നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വണ്ടര്‍പാര്‍ക്ക്


*****************
അഭി ശനിയാഴ്ചയാവാന്‍ കാത്തിരുന്നു.അന്ന് മുതല്‍ മധ്യവേനലവധി തുടങ്ങുന്നു.ശനിയാഴ്ച രാവിലെ അച്ഛനും അമ്മയും ഹോസ്റ്റലില്‍ വരും .തന്നെ കൊണ്ടുപോവാന്‍.സെയിന്റ് എഫ്രെയിംസ് സ്കൂളില്‍ അവന്‍ നാലാം ക്ലാസിലാണ് പഠിക്കുന്നത്.അവിടെ വൈദികര്‍ നടത്തുന്ന ഡോര്‍മിറ്ററിയിലാണ് അവന്‍ താമസിക്കുന്നത്.
എത്ര പതുക്കെയാണ് ദിവസങ്ങള്‍ പോകുന്നത്.പതുക്കെ ഉദിക്കുന്ന സൂര്യന്‍ .മെല്ലെ നീങ്ങുന്ന മേഘങ്ങള്‍.എന്തോ ആലോചിച്ചു ഉറക്കംവരാതിരിക്കുന്ന രാത്രികള്‍.
ഹോസ്റ്റലില്‍നിന്ന് പോകുമ്പോള്‍ വണ്ടര്‍പാര്‍ക്കില്‍ പോകാമെന്ന് അച്ഛന്‍ പറഞ്ഞിരുന്നു.കൊണ്ട്പോകുമോ?അറിയില്ല.അച്ഛന്‍ സമ്മതിച്ചാല്‍ ,അമ്മ സമ്മതിക്കില്ല.അമ്മ സമ്മതിച്ചാല്‍ അച്ഛന്‍ സമ്മതിച്ചില്ല.അവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ പോലെ അവരുടെ ചിന്തകളും വളരെ അകന്നാണ്.
വണ്ടര്‍ പാര്‍ക്കില്‍ രസിക്കാനായി ഒരുപാട് സംഗതികളുണ്ട്. ഒരു ട്യൂബിലൂടെ തെന്നിവന്നു വെള്ളത്തില്‍ വന്നു വീഴുന്ന റൈഡ്!അതിലാണ് അവന്‍ ഏറ്റവും കയറാന്‍ ആഗ്രഹിക്കുന്നത്.നാല് ബിയിലെ കിരണ്‍ കഴിഞ്ഞ ഓണത്തിന് ആ പാര്‍ക്കില്‍ പോയ കഥ കേട്ട് അഭി വല്ലാതെ കൊതിയായതാണ്.അവിടെ ചെന്നാല്‍ തിരിച്ചു പോരാന്‍ തോന്നില്ലെന്നാണ് കിരണ്‍ പറയുന്നത്.
അച്ഛനും അമ്മയും ഒരുമിച്ചു വരും എന്ന് പറഞ്ഞത് ,അഭിക്ക് വലിയ അത്ഭുതമായി.അവര്‍ ഒരുമിച്ചു യാത്ര ചെയ്യല്‍ കുറവാണ്.കഴിഞ്ഞ കുറെനാളുകളായി വീട്ടിലും അവര്‍ തമ്മില്‍ സംസാരം കുറവാണ്.
ഒന്ന് ശനിയാഴ്ചയായിരുന്നെങ്കില്‍..
അങ്ങിനെ ശനിയാഴ്ച വന്നു.അഭി മുറിയില്‍ ,അവന്റെ കഴിഞ്ഞ വര്‍ഷത്തെ പുസ്തകങ്ങള്‍ ,വസ്ത്രങ്ങള്‍ ഒക്കെ പെട്ടിയിലും ബാഗിലും അടുക്കിവച്ചു.ഇന്ന് എന്ത് രസമുള്ള പകലാണ്‌.പഞ്ഞിപോലെ മേഘത്തുണ്ടുകള്‍ നീലയുടുപ്പിട്ട ആകാശത്തിലൂടെ തെന്നി കളിക്കുന്നു.ഡോര്‍മിറ്ററിയുടെ അരിക്കിലെ മുളംതോട്ടത്തിലൂടെ ,ഒരു കുസൃതിക്കാറ്റ് പാട്ട്പാടി വരുന്നു.ഇതാ വേനലവധി തുടങ്ങുകയായിഅച്ഛന്റെ കാര്‍ ഡോര്‍മിറ്ററിയുടെ മുന്‍പില്‍ വന്നുനില്‍ക്കുന്നതു അവന്‍ ജനാലയിലൂടെ കണ്ടു.
അച്ഛന്‍ അവന്റെ മുറിയില്‍ വന്നു ബാഗുകള്‍ എടുത്തു.അമ്മ വിസിറ്റേഴ്സ് റൂമില്‍ നിന്നതേയുള്ളൂ.അവന്‍ ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ചു.പിന്നെ ഡോര്‍മിറ്ററിയിലെ വാര്‍ഡനച്ചനോടും അടുക്കളയിലെ ചേച്ചിമാരോടും യാത്ര പറഞ്ഞു.
അച്ഛന്റെയും അമ്മയുടെയും മുഖത്ത് ഒരു മൂടിക്കെട്ടലുണ്ട്.അത് എന്നുമുള്ളതാണ്.ഇന്ന് പക്ഷേ പതിവിലും കൂടുതലുണ്ട്.അത് കൊണ്ട് തന്നെ ,കാറിലിരിക്കുമ്പോള്‍ വണ്ടര്‍പാര്‍ക്കില്‍ പോകുന്ന കാര്യം പറയാന്‍ അഭിക്ക് മടി തോന്നി.എങ്ങാനും രണ്ടു പേരും കൂടി പൊട്ടിത്തെറിച്ചാലോ.ഇനിയും പോയില്ലെങ്കിലും കുഴപ്പമില്ല.
എങ്കിലും അവനെ ആഹ്ലാദിപ്പിച്ചുകൊണ്ട് അകലെ വണ്ടര്‍പാര്‍ക്കിന്റെ വലിയ കമാനം പ്രത്യക്ഷപ്പെട്ടു.രണ്ടു വലിയ കരടികള്‍ കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ചിത്രമാണ് കമാനത്തില്‍.
“താങ്ക്സ് അച്ഛാ,”അവന്‍ വണ്ടിയില്‍ കിടന്നു കൈകൊട്ടി ചിരിച്ചു.അച്ഛന്റെ മുഖത്ത് ഒരു ചെറുചിരി വിടര്‍ന്നു.പക്ഷെ അമ്മയുടെ മുഖത്ത് ഒരു ചിരിയുമില്ല.
അവര്‍ പാസുകള്‍ വാങ്ങി അകത്തു കയറി.അവരാദ്യം കയറിയത് ഒരു തിയേറ്ററിലാണ്.പ്രപഞ്ചത്തിന്റെ ഉത്പത്തി മുതലുള്ള കാര്യങ്ങള്‍ ,രസകരമായി ,ആനിമേഷന്‍ ഇഫക്റ്റ്സോടെ കാണിച്ചു തരുന്നു.അവിടെനിന്നിറങ്ങി ,ഒരു വള്ളത്തിന്റെ ആകൃതിയിലുള്ള റൈഡില്‍ കയറി.അമ്മ കയറിയില്ല.അച്ഛനും അവനും മാത്രം.ആകാശത്തിന്റെ തുഞ്ചത്തേക്ക് വള്ളം കുതിച്ചു പൊങ്ങുന്നു.അത് വായുവില്‍ താഴേക്ക് കുതിച്ചുപോകുമ്പോള്‍ ,ജീവന്‍ പറന്നുപോകുന്നത് പോലെ തോന്നും.അഭി കൂവിയാര്‍ത്തു.
“അച്ഛാ,നമ്മുക്ക് വാട്ടര്‍ റൈഡില്‍ കയറാം.”അവന്‍ നിര്‍ബന്ധം പിടിച്ചു.
“അല്പം കഴിയട്ടെ മോനെ.”
അച്ഛനും അമ്മയും ഇടയ്ക്കിടെ പരസ്പരം നോക്കുന്നത് അവന്‍ ശ്രദ്ധിച്ചു.പക്ഷേ അവര്‍ സംസാരിക്കുന്നില്ല.
“എനിക്ക് ഐസ്ക്രീം വേണം.”അവന്‍ പറഞ്ഞു. . ഒരു വലിയ കരടി വന്നു കുട്ടികള്‍ക്കിടയില്‍ കളിക്കുന്നത് കണ്ടു അവന്‍ ഐസ്ക്രീമിന്റെ കാര്യം മറന്നു ആ കൂട്ടത്തില്‍ പോയി.അത് കരടിയുടെ രൂപം അണിഞ്ഞ ഒരു മനുഷ്യനാണ്.പക്ഷേ ഒരു യഥാര്‍ത്ഥ കരടിയേക്കാള്‍ രസകരം.
ഇതിനിടയില്‍ അവന്‍ തോക്ക് കൊണ്ട് ബലൂണുകള്‍ വെടിപൊട്ടിച്ചിടുന്ന ഒരു ഗെയിം കളിയ്ക്കാന്‍ കയറി.കൃത്യമായി ബലൂണ്‍ പൊട്ടിച്ചാല്‍ സമ്മാനം കിട്ടും. അല്പം മാറി അച്ഛനും അമ്മയും അവന്‍ കളിക്കുന്നത് നോക്കിനിന്നു.
“ഇപ്പോള്‍ അവനോടു ഇത് സംസാരിക്കണോ?അവനതു മനസ്സിലാകില്ല.” അയാള്‍ പറഞ്ഞു.
“എന്നായാലും ഇത് അവന്‍ മനസ്സിലാക്കും.”അവള്‍ പറഞ്ഞു.
“ഇത് അവന്റെ ജീവിതം തകര്‍ക്കും.”
“ഇല്ല.അവന്‍ എന്റെ ഒപ്പമായിരിക്കും ജീവിക്കാന്‍ പോകുന്നത്.എന്റെ മോന്റെ ജീവിതവും തകര്‍ക്കാന്‍ ഞാന്‍ അനുവദിക്കില്ല.”
“അവന്‍ ആരുടെ കൂടെയാണ് ജീവിക്കുന്നതെന്ന് കോടതിക്കും തീരുമാനിക്കാം.”അയാള്‍ പറഞ്ഞു.അയാളുടെ ശബ്ദം ഉയര്‍ന്നു.
ഇതിനിടയില്‍ ,അവന്‍ കുനിഞ്ഞ ശിരസ്സുമായി അച്ഛന്റെയും അമ്മയുടെയും അടുക്കലേക്കു നടന്നു വരുന്നത് അവര്‍ കണ്ടു.അവന് ഒരു ബലൂണ്‍ പോലും വെടി വയ്ക്കാന്‍ കഴിഞ്ഞില്ല.
“അവന്‍ വരുന്നുണ്ട്.നമ്മുക്ക് പരസ്പരം ഒന്ന് കൂടി സംസാരിച്ചിട്ട് പോരെ അവനോടു പറയുന്നത്.”അവള്‍ കെഞ്ചുന്നതു പോലെ അയാളോട് ചോദിച്ചു.
അവന്‍ വന്നു അമ്മയുടെ കയ്യില്‍ തൂങ്ങി.
അത് കണ്ടു അയാളുടെ മുഖം ഒരല്പം ഇരുണ്ടു.”നമ്മുക്ക് വാട്ടര്‍ റൈഡില്‍ പോകാം അമ്മെ! “അവന്‍ ചിണുങ്ങി.
“മോനെ ഇവിടെ എവിടെയെങ്കിലും ഇരുത്തണം.ഭയങ്കര തിരക്കുള്ള സ്ഥലമാണ്.”അയാള്‍ പറഞ്ഞു.
അപ്പോഴേക്കും അമ്മ പോയി ഐസ്ക്രീം വാങ്ങിക്കൊണ്ട് വന്നു.
“ഇവനെ എവിടെയാ കുറെ നേരം ഇരുത്തുക.”അയാള്‍ ചോദിച്ചു.അവള്‍ ചുറ്റും നോക്കി.
കുറച്ചു മാറി ,ഒരു മധ്യവയസ്ക്കരായ ദമ്പതികള്‍ മുഖം മൂടികള്‍ വില്‍ക്കുന്ന ഒരു കട അവര്‍ കണ്ടു.സൂപ്പര്‍ മാന്റെയും അയണ്‍‍മാന്റെയും ഒക്കെ മുഖംമൂടികള്‍ വെയിലില്‍ തിളങ്ങി.
“കുട്ടിയെ ഒരു അഞ്ചു മിനിറ്റ് നോക്കാമോ ?ഞങ്ങള്‍ ഇപ്പൊ വരാം.” അയാള്‍ ചോദിച്ചു.
അവര്‍ ചിരിയോടെ സമ്മതിച്ചു.
അച്ഛനും അമ്മയും സംസാരിക്കാനായി കുറച്ചു അകലേക്ക് പോയി.ഒരു മരചുവട്ടിലേക്ക്.ഒരു തണല്‍ വട്ടത്തിലേക്ക്.തന്നെ ഭാഗംവയ്ക്കുന്നതു ചര്‍ച്ച ചെയ്യാനാണ് അവര്‍ പോയതെന്ന് അറിയാതെ അവന്‍ ഐസ്ക്രീം നുണയാന്‍ തുടങ്ങി.
മുഖംമൂടി കടയുടെ പിറകില്‍ ഒരു ചെറിയ കൂടാരമുണ്ടായിരുന്നു.മുഖം മൂടികള്‍ സ്റ്റോക്ക് ചെയ്യുന്ന സ്ഥലം.
“മോന് മുഖം മൂടി വേണോ ,പുതിയ മുഖം മൂടി വേണമെങ്കില്‍ ,ആ കൂടാരത്തില്‍ ചെന്നാല്‍ മതി.”കടയിലെ സ്ത്രീ പറഞ്ഞു.അപ്പോള്‍ കടയുടെ അടുത്തെങ്ങും ആരുമില്ലായിരുന്നു.
അവന്‍ കൂടാരത്തില്‍ കടന്നതും ആരോ അവന്റെ മുഖത്തു ഒരു തുണിയിട്ട് മൂടി.പിന്നെ വായപൊത്തി.അഞ്ചു മിനിട്ട് കൊണ്ട് ആരുടെയോ വിരലുകള്‍ അവന്റെ മുടി നീക്കം ചെയ്തു.അവന്റെ വായില്‍ അവര്‍ ടേപ്പ് ഒട്ടിച്ചു.പിന്നെ ഉടുപ്പുകള്‍ മാറ്റി.
കൂടാരത്തില്‍നിന്നും അകലെ മരച്ചുവട്ടില്‍ ആ സ്ത്രീയും പുരുഷനും തര്‍ക്കിച്ചുകൊണ്ടിരുന്നു.
“ഞാന്‍ നൊന്തു പെറ്റ എന്റെ മകനാണ്.അവനെ എനിക്ക് വേണം”അവള്‍ പറയുന്നു.
“ഭര്‍ത്താവ് അറിയാതെ മറ്റൊരു പുരുഷനുമായി ബന്ധമുണ്ടാക്കി ജീവിക്കുന്ന നിനക്ക് എങ്ങിനെ അവന്റെ അമ്മയെന്ന് പറയാന്‍ കഴിയും?”അയാള്‍ ചോദിക്കുന്നു.
“എന്ത് സാഹചര്യത്തിലാ ,ഞാന്‍ മറ്റൊരു പുരുഷന്റെ സ്നേഹം തേടിപോയതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ?”അവള്‍ തിരിച്ചു ചോദിക്കുന്നു.
അപ്പോള്‍ രണ്ടു വലിയ കരടികളും ഒരു കുട്ടി കുരങ്ങനും അവര്‍ക്ക് മുന്‍പിലൂടെ നടന്നുപോയി.കുട്ടി കുരങ്ങന്‍ കരടികളുടെ കയ്യില്‍ നിന്നു പിടി വിടുവിച്ചു മരച്ചുവട്ടില്‍ നില്‍ക്കുന്ന അവരുടെ അടുക്കലേക്ക് ഓടിയെത്തുവാന്‍ ആവതു ശ്രമിച്ചു.അത് വളരെ രസകരമായിരുന്നു.കുട്ടിക്കുരങ്ങന്റെ വാശിയും കരടികളുടെ ബഹളവും കണ്ടു ചിലര്‍ ഉറക്കെ ചിരിച്ചു.കരടികളുണ്ടോ സമ്മതിക്കുന്നു.അവര്‍ അവനെ ബലമായി അവര്‍ക്കൊപ്പം ,നടത്തിക്കൊണ്ട് പോയി.
Anish Francis
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot