
ആരോടും പറയരുത് എന്ന് കരുതിയതാണ്. ഹൃദയം ആയിരം കഷണങ്ങളായി നുറുങ്ങുന്ന വേദനയോടെയാണ് ഒടുവിൽ ഞാൻ ഈ അനുഭവം തുറന്നുപറയാൻ തീരുമാനിച്ചത്. എൻറെ ഭാഗത്തുള്ള തെറ്റുകൾ മറച്ചുവെച്ച് കൊണ്ടാവില്ല ഈ തുറന്നെഴുത്ത്. എഴുത്തു തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷം ആയി. താങ്ങും തണലുമായ് ഒരുപാട് സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ട്. അവരോട് പോലും തുറന്നു പറയാത്ത ഈ അനുഭവം ഞാൻ ഇവിടെ കുറിക്കട്ടെ. ഇത് പലരെയും വേദനിപ്പിച്ചേക്കാം. പക്ഷേ ഇനി ഒളിച്ചു വയ്ക്കുന്നതിൽ അർത്ഥമില്ല.
കഴിവുള്ള എഴുത്തുകാരി, കഥയുടെ മർമ്മം അറിയുന്ന വായനക്കാരി ഇങ്ങനെ ഒക്കെ പലരും പറഞ്ഞു തുടങ്ങിയിട്ട് മാസങ്ങളായി. എന്നിട്ടും എഴുത്തൊന്ന് പച്ചപിടിക്കുന്നില്ല, പ്രസിദ്ധീകരിക്കപ്പെടുന്നില്ല, മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല. അങ്ങനെ ഒരുപാട് വേദനകൾ ഉള്ളിലൊതുക്കി പുറത്തു ചിരിച്ചു കാണിച്ചു കൊണ്ടായിരുന്നു ഓരോ ദിനവും തള്ളിനീക്കുന്നത്.
പ്രാർത്ഥനകളുടെ ഒക്കെ ഉത്തരം പോലെ, വേദനകളുടെ അറുതി പോലെ അയാൾ കടന്നു വരികയായിരുന്നു. അയാൾ.. അയാളെ നമുക്ക് പ്രമുഖൻ എന്ന് വിളിക്കാം..
"തീക്ഷ്ണമായ വേദനകൾ മനസ്സിൽ ഇട്ട് നീറ്റി, പാലാഴി കടഞ്ഞെടുത്ത അമൃതാണ് കുട്ടിയുടെ വാക്കുകൾ. തന്റെ കവിതകളിൽ പലതും വായിച്ച് ഞാൻ അത്ഭുതപ്പെട്ടുപോയി! ഇത്രയധികം ആത്മസംഘർഷമോ? അതും ഈ ഇളംപ്രായത്തിൽ! ഈയടുത്ത കാലഘട്ടത്തിൽ ഒരിക്കൽപോലും, ഇത്രയധികം ചാട്ടുളി പോലെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി കീറിമുറിച്ച് പുതിയ മുറിവുചാലുകൾ സൃഷ്ടിക്കുകയും, പഴയ മുറിവുകളെ വീണ്ടും വ്രണിതമാക്കുകയും ചെയ്യുന്ന ശൈലി മറ്റൊരു വായനയിലും ഞാൻ അനുഭവിച്ചിട്ടില്ല! തുറന്നു പറയട്ടെ ഇത്രയധികം നാളുകൾ ഈ മാണിക്യത്തെ ലോകം കാണാതിരുന്നത്, വായിക്കാതിരുന്നത്, മാധ്യമധർമ്മത്തിന്റെ കാമ്പറിയുന്നവർ എഡിറ്റോറിയൽ ബോർഡുകളിൽ ഇന്ന് ഇല്ലാത്തതുകൊണ്ടാണ് എന്ന് പറയേണ്ടിവരുന്നതിൽ വിഷമമുണ്ട്." ഇങ്ങനെയായിരുന്നു തുടക്കം.
ശ്വാസമടക്കിപ്പിടിച്ചാണ് ആദ്യത്തെ വരി മുതൽ വായിച്ചു തുടങ്ങിയത്. അവസാനം എത്തിയപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുടങ്ങിയോ എന്ന് സംശയം. അല്ല, കണ്ണുനീർ ചാലിട്ടൊഴുകി തുടങ്ങിയിരുന്നു. പ്രമുഖൻ തുടർന്നു. "മാധ്യമങ്ങൾ ഇന്ന് ഇങ്ങോട്ട് വരുന്നില്ലെങ്കിൽ നാളെ അവർ തന്റെ പടിവാതിലിൽ മുട്ടി വിളിച്ചു കൊണ്ട് വരിവരിയായി നിൽപ്പുണ്ടാവും. അഭിമുഖത്തിനുള്ള ഊഴം കാത്ത് വാർത്താമാധ്യമങ്ങളും ചാനലുകളും തന്നെ വിളിച്ചു കൊണ്ടേയിരിക്കും. അതിനായാണ് നമ്മൾ ഇനി വർക്ക് ചെയ്യാൻ പോകുന്നത്. അതിന്റെ ഉത്തരവാദിത്തം എനിക്കായിരിക്കും. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് തന്നെ എത്തിക്കുക എന്നുള്ളതാണ് എൻറെ ജന്മോദ്ദേശ്യം എന്ന് തോന്നുന്നു. നമുക്ക് ആദ്യം ഒരു പുസ്തകം ഇറക്കണം. വെറും 10,000 രൂപയ്ക്ക് അത് ഞാൻ തനിക്ക് ചെയ്യിപ്പിച്ചു തരും. ഇനി അഥവാ ഒറ്റക്ക് ഒരു പുസ്തകമായി ഇറക്കണ്ട എന്നുണ്ടെങ്കിൽ 5000 രൂപയ്ക്ക് മറ്റു രണ്ട് എഴുത്തുകാരുമായി ചേർന്ന് കവിതാസമാഹാരം പുറത്തിറക്കാം. ആദ്യപടിയായി നല്ല കവിതകൾ നമുക്ക് തിരഞ്ഞെടുക്കണം. ഇന്ന് വേണമെന്നില്ല. നല്ലൊരു നാളെ സ്വപ്നം കണ്ട് താൻ ഉറങ്ങിക്കോളൂ."
ഇത്രയ്ക്കൊന്നും ഒരാളും എൻറെ എഴുത്തിനെ പ്രശംസിച്ചിട്ടുണ്ടാവില്ല. മനസ്സ് കുളിർത്തു പൂത്തുലഞ്ഞ ഒരു വാകമരമായി മാറി ഞാൻ.. അദ്ദേഹത്തോട് ഞാൻ പറഞ്ഞു "ഇന്ന് എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. കവിതകൾ തിരഞ്ഞെടുക്കുന്നത് ഇപ്പോഴേ തുടങ്ങിയേക്കാം. എൻറെ ഏറ്റവും ഇഷ്ടപ്പെട്ട കവിതകളിൽ ഒരെണ്ണം തിരഞ്ഞെടുത്ത് എന്നോട് പറയൂ.. അതേ രചനാശൈലിയിലുള്ള എൻറെ മറ്റു കവിതകൾ ഞാൻ തിരഞ്ഞെടുത്ത് ഒരുമിച്ചു ചേർത്തു വയ്ക്കാം."
"തീർച്ചയായും. വളർച്ചയ്ക്ക് വേണ്ടി അധ്വാനിക്കാൻ മടിയില്ലാത്ത മനസ്സ്, അത് കാണുമ്പോൾ എനിക്ക് നല്ല പ്രതീക്ഷയുണ്ട്. ഞാൻ ഉടനെ വരാം". ഇങ്ങനെ പറഞ്ഞ് അദ്ദേഹം പോയിട്ട് ഇന്നേക്ക് നാല് മാസം..
നെഞ്ചു നുറുങ്ങുന്ന വേദനയിൽ ഞാനിന്ന് തിരിച്ചറിയുന്നു.. ഒരു പക്ഷേ അദ്ദേഹം തിരിച്ചു വരികയില്ലായിരിക്കാം. ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങൾക്ക് മേൽ, ശുഭ പ്രതീക്ഷകളുടെമേൽ കരിനിഴൽ വീഴ്ത്തുന്ന പോലെയുള്ള അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ? ദൈവത്തിനു പോലും എന്നോട് വെറുപ്പാണോ? എന്തുകൊണ്ടാണ് വളർന്നുവരുന്ന ഒരു എഴുത്തുകാരിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്? അറിയാതെ എന്തെങ്കിലും പിഴവ് എൻറെ കയ്യിൽ നിന്നും സംഭവിച്ചു പോയോ? ഈശ്വരനു പോലും സഹിക്കാത്ത എന്തെങ്കിലും മഹാപരാധം ചെയ്തു പോയോ? അതോ ഇനി... അതോ ഇനി.. അതോ ഇനി.. എൻറെ ആ തെറ്റ്.. അഭിശപ്തമായ ആ പ്രവൃത്തി.. അതേ.. അതാകാം.. അത് തന്നെയാകാം.. ഞാനറിയുന്നു.. ഞാനൊരിക്കലും കവിതകൾ എഴുതിയിട്ടില്ല എന്നുള്ളതുകൊണ്ടാണോ ഞാനിന്നീ വേദന അനുഭവിക്കേണ്ടി വരുന്നത്? കവിത എഴുതാത്ത ആളുകൾ എന്താ കവിതാ സമാഹാരം ഇറക്കണ്ടേ? ഡോണ്ട് ദേ ലൈക്ക്?
(അവസാനിച്ചു.. പക്ഷേ പിന്നെയും കണ്ണുനീർ തുടച്ചുകൊണ്ട്.. തേങ്ങുന്നു.. തേങ്ങുന്നു.. തേങ്ങുന്നു..)
Swapna Alexis
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക