നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പിഴയ്ക്കാത്ത താളങ്ങൾ

Image may contain: 1 person, smiling, closeup
മുനിഞ്ഞുകത്തുന്ന റാന്തലിന്റെ തിരിയുയർത്തി പ്രതീക്ഷയോടെ ചിരുതപ്പെണ്ണ് ഇറയത്തേക്ക് വീണ്ടുംനോക്കി, നേർത്തു പെയ്ത മഴയുടെ ശേഷിപ്പുകളെ ഞെരിച്ചമർത്തി ചെളിയിൽ പതിയുന്ന കാലടി ശബ്ദങ്ങൾക്ക് കാതോർത്തിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായി.
പുറത്ത് ചീവീടുകളുടെ ശബ്ദം ക്രമാനുഗതമായി വർദ്ധിക്കുന്നുണ്ടായിരുന്നു.
വെളിച്ചംതേടി ആർത്തിപൂണ്ടിരച്ചെത്തിയ മഴപ്പാറ്റകൾ റാന്തൽ കുഴലിൽത്തട്ടി ചാണകംമെഴുകിയ നിലത്ത് വീണു കൊണ്ടേയിരുന്നു , നിരാശരാവാതെ വീണ്ടും പറന്നുയരുന്ന അവറ്റകളെ ചിരുത കൗതുകത്തോടെ നോക്കിനിന്നു . ചിറകറ്റൊരു പാറ്റയെ എടുത്ത് വെളിച്ചത്തിനടുത്ത് കാട്ടി സൂക്ഷ്മമായി നോക്കി.
"കറുത്ത കുണ്ടിയാണ് ... മയ കനക്കും .. "
വെളുപ്പോ കറുപ്പോ എന്നു നോക്കാതെ കിട്ടുന്നവയെ അകത്താക്കുന്ന പൂച്ച പക്ഷെ ചിരുതയ്ക്ക് ചെവികൊടുത്തില്ല .
"കമ്മാരോ പൂയ് ..."
വായിലെ മുറുക്കാൻ മുഴുവനായും കാറിത്തുപ്പി വേലാണ്ടി മുറ്റത്തേക്ക് കയറി .
"ഓറ് ഇബ്ടല്ല ... വൈദ്യരെക്കാണാൻ പോയിറ്റ് തോനെ നേരായി " ചിരുതയുടെ ദീർഘനിശ്വാസം പാതിവഴി നിന്നു ....
"അയിന് ഓനിപ്പം കൊയപ്പൊന്നുല്ലാലോ..?"
"കൊയപ്പണ്ടായിറ്റല്ല .. എടയ്ക്ക് പോയി കണ്ടാലെ മൂപ്പര്ക്ക് സമാധാനം കിട്ടൂ ... "
വേലാണ്ടി ഇറയത്തേക്ക് കയറി ചെണ്ടയിൽ തല തട്ടാതെ നിന്നു . മനസ്സിൽ മേളപ്പെരുക്കം പതിഞ്ഞ താളത്തിൽ കൊട്ടിക്കയറാൻ തുടങ്ങി ,പണ്ട് കമ്മാരന് ചിത്തഭ്രമം വന്നപ്പോൾ രാത്രി മുഴുവൻ മുഴങ്ങിക്കേട്ട അതേ താളം .!
കമ്മാരന്റെയമ്മ വിഷംതീണ്ടി ചത്തതിന്റെ ഏഴാംപക്കം നട്ടപ്പാതിരയ്ക്ക് തുടങ്ങിയ ചെണ്ടക്കൊട്ട് ഉച്ചയ്ക്ക് നാണുവൈദ്യർ വന്നതോടെയാണ് നിർത്തിയത്.
എത്രയോ തിറയടിയന്തിരങ്ങൾക്ക് കമ്മാരന്റെ തോളോടുതോൾ നിന്ന് കൊട്ടിയപ്പോൾ കണ്ട ക്ഷീണമൊന്നും അന്നവന്റെ മുഖത്തുണ്ടായിരുന്നില്ല .പിടിച്ചുകെട്ടി വൈദ്യർ കൊടുത്ത ഒറ്റമൂലി അണ്ണാക്കിലേക്കൊഴിച്ചതോടെ തളർന്നുവീണു. അതോടെ ഭ്രാന്തൻ കമ്മാരൻ കരിയാത്തൻകരയിൽ പുതിയ സംസാരവിഷയമായി .
വൈദ്യരുടെ ചികിത്സയിൽ വർഷങ്ങൾക്കു ശേഷം കമ്മാരൻ പഴയ കമ്മാരനായി , കൊട്ടിക്കയറാൻ അവനെക്കഴിച്ചേ ഇന്ന് വാദ്യക്കാരുള്ളു .
"ഞാൻ പോണേണ്, കൊറച്ച് കഴിഞ്ഞിട്ട് വരാം ." വേലാണ്ടി ഇറങ്ങി നടന്നു .
മഴ വീണ്ടും ചെയ്യാൻ തുടങ്ങി .അടക്കിവെച്ച ദുരിതമേഘങ്ങളെ പ്രകൃതി കരഞ്ഞുതീർക്കുകയാവാം.തന്റെ കണ്ണീരിനാൽ ഭൂമിയെ സാന്ത്വനിപ്പിച്ച് പ്രിയപ്പെട്ടവന്റെ മിഴിനീരേറ്റു വാങ്ങി പുതുനാമ്പുകൾ കാട്ടി അവനെ സന്തോഷിപ്പിക്കാൻ അവളൊരുങ്ങി .
പൂച്ചയപ്പോൾ അതിന്റെ കുട്ടികളെ വാലാട്ടി കളിപ്പിക്കുന്നുണ്ടായിരുന്നു .ചിരുത തന്റെ ശോഷിച്ച വയറിലേക്കും ശുഷ്കിച്ച മാറിടത്തിലേക്കും നിരാശയോടെ നോക്കി .
ഞാറുപെയ്ത പാടത്തിന്റെ വരമ്പിൽ അകലെ പൊട്ടുപോലെ തെളിഞ്ഞ ചൂട്ടുവെളിച്ചം അടുത്തുവന്നു . നടത്തത്തിന്റെ ഏറ്റക്കുറച്ചിലുകളിൽ നിന്നും അത് കമ്മാരനാണെന്ന് ചിരുതയ്ക്ക് നിശ്ചയമായിരുന്നു.
"ങ്ങള് എന്ത്ടത്തായ്നൂ മനുഷ്യാ ത്രേം നേരം?..."
"വൈദ്യര് കിടപ്പിലാ ...കവിളരശാന്നാ പറേന്നേ .. ഒരു നോക്കേ നോക്കീ ള്ളൂ . കോലം കെട്ടു ... " കമ്മാരൻ തലയിൽ കെട്ടിയ തോർത്തഴിച്ച് ഇറയിൽ തിരുകി .
കഞ്ഞി കുടിച്ചെന്നു വരുത്തി കമ്മാരൻ കിടന്നു ..നാണു വൈദ്യരുടെ മുഖം അയാളെ വല്ലാതെ വേട്ടയാടുന്ന പോലെ ... അമ്മയായിരുന്നു എല്ലാം,
ആ മരണമേൽപ്പിച്ച ആഘാതം ചെറുതായിരുന്നില്ല. ശാന്തമായ ഒഴുക്കിന് കുറുകെ പെട്ടന്നൊരു തടസ്സം...! പിന്നെ ഒരോട്ടമായിരുന്നു , ഉറഞ്ഞു തുള്ളാൻ തയ്യാറായി വേഷങ്ങൾ ചുറ്റിലും നിറഞ്ഞപ്പോൾ കൊട്ടാതിരിക്കാനായില്ല .. കൊട്ടിക്കേറുംതോറും വേഷങ്ങളുടെയെണ്ണം കൂടുന്ന പോലെ ...!
ഒടുവിൽ , കണ്ണു തുറക്കുമ്പോൾ വൈദ്യരുടെ മുഖമാണ് കണ്ടത് .
ആ തേജസ്സായിരുന്നു ഇത്രയും കാലം തന്റെ ശക്തിയെന്ന് കമ്മാരനോർത്തു. വറ്റിവരണ്ട ആ കണ്ണുകളിലെ ദൈന്യത താങ്ങാവുന്നതിലുമപ്പുറമായിരുന്നു. അപ്രതീക്ഷിതമായ ആഘാതം പെരുമഴയായി പുറത്ത് കൊട്ടിക്കേറുന്നുണ്ടായിരുന്നു.
വേഷങ്ങൾ തന്റെ മേളപ്പെരുക്കത്തിനായി കാത്തു നിൽക്കുന്ന പോലെ ... കമ്മാരൻ ഞെട്ടിയുണർന്നു.
നിറദീപങ്ങളാൽ അലംകൃതമായ കാവിന്റെ മുന്നിൽ ജനസഞ്ചയത്തിന് നടുവിലായ് രൗദ്രഭാവം പൂണ്ട വേഷങ്ങൾ ഉലാത്തുന്നു ...
താനൊഴികെയുള്ള മേളക്കാർ കാത്തു നിൽപ്പാണ് , കമ്മാരൻ ചെണ്ട തോളിലേറ്റി വലം തലയിൽ ഒന്നു കൊട്ടി .
കാവുണർന്നു.....!
കാൽച്ചിലമ്പുകൾ താളംവെച്ചു .കമ്മാരൻ പതിയെ കൊട്ടിക്കേറാൻ തുടങ്ങി.
പെയ്യാൻ മടിച്ച കാർമേഘങ്ങൾ കരിയാത്തൻകരയിൽ സംഗമിച്ചു. ഇരുട്ടിന്റെ കമ്പളം വലിച്ചു കീറി രാത്രിയുടെ രണ്ടാം യാമത്തിൽ ചെണ്ടമേളമുണർന്നതോടെ പകച്ചു നിന്ന ചീവീടുകൾ ഇണയെ തേടാതെ മരത്തിൽ പതുങ്ങി,
വേലാണ്ടി കിടക്കപ്പായയിൽ നിന്നും ഉടുമുണ്ട് തപ്പിയെടുത്ത് കമ്മാരന്റെ കുടി ലക്ഷ്യമാക്കിയോടി .
മുറ്റത്ത് ചെറിയ ആൾക്കൂട്ടത്തിന് നടുവിൽ ഒറ്റത്തോർത്തുടുത്ത് കമ്മാരൻ നിന്നു കൊട്ടുന്നു .ചിരുതപ്പെണ്ണ് തിണ്ണയിലെ തൂണിൽ തല ചായ്ച്ച് കരയുന്നുണ്ട് ,
"വൈദ്യരെ കാണാൻ പോയിക്ക് എന്ന് കേട്ടപ്പളേ ഞാൻ ഒറപ്പിച്ചതാ ... വൈദ്യരുടെ ദീനം അറിഞ്ഞിട്ടും പറയാണ്ട് നിന്നത് ഇത് പേടിച്ചിട്ടാ .. " വേലാണ്ടി കിതപ്പിനിടയിലും പതം പറഞ്ഞു .
"ഇനി എന്താ ഒരു മാർഗ്ഗം ...? " രാമൻ നായർ കൈയ്യിൽക്കരുതിയ മുറുക്കാൻ വായിലേക്കിട്ട് ചോദിച്ചു .
"ആർക്കും അടുക്കാനാവുന്നില്ല .. പിടിക്കാൻ ചെന്ന പൊക്കന്റെ ചെക്കന് നെറുകൻ തലയ്ക്ക് കോല് കൊണ്ടൊരെണ്ണം കിട്ടി "
സമയം ഇഴഞ്ഞു നീങ്ങി...തളരാതെ, താളം കൈവിടാതെ കമ്മാരൻ .!
മഴ തന്റെ മിഴിനീർ പൊഴിക്കാൻ തുടങ്ങവേ ചിരുത എഴുന്നേറ്റു . ഇറയത്ത് തിരുകിയ തോർത്തേടുത്ത് കമ്മാരന്റെ തലയിൽ വെച്ചു. ...
ഒരു വേള ... കൊട്ടു നിന്നു ... കമ്മാരൻ തിരിഞ്ഞു നോക്കി ,
അമ്മ ....!
ആ മിഴിയിലേക്ക് ദൃഷ്ടി ആഴ്ന്നിറങ്ങി .തോളത്ത് നിന്നും ചെണ്ടയിറക്കി അവനാ കൈകളിൽ പിടിച്ചു. .
പെയ്തിറങ്ങുന്ന മഴനീർത്തുള്ളികൾക്കിടയിലും കമ്മാരന്റെ ചുടുകണ്ണീർ ചിരുതയുടെ കൈത്തണ്ടയിൽ വീണു പൊള്ളി .അമ്മയെ ചേർത്തു പിടിച്ച് പതിയെ ഇറയത്തേക്ക് കയറുമ്പോൾ ചീവീടുകളുടെ ശബ്ദത്തിന് പുതിയ താളം കൈവന്നിരുന്നു.
അവസാനിച്ചു .
✍️ശ്രീധർ.ആർ.എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot