നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തിരിച്ചറിവുകൾ തിരുത്തലുകൾ

"അമ്മയ്ക്കിതെന്താ ..?ഞാൻ ഒരു പാർട്ടിക്ക് പോയി .അവിടെ കമ്പനിക്ക് കുറച്ച് .." പറഞ്ഞു തീർന്നില്ല ജോഷിയുടെ മുഖമടച്ചൊരു അടി വീണു .
"നീ.... നീ ... കുടിച്ചല്ലേ ?"അമ്മയുടെ കത്തുന്ന മുഖം.
"ആ കുടിച്ചിട്ടുണ്ട് ...ഞാൻ ഇരുപത്തിയഞ്ചു വയസ്സുള്ള ചെറുപ്പക്കാരനാണ് ..സ്വന്തം ജോലിയുണ്ട് ആരുടേം ചിലവിലല്ല "
ഒറ്റയടി കൂടെ ...ജോഷി മുഖം പൊത്തി..
"തിരിച്ചു തല്ലാത്തതു അമ്മയായി പോയത് കൊണ്ടാ ..അല്ലെങ്കിൽ ..."അവൻ ബൈക്കിന്റെ ചാവി എടുത്തു പുറത്തോട്ടു പോയി .
സീത അങ്ങനെ തന്നെ നിന്നു
നിശ്ചലം
നിശബ്ദം
മദ്യപിച്ചു ചോര തുപ്പി മരിച്ച ജോഷിയുടെ പപ്പയെ , തന്റെ ഭർത്താവ് ജോർജിനെ ഓർത്തു ..ആ ഓർമയിൽ അവർക്കു പൊള്ളി ..വെന്തടർന്നു ..അനുഭവിച്ചതൊക്ക കണ്മുന്നിലൂടെ കടന്നു പോയി .
കുഞ്ഞിലേ തൊട്ടു .'അമ്മ അനുഭവിച്ചതൊക്കെ ..കണ്ടു വളർന്നവൻ" ഒരിക്കലും ഞാൻ കുടിക്കില്ല " എന്ന് പറഞ്ഞിട്ടുള്ളവൻ ..
അമ്മയായതു കൊണ്ടാണ് തിരിച്ചു തല്ലാഞ്ഞത് എന്ന്
ഇരുപത്തിയഞ്ചു വയസ്സായിന്നു
തന്റെ ചിലവിലല്ല എന്ന്
നെഞ്ചിൽ ഒരു വിങ്ങൽ വന്നു കഴയ്ക്കുന്നു ..കണ്മുന്നിൽ കുടിച്ചിട്ട് അവൻ വന്നു കയറിയപ്പോൾ ജോർജ് വന്നു നിന്ന പോലെ ..അത് കൊണ്ടാണ് ...സങ്കടം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ...എന്റെ മോനല്ലേ ?എനിക്ക് തല്ലാൻ പാടില്ലേ ?അവർ ക്രിസ്തുവിന്റെ തിരുരൂപത്തിലേക്കു നോക്കി ...
രാത്രി ഒരു പാടായി ..അമ്മയെ തനിച്ചാക്കി അവൻ എങ്ങോട്ടാ പോയത് ?
ജോഷിക്കും വാശിയായിരുന്നു
കുടിക്കില്ലായിരുന്നു എല്ലാരും നിർബന്ധിച്ചപ്പോൾ ഒന്ന് മൊത്തി...കൂടുതൽ ഒന്നുമില്ല .
അവൻ മൃദുലയുടെ ഫ്ലാറ്റിലായിരുന്നു
"നീ ചെയ്തത് ശരിയായില്ല "അവൾ പറഞ്ഞു
"രാത്രിയിൽ നിന്റെ ഫ്ലാറ്റിൽ വന്നതോ ?"
"അതല്ല അമ്മയോട് ..."
"'അമ്മ എന്നെ അടിച്ചു എന്റെ മുഖത്ത് ...എടി എനിക്ക് വയസ്സെത്ര ആയി ?അമ്മയെന്താ അത് ചിന്തിക്കാത്തത് ?അമ്മയ്ക്കിന്നും ഞാൻ കൊച്ചുകുട്ടിയാ...അമ്മയ്ക്ക് ഒന്നും മനസ്സിലാകില്ല ..നീ പറ 'അമ്മ ചെയ്തത് ശരിയാണോ ?"
"അമ്മയില്ലാത്തവരോട് അമ്മയെക്കുറിച്ച് ചോദിക്കല് ജോഷി .."അവളുട ശബ്ദം ഇടറി
"വീട്ടിൽ ചെല്ലുമ്പോൾ സീതാന്റിയെ പോലെ ഒരു 'അമ്മ ....അത് ഭാഗ്യ ..ആർക്കുണ്ട് ജോഷി ഇങ്ങനെ ഒരു 'അമ്മ ? ഇന്നും നിനക്ക് ചോറ് വാരി തരുന്ന ..നിന്നെ മടിയിൽ കിടത്തി ഉറക്കുന്ന, എണ്ണ ചൂടാക്കി തലയിൽ തേച്ചു പിടിപ്പിച്ചു താളി വെച്ച് കഴുകി തരുന്ന ...ഓരോ നിമിഷവും എന്റെ മോനെ എന്ന് മന്ത്രം ജപിക്കുന്ന 'അമ്മ .."
ഒന്ന് നിർത്തി അവൾ തുടർന്നു
"നീ വളർന്നു എന്ന് പറയുന്നല്ലോ ..നിന്റ വസ്ത്രങ്ങൾ ഇതുവരെ നീ കഴുകിയിട്ടുണ്ടോ ?.അമ്മയ്ക്ക് ഒരു ചമ്മന്തി അരച്ച് കൊടുത്തിട്ടുണ്ടോ? "
അവനു മറുപടി ഇല്ലായിരുന്നു
".നിന്റെ 'അമ്മ നിന്നെ വളർത്തിയതിനെ കുറിച്ചൊക്കെ നീപറഞ്ഞു തന്ന അറിവേ എനിക്കുള്ളൂ .രാവും പകലും ട്യൂഷൻ എടുത്തിട്ടാണ് നിന്നെ പഠിപ്പിച്ചതെന്നു ..വളർത്തിയതെന്ന്‌ ..പപ്പാ നിന്നെ നോക്കിട്ടില്ല എന്ന് ...നീ കുടിച്ചു എന്നറിഞ്ഞപ്പോൾ ആ ഓർമ്മകൾ വന്നിട്ടുണ്ടാകും.. അതാവും അടിച്ചത്. നീ വേഗം വീട്ടിൽ പോ "
"ഇന്ന് എന്തായാലും ഇല്ല ...നീ ഒരു ഷീറ്റ് ഇങ്ങു താ ഞാനി സോഫയിൽ കിടന്നോളാം "
അവൻ കിടന്നു
പിറ്റേന്ന് വീട്ടിൽ ചെല്ലുമ്പോൾ അമ്മയില്ല .അയല്പക്കത്തെ ആന്റി താക്കോൽ കൊണ്ട് കൊടുത്തു
"സീത നാട്ടിൽ പോയി "
അവൻ സ്തംഭിച്ചു പോയി
"നാടോ ?ഏതു നാട് ?അങ്ങനെ ഒരു നാട്ടിൽ ഇത് വരെ തങ്ങൾ പോയിട്ടില്ല
അവൻ വീട് തുറന്നു ...കാസറോളിൽ ഭക്ഷണം ഉണ്ട് .അവൻ വെറുതെ അത് തുറന്നു നോക്കി ..അടച്ചു വെച്ചു
നെഞ്ചു പിടയുന്നുണ്ട് ..'അമ്മ.....
വസ്ത്രങ്ങൾ നനച്ചു അയയിൽ വിരിക്കുകയായിരുന്നു സീത ഗേറ്റിന്റെ കൊളുത്തെടുക്കുന്ന ശബ്ദം കേട്ട് അവർ നോക്കി
"അമ്മയെന്താ പറയാഞ്ഞേ പപ്പയുടെ തറവാട്ടിലേക്ക് ആണ് പോന്നതെന്നു ...മൃദുല പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത് ..ഫോൺ എന്താ ഓഫ് ?"
സീത വീടിനുള്ളിലേക്ക് കയറിപ്പോയി .
"ഇവിടെ വേറാരുമില്ലാതെ 'അമ്മ തനിച്ച് ..വാ അമ്മെ നമുക്ക് വീട്ടിൽ പോകാം "
സീത ഒരു കപ്പു കാപ്പി അവനു നേരെ നീട്ടി
"ഇവിടെ നിന്നും ടൗണിലേക്കുള്ള അവസാന വണ്ടി ആറരയ്ക്ക ..പിന്നില്ല..വേഗം തിരിച്ചു പൊയ്ക്കോ ..ഞാൻ എവിടെക്കുമില്ല ..നീ വളർന്നു ..എല്ലാം ഇനി ഒറ്റയ്ക്ക് മതി "
അവന്റെ കണ്ണ് നിറഞ്ഞൊഴുകി
"ഇങ്ങനെ ചെയ്യല്ലേ അമ്മെ "
കുനിഞ്ഞു അവൻ നിലത്തിരുന്നു ആ കാലിൽ തൊട്ടു ..സീത പൊള്ളിയിട്ടെന്ന വണ്ണം പെട്ടെന്ന് കാൽ പിൻവലിച്ചു
"ഇനി ചെയ്യില്ലമ്മേ ഞാൻ ..അമ്മയാണെ സത്യം. കുടിക്കില്ല ..സോറി ... ദേഷ്യം വന്നപ്പോ .എന്തൊക്കെയോ പറഞ്ഞു ..അമ്മയ്ക്കറിയില്ലേ എന്നെ ?എന്റെ നെഞ്ചു പൊട്ടും പോലെയാ ഇപ്പോ ..ശ്വാസം കിട്ടുന്നില്ല ..വീട്ടിൽ നില്ക്കാൻ പറ്റുന്നില്ല ..ഭ്രാന്ത് പിടിക്കുക .....എനിക്ക് വേറെ ആരൂല്ല അമ്മെ .." അവൻ കരഞ്ഞു കൊണ്ട് വീണ്ടും ആ കാലിൽ തൊട്ടു
അവനു ഒട്ടും നാണം തോന്നുന്നില്ലായിരുന്നു കെഞ്ചാൻ,കാലു പിടിക്കാൻ ഒന്നിനും ...അമ്മയില്ലാതെ വയ്യ ..മരിച്ചു പോകും ചിലപ്പോ ...
സീത അവന്റെ ശിരസിലേക്കു കൈ അമർത്തി വെച്ചു ..പിന്നെ അവനെ പിടിച്ചെഴുനേൽപ്പിച്ചു
ബസിൽ അവൻ സീതയുടെ ചുമലിലേക്ക് കൈ ചേർത്ത് അണച്ച് പിടിച്ചു ഒരിക്കലും വിടില്ല എന്ന പോലെ
"എന്നാലും എന്ത് വാശിയാണമ്മേ ?"
സീത ഒന്ന് ചിരിച്ചു
"ഉറക്കം വരുന്നു ..അറിയോ ഞാൻ ഉറങ്ങിയിട്ട് ഒരാഴ്ചയായി "അവൻ ആ തോളിലേക്കു മുഖം അണച്ച് വെച്ചു
ചില തിരുത്തലുകൾക്ക് വാശി വേണം മോനെ തിരിച്ചറിവുകൾക്കും അത് വേണം ..സീത മനസ്സിൽ പറഞ്ഞു ..
ബസ് ഓടിക്കൊണ്ടിരുന്നു .

BY Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot