Slider

ഒയാസീസ് (1)

0
Image may contain: 1 person, stripes
ഠേ...... എന്ന ശബ്ദത്തിൽ ആണ് അടിപൊട്ടിയത്. അടിയുടെ ശബ്ദത്തിൽ തന്നെ താൻ തിരിച്ചറിഞ്ഞു ആ അടിയുടെ വേദനയും കാഠിന്യവും.
ചിന്തകൾ ചിതറി തെറിച്ചു പോയി. അല്പനിമിഷങ്ങൾക്ക് മുമ്പ് നടന്ന കാര്യങ്ങൾക്കെല്ലാം ആകെയൊരവ്യക്തത. മൂന്നാലു വർഷങ്ങൾക്കു മുമ്പ് ഉള്ളതും കുട്ടിക്കാലത്തേയും കാര്യങ്ങൾ ഉള്ളിൽ നന്നായി തെളിഞ്ഞു വരുന്നു. ഇപ്പോഴത്തെ കാര്യങ്ങൾ പാടെ മറന്നുപോയി. ആകെ ഇരുട്ട്. ഒന്നൂടെ ആഞ്ഞു ശ്രമിച്ചപ്പോൾ മൂടൽമഞ്ഞിൽ നിന്ന് തെളിഞ്ഞു വരുന്ന പുലർകാല സൂര്യപ്രകാശത്തിൽ കണ്ണു ചിമ്മിത്തുറന്നു. വീണ്ടും തെറ്റി ഇത് പുലർകാലമല്ലല്ലോ, സുഖകരമായ സായംസന്ധ്യയല്ലേ. ഇപ്പോൾ നന്നായി ഓർമ്മ വരുന്നു. ഒമാനിലെ സുഖ സാന്ദ്രമായ ഒരു ശനിയാഴ്ച സായാഹ്നം. രണ്ടു ദിവസത്തെ അവധിദിനം ആഘോഷിച്ചിട്ട് അകലെയുള്ള ജോലിക്കാരെല്ലാം ജോലിസ്ഥലത്തേയ്ക്ക് പോയിത്തുടങ്ങി. എൻ്റെ അർബാബ് അബ്ദുൾ അസീസും തിരിച്ചു പോകാൻ തയ്യാറെടുക്കുന്നു.
നീണ്ട പകലുകളായതിനാൽ ഭൂമീകന്യയോട് കിന്നാരം പറഞ്ഞിരുന്ന് അസ്തമിക്കാൻ മറന്നു പോയ സായാഹ്ന സൂര്യൻ്റെ ചെങ്കതിരുകളേറ്റ് സ്വർണ്ണവർണ്ണമായ പ്രകൃതി, നാളെ തിരിച്ചെത്താമെന്ന് പറഞ്ഞ് ധൃതിയിൽ പടിഞ്ഞാറേ ചെരുവിലേയ്ക്ക് പിടഞ്ഞിറങ്ങിപ്പോയ സൂര്യനേ നോക്കി അല്പനേരം വെറുതെ നിന്നു. നാളെ തനിക്കവധിയാണ്. സാധാരണ തോട്ടക്കാർക്കൊന്നും അറബികൾ അവധി കൊടുക്കാറില്ല, പക്ഷെ എനിക്ക് അറബിയുടെ രണ്ടു തോട്ടങ്ങളിലും ആഴ്ചയിൽ മൂന്നുദിവസം വീതം ജോലിയും ഞായറാഴ്ച അവധിയും. അവധി ദിവസം അല്പം ദൂരെയുള്ള സുഹൃത്തിനെ കാണാൻ പോകാമെന്ന് ചിന്തിച്ചു നിന്നപ്പോൾ ആണ് അങ്ങ് ദൂരെ താൻ താമസിക്കുന്ന ഔട്ട് ഹൗസിൻ്റെ വാതിൽക്കൽ നിന്ന് അർബാബ് കൈകാട്ടി വിളിച്ചത്. അടുത്ത ദിവസങ്ങളിൽ ചെയ്തു തീർക്കാനുള്ള ജോലികൾ പറഞ്ഞേൽപ്പിക്കാൻ ആയിരിക്കും എന്ന ചിന്തയിൽ ആണ് പെട്ടെന്ന് എത്തിയത്. പക്ഷെ.
കർണ്ണപുടങ്ങളിൽ ഗുഡ്സ് ട്രെയിനിൻ്റെ കടകട ശബ്ദം, കവിളത്ത് അഞ്ചുവിരലുകളുടെ തൊട്ടെടുക്കാവുന്ന രേഖാചിത്രം തിണർത്തു കിടക്കുന്നു. ഒറ്റയടിയിൽ തന്നെ സ്ഥലകാലബോധത്തിൻ്റെ പകുതി എപ്പോഴേ നഷ്ടമായി, കണ്ണിൽ നിന്ന് പറന്നുയർന്നത് പൊന്നീച്ചകൾ ആയിരുന്നോ എന്ന് കണ്ണടഞ്ഞിരുന്നതിനാൽ കാണാനായില്ല. ആദ്യമായി കിട്ടിയ അടി ആയതുകൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത വേദന. കിട്ടിയതോ സ്വന്തം അർബ്ബാബിൻ്റെ വെളുത്തതെങ്കിലും കരുത്തുറ്റ കൈയ്യിൽ നിന്നും, അല്ലെങ്കിൽ തന്നെ പോലീസുകാരുടെ കൈയ്ക്ക് നല്ല കരുത്തുണ്ടെന്നും, കന്നത്തടികിട്ടിയാൽ കണ്ണുകാണാതാവും, ചെവി കേൾക്കാതാവും എന്നും അനുഭവസ്ഥർ പറയുന്നത് അച്ചട്ടാണെന്ന് മനസ്സിലായി. ഇങ്ങിനെയെല്ലാം അല്ലേ ഓരോ അനുഭവങ്ങൾ ഉണ്ടാകുന്നത്. എന്നാലും ഇത് ഒരു വല്ലാത്ത അനുഭവമായിപ്പോയി.
അതു ശരിയാണല്ലോ അർബാബ് അബുദാബിയിലെ പോലീസ് ഡിപ്പാർമെൻ്റിലാണല്ലോ ജോലി ചെയ്യുന്നത്. അടി കിട്ടിയപ്പോൾ അടുക്കും ചിട്ടയും എല്ലാം പോയി. അടി മാത്രമല്ലല്ലോ, ചവിട്ടും കുത്തും തന്നാണല്ലോ ഔട്ട് ഹൗസിനകത്തേയ്ക്ക് വലിച്ചിട്ട് പുറത്തു നിന്ന് വാതിലും ലോക്കും ചെയ്തത്. അതിനുശേഷം അദ്ദേഹം വാ നിറച്ച് ചീത്തയും പറഞ്ഞാണല്ലോ മുന്നോട്ടു നടന്നു പോയത്.
ഹറാമി, ഖർബൂത്ത് വാഹദ് ,കൽബ് എന്നെല്ലാം അറിയാവുന്നതും, പിന്നെ അറിയാത്തതുമായ പല ചീത്ത വാക്കുകളും പോകുന്ന പോക്കിൽ വിളിയ്ക്കുന്നുണ്ടായിരുന്നു. എന്തിനാണാവോ ഇതെല്ലാം ചെയ്തത്, അതറിയാൻ ഇനി ഇപ്പോൾ ആരോട് ചോദിയ്ക്കാനാണ്. കൂട്ടുകാരോട് ആരോടെങ്കിലും വിളിച്ചു ചോദിയ്ക്കാൻ ഫോണിൽ ഔട്ട് ഗോയിംഗിനുള്ള ബാലൻസ് ഒട്ട് ഇല്ല താനും. അത് കഴിഞ്ഞ ദിവസം നാട്ടിൽ വിളിച്ചപ്പോൾ തീർന്നു ഞായറാഴ്ച്ചയാണല്ലോ കാർഡ് വാങ്ങുന്നതും നാട്ടിൽ വിളിക്കുന്നതും. എന്നാലും കാർഡ് തീർന്നപ്പോൾ വാങ്ങാതിരുന്നത് കുഴപ്പമായി.
ഏതായാലും അടി കിട്ടിയത് എന്തിനാണെന്ന് എനിക്കുമറിയില്ല, ഇനി എങ്ങിനെയെങ്കിലുമറിയണമെങ്കിൽ ഒന്നാമതെ അർബാബ് തന്നേ പറയണം, അല്ലെങ്കിൽ ആരോടെങ്കിലും ചോദിയ്ക്കണം. ഇതിപ്പോൾ രണ്ടു വിധത്തിലും അറിയാൻ പറ്റിയ സാഹചര്യമല്ലാത്തതിനാൽ അറിയുന്നതുവരേ ക്ഷിയ്ക്കാം. അതു കൊണ്ട് സമയം പോകാൻ കുറച്ചു നേരം വേറെയെന്തെങ്കിലും ഒറ്റയ്ക്ക് സംസാരിച്ചിരിക്കാം, നിങ്ങളുടെ ബോറടിയും മാറും എൻ്റെ വേദനയും മാറും.
ഞാൻ വേണുഗോപാൽ. അച്ചനുമമ്മയ്ക്കും ഒരേ ഒരു മകൻ. ഒരു അനിയത്തിക്കുട്ടി, ജയ. നാട്ടിൽ നല്ലൊരു ഇലക്ട്രീഷ്യൻ ആയിരുന്നു. പക്ഷെ എത്ര പണിയെടുത്തിട്ടും നല്ലൊരു വീടുവയ്ക്കാനോ, അനിയത്തിയുടെ വിവാഹം നടത്താനോ ഒന്നും സാധിക്കാതെ വന്നപ്പോൾ ആണ് കുറച്ചു നാൾ പ്രവാസി ആയി കഴിഞ്ഞ് ആഗ്രഹങ്ങളുടെ സഫലീകരണത്തിനു ശേഷം
തിരിച്ചു പോകാം എന്നു കരുതി ഇവിടെ എത്തിയത്. ഇലക്ട്രീഷ്യൻ്റെ വിസ ആണെന്ന് പറഞ്ഞാണ് വിസ തന്നതെങ്കിലും വന്നു പെട്ടത് അബ്ദുൾ അസീസ് എന്ന അർബാബിൻ്റെ തോട്ടത്തിലെ പണിക്കാരനായിട്ടാണ്. അബ്ദുൾ അസീസ് പേരുപോലെ തന്നെ അജയൻ്റെ ദാസൻ എന്ന പേര് അന്വർത്ഥമാക്കുന്ന നല്ല അർബാബ് ആയിരുന്നു. അദ്ദേഹത്തിന് നേരത്തെ ഉണ്ടായിരുന്ന ബംഗ്ലാളി തോട്ടക്കരൻ പോയതിനു ശേഷമാണ് തനിക്ക് വിസ നൽകിയത്. ബംഗാളിയെ എന്തിനാണ് പറഞ്ഞു വിട്ടതെന്ന് അറിയില്ല, അല്ലങ്കിൽ ചിലപ്പോൾ ബംഗാളിയും മൂന്നാലു വർഷം കഴിഞ്ഞപ്പോൾ ജോലി മതിയാക്കി ക്യാൻസൽ ചെയ്ത് പോയതായിരിക്കും.
വിശാലമായ രണ്ടു തോട്ടങ്ങൾ, ഈന്തപ്പനയും, മാവും, നാരകവും പച്ചക്കറികളും, കന്നുകാലികൾക്ക് കൊടുക്കാനുള്ള പുല്ലും കൊണ്ടും ഹരിതാഭമായ രണ്ടു തോട്ടങ്ങൾ, രണ്ട് തോട്ടത്തിലും മനോഹരമായ രണ്ടു കൊട്ടാരസദൃശമായ ബംഗ്ലാവുകളും. രണ്ടു ബംഗ്ലാവുകളിലും സുന്ദരിമാരായ രണ്ടു ഭാര്യമാരും അവരുടെ കുട്ടികളും.
വേണുഗോപാൽ എന്ന പേര് വിളിക്കാനുള്ള എളുപ്പത്തിന് ഇവരെല്ലാം കൂടെ ചെറുതാക്കി ഗോപാലു ആക്കി. അമ്മ സ്നേഹത്തിൽ വേണു എന്നു വിളിക്കുമ്പോഴും. ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ നാട്ടിൽ നിന്ന് കൊണ്ടുവന്ന ഓsക്കുഴൽ വായിക്കുമ്പോൾ ഉതിരുന്ന വേണുഗാനത്തിലും മറ്റുമേ താനിപ്പോൾ വേണുഗോപാൽ എന്ന പേര് ഓർക്കുന്നുള്ളു.
രണ്ട് തോട്ടങ്ങളുടേയും മദ്ധ്യഭാഗത്തുള്ള ഔട്ട് ഹൗസിലാണ് തൻ്റെ താമസം. പണിയുള്ള ദിവസം ഭക്ഷണം അർബാബിൻ്റെ വീട്ടിൽ നിന്നും
കഴിക്കുകയാണ് പതിവ്. പണിയില്ലാത്ത ദിവസം അറബിയുടെ വീട്ടിൽ നിന്ന് ആരെങ്കിലും ഭക്ഷണം ഔട്ട് ഹൗസ്സിൽ കൊണ്ടുവന്നുതരും. മിക്ക ദിവസങ്ങളിലും അവിടത്തെ ഇന്തോനേഷ്യൻ പണിക്കാരികളോ അപൂർവ്വം ചില ദിവസങ്ങളിൽ അർബാബിൻ്റെ ഭാര്യമാരോ ഭക്ഷണം കൊണ്ട് വന്നു തരും.
ഇവിടെ വന്നിട്ട് നാലു വർഷമാകുന്നു, രണ്ടു വർഷത്തിനു മുമ്പ് അനിയത്തിയുടെ വിവാഹത്തിന് നാട്ടിൽ പോയി.
വിവാഹമെല്ലാം മംഗളമായി നടത്തി തിരിച്ചു വന്നു. ചെറുതെങ്കിലും മനോഹരമായ വീടിൻ്റേയും പണി തീരാറായി. അടുത്ത മാസം നാട്ടിൽ പോയാൽ ഇനി ഇങ്ങോട്ട് വരുന്നില്ല എന്ന തീരുമാനത്തിൽ വിസ കാൻസൽ ചെയ്ത് മറ്റാർക്കെങ്കിലും വിസ കൊടുത്തോളാൻ അർബാബിനോട് പറഞ്ഞ് സമ്മതം നേരത്തെ വാങ്ങി. അങ്ങിനെ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ ഒഴുകി കൊണ്ടിരുന്നതിനിടയിൽ പെട്ടെന്ന് എന്താണ് സംഭവിച്ചത്?
അർബാബ് ഒമാൻ്റെ അടുത്തു കിടക്കുന്ന യുഎഈയിൽ പെട്ട അബുദാബിയിലെ പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ആണ് ജോലി ചെയ്യുന്നത്. അതിനാൽ എല്ലാ വ്യാഴാഴ്ചയും ലീവിൽ വരുകയും രണ്ടു ദിവസത്തെ ലീവിനു ശേഷം തിരിച്ചുപോകുകയും ചെയ്യുന്ന കാഴ്ച താൻ നാലു വർഷമായി സ്ഥിരമായി കണ്ടു കൊണ്ടിരിക്കുന്നു. അർബാബിന് ആകെ മൊത്തം മൂന്നു ഭാര്യമാരുണ്ട്. രണ്ടു ഭാര്യമാർ ഇവിടെ അടുത്തടുത്തുള്ള രണ്ടു തോട്ടങ്ങളുടെ നടുക്കുള്ള വിശാലമായ രണ്ടു വീടുകളിൽ താമസിക്കുന്നു. അർബാബ് വ്യാഴാഴ്ച രാത്രി വന്ന് അലീമ എന്ന ആദ്യ ഭാര്യയുടേയും അഞ്ചു മക്കളുടേയും കൂടെ താമസിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ആകുമ്പോൾ അനീസ എന്ന രണ്ടാമത്തെ ഭാര്യയുടെയും നാലു മക്കളുടെ കൂടെ കഴിഞ്ഞിട്ട് ശനിയാഴ്ച രാവിലെ അബുദാബിയിലേക്ക്
തിരിച്ചു പോകുന്നു. അബുദാബിയിൽ ഉള്ള ഭാര്യയുടെ പേര് അംബർ എന്നാണ്, അംബർ എന്നാൽ സുഗന്ധമുള്ളവൾ എന്നാണ് അർത്ഥമെന്ന് അർബാബ് ഒരിയ്ക്കൽ പറഞ്ഞിരുന്നു. കല്യാണം കഴിഞ്ഞ് ഒന്നര വർഷമായിട്ടും അവർക്ക് കുട്ടികളൊന്നും ആയിട്ടില്ല എന്നു തോന്നുന്നു. കല്യാണം കഴിഞ്ഞ് ഏകദേശം അഞ്ചെട്ട് മാസം കഴിഞ്ഞ് ഒരു പ്രാവശ്യം അവർ വന്ന് പത്തു ദിവസം ഇവിടെ താമസിച്ചിട്ടാണ് മടങ്ങിയത് എന്ന് നന്നായി ഓർക്കുന്നു.
എന്നാലും എന്തിനായിരിക്കും
തന്നെ ഔട്ട്ഹൗസ്സിൽ, ഹൗസ് അറസ്റ്റ് പോലെ അടച്ചു പൂട്ടിയിട്ട് അർബാബ് പോയത്?

Written by Anilkumar PS
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo