
അന്നത്തെ ദിവസം ഉച്ച തിരിഞ്ഞ്, വിളിക്കാതെ വന്ന അതിഥിയെ പോലെയെത്തിയ വേനൽമഴ നഗരത്തെ ഒരുവിധം നന്നായി തന്നെ നനച്ചു. അതിന്റെ പരിണിത ഫലമെന്നോണം വെയിലിന്റെ തീക്ഷണതയിൽ വരണ്ടു ക്കിടന്ന നഗരത്തിന്റെ മുക്കിലും മൂലയിലും രാത്രിയായിട്ടും ചെറിയൊരു തണുപ്പ് അവശേഷിച്ചു.
ആസന്നമായ തെരഞ്ഞെടുപ്പിന്റെ വരവറിയിച്ചുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങളിലും , ചുവരെഴുത്തുകളിലും മഴയുടെ കൈകൾ തലോടിയിരുന്നു.
നഗരത്തിന്റെ കിഴക്കേ വശത്ത് , ആളൊഴിഞ്ഞ പാതയോടു ചേർന്നുള്ള കടത്തിണ്ണയിലാണ് പതിവുപോലെ അവൾ അന്നും കിടന്നിരുന്നത്. എതിർ വശത്തുള്ള തെരുവു വിളക്കിൽ നിന്നും വരുന്ന പ്രകാശത്തിൽ , മുഖത്തിന്റെ വലതു വശം മുഴുവൻ പൊള്ളിയ പാടു കാണാമായിരുന്നു.
കൈയ്യിലുണ്ടായിരുന്ന മുഷിഞ്ഞ തുണി കൊണ്ട് അടുത്തു കിടന്നിരുന്ന കുഞ്ഞിനെ അവൾ തന്നോട് ചേർത്തു കിടത്തി പുതപ്പിച്ചു. അവ്യക്തമായിട്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് പതിയെ കണ്ണുകളടച്ചു.
കുറച്ചപ്പുറത്തുള്ള റെയിൽവേ പാളത്തിലൂടെ പതിനൊന്നരയുടെ തീവണ്ടി പോകുന്ന ശബ്ദം അവളുടെ ചെവിയിൽ വന്നലച്ചു. പലവിധ മോഹങ്ങളും , ലക്ഷ്യങ്ങളും പേറിയ
അനേകരെ വഹിച്ചു കൊണ്ട് അത് ദൂരേക്കകന്നകന്നു പോയി.
അനേകരെ വഹിച്ചു കൊണ്ട് അത് ദൂരേക്കകന്നകന്നു പോയി.
വണ്ടി പോയി കഴിഞ്ഞ് കുറച്ചു നിമിഷങ്ങൾക്കു ശേഷം ഇരുട്ട് കട്ട പിടിച്ചു കിടക്കുന്ന പാളത്തിനു സമീപമുള്ള പൊന്തക്കാട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങി വന്നു. അതിലൊരാളുടെ വേഷം സാരിയായിരുന്നു.
''ഇതു നൂറ് രൂപയല്ലേയുള്ളു എനിക്കിതു പോരാ..''
തന്റെ പുറകുവശത്തു പറ്റിയ മണ്ണ് തട്ടികൊണ്ട് സാരി ധരിച്ചവൾ പറഞ്ഞു.
'' ഒന്നു പോയേടി..., ഈ വെച്ചു കെട്ടിനും നിന്റെ ഊത്തിനുമൊക്കെ ഇതു തന്നെ അധികമാണ്..''
അതും പറഞ്ഞ് പാളത്തിനു സമീപത്തുള്ള വഴിച്ചാലിലൂടെ നടന്നു നീങ്ങിയ അയാൾ തന്നിട്ടു പോയ വിയർപ്പു പറ്റിയ നൂറ് രൂപയിൽ നോക്കുമ്പോൾ അവളുടെ മനസ്സിൽ ഓർമ്മ വന്നത് കുറച്ചകലെയുള്ളൊരു നാട്ടിലെ, തേയ്ക്കാത്ത ചുമരുകളുള്ള ഷീറ്റ് മേഞ്ഞൊരു വീടും, അതിനുള്ളിലെ മുറിയിൽ ഒരു കയറു കട്ടിലിൽ കിടക്കുന്ന സ്ത്രീയുടെ താഴെ ഇരിക്കുന്ന പത്തും, പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺ കുട്ടികളെയുമാണ്.
സ്വന്തം ഭർത്താവാൽ ഉപേക്ഷിക്കപ്പെട്ടു പോയ അനിയത്തിയും പെൺമക്കളും. അനിയത്തി നിത്യരോഗിയാണ്. ആസ്മയുടെ ഉപദ്രവം. കല്ല്യാണം കഴിച്ചു കൊടുത്തയാൾക്ക് ഉപേക്ഷിക്കാൻ അതൊരു കാരണമായി.
അല്ലെങ്കിലും ചേർത്തു നിർത്തലിനേക്കാൾ എല്ലാവർക്കും ഉപേക്ഷിക്കപ്പെടാനാണല്ലോ കാരണങ്ങൾ ഏറെയുള്ളത്...!!
തന്റെയുള്ളിലെ സ്ത്രീയെ തിരിച്ചറിഞ്ഞ നാളുകളിൽ അനിയത്തിയുടെ നാവിൽ നിന്നും വന്ന വാക്കുകൾ ....!!
''എനിക്കു വളർന്നു വരുന്നത് രണ്ടുപെൺകുട്ടികളാണ്. ഭർത്താവുപേക്ഷിച്ചു പോയ, സുഖമില്ലാത്ത ഈ ഞാൻ അവരെയും കൊണ്ട് എങ്ങനെ ജീവിക്കുമെന്നറിയില്ല. അതിനിടയിൽ ചേട്ടന്റെ ഈ കോപ്രായം കൂടി കാണാൻ വയ്യാ....!! ഒന്നു പോയിത്തരുമോ , ഞങ്ങളെ നാണം കെടുത്താതെ..''
തകർന്ന മനസ്സുമായി, ആ രാത്രിയിൽ ജനിച്ചു വളർന്ന വീടിന്റെ പടിയിറങ്ങുമ്പോൾ ഒരു തരം മരവിപ്പായിരുന്നു. പിന്നെ ലക്ഷ്യബോധമില്ലാത്ത അലച്ചിലുകൾ ..!
ഒടുവിൽ ജീവിക്കാൻ വേണ്ടി സ്വന്തം ശരീരത്തെ തന്നെ ഒരു ഉപകരണമാക്കുമ്പോഴും , തന്നെ ഉപേക്ഷിച്ച ആ പ്രിയപ്പെട്ടവരുടെ മുഖം തന്നെയായിരുന്നു മനസ്സിൽ.
അത്യാവശ്യത്തിനു മാത്രം പൈസയെടുത്തിട്ട് ബാക്കിയെല്ലാം വീട്ടിലോട്ട് തന്നെ അയച്ചു കൊടുത്തു കൊണ്ടിരുന്നു. അപ്പോഴൊക്കെയും തന്നെ തേടിയെത്തുന്ന അവരുടെ ഒരു ഫോൺവിളി അവൾ പ്രതീക്ഷിക്കുമായിരുന്നു. '' ഇവിടെ നിക്കേണ്ട വീട്ടിലോട്ടു വരൂ " എന്ന സ്നേഹപൂർണ്ണമായ വാക്കുകളെ വെറുതെ സ്വപ്നം കാണും. എല്ലാം വെറും മോഹങ്ങൾ മാത്രം.
നാളെയും കുറച്ചു തുക അയക്കണം എന്നോർത്തതാണ്. പക്ഷെ കൈയ്യിൽ അധികമില്ല. ഇന്ന് തന്റെയടുത്ത് ആദ്യം വന്നയാൾ ഇയാളായിരുന്നു. ''ബോണി''തന്നെ ഇങ്ങനെ ആയാൽ ഇന്നു മുഴുവൻ മോശമായിരിക്കും.
ഷേവു ചെയ്തു മിനുസപ്പെടുത്തിയ കവിളിൽ തേച്ചു പിടിപ്പിച്ച ഏതോ വില കുറഞ്ഞ ഫെയ്സ്ക്രീമിന്റെ തെളിച്ചമുള്ള ആ മുഖം നിരാശയും അമർഷവും കൊണ്ട് വലിഞ്ഞു മുറുകി.
മുന്നോട്ടു നടക്കുമ്പോൾ അടുത്തുള്ള എച്ചിൽക്കൂനയിൽ തന്റെ അന്നം തിരഞ്ഞിരുന്ന തെരുവുനായ ഒന്നു മുഖമുയർത്തി നോക്കിയ ശേഷം തന്റെ കർമ്മത്തിൽ വ്യാപൃതനായി.
'' എങ്ങോട്ടാടി ഈ പാതിരാത്രിയില്.., ഓ ഇതവളല്ല....അവനാണോ...? "
മുഖത്തു പതിച്ച ടോർച്ചിന്റെ പ്രകാശത്തിനൊപ്പം കേട്ട ശബ്ദത്തിന്റെ ഉടമയെ നോക്കിയപ്പോൾ, നൈറ്റ് പെട്രോളിംഗിനിറങ്ങിയ രണ്ട് പോലീസുകാരെയാണ് കണ്ടത്.
അവർക്കു മുൻപിൽ പരിഭ്രമത്തോടെ അവൾ നിന്നു.
'' കാശ് സമ്പാദിച്ചു വരുന്ന വഴിയായിരിക്കുമല്ലേ..? നിന്റെ പേഴ്സിങ്ങു തന്നേ...''
അതിലൊരാൾ അവളുടെ കൈയ്യിലെ പേഴ്സ് തട്ടിപ്പറിച്ചു..
''സാർ ഇന്നധികമൊന്നും കിട്ടിയില്ലാ...''
സ്ത്രൈണതയുടെ ചുവകലർന്ന പുരുഷ ശബ്ദത്തിലുള്ള ആ പറച്ചിൽ അവർ ശ്രദ്ധിക്കുക പോലുമുണ്ടായില്ല..
അതിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റെ രണ്ടു നോട്ടും നേരത്തെ അയാൾ കൊടുത്ത നൂറും ഏതാനും ചില്ലറകളും എടുത്ത ശേഷം പേഴ്സ് തിരികെ നൽകുമ്പോൾ, താഴെ വീണ വില കുറഞ്ഞ കോണ്ടത്തിന്റെ പാക്കറ്റ് അവൾ കുനിഞ്ഞെടുത്തു.
അതിൽ ഉണ്ടായിരുന്ന അഞ്ഞൂറിന്റെ രണ്ടു നോട്ടും നേരത്തെ അയാൾ കൊടുത്ത നൂറും ഏതാനും ചില്ലറകളും എടുത്ത ശേഷം പേഴ്സ് തിരികെ നൽകുമ്പോൾ, താഴെ വീണ വില കുറഞ്ഞ കോണ്ടത്തിന്റെ പാക്കറ്റ് അവൾ കുനിഞ്ഞെടുത്തു.
''ഓ ഉറയൊക്കെയുണ്ടല്ലേ...? ശരി ശരി വേഗം വിട്ടോ....ഇനിയിവിടെ കണ്ടു പോകരുത്…"
ദേഷ്യത്തോടെ പറഞ്ഞ് അവർ നടന്നു നീങ്ങി. അവളും പതിയെ മുന്നോട്ടു ചലിച്ചു.
ഈ കാഴ്ച്ചകളൊക്കെ കണ്ട് കടത്തിണ്ണയിൽ കിടന്ന, മുഖം പൊള്ളിയവൾ തന്റെ കുഞ്ഞിനെ ഒന്നു കൂടി ചേർത്തു പിടിക്കാൻ ശ്രമിച്ചു. അവരെല്ലാം കണ്ണിൽ നിന്ന് മറഞ്ഞപ്പോൾ ആശ്വാസത്താൽ അവൾ ദീർഘനിശ്വാസമയച്ചു.
പതിയെ മയക്കത്തിലേക്ക് വീണപ്പോഴാണ് വീണ്ടുമൊരു കാൽപ്പെരുമാറ്റം കേട്ടത്. നോക്കുമ്പോൾ ഇടക്കിടെ അവിടെ വന്നു കിടക്കാറുള്ള വൃദ്ധനായ ഭിക്ഷക്കാരനാണ്. അയാൾ കൈയ്യിലിരുന്ന ബീഡി കത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. അതു കണ്ടെണീറ്റ അവൾ അയാളോട് കയർത്തു.
''ഉങ്കളോട് നാൻ എത്തന തവണൈ സൊല്ലിയിരിക്കെ ഇങ്കെയിരുന്ത് പുകൈ വലിക്ക കൂടാതെന്റ്. എന്നോട് കുഴന്തൈ ഇങ്കെ പടുക്കറ്ത് പാരുങ്കേ... അതോടു ഉടമ്പു സെരിയലേ..''
അയാൾ അവളെ ഒന്നു നോക്കി പരിഹാസത്തോടെ ചിരിച്ചു. എന്നിട്ട് ബീഡി വലിച്ചെറിഞ്ഞ് കൈയ്യിലുള്ള ഭക്ഷണപൊതിയുമെടുത്ത് മുൻപോട്ട് നടന്നു. പോകുന്ന പോക്കിൽ അയാൾ പറയുന്നുണ്ടായിരുന്നു.
''ഇങ്ങനെയൊക്കെ കുട്ടികളെ നോക്കിയിട്ടെന്തിനാ...? എനിക്കുമുണ്ടായിരുന്നു മക്കൾ, സ്വന്തം കാലിൽ നിക്കാനായപ്പോ അപ്പൻ അവർക്ക് ബാദ്ധ്യതയായി...ആ…. പോട്ട് പുല്ല്...ഇതു തന്നെയാ സുഖം.''
കുറച്ചു ദൂരെ പോയിരുന്ന് അയാൾ കയ്യിലെ പൊതിയഴിച്ച് അതിലുണ്ടായിരുന്ന ഭക്ഷണം ആർത്തിയോടെ വാരി കഴിക്കാൻ തുടങ്ങി. ഒരാഴ്ച പഴക്കമുള്ള പത്രത്തിന്റെ താളിലായിരുന്നു ഭക്ഷണം പൊതിഞ്ഞിരുന്നത്. അയാളത് നിവർത്തി വെച്ചപ്പോൾ ഒരു ചെറിയ കോളം വാർത്ത കാണാമായിരുന്നു.
'' അഞ്ചു വയസ്സുള്ള നാടോടിബാലിക മാനഭംഗത്തിനിരയായി റെയിൽവേ ട്രാക്കിനു സമീപം കൊല്ലപ്പെട്ട നിലയിൽ ''
ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടം ദൂരേക്ക് വലിച്ചെറിഞ്ഞു. കയ്യിൽ കരുതിയ കുപ്പിയിലെ വെള്ളം കവിൾ കൊണ്ട ശേഷം ഒന്നു നീട്ടിതുപ്പിയിട്ട് അയാൾ ആ നടപ്പാതയിൽ തന്നെ കിടന്നു.
അയാളുടെ തുപ്പൽ ചെന്നു പതിച്ചത് വോട്ടഭ്യർത്ഥിച്ചു നിൽക്കുന്ന ഒരു സ്ഥാനാർത്ഥിയുടെ ചിരിച്ച മുഖമുള്ള ചിത്രത്തിൽ ആയിരുന്നു .
ആകാശത്ത് ഒരു കൊള്ളിയാൻ മിന്നിയപ്പോൾ തന്റെ സമീപത്തു കിടത്തിയിരുന്ന ആരോ ഉപേക്ഷിച്ചു കളഞ്ഞ ആ പഴയ പാവക്കുട്ടിയെ മുഖം പൊള്ളിയ തമിഴ് യുവതി ഒന്നു കൂടി ചേർത്തു പിടിച്ചു.
രചന - ശരത് മംഗലത്ത്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക