വയസ്സ് ഉള്ളപ്പോള്‍ പുറം പണിക്കാരി മേരിക്കുട്ടി തൊഴുത്തില്‍ ഒരു തലയോട്ടി കണ്ട് ഓടി വന്നു. അന്ന് അവളെയും അത് പോലെ മറവു ചെയ്തു പോയി. പല തെറ്റും ക്ഷമിച്ച്‌ കൂടെ കഴിഞ്ഞ എല്‍സ ഒരിക്കല്‍ അയല്‍വക്കത്തെ ഒരുവളുമായി ഈലോവിനെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടു.സ്വതേ നിശബ്ദ ജീവിയായ അവള്‍ അന്ന് അലറി വിളിച്ചു നെഞ്ചത്ത് അടിച്ച് കരഞ്ഞു. ഭര്‍ത്താവിനെ വെട്ടാന്‍ കത്തി ഓങ്ങിയതും
അടി വയറ്റില്‍ ഒരു ചവിട്ട്. നിലവിളിയോടെ കിടന്ന് പിടഞ്ഞു. അന്ന് മേലെ പള്ളിയിലെ പെരുന്നാളിന് പോയിരിക്കുക്കയായിരുന്നു ആന്‍സിയും ബാക്കി മക്കളും. അമ്മച്ചിയെ പറ്റി ചേര്‍ന്ന് എപ്പോഴുംനടക്കുന്ന ആന്ദ്രെ ആ മരണം അടുത്ത് കണ്ടു. അവന്റെ കുഞ്ഞി കണ്ണുകള്‍ പിടഞ്ഞു മരിക്കുന്ന അമ്മച്ചിയെ നോക്കി. മിണ്ടാതെ അവിടുന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. അന്ന് മുതല്‍ അവന്‍ അപ്പനെ വെറുക്കാന്‍ തുടങ്ങി.
ഈലോവ് മിണ്ടാതെ കിടപ്പായി. അപ്പന് മകന്‍ മരണ കുഴി വെട്ടി. പാതി ബോധം ഉള്ള അപ്പനെ വരിഞ്ഞു കെട്ടി പെട്ടിയിലാക്കി.തലയില്‍ പൂവിന്റെ കീരിടം ചൂടി. കൈയില്‍ കൊന്ത പിടിപ്പിച്ചു.
" എന്നെ അവന്‍ സ്വര്‍ഗത്തില്‍ അനുഗമിക്കും ...എനിക്ക് വേണ്ടി സ്വര്‍ഗ്ഗ കവാടം മലര്‍ക്കെ തുറക്കും...അവന്‍ വലിയവനാണ്‌... കര്‍ത്താവിനോട് ഞാന്‍ എന്നും ചേര്‍ക്കപ്പെടും...." ഈലോവ് ഉച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.
ആന്ദ്രെ കുഴിയിലേക്ക് മണ്ണ് വെട്ടി ഇടാന്‍ തുടങ്ങി. കാല്‍ക്കല്‍ ആദ്യത്തെ പിടി മണ്ണ് വീണപ്പോള്‍ ഈലോവ് കണ്ടു തനിക്ക് ചുറ്റും നില്‍ക്കുന്നവരെ. സ്നേഹം നിറഞ്ഞ നോട്ടവുമായി അമ്മച്ചി, വസൂരി കലകള്‍ നിറഞ്ഞ മുഖത്ത് വാത്സല്യം തുളുമ്പുന്ന ചിരിയുമായി ചേച്ചി, കളിക്കാന്‍ വിളിച്ചു കൊണ്ട് നില്‍ക്കുന്ന അനിയനെ, കരയുന്ന അപ്പനെ........ഈലോവ് മരണം അടുത്ത് കണ്ടു. മണ്ണ് മൂടി മൂടി കഴുത്തറ്റം എത്തി. ആന്ദ്രെ അപ്പനെ നോക്കി വിസ്മയം നിറഞ്ഞ കണ്ണുകള്‍ അപ്പോഴും പരതി നടന്നു. മുഖത്തേക്ക് അവസാന പിടി മണ്ണ് മൂടുന്ന നേരം ദൂരെ ഒരു മാലാഖ കുഞ്ഞിനെ തോളില്‍ ഏറ്റി ഒരു സുന്ദരി പെണ്ണ് വന്നു അവള്‍ക്ക് എല്‍സയുടെ മുഖമായിരുന്നു.
അടുത്ത പകല്‍ ഈലോവിന്റെ വീട്ടില്‍ നാട്ടുകാര്‍ കൂടി. ദൈവ വഴിക്ക് തിരിച്ച ഈലോവിനെ പറ്റി നാട്ടുക്കാര്‍ പുകഴ്ത്തി, ആന്ദ്രെ കണീര്‍ പൊഴിച്ചു അവന്റെ ഭാര്യ നിറ വയര്‍ തടവി അരികില്‍ ഇരുന്നു.

By: Adhya Thulasi

ഒരു അച്ഛന്റെ കഥ

Image may contain: 1 person, smiling
നീല നിറമുള്ള വെള്ളത്തില്‍ ഞാന്‍ അങ്ങനെ നോക്കി ഇരുന്നു. എനിക്ക് കരയാന്‍ തോന്നി പെട്ടന്ന് ചിരിക്കാനും.ഇത് ഒന്നും അല്ല
നേരെ മുന്നില്‍ ഉള്ള ജലാശയത്തിലേക്ക് ചാടി അതിന് അടിയിലേക്ക് പോകാനും തോന്നി. മരവിപ്പ് കാരണം ഒന്നും ചെയ്തില്ല.
" എടാ ശവം എടുക്കാന്‍ പോകുന്നു ...നീ കേറി വാ" എന്റെ ചേട്ടന്‍ ചെവിയില്‍ വന്ന് പറഞ്ഞു.
" ശവം അല്ല ചേട്ടോ നാന്‍സിയാണ് അത്" ഒരു നെടുവീര്‍പ്പില്‍ അമര്‍ഷം ഒതുക്കി നടക്കുമ്പോള്‍ എനിക്ക് ഉള്ളില്‍ ഭാരം തോന്നി.
വെള്ള വിരിച്ച മണലില്‍ പൊതിയുന്ന കാലുകള്‍ നോക്കി ഞാന്‍ നടന്നു. ആരെയും നോക്കിയില്ല. മരണം എന്ന മഹനീയ
കര്‍മ്മത്തില്‍ വന്ന് ചേര്‍ന്നത്തിനോട് ‍ ആരോടും കടപ്പെട്ടില്ല. ശവപ്പെട്ടിയുടെ തലക്കല്‍ ഒരു കുറ്റവാളിയെ പോലെ
ചെന്നു നിന്നു. കൈ പിടിച്ച് കൂടെ കൂട്ടിയവളെ ചുമലില്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവന്‍ .
" അന്ത്യ ചുംബനം നല്‍കാന്‍ ഉള്ളവര്‍ക്ക് നല്‍കാം ...." ശവപ്പറമ്പില്‍ വച്ച് പള്ളിയില്‍ അച്ഛന്‍ പറഞ്ഞു.
അപ്പോഴും ഞാന്‍ ദൂരേക്ക് മാറി നിന്ന് ഏതോ തോമസിന്റെ ജനനവും മരണവും നിര്‍ത്താതെ വായിച്ച് കൊണ്ടിരുന്നു. ആരും എന്നെ
നിര്‍ബന്ധിച്ചില്ല. ചടങ്ങുകള്‍ കഴിഞ്ഞ് പോകാന്‍ നേരം ആരോ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു
" അവള്‍ക്ക് ഒരു അന്ത്യ ചുംബനം കൊടുക്കാന്‍ പോലും അനങ്ങാത്ത ദുഷ്ട്ടന്‍....അനുഭവിക്കും"
ഒലിച്ചു തുടങ്ങിയ കണ്ണീര്‍ തുടച്ചു കളഞ്ഞു. ഒരിക്കല്‍ പോലും ഞാന്‍ അവളെ തിരിഞ്ഞു നോക്കിയില്ല. അവളുടെ കുഴിയില്‍
ഒടുവില്‍ വീണ മണ്‍ത്തരി ശബ്ദം പോലും കേട്ട് നിന്നു എങ്കിലും ഒരു പിടി മണ്ണ് ഇട്ടില്ല.എനിക്ക് സാധിക്കില്ല അപ്പോഴും മനസ്സിനോട്
പറഞ്ഞു ഇനി ഒരിക്കലും ആ തിളക്കം ഉള്ള കണ്ണുകള്‍ നിനക്ക് വേണ്ടി പ്രകാശം പരത്തില്ല.
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഇളയ മകന്‍ കരയുകയാണ്. അവന് അമ്മയെ കാണണം. രണ്ട് വയസ്സ്
തികഞ്ഞ അവന് മരണത്തിന്റെ കാഠിന്യം അറിയാന്‍ വഴിയില്ല. എന്റെ അമ്മയും അവളുടെ അമ്മയും കുഞ്ഞിനെ ഒതുക്കാന്‍
പാടുപ്പെടുന്നു നടക്കുന്നില്ല. വാശിക്കരച്ചില്‍ കൂടി വന്നു. ഞാന്‍ രംഗപ്രവേശനം ചെയ്തു. കുഞ്ഞിനെ കൈയില്‍ വാങ്ങി. അവനെ മുറ്റത്ത് കൂടെ നടത്തി.
" അമ്മ ഇപ്പോള്‍ വരും എടാ....മുട്ടായി വാങ്ങി തരാം അപ്പന്റെ പൊന്നു മോന്‍ കരയാതെ ഇരിക്ക്.."
എന്റെ മുഖത്തെ ദുഖം അവനും കണ്ട് കാണും. അത് കൊണ്ടായിരിക്കും പെട്ടന്ന് കരച്ചില്‍ നിര്‍ത്തിയത്. എന്റെ കൈയിലേക്ക്
ചൂട് പടര്‍ന്നത് പോലെ തോന്നി. ശെരിയാണ്‌ അവന്‍ ഒന്ന് മൂത്രമൊഴിച്ചു. സാധരണ രീതിയില്‍ കുഞ്ഞങ്ങള്‍ എന്റെ മുന്നില്‍ ഇരുന്ന് വെളിക്കു പോയാലോ മൂത്രമൊഴിചാലോ ഞാന്‍ അന്നേ ദിവസം ആഹാരം കഴിക്കില്ല. പെട്ടന്ന് ആ കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് കൊണ്ട് പോകാന്‍ അലറും.
" നാന്‍സിയെ ....ഇതിനെ വന്ന് എടുക്ക്...ഓടി വാ"
ഇത് കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ ഓടി വരും. മലത്തിലോ മൂത്രത്തിലോ പൊതിഞ്ഞ കുഞ്ഞിനെ എടുക്കും പിന്നെ അവനെ
കൊഞ്ചിക്കും.
" നീ ഇങ്ങനെ ഇതൊകെ ചെയ്തിട്ട് ആഹാരം കഴിക്കുന്നു?" ഞാന്‍ ചോദിക്കുമ്പോള്‍ അവള്‍ ചിരിക്കും.
" അമ്മ അങ്ങനെയാണ് ഇച്ചായോ!!!......"
എന്നാല്‍ അന്ന് മകനെ ഞാന്‍ തന്നെ കൊണ്ട് പോയി കഴുക്കിച്ചു. അയയില്‍ തലേ ദിവസം അവള്‍ ഉണക്കാന്‍ ഇട്ടിരുന്ന
തുണികള്‍ ഉണ്ടായിരുന്നു അതില്‍ നിന്ന് ഒരെണ്ണം എടുത്ത് ഉറുമ്പ്‌ ഇല്ല എന്ന് ഉറപ്പ് വരുത്തി ധരിപ്പിച്ചു. സാവധാനം എന്റെ പിടിയില്‍ നിന്ന് നൂണ് ഇറങ്ങി അവന്‍ നടന്നു. അവനെ പിടിക്കാന്‍ മൂത്ത മകള്‍ക്ക് നിര്‍ദേശം നല്‍കി ഞാന്‍ എന്റെ കൈയും
മുഖവും കഴുകി. അന്ന് എനിക്ക് അറപ്പ് തോന്നിയില്ല മനസ്സിന് മടുപ്പ് തോന്നിയില്ല. കടമകളില്‍ ഇനി ഞാന്‍ അമ്മയും ആകണം
എന്ന് ഓര്‍മ്മ വന്നു. ഒരു ഉറക്കത്തില്‍ എല്ലാം ഉപേക്ഷിച്ചു പറന്ന അമ്മ കിളിക്ക് പകരം.
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് മറ്റുള്ളവര്‍ പോകുമ്പോള്‍ ഞങ്ങള്‍ മാത്രമായി. മൂത്ത മകള്‍ അനിറ്റ അനിയന്റെ തുണികള്‍ ചൂട്
വെള്ളത്തില്‍ ഇടുകയായിരുന്നു.
" അവിടെ വച്ചേ മോളെ അപ്പ ചെയ്തോളാം....കൈ പൊള്ളും" ഞാന്‍ സ്നേഹത്തോടെ പറഞ്ഞു.
" എനിക്ക് ഇതൊകെ ശീലമാണ് അപ്പ അമ്മ ഉള്ളപ്പോഴും ഞാന്‍ ചെയ്തിരുന്നു..."
അവളുടെ തലയില്‍ സ്നേഹത്തോടെ ഒന്ന് തലോടി ഞാന്‍ രണ്ടാമത്തെ മകന്റെ അരികില്‍ ചെന്നു. അവന്‍ ഇപ്പോഴും ദുഖമാണ്. അവള്‍
പോയതിനു ശേഷം മുറിയുടെ ഒരു മൂലയില്‍ ചെന്ന് ഇരിക്കും. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ കഴിക്കും. ഞാന്‍ അവന്റെ അടുത്ത്
ചെല്ലുമ്പോള്‍ കാല്‍ മുട്ടിന് ഇടയില്‍ തല വച്ച് അവന്‍ ഒരു മൂലയില്‍ ഇരിക്കുന്നു.
" ജോ കുട്ടാ മോന്‍ ഇങ്ങ് വരുവോ" അത്ര മേല്‍ കരുതലോടെ ഞാന്‍ അവനെ വിളിച്ചു.
ഒരു വാടിയ പൂവിനെ പോലെ അവന്‍ എഴുന്നേറ്റു വന്നു. അവനെ സ്നേഹ ലാളനകള്‍ കൊണ്ട് മൂടാന്‍ എനിക്ക് അറിയില്ല എങ്കിലും
മനസ്സില്‍ വന്ന കുറച്ച് വാക്കുകള്‍ പറഞ്ഞു
" ജോ കുട്ടാ അമ്മ ഒരിക്കലും ഇനി നമ്മുടെ അടുത്ത് വരില്ല. ജോ കുട്ടന് ഇനി അപ്പയും ചേച്ചിയും അനിയനും ഉണ്ട് ഞങ്ങള്‍ക്കും
ജോ കുട്ടനെ ഉള്ളൂ. മോന്‍ ഇനി പഴയത് പോലെ ആകണം നമുക്ക് ഒന്നിച്ച് പോകാം മോനെ....."
ഇത്രയും പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ അനുഭവിച്ച മനോവിഷമം അവന് മനസ്സിലായി കാണും. പിന്നീട് അങ്ങോട്ട്‌ വീട് ഉണരാന്‍
തുടങ്ങി. വീട്ടിലെ പെണ്‍മക്കള്‍ ഒരു അനുഗ്രഹമാണ് എന്ന് എനിക്ക് പെട്ടന്ന് മനസ്സിലായി. നാന്‍സി ഉള്ളപ്പോള്‍ അവളുടെ
വിളികള്‍ കേട്ടാല്‍ മാത്രം ഉറക്കം ഉണരുന്ന അനിറ്റ എനിക്ക് മുന്‍പെ അടുക്കളയില്‍ കേറും. കൈ എത്തുന്ന ജോലികള്‍ ചെയ്യും.
അനിയന്മാരെ ഉണര്‍ത്തും ഇളയ കുഞ്ഞിനെ ചെവിയില്‍ വെള്ളം കേറാതെ കുളിപ്പിക്കും കുടുംബ പ്രാര്‍ഥന വിളിച്ചു കൂട്ടും.
മക്കള്‍ രണ്ടു പേരെയും സ്കൂളില്‍ വിട്ട് ഞാന്‍ ഇളയവനെ കൊണ്ട് എന്റെ കടയില്‍ പോകും. ആ ചെറിയ പല ചരക്ക് കടയിലെ
കച്ചവടക്കാരനെ പോലെ അവന്‍ ഇരിക്കും. ഇടയ്ക്ക് എല്ലാവരും മറ്റ് ഒരു കല്യാണം കഴിക്കാന്‍ ഓര്‍മ്മിപ്പിക്കും. കെട്ടിയ പെണ്ണിന്റെ
കല്ലറയില്‍ ഇത് വരെ ഒന്ന് നോക്കാന്‍ പോലും എനിക്ക് ധെര്യം വന്നിട്ടില്ല എന്ന് മനസ്സില്‍ വീണ്ടും ഓര്‍മ്മിക്കും.
നാന്‍സിയുടെ ചില്ല് ഇട്ട ഫോട്ടോ വീട്ടില്‍ എവിടെയോ ഉണ്ട്. അവളെ ഓര്‍മ്മിക്കാന്‍ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ട് അത്
കൊണ്ട് ഞാന്‍ ആ ഫോട്ടോ പ്രദര്‍ശിപ്പിച്ചില്ല. ചിലര്‍ ഇടയ്ക്ക് വരും പതിയെ പുതിയ ലോകത്തേക്ക് കടക്കുന്ന കുഞ്ഞുങ്ങളെ
നോക്കി സഹതാപ കരച്ചില്‍ തുടങ്ങും. അവളെ പറ്റി ഒന്നും അറിയില്ല എങ്കിലും വാനോളം പുകഴ്ത്തും. പോകാന്‍ നേരം പതിവ്
ചോദ്യം ചോദിക്കും
" ഒരു ഫോട്ടോ പോലും നീ വച്ചില്ല അവളുടെ....ഇത്രയും ആയില്ലേ ഇനി ഒരു കൂട്ട് ആകാം പിള്ളേരെ നോക്കാന്‍ എങ്കിലും ....!!!!"
ഒരു ചിരിയില്‍ മറുപടി ഒതുക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ നേരം ഉള്ളു.ആദ്യമായി കൈ പിടിച്ച പെണ്ണ്. അവളുടെ ചിരിയും ചുറു
ചുറുക്കും കൊണ്ട് ഉന്മേഷത്തോടെ മുന്നോട്ട് പോയ ഒരു സന്തുഷ്ട്ട കുടുംബം. ആ ചിരിയും കളിയും എന്നും
മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എങ്ങനെ ഇനി ഒരു കൂട്ട് എന്ന് ഞാന്‍ ചിന്തിക്കും. ഓര്‍മ്മകള്‍ കാട് കേറുമ്പോള്‍ കണ്ണുകള്‍ നനയും.
അമ്മ ഇല്ലാത്ത മക്കളെ വളര്‍ത്തുക എന്നത് ഒരു വലിയ കടമയാണ്. പത്തും ഏഴും രണ്ടും വയസ്സുള്ള മക്കള്‍. അവരുടെ വളര്‍ച്ച.പക്വത
എത്താന്‍ പ്രായം വേണ്ട എന്ന് എന്റെ കുഞ്ഞുങ്ങള്‍ തെളിയിച്ചു കൊണ്ടിരുന്നു. നാന്‍സി ഉള്ളത് പോലെ വീട് കൊണ്ട് പോകാന്‍
ഞങ്ങള്‍ക്ക് സാധിച്ചു. ഇളയ മകന്‍ ജോണിയ്ക്ക് അഞ്ചാം വയസ്സില്‍ ഭയങ്കരമായി പനിച്ചപ്പോള്‍ എനിക്ക് മുന്പ് അവനെയും കൊണ്ട്
ജോ കുട്ടനും അനീറ്റയും ആശുപതിരിയില്‍ എത്തി. ജോ കുട്ടന്‍ എന്നെ കടയില്‍ സഹായിച്ചു. അനീറ്റ എനിക്ക് ഒപ്പം അടുക്കളയില്‍
ജോലി ചെയ്യുമ്പോള്‍ ആണ്‍ മക്കള്‍ പറമ്പ് വൃത്തിയാക്കി വീട് തുടച്ചു കോഴി കൂടും പശു തൊഴുത്തും കഴുകി. പരാതികള്‍ ഒന്നുമില്ല.
ഞങ്ങള്‍ ഒന്നിച്ച് ഇരുന്നു മാത്രം ആഹാരം കഴിക്കാന്‍ ശീലിച്ചു. ചിലപ്പോള്‍ അവള്‍ ഇല്ലാത്ത കുറവ് എനിക്ക് തോന്നും അന്നേരം
മക്കള്‍ വന്ന് ചോദിക്കും
" തല വേദന ഉണ്ടോ അപ്പ കട്ടന്‍ ഇട്ട് തരട്ടെ?"
എനിക്ക് കൂട്ടായി അവളെ തന്നെ അല്ലേ തന്നത് എന്ന് ഓര്‍ത്ത് ഞാന്‍ സന്തോഷിക്കും. എനിക്ക് ഒരിക്കലും ഒരു അമ്മയാകാന്‍
കഴിയില്ല. പതിഞ്ചാം വയസ്സില്‍ അനീറ്റ കുളിക്കാന്‍ കേറിയിട്ട് തിരിച്ച് ഇറങ്ങാന്‍ ഒരുപാട് നേരം എടുത്തു. ഒരു മണിക്കൂര്‍
കഴിഞ്ഞ് ഞാന്‍ കുളിമുറിയുടെ പുറത്ത് നിന്ന് ചോദിച്ചു
" എന്താ മോളെ വരുന്നില്ലേ പുറത്ത്??"
" അപ്പ എനിക്ക് പാഡ് വേണം......" ഭയത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
പാഡ് എന്തിനാണ് എന്ന് എനിക്ക് അറിയാം അവളോട്‌ അവിടെ നില്‍ക്കാന്‍ പറഞ്ഞ് ഞാന്‍ ഓടി ചെന്നാണ് അത് വാങ്ങിയത്.
അന്നേരം മെഡിക്കല്‍ സ്റ്റോറിലെ പെണ്‍ക്കുട്ടി പോലും എന്നെ തറപ്പിച്ച് നോക്കി. ശെരിയാണ്‌ എന്റെ മക്കള്‍ക്ക്‌ ചിലപ്പോള്‍ എന്നോട്
എല്ലാം തുറന്ന് പറയാന്‍ സാധിക്കില്ല എങ്കിലും ഞാന്‍ അവരുടെ മനസ്സ് അറിയാന്‍ ശ്രമിക്കും. അമ്മ ചെയ്യും പോലെ ഇടയ്ക്ക്
സ്കൂള്‍ ബാഗില്‍ രഹസ്യ പരിശോധന നടത്തും. പിടിച്ചിരുത്തി തലയില്‍ പേന്‍ നോക്കും. ചോറ് മുഴുവന്‍ കഴിക്കാതെ വന്നാല്‍ വഴക്ക്
പറയും. മടിയില്‍ കിടത്തി ഉറക്കും മൂന്ന് പേര്‍ക്കും ചോറ് വാരി കൊടുക്കുമ്പോള്‍ എത്രയോ തവണ അവര്‍ എന്നെ "അമ്മേ" എന്ന്
വിളിച്ചിരിക്കുന്നു. അഭിമാനം തോന്നും അപ്പോള്‍.
ഇരുപതാം വയസ്സില്‍ അനീറ്റയുടെ പ്രണയ നഷ്ടവും സങ്കടവും ഞാന്‍ കണ്ടു. അവളെ വഴക്ക് പറയാതെ ആശ്വസിപ്പിച്ചു. ജോ കുട്ടനും
ജോണി മോനും താമസിച്ചു വരുമ്പോള്‍ ചേച്ചി അറിയാതെ മുറിയില്‍ കൊണ്ട് പോയി ശകാരിച്ചു. പഠിക്കാന്‍ ആര്‍ക്കും മടി
ഉണ്ടായിരുന്നില്ല എങ്കിലും ഉറക്കം എഴുന്നേറ്റ് പഠിക്കുമ്പോള്‍ അപ്പ വേണം കൂടെ അവര്‍ക്ക്. എത്രയോ ഓര്‍മ്മ ദിവസങ്ങള്‍ വന്ന്
പോയി നാന്‍സിയെ ഒരിക്കല്‍ പോലും ആ കല്ലറയില്‍ ചെന്നു നോക്കാന്‍ എന്നെ കൊണ്ട് കഴിയുന്നില്ല. എന്റെ അരികില്‍ ഇന്നും
അവള്‍ ഉണ്ട് ഉറക്കത്തിലും ഉണര്‍ന്ന് ഇരിക്കുമ്പോഴും അങ്ങനെ ഒരുവളുടെ കല്ലറ എനിക്ക് കാണാന്‍ സാധിക്കില്ല. മക്കള്‍ എന്നെ
അതിന്റെ പേരില്‍ കുറ്റം പറഞ്ഞിട്ട് ഇല്ല ഒരിക്കലും.
അനീറ്റയ്ക്ക് കല്യാണം ഉറപ്പിച്ചപ്പോള്‍ അവള്‍ ആ ചെക്കനോട് പറഞ്ഞു
" എനിക്ക് അപ്പന്‍ മാത്രമേ ഉള്ളൂ പിന്നെ എന്റെ അനിയന്മാരും അപ്പനെ ഒറ്റയ്ക്ക് നിര്‍ത്താന്‍ എനിക്ക് പറ്റില്ല അനിയന്മാര്‍ ഒരു കര
പറ്റിയാല്‍ എന്റെ അപ്പനെ കൂടെ നോക്കാന്‍ നിങ്ങള്‍ക്ക് മനസ്സ് വേണം തീരുമാനം ഇപ്പോള്‍ പറയണം പിന്നീട് മാറ്റി പറയാനും
പാടില്ല നിങ്ങളുടെ അപ്പന്‍ അമ്മയെ ഞാന്‍ ഉപേക്ഷിക്കില്ല നിങ്ങളുടെ കുടുംബത്തിന് മകള്‍ എന്ന പോലെ എന്റെ കുടുംബത്തിന്
ഒരു വലിയ ഏട്ടനെ പോലെ നിങ്ങളും നില്‍ക്കണം"
അവളുടെ വാക്കുകള്‍ ഉറച്ചത് ആയിരുന്നു അവനും അവള്‍ക്ക് വാക്ക് നല്‍കി. പുതിയ കല്യാണ സാരി എടുക്കാന്‍ പോകുമ്പോള്‍
ജോ കുട്ടന്‍ എല്ലാവരോടുമായി ചോദിച്ചു
" ചേച്ചി അമ്മയുടെ കല്യാണ സാരി ഉടുക്കുമോ?"
ആ ആവശ്യം ഞാന്‍ സ്നേഹ പൂര്‍വ്വം നിരസ്സിച്ചു. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്പ് ഉള്ള ഓര്‍മ്മകള്‍ എനിക്ക് മുന്നില്‍ അന്നും
തിളങ്ങി. മക്കളെ പഠിപ്പിച്ചും സ്നേഹിച്ചും നല്ലത് ചൊല്ലിയും കൊള്ളാത്തത് തള്ളിയും വളരാന്‍ ശീലിപ്പിച്ചപ്പോള്‍ അവര്‍ എനിക്ക്
മുകളില്‍ സ്നേഹത്തിന്റെ ആകാശം തീര്‍ത്തു. അമ്മയുടെ കല്യാണ സാരി ഉടുത്ത് അവള്‍ ഇറങ്ങുമ്പോള്‍ എനിക്ക് കണ്ണീര്‍ അടക്കാന്‍
സാധിച്ചില്ല. മകളുടെ കഴുത്തില്‍ മിന്ന് വീഴുമ്പോള്‍ പള്ളിയുടെ ഒരു അരികില്‍ എന്റെ നാന്‍സിയും ഉണ്ടായിരുന്നു.
പലരും എന്നോട് ചോദിക്കും
" നാന്‍സി പോലും അവരെ ഇങ്ങനെ നോക്കില്ല അമ്മയെ അവര്‍ ഇപ്പോള്‍ മറന്നു കാണും അല്ലേ?"
അതിന് ഞാന്‍ ഉത്തരം പറയില്ല. എന്റെ അനീറ്റ മോളുടെ കണ്ണുകള്‍ എത്രയോ തവണ ചോറ് വാരി കൊടുക്കുന്ന അമ്മമാരെ കണ്ട്
നിറഞ്ഞിരിക്കുന്നു. ജോ കുട്ടന്‍ സങ്കടം വരുമ്പോള്‍ അവന്റെ അമ്മയുടെ സാരിയില്‍ കെട്ടി പിടിച്ച് കരയും. ഓര്‍മ്മകള്‍
നില നില്‍ക്കാത്ത പ്രായത്തില്‍ ആണ് അമ്മ പോയത് എങ്കിലും ജോണി ഇന്നും അവളുടെ ചില്ല് ഇട്ട ചിത്രം സൂക്ഷിക്കുന്നു. ചിരിക്കുന്ന
ആ മുഖത്ത് അപ്പോഴും തിളക്കമുള്ള കണ്ണുകള്‍ ഉണ്ട്. ശെരിയാണ്‌ അമ്മയ്ക്ക് പകരം നില്‍ക്കാന്‍ മറ്റ് ഒരാള്‍ക്കും സാധിക്കില്ല.
ആ കൈകളിലെ തലോടലും സ്നേഹവും മറ്റ് ഒരു അനുഭവമാണ്.
ഒരിക്കല്‍ ഞാന്‍ എന്റെ മക്കളോട് പറഞ്ഞു " അമ്മ വേണം ആയിരുന്നു ഈ കൂട്ടില്‍ അല്ലേ?"
അന്ന് എനിക്ക് അവര്‍ തന്ന മറുപടി മറക്കാന്‍ പറ്റില്ല അര്‍ഥമുള്ള ജീവിതമായിരുന്നു എന്റേത് എന്ന് തിരിച്ച് അറിഞ്ഞ നിമിഷം.
"അമ്മ കിളി ഇല്ലെങ്കില്‍ എന്താ അപ്പ ഞങ്ങള്‍ക്ക് അപ്പ കിളി കൂട്ട് ഉണ്ടല്ലോ അത് മതി പറക്കാന്‍ ആ അപ്പ കിളിയുടെ സ്നേഹം മതി"
ഇങ്ങനെയാണ് ഞാന്‍ എന്ന അച്ഛന്‍ ജനിച്ചത്. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവിടം അമ്മയിലാണ് പിന്നെ അച്ഛനിലും.......

By Adhya Thulasi @ Nallezhuth

ദൈവമകള്‍

Image may contain: 1 person, smiling

"ഏഴ് മണിക്കൂര്‍ എടുത്തു ഞാന്‍ എന്റെ മകളെ പ്രസവിക്കാന്‍. സര്‍വ്വ വേദനയും സഹിച്ച് ഞാന്‍ അവളെ പുറത്ത് കൊണ്ട് വന്നപ്പോള്‍ ലോകം കീഴ്‌ അടക്കിയ സന്തോഷമായിരുന്നു എന്റെ ഉള്ളില്‍. എന്റെ മൂത്ത മകന്‍ മാധവിനെ ഞാന്‍ പ്രസവിക്കുമ്പോള്‍ എനിക്ക് ഇത്ര കണ്ട് വേദന അനുഭവിചിരുന്നോ എന്ന് അറിയില്ല. കുഞ്ഞ് പുറത്ത് വന്നു എങ്കിലും അവളുടെ കരച്ചില്‍ ഞാന്‍ കേട്ടില്ല.
" കുഞ്ഞ് എന്താ കരയാതെ ഇരിക്കുന്നേ?" അടുത്ത് നിന്ന നേഴ്സിനോട് ഞാന്‍ ചോദിച്ചു.
" ഒന്നും ഇല്ല കുട്ടി ഞങ്ങള്‍ നോക്കട്ടെ" അവര്‍ മറുപടി പറഞ്ഞു.
കുറച്ച് നേരത്തേ അവരുടെ പരിശ്രമങ്ങള്‍ക്ക് ശേഷം അവള്‍ ഒരു എലികുഞ്ഞിന്റെ ഉച്ചയില്‍ കരഞ്ഞു. അത് കേട്ടപ്പോള്‍ മാത്രമാണ്
എന്റെ ഹൃദയം കുളിര്‍ന്നത്.
" കാന്താരി" എന്ന് ഞാന്‍ അവളെ മനസ്സില്‍ വിളിച്ചു. ആയിരം അസ്ഥി നുറുങ്ങുന്ന വേദനയിലും അമ്മയ്ക്ക് ആശ്വാസം കുഞ്ഞിന്റെ
സ്വരം തന്നെയാണ്. ഇടയ്ക്ക് എപ്പോഴോ എന്നെ അവര്‍ റൂമിലേക്ക്‌ മാറ്റി. ഒരു വീല്‍ ചെയറില്‍ ഇരുന്ന് ഞാന്‍ റൂമിലേക്ക്‌ പോകുമ്പോള്‍ കുഞ്ഞ് എന്റെ ഒപ്പം ഉണ്ടായിരുന്നില്ല. കടും പച്ച നിറമുള്ള മുറിയില്‍ അവളെ കാത്ത് കിടന്നു. തൊട്ട്
അടുത്തുള്ള കട്ടിലില്‍ എന്റെ അമ്മയും ഉണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് മയങ്ങി. പിന്നീട് ഏതോ നിമിഷം കണ്ണ് തുറന്നപ്പോള്‍ അവള്‍ എന്റെ അരികില്‍ ഉണ്ടായിരുന്നു അവളെ നോക്കി ഇരുന്നു കൊണ്ട് എന്റെ മകനും.
" കുഞ്ഞി ഉറക്കമാണ് അമ്മേ" കണ്ണ് തുറന്ന എന്നോട് മാധവ് പറഞ്ഞു.
ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു. ഗര്‍ഭ അവസ്ഥയില്‍ എന്നെ ഏറ്റുവും കൂടുതല്‍ സന്തോഷിപ്പിച്ചത് എന്റെ മകനാണ്. അവന്
ലഭിക്കുന്ന എന്തും " കുഞ്ഞി" എന്ന് അവന്‍ വിളിക്കുന്ന അനിയത്തിക്ക് വേണ്ടി മാറ്റി വച്ചിരുന്നു. എന്റെ വീര്‍ത്ത വയര്‍ കണ്ട്
സ്വയം അവന്‍ മാറി കിടന്നു. എത്ര അടുത്ത് കിടക്കാന്‍ വിളിച്ചാലും അവന്‍ പറയും
" ഞാന്‍ ചവിട്ടും അമ്മേ ...." അഞ്ചു വയസ്സില്‍ പക്വത വന്ന മകന്റെ മറുപടി എന്നെ സന്തോഷവതിയാക്കി.
മൂന്ന് ദിവസം ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇടയ്ക്ക് മോളെ ചെക്ക്‌ അപ്പ് എന്ന് പറഞ്ഞ് അവര്‍ കൊണ്ട് പോകുമായിരുന്നു.എന്റെ പ്രസവ സമയം എന്റെ ഭര്‍ത്താവ് ഗിരിധര്‍ എറണാകുളത്ത് ജോലിയുമായി ബന്ധപ്പെട്ട് പോയിരുന്നു. മകള്‍ ജനിച്ച് രണ്ടാം ദിവസമാണ് അദ്ദേഹം വന്നത്. വീണ്ടും ഒരു മകനെ വരവ് ഏല്‍ക്കാന്‍ ആയിരുന്നു അദ്ദേഹം ഇരുന്നത് പക്ഷേ മകള്‍ എന്ന വാര്‍ത്ത‍ " കേശവ് " എന്ന് പേര് പോലും കരുതി വച്ചിരുന്ന അദ്ദേഹത്തെ തളര്‍ത്തി. മൂന്നാം ദിവസം ഡിസ്ചാര്‍ജ് വാങ്ങാന്‍ നേരം ഡോക്ടര്‍ പറഞ്ഞു അവരെ നേരില്‍ ചെന്ന് കാണാന്‍. മെല്ലെ നടന്ന് ഞാനും എനിക്ക് ഒപ്പം നടന്ന് ഗിരിയേട്ടനും ഡോക്ടറുടെ
മുറിയില്‍ എത്തി. തെളിച്ചമുള്ള ചിരിയോടെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. പിന്നീട് മാറി മാറി ഞങ്ങളെ നോക്കി.
" സരിക ഇന്ന് പോകുകയാണ് അല്ലേ....അറിയാമല്ലോ റസ്റ്റ്‌ എടുക്കണം" ഡോക്ടര്‍ സംസാരിച്ചു തുടങ്ങി.
എന്റെ ഹൃദയമിടിപ്പ് കൂടി. ഞാന്‍ അവരെ തന്നെ നോക്കി ഇരുന്നു.
" നിങ്ങളെ രണ്ടുപേരെയും കാണണം എന്ന് പറഞ്ഞ് വിളിപ്പിച്ചത് മറ്റ് ഒന്നിനും അല്ല ഒരു പ്രധാന സംഭവം പറയാനാണ്....നിങ്ങളുടെ കുഞ്ഞിന് സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയാണ്‌ ....ഇനിയുള്ള അവളുടെ വളര്‍ച്ചയില്‍ നിങ്ങളുടെ സ്പെഷ്യല്‍ കെയര്‍ അവള്‍ക്ക് വേണം എന്നാണ് ഞാന്‍ പറയാന്‍ വന്നത്....അവള്‍ വൈകിയേ സംസാരിക്കു..നോട്ടം ഉറയ്ക്കുന്നത് പോലും പതുക്കേ
ആയിരിക്കും..."
ഡോക്ടര്‍ ഇങ്ങനെ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നു. അവര്‍ അത് പറയുമ്പോഴും എന്റെ ഹൃദയത്തില്‍ വീണ മിന്നല്‍ പിണര്‍
കാരണം എനിക്ക് ബാക്കി ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ഇരുട്ട് നിറഞ്ഞ മനസ്സുകള്‍ കൊണ്ട് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. ആരോടും കുഞ്ഞിന് ഈ അവസ്ഥയാണ് എന്ന് ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ ഭര്‍ത്താവിന്റെ അമ്മ അത് അറിഞ്ഞു. ചൊവ്വ ദോഷകാരിക്ക് ജനിച്ച ബുദ്ധിമാന്ദ്യം ബാധിച്ച കുഞ്ഞിനെ അവര്‍ വെറുത്തു.
"കുടുംബത്തില്‍ നാഗശാപവും കൊണ്ടാണ് ഈ കുഞ്ഞ് പിറന്നത് കല്‍പ്പിച്ചത്...ഇതിനെ ഒഴിവാക്കണം അല്ലാത്ത പക്ഷം കുടുംബം
മുടിയും "
ഏതോ ഒരു ജ്യോത്സ്യന്‍ ഇങ്ങനെ കല്‍പ്പിച്ചത് മുതല്‍ എന്റെ സമാധാനം അവര്‍ ഇല്ലാതെയാക്കാന്‍ തുടങ്ങി. കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ പോലും ആരും മുറിയിലേക്ക് വരാതെയായി. അവളുടെ മൂത്ര തുണികള്‍ എല്ലാം മുറിയുടെ മൂലയില്‍ കുമിഞ്ഞു
കൂടി. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാനും പതിനാല് ദിവസം പ്രായമുള്ള കുഞ്ഞും. എന്നോട് കാണിക്കുന്ന കടുത്ത അവഗണന ഒരിക്കല്‍ ഞാന്‍ ചോദ്യം ചെയ്തു അതിന് എനിക്ക് ഗിരിയേട്ടനില്‍ നിന്ന് ലഭിച്ച മറുപടി ഇന്നും എന്റെ
ഓര്‍മകളില്‍ ഉണ്ട്
" എന്നെ കൊണ്ട് സാധിക്കില്ല ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു കുഞ്ഞിനെ നോക്കാന്‍..അതിനെ വളര്‍ത്താന്‍....എന്നെ കൊണ്ട് കഴിയില്ല...
എന്ത് ചെലവ് വരും എന്ന് നിനക്ക് അറിയമോ...അതിന്റെ കരച്ചില്‍ പോലും എന്നെ പേടിപ്പെടുത്തുന്നു..അച്ഛനാണ് അതിനെ
കൊണ്ട് ദോഷം നിനക്ക് അറിയാമോ..മാധവിന്റെ പഠന ചിലവ് തന്നെ കൂടി വരുകയാണ് അതിന് ഇടയില്‍ ഇതും നീ എഴുതിയ ടെസ്റ്റുകള്‍ ഒന്നുമായില്ല അപ്പോള്‍ ഞാന്‍ തന്നെ എല്ലാത്തിനും പണം ഇറക്കണം ..എന്നെ കൊണ്ട് വയ്യ ഈ ഭാരം
ചുമക്കാന്‍ ...എന്റെ ഭാര്യയായി തുടരണം എങ്കില്‍ നീ ഞാന്‍ പറയുന്നത് കേള്‍ക്കണം ..ഇതിനെ കളയണം.."
പൂച്ച കുഞ്ഞിനെ കൊണ്ട് കളയാന്‍ പറയുന്ന ലാഘവത്തോടെ അദ്ദേഹം അത് പറഞ്ഞു . കടുത്ത മാനസ്സിക സംഘര്‍ഷം കാരണം എന്റെ മുലകളില്‍ പാല് പോലും ഊറാതെ വന്നു. പാല് കുടിക്കാന്‍ പരാജയപ്പെട്ട് എന്റെ മകള്‍ കരഞ്ഞപ്പോള്‍ അമ്മായിയമ്മ വിളിച്ച് പറഞ്ഞു
"അതിന്റെ വായില്‍ ഒരു തുണി തിരുകി വയ്ക്ക്"
ഒടുവില്‍ അവള്‍ക്ക് ഇരുപത് ദിവസം ഉള്ള ഒരു രാത്രി എന്റെ മകനെയും കൂട്ടി ഞാന്‍ ആ വീടിന്റെ പടി ഇറങ്ങി. ഇനിയും ചിലപ്പോള്‍ അവിടെ നിന്നാല്‍ ഞാന്‍ ഒരു ഭ്രാന്തിയാകും എന്ന് എന്റെ മനസ്സ് പറഞ്ഞു. ഇട്ടിരുന്ന നൈറ്റിയില്‍ ഒരു പിഞ്ചു കുഞ്ഞിനെ ഒരു കൈയില്‍ പിടിച്ച് മകനെ മറ്റ് ഒരു കൈയിലും കരുതി ഞാന്‍ എന്റെ വീട്ടിലേക്ക് പോയി. കതക് തുറന്ന് മകളെയും കൊച്ച് മക്കളെയും കണ്ടപ്പോള്‍ എന്റെ അമ്മ ശെരിക്കും പേടിച്ചു എന്നതാണ് സത്യം. രണ്ടാം പ്രസവം കഴിഞ്ഞ് ആദ്യമായി ഞാന്‍ ഉറങ്ങിയ
രാത്രി എന്റെ വീടായിരുന്നു. അമ്മയുടെ മടിയില്‍ കിടന്ന് വേണ്ടുവോളം കരഞ്ഞു. എന്റെ കരച്ചില്‍ കണ്ട് മകനും. അപ്പോഴും എന്റെ അച്ഛന്റെ മടിയില്‍ അവള്‍ സുഖമായി ഉറങ്ങി.
അടുത്ത പകല്‍ മുതല്‍ പരിക്ഷണം തുടങ്ങിയത്. മകനെ ആവിശ്യപ്പെട്ടു കൊണ്ട് ഗിരിയേട്ടന്‍ വന്നത്. എന്ത് തന്നെ ആയാലും അച്ഛന് ഒപ്പം പോകില്ല എന്ന് അവനും പറഞ്ഞു. ചൊവ്വ ദോഷത്തിന്റെ പേരില്‍ ഇനി മകളെ അവിടേക്ക് തിരിച്ച് വിടില്ല
എന്ന് എന്റെ അച്ഛനും ഉറപ്പിച്ചു. അത്ര കണ്ട് അവര്‍ക്ക് അവസ്ഥ മനസ്സിലായി. ഒരു ജോലി ഇല്ലാതെ രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തണം എന്ന ചിന്ത എന്റെ ഉറക്കത്തെ കാര്‍ന്ന് തിന്ന് തുടങ്ങി. എന്നും ഈശ്വരന്‍ എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് മനസ്സിലായി.എഴുതിയ ടെസ്റ്റുകള്‍ ഒന്നും കിട്ടിയില്ല എന്ന അവസ്ഥയില്‍ നിന്ന് അവളെ ഗര്‍ഭിണി ആയിരിക്കെ ഞാന്‍ എഴുതിയ ടെസ്റ്റില്‍
എനിക്ക് ജോലി ലഭിച്ചു.
പുല്ല് വളരുന്നത് പോലെയാണ് പെണ്‍കുട്ടികള്‍ വളരുന്നത് എന്ന് പറയുന്നത് ശെരിയാണ്‌. എന്റെ മകള്‍ അങ്ങനെയാണ് വളര്‍ന്നത്.
അവള്‍ക്ക് മകന്‍ പ്രാസം ഒപ്പിച്ച് തന്നെ പേര് ഇട്ടു " മാധവി" . പക്ഷേ അവളുടെ വളര്‍ച്ചയില്‍ ഏറ്റുവും കൂടുതല്‍ മാറ്റം വന്നത് എനിക്കാണ്. ഏകദേശം രണ്ട് വയസ്സ് എടുത്തു അവള്‍ എന്നെ അമ്മ എന്ന് വിളിക്കാന്‍. " മ്മ" എന്നാണ് അഞ്ചു വയസ്സ് വരെ
വിളിച്ചിരുന്നത്. സാധാരണ കുഞ്ഞങ്ങളെ പോലെ അല്ല ഒരുപാട് തവണ സ്നേഹത്തോടെ പറയണം ഒരു കാര്യം മനസ്സിലാക്കാന്‍.ആദ്യം എല്ലാം എന്നില്‍ ദേഷ്യമായിരുന്നു. പക്ഷേ എന്റെ മകനും അച്ഛനും അമ്മയും കാണിച്ച ക്ഷമ എന്നെ അത്ഭുതപ്പെടുത്തി.
അവള്‍ എത്ര തന്നെ അവളുടെ ചേട്ടനെ ഉപദ്രവിച്ചാലും അവന്‍ തിരിച്ച് ഒന്നും ചെയ്യില്ല. കാക്കയേയും പൂച്ചയെയും കാട്ടി അവള്‍ക്ക് ആഹാരം കൊടുക്കുന്നത് അവനാണ്. അഞ്ചു വയസ്സ് ആയിട്ടും അവള്‍ ചിലപ്പോള്‍ മല മൂത്ര വിസര്‍ജനം നടത്തുന്നത് ഇരിക്കുന്ന സ്ഥലത്ത് തന്നെയാണ്. അത് പോലും മടി ഇല്ലാതെ അവന്‍ വൃത്തിയാക്കി. അവളെ കുളിപ്പിച്ചു.
ഒരു ഞായറാഴ്ച അച്ഛന്‍ ഞങ്ങളെ കൂട്ടി ഒരാളുടെ വീട്ടില്‍ പോയി. " ധ്വനി " എന്ന വീടിന് മുന്നില്‍ കാര്‍ നിന്നപ്പോള്‍ ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു. എന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീ.
" വരൂ ..അകത്തേക്ക് വരൂ" അവര്‍ ഞങ്ങളെ ക്ഷണിച്ചു.
ചുറ്റും പച്ചപ്പ്‌ നിറഞ്ഞ വീട്ടിലേക്ക് കയറിയപ്പോള്‍ എന്റെ ഉള്ളം കുളിര്‍ത്തു. അമ്മയും അച്ഛനും അവരോട് ചിര പരിചതര്‍ എന്ന രീതിയില്‍ സംസാരിച്ചു. എന്റെ മകളെ അവര്‍ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ചു. അവള്‍ അവരുമായി പെട്ടന്ന് കൂട്ടായി.അങ്ങനെ പുറമേ ഉള്ള ആരും അവളോട്‌ സ്നേഹം കാണിച്ചിട്ടില്ല. അങ്ങനെ കാണിക്കുന്നവര്‍ സിംബതിയാണ് അവളില്‍ ചൊരിയുന്നത്.
ഞങ്ങള്‍ക്ക് പോലും ഒരുപാട് കെഞ്ചിയാല്‍ മാത്രം ലഭിക്കുന്ന ഉമ്മ അവര്‍ക്ക് അവള്‍ അറിഞ്ഞു നല്‍കി. അവരാണ് രമീല. സ്പെഷ്യല്‍ സ്കൂള്‍ നടത്തുന്നു. അവിടെയാണ് പിന്നീട് അവള്‍ പഠിച്ചത്. സ്വന്തമായി എന്റെ മകള്‍ എല്ലാം ചെയ്യാന്‍
പഠിച്ചത് അവിടെ നിന്നാണ്. ആദ്യമായി അവള്‍ അക്ഷരം കുറിച്ചത് പോലും ഒരു ആഘോഷമായി ഞാന്‍ മാറ്റി. അമ്മയുടെ സഹായം ഇല്ലാതെ അവള്‍ വാരി കഴിക്കാന്‍ തുടങ്ങി, ആരെയും കൂട്ടാതെ ബാത്‌റൂമില്‍ തനിയെ പോകാന്‍ തുടങ്ങി.
അവളിലെ വാശികള്‍ മാറി വാക്കുകള്‍ തെളിഞ്ഞു.
എന്റെ മകള്‍ ആദ്യമായി തീണ്ടാരി ആയപ്പോള്‍ മകന്‍ മാത്രമാണ് അവളുടെ അടുത്ത് ഉണ്ടായിരുന്നത്. ഒരു പക്ഷേ അവള്‍ക്ക് അത് പറഞ്ഞു കൊടുക്കാന്‍ ഞാന്‍ വിട്ടു പോയ അധ്യായായം ആണ് അത്. അവളുടെ പാവാടയിലെ പപ്പട വട്ടത്തില്‍ കണ്ട
ചോര പാട് അവന് എന്താണ് എന്ന് മനസ്സിലായി. എന്റെ അലമാരയില്‍ നിന്നും സാനിട്ടറി നാപ്കിന്‍ എടുത്ത് അവള്‍ക്ക് അത് ഉപയോഗിക്കുന്ന രീതി പോലും അവന്‍ കാണിച്ച്‌ കൊടുത്തു. ശേഷം ഒരു കല്യാണത്തിന് നിന്ന എന്നെയും വിളിച്ചു വരുത്തി.
അവന്റെ സ്കൂളില്‍ നടത്തിയ ഒരു ബോധവല്‍ക്കരണ പരുപാടിയില്‍ നിന്നാണ് അവന്‍ ഇത് പഠിച്ചത്.
ഇന്ന് എന്റെ മക്കള്‍ എന്റെ അഭിമാനമാണ്. മകന്‍ പഠിച്ചു വലിയ ഡിഗ്രിക്കാരനായി അവന്റെ അനുജത്തിയെ സ്നേഹിക്കുന്ന ചേട്ടനായി.
രമീല ടീച്ചറുടെ സ്കൂളില്‍ അവനും ചെന്നു സഹായത്തിന്. മാധവി ഇപ്പോള്‍ ഡിഗ്രി ചെയുന്നു. അതെ അവള്‍ പഠിച്ചു. ശാപം
കിട്ടിയ പെണ്ണായി ഒരു ഇരുട്ട് മുറിയില്‍ ഇടാതെ എന്റെ ഇടം വലം ചേര്‍ത്ത് നിര്‍ത്തി ഞാന്‍ അവളെ പഠിപ്പിച്ചു. എനിക്ക് ഉറപ്പാണ്‌ ആകാശത്തിനും അപ്പുറം എന്ത് ഉണ്ട് എങ്കിലും എന്റെ മകള്‍ക്ക് അതിനെ കൈ എത്തിയെടുക്കാന്‍ സാധിക്കും.
ആദ്യമായി അവളെ കണ്ട് പിരിഞ്ഞപ്പോള്‍ രമീല ടീച്ചര്‍ എന്നോട് പറഞ്ഞിരുന്നു. " നീ പ്രസവിച്ചത് ഈശ്വരന്റെ സ്വന്തം മാലാഖയെയാണ്..
നീ നിന്റെ ദുഖവും സന്തോഷവും അവളുടെ കാതില്‍ പറയു അത് ഈശ്വരന്‍ നേരിട്ട് കേള്‍ക്കും......"
ഞാന്‍ എന്റെ സന്തോഷം മാത്രം ഈശ്വരനില്‍ പങ്ക് വച്ചപ്പോള്‍ എന്റെ മകന്‍ അവന്റെ ദുഖവും സങ്കടവും എല്ലാം അവളില്‍ . അതെ എനിക്ക് ചുറ്റും ഇരിക്കുന്ന നിങ്ങള്‍ ഓരോത്തരും മാലാഖ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ആണ്. അവര്‍ക്ക് മുന്നില്‍ നിങ്ങള്‍ കരയരുത് കരുത്തു കാട്ടി ചിരിച്ച് കൊണ്ട് മുന്നോട്ട് പോകണം എങ്കില്‍ അവര്‍ നമുക്ക് ഒപ്പം വരും. "
സദസ്സിനു മുന്നില്‍ കൈ കൂപ്പി സരിക വേദിയില്‍ നിന്ന് ഇറങ്ങി. നിര്‍ത്താതെ അപ്പോഴും അവര്‍ക്ക് വേണ്ടി ഘരഘോഷം കേള്‍ക്കാമായിരുന്നു.
രമീല ടീച്ചറുടെ സ്പെഷ്യല്‍ സ്കൂളിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു. നിറഞ്ഞ കണ്ണുകളും ചിരിച്ച ചുണ്ടുമായി അവര്‍ നേരെ നടന്നത്
മാധവിയുടെ അടുത്തേക്കാണ്‌. മകളെ കെട്ടി പിടിച്ച് ഉമ്മ കൊടുത്ത്
" എങ്ങനെയുണ്ട് കൊള്ളാമോ?" സരിക ചോദിച്ചു
" ഇറ്റ്‌ വാസ് സൂപ്പര്‍ അമ്മ" മാധവി മറുപടി പറഞ്ഞു.
അഭിമാന ചിരി ചിരിച്ച് സരിക മകളെ നോക്കി. അവള്‍ക്ക് അരികില്‍ ഇരുന്ന് അനിയത്തിയെ തന്നെ ഉറ്റു നോക്കുന്ന ചേട്ടന്റെ കണ്ണിലും ഉണ്ടായിരുന്നു ആയിരം മലകള്‍ കീഴടക്കിയ സന്തോഷം.

Written By: Adhya Thulasi @ Nallezhuth FB Group 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo