
ഉരുകുന്ന കൊടുംവേനലിനിടയിൽ ചെറിയൊരു മഴച്ചാറൽ. മണ്ണിന്റെ മണം വന്ന് വിളിച്ചിട്ടെന്നപോലെ ആ സത്വം പതുക്കെ തൻറെ കണ്ണുകൾ തുറന്നു. മാസങ്ങൾ നീണ്ട നിദ്രയ്ക്ക് വിരാമമായിരിക്കുന്നു.
വിശപ്പ് ! മുഖത്തും ദ്രംഷ്ടകളിലും അടകെട്ടി നിന്നിരുന്ന ഉണങ്ങിയ ചോര പരുക്കൻ നാവുകൊണ്ട് ആർത്തിയോടെ നക്കിത്തുടച്ചശേഷം ചുറ്റിലുമൊന്ന്നോക്കി. പിന്നീട് മെല്ലെ എഴുന്നേറ്റ് കറുത്ത് വിടർന്ന ഭീമാകാരമായ തൻ്റെ ചിറകുകൾ ആഞ്ഞു കുടഞ്ഞു. ഗുഹയിലാകെയും ദുഷിച്ച രക്തത്തിന്റെയും ചീഞ്ഞമാംസത്തിന്റെയും ഗന്ധം.
മേഘങ്ങളാൽ മൂടിയ ആകാശം. ഇരുൾനിറഞ്ഞ രാത്രി. മഴ നിർത്താതെ പെയ്യുകയാണ് ഇടിമുഴക്കങ്ങൾക്കിടയിൽ ചിവീടിന്റെയും രാപ്പക്ഷികളുടെയും ശബ്ദം. എവിടെയോ ലക്ഷ്യമുറപ്പിച്ചതുപോലെ പറന്നുയർന്ന ആ സത്വം നിമിഷങ്ങൾക്കുള്ളിൽതന്നെ മേഘങ്ങൾക്കിടയിലേക്ക് മറഞ്ഞു.
അതെ അതിനു കൃത്യമായി വഴിയറിയാമായിരുന്നു. സമയവും ! ഒരിലയനക്കമില്ലാതെ ആ കെട്ടിടത്തിനരികിലേക്ക് പറന്നിറങ്ങിയ അത് തുറന്നുകിടന്ന ജനലിലൂടെ അകത്തേക്ക് നോക്കി.
നിരന്നു കിടക്കുന്ന കട്ടിലുകൾ.അവയിലെല്ലാം തളർന്നുറങ്ങുന്ന മനുഷ്യർ. കഴിഞ്ഞ തവണ രുചിച്ച ജീവരക്തത്തിന്റെ രുചിയോർത്ത് അതിന്റെ കണ്ണുകൾ തിളങ്ങി. നാക്ക് വായുവിൽ പുളഞ്ഞു.
ഇരുളിന്റെ മറപറ്റി അത് ജനാലയിലൂടെ പതുക്കെ അകത്തേക്ക് കടന്നു. രക്തദാഹത്താൽ അന്ധതപൂണ്ട് ആർത്തിയോടെ ആദ്യം കണ്ട കട്ടിലിനരികിലെത്തി. ഉറങ്ങുന്നയാളുടെ കഴുത്തിലേക്ക് തന്റെ കൂർത്തുവളഞ്ഞ പല്ലുകൾ ആഴ്ത്താൻ ഒരുങ്ങുമ്പോഴേക്കും പിറകിലെ കസേരയിൽ നിന്നെഴുന്നേറ്റ ഒരു സ്ത്രീരൂപം അതിന്റെ തലയിലേക്ക് എന്തോ എടുത്ത് ആഞ്ഞടിച്ചു. അതിന്റെ തലയോട് പൊളിയാൻ മാത്രം മാരകമായിരുന്നു ആ പ്രഹരം.
നിലത്തേക്ക് തെറിച്ചുവീണ് പ്രാണവേദനയിൽ പിടയുന്ന അതിന്റെ മുന്നിലേക്ക് കയ്യിലൊരു ദീപവുമായി ആ സ്ത്രീ പതുക്കെ നടന്നുവന്നു. അവർക്കു ചുറ്റിലും മാലാഖമാരായിരുന്നു വെളുത്ത വസ്ത്രങ്ങളണിഞ്ഞ പ്രകാശം ചൊരിയുന്ന മിഴികളുള്ള മാലാഖമാർ.
പുഞ്ചിരിച്ചുകൊണ്ട് ആത്മവിശ്വാസം തുളുമ്പുന്ന ശബ്ദത്തിൽ അവർ ഇപ്രകാരം പറഞ്ഞു.
"ഞങ്ങളിപ്പോൾ കരുതലിലാണ്..മാത്രമല്ല കരുത്തരുമാണ്... വീണ്ടും കാണാനുള്ള ഭാഗ്യമില്ലാതിരിക്കട്ടെ .."
പക്ഷെ അവസാനശ്വാസം വലിക്കുന്നതിന്റെ വെപ്രാളത്തിൽ അത് ആ പറഞ്ഞത് കേട്ടതായി തോന്നിയില്ല.
മേഘങ്ങൾ മാറിയ ആകാശത്തപ്പോൾ മറ്റൊരു മാലാഖ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
-വിജു കണ്ണപുരം-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക