
ഇന്നലെ ഞാൻ കോഴിക്കോട് ആയിരുന്നു .കുറച്ചു കൂടെ കൃത്യമായി പറഞ്ഞാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ .തിരക്കിട്ടോടുന്ന ഡോക്ടർമാർ ,നേഴ്സ് മാർ , അപകടത്തിൽ പ്പെട്ടു രക്തത്തിൽ കുളിച്ചു കൊണ്ട് വരുന്ന ശരീരങ്ങൾ ഒക്കെ ഞാൻ അവിടെ കണ്ടു ..തുടക്കത്തിൽ അവരെ ചികില്സിക്കുന്ന ഡോക്ടർമാരൊന്നും തന്നെ മാസ്‌കോ കയ്യുറകളോ ധരിച്ചിരുന്നില്ല അവരൊക്കെ അവരുടെ ജോലിയിൽ പൂർണ ശ്രദ്ധാലുക്കളായിരുന്നു .വളരെ പതിയെ തുടങ്ങി വളരെ വേഗം ഒരു വൈറസ് അവിടെ വ്യാപിക്കുന്നത് ഞാൻ കണ്ടുകൊണ്ടിരുന്നു .ആ വൈറസിന്റെ ആവാസം മനുഷ്യന്റെ കാരുണ്യത്തിലായിരുന്നു .അതെ നമ്മുടെ സഹജീവി ഒന്ന് വീണു പോകുമ്പോൾ നമ്മൾ അവരെ താങ്ങി പിടിക്കുന്നു .ഇവിടെയും അതാണ് സംഭവിച്ചതു പനി ബാധിച്ച രോഗി ശർദിക്കുമ്പോൾ , വീഴുമ്പോൾ അവനെ അറിയാത്ത അടുത്ത് നിൽക്കുന്ന ആൾ താങ്ങുന്നു .ആ കാരുണ്യം ആണ് വൈറസിനും വേണ്ടത് .അവിടെയാണ് ചെകുത്താൻ വിജയിക്കുന്നതും അല്ലാതെ ഒരിക്കലും മനുഷ്യനിൽ അവനു ആധിപത്യം സ്ഥാപിക്കാനാകുന്നില്ല .മനുഷ്യന്റെ കരുണയും അലിവും ആണ് അവന്റെ വളം .ഒരു രോഗിയെ നമ്മൾ കാണുമ്പോൾ നമ്മിലെ ആർദ്രത അവനെ ചേർത്ത് പിടിക്കും ആ ഒറ്റ നിമിഷത്തിൽ വൈറസ് നമ്മിലേക്ക് പകരുകയായി .
ആരോഗ്യവാന്മാരായ മനുഷ്യർ പനി ബാധിച്ചു പൊടുന്നനെ മരിക്കുന്നതിന്റെ കാരണം അറിയാതെ പകച്ചു നിൽക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ തുടക്കത്തിൽ നിന്ന് ചെകുത്താനെതിരെ മനുഷ്യനിലൂടെ ദൈവം നടത്തുന്ന യുദ്ധം ആണ് വൈറസ് ചലച്ചിത്രം നമുക്ക് അനുഭവിപ്പിച്ചു തരുന്നത്.
ഒരു പാട് കഥാപാത്രങ്ങൾ നിറഞ്ഞ ചിത്രത്തെ കൈയടക്കത്തോടെ സംയോജിപ്പിച്ച സംവിധായകൻ ആഷിക് അബുവിനിരിക്കട്ടെ എന്റെ ആദ്യ സല്യൂട്ട് .കാരണം ഈ ചിത്രം സമൂഹത്തിനാവശ്യമായിരുന്നു .കോഴിക്കോട് നിപ്പ ബാധിച്ചു ആൾക്കാർ മരിക്കുമ്പോൾ ,അവിടുത്തെ ജനവാസികൾ പേടിച്ചരണ്ട് വീടുകളിൽ ഇരിക്കുമ്പോൾ , ആതുരസേവകരും കളക്ടറും മന്ത്രിയുമൊക്കെ തീകനലിൽ ചവിട്ടി നിൽക്കുമ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും വീട്ടിലിരുന്നു ടീവിയിലെഒരു സ്ക്രോളിങ് ന്യൂസ് ആയി മാത്രം അത് വായിച്ചു മിക്സെറോ കപ്പലണ്ടിയോ തിന്നു കുടുംബാംഗങ്ങളുമായി തമാശകൾ പറഞ്ഞു സുഖമായി ഇരിക്കുകയായിരുന്നു .അല്ലെങ്കിലും നമുക്ക് നേരിട്ട് അറിയാത്തതൊക്കെ കെട്ടുകഥകളാണല്ലോ ?
മരണത്തോടുള്ള മനുഷ്യന്റെ പേടി അല്ല മറിച്ചു ആ രോഗം വരുമ്പോൾ മനുഷ്യൻ കടന്നു പോകുന്ന ഭയാനകമായ അവസ്ഥ ആണ് നമ്മളെ അസ്വാസ്ഥരാക്കുക . ഭയചകിതരാക്കുക . പൂർണ ആരോഗ്യമുള്ള ഒരാൾ പോലും പിടഞ്ഞടിക്കുകയാണ് . ഭ്രാന്തെടുക്കുകയാണ് ..ഒടുവിൽ തോറ്റു മരണത്തിലേക്ക് ...
പറയാതെ വയ്യ
രേവതി : നമ്മുട സ്വന്തം ശൈലജ ടീച്ചറിന്റെ വ്യക്തിത്വം കിറുകൃത്യം .
ശ്രീനാഥ് ഭാസി : എപ്പോളൊക്കേയൊ കണ്ണ് നനയിച്ചു ,ചിത്രത്തിലെ എനിക്കേറ്റവും ഇഷ്ടമായ ഉഗ്രനായി എന്ന് തോന്നിപ്പിച്ച നടൻ
ഇന്ദ്രജിത് ..മറ്റൊന്നും ഇല്ല ഒറ്റ വാക്ക് ജീനിയസ്
കുഞ്ചാക്കോ ബോബൻ ...ഡോക്ടറായുള്ള പകര്ന്നാട്ടത്തിൽ ഉജ്വല വിജയം
ആസിഫ് അലി : ദയനീയത നിറഞ്ഞ മനുഷ്യന്റെ തളർച്ച നിറഞ്ഞ മുഖവുമായി ,സ്വന്തം ഭാര്യയുടെ ശരീരത്തിനരികിൽ കിടന്നു രോഗം ഏറ്റുവാങ്ങുന്ന ഭർത്താവിന്റെ സ്നേഹാധിക്യം ..ഇത് പോലൊരു കഥാപാത്രം ഒരു സിനിമയിൽ പോലും ഉണ്ടായി കാണില്ല
ടോവിനോ ...ഡിസ്‌ട്രിക്‌ട് കളക്റ്ററിനെ ഗംഭീരം ആക്കി
ജോജു : അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന നടൻ
സൗബിൻ : എന്തൊരു മനുഷ്യൻ! എന്താ നിങ്ങളിങ്ങനെ ..ഇപ്പോളുമുണ്ട് മനസ്സിൽ ഒരു വിങ്ങലായിട്ട് .
പാർവതി : പ്രിയപ്പെട്ട പാറുക്കുട്ടി ..നീ എങ്ങും പോകാതെയിരിക്കുക ..എന്നും ഞങ്ങളോടൊപ്പം ഉണ്ടാകുക കാരണം നിനക്ക് പകരം വെയ്ക്കാൻ ഇന്ന് മലയാള സിനിമയിൽ മറ്റൊരു നടിഇല്ല
റിമ : സിസ്റ്റർ ലിനിയെഓർത്തു ...കരഞ്ഞു പോയി
പൂർണിമ ഇന്ദ്രജിത് : സ്വാഭാവികം ..അനായാസം ലളിതം നടനം
ചിത്രത്തിന്റെ സിനിമാറ്റോ ഗ്രാഫി രാജീവ് രവി ,പശ്ചാത്തല സംഗീതം സുശിന് ശ്യാം ..,അണിയറയിൽ പ്രവർത്തിച്ച എല്ലാവര്ക്കും പിന്നെ എല്ലാ അഭിനേതാക്കൾക്കും നൂറു മാർക്ക് ...
നിപ്പ വൈറസിനെ നമ്മൾ പൂർണമായി അതിജീവിച്ചു എന്ന് പറയാനാവില്ല .മനുഷ്യനിൽ നന്മയും കരുണയും ഉള്ളിടത്തോളും അവൻ ചിലപ്പോൾ വീണ്ടും വരും .പക്ഷെ നമ്മൾ ആ ചെകുത്താനെ തോൽപ്പിക്കും .കാരണം ചെകുത്താന് വഴി തെറ്റിപ്പോയി .ഇത് കേരളമാണ് .ഞങ്ങൾ ഇവിടെ രാഷ്ട്രീയതിന്റെയും മതത്തിന്റെയും പേര് പറഞ്ഞു തല്ലു ഉണ്ടാക്കും ചെളി വാരിയെറിയും ..കൊല്ലും .പക്ഷെ ഞങ്ങളെ മൊത്തം ബാധിക്കുന്ന ഒരു ആപത്തു വന്നാൽ ഞങ്ങൾ ഒറ്റക്കെട്ടായി നിന്ന് അവനെ പൊരുതി തോൽപ്പിക്കുക തന്നെ ചെയ്യും ..ഒന്നിച്ചു നിൽക്കും ഞങ്ങള്
പ്രളയം വന്നിട്ട് തോറ്റില്ല..പിന്നെയാ ചെകുത്താനെ നീ ...
അമ്മു സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക