നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോരേട്ടാ താര വിളിയ്ക്കുന്നു


(ഒരു നാടൻകഥ)
കൊറേനാളു മുമ്പത്തെ ഒരു കുഞ്ഞിക്കഥ പറയട്ടെ. ഞങ്ങളുടെ നാട്ടിൽ ഒരു കോരനും കോരൻ്റെ ഭാര്യയായ താരയും ഉണ്ടായിരുന്നു. കോരനും താരയ്ക്കും കുഞ്ഞുകുട്ടിപരാധീനങ്ങളൊന്നുമില്ലായിരുന്നു. അവരൊരു കുഞ്ഞുകൂരയിൽ സന്തോഷത്തോടെ കഴിഞ്ഞു പോന്നു.
മേടയിലെ രാമൻത്തമ്പ്രാൻ്റെ പാടത്തും പറമ്പിലും ആയിരുന്നു അവർക്ക് രണ്ടു പേർക്കും പണി. വൈകിട്ടാകുമ്പോൾ പാടത്ത് പണി, വരമ്പത്ത് കൂലി എന്ന രീതിയിൽ അന്നന്ന് പണിയെടുത്തതിനുള്ള കൂലി തമ്പ്രാൻ അവർക്ക് കൃത്യമായി കൈയ്യേടെ കൊടുത്തിരുന്നു. പകുതി പണവും, പകുതി നെല്ലും ആയിട്ടാണ് കൂലി കൊടുത്തിരുന്നത്. ഉച്ചഭക്ഷണം അവർക്ക് മേടയിൽനിന്ന് എന്നും വടക്കേപ്പുറത്തുനിന്നും കൊടുത്തിരുന്നു. അങ്ങിനെ വൈകിട്ട് കിട്ടുന്ന നെല്ലുമായി താര വീട്ടിലേയ്ക്കും, കിട്ടിയ പണവുമായി കോരൻ ചന്തയിലേയ്ക്കും പോകും. താര വീട്ടിൽ ചെന്ന് നെല്ല് കുത്തി കഞ്ഞിയാക്കും, കഷ്ടിച്ച് അവർക്ക് രണ്ടാൾക്കും രാത്രി കഴിയ്ക്കാനുള്ള അരിക്കുളള നെല്ല് മാത്രമേ മേടയിൽ നിന്ന്
എന്നും കിട്ടാറുളളു.
കോരൻ ചന്തയിൽ ചെന്ന് ഉള്ള കുറച്ചു പൈസയിൽ നിന്ന് ഒരു ഗ്ലാസ്സ് കള്ളിൻ്റെ പൈസയെടുത്തു മാറ്റി വച്ചിട്ട് ബാക്കി പൈസ കൊണ്ട് ഉപ്പും മുളകും, മല്ലിയും, മണ്ണെണ്ണയും വാങ്ങി, ബാക്കി കാശിന് ഇച്ചിരി പച്ചമീനും വാങ്ങി വീട്ടിലേയ്ക്ക് തിരിക്കും. തിരിച്ചു പോകുന്നവഴി ഉപഷാപ്പിൽ കേറി നിന്ന നിൽപ്പിൽ ഒരു ഗ്ലാസ്സ് കള്ള്, അതായത് നിപ്പൻ അടിച്ച് വീട്ടിലേയ്ക്ക് വിട്ടടിച്ചു പോകുന്ന പോക്കിലാണ് കോരൻ്റെ കളരിമേറ്റും, കളിക്കൂട്ടുകാരനായ ലോനപ്പനെ കണ്ടുമുട്ടിയതും ഒന്നും,രണ്ടും പറഞ്ഞ് ഇത്തിരി നേരം നിന്നതും.കളരിമേറ്റ് എന്നു പറഞ്ഞത്
പണ്ട് ഇവർ ഒന്നിച്ച് കുറച്ചു നാൾ കളരിയിൽ ഒന്നിച്ചു പഠിച്ചതിനാലാണ്. ചില സാങ്കേതികകാരണങ്ങളാൽ കോരന് പിന്നീട് സ്കൂളിൽ പോകാൻ കഴിഞ്ഞിലെങ്കിലും ലോനപ്പൻ നാലാംക്ലാസ്സ് വരേ സ്കൂളിൽ പോയി ഉന്നതപഠനം നടത്തിയതിനാൽ അവൻ എല്ലാ കാര്യങ്ങളും കാര്യകാരണസഹിതമാണ് സംസാരിക്കുന്നത്. കോരൻ്റെ പല സംശയങ്ങളും തീർത്തു കൊടുക്കുന്നത് ശ്രീമാൻ ലോനപ്പൻ ആയിരുന്നു. പതിവുപോലെ അവർ സൗഹൃദസംഭാഷണത്തിന് തുടക്കമിട്ടു.
എന്താടാ കോരാ നിനക്ക് ഈയിടെ നല്ല ക്ഷീണം കാണുന്നുണ്ടല്ലോ?
അത് പിന്നെ രാവിലെ തൊട്ട് പാടത്ത്
നല്ല വെയിലത്തുള്ള പിടിപ്പത് പണിയായിരുന്നല്ലോ അതിൻ്റെ ക്ഷീണം ആണ്. പിന്നേം പ്രായവും ആയില്ലേ.
പ്രായത്തിൻ്റെ കാര്യമൊന്നും നീ പറയണ്ട. നമ്മളൊരേ പ്രായമല്ലേ. എന്നെ കണ്ടോ, വല്ല ക്ഷീണവുമുണ്ടോന്ന് നോക്ക്, ഇതെല്ലാം രാവിലത്തെ പഴങ്കഞ്ഞീൻ്റെ പവ്വർ ആണ്.
പഴങ്കഞ്ഞീൻ്റെ പവറോ, അതെന്താണ്.
അതോ രാവിലെ പഴങ്കഞ്ഞി കുടിച്ചാൽ പിന്നെ നല്ല ആരോഗ്യമല്ലേ, രാവിലെ മുതൽ, രാത്രിവരെ മൊത്തം ശരീരത്തിന് വല്ലാത്ത ഒരു ഉന്മേഷമല്ലേ. ഏതു ചൂടിലും ഒരു ക്ഷീണവും അനുഭവപ്പെടില്ല.
സത്യമാണോ നീയീ പറയണത്.
പിന്നല്ലാതെ ഞാൻ കാര്യകാരണസഹിതമാണ് എല്ലാം പറയുന്നത് എന്ന് നിനക്കറിയില്ലേ.
പിന്നെ അതെനിക്കറിയാവുന്നതല്ലേ.
അങ്ങിനെയവർ കുറച്ചു നേരം കൂടി സംസാരിച്ചതിനു ശേഷം പിരിഞ്ഞു.
വീട്ടു സാധനങ്ങളും ആയി വീട്ടിൽ ചെന്നു കേറിയപ്പോഴേയ്ക്കും താര കഞ്ഞിവച്ചതിനു ശേഷം കറിവയ്ക്കാനുള്ള സാധനങ്ങളുമായി കണവൻ വരാൻ കണ്ണിലെണ്ണയുമൊഴിച്ച് വീടിനുപുറത്ത് കാത്തുനിന്ന നേരവും ഒന്ന്. കോരൻ വന്ന് കറി വയ്ക്കാനുളള സാധനങ്ങളും, കത്തിയ്ക്കാനുള്ള മണ്ണെണ്ണയും താരയുടെ കൈയ്യിലേൽപ്പിച്ചു, പിന്നെ തോർത്തുമെടുത്ത് കുളിയ്ക്കാനായി കായലിലേക്ക് പോയി.
കോരൻ കുളി കഴിഞ്ഞു വന്നതിനു ശേഷം പുറത്തെ തിണ്ണയിൽ ഇരുന്ന് രണ്ടു പേരും കുറച്ചു നേരം മധുര സംഭാഷണത്തിൽ മുഴുകിയിരുന്നു. കറി വെന്തു കഴിഞ്ഞപ്പോൾ , കഞ്ഞി കുടിക്കാനായി താര കോരനെ വിളിച്ചു.
കോരേട്ടാ, കഞ്ഞി എടുക്കട്ടേ.
അന്നേരമാണ് കോരൻ തൻ്റെ പുതിയ തീരുമാനം താരയെ അറിയിച്ചത്. ഇനി തൊട്ട് തനിക്ക് രാത്രി ഭക്ഷണം വേണ്ട, പുലർകാലത്ത് എഴുന്നേറ്റ് പഴങ്കഞ്ഞി കുടിക്കാനാണ് തൻ്റെ തീരുമാനമെന്ന് താരയെ അസന്നിഗ്ദമായി അറിയിച്ചു, താര ആദ്യമെതിർത്തെങ്കിലും ആരോഗ്യവർദ്ധനയുടെ കാര്യം പറഞ്ഞപ്പോൾ അങ്ങോട്ട് സമ്മതിച്ചു. പിന്നെ അധികം നിർബ്ബന്ധിയ്ക്കാനൊന്നും പോയില്ല, കോരേട്ടനുള്ള പകുതി കഞ്ഞിയും കറിയും പാർന്നു വച്ചിട്ട് തൻ്റെ പങ്ക് ഉള്ളിലാക്കി.
വയർ നിറഞ്ഞതിനാലും പകലു മുഴുവനുമുള്ള പണിയുടെ ക്ഷീണത്താലും താര പെട്ടെന്നുറങ്ങി. നാളെ മുതൽ ആരോഗ്യം വർദ്ധിക്കുന്ന കാര്യമോർത്ത് സന്തോഷിച്ച് വിശപ്പിൻ്റെ വിളിയെ തൃണവൽഗണിച്ച് കോരനും നിദ്രാദേവിയെ പുൽകി.
അടുത്ത ദിവസം വെളുപ്പിനേ നാലു മണിയോളം ആയപ്പോൾ എഴുനേറ്റു കഞ്ഞി കുടിച്ചു. എങ്കിലും ഉച്ചയായപ്പോഴേയ്ക്കും കോരൻ നന്നായി വിശന്നു തളർന്നു പിന്നെ മേടയിൽ വടക്കേപ്പുറത്തേക്ക് താരയെ പോലും വിളിക്കാതെ ഒറ്റ ഓട്ടമായിരുന്നു. മണിക്കൂറുകളായി ഭക്ഷണം കിട്ടാതിരുന്ന അന്നനാളവും, ആമാശവും, വൻകുടലും, ചെറുകുടലും ഉള്ളിലോട്ട് ചെന്ന ഭക്ഷണത്തെ നിമിഷ വേഗത്തിൽ ഒന്നിച്ചാക്രമിക്കുകയായിരുന്നു, ഏതായാലും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കോരന് വല്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു.
അന്ന് വൈകുന്നേരവും
തലേദിവസത്തെ കാര്യങ്ങൾ ആവർത്തിക്കപ്പെട്ടു. രാത്രി കഞ്ഞി എടുത്തപ്പോൾ പതിവുപോലെ താര, കോരേട്ടനെ വിളിയ്ക്കുന്നുണ്ടായിരുന്നു.
തലേ ദിവസത്തെ അത്ര ഉറപ്പോടെയല്ലെങ്കിലും കോരൻ തൻ്റെ വിസമ്മതം അറിയിച്ചു. താര പിന്നേയും നിർബ്ബന്ധിച്ച് വിളിച്ചിരുന്നെങ്കിൽ കോരൻ എഴുന്നേറ്റ് ചെന്നേനേ, പക്ഷെ താര നിർബന്ധിച്ചില്ല.
ഭക്ഷണത്തിനു ശേഷം അവർ രണ്ടുപേരും തഴപ്പായയിൽ ഉത്തരം നോക്കി കിടന്നു. വയർ നിറഞ്ഞിരുന്നതിനാൽ താരയ്ക്ക് ഉറക്കം വന്നില്ല അതിനാൽ മറിഞ്ഞും തിരിഞ്ഞും കുറച്ച് നേരം കിടന്നു പിന്നെ ഇടത്തോട് ചരിഞ്ഞ് കോരനെ നോക്കി കിടന്നു. കോരനും വിശപ്പു കൊണ്ട് ഉറക്കം വരാതെ കുറെനേരം തിരിഞ്ഞുമറിഞ്ഞതിനു ശേഷം വീണ്ടും മുകളിലേക്ക് നോക്കി കിടന്നു.
താരേ നിനക്ക് ഉറക്കം വരുന്നില്ലേ?
ഇല്ല, താര ചെറുചിരിയോടെ പറഞ്ഞു.
എന്നാൽ ഒരു കാര്യം ചോദിക്കട്ടെ.
ചോദിച്ചോ, താര സമ്മതത്തോടെ, സന്തോഷത്തോടെ കേൾക്കാനായി ചെവിയോർത്തു.
പക്ഷെ താരയെ നോക്കാതെ മുകളിലേക്ക് നോക്കി കോരൻ ചോദിച്ചതിങ്ങനെയാണ്,
താരേ നേരം വെളുക്കുന്നത് നമ്മൾ എങ്ങിനെ അറിയും.
നേരത്തെ ഉണ്ടായ സന്തോഷമെല്ലാം നഷ്ടമായ ഇച്ഛാഭംഗത്തിൽ താര മറുപടി പറഞ്ഞു, വെളുപ്പിനെ ആകുമ്പോൾ മാവിലിരിക്കുന്ന നമ്മുടെ പൂവൻക്കോഴി കൂകും, അപ്പോൾ എഴുന്നേറ്റ് പുറത്തേക്ക് നോക്കിയാൽ കിഴക്ക് പെരുമീൻ ഉദിക്കുന്നതു കാണാം, ആ സമയം നേരം വെളുക്കും.
ഇനിയും ഉണർന്ന് കിടന്നിട്ട് കാര്യമില്ല എന്നോർത്ത് താര കണ്ണടച്ച് ഉറങ്ങാൻ കിടന്നു.
വിശന്നിട്ട് ഉറക്കം വരാതെ കോരൻ എത്രനേരം തിരിഞ്ഞും മറിഞ്ഞും കിടന്നു എന്നറിയില്ല. പണ്ട് ഇതുപോലെ രാത്രി ഉറക്കം വരാതിരുന്ന കാര്യം കളരിമേറ്റ് ലോനപ്പനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞു തന്നൊരു പൊടിക്കൈ ഓർമ്മയിൽ വന്നു. ഉറക്കം വരാതെ കിടക്കുമ്പോൾ ഒന്നു തൊട്ട് നൂറു വരേ എണ്ണിയാൽ മതിയെന്നും, എന്നിട്ടും ഉറങ്ങിയില്ലെങ്കിൽ നൂറു മുതൽ താഴോട്ട് എണ്ണിയാൽ മതി കുറച്ച് താഴോട്ട് എത്തുമ്പോൾ ഉറക്കത്തിലേയ്ക്ക് ആണ്ടിറങ്ങി പോകുന്നത് അറിയില്ല എന്നവൻ കാര്യകാരണസഹിതം പറഞ്ഞതോർത്തപ്പോൾ ഒന്ന് പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
ഒന്ന്,രണ്ട്,മൂന്ന് ഏകദേശം പത്ത് പതിമൂന്ന് ആയിക്കഴിഞ്ഞപ്പോൾ ആണ്
കോരൻ ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത് തനിക്ക് നൂറു വരെ എണ്ണാനറിയില്ല എന്ന നഗ്നസത്യം. പതിമൂന്നിന് ശേഷം എന്താണെന്ന് ചിന്തിച്ചു കിടന്നപ്പോൾ നേരത്തെ ഉണ്ടായിരുന്ന ഇച്ചിരി ഉറക്കം കൂടിയിറങ്ങി കണ്ടം വഴി ഓടി രക്ഷപ്പെട്ടു.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ കോരൻ ഒരു തീരുമാനമെടുത്തു, പിന്നെ താമസിച്ചില്ല, താരയെ തോണ്ടി വിളിച്ചു.
പകുതി ഉറക്കത്തിൽ ആയിരുന്ന താര ചിണുങ്ങിക്കൊണ്ട് പറഞ്ഞു, ഈ കോരേട്ടൻ്റെ ഒരു കാര്യം, മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.
ഉം, എന്താ കാര്യം. ഒന്നുമറിയാത്തപോലെ കോരനെ നോക്കി വശ്യമായി പുഞ്ചിരിച്ചു കൊണ്ട് കോരൻ്റെ അടുത്തേയ്ക്ക് അല്പം കൂടെ നീങ്ങിക്കിടന്നു.
എൻ്റെ താരേ, ഞാൻ ഓർക്കുകയായിരുന്നു. മിക്കവാറും ഏൻ ശത്തേ കോഴി കൂകുകയുള്ളു. നീയാ കഞ്ഞിയിങ്ങോട്ട് എടുത്തേ,
മനുഷ്യൻ വിശപ്പു കൊണ്ട് ചത്തു പോയതിനു ശേഷം ആരോഗ്യമുണ്ടായിട്ട് എന്തു കാര്യം.
മറ്റ് എന്തെല്ലാമോ പ്രതീക്ഷിച്ചിരുന്ന താര, എങ്കിലും അതുകേട്ട് അറിയാതെ പൊട്ടിച്ചിരിച്ചു പോയി. മനുഷ്യാ നിങ്ങളോട് എത്ര വട്ടം പറഞ്ഞതാണ് കഞ്ഞി കുടിച്ചിട്ട് കിടക്കാൻ അപ്പോൾ കേട്ടില്ല, എന്നിട്ടപ്പോൾ എന്നെ ഉറക്കത്തിൽ ബുദ്ധിമുട്ടിയ്ക്കാനായിട്ട്.
തലയിണയ്ക്കടിയിൽ നിന്ന് താര തീപ്പെട്ടി തപ്പിയെടുത്ത് മണ്ണെണ്ണ വിളക്കിന് തീ പകർന്നു. വിളക്കുമായി അടുക്കളയിലേക്ക് ചെന്ന സമയത്ത് പെട്ടെന്ന് ആൾപ്പെരു മാറ്റം കേട്ട് ഓടിപ്പാകാനുള്ള തത്രപ്പാടിൽ അടുക്കളയൊരു യുദ്ധക്കളമാക്കിയ കറുകറുത്ത കണ്ടൻപ്പൂച്ച പോണപോക്കിൽ നേരത്തെ കട്ടുകുടിച്ചതിൻ്റെ ബാക്കി കഞ്ഞിയുണ്ടായിരുന്ന കഞ്ഞിക്കലവും, കറിപ്പാത്രവും തട്ടിമറിച്ച്, അടുക്കളയുടെ പനമ്പ്മറയുടെ വിടവിലൂടെ ജീവനും കൊണ്ട് പാഞ്ഞു. വിശന്നിരിക്കുന്ന കണവന് കഞ്ഞിയെടുക്കാൻ അടുക്കളപൂകിയപ്പോൾ കൺമുമ്പിൽ കഞ്ഞിക്കലത്തിൻ്റെയും, കറിച്ചട്ടിയുടേയും പൊട്ടിച്ചിതറിയ മൺപാത്ര ശകലങ്ങൾ കണ്ട് കരളുരുകി, കൺ നിറഞ്ഞ് താര കാറിവിളിച്ചു.
കോരേട്ടാ............

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot