നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആ യാത്രയിൽ

Bus, Train, Subway, Inside, Seats, Public, Transport
ആ സുന്ദരി ഒരു ബാഗുമായി ഈ ബസ്സിൽ കയറിയതിൽ പിന്നേയാണ് ബസ്സിന്‌ താളം നഷ്ടപെട്ടത്...
അതിനു ശേഷം ബസ്സ്‌ സ്പീഡ് കൂടുകയും ഇടയ്ക്ക് നേർത്തു കുറയുകയും ചിലപ്പോളൊക്കെ വളഞ്ഞു പുളയുകയും ചെയ്തു ..
ഒരു സ്ത്രീ വിചാരിച്ചാൽ ഒരു ബസ്സിനെയും താളം തെറ്റിക്കാം എന്ന നടുങ്ങുന്ന സത്യം ഞാൻ മനസ്സിലാക്കി...
ഈ ബസ്സിലെ യാത്രക്കാരിൽ ഒരാളാണ് ഞാൻ... പലരും പലവഴിക്ക് പലകാര്യങ്ങൾക്കു പോകുന്നവർ...
ഞാൻ പോകുന്നത് എന്റെ സുഹൃത്തിനൊപ്പം രണ്ടു ദിവസം സ്വാതന്ത്ര്യം ആഘോഷിച്ചു താമസിക്കാനാണ് ......
എന്റെ അടുത്തിരിക്കുന്ന സ്ത്രീയും തിരുവനന്തപുരത്തേക്ക് തന്നെ...അവിടെ കാൻസർ സെന്ററിൽ ചികിത്സയിലുള്ള മകന്റെ അടുത്തേക്ക്.... അവർ ഇടയ്ക്കിടെ അതു പറഞ്ഞു ദീർഘനിശ്വാസം വിടുന്നുണ്ട്...
പല ഇടങ്ങളിലും ബസ്സ്‌ നിർത്തുകയും ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്തു....
ഡ്രൈവറുടെ കണ്ണുകൾ ആ ബാഗുതൂക്കിയ സുന്ദരിയിൽ തറഞ്ഞിരിക്കുന്നതു എന്നെ ഭയപ്പെടുത്തി... കാരണം ബസ്സ്‌ ഇപ്പോഴും അവളുടെ ഇമവെട്ടലിനനുസരിച്ചാണ് പോയികൊണ്ടിരിക്കുന്നത്... ..
അവിടെ എന്നെ പോലെ അവധി ആഘോഷിച്ചു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനിരുന്ന നാലു കൂട്ടുകാരികളെയും ഞാൻ ആ നിമിഷം ഓർത്തു...അവർ എന്നെ കാത്തിരിക്കുന്നു...
ഡ്രൈവറുടെ കണ്ണുപാളി ഏതേലും ടോറസ് കേറിയാൽ എന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ മുടങ്ങുമല്ലോ എന്നോർത്ത് ഞാൻ നടുങ്ങി...
വീണ്ടും ഛർദ്ദി........
ഇതു മൂന്നാമത്തെ തവണയാണ്...
എന്റെ ജീവിതത്തിലെ ഒരു മാറ്റാൻ കഴിയാത്ത ശല്യം.... യാത്രയിൽ സ്ഥിരം ഉള്ളതു.... ..
പിറകിലിരിക്കുന്ന ചേച്ചിയുടെ ഒരു ആട്ടലും കൂടെ മുതുകത്തു കൈകൊണ്ടു ഒരു കുത്തലും കിട്ടി.... .
ചേച്ചിയുടെ ശരീരത്തിൽ എന്റെ ഛർദ്ദിയുടെ ചാറ്റൽ ഏറ്റിരിക്കുന്നു....
"ഇന്നാ ഇനി ഇതിലേക്ക് ചാർത്ത്‌ "..
രണ്ടു ഓറഞ്ചു മണമുള്ള കൂടുകൾ ആ ചേച്ചി പിറകിൽ നിന്നും എന്റെ മടിയിലേക്കെറിഞ്ഞു... ഞാൻ കുറ്റബോധത്തോടെ അതു എടുത്തു മടിയിൽ വച്ചു....
അടുത്തിരുന്ന കാൻസർ പിടിച്ച മകന്റെ അമ്മ എന്നെ അലിവോടെ നോക്കി..
ഛർദ്ദിൽ കഴിഞ്ഞപ്പോളുണ്ടായ ആശ്വാസത്തിൽ എന്റെ കണ്ണുകൾ വീണ്ടും ആ ബാഗു തൂക്കിയ സുന്ദരിയിൽ എത്തി... അവളും ഡ്രൈവറും ഇപ്പോഴും കണ്ണിൽകണ്ണിൽ നോക്കുന്നുണ്ട്....

"മോനിത്പോലെ എപ്പഴും ഛർദ്ദിയാണ് .... ഇപ്പൊ ഒരു ആശ്വാസമുണ്ട് ".... അടുത്തിരുന്ന അമ്മ എന്റെ മുഖത്ത് നോക്കാതെ എന്നോടായിട്ടു പറഞ്ഞു....
അതു കേട്ടു ഞാൻ തലയാട്ടി ..
അവർ അതു കണ്ടോ എന്നറിയില്ല...
നേരെയുള്ള സീറ്റിൽ ഒരു കുഞ്ഞു നിർത്താതെ കരഞ്ഞു... ബസ്സിലെ ചൂട് അവനു താങ്ങാൻ പറ്റുന്നില്ല.......
ബസ്സിനു അൽപ്പം സ്പീഡ് കൂടി.. പെട്ടെന്ന് ബസ് ഒന്ന് വെട്ടിച്ചു നിർത്തി..
ബസ്സ്‌ നടുങ്ങുന്ന വിധത്തിൽ ഡ്രൈവർ പുറത്തേക്കു തലയിട്ടു ഒരു പുളിച്ച തെറി വിളിച്ചു...
ഏതോ കാറുകാരനെയാണ്...
കരഞ്ഞിരുന്ന കുഞ്ഞിന്റെ കരച്ചിൽ പെട്ടെന്ന് നിന്നു... പെട്ടെന്നുള്ള ബസ്സ്‌നിർത്തലിൽ കുഞ്ഞ് ഭയന്ന് ചുറ്റിനും നോക്കികൊണ്ടിരുന്നു...
ബാഗു തൂക്കിയ സ്ത്രീയുടെ തല എവിടെയോ ഇടിച്ചു... ആ പരിഭവത്തിൽ അവർ ഡ്രൈവറെ നോക്കി തല തിരുമ്മി...... അതു കണ്ടു ഡ്രൈവർ അവളുടെ നേർക്കു ഒറ്റക്കണ്ണടച്ചു കാണിച്ചു.....
ബസ് വീണ്ടും അനങ്ങി...
പെട്ടെന്നുള്ള ആ നിർത്താലാണോ.. എന്തോ.....എനിക്കു വീണ്ടും ഛർദ്ദിക്കണമെന്നു തോന്നി... ഓറഞ്ചു മണമുള്ള കൂട്ടിലേക്ക്‌ ഞാൻ തല കുത്തികയറ്റി... ആ കൂടിനുള്ളിലെ മണം എന്റെ കുടൽമാല പുറത്തുവരും വരെ ഛർദ്ദിപ്പിച്ചു...
അടുത്തിരുന്ന അമ്മ ഒന്നു അകന്നിരുന്നു....
ഞാൻ ഒരു യുദ്ധം കഴിഞ്ഞ ആശ്വാസത്തോടോടെ കൂട്ടിൽ നിന്നും തലയെടുത്തു... ടവ്വൽ കൊണ്ടു മുഖം തുടച്ചു...
ബാഗിൽ നിന്നും മൊബൈൽ ശബ്‌ദിച്ചു....
"നീ എവിടെത്തി "... മീരയാണ്.... വലിയ സന്തോഷത്തിലാണ്.... ഈയിടെയാണ് അവൾക്കു ജോലിയിൽ പ്രമോഷൻ കിട്ടിയത്.... ... അതിന്റെ സന്തോഷം ആ ശബ്ദത്തിൽ ഉണ്ട്...
"കൊട്ടാരക്കര കഴിഞ്ഞു "ഞാൻ അവശനിലയിൽ പറഞ്ഞു....
ഫോണിൽ ഒരു കലപിലവർത്താനം കേട്ടു... എല്ലാരും എത്തിയിട്ടുണ്ട്...
"നിനക്ക് രാത്രി എന്താ.... ഒരു കോക്‌ടെയ്ൽ... പുതിന ചേർത്തതു... വേണോ ? " ....
മീരയുടെ ചോദ്യം കേട്ടു വീണ്ടും ഛർദ്ദിക്കാൻ തികട്ടി....
"എനിക്കു വേണ്ട... എനിക്കു ഇച്ചിരി കഞ്ഞിയും അച്ചാറും മതി "... ഞാൻ തളർന്ന ഒച്ചയിൽ പറഞ്ഞു....
"അവളെങ്ങും നന്നാവുന്ന ലക്ഷണം ഇല്ല " ഫോണിൽ അവളുമാർ പറയുന്നത് കേട്ടു...
"ലീനാമ്മ എന്തിയെ " എന്റെ ചോദ്യം കേട്ടു ഫോണിൽ ഒരു കൂട്ട ചിരി ഉയർന്നു.....
മീരയുടെ അമ്മയാണ് ലീനാമ്മ...
"അമ്മയിവിടുണ്ട്... അമ്മേടെ സാരി എടുത്തു വച്ചേക്കാം " മീര ചിരി അമർത്തി പറഞ്ഞു...
ഞാൻ മറുപടി പറഞ്ഞില്ല... ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു ബാഗിലിട്ടു....
എന്റെ ഒരു ദൗർബല്യമാണ് അവൾ പറഞ്ഞത്.... ...
അസുഖമോ ഛർദ്ദിയോ വന്നാൽ അമ്മയുടെ സാരി പുതച്ചുറങ്ങുക... അതു എനിക്കു ഒരു ആശ്വാസമാണ്... പെട്ടെന്ന് ഞാൻ ആരോഗ്യം വീണ്ടെടുക്കാറുണ്ട് ആ തണുത്ത സാരി പുതപ്പുകളിൽ നിന്നും....
ലീനാമ്മ എനിക്കു അമ്മയെ പോലെയാണ്...
ചെറുപ്പത്തിൽ മീരയ്ക്ക് ചോറ് വാരിക്കൊടുക്കുമ്പോൾ എനിക്കും തന്നിരുന്നു...
ലീനാമ്മയ്ക്കു എന്റെ അമ്മയുടെ അതെ ചൂടാണ്... അതേ മണമാണ്...
ആ സാരി പുതച്ചുറങ്ങുന്നതു ഓർത്തപ്പോൾ തന്നെ ഒരു ആശ്വാസം തോന്നി...
ബസ്സ്‌ വീണ്ടും വളഞ്ഞു പുളഞ്ഞു...
കണ്ടക്ടർ ഡ്രൈവറിനടുത്തു ചെന്ന് എന്തോ പറഞ്ഞു ചിരിക്കുന്നു... ഇടയ്ക്ക് ആ ബാഗുകാരിയെയും നോക്കുന്നുണ്ട്......
എന്റെ കണ്ണു പയ്യേ അടഞ്ഞു പോകുന്നുണ്ട്... . ക്ഷീണം ഒരു ഉറക്കത്തിന്റെ രൂപത്തിൽ എത്തിനോക്കുന്നു..... എന്നാലും കണ്ണടയ്ക്കാൻ തോന്നിയില്ല...
റോഡിൽ തിരക്ക് കുറവാണു... അധികം തിരക്കില്ലാത്ത വഴിയിൽ ആണ് ബസ്......
പെട്ടെന്ന് വീണ്ടും ബസ്സ്‌ വലിയ ഒച്ചയോടെ നിന്നു..
ബസ്സിൽ നിന്നും ആളുകൾ തല വെളിയിൽ ഇടുന്നുണ്ട്...
"കണ്ണുകാണാൻ പാടില്ലാത്ത പ്രായത്തിൽ അങ്ങേര് സ്കൂട്ടറും കൊണ്ടിറങ്ങിക്കോളും... മനുഷ്യനെ ചുറ്റിക്കാൻ... " ഡ്രൈവർ പ്രാകികൊണ്ട് പുറത്തിറങ്ങി...
യാത്രക്കാരിൽ ചിലരും അയാളോടൊപ്പം പുറത്തിറങ്ങി.... ..
എന്താണെന്നറിയാനുള്ള കൗതുകം എന്നെ എതിർവശത്തെ സീറ്റിലെത്തിച്ചു...
അവിടന്ന് തലയിട്ടു പുറത്തേക്കു നോക്കിയ ഞാൻ ആദ്യം കണ്ടത് തകർന്നു പോയ ഒരു സ്കൂട്ടറാണ്....പിന്നെയുള്ള കാഴ്ചകൾ എന്റെ അനുവാദമില്ലാതെ എന്റെ കണ്ണുകൾ കണ്ടത്.. ദൂരെ തെറിച്ചു വീണുകിടക്കുന്ന ഒരു എഴുപതുവയസ്സ് തോന്നിക്കുന്ന മനുഷ്യൻ പാടുപെട്ടു എണീക്കാൻ ശ്രമിക്കുന്നു...
ആരൊക്കെയോ അയാളെ സഹായിക്കുന്നുണ്ട്....
ബസ്സിനരികിലായി ഒരു സാരിയുടുത്ത സ്ത്രീ കിടപ്പുണ്ട്... തല തകർന്നിരിക്കുന്നു... ആരോ അവരുടെ സാരികൊണ്ടു ആ തല മൂടിയിട്ടു...
എന്റെ കണ്ണുകളെ ഞാൻ പൊത്തിപിടിച്ചു .. എനിക്കു ആ സമയം എന്റെ അമ്മയെ കാണണമെന്നും ആ ചൂടുള്ള വയറിൽ മുഖം ഒളിപ്പിക്കണമെന്നും തോന്നി.... ...
പോലീസെത്തി...
ഡ്രൈവർ ആ എഴുപതുകാരന്റെ കുറ്റമാണെന്ന് ഉറപ്പിച്ചു പറഞ്ഞു...
കണ്ടക്ടർ പിന്താങ്ങി...
യാത്രക്കാർ ഇതിൽ ഇടപെട്ടതേയില്ല... അവർ പോകാൻ തിരക്കിട്ടു കൊണ്ടിരുന്നു...
വേറൊരു ബസ്സിൽ യാത്ര തുടങ്ങുമ്പോൾ ഞാൻ ഒന്നുകൂടി ആ എഴുപതുകാരനെ നോക്കി... അയാൾ ഏതോ ലോകത്തെന്നപോലെ നിൽക്കുന്നു.... പക്ഷെ നോട്ടം മുഴുവൻ തല മൂടപ്പെട്ട ആ ശരീരത്തിലും. ...
ഡ്രൈവർ അപ്പോഴും ആ ബാഗുകാരിയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.......

BY CHithra

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot