Slider

മേൽപ്പാലം എന്ന ആകാശം

0


°°°°°°°°°°°°°°°°°°°°°°°°°°°°°°°°
മേൽപ്പാലങ്ങൾക്കു കീഴെ
ഒരു ലോകമുണ്ട്,
ചെറിയ ഒരു ലോകം.
ഏകാധിപതികളെ കൊഞ്ഞനംകുത്തി
സോഷ്യലിസം വിജയ നൃത്തം ചെയ്യുന്ന
ഒരു സ്വപ്ന ലോകം.
പാലത്തിനടിയിൽ എല്ലാമുണ്ട് :
പഴയ ഇരുമ്പും, കടലാസ്സും വിൽക്കാം,
ചെറിയ സ്പെയർ പാർട്സുകൾ വാങ്ങാം,
കഞ്ഞിയും കപ്പയുമുണ്ട്,
ഒന്ന് മുറുക്കാൻ,
കുടക്കീഴിൽ സ്റ്റീൽ പാത്രങ്ങളുമായി
പാൻ കാർഡില്ലാത്ത ബംഗാളി പാൻകാരനുണ്ട് !
ന്യായവിലയ്ക്ക് ലഭിക്കുന്ന
നല്ല മീനുകൾ
പച്ചയും, ഉണക്കയും.
"തൂക്കത്തിൽ തട്ടിപ്പില്ല,
എങ്കിലും ലാഭം തന്നെ "
മീൻകാരൻ പുഞ്ചിരിക്കുന്നു.
ഒരു ചായക്കാശു കൊടുത്താൽ
ചെരിപ്പും, ഷൂവും, ബാഗും,
കീറിയ ഫുട്ബോളും
തുന്നി, പോളിഷിട്ടു
പുത്തനാക്കിത്തന്ന് പുഞ്ചിരിക്കുന്ന
പാവം തുകൽപ്പണിക്കാരൻ.
കുടകൾക്ക് ചികിത്സ നൽകി
പുതു ജന്മമേകുന്ന ചേട്ടൻ ചിരിക്കുന്നു,
കുടശീലയുടെ കറുപ്പില്ലാതെ.
കൊറിച്ചു കൊറിച്ചു ടെൻഷൻ മറക്കാൻ
വറുത്ത കപ്പലണ്ടിയും കടലയുമായി,
എൽ ഇ ഡി ബൾബുള്ള ഉന്തു വണ്ടിയിൽ
അല്പം മുടന്തുള്ള അണ്ണാച്ചി,
മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടി
ചിരിക്കുന്നു, എപ്പോഴും.
ചെമ്പു മോതിരവും,ലോക്കറ്റും,
കറുത്ത ചരടും, പുലിനഖവും,
കല്ലുമാലയുമായി
യൗവനങ്ങളെ അണിയിച്ചൊരുക്കാൻ
ഷാജി പാപ്പാനെ പോലെ
കറുത്ത മുണ്ടുടുത്ത ചേട്ടനും ചിരിക്കുന്നു.
ഒരു രൂപ പോലും സൗജന്യമായി സ്വീകരിക്കാത്ത,
ഇരുന്നും നടന്നും,
വിറ്റും വാങ്ങിയും അധ്വാനിക്കുന്ന,
ഉള്ളതു കൊണ്ടു ജീവിക്കുന്ന,
ജീവിതം ആഘോഷമാക്കി
പുഞ്ചിരിക്കുന്ന അനേകം മനുഷ്യർ.
ജാതി ഭേദങ്ങളില്ലാത്ത,
പദവി വ്യത്യാസങ്ങളില്ലാത്ത,
വമ്പന്മാരും, കൊമ്പന്മാരുമല്ലാത്ത,
വെറും മനുഷ്യർ.
അവർ
നാളെകളെയോർത്ത്
ഇന്നിന്റെ സൗന്ദര്യം കാണാതിരിക്കുന്നില്ല.
അതെ..
വർണ്ണ ശോഭകളില്ലെങ്കിലും
മേൽപ്പാലങ്ങൾക്കു കീഴിൽ
വലിയൊരു ലോകമുണ്ട്
സമത്വം പൂക്കുന്ന ലോകം.
°°°°°°°°°°°°°°
സായ് ശങ്കർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo