
സാമാന്യം ഒരു 1600 sq.ft വലുപ്പം തോന്നിക്കുന്ന വീട്. മുറ്റം മുഴുവൻ ടൈൽ വിരിച്ചിട്ടുണ്ട്. അടിപൊളി ഗേറ്റ്.
ആ അടിപൊളി ഗേറ്റ് തുറന്ന് ഞാൻ മുന്നോട്ട് നടന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ആരുടെയെങ്കിലും തല പുറത്തു നീട്ടുന്നത് പ്രതീക്ഷിച്ച ഞാൻ, കണ്ടത് ഒട്ടും പ്രതീക്ഷിക്കാത്ത തല.
ആ ഉയരുന്ന തല ഏതെന്ന് അറിയാൻ, ഞാൻ മുന്നോട്ട് വന്ന് പരമാവധി തല ഉയർത്തിപ്പിടിച്ചു നോക്കിയപ്പോൾ, കുറച്ച് ഉയരമുള്ള ഡാഷ് ഹണ്ട് പട്ടി.
ആ പട്ടി എന്നെ ചെരിഞ്ഞു നോക്കി. ഞാനും ചെരിഞ്ഞു പട്ടിയെ നോക്കി. ഇഷ്ടം കൊണ്ടല്ല, അതിനെ എവിടെയെങ്കിലും കെട്ടിയിട്ടുണ്ടോ എന്നറിയാൻ.
എവിടേയും കെട്ടിയിട്ടില്ല... പട്ടി ഫ്രീ ആണെന്ന് കണ്ടപ്പോൾ എന്റെ നെഞ്ചിലെ കൊള്ളിയാൻ മിന്നി. നെഞ്ച് മാത്രമല്ല, മൊത്തം മിന്നാനും വിറയ്ക്കാനും തുടങ്ങി. കുട ചൂടിയിരുന്ന ഞാൻ , ഓടാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കുട ചുരുക്കാൻ ശ്രമിച്ചു.
പക്ഷേ പട്ടി .. റാമ്പിൽ ക്യാറ്റ് വാക്ക് നടത്തുന്ന മാതിരി എന്റെ നേരെ നടന്നു വരികയാണ്. ഓരോ അടി നടക്കുമ്പോഴും കുരയ്ക്കുന്നുണ്ട്.
''എന്റെ കർത്താവേ..... പട്ടിയെ ഒന്നു പറഞ്ഞു മനസ്സിലാക്കാമോ... ഞാൻ ഉപദ്രവിക്കാൻ വന്നതല്ല എന്നും, റേഷൻ വാങ്ങുന്നുണ്ടോ എന്നറിയാനാ .... വന്നത് എന്ന്.... എന്റെ പൊന്നു ദൈവേ.... കാത്തോളണേ.... "
ഒരു നിമിഷം ജാഗരണ പ്രാർത്ഥന നടത്തി , തിരിഞ്ഞോടി, ആ വീടിന്റെ ഗേറ്റിൽ അള്ളിപ്പിടിച്ചു കയറി മതിലിന്റെ മുകളിൽ കയറി നിന്നു.
ഒരു നിമിഷം ജാഗരണ പ്രാർത്ഥന നടത്തി , തിരിഞ്ഞോടി, ആ വീടിന്റെ ഗേറ്റിൽ അള്ളിപ്പിടിച്ചു കയറി മതിലിന്റെ മുകളിൽ കയറി നിന്നു.
ആ പട്ടി എന്റെ ഈ സാഹസം പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു. എന്റെ പിന്നാലെ ഓടി വന്ന് കുരയ്ക്കാൻ തുടങ്ങി.
പോടാ പട്ടീ.... വീട്ടുകാരെ വിളിയ്ക്ക് പട്ടീ.... എന്നു ഞാൻ പട്ടിയോട് ആജ്ഞാപിച്ചു അല്ല കേണപേക്ഷിച്ചു.
മുറ്റത്തെ ബഹളം കേട്ടിട്ടാവണം, അകത്തെ പ്രൗഢയായ ഒരു ചേച്ചി വന്നു. മതിലിന്റെ മുകളിൽ കയറി നില്ക്കുന്ന എന്നെ കണ്ടിട്ട് കൈ കൊണ്ട് 'എന്താ കാര്യം' എന്ന് ആക്ഷൻ കാണിച്ചു.
"എന്റെ പൊന്നു ചേച്ചീ.... ആദ്യം ഈ പട്ടിയെ എവിടേലും കെട്ട്. എന്നിട്ടു പറയാം."
അപ്പോഴാണ് ആ ചേച്ചി പട്ടിയെ കെട്ടുന്ന കാര്യം ചിന്തിച്ചത്. ചേച്ചി എന്തോ ഭാഷയിൽ പട്ടിയെ വിളിച്ചു. പട്ടി എന്നെ തറപ്പിച്ചു നോക്കി. ഞാൻ ആ പട്ടിയെ "പോടാ " എന്ന് വിളിച്ചു.
എന്തായാലും, ആ പട്ടിയെ കൂട്ടിൽ കയറ്റി കൂട് അടച്ചു. എന്നിട്ട് ആ ചേച്ചി പറഞ്ഞു, ഇനി പോരേ ...
എനിക്ക് ഒരു സംശയം. ഞാൻ ചോദിച്ചു,
" ചേച്ചീ.... ശരിക്കും കൂട് അടച്ചോ.,?"
"ഉവ്വന്നേ... "
എന്നാ ശരി ... എന്നു പറഞ്ഞു കൊണ്ട്, പതുക്കെ മതിലിന്റ മുകളിൽ നിന്നും ചാടിയിറങ്ങി.
"എന്താ വന്നത് "
അതു കേട്ടപ്പോൾ , എങ്ങോ പോയ് മറഞ്ഞ ഗൗരവം തിരിച്ചു വരുത്തി കൊണ്ട്, ഞാൻ പറഞ്ഞു,
" താലൂക്ക് സപ്ളൈ ആഫീസിൽ നിന്നുള്ള റേഷനിംഗ് ഇൻസ്പെക്ടർ ആണ്. റേഷൻ കാർഡ് കാണിക്കൂ..."
" ആണോ... കാർഡ് ഇപ്പം എടുത്തു തരാം.. " എന്നു പറഞ്ഞു, ആ ചേച്ചി അകത്തേയ്ക്ക് കയറിപ്പോയി.
അല്പനേരം കഴിഞ്ഞപ്പോൾ, ആ ചേച്ചീ കാർഡ് കൊണ്ട് വന്നു. നോക്കിയപ്പോൾ BPL കാർഡ്. കൃത്യമായി ഭക്ഷ്യസാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
അടുത്ത നടപടികളുടെ ഭാഗമായി ഞാൻ ആ കാർഡ് പിടിച്ചെടുത്തു. ചേച്ചി തർക്കിക്കാൻ നോക്കിയെങ്കിലും , യാതൊന്നും പറയാതെ ഇത്രേം പറഞ്ഞു,
"അടുത്ത ദിവസം ആഫീസിൽ വരണം. ഇതുവരെ വാങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വില സർക്കാരിലേയ്ക്ക് അടയ്ക്കണം എന്ന്."
ആ ചേച്ചി മുറ്റത്തേക്കിറങ്ങാതെ, ഞാൻ വേഗം ഗേറ്റ് കടന്നു പോയി. അവരെങ്ങാനും വൈരാഗ്യത്തിൽ പട്ടിയെ അഴിച്ചു വിട്ടാലോ ... എന്ന പേടിയായിരുന്നു.., എനിക്ക്.
NB : പട്ടിയെ കണ്ടാലൊന്നും കുലുങ്ങില്ല ഞങ്ങൾ. ചെയ്യേണ്ട ജോലി ചെയ്യുക തന്നെ ചെയ്യും.
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക