Slider

ചിരിയും ചിന്തയും.

0
 
-------------------------
നാട്ടിൽ ഒരു ക്ലബ്‌ ഉണ്ട്, മതേതര ക്ലബ്‌ ആണ് പക്ഷെ ഞങ്ങൾ "മതേതറ "ക്ലബ്‌ എന്നാണ് ഞങ്ങൾ വിളിക്കാറ്...
പണ്ടൊക്കെ രാഷ്ട്രീയമായിരുന്നു ചർച്ചയെങ്കിലും അത് മെല്ലെ മത ചർച്ചകൾക്ക് വഴി മാറി...
ക്ലബ്‌.. അടിച്ചു പിരിയും എന്ന നിലയിൽ ആയി, എന്തെങ്കിലും പോംവഴി കണ്ടെത്തണം എന്നാലോചിച്ചപ്പോൾ ആണ് മൂന്ന് മതക്കാരെയും ഒരേ പോലെ ചിന്തിപ്പിക്കാൻ കഴിയുന്ന ഒരാളെ അവർക്കിടയിൽ കൊണ്ട് ചെല്ലാൻ ഞങ്ങൾ തീരുമാനിച്ചത്...
ഞങ്ങൾ അങ്ങനെ ഒരാളെ തേടി എങ്ങും പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല...
" ഫിറോസ്.. "അതായിരുന്നു ഉത്തരം
പക്ഷെ അവൻ ഒരു തർക്കത്തിനോ ഒന്നും പോകുന്ന ഒരാൾ അല്ല.. അതുകൊണ്ട് തന്നെ ഒരു ചെറിയ നാടകം തന്നെ കളിക്കേണ്ടി വന്നു..
ഒരിക്കൽ ഞങ്ങൾ അവിടെ കാരംസ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു
മതേതരക്കാർ..അവിടെയിരുന്നു തങ്ങളുടെ.. വാദങ്ങൾ പറഞ്ഞു തർക്കിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ ഫിറോസിനോട് പറഞ്ഞു..
"കുറച്ചു ശബ്ദം താഴ്ത്തി സംസാരിക്കാൻ പറ ഏത് സമയത്തും ഇവർക്ക് മതവും ദൈവവും ആണ് വിഷയം.. "
ഫിറോസ് എഴുന്നേറ്റ്.. ഡെസ്കിൽ തട്ടി പറഞ്ഞു..
"ഒരു ലോജിക്കും ഇല്ലാത്ത വിഷയങ്ങൾ ഒഴിവാക്കി നല്ല വിഷയം എന്തെങ്കിലും ചർച്ച ചെയ്യൂ.. ഇതൊരു ക്ലബ്‌ അല്ലേ "
"അതെന്താ ദൈവ വിശ്വാസം മോശമാണോ '
അവിടെ ഇരുന്ന സലാം ഇക്ക ഫിറോസിനെ നോക്കി കണ്ണുരുട്ടി
ഫിറോസ്.. ചിരിച്ചു കൊണ്ട് മുന്നോട്ടു ചെന്ന്.. ശിവൻ ചേട്ടന്റെ വാക്കിങ് സ്റ്റിക്ക് എടുത്തു കൊണ്ട് പറഞ്ഞു
"വിശ്വാസം എന്നാൽ ഉന്നു വടിയാണ്.. രണ്ടു കാലിൽ നടക്കാൻ കഴിയുന്നവനു ആവശ്യമില്ല..ഇനി അവൻ ഉപയോഗിച്ചാൽ അത് അവന്റെ മൂന്നാം കാലായി മാറും.. പിന്നെ അത് ഇല്ലാതെ പറ്റില്ല "
"ഒന്ന് പോടാ.. നിന്നെ പോലെ മണ്ടന്മാർക്ക് ദൈവം എന്തെന്ന് മനസ്സിലാവില്ല "
ഇത്തവണ.. ദേഷ്യപ്പെട്ടത് ജോയ് ആണ്
'സത്യം.. മണ്ടന്മാർ ആണ്.. അത് വിശ്വാസികൾ ആണെന്ന് മാത്രം " ഫിറോസ് ചിരിച്ചു
"നിനക്ക് ഇങ്ങനെ വിമർശിക്കാൻ കഴിയുന്നത് ദൈവം സ്നേഹം ആയതുകൊണ്ടാണ്.. ഓർമ്മ വേണം.. ഒരു യുക്തി വാദി വന്നിരിക്കുന്നു "
അച്ഛൻ പട്ടത്തിന്‌ പഠിക്കുന്ന തെക്കേപറമ്പിലെ സിജോ ജോയ് യെ പിന്താങ്ങി..
"സ്നേഹമോ.. ശരി എനിക്ക് സമയമില്ല.... അതുകൊണ്ട് പറ്റുന്ന ഉദാഹരണം പറഞ്ഞു തരാം..."
"നിങ്ങൾക്ക് ഭാവി കാണാൻ കഴിവുണ്ടന്ന് വിചാരിക്കുക,നിങ്ങളുടെ വീട്ടിൽ വിടിന്റെ മുന്നിൽ വിഷക്കായ ഉള്ള ഒരു മരം ഉണ്ട് ..നിങ്ങൾ മനസ്സിൽ കാണുന്നു നിങ്ങളുടെ നിഷകളങ്കരായ കുട്ടികൾ അത് കഴിക്കുന്നുവെന്ന് . "
"നിങ്ങൾ എന്ത് ചെയ്യും... മരം നശിപ്പിക്കുകയോ കുട്ടികൾ അത് കഴിക്കാൻ ഇടവരാതിരിക്കാൻ ഉള്ള നടപടിയോ കൈകൊള്ളും.. അതാണ് യഥാർത്ഥ രക്ഷിതാവ് ചെയ്യുക "
"അല്ലേ "
"അതിന്.. "
"കുട്ടികൾ കഴിച്ചാൽ അവരെ ശിക്ഷിക്കാൻ സാധിക്കില്ല. കാരണം നിങ്ങൾ അറിഞ്ഞു കൊണ്ട് തെറ്റിന് കുട്ടു നിന്നതാണ് "
"അത് ഇവിടെ പറയാൻ "
"ഇതേ പോലെ ആണ് ആദം ഹവ്വയും"
" കഥയിൽ ചേർത്താൽ ഉത്തരം കിട്ടും അതിനേക്കാൾ വലിയ ചോദ്യവും'
രണ്ടു കൂട്ടരും...ഒന്നും മിണ്ടിയില്ല.. പക്ഷെ കൃഷ്ണൻ മാത്രം ചിരിച്ചു.. കൊണ്ട് പറഞ്ഞു
"അടിസ്ഥാനം തന്നെ പൊളിഞ്ഞു... "
ഫിറോസ്... അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു
"കൃഷ്‌ണാ എല്ലായിടത്തും കഥകൾ തന്നെയാണ് നീ വിശ്വസിക്കുന്നതും "
"പണ്ട് ഒരു കഥ ഇല്ലെ..പുരാണത്തിൽ ഗണപതി യുടെ തല വന്നത്, ആനയുടെ തല വെട്ടി വെക്കുന്നില്ലേ.. അപ്പൊ ആനയുടെ ബുദ്ധിയും ബോധവും അല്ലേ ന്യായമായും വേണ്ടത്... "
അത് വിശ്വാസികൾ... ചിന്തിക്കുന്നുണ്ടോ ആക്ഷേപം ഉണ്ടോ... ഇല്ല.. വിശ്വാസം അങ്ങനെയാണ്
"വിശ്വാസങ്ങളിലെ ലോജിക് തേടി പോകണ്ട ആരും.. ഉള്ളി പൊളിക്കുന്ന പോലെ ആവും.. ആരും മികച്ചത് അല്ല കുറവും അല്ല.. ഇവിടെ മതചർച്ച വേണോന്ന് നിങ്ങൾ തന്നെ തീരുമാനിക്ക് "
"ഫിറോസേ.. സംവാദം നല്ലതല്ലേ "
അക്ബർ മാഷ്.. ചോദിച്ചു
"എന്റെ മാഷേ.. നിങ്ങൾ നോക്ക് ഇരിക്കുന്ന ഇരുപ്പ് പോലും മാറിയില്ലേ.. മൂന്ന് ഗ്രുപ്പ് ആയില്ലേ '
"മാഷ് ശ്രദ്ധിച്ചിട്ടുണ്ടോ..എന്തെങ്കിലും മോശം ചെയ്ത ഒരാളെ പറ്റി പറയണമെങ്കിൽ..മറ്റു രണ്ടു മതത്തിലെ തെറ്റുകാരെ കൂടെ ചേർക്കേണ്ടി വരുന്ന ഗതികേട്
"ഉസ്താദ് മാത്രം അല്ല അച്ഛനും സന്യാസിയും.. എന്ന്.. ടാലി ആക്കാൻ പറയേണ്ടി വരുന്ന ഗതികേട്... "
ശരിയാണ്.....
ആ കാര്യത്തിൽ ആർക്കും തർക്കം ഉണ്ടായിരുന്നില്ല
---- --- ---- --
ഒന്നുടെ പറഞ്ഞു നിർത്താം
പതിവ് പോലെ നാട്ടിലെ ഒഴിഞ്ഞ ബസ്റ്റോപ്പിൽ വലിയ ചർച്ചയിലാണ് ഞങ്ങൾ.. ഫിറോസ് പതിവ് പോലെ കടല കഴിച്ചുകൊണ്ട് അപ്പുറം ഇരിപ്പുണ്ട്.. ഇതിൽ ഒന്നും പങ്കെടുക്കാതെ
ഞങ്ങളുടെ സുഹൃത്ത് ഉണ്ണിയെ കുറിച്ചാണ് ചർച്ച.. അവൻ പി സ്‌ സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഇത്തവണയും ഇല്ല അവന്റെ കൂടെ കോച്ചിങ് ക്ലാസ്സിൽ പോകുന്നവർ എല്ലാവരും ഓരോ ലിസ്റ്റിൽ കയറി
"അല്ലെങ്കിലും അത് നന്നായി.. അവനൊക്കെ കുറച്ചു അനുഭവിക്കണം ' ഉല്ലാസ് എന്ന കൂട്ടുകാരൻ പറഞ്ഞു
"അത് ശരിയാണ് ഇ ബ്രാഹ്മണമാർ കുറെ നമ്മളെ ഭരിച്ചത് അല്ലേ അനുഭവിക്കട്ടെ "
അടുത്ത കൂട്ടുകാരന്റെ കമന്റ്..
'ഇവർക്കൊക്കെ എന്താ ജാഡ.. പണ്ടൊക്കെ എന്തൊക്കെ ദ്രോഹം ചെയ്തതാണ് നിനക്ക് അറിയാമോ കണ്ണിൽ ചോരയില്ലാത്ത വർഗ്ഗമാണ്..തെണ്ടികൾ ഇപ്പോൾ കണ്ടോ അനുഭവിക്കുന്നത്.. ഇവരൊക്കെ നരകിച്ചു മരിക്കുന്നത് നമ്മൾ കാണും. ഉണ്ണിയൊക്കെ നോക്കിക്കോ നമ്മുടെ മുന്നിൽ കൂടെ തെണ്ടും.. '
പറഞ്ഞു കൊണ്ട് ഉല്ലാസ് എല്ലാവരെയും നോക്കി...
അപ്പോഴാണ് ഫിറോസ് എഴുന്നേറ്റ് ഉല്ലാസിന്റെ അടുത്തേക്ക് വന്നത്..
പിന്നെ കയ്യിലെ കടലയുടെ പാക്കറ്റ് ഉല്ലാസിന്റെ കയ്യിൽ കൊടുത്തു..
#ടപ്പേ .. പിന്നെ കരണം നോക്കി ഒറ്റയടി
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകാതെ ഉല്ലാസ് കണ്ണുമിഴിച്ചു ഞങ്ങളെ നോക്കി
"എന്റെ ഉപ്പയുടെ ഉപ്പ കുഞ്ഞുമൊയിതീനിനെ നിന്റെ അച്ഛന്റെ അച്ഛൻ കോരൻ പണ്ട് ഒന്നിങ്ങനെ തല്ലിയിരുന്നു.. അത് ഞാൻ തിരിച്ചു തന്നതാണ് "
ഫിറോസ് ഉല്ലാസിന്റെ കയ്യിൽ നിന്നു കടല വാങ്ങി പഴയ സ്ഥലത്തു ചെന്നിരുന്നു
"അല്ല ഫിറോസേ അതിന് ഇവനെ എന്തിനാ .. ഇവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. അവന്റെ ആരോ ചെയ്തതിന് നീ എന്തിനാണ്?
"ഉണ്ണിയുടെ കാര്യവും ഇത് പോലെ അല്ലേടാ "
കാര്യം "ഒറ്റയടിക്ക് " ഉല്ലാസിനും ഞങ്ങൾക്കും മനസ്സിലായി..
സഞ്ജു കാലിക്കറ്റ്‌....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo