Slider

ഒരു അച്ഛന്റെ കഥ

0
Image may contain: 1 person, smiling
നീല നിറമുള്ള വെള്ളത്തില്‍ ഞാന്‍ അങ്ങനെ നോക്കി ഇരുന്നു. എനിക്ക് കരയാന്‍ തോന്നി പെട്ടന്ന് ചിരിക്കാനും.ഇത് ഒന്നും അല്ല
നേരെ മുന്നില്‍ ഉള്ള ജലാശയത്തിലേക്ക് ചാടി അതിന് അടിയിലേക്ക് പോകാനും തോന്നി. മരവിപ്പ് കാരണം ഒന്നും ചെയ്തില്ല.
" എടാ ശവം എടുക്കാന്‍ പോകുന്നു ...നീ കേറി വാ" എന്റെ ചേട്ടന്‍ ചെവിയില്‍ വന്ന് പറഞ്ഞു.
" ശവം അല്ല ചേട്ടോ നാന്‍സിയാണ് അത്" ഒരു നെടുവീര്‍പ്പില്‍ അമര്‍ഷം ഒതുക്കി നടക്കുമ്പോള്‍ എനിക്ക് ഉള്ളില്‍ ഭാരം തോന്നി.
വെള്ള വിരിച്ച മണലില്‍ പൊതിയുന്ന കാലുകള്‍ നോക്കി ഞാന്‍ നടന്നു. ആരെയും നോക്കിയില്ല. മരണം എന്ന മഹനീയ
കര്‍മ്മത്തില്‍ വന്ന് ചേര്‍ന്നത്തിനോട് ‍ ആരോടും കടപ്പെട്ടില്ല. ശവപ്പെട്ടിയുടെ തലക്കല്‍ ഒരു കുറ്റവാളിയെ പോലെ
ചെന്നു നിന്നു. കൈ പിടിച്ച് കൂടെ കൂട്ടിയവളെ ചുമലില്‍ ചുമക്കാന്‍ വിധിക്കപ്പെട്ടവന്‍ .
" അന്ത്യ ചുംബനം നല്‍കാന്‍ ഉള്ളവര്‍ക്ക് നല്‍കാം ...." ശവപ്പറമ്പില്‍ വച്ച് പള്ളിയില്‍ അച്ഛന്‍ പറഞ്ഞു.
അപ്പോഴും ഞാന്‍ ദൂരേക്ക് മാറി നിന്ന് ഏതോ തോമസിന്റെ ജനനവും മരണവും നിര്‍ത്താതെ വായിച്ച് കൊണ്ടിരുന്നു. ആരും എന്നെ
നിര്‍ബന്ധിച്ചില്ല. ചടങ്ങുകള്‍ കഴിഞ്ഞ് പോകാന്‍ നേരം ആരോ പിറുപിറുക്കുന്നത് ഞാന്‍ കേട്ടു
" അവള്‍ക്ക് ഒരു അന്ത്യ ചുംബനം കൊടുക്കാന്‍ പോലും അനങ്ങാത്ത ദുഷ്ട്ടന്‍....അനുഭവിക്കും"
ഒലിച്ചു തുടങ്ങിയ കണ്ണീര്‍ തുടച്ചു കളഞ്ഞു. ഒരിക്കല്‍ പോലും ഞാന്‍ അവളെ തിരിഞ്ഞു നോക്കിയില്ല. അവളുടെ കുഴിയില്‍
ഒടുവില്‍ വീണ മണ്‍ത്തരി ശബ്ദം പോലും കേട്ട് നിന്നു എങ്കിലും ഒരു പിടി മണ്ണ് ഇട്ടില്ല.എനിക്ക് സാധിക്കില്ല അപ്പോഴും മനസ്സിനോട്
പറഞ്ഞു ഇനി ഒരിക്കലും ആ തിളക്കം ഉള്ള കണ്ണുകള്‍ നിനക്ക് വേണ്ടി പ്രകാശം പരത്തില്ല.
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഇളയ മകന്‍ കരയുകയാണ്. അവന് അമ്മയെ കാണണം. രണ്ട് വയസ്സ്
തികഞ്ഞ അവന് മരണത്തിന്റെ കാഠിന്യം അറിയാന്‍ വഴിയില്ല. എന്റെ അമ്മയും അവളുടെ അമ്മയും കുഞ്ഞിനെ ഒതുക്കാന്‍
പാടുപ്പെടുന്നു നടക്കുന്നില്ല. വാശിക്കരച്ചില്‍ കൂടി വന്നു. ഞാന്‍ രംഗപ്രവേശനം ചെയ്തു. കുഞ്ഞിനെ കൈയില്‍ വാങ്ങി. അവനെ മുറ്റത്ത് കൂടെ നടത്തി.
" അമ്മ ഇപ്പോള്‍ വരും എടാ....മുട്ടായി വാങ്ങി തരാം അപ്പന്റെ പൊന്നു മോന്‍ കരയാതെ ഇരിക്ക്.."
എന്റെ മുഖത്തെ ദുഖം അവനും കണ്ട് കാണും. അത് കൊണ്ടായിരിക്കും പെട്ടന്ന് കരച്ചില്‍ നിര്‍ത്തിയത്. എന്റെ കൈയിലേക്ക്
ചൂട് പടര്‍ന്നത് പോലെ തോന്നി. ശെരിയാണ്‌ അവന്‍ ഒന്ന് മൂത്രമൊഴിച്ചു. സാധരണ രീതിയില്‍ കുഞ്ഞങ്ങള്‍ എന്റെ മുന്നില്‍ ഇരുന്ന് വെളിക്കു പോയാലോ മൂത്രമൊഴിചാലോ ഞാന്‍ അന്നേ ദിവസം ആഹാരം കഴിക്കില്ല. പെട്ടന്ന് ആ കുഞ്ഞിനെ എന്റെ അടുത്ത് നിന്ന് കൊണ്ട് പോകാന്‍ അലറും.
" നാന്‍സിയെ ....ഇതിനെ വന്ന് എടുക്ക്...ഓടി വാ"
ഇത് കേള്‍ക്കുമ്പോള്‍ തന്നെ അവള്‍ ഓടി വരും. മലത്തിലോ മൂത്രത്തിലോ പൊതിഞ്ഞ കുഞ്ഞിനെ എടുക്കും പിന്നെ അവനെ
കൊഞ്ചിക്കും.
" നീ ഇങ്ങനെ ഇതൊകെ ചെയ്തിട്ട് ആഹാരം കഴിക്കുന്നു?" ഞാന്‍ ചോദിക്കുമ്പോള്‍ അവള്‍ ചിരിക്കും.
" അമ്മ അങ്ങനെയാണ് ഇച്ചായോ!!!......"
എന്നാല്‍ അന്ന് മകനെ ഞാന്‍ തന്നെ കൊണ്ട് പോയി കഴുക്കിച്ചു. അയയില്‍ തലേ ദിവസം അവള്‍ ഉണക്കാന്‍ ഇട്ടിരുന്ന
തുണികള്‍ ഉണ്ടായിരുന്നു അതില്‍ നിന്ന് ഒരെണ്ണം എടുത്ത് ഉറുമ്പ്‌ ഇല്ല എന്ന് ഉറപ്പ് വരുത്തി ധരിപ്പിച്ചു. സാവധാനം എന്റെ പിടിയില്‍ നിന്ന് നൂണ് ഇറങ്ങി അവന്‍ നടന്നു. അവനെ പിടിക്കാന്‍ മൂത്ത മകള്‍ക്ക് നിര്‍ദേശം നല്‍കി ഞാന്‍ എന്റെ കൈയും
മുഖവും കഴുകി. അന്ന് എനിക്ക് അറപ്പ് തോന്നിയില്ല മനസ്സിന് മടുപ്പ് തോന്നിയില്ല. കടമകളില്‍ ഇനി ഞാന്‍ അമ്മയും ആകണം
എന്ന് ഓര്‍മ്മ വന്നു. ഒരു ഉറക്കത്തില്‍ എല്ലാം ഉപേക്ഷിച്ചു പറന്ന അമ്മ കിളിക്ക് പകരം.
ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് മറ്റുള്ളവര്‍ പോകുമ്പോള്‍ ഞങ്ങള്‍ മാത്രമായി. മൂത്ത മകള്‍ അനിറ്റ അനിയന്റെ തുണികള്‍ ചൂട്
വെള്ളത്തില്‍ ഇടുകയായിരുന്നു.
" അവിടെ വച്ചേ മോളെ അപ്പ ചെയ്തോളാം....കൈ പൊള്ളും" ഞാന്‍ സ്നേഹത്തോടെ പറഞ്ഞു.
" എനിക്ക് ഇതൊകെ ശീലമാണ് അപ്പ അമ്മ ഉള്ളപ്പോഴും ഞാന്‍ ചെയ്തിരുന്നു..."
അവളുടെ തലയില്‍ സ്നേഹത്തോടെ ഒന്ന് തലോടി ഞാന്‍ രണ്ടാമത്തെ മകന്റെ അരികില്‍ ചെന്നു. അവന്‍ ഇപ്പോഴും ദുഖമാണ്. അവള്‍
പോയതിനു ശേഷം മുറിയുടെ ഒരു മൂലയില്‍ ചെന്ന് ഇരിക്കും. ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ കഴിക്കും. ഞാന്‍ അവന്റെ അടുത്ത്
ചെല്ലുമ്പോള്‍ കാല്‍ മുട്ടിന് ഇടയില്‍ തല വച്ച് അവന്‍ ഒരു മൂലയില്‍ ഇരിക്കുന്നു.
" ജോ കുട്ടാ മോന്‍ ഇങ്ങ് വരുവോ" അത്ര മേല്‍ കരുതലോടെ ഞാന്‍ അവനെ വിളിച്ചു.
ഒരു വാടിയ പൂവിനെ പോലെ അവന്‍ എഴുന്നേറ്റു വന്നു. അവനെ സ്നേഹ ലാളനകള്‍ കൊണ്ട് മൂടാന്‍ എനിക്ക് അറിയില്ല എങ്കിലും
മനസ്സില്‍ വന്ന കുറച്ച് വാക്കുകള്‍ പറഞ്ഞു
" ജോ കുട്ടാ അമ്മ ഒരിക്കലും ഇനി നമ്മുടെ അടുത്ത് വരില്ല. ജോ കുട്ടന് ഇനി അപ്പയും ചേച്ചിയും അനിയനും ഉണ്ട് ഞങ്ങള്‍ക്കും
ജോ കുട്ടനെ ഉള്ളൂ. മോന്‍ ഇനി പഴയത് പോലെ ആകണം നമുക്ക് ഒന്നിച്ച് പോകാം മോനെ....."
ഇത്രയും പറഞ്ഞു തീര്‍ക്കാന്‍ ഞാന്‍ അനുഭവിച്ച മനോവിഷമം അവന് മനസ്സിലായി കാണും. പിന്നീട് അങ്ങോട്ട്‌ വീട് ഉണരാന്‍
തുടങ്ങി. വീട്ടിലെ പെണ്‍മക്കള്‍ ഒരു അനുഗ്രഹമാണ് എന്ന് എനിക്ക് പെട്ടന്ന് മനസ്സിലായി. നാന്‍സി ഉള്ളപ്പോള്‍ അവളുടെ
വിളികള്‍ കേട്ടാല്‍ മാത്രം ഉറക്കം ഉണരുന്ന അനിറ്റ എനിക്ക് മുന്‍പെ അടുക്കളയില്‍ കേറും. കൈ എത്തുന്ന ജോലികള്‍ ചെയ്യും.
അനിയന്മാരെ ഉണര്‍ത്തും ഇളയ കുഞ്ഞിനെ ചെവിയില്‍ വെള്ളം കേറാതെ കുളിപ്പിക്കും കുടുംബ പ്രാര്‍ഥന വിളിച്ചു കൂട്ടും.
മക്കള്‍ രണ്ടു പേരെയും സ്കൂളില്‍ വിട്ട് ഞാന്‍ ഇളയവനെ കൊണ്ട് എന്റെ കടയില്‍ പോകും. ആ ചെറിയ പല ചരക്ക് കടയിലെ
കച്ചവടക്കാരനെ പോലെ അവന്‍ ഇരിക്കും. ഇടയ്ക്ക് എല്ലാവരും മറ്റ് ഒരു കല്യാണം കഴിക്കാന്‍ ഓര്‍മ്മിപ്പിക്കും. കെട്ടിയ പെണ്ണിന്റെ
കല്ലറയില്‍ ഇത് വരെ ഒന്ന് നോക്കാന്‍ പോലും എനിക്ക് ധെര്യം വന്നിട്ടില്ല എന്ന് മനസ്സില്‍ വീണ്ടും ഓര്‍മ്മിക്കും.
നാന്‍സിയുടെ ചില്ല് ഇട്ട ഫോട്ടോ വീട്ടില്‍ എവിടെയോ ഉണ്ട്. അവളെ ഓര്‍മ്മിക്കാന്‍ എനിക്ക് ഒരുപാട് നല്ല നിമിഷങ്ങള്‍ ഉണ്ട് അത്
കൊണ്ട് ഞാന്‍ ആ ഫോട്ടോ പ്രദര്‍ശിപ്പിച്ചില്ല. ചിലര്‍ ഇടയ്ക്ക് വരും പതിയെ പുതിയ ലോകത്തേക്ക് കടക്കുന്ന കുഞ്ഞുങ്ങളെ
നോക്കി സഹതാപ കരച്ചില്‍ തുടങ്ങും. അവളെ പറ്റി ഒന്നും അറിയില്ല എങ്കിലും വാനോളം പുകഴ്ത്തും. പോകാന്‍ നേരം പതിവ്
ചോദ്യം ചോദിക്കും
" ഒരു ഫോട്ടോ പോലും നീ വച്ചില്ല അവളുടെ....ഇത്രയും ആയില്ലേ ഇനി ഒരു കൂട്ട് ആകാം പിള്ളേരെ നോക്കാന്‍ എങ്കിലും ....!!!!"
ഒരു ചിരിയില്‍ മറുപടി ഒതുക്കാന്‍ മാത്രമേ എനിക്ക് ഇപ്പോള്‍ നേരം ഉള്ളു.ആദ്യമായി കൈ പിടിച്ച പെണ്ണ്. അവളുടെ ചിരിയും ചുറു
ചുറുക്കും കൊണ്ട് ഉന്മേഷത്തോടെ മുന്നോട്ട് പോയ ഒരു സന്തുഷ്ട്ട കുടുംബം. ആ ചിരിയും കളിയും എന്നും
മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എങ്ങനെ ഇനി ഒരു കൂട്ട് എന്ന് ഞാന്‍ ചിന്തിക്കും. ഓര്‍മ്മകള്‍ കാട് കേറുമ്പോള്‍ കണ്ണുകള്‍ നനയും.
അമ്മ ഇല്ലാത്ത മക്കളെ വളര്‍ത്തുക എന്നത് ഒരു വലിയ കടമയാണ്. പത്തും ഏഴും രണ്ടും വയസ്സുള്ള മക്കള്‍. അവരുടെ വളര്‍ച്ച.പക്വത
എത്താന്‍ പ്രായം വേണ്ട എന്ന് എന്റെ കുഞ്ഞുങ്ങള്‍ തെളിയിച്ചു കൊണ്ടിരുന്നു. നാന്‍സി ഉള്ളത് പോലെ വീട് കൊണ്ട് പോകാന്‍
ഞങ്ങള്‍ക്ക് സാധിച്ചു. ഇളയ മകന്‍ ജോണിയ്ക്ക് അഞ്ചാം വയസ്സില്‍ ഭയങ്കരമായി പനിച്ചപ്പോള്‍ എനിക്ക് മുന്പ് അവനെയും കൊണ്ട്
ജോ കുട്ടനും അനീറ്റയും ആശുപതിരിയില്‍ എത്തി. ജോ കുട്ടന്‍ എന്നെ കടയില്‍ സഹായിച്ചു. അനീറ്റ എനിക്ക് ഒപ്പം അടുക്കളയില്‍
ജോലി ചെയ്യുമ്പോള്‍ ആണ്‍ മക്കള്‍ പറമ്പ് വൃത്തിയാക്കി വീട് തുടച്ചു കോഴി കൂടും പശു തൊഴുത്തും കഴുകി. പരാതികള്‍ ഒന്നുമില്ല.
ഞങ്ങള്‍ ഒന്നിച്ച് ഇരുന്നു മാത്രം ആഹാരം കഴിക്കാന്‍ ശീലിച്ചു. ചിലപ്പോള്‍ അവള്‍ ഇല്ലാത്ത കുറവ് എനിക്ക് തോന്നും അന്നേരം
മക്കള്‍ വന്ന് ചോദിക്കും
" തല വേദന ഉണ്ടോ അപ്പ കട്ടന്‍ ഇട്ട് തരട്ടെ?"
എനിക്ക് കൂട്ടായി അവളെ തന്നെ അല്ലേ തന്നത് എന്ന് ഓര്‍ത്ത് ഞാന്‍ സന്തോഷിക്കും. എനിക്ക് ഒരിക്കലും ഒരു അമ്മയാകാന്‍
കഴിയില്ല. പതിഞ്ചാം വയസ്സില്‍ അനീറ്റ കുളിക്കാന്‍ കേറിയിട്ട് തിരിച്ച് ഇറങ്ങാന്‍ ഒരുപാട് നേരം എടുത്തു. ഒരു മണിക്കൂര്‍
കഴിഞ്ഞ് ഞാന്‍ കുളിമുറിയുടെ പുറത്ത് നിന്ന് ചോദിച്ചു
" എന്താ മോളെ വരുന്നില്ലേ പുറത്ത്??"
" അപ്പ എനിക്ക് പാഡ് വേണം......" ഭയത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
പാഡ് എന്തിനാണ് എന്ന് എനിക്ക് അറിയാം അവളോട്‌ അവിടെ നില്‍ക്കാന്‍ പറഞ്ഞ് ഞാന്‍ ഓടി ചെന്നാണ് അത് വാങ്ങിയത്.
അന്നേരം മെഡിക്കല്‍ സ്റ്റോറിലെ പെണ്‍ക്കുട്ടി പോലും എന്നെ തറപ്പിച്ച് നോക്കി. ശെരിയാണ്‌ എന്റെ മക്കള്‍ക്ക്‌ ചിലപ്പോള്‍ എന്നോട്
എല്ലാം തുറന്ന് പറയാന്‍ സാധിക്കില്ല എങ്കിലും ഞാന്‍ അവരുടെ മനസ്സ് അറിയാന്‍ ശ്രമിക്കും. അമ്മ ചെയ്യും പോലെ ഇടയ്ക്ക്
സ്കൂള്‍ ബാഗില്‍ രഹസ്യ പരിശോധന നടത്തും. പിടിച്ചിരുത്തി തലയില്‍ പേന്‍ നോക്കും. ചോറ് മുഴുവന്‍ കഴിക്കാതെ വന്നാല്‍ വഴക്ക്
പറയും. മടിയില്‍ കിടത്തി ഉറക്കും മൂന്ന് പേര്‍ക്കും ചോറ് വാരി കൊടുക്കുമ്പോള്‍ എത്രയോ തവണ അവര്‍ എന്നെ "അമ്മേ" എന്ന്
വിളിച്ചിരിക്കുന്നു. അഭിമാനം തോന്നും അപ്പോള്‍.
ഇരുപതാം വയസ്സില്‍ അനീറ്റയുടെ പ്രണയ നഷ്ടവും സങ്കടവും ഞാന്‍ കണ്ടു. അവളെ വഴക്ക് പറയാതെ ആശ്വസിപ്പിച്ചു. ജോ കുട്ടനും
ജോണി മോനും താമസിച്ചു വരുമ്പോള്‍ ചേച്ചി അറിയാതെ മുറിയില്‍ കൊണ്ട് പോയി ശകാരിച്ചു. പഠിക്കാന്‍ ആര്‍ക്കും മടി
ഉണ്ടായിരുന്നില്ല എങ്കിലും ഉറക്കം എഴുന്നേറ്റ് പഠിക്കുമ്പോള്‍ അപ്പ വേണം കൂടെ അവര്‍ക്ക്. എത്രയോ ഓര്‍മ്മ ദിവസങ്ങള്‍ വന്ന്
പോയി നാന്‍സിയെ ഒരിക്കല്‍ പോലും ആ കല്ലറയില്‍ ചെന്നു നോക്കാന്‍ എന്നെ കൊണ്ട് കഴിയുന്നില്ല. എന്റെ അരികില്‍ ഇന്നും
അവള്‍ ഉണ്ട് ഉറക്കത്തിലും ഉണര്‍ന്ന് ഇരിക്കുമ്പോഴും അങ്ങനെ ഒരുവളുടെ കല്ലറ എനിക്ക് കാണാന്‍ സാധിക്കില്ല. മക്കള്‍ എന്നെ
അതിന്റെ പേരില്‍ കുറ്റം പറഞ്ഞിട്ട് ഇല്ല ഒരിക്കലും.
അനീറ്റയ്ക്ക് കല്യാണം ഉറപ്പിച്ചപ്പോള്‍ അവള്‍ ആ ചെക്കനോട് പറഞ്ഞു
" എനിക്ക് അപ്പന്‍ മാത്രമേ ഉള്ളൂ പിന്നെ എന്റെ അനിയന്മാരും അപ്പനെ ഒറ്റയ്ക്ക് നിര്‍ത്താന്‍ എനിക്ക് പറ്റില്ല അനിയന്മാര്‍ ഒരു കര
പറ്റിയാല്‍ എന്റെ അപ്പനെ കൂടെ നോക്കാന്‍ നിങ്ങള്‍ക്ക് മനസ്സ് വേണം തീരുമാനം ഇപ്പോള്‍ പറയണം പിന്നീട് മാറ്റി പറയാനും
പാടില്ല നിങ്ങളുടെ അപ്പന്‍ അമ്മയെ ഞാന്‍ ഉപേക്ഷിക്കില്ല നിങ്ങളുടെ കുടുംബത്തിന് മകള്‍ എന്ന പോലെ എന്റെ കുടുംബത്തിന്
ഒരു വലിയ ഏട്ടനെ പോലെ നിങ്ങളും നില്‍ക്കണം"
അവളുടെ വാക്കുകള്‍ ഉറച്ചത് ആയിരുന്നു അവനും അവള്‍ക്ക് വാക്ക് നല്‍കി. പുതിയ കല്യാണ സാരി എടുക്കാന്‍ പോകുമ്പോള്‍
ജോ കുട്ടന്‍ എല്ലാവരോടുമായി ചോദിച്ചു
" ചേച്ചി അമ്മയുടെ കല്യാണ സാരി ഉടുക്കുമോ?"
ആ ആവശ്യം ഞാന്‍ സ്നേഹ പൂര്‍വ്വം നിരസ്സിച്ചു. ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്പ് ഉള്ള ഓര്‍മ്മകള്‍ എനിക്ക് മുന്നില്‍ അന്നും
തിളങ്ങി. മക്കളെ പഠിപ്പിച്ചും സ്നേഹിച്ചും നല്ലത് ചൊല്ലിയും കൊള്ളാത്തത് തള്ളിയും വളരാന്‍ ശീലിപ്പിച്ചപ്പോള്‍ അവര്‍ എനിക്ക്
മുകളില്‍ സ്നേഹത്തിന്റെ ആകാശം തീര്‍ത്തു. അമ്മയുടെ കല്യാണ സാരി ഉടുത്ത് അവള്‍ ഇറങ്ങുമ്പോള്‍ എനിക്ക് കണ്ണീര്‍ അടക്കാന്‍
സാധിച്ചില്ല. മകളുടെ കഴുത്തില്‍ മിന്ന് വീഴുമ്പോള്‍ പള്ളിയുടെ ഒരു അരികില്‍ എന്റെ നാന്‍സിയും ഉണ്ടായിരുന്നു.
പലരും എന്നോട് ചോദിക്കും
" നാന്‍സി പോലും അവരെ ഇങ്ങനെ നോക്കില്ല അമ്മയെ അവര്‍ ഇപ്പോള്‍ മറന്നു കാണും അല്ലേ?"
അതിന് ഞാന്‍ ഉത്തരം പറയില്ല. എന്റെ അനീറ്റ മോളുടെ കണ്ണുകള്‍ എത്രയോ തവണ ചോറ് വാരി കൊടുക്കുന്ന അമ്മമാരെ കണ്ട്
നിറഞ്ഞിരിക്കുന്നു. ജോ കുട്ടന്‍ സങ്കടം വരുമ്പോള്‍ അവന്റെ അമ്മയുടെ സാരിയില്‍ കെട്ടി പിടിച്ച് കരയും. ഓര്‍മ്മകള്‍
നില നില്‍ക്കാത്ത പ്രായത്തില്‍ ആണ് അമ്മ പോയത് എങ്കിലും ജോണി ഇന്നും അവളുടെ ചില്ല് ഇട്ട ചിത്രം സൂക്ഷിക്കുന്നു. ചിരിക്കുന്ന
ആ മുഖത്ത് അപ്പോഴും തിളക്കമുള്ള കണ്ണുകള്‍ ഉണ്ട്. ശെരിയാണ്‌ അമ്മയ്ക്ക് പകരം നില്‍ക്കാന്‍ മറ്റ് ഒരാള്‍ക്കും സാധിക്കില്ല.
ആ കൈകളിലെ തലോടലും സ്നേഹവും മറ്റ് ഒരു അനുഭവമാണ്.
ഒരിക്കല്‍ ഞാന്‍ എന്റെ മക്കളോട് പറഞ്ഞു " അമ്മ വേണം ആയിരുന്നു ഈ കൂട്ടില്‍ അല്ലേ?"
അന്ന് എനിക്ക് അവര്‍ തന്ന മറുപടി മറക്കാന്‍ പറ്റില്ല അര്‍ഥമുള്ള ജീവിതമായിരുന്നു എന്റേത് എന്ന് തിരിച്ച് അറിഞ്ഞ നിമിഷം.
"അമ്മ കിളി ഇല്ലെങ്കില്‍ എന്താ അപ്പ ഞങ്ങള്‍ക്ക് അപ്പ കിളി കൂട്ട് ഉണ്ടല്ലോ അത് മതി പറക്കാന്‍ ആ അപ്പ കിളിയുടെ സ്നേഹം മതി"
ഇങ്ങനെയാണ് ഞാന്‍ എന്ന അച്ഛന്‍ ജനിച്ചത്. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവിടം അമ്മയിലാണ് പിന്നെ അച്ഛനിലും.......

By Adhya Thulasi @ Nallezhuth
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo