നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മരുപ്പച്ചകൾ - Part 2


മരുപ്പച്ചകൾ - Part 1 Read here - https://www.nallezhuth.com/2019/06/Maruppachakal-Part-1.html

അപ്രതീക്ഷിതമായി പെയ്തൊഴിഞ്ഞ മഴയിൽ നനഞ്ഞു കിടന്ന റോഡിലൂടെ വീട്ടിലേയ്ക്ക് ഡ്രൈവുചെയ്യുമ്പോൾ മഹേഷ് ഏറെ അസ്വസ്ഥനായിരുന്നു.
ഫോൺ സൈലന്റ് മോഡിലായിരുന്നതിനാൽ തുടരെത്തുടരെയെത്തിയ, രാജശ്രീയുടെ പത്തോളം കോളുകൾ അറിയാതെ പോയി. പരിഭവം കാരണമാകാം തിരിച്ചുവിളിക്കുമ്പോൾ ഫോണെടുക്കുന്നുമില്ല. അത്യാവശ്യ കാര്യങ്ങളെന്തെങ്കിലുമാണെങ്കിൽ മെസേജ് അയക്കുമായിരുന്നല്ലോ എന്ന് അയാൾ ആശ്വസിക്കാൻ ശ്രമിച്ചു.
ഏറെ വെപ്രാളപ്പെട്ട് കോളിങ്ങ് ബെല്ലമർത്തിയപ്പോൾ, അനുക്കുട്ടിക്കു പകരം സുമിത്രയാണ് വാതിൽ തുറന്നത്. അമ്മയുടെ മുഖത്തെ ശാന്ത ഭാവം അയാളുടെ ഉള്ളിൽ അൽപം തണുപ്പു വീഴ്ത്തി.
" അമ്മേ,..അനുക്കുട്ടി? " അയാൾ ചോദിച്ചു.
"ഉറങ്ങുകയാണെന്നു തോന്നുന്നു." അവർ നിസ്സാരമട്ടിൽ പറഞ്ഞു.
ഈ സമയത്ത് അങ്ങനെയൊരു പതിവില്ലാത്തതാണല്ലോ എന്നോർത്ത് അയാൾ അകത്തേയ്ക്കു കയറി. ബാഗ് സോഫയിൽ വെച്ച് ഡ്രെസ് മാറ്റാൻ നിൽക്കാതെ കിച്ചനിലേയ്ക്കു നടന്നു.
അൽപം മുമ്പ് പെയ്തിറങ്ങിപ്പോയ കാർമേഘമെല്ലാം രാജശ്രീയുടെ മുഖത്ത് കൂടു കൂട്ടിയിരുന്നു.
"രാജീ... " അയാൾ പതിയെ വിളിച്ചു.
കലങ്ങിയ കണ്ണുകളോടെ രാജശ്രീ അയാളെ തറപ്പിച്ചു നോക്കി, പിന്നെ തലവെട്ടിച്ച് അടുക്കള ജനൽ തുറന്നിടുന്ന ഇത്തിരി ചതുരാകാശത്തേയ്ക്ക് നോക്കി മിണ്ടാതെ നിന്നു
"സോറി ... ബോസിന്റെ കാബിനിൽ കയറുമ്പോൾ ഫോൺ സൈലന്റാക്കിയതാണ്. പിന്നീടത് മറന്നുപോയി. " അയാൾ ക്ഷമാപണമെന്നോണം പറഞ്ഞു.
"പിന്നീടെത്ര തവണ ഞാൻ തിരിച്ചുവിളിച്ചു..? ഇത്രയ്ക്കൊക്കെ വിഷമിക്കാൻ എന്തുണ്ടായി രാജീ..."
അയാൾ തുടർന്നു ചോദിച്ചു.
"അച്ഛമ്മയും പേരക്കുട്ടിയും കൂടി എന്നെ നാണം കെടുത്തിക്കളഞ്ഞു. "രാജശ്രീ പൊട്ടിത്തെറിച്ചു.
'' അറിഞ്ഞോ ...? നിങ്ങടെയമ്മ കെട്ടുകണക്കിനു പണവുമായാണ് വന്നിരിക്കുന്നത് .. " അവൾ പുച്ഛഭാവത്തിൽ പറഞ്ഞു.
"മകൾ അതും കൊണ്ട് റ്റ്യൂഷനു പോയിരിക്കുന്നു. ഐ പാഡ് വാങ്ങാനാണു പോലും. ഇവളുടെ ട്യൂഷൻ ടീച്ചർ എന്നെ വിളിപ്പിച്ചു. അവരുടേയും കുട്ടികളുടെയും മുന്നിൽ വച്ച് എന്റെ തൊലിയുരിഞ്ഞു പോയി. " രാജശ്രീ കിതപ്പോടെ പറഞ്ഞു നിർത്തി.
മഹേഷ് അമ്മയെ നോക്കി. ആ മുഖത്ത് നിസ്സംഗഭാവം.
അമ്മയ്ക്കെവിടെ നിന്നാണ് പണം..? അയാൾ ചോദിച്ചു.
"ആ... എനിക്കറിയില്ല... നേരിട്ടങ്ങു ചോദിക്കണം." രാജശ്രീ ചൊടിച്ചു.
ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടിലിരിക്കുന്ന സുമിത്ര മഹേഷിനെ അതിശയിപ്പിച്ചു. ഇങ്ങനൊരു ഭാവത്തിൽ അയാൾ തന്റെ അമ്മയെ കണ്ടിട്ടേയില്ല.
അയാൾ റൂമിലേയ്ക്കു നടന്നു. തട്ടി വിളിച്ചതും അനുക്കുട്ടി ഉണർന്ന് അച്ഛനെ കെട്ടിപ്പിടിച്ചു.
"അച്ഛാ ... അമ്മയെന്നെ അടിച്ചു. എനിക്കിഷ്ടല്ല അമ്മയെ... അച്ഛമ്മയാ നല്ലത്..." അവൾ വിതുമ്പി.
"സാരമില്ല." അയാൾ അനുവിനെ എടുത്ത് തോളിലേയ്ക്കു കിടത്തി. "വാ... അച്ഛൻ ചോദിക്കട്ടെ .."
അടുക്കളയിൽ ഏതോ പാത്രം വലിയ ശബ്ദത്തോടെ തറയിൽ വീഴുന്ന ശബ്ദം കേട്ടു .അവൾ അച്ഛനെ ഇറുക്കിപ്പിടിച്ചു.
"മോളിന്ന് റ്റ്യൂഷനു പോകുമ്പോൾ പൈസ കൊണ്ടു പോയോ?" അയാൾ ചോദിച്ചു.
"ഉം.. " അനുക്കുട്ടി മൂളി.
"എവിടുന്നാണ് പൈസ കിട്ടിയത്? അച്ഛമ്മ തന്നതാണോ ?"
"അല്ല. ഞാനെടുത്തതാ.." അനുവിന്റെ സ്വരം നേർത്തു. " അച്ഛമ്മേടെ കൈയിലുള്ളതൊക്കെ അനുക്കുട്ടിക്കുള്ളതാന്ന് അച്ഛമ്മ പറഞ്ഞല്ലോ ...''
"എത്ര കാലമായി അച്ഛനോട് ഐ പാഡ് വാങ്ങിത്തരാൻ പറയുന്നു ... "സങ്കടം കൊണ്ട് അവളുടെ വാക്കുകൾ മുറിഞ്ഞു.
"ക്ലാസ്സിലെ എല്ലാവർക്കുമുണ്ട്... പൈസ ഇല്ലാത്തതു കാരണമല്ലേ വാങ്ങാത്തത്..." കുഞ്ഞുഗദ്ഗദങ്ങൾ വീണ്ടുമുയർന്നു.
ശരിയാണ്.മഹേഷ് ഓർത്തു. പലപ്പോഴായി മകൾ ചോദിക്കുന്നു., വാങ്ങാമെന്ന് വാക്കു പറയുകയല്ലാതെ വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടില്ല .. ഇതുവരെ.. തന്റെ ഇല്ലായ്മയിൽ അയാളുടെ അഭിമാനത്തിനൽപം പൊള്ളലേൽക്കാതിരുന്നില്ല.
"അതിനെന്തിനാണ് പൈസയും കൊണ്ട് അങ്ങോട്ടു പോയത്? "അയാൾ അൽപം കയർത്തു ചോദിച്ചു.
.അനു താഴേക്ക് പിടഞ്ഞിറങ്ങി. ഓടി അച്ഛമ്മയുടെ മടിയിൽ മുഖം പൂഴ്ത്തി. " പൈസ തികയോന്ന് ഷോപ്പിലെ ചേട്ടനോട് ചോദിക്കാനാ.... " അവൾ തലയുയർത്താതെ പറഞ്ഞു.
" അവിടെ തൊട്ടടുത്തുള്ള മൊബൈൽ ഷോപ്പിൽ ഈ പൈസയും കൊണ്ട് അവൾ കയറിച്ചെന്നെന്ന് .. " രാജശ്രീ നൂറിന്റെ നോട്ടുകളുടെ ഒരു കെട്ട് മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു. ഷോപ്പിലെ പയ്യൻ ടീച്ചറെ വിളിച്ച് ഇത് അവരെ ഏൽപ്പിച്ചു. പത്തു പതിനയ്യായിരം ഉലുവയുമായി ഐ പാഡ് വാങ്ങാൻ വാങ്ങാൻ നടക്കുന്നവള് ..! " രാജശ്രീ പല്ലുകൾ ഞെരിച്ചമർത്തി.
" കെട്ടി വെച്ചു പൂത്തു പോയതുപോലുണ്ട്...ഈ പണമൊക്കെ കയ്യിലുണ്ടായിട്ടാണോ മാസാമാസം ഇവിടുന്ന് കാശയച്ചുകൊടുത്തിരുന്നത്? " അവൾ സുമിത്രയ്ക്കു നേരെ ചീറ്റി...
അത്യാവശ്യം പണം മാത്രമേ താനയക്കാറുള്ളൂ. അതും ചില മാസങ്ങളിൽ വിട്ടു പോകും...സാധിക്കില്ല... മഹേഷോർത്തു. പിന്നെങ്ങനെ അമ്മയുടെ കൈയിൽ ഇത്രയും പണം? അഥവാ ഉണ്ടെങ്കിൽ തന്നെ അതും കൊണ്ടെന്തിനിങ്ങോട്ടു വന്നു... തന്റെ സാമ്പത്തിക പ്രയാസങ്ങൾ അന്യർക്കു മുന്നിൽ വെളിപ്പെട്ടതോർത്ത് അയാൾക്കും വല്ലാതെ ഈർഷ്യ വന്നു തുടങ്ങിയിരുന്നു.
അയാൾ അമ്മയ്ക്കു നേരെ തിരിഞ്ഞു. "അമ്മേ, പ്ലീസ്....എന്താണിതൊക്കെ?... എവിടുന്നാണിത്...? അയാൾ അസഹ്യതയോടെ മുരണ്ടു.
" അത് അരവിന്ദൻ മാഷിന്റെ പണമാണ് " സുമിത്ര അയാളെ ശാന്തമായി നേരിട്ടു.
അയാൾ ശക്തമായൊന്നു ഞെട്ടി. "എന്തിന്..??" അറിയാതെ അയാളുടെ ശബ്ദമുയർന്നു.
"നീ റ്റ്യൂഷൻ ഫീസായി കൊണ്ടു കൊടുത്ത പണമാണത്. നമ്മുടെ ബുദ്ധിമുട്ടറിയാവുന്ന കാരണം മാഷത് നിർമലടീച്ചർ വഴി എന്റെ കൈയിൽ തരുമായിരുന്നു. നീയത് അറിയരുതെന്ന് അവർക്കിരുവർക്കും നിർബന്ധമായിരുന്നു ... " അവർ പറഞ്ഞു.
കുറച്ചു നിമിഷങ്ങളിലേയ്ക്ക് അയാൾ വാക്കുകൾ മറന്നു പോയി... വല്ലാത്തൊരു മരവിപ്പിലേയ്ക്കയാൾ ആഴ്ന്നു പോയിരുന്നു.
ഓരോ മാസവും എത്ര ബുദ്ധിമുട്ടിയാണെങ്കിലും അമ്മ റ്റ്യൂഷൻ ഫീസ് തന്നു വിടാറുണ്ടായിരുന്നതയാളോർത്തു.അപകർഷതയില്ലാതെ പഠിക്കാനും അഭിമാനത്തോടെ ജോലി ചെയ്യാനും അയാൾക്കു സാധിച്ചത് അതുകൊണ്ടു മാത്രമാണ്.
"അമ്മ എന്തിനതു വാങ്ങി..?" അയാൾ വേദനയോടെ ചോദിച്ചു.. വലിയ ഉയരങ്ങളിലൊന്നുമെത്തിയില്ലെങ്കിലും താൻ എന്തൊക്കെയോ നേടിയെന്നൊരു വിശ്വാസം അയാൾക്കുണ്ടായിരുന്നു. ആ വിശ്വാസത്തിന്റെ കടയ്ക്കലാണ് കത്തി വീണിരിക്കുന്നത്.. തന്റെ ജീവിതം മാഷിന്റെ ഔദാര്യമായിരുന്നോ.. അയാൾക്ക് അമ്മയോടു വെറുപ്പു തോന്നി..
"അമ്മയതു വാങ്ങരുതായിരുന്നു.. " ഉള്ളിലെ പിടച്ചിലിൽ അയാളുടെ ശബ്ദം ചിലമ്പിച്ചുയർന്നു
"അന്നത്തെ അവസ്ഥയിൽ അവർ സ്നേഹത്തോടെ വച്ചുനീട്ടുന്നത് വേണ്ടെന്നു പറയാൻ തക്ക ദുരഭിമാനം അമ്മയ്ക്കുണ്ടായില്ല. എന്നാൽ നിന്നെയോർത്തപ്പോൾ അത് ചെലവാക്കാനും തോന്നിയില്ല." സുമിത്ര പറഞ്ഞു.മഹേഷ് കസേരയിലേയ്ക്കിരുന്നു. വികാര വിക്ഷോഭം കാരണം അയാളുടെ നെറ്റിയിലെ ഞരമ്പുകൾ പിടഞ്ഞു
" ഞാനീ പണം എണ്ണിയിട്ടില്ല. ഞാനിതിനെ പണമായിട്ടു കാണുന്നുമില്ല.." സുമിത്ര തുടർന്നു. "എന്റെ ദൈവങ്ങൾക്കൊപ്പമാണ് ഞാനിത് സൂക്ഷിച്ചത്.. പക്ഷേ എന്നെങ്കിലും ഇരട്ടിയായി തിരികെ കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു..."
"ഇതു നേരത്തെ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്ത് എത്രയാ വേണ്ടതെന്നു വെച്ചാൽ കൊടുക്കാമായിരുന്നല്ലോ..." രാജി ഒച്ചവെച്ചു
"ഇപ്പോഴവർക്കാവശ്യം പണമല്ല..." സുമിത്ര ശാന്തയായി തുടർന്നു.
"ഞാൻ ചോദിച്ചിട്ടല്ല മാഷന്ന് ആ പണം തിരിച്ചു തന്നത്. ഇന്ന് ഈ പണം അദ്ദേഹത്തിന് കിട്ടിയാൽ അത് വെറും കടലാസിനു തുല്യമായിപ്പോകും... അനാരോഗ്യത്തിൽ താങ്ങായി കൂടെ നിൽക്കാൻ ഒരാളാണ് അദ്ദേഹത്തിനിപ്പോൾ ആവശ്യം.. ഇങ്ങോട്ടു വരും വരെയും ഞാനവിടെ പോയിരുന്നു... "
ഒന്നു നിർത്തി അവർ മഹേഷിന്റെ കണ്ണുകളിലേക്കുനോക്കി. "എനിക്കറിയാമായിരുന്നു ആളുകൾ ചിലതെല്ലാം പറയുന്നുണ്ടെന്ന്. എനിക്കവരെയൊന്നും പറഞ്ഞു ബോധ്യപ്പെടുത്താനാവില്ല. പക്ഷേ നീയറിയണം. ഇനിയെങ്കിലും..."
അറിയാതെ അയാളുടെ ശിരസ്സു താഴ്ന്നു. "ഈ പണം കൂടി ചേർത്ത് അനുക്കുട്ടിക്ക് വേണ്ടത് നീ വാങ്ങിക്കൊടുക്ക്." അവർ പറഞ്ഞു നിർത്തി.
പേമാരിക്കു ശേഷമുള്ള നിശ്ശബ്ദതയെന്നവണ്ണം പിന്നീടവിടാരും ശബ്ദിച്ചില്ല
"അമ്മയ്ക്ക് നാട്ടിലേയ്ക്കുള്ള ടിക്കറ്റ് ഉടനെ ശരിയാക്കണം., രാത്രി കിടക്കുന്ന സമയം മഹേഷ് രാജശ്രീയോടു പറഞ്ഞു
"ഉം. " അവൾ മൂളി
അവളും ദീർഘമായ ചിന്തയിലായിരുന്നു. ഇടയ്ക്കെപ്പോേഴോ അവൾ ചോദിച്ചു. "മഹേഷേട്ടാ...ഈ വർഷം സ്കൂളടച്ചാൽ ഞാനും മോളും നാട്ടിൽ പോകട്ടെ? മോളെ അടുത്ത വർഷം നാട്ടിലെ സ്കൂളിൽ ചേർത്തു പഠിപ്പിക്കാം.. "
അയാൾ അവിശ്വസനീയതയോടെ ഭാര്യയെ നോക്കി.
" എങ്കിൽ... നാലഞ്ചു വർഷം കൊണ്ട് ചെറിയൊരു സമ്പാദ്യമുണ്ടാക്കാൻ മഹേഷേട്ടനു സാധിക്കും. എന്നിട്ട് ഈ നാടുപേക്ഷിക്കാം... ഇനിയെങ്കിലും അമ്മയെ തനിച്ചാക്കിക്കൂടാ.." അവൾ കൂട്ടിച്ചേർത്തു.
നിറഞ്ഞ കണ്ണുകളോടെ ഭാര്യയെ പുണരുമ്പോൾ ആദ്യമായി അയാൾക്കവളെക്കുറിച്ച് ആകാശത്തോളം അഭിമാനം തോന്നി.
(അവസാനിച്ചു)
..... Surya Manu.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot