നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അത് നീയാകുന്നു(കഥ)

""""""""""""""”""""'""""""""''"""
ശബരിമലയിലേക്ക് പോകാനൊരുങ്ങുമ്പോൾ മകൾ രാജി തന്നോട് കളിയായും അല്പം പരിഭവം കലർത്തിയും ഇങ്ങനെ പറഞ്ഞു.
'അച്ഛനിപ്പോൾ എവിടെവേണമെങ്കിലും പോകാമല്ലോ ഒറ്റത്തടിയല്ലേ' ന്ന്
ശരിയാണ് അവളുടെ അമ്മ മരിച്ചതിന് ശേഷം അവൾക്ക് എല്ലാ രീതിയിലുമുള്ള കൂട്ടും ഞാനും എനിക്ക് അവളുമായിരുന്നു.
അവളുടെ കല്യാണം കഴിഞ്ഞുപോയപ്പോൾ,
തീർത്തും ഒറ്റപ്പെട്ടു പോയതുപോലെയായി ഞാൻ.അല്ലെങ്കിലും 'ജീവിതം' അതങ്ങനെയൊക്കെ തന്നെയല്ലേ..അല്ലേ.?
ഇപ്പോഴാണെങ്കിൽ പഴയ ദുശീലമൊക്കെ പതുക്കെ പടികടന്നു വന്നിട്ടുണ്ട്.
വൈകിട്ടാവുമ്പോഴേയ്ക്കും കൂട്ടുകാർ ഏതെങ്കിലും ചിലവെന്നൊക്കെ പറഞ്ഞു ഏതെങ്കിലും മദ്യവ്യമായി ഇങ്ങെത്തും.അപ്പോൾ അതിൽനിന്നും രണ്ടെണ്ണം അടിച്ചില്ലെങ്കിൽ അവർക്ക് പരിഭവം..
എല്ലാമൊന്ന് ശരിയാക്കണം. മലയാളമാസത്തിലെ എല്ലാ ഒന്നാംതീയതിയും മുടങ്ങാതെ പോയിക്കൊണ്ടിരുന്നു ശബരിമല യാത്ര അങ്ങനെ പുനരാരംഭിക്കാൻ തന്നെ തീരുമാനിച്ചു.
വ്രതത്തിന്റെ പേരിൽ മദ്യവും മറ്റ് കമ്പനിയുമൊക്കെ ഉപേക്ഷിക്കാമല്ലോ. അങ്ങനെ ചിന്തിച്ച് തൊട്ടടുത്ത ദിവസംതന്നെ ശബരിമലയ്ക്ക് മാലയുമിട്ടു.
യാത്രയെ കുറിച്ച് ആലോചിച്ചപ്പോൾ കന്യാകുമാരിയിൽ നിന്നും ബസ്സിനു പോണോ, അതോ ട്രെയ്നിന് പുനലൂർക്ക് ഇറങ്ങി,അവിടെനിന്നും ബസ്സിന്‌ പോണോ എന്നായി ചിന്ത.
അവസാനം രണ്ടാമത്തെ തീരുമാനത്തിലേക്ക് അങ്ങ് ഉറപ്പിച്ചു.അതാവുമ്പോൾ അല്പം റിലാക്സായി പോകാൻ കഴിയുമല്ലോ.
അങ്ങനെ കന്യാകുമാരിയിൽ നിന്നും പുനലൂർക്കുള്ള ട്രെയിന്റെ ടിക്കറ്റ്, അടുത്തദിവസം തന്നെ ബുക്ക് ചെയ്തു.. -"പുനലൂർപാസ്സ്" വണ്ടിനബർ 56700
സീറ്റ് നമ്പർ 786.ട്രെയിൻ സമയം വൈകിട്ട് നാല് നാല്പത്തിനാണ്.ആറു മണിക്കൂർ ഇരുപത്തഞ്ചു മിനിട്ടാണ് യാത്രാ സമയം.
ഏകദേശം ഇരുന്നൂറു കിലോമീറ്ററിലധികം ഉണ്ടാവും യാത്ര.
ഏതാണ്ട് രാത്രി പതിനൊന്നുമണി കഴിയുമ്പോൾ പുനലൂരിലെത്തും..അവിടുന്ന് രാത്രി ഒന്ന് മുപ്പതിന് പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ലോക്കൽ ബസ്സ്.
അവിടുന്ന് ഏകദേശം ഒരു നൂറു
കിലോമീറ്ററിനടുത്തുവരും പമ്പയ്ക്ക്..
രണ്ടോ മൂന്നോ മണിക്കൂർ കഴിയുമ്പോൾ പമ്പയിലെത്തും.. അവിടുന്ന് പമ്പയിൽമുങ്ങി ഗണപതിക്ക്‌ നാളികേരവുമുടച്ചു മലകയറണം. ഏതായാലും രാവിലെതന്നെ ദർശ്ശനം കിട്ടണം അതാണ് തന്റെ പ്ലാൻ.
പിന്നെ തിരിച്ചിങ്ങോട്ടുള്ള യാത്ര-അതവിടെ ചെന്നിട്ടു തീരുമാനിക്കണം.
അങ്ങനെ,ആ ദിവസം.അടുത്ത ശിവക്ഷേത്ര സന്നിധിയിൽനിന്നും ഇരുമുടി കെട്ടുമെടുത്ത് സബരീശനെ കാണാൻ യാത്രതിരിച്ചു.
റയിൽവേ സ്റ്റേഷനിൽ അധികം തിരക്കുണ്ടായിരുന്നില്ല.
കയറിയ കമ്പാർട്ടുമെന്റിൽ,തന്നെക്കൂടാതെ രണ്ടുപേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ അതും രണ്ടു മലയാളി പെൺകുട്ടികൾ. അവർ ഒരേ കോളേജിൽ പടിക്കുന്നവരാണെന്നു കാണുമ്പോൾതന്നെ മനസ്സിലാവും,കാരണം അത് അവരുടെ യൂണിഫോം വിളിച്ചുപറയുന്നുണ്ട്..
അരമണിക്കൂർ ലേറ്റായാണ് അവിടെനിന്നും ട്രെയിൻ പുറപ്പെട്ടത്.ആ ടെൻഷൻ കുട്ടികളിൽ ഒരുപോലെ നിഴലിച്ചിരുന്നു.
അൽപനേരം ഓടിമറയുന്ന കെട്ടിടങ്ങളും വയലേലകളും ജനാലയിലൂടെ നോക്കിയിരുന്നു..പിന്നെ മോളെ ഫോണിൽ വിളിച്ചു കുറച്ചുനേരം കുശലം പറഞ്ഞു. ഇനി സന്നിധാനത്തു ചെന്നിട്ടു വിളിക്കാമെന്നും പറഞ്ഞ് ഫോണും വെച്ചു..
സമയം ഏതാണ്ട് ആറരമണി ആയിക്കാണും ഇരുട്ട് വ്യാപിച്ചിരിക്കുന്നു, ജനാലയിലൂടെ ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. ഇപ്പോൾ ഏതോ സ്റ്റേഷനിൽ വണ്ടി നിറുത്തിയിട്ടിരിക്കുകയാണ്.
കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളിൽ ഒരാൾ ആ സ്റ്റേഷനിൽ ഇറങ്ങുന്നത് ഞാൻ കണ്ടു.
അപ്പോഴാണ് 'ടിഫിൻ ടിഫിൻ' എന്നും വിളിച്ചുപറഞ്ഞു കൊണ്ട് നടന്നുപോകുന്ന, ചെങ്കല്ലിന്റെ കളറുള്ള യൂണിഫോമിട്ട ഒരാളുടെ പക്കൽ നിന്നും ഒരു കോഫിയും രാത്രി കഴിക്കാനുള്ള പാക്ക് ചെയ്ത ഇഡ്ഡലിയും വാങ്ങിയത്.ഇഡ്ഡലി ഭദ്രമായി തന്നെ ബാഗിൽ വെച്ചു..
അല്പനേരം പുറത്തേക്ക് കണ്ണുംനട്ട് കോഫി നുണഞ്ഞിരുന്നു.പിന്നെ നോക്കുമ്പോൾ ഒരാൾ ഇറങ്ങിയതിനാലാവണം കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് കുറച്ചുകൂടി ടെന്ഷനുള്ളതായി തോന്നി.
അത് ശരിവയ്ക്കുന്ന രീതിയിൽ അവൾ തന്റെടുത്ത് എതിർവശത്തായി കുറച്ചുകൂടി മുന്നിലേക്ക് നീങ്ങിയിരുന്നു.
അപ്പോൾ ഞാൻ അവളോട് ചോദിച്ചു
'മോള് ഏതു സ്റ്റേഷനിലാണ് ഇറങ്ങുന്നത്'
അവൾ പെട്ടെന്നുതന്നെ,തനിക്കിറങ്ങാനുള്ള അടുത്ത സ്റ്റേഷന്റെ പേര് പറഞ്ഞു..ഇനി ഏകദേശം അമ്പതു കിലോമീറ്റർ കാണും അവൾ പറഞ്ഞ സ്ഥലമെത്താൻ ഞാനൂഹിച്ചു..
ആ കുട്ടി തന്റെ കൈവശമുള്ള പഠിക്കാനുള്ള ഏതോ പുസ്തകം തുറന്ന് അതിലേക്ക് കണ്ണുംനട്ടിരുന്നു.വൃത്തിയായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്നതിനാൽ പുസ്തകമേതെന്ന് എനിക്ക് കാണാൻ കഴിഞ്ഞില്ല...ഞാൻ തന്റെ സോണി എസ്‌പിരിയ ഓണാക്കി യൂട്യൂബ്മ്യൂസിക്കിൽ ഹരിവരാസനം സെർച്ച് ചെയ്ത് ഹെഡ്സെറ്റ് കുത്തി അതും കേട്ടിരുന്നു..എപ്പോഴാണ് മയങ്ങിപ്പോയതെന്നറിയില്ല..
പെട്ടെന്ന് ഒരു നിലവിളി കേട്ടാണ് ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്നത്..
അപ്പോഴും ഇയർ ഫോണിൽനിന്ന് വേറെയേതോ ഭാഷയിലുള്ള ഭക്തിഗാനം ഒഴുകുന്നുണ്ടായിരുന്നു.
പക്ഷെ അടുത്തിരുന്ന പെൺകുട്ടിയെ മാത്രം അവിടെയൊന്നും കാണുന്നുണ്ടായിരുന്നില്ല. ഇരുട്ടായതിനാൽ ഏതാ സ്ഥലമെന്നും അത്ര വ്യക്തമായില്ല..അവളെവിടെ.?അവൾ,അവളുടെ സ്റ്റോപ്പിൽ ഇറങ്ങിക്കാണുമോ..? അറിയില്ല..
സംശയങ്ങൾ മനസ്സിൽ നിന്നും തികട്ടി തികട്ടി വന്നു.അപ്പോഴാണ് വീണ്ടുമൊരു നിലവിളി പാതിമുറിഞ്ഞ് ഇയർഫോൺ തുളച്ച് ട്രെയിനിന്റെ ശബ്ദത്തോടൊപ്പം തന്റെ കാതിലെത്തിയത്.
അപ്പോൾ സ്വപ്നമല്ല..!!!
ഞാൻ ഹെഡ്സെറ്റ് പതിയെ ഊരിവച്ച് ചെവിയോർത്തു.ടോയ്‌ലെറ്റിന് സമീപത്തുനിന്നാണോ അത് വന്നത്.? എണീറ്റ് അങ്ങോട്ടേക്ക് നടന്നു. ഇടവഴിയിലേക്ക് തിരിയാൻനേരമാണ് പെട്ടന്നത് കണ്ടത് അപ്പുറത്തുനിന്നും വാതിൽ പൂട്ടിയിരിക്കുന്നു..
തന്റെയുള്ളിൽ ആ പെൺകുട്ടിയുടെ മുഖം ഒരുതരം ഭീതിയോടെ തെളിഞ്ഞുവന്നു ഒപ്പം തൻറെ മകളുടെ മുഖവും..
പെട്ടെന്നുതന്നെ തിരികെവന്ന് തന്റെ ബഡ്ഡുവ സഞ്ചിയിലേക്കു കയ്യിട്ടു.പിച്ചളപ്പിടിയുള്ള ഒരു പേനാക്കത്തി അതിനുള്ളിൽ സൂക്ഷിച്ചിരുന്നു അതുമെടുത്തു വേഗം വാതിലിനു നേരെ നടന്നടുത്തു...
ഇപ്പോൾ ശബ്ദമൊന്നും കേൾക്കുന്നില്ല വാതിലിന്റെ വിടവിലൂടെ എന്തെങ്കിലും കാണാനാകുമോ.? ഞാൻ ഒളിഞ്ഞുനോക്കി.
പാളിവീണ ഏതോ സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തിൽ വായ പൊത്തിയ നിലയിൽ അവളുടെ നഗ്നമായ രൂപം,ഒരു മിന്നൽപ്പിണർപോലെ എന്റെ കണ്ണിൽ തുളച്ചുകയറി.
അടുത്തനിമിഷം തന്റെ ബലിഷ്ഠമായ കാലുകൾ എത്തിനൊവേണ്ടി വെട്ടിവിറച്ചു.ആ ഇരുമ്പുവാതിൽ തന്റെ ഒറ്റച്ചവിട്ടിനു തുറന്നുവീണു..ഇരുട്ടിന്റെ മറവിൽ പിച്ചളപ്പിടിയുള്ളയാ പേനാക്കത്തി പലതവണ മിന്നൽപിണർ തീർത്തു..
അവർ മൂന്നുപേർ ഉണ്ടായിരുന്നു..പക്ഷെ
പിന്നീട് അവിടെ നടന്നത് അവെഞ്ചേർസ് സിനിമയിലെ ആക്ഷൻ സീനുകളെ വെല്ലുന്നവയായിരുന്നു......ആർത്തിയോടെ അവളുടെ ശരീരത്തെ പുൽകുന്നവന്റെ ശ്വാസനാളമായിരുന്നു കത്തിയുടെ ആദ്യത്തെ ഇര... പിന്നെ വാ പൊത്തിപ്പിടിച്ചവന്റെയും അവസാനം കാലിൽ പിടിച്ചിരുന്നവന്റെയും കഴുത്തുകൾ രക്തത്തിൽ കുളിച്ചു മലക്കം മറിഞ്ഞു..
അപ്പോഴേയ്ക്കും ട്രെയിനിന്റെ സ്പീഡ് പതിയെ ആയിരുന്നു..കുറച്ചുകഴിഞ്ഞപ്പോൾ തനിക്കിറങ്ങാനുള്ള സ്റ്റേഷന്റെ പേര് ഹോണിലൂടെ ഉച്ചത്തിൽ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.
അർദ്ധപ്രാണൻ മാത്രമവശേഷിക്കുന്ന അവളുടെ ശരീരം തന്റെ ഉടുമുണ്ടിനാൽ പുതപ്പിച്ചു തോളിലേക്കിട്ട്,അർദ്ധ നഗ്നനായി ഞാനാ സ്റ്റേഷനിലേക്കിറങ്ങി.പിന്നെ ഉറച്ച കാൽവെയ്പ്പുകളോടെതന്നെ അതിവേഗം പൊലീസ് എയ്ഡ് പോസ്റ്റ് ലക്ഷ്യമാക്കി നടന്നു..കയ്യിലപ്പോഴും,നെയ് നിറയ്ക്കുവാൻ വാങ്ങിയ,തേങ്ങയുടെ മൂന്നാം കണ്ണ് തുരക്കാനുള്ള പിച്ചള പിടിയുള്ളയാ പേനാക്കത്തി ഭദ്രമായി തന്നെ പിടിച്ചിട്ടുണ്ടായിരുന്നു...
(അവസാനിച്ചു)
✍️ഷാജിത് ആനന്ദേശ്വരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot