നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഥാകാരന്റെ സ്വപ്നവും മൂന്ന് ഫ്രീക്കന്മാരും


അന്നും അപ്രതീക്ഷിതമായി സംഭവിച്ച ദിശാ വ്യതിയാനത്തിൽ അത്ഭുതമൊന്നും പ്രകടിപ്പിക്കാതെ കാലുകൾ നീട്ടി വെച്ചു നടക്കുകയാണ് കഥാകൃത്ത് ചെയ്തത് . നമ്മൾ അറിയാതെ പലപ്പോഴും ചെയ്യുന്ന കാര്യങ്ങളിൽ നിഗൂഢമായി ചില നിയോഗങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നുണ്ട് എന്നാണു അയാളുടെ വിശ്വാസം . പലപ്പോഴും ഇത്തരം യാത്രകളിൽ അങ്ങനെ ചിലതു നടന്നിട്ടുമുണ്ട് . മൂന്നാലു ദിവസമായി ഇത്തരമൊരു ദിശ തെറ്റിയ യാത്ര അയാൾ പ്രതീക്ഷിക്കുന്നു . ഭാര്യയോട് രാവിലെ യാത്ര ചോദിയ്ക്കാൻ മറന്നപ്പോഴും ഉച്ചയ്ക്കത്തെ ഭക്ഷണപ്പൊതി മറന്നപ്പോഴും അത് ഇന്ന് തന്നെയാകുമെന്നു അയാൾ ഉറപ്പിച്ചിരുന്നു . പുതിയൊരു കഥയുടെ വേര് ഉള്ളിലേക്ക് പടർന്നിറങ്ങാൻ തുടങ്ങിയിട്ട് നാളുകൾ ചിലതായി . മനസ്സിൽ ഏകദേശം ഒരു വട്ടം എഴുതി പൂർത്തിയാക്കി ചില തിരുത്തലുകളും നടത്തിയതിനു ശേഷമാണു അയാൾ എഴുതാൻ ഇരിയ്ക്കാറുള്ളത് . അങ്ങനെയാകുമ്പോൾ മുറിഞ്ഞു പോകാതെ ദീർഘ നേരം എഴുതാനും ചിലപ്പോൾ ഒറ്റയിരുപ്പിൽ കഥ പൂർത്തിയാക്കാനും അയാൾക്ക് സാധിക്കാറുണ്ട് .വേര് ഉള്ളിലേയ്ക്ക് പടന്നിറങ്ങിയാൽ പിന്നെ വല്ലാത്തൊരു അവസ്ഥയിലാണ് കഥാകൃത്ത് . പിന്നെ ഉള്ളിൽ കൊണ്ട് നടന്ന ഭ്രൂണത്തെ പൂർണ വളർച്ചയിൽ ഒരു വെള്ള കടലാസ് പ്രതലത്തിലേക്ക് പ്രസവിക്കും വരെ വല്ലാത്തൊരു അവസ്ഥയിലാകും അയാൾ . അയാളുടെ ആ അവസ്ഥയെ ഭാര്യ അടക്കം പലരും നിശിതമായി കളിയാക്കാറുണ്ട് എങ്കിലും ഇഹത്തിലും പരത്തിലുമല്ലാതെ പാറി നടക്കുന്ന ആ ഒരവസ്ഥയെ അയാൾ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് എന്നുള്ളതാണ് സത്യം .
കഥാകൃത്തിന്റെ കഥാ രചന രീതി പലപ്പോഴും രസകരമാണ് . കഥ ഉരുവാക്കിയെടുക്കാൻ മെനക്കിട്ടു കുത്തിയിരിക്കേണ്ട അവസ്ഥ ഇതുവരെ വന്നിട്ടില്ല . യാത്ര ചെയ്യുമ്പോഴും ഓഫിസിലെ തിരക്കിട്ട പണിയിലും തുണി കഴുമ്പോഴും, അല്ലെങ്കിൽ വേണ്ട അത് തിരുത്തിയേക്കാം അത് കഥാകൃത്തിന്റെ അഭിമാനത്തെ ബാധിക്കുന്ന കാര്യമാണ് , അങ്ങനെ അയാൾ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ കഥയെ രൂപപ്പെടുത്തിയെടുക്കാൻ അയാൾക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണുള്ളത് . ചില രാത്രികളിൽ ഭാര്യയുമായി സ്വസ്ഥ വേഴ്ച നടത്തുമ്പോൾ പോലും കഥയുടെ ഉള്ളറകളിലേക്ക് അയാൾ വലിച്ചെറിയപ്പെടാറുണ്ട് . രതി മൂർച്ഛയുടെ പ്രതിഫലനങ്ങളായി, അയാൾ ഉച്ചരിക്കുന്ന അവ്യക്തമായ ചില വാക്കുകൾ ഭാര്യക്ക് തോന്നുമെങ്കിലും ചില സ്ത്രീ കഥാപാത്രങ്ങളുടെ പേരുകൾ നിമിത്തം പാതിയിൽ മുടങ്ങി പോയ എത്രയോ എത്രയോ രതി സംഗമങ്ങൾ . പിന്നീട് അതേ കഥാപാത്രത്തിന്റെ പേരുള്ള കഥ പ്രസദ്ധീകരിച്ചു വരും വരെ കിടപ്പറ വാതിൽ അകത്തു നിന്നും പൂട്ടിയിട്ടു കിടക്കുക എന്നുള്ളത് അയാളുടെ സഹധർമിണിയുടെ സ്ഥിരം കലാപരിപാടികളിൽ ചിലതു മാത്രം . അയാൾ എന്ന കഥാകാരനെ സ്നേഹിച്ചു വിവാഹം കഴിച്ച പ്രിയ പത്നിയ്ക്കു , കഥാവഴിയിൽ അയാൾ അനുഭവിക്കുന്ന വേദനയും തിക്കുമുട്ടുകളും പലപ്പോഴും മനസ്സിലാകാറില്ല എന്നതാണ് മറ്റൊരു സത്യം . കുഞ്ഞുങ്ങളെ ഇഷ്ടമാണ് പക്ഷെ പ്രസവിക്കാൻ വയ്യ എന്ന് പറയുന്ന ചില സ്ത്രീകളെ പോലെ . പ്രസ്താവന സ്ത്രീ വിരുദ്ധമെങ്കിൽ സദയം ക്ഷമിക്കുക . കഥാകൃത്തു ഒരിയ്ക്കലും സ്ത്രീ വിരുദ്ധത പുലർത്തി പോന്നിരുന്ന ഒരു വ്യക്തിത്വം അല്ലായിരുന്നുവെന്നുള്ളതാണ് സത്യം .
പറഞ്ഞു വന്നത് , കഥാകൃത്തിന്റെ ഇപ്പോഴത്തെ യാത്രയുടെ പ്രേരക കാരണങ്ങളെ പറ്റിയാണ് . ഇപ്പോൾ എഴുതുന്ന കഥയുടെ ഒരു വഴിത്തിരിവ് തിരഞ്ഞുള്ള യാത്രയാണ് ഇന്ന് സംഭവിച്ചിരിയ്ക്കുന്നത് . കഥാനായകനും കഥാകൃത്തും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് സംഭവിച്ച താൽക്കാലിക അകൽച്ചയ്ക്കു അവസാനം കൊണ്ടുവരിക എന്നതാണ് യാത്രയുടെ ഉദ്യേശ്യം .കഥാനായകനായ ആൻറണിയുമായി കഥാകൃത്തു ചങ്ങാത്തത്തിൽ ആയിട്ട് കുറച്ചു നാളുകളായി . വളരെ അപ്രതീക്ഷിതമായാണ് അയാൾ ആന്റണിയെ കാണുന്നത് . യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ആന്റണി കഥാകൃത്തും ഏതാണ്ട് അങ്ങനെ തന്നെ . ഒരു രാത്രി യാത്രയുടെ അവസാനം മഞ്ഞിന്റെ വെളുത്ത പുതപ്പു പുതച്ചു കിടന്ന ഹൈറേഞ്ച് മലനിരകളുടെ ഇടയിൽ ഒരു ചെറിയ മാടക്കടയിൽ നിന്നും കട്ടൻ കാപ്പി കുടിച്ചു സിഗരറ്റ് പുക ഊതി പറപ്പിക്കുന്ന അയാളെ അത് പോലെ തന്നെയൊരു മയക്കത്തിന്റെ അവസാനമുള്ള നിമിഷത്തിലാണ് കഥാകൃത്ത് കാണുന്നത് . അന്ന് മുതലുള്ള കഥാകൃത്തിന്റെ യാത്രയിൽ നിഴല് പോലെ ആന്റണിയും ഉണ്ടായിരുന്നു .
ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറാണ്, ജേർണലിസ്റ്റും ചെറിയ തോതിൽ എഴുത്തുകാരനുമാണ് ആന്റണി . നീണ്ട ഒരു യാത്രയ്ക്ക് ശേഷമുള്ള ഇടവേളയിൽ ഒരു കട്ടൻ കാപ്പി കുടിക്കാനാണ് പഴയ പാമ്പനാറിനും പുതിയ പാമ്പനാറിനും ഇടയ്ക്കുള്ള ആ വളവിൽ അല്പം അകത്തേയ്ക്കു മാറി ഇരിക്കുന്ന ആ കടയുടെ മുൻപിൽ അയാൾ വണ്ടി ഒതുക്കിയത് . അവിടെ കയറുമ്പോൾ കടയുടെ മുൻപിൽ കിടന്നിരുന്ന ആ തടിയുടെ ബെഞ്ച് അയാൾക്ക് ഓർമ്മയുണ്ട് . ഒരു കട്ടൻകാപ്പി പറഞ്ഞു , പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു തീ പിടിപ്പിക്കുമ്പോഴാണ് അപ്പോൾ പ്രത്യക്ഷപ്പെട്ടത് പോലെ ആ നീണ്ട മുഖമുള്ള താടിക്കാരനെ അയാൾ കണ്ടത് . സാധാരണയിലധികം മെലിഞ്ഞു ക്ഷീണിച്ച ഒരു മനുഷ്യൻ . വഴി വിളക്കിൽ നിന്നും വരുന്ന വെളിച്ചത്തിനു ഒരു വശം തിരിഞ്ഞാണ് അയാൾ നിൽക്കുന്നത് . അരിവാള് പോലെ നീണ്ട വളഞ്ഞ നാസിക . അത് മാത്രം കുത്യമായി ഓർക്കുന്നു . താഴ്ന്നു വീശുന്ന പിശറൻ കാറ്റും കോടമഞ്ഞും ആസ്വദിച്ചു കൊണ്ട് , ഏലക്ക ഇട്ട കട്ടൻകാപ്പി ഊതി കുടിക്കുമ്പോഴാണ് താടിക്കാരൻ ചോദിച്ചത് ,
സർ , മുണ്ടക്കയത്തേക്കാണോ ...
വളരെ ശബ്ദം താഴ്ത്തി , ആന്റണിക്കും അയാൾക്കും മാത്രം കേൾക്കാവുന്നത്ര ഉച്ചത്തിൽ . അതെ എന്ന് തലകുലുക്കുമ്പോൾ വലിയൊരു കുരിശാണ് താടിക്കാരന്റെ രൂപത്തിൽ വന്നതെന്ന് അയാൾ അറിഞ്ഞില്ല . സാധാരണ അപരിചതരെ വണ്ടിയിൽ കയറ്റാറില്ല .അന്നെന്തോ നല്ല ഉറക്കം വന്നു തുടങ്ങിയിരുന്നു . ഒരാൾ കൂടി ഉണ്ടെങ്കിൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും പോകാം എന്ന് വിചാരിച്ചാണ് കൂടെ പോന്നോളാൻ അയാൾ പറഞ്ഞത് . തുടർന്ന് മുന്നോട്ടുള്ള യാത്രയിൽ അയാളൊരു കഥ പറഞ്ഞു . അയാളുടെ ജീവിത കഥയാണെന്ന് തോന്നുന്നു . പക്ഷെ അതെന്താണെന്നോ , അയാളുടെ പേര് പോലും ഓർത്തെടുക്കാൻ ആന്റണിയ്ക്കു സാധിക്കുന്നുണ്ടായിരുന്നില്ല . വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കഴിഞ്ഞു പിന്നെയും ഒരു മൂന്നു നാല് കിലോമീറ്ററുകൾക്കപ്പുറം ഒരു വളവിൽ , വളഞ്ഞു നിൽക്കുന്ന ഈറ്റ മരങ്ങളുടെ നിഴൽ വീണൊരു മൺപാതയ്ക്കു മുന്നിലാണ് അയാളെ ആന്റണി ഇറക്കി വിട്ടത് . രണ്ടു ദിവസങ്ങൾക്കു ശേഷമുള്ള ഒരു ന്യൂസ് പേപ്പറിലാണ് ആ സാധു വൃദ്ധൻ അവിടെ ഏതോ വീട്ടിൽ താമസിക്കുന്ന ഒരു പോലീസുകാരനെ വെട്ടി കൊന്നു എന്ന വാർത്ത വായിക്കുന്നത് . കൂടെ അവ്യക്തമായ ആന്റണിയുടെ ഫോട്ടോയും . പോലീസ് അവിടെ വെച്ചിരുന്ന സി സി ക്യാമറയിൽ ആന്റണി സഞ്ചരിച്ചിരുന്ന വാഹനം വ്യക്തമാണ്. ആ കേസിൽ ഇപ്പോൾ പോലീസ് ആന്റണിയെ അന്വേഷിക്കുകയാണ് . കേസിൽ നിന്നും രക്ഷപ്പെടണമെങ്കിൽ താടിക്കാരനെ കണ്ടെത്തണം. താടിക്കാരനെ തേടിയുള്ള ആന്റണിയുടെ തുടർ യാത്രകളിലായാണ് അയാൾ കഥാകൃത്തിനെ കണ്ടു മുട്ടുന്നത് .
കഥാകാരനോട് ആന്റണി തന്റെ ജീവിത കഥ മുഴുവനായി പലപ്പോഴായി പറഞ്ഞിട്ടുണ്ട് . പറയത്തക്ക ബാക്ഗ്രൗണ്ട് ഒന്നുമില്ലാതെ ഒരു അനാഥാലയത്തിലാണ് ആന്റണി വളർന്നത് . ചെറുപ്പം മുതൽ അധികം സംസാരിക്കാത്ത ആളായിരുന്നു ആന്റണി . അനാഥാലയത്തിന്റെ ഇരുണ്ട മൂലകളിൽ മൗനത്താൽ പൂർണമായും മൂടപ്പെട്ട ജീവിതത്തിൽ നിന്നും പുറത്തു കടക്കാൻ കാരണം അയാൾക്ക് സമ്മാനമായി ഒരു പള്ളീലച്ചൻ നൽകിയ കൊഡാക് 30 mm ക്യാമറ ആയിരുന്നു . കറുപ്പും വെളുപ്പും മാത്രം നിറഞ്ഞു നിന്നിരുന്ന അയാളുടെ ജീവിതത്തിൽ നിറങ്ങൾ നിറച്ചത് ആ ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ ആയിരുന്നു . ഫോട്ടോഗ്രാഫിയിലും ജേർണലിസത്തിലും ബിരുദങ്ങൾ നേടി പിന്നീട് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറുടെ ചട്ടക്കൂടിൽ സന്തോഷമായി ജീവിതം നയിക്കുന്നതിന്റെ ഇടയിലാണ് ഇപ്പോൾ ഉണ്ടായ ഈ സംഭവങ്ങൾ . ആന്റണി ജീവിതത്തിനു തുണയായി കണ്ടെത്തിയതും ഒരു അനാഥയെ തന്നെ ആയിരുന്നു . എന്നാൽ ആനിയുമായുള്ള അയാളുടെ ജീവിതത്തിനു വലിയ ദൈർഘ്യം ഉണ്ടായിരുന്നില്ല . പൊന്നു പോലൊരു മകളെ സമ്മാനിച്ച് അവൾ അയാളെ വിട്ടു പോയി . പിന്നീട് ജീവിച്ചത് മുഴുവൻ മകൾക്ക് വേണ്ടി ആയിരുന്നു . അവൾക്കു വേണ്ടി മാത്രം . ഒരുപക്ഷെ പോലീസിന്റെ വലയിൽ പെട്ടാൽ മുന്നോട്ടൊരു ജീവിതം ഇല്ലാ എന്ന് ആന്റണിയ്ക്കു ഉറപ്പായിരുന്നു . രക്ഷപ്പെടാൻ ഒരേ ഒരു വഴി താടിക്കാരനെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു . അതിനായി അയാൾ കഥാകാരനെ നിരന്തരം ശല്യപ്പെടുത്താനും തുടങ്ങി .
കുറച്ചു ദിവസങ്ങൾക്കു മുൻപ് മഴ മാറി നിന്നൊരു പകലിന്റെ അവസാനം വീട്ടിലെ പഴയ സാധനങ്ങൾ കൊണ്ടു പോകാൻ വന്ന അണ്ണാച്ചിയ്ക്ക് , പേപ്പറു കെട്ടുകൾ കൊടുക്കുന്നതിന്റെ ഇടയിലാണ് അധികം പഴക്കമില്ലാത്തൊരു ന്യൂസ് പേപ്പറിൽ ആന്റണിയുടെ രൂപ സാദൃശ്യമുള്ള ഒരു ചിത്രം കഥാകാരൻ കാണുന്നത് . സദാചാര പോലീസ് ചമഞ്ഞു ചിലർ ആക്രമിച്ചതിന്റെ പേരിൽ പോലീസിൽ പരാതിപ്പെടുകയും , തുടർന്ന് പോലീസ് സ്‌റ്റേഷനിൽ വെച്ച് നേരിട്ട ക്രൂരമായ അപമാനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്തൊരു പെൺകുട്ടി . അവളുടെ മരവിച്ച ശരീരത്തിനരികെ , ഒന്ന് കരയാൻ പോലും ആകാതെ വിറങ്ങലിച്ച മുഖവുമായി നിൽക്കുന്ന ഒരച്ഛൻ . ആ അച്ഛന് ആന്റണിയുടെ മുഖമായിരുന്നു . മഞ്ഞ വെയിൽ വെട്ടത്തിൽ ആ മുഖം വളരെ പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞു കഥാകൃത്തിനു. അരിവാള് പോലെ നീണ്ട നാസിക ..അങ്ങിങ്ങായി നരച്ച താടി . നന്നേ ക്ഷീണിച്ച ശരീരം . അവിടെ മുതലാണ് കഥാകാരനും ആന്റണിയും തമ്മിലുള്ള പിണക്കം ആരംഭിക്കുന്നത് . തന്റെ സംശയം കഥാകാരൻ ആന്റണിയെ അറിയിച്ച അന്ന് മുതൽ കഥാകാരനെ തിരഞ്ഞു അയാൾ വരാതെയായി . തന്റെ സംശയങ്ങൾക്കു പിന്നാലെ പോയ കഥാകാരൻ ചെന്നെത്തിയത് ആ പോലീസ് സ്റ്റേഷനിൽ തന്നെ ആയിരുന്നു . അന്നത്തെ എസ് ഐ ആയിരുന്ന വിൻസെൻറ് ഗോമസ് കുറച്ചു മാസങ്ങൾക്കു മുൻപ് , മുണ്ടക്കയത്തിനടുത്ത് വെച്ച് ദുരൂഹമായി സാഹചര്യത്തിൽ കൊല്ലപ്പെട്ടു എന്നുള്ള വിവരം കഥാകാരനെ തികച്ചും അത്ഭുതപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തു . ഈ കാര്യങ്ങൾ ആന്റണിയുമായി സംസാരിക്കാനാണ് അയാൾ ഇറങ്ങി തിരിച്ചിരിക്കുന്നത് ആന്റണിയെ കണ്ടെത്തുക തന്നെ വേണം.
ചേട്ടാ ....
പെട്ടെന്നുള്ള വിളിയിൽ ഒന്ന് ഞെട്ടിയ കഥാകാരൻ തിരിഞ്ഞു നോക്കി . മൂന്നു ചെറുപ്പക്കാർ കണ്ടാൽ ഒരു കഞ്ചാവ് ലുക് എന്നൊക്കെ പറയാം . നീണ്ടു വളർന്ന മുടി ഒരു കുറ്റിക്കാട് പോലെ വളർന്നു നിൽക്കുന്നു . ഗ്ലാസ് ഇട്ടിട്ടില്ലാത്ത കണ്ണാടി ഫ്രെമിൽ നിന്നും പുറത്തേയ്ക്കു തള്ളി നിൽക്കുന്ന കണ്ണുള്ള ഒരു കറുത്ത ചെറുപ്പക്കാരനാണ് വിളിയുടെ ഉടമ .ഏകദേശം ഇതേ രൂപ സാദൃശ്യമുള്ള ഒരു വെളുത്തവനും ഏതാണ്ട് ചുവന്നവനും അവനു ഇരു വശവും നിൽക്കുന്നു . കഥാകാരൻ ചുറ്റുമൊന്നു നോക്കി . താനിപ്പോൾ നിൽക്കുന്നത് പ്രസിദ്ധമായ തലശ്ശേരിക്കോട്ടയുടെ അകത്താണെന്നു അപ്പോൾ മാത്രമാണ് കഥാകാരൻ മനസ്സിലാക്കിയത് . ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ് തനിക്കു ചുറ്റുംമെന്നു കഥാകാരൻ ഓർത്തു . കോട്ട കീഴടക്കാൻ വന്ന മൈസൂർ രാജാവ് ഹൈദരാലിയെ പോലെ കഥാകൃത്തു ചുറ്റിനും നോക്കി. ഒരു ആക്രമണം ഉണ്ടായാൽ ഓടുന്ന വഴിയെ പറ്റിയാണ് അയാൾ ചിന്തിച്ചത് . മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരെ എവിടെയോ കണ്ടു മറന്നത് പോലെ. ചില മൊബൈൽ വീഡിയോ ഫ്രെയിമുകൾ മുന്നിൽ മിന്നി മറയുന്നു.
ചേട്ടാ .....
കറുത്തവൻ കുറച്ചു കൂടി അടുത്തു വന്നു . കഥാകാരൻ ഒരടി പിന്നോട്ട് നീങ്ങി .
" ചേട്ടാ ...ഇത് ഇവിടെ ഇരുന്നു കിട്ടിയ ഒരു കടലാസ് പൊതിയാണ് .കാശാണെന്നു തോന്നുന്നു . ഇത് സ്റേഷനിൽ ഏൽപ്പിക്കാൻ ഞങ്ങളുടെ കൂടെ ഒന്ന് വരാമോ . ഞങ്ങൾ ഒറ്റയ്ക്ക് പോയാൽ ചിലപ്പോൾ അവർ ഞങ്ങളെ പിടിച്ചു അകത്താക്കും അത് കൊണ്ടാണ് ..."
കഥാകാരന്റെ കണ്ണുകളിൽ നിന്നും ഭയം ഓടി ഒളിക്കുകയും , അഭിമാനത്താൽ കണ്ണുകൾ വിടരുകയും നിറയുകയും ചെയ്തു . ശരിയാണ് . ഇവർ ഒറ്റയ്ക്ക് പോയാൽ ഈ പറഞ്ഞത് തന്നെ സംഭവിയ്ക്കാം . കാരണം ഇവിടെ ഇങ്ങനെയൊക്കെയാണ് . അവർക്കൊപ്പം പോയി പോലീസ് സ്റ്റേഷനിൽ വെച്ച് , ഏകദേശം നാല് ലക്ഷം രൂപയോളം വരുന്ന ആ പൊതി അതിന്റെ ഉടമയായ ബഷീറിയ്ക്കയെ ഏൽപ്പിക്കുമ്പോൾ വീണ്ടും കണ്ണ് നിറഞ്ഞു . ആ ചെറുപ്പക്കാരെ കെട്ടി പിടിക്കുമ്പോൾ ബഷീറിക്ക കരയുകയായിരുന്നു . മോളുടെ കല്യാണത്തിന് ബാങ്കിൽ നിന്നും ലോണെടുത്ത കാശാണ് എന്നും പറഞ്ഞു കണ്ണ് തുടച്ചു ബഷീറിയ്ക്ക ഇറങ്ങി . പിന്തിരിഞ്ഞു കറുത്ത ചെറുപ്പക്കാരനെ വിളിച്ചു കുറച്ചു പൈസ നീട്ടിയെങ്കിലും അവനതു വാങ്ങിയില്ല . പോലീസുകാരോട് യാത്ര പറഞ്ഞു , അവർക്കൊപ്പം നിന്ന് ഒന്ന് രണ്ടു ഫോട്ടോയും എടുത്തു കഥാകാരൻ ആ ചെറുപ്പക്കാരുടെ ഒപ്പം പുറത്തേയ്ക്കു ഇറങ്ങി .
" ചേട്ടാ ...ഓട്ടോ വിളിയ്ക്കാൻ കാശില്ല ...നമുക്ക് നടന്നാലോ ..."
വെളുത്തവനാണ് .അവന്റെ താടി നെഞ്ചിന്റെ പകുതി വരെയുണ്ട് . കഥാകാരൻ അവന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു അവർക്കൊപ്പം കാലുകൾ നീട്ടി വെച്ച് നടന്നു . യാത്ര പറയും മുൻപേ കഥാകാരൻ മൂന്നുപേരുടെയും അഡ്രസ് വാങ്ങിയിരുന്നു. മുന്നോട്ടു നടക്കുമ്പോൾ അയാളുടെ മനസ്സ് മന്ത്രിച്ചു, ചില അപ്രതീക്ഷിതമായ ദിശാവ്യതിയാനങ്ങൾ ചില നിയോഗങ്ങൾ കൂടിയാണ്.
"നീ എന്താ ആ കാശ് വാങ്ങാതിരുന്നേ... "
"പിന്നെ ആയിരം ഉലുവ ആർക്കു വേണം, അത് ഓൻ കൊണ്ടോയി, ഓന്റെ ഉമ്മാടെ........ "
അടക്കി പിടിച്ച സംസാരങ്ങൾ.
രാത്രി ഒരുപാട് വൈകി വീട്ടിലെത്തിയ കഥാകാരൻ , വന്ന പാടെ തന്റെ എഴുത്തു മേശയിലേക്കാണ് പോയത് . കുപ്പായം ഊരി മാറ്റി . ഒരു സിഗരറ്റിനു തീ കൊളുത്തി അയാൾ കസേരയിലേക്കിരുന്നു . എഴുതി പകുതിയാക്കിയ കുറേ കടലാസുകൾ വലിച്ചു കീറി ചവറ്റു കുട്ടയിലേക്കിട്ടു . അവിടവിടെ നരച്ച തന്റെ താടി തടവി അയാൾ പേന കൈയ്യിലെടുത്തു . ഒന്ന് കൂടി തിരിഞ്ഞു അയാൾ ചവറ്റു കൊട്ടയിലേക്കു നോക്കി . അടിയിൽ ചുവന്ന വരയിട്ട അക്ഷരങ്ങൾ തന്നെ നോക്കി ചിരിക്കും പോലെ അയാൾക്ക് തോന്നി . "വിൻസെന്റ് ഗോമസിന്റെ മരണം " എന്ന തലക്കെട്ട് എത്ര വികൃതമാണെന്നു അയാൾക്ക്‌ തോന്നി . അയാൾ തന്റെ നീണ്ട നാസികയിൽ ഒന്ന് ചൊറിഞ്ഞു കൊണ്ട്, തന്റെ മുന്നിലിരിക്കുന്ന കടലാസിലേക്ക് നോക്കി . മുന്നിൽ നിഷ്ക്കളങ്കമായ മൂന്നു ചെറുപ്പക്കാർ , അവരെ ക്രൂരമായി പീഡിപ്പിക്കുന്ന എസ് . ഐ ... കളഞ്ഞു പോയ പൈസയെ ഓർത്തു കരഞ്ഞു നിൽക്കുന്ന ബഷീറിക്ക . ആഗ്രഹിച്ച വിവാഹം നടക്കാത്തതിൽ മനം നൊന്തു ആത്മഹത്യ ചെയ്യുന്ന ഒരു പാവം ആമിന ...മോഷ്ടാക്കളാക്കപ്പെട്ട അപമാനം സഹിക്കാതെ ആത്മഹത്യ ചെയ്യുന്ന മൂന്നു യുവാക്കൾ.. കഥാകാരന്റെ തൂലിക ചലിച്ചു തുടങ്ങി . ഇടയിൽ എപ്പോഴൊ മയക്കിത്തിലാണ്ടു പോയ അയാളിൽ നിന്നും ആന്റണി എന്ന കഥാപത്രം ഉണർന്നെഴുന്നേൽക്കുയും ഇരുട്ടിന്റെ മറപറ്റി തീരുമാനിച്ചുറപ്പിച്ച ചില ലക്ഷ്യങ്ങൾ തേടിയിറങ്ങുകയും ചെയ്തു . ഇറങ്ങും മുൻപേ കണ്ണാടിയിൽ നോക്കിയ ആന്റണി അവിടവിടെ നരച്ച തന്റെ താടിയിൽ ഒന്ന് തലോടി. ഭിത്തിയിൽ മാലയിട്ടു വെച്ചിരിക്കുന്ന ഫോട്ടോയിലെ രണ്ടു ചിത്രങ്ങൾ അയാളെ നോക്കി പുഞ്ചിരിച്ചു. അരിവാള് പോലെ വളഞ്ഞ നാസികയിൽ വിയർപ്പു മണി പൊടിഞ്ഞു. പുറത്തിറങ്ങി അടഞ്ഞു കിടക്കുന്ന ഗേറ്റിലേയ്ക്ക് അയാൾ ഒന്ന് കൂടി നോക്കി .രാത്രിയുടെ കനത്ത ഇരുൾ മറയിലും " ആന്റണി വർഗീസ് " എന്ന ശിലാലിഖിതം വീടിന്റെ മുൻപിൽ വെള്ളിയക്ഷരങ്ങളിൽ തിളങ്ങി നിന്നു...
( അവസാനിച്ചു )
എബിൻ മാത്യു കൂത്താട്ടുകുളം.
21-06-2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot