നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കഡിൽ to..... ( നർമ്മകഥ )

Image may contain: 1 person, selfie and closeup
------------------------------------------
'അപരിചിതരായ ഒരു സ്ത്രീക്കും, പുരുഷനും മണിക്കൂറുകളോളം വികാരങ്ങൾക്കടിമപ്പെടാതെ ഒരു കട്ടിലിൽ വെറുതെ കെട്ടിപിടിച്ചു കിടക്കാൻ കഴിയുമോ..? '.
കേരള സംസ്ഥാനത്തിൽ, തെക്കിനാട്ടു കരയിൽ സ്ഥിരതാമസം ഉള്ള ,പോയിക്കര വീട്ടിൽ കുഞ്ഞ് വറീത് ഭാര്യ ശോശാമ്മയോട് ഈ ചോദ്യം ചോദിക്കുമ്പോൾ രാത്രി ഒൻപത് മണി.
കിടപ്പറയിൽ നിദ്രയിലാകുന്നതിന് മുൻപുള്ള സമയം.ചെറിയ ആട്ടമുള്ള കട്ടിലിൽ, എതിർ ദിശയിൽ ഇരുന്നു രണ്ടു പേരും മൊബൈലിൽ ലോകത്തിന്റെ സ്പന്ദനം തിരയുകയായിരുന്നു.കുഞ്ഞുവറീതിൻറെ നെറ്റ് വർക്കിൽ നിന്നുയർന്ന ചോദ്യം കേട്ട് ശോശാമ്മ ഒരു നിമിഷം സിഗ്നൽ ഇല്ലാത്ത മൊബൈൽ പോലെ ആയി.
"ഏത് അപരിചിതയുടെ കൂടെ കെട്ടിപിടിച്ചു കിടക്കാനാ നിങ്ങൾക്ക് ഇപ്പോൾ ഇത്ര പൂതി.."
ഫുൾ കവറേജിൽ ശോശാമ്മ ചോദിച്ചു.
"ഓ. എനിക്ക് കൊതി ആയിട്ടല്ലടീ.അമേരിക്കയിൽ ഒക്കെ ഉണ്ടായിരുന്ന പരിപാടിയാ. 'കഡ്ലിംഗ് തെറാപ്പി '.ഇപ്പോൾ ബാംഗ്ലൂരിൽ തുടങ്ങിയിരിക്കുന്നു. മനസമ്മർദ്ദം ഉള്ളവർക്കും, ദുഃഖിതർക്കും ഒക്കെ ആലിംഗനത്തിലൂടെ ആശ്വാസം കൊടുക്കുന്നു.ചുമ്മാ കെട്ടിപിടിച്ചു കിടക്കും.വേറൊന്നും പാടില്ലന്ന്. പക്ഷേ.. ഒന്നര മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ വെറുതെ കെട്ടിപിടിച്ചു കിടക്കാൻ കഴിയുമോ എന്നൊരു സംശയം..? ".
"നിങ്ങൾ വെറുതെ കിടക്കില്ല !!! അതെനിക്കറിയാം. "
"നീയോ..?".
"അത് സാഹചര്യം പോലെ ഇരിക്കും ".
ശോശാമ്മയുടെ മറുപടി കേട്ട് കുഞ്ഞുവറീതിന്റെ റേഞ്ചു പോയി.
"കേറി അടങ്ങി കിടന്നുറങ്ങാൻ നോക്ക് മനുഷ്യാ ".
ശോശാമ്മ കനപ്പിച്ചങ്ങനെ ചൊല്ലി കട്ടിലിലേക്ക് മറിഞ്ഞു.
അന്ന് മാത്രം അല്ല. ദിവസം കുറേ കഴിഞ്ഞിട്ടും കുഞ്ഞുവറീതിന് അടങ്ങി കിടക്കാൻ കഴിഞ്ഞില്ല. ഓരോ രാത്രികളും 'കഡ്ലിംഗ് ' എന്ന വാക്ക് അയാളെ മോഹിപ്പിച്ചു കൊണ്ടിരുന്നു.
--------------------------------------------------------
'പൂർണ്ണമായും വസ്ത്രം ധരിച്ചിരിക്കണം, ചുണ്ടിൽ തൊടാനോ, ചുംബിക്കാനോ പാടില്ല, ലൈംഗിക അവയവങ്ങളിലേക്ക് കൈകൾ നീളാൻ പാടില്ല.'
നമ്പർ ഇട്ടെഴുതിയത് കുറച്ചെണ്ണം വായിച്ചപ്പോൾ തന്നെ ഇതൊരു മാതിരി കോപ്പിലെ നിയമങ്ങൾ ആണല്ലോയെന്നു കുഞ്ഞുവറീതിന് തോന്നി.
എന്നാലും.. 'ചിലപ്പോൾ ബിരിയാണി കിട്ടിയാലോ '...
കിട്ടാതിരിക്കില്ല എന്നുള്ള പ്രതീക്ഷയിൽ കുഞ്ഞുവറീത് നോട്ടുകൾ എടുത്ത് വീശി. റിസപ്ക്ഷനിലെ സുന്ദരി കള്ളച്ചിരിയോടെ അത് വാങ്ങി പെട്ടിയിൽ ഇട്ടിട്ട് വേറൊരു സുന്ദരിയേ വിളിച്ചു.
വശ്യമായ പുഞ്ചിരിയോടെ വന്ന വെള്ള സുന്ദരി വറീതിന് നേരേ കൈ നീട്ടി കൊണ്ട് പറഞ്ഞു.
"വെൽക്കം സാർ ".
സുന്ദരിക്ക് നേരേ നീളുന്ന തൻ്റെ കൈകളിലേക്ക് വറീത് അതിശയത്തോടെ നോക്കി.
വിരലുകളിൽ വിരലുകൾ കോർത്തു അവൾ നടന്നു. കൂടെ വറീതും.
---------------------------------------------------------------
വിശാലമായ മുറിയിലാകെ വറീത് കണ്ണോടിച്ചു.
ഒരു സോഫ, കട്ടിൽ, രണ്ട് കസേര. ഫാനിന്റെ കുളിർ കാറ്റിൽ, മുറിയുടെ കോണിൽ വെച്ചിട്ടുള്ള ചെടിച്ചട്ടിയിലെ പൂക്കൾ പരസ്പരം മുട്ടിയുരുമ്മി ചുംബിക്കുന്നു.
ആലിംഗനബദ്ധരായ സ്ത്രീയുടെയും, പുരുഷന്റെയും മനോഹര ചിത്രങ്ങൾ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്നു.
ചുറ്റിലും ഓടി നടന്നിരുന്ന കൃഷ്ണമണികളെ സുന്ദരിയിലേക് മാറ്റി വറീത് ചിരിച്ചു.
"വരൂ സാർ !!! ഇവിടെ ഇരിക്കാം ".
സുന്ദരി ക്ഷണിച്ചു.
അടുത്തേക്ക് ഇരുന്ന
വറീതിൻറെ കൈകൾ എടുത്തു മൃദുവായി തഴുകി സുന്ദരി ചോദിച്ചു.
"സാറിന്റെ പേര് കുഞ്ഞുവറീത് എന്നാണല്ലേ..? ".
"അതേ, എന്നാലും ഈ കുഞ്ഞ് ഒഴിവാക്കി വറീത് എന്നാ എല്ലാവരും വിളിക്കുന്നത്‌. അല്ല.. നിങ്ങൾ ഇംഗ്ലീഷ്കാര് മലയാളം എങ്ങനെ പഠിച്ചെടുത്തു..? ".
"നിങ്ങളെപ്പോലെയുള്ള കസ്റ്റമർക്കു വേണ്ടി സാർ ".
പെട്ടന്ന് ചെണ്ട മേളം അവിടെ മുഴങ്ങി.
സുന്ദരി ഞെട്ടി കൈകൾ പിൻവലിച്ചു.
"പേടിക്കണ്ട, എൻ്റെ വൈഫാ. ഒരു മിനിറ്റ് ഒന്നും മിണ്ടല്ലേ ".
പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് വറീത് പതുക്കെ പറഞ്ഞു.
"ഹലോ !! ശോശാമ്മേ.. !!! , ഞാൻ ഒരു ഡിസ്കഷനിലാ . വൈകിട്ട് വിളിക്കാം. Ok ".
ഫോൺ കട്ട്‌ ചെയ്തപ്പോൾ ശോശാമ്മയുടെ ചിരിക്കുന്ന മുഖം ഡിസ്‌പ്ലേയിൽ തെളിഞ്ഞു. വറീത് പെട്ടന്ന് ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു .
"പേര് ചോദിക്കാൻ ഞാൻ മറന്നു ".
"മഡോണ ".
"നിങ്ങൾ മലയാളം പഠിച്ചത് നന്നായി. ഇല്ലങ്കിൽ ആശയവിനിമയം കുഴഞ്ഞേനേ. "
വറീതിനെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ച് മഡോണ തന്നിലേക്ക് ചേർത്തു.ഒരു കുഞ്ഞിനെപ്പോലെ വറീത് അവളുടെ മാറിലേക്ക് ചാഞ്ഞു. മഡോണയുടെ കൈകൾ വറീതിന്റെ ശിരസ്സിലൂടെ തഴുകി നടന്നു.പണ്ടെങ്ങോ അനുഭവിച്ച ഒരു നിർവ്വചീയ അനുഭൂതിയിൽ വറീതിന്റെ കൈകൾ മഡോണയേ വലിഞ്ഞു മുറുക്കി. ഉയർന്ന താഴുന്ന ശ്വാസഗതിയുടെ നേർത്ത ഇരമ്പൽ മാത്രം.
"ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നുണ്ടോ..? ".
മഡോണ വറീതിനെ അടർത്തി മാറ്റിയിട്ടു ചോദിച്ചു.
"ഉള്ള ആശ്വാസം കൂടി പോയി എന്നാ തോന്നുന്നത്."
"അതെന്താ..? ".
"ഇത്രയും കാശും കൊടുത്തിട്ടു വെറുതെ ഇങ്ങനെ കെട്ടിപ്പിടിച്ചു നിന്നാൽ എങ്ങനെ ആശ്വാസം ഉണ്ടാവും എൻ്റെ സുന്ദരീ...? ".
"വേറൊന്നും പാടില്ലന്നാ ഇവിടുത്തെ നിയമം. "
"നിയമം തെറ്റിച്ചാലോ..? ".
" സെഷൻ അവസാനിപ്പിച്ചു പുറത്തു പോകേണ്ടി വരും.കാശ് വെറുതെ കളയണോ സാർ..? ".
"ഞാൻ ഈ നിയമം പൊളിച്ചെഴുതാൻ പോകുവാ സുന്ദരീ ".
പറഞ്ഞതും വറീത് മഡോണയേ കെട്ടിപ്പിടിച്ചു. വറീതിന്റെ കരവലയത്തിനുള്ളിൽ അനുസരണയോടെ നിന്ന അവളുടെ മുഖം കൈവെള്ളയിൽ ഒതുക്കി, ചുമന്നു തുടുത്ത ചുണ്ടുകളിലേക്ക് വറീത് അമർത്തി ചുംബിച്ചു.
"ഹോ.. ഇന്നലെ വലിച്ചു കേറ്റിയതിന്റെ മണം ഇപ്പോഴും പോയിട്ടില്ല. അങ്ങോട്ട്‌ മാറിക്കിടക്ക് മനുഷ്യാ.. ".
വെളുപ്പാൻ കാലത്ത് വറീതിൽ നിന്നുണ്ടായ ഭീകരാക്രമണത്തെ തടഞ്ഞു കൊണ്ട് ശോശാമ്മ തിരിഞ്ഞു കിടന്നു.
കണ്ണ് മിഴിച്ചു നോക്കിയ വറീത് നെടുനിശ്വാസത്തോടെ മന്ത്രിച്ചു. '
ഹോ.. !!കാശ് പോയില്ല.. ഭാഗ്യം ".
By :
ബിൻസ് തോമസ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot