നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒയാസീസ് (3)

Image may contain: 1 person, stripes
നിമിഷങ്ങളുടെ ഇടവേളകൾക്ക് ഇത്ര ദൈർഘ്യം ഉണ്ടെന്നറിഞ്ഞ നിമിഷാർദ്ദങ്ങൾ മുന്നിൽ ഞെട്ടറ്റു വീണുകൊണ്ടേയിരുന്നു. ഒരു ലിവർ വലിയോടെ താഴത്തായ് ചവിട്ടിനിന്ന മരപ്പലകകൾ ഇരുഭാഗത്തേയ്ക്കും രണ്ടായി അകന്നു മാറുകയും കഴുത്തിലെ കുരുക്ക് ശക്തമായി മുറുകിയെന്നും തോന്നിപ്പോയപ്പോൾ, എല്ലാം അവസാനിച്ചു എന്നോർത്തു. താഴോട്ട് വീഴാതെ താങ്ങിപ്പിടിച്ച അർബാബ് നൽകിയ സലാംചൊല്ലലിൽ അകാരണമായ ഭയത്തിൻ്റെ അളവിൽ വല്ലാത്ത കുറവനുഭവപ്പെട്ടു. ശരശയ്യയിലേയ്ക്കുള്ള വീഴ്ച്ചയ്ക്ക് തൊട്ടുമുമ്പ് ശരത്തിൻ്റെ മുനകൾ വിടരാൻ വെമ്പിനിൽക്കുന്ന വെളുത്തു തുടുത്ത മുല്ലമൊട്ടുകളായി മാറിയ തോന്നൽ, കഴിഞ്ഞ ഒരാഴ്ചയായി പെയ്യാൻ തയ്യാറായി നിന്ന കാർമേഘങ്ങളിലെ കാർവർണ്ണം അകന്ന് കനം കുറഞ്ഞ്, വെൺമേഘങ്ങളായി അവ തന്നേയും കൊണ്ട് ആകാശത്തിലേക്ക് തൂവലുപോലെ പറത്തി കൊണ്ടുപ്പോയ സുഖകരമായ ലാളിത്യം അനുഭവിച്ചാസ്വദിച്ചു നിന്നുപോയല്പനേരം.
അർബാബ് സലാം തന്ന കൈപിൻവലിച്ച് നീളമേറിയ കന്തൂറയുടെ അഴമേറിയ പോക്കറ്റിലേയ്ക്ക് കൈകടത്തി എന്തോ തപ്പിത്തിരഞ്ഞെടുത്ത് ശ്രദ്ധയോടെ പുറത്തേക്ക് എടുക്കുന്നതു കണ്ടപ്പോൾ ഉള്ളിലൊരു കൊള്ളിയാൻ മിന്നിയോ? ഇനി ഇപ്പോൾ ലോഡഡ് റിവോൾവർ എങ്ങാനുമാണോ, പോയിൻ്റ് ബ്ലാങ്കിൽ തൻ്റെ തിരുനെറ്റിയിൽ ബുള്ളറ്റ് കൊണ്ട് ഒരു തിലകം ചാർത്താനുള്ള മുന്നൊരുക്കളാണോ എന്നോർത്ത് അല്പനേരം ആകെ തരിച്ചുനിന്നു പോയി. പക്ഷെ പോക്കറ്റിൽ നിന്നെടുത്തത് അർബാബിൻ്റെ ഐഫോണായിരുന്നു. ഫോണിൻ്റെ ഗാലറിയിൽ നിന്നെടുത്ത ഒരു ഫോട്ടോ കാണിച്ചിട്ട് പെട്ടെന്ന് തന്നോടായി ചോദിച്ചു.
ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയെ അറിയുമോ?
ജനിച്ചിട്ട് മൂന്നാലുദിവസം മാത്രം പ്രായമുള്ള ഇരുനിറമുള്ള ആൺകുട്ടിയുടെ മുഖത്തു നോക്കി ആരാണെന്ന് എന്ന് ഉത്തരം പറയാനുള്ള ദൈവികമായ സിദ്ധിയൊന്നും ഇല്ലാത്തതിനാൽ അല്പം വിളറിയ ചിരിയോടെ നിന്നു കൊടുത്തു.
നീ ചിന്തിച്ച് വിഷമിക്കണ്ട, ഇതെൻ്റെ കുട്ടിയാണ്, കഴിഞ്ഞ ദിവസം അംബർ പ്രസവിച്ചു. ആ കുട്ടിയുടെ ഫോട്ടോ എൻ്റെ മണ്ടൻമാരായ കൂട്ടുകാരേ കാണിയ്ക്കാനായി കൊണ്ടുവന്നതാണ്. കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് കഴിഞ്ഞിടെയായി ജനിക്കുന്ന എൻ്റെ കുട്ടികൾക്ക് പഴയ നിറമില്ലാത്തതിന് അവർ മറ്റെന്തെല്ലാമോ പറഞ്ഞുണ്ടാക്കിയതിന് കഴിഞ്ഞ ദിവസം അജയനും, അലവിയും ആയി വെറുതെ വഴക്കുണ്ടാക്കി. അതു കഴിഞ്ഞ് വരുന്ന വഴിയാണ് അന്ന് ആ ദേഷ്യത്തിന് നിന്നേയും തല്ലേണ്ടി വന്നു. അതിന് ക്ഷമിയ്ക്കണം.
അർബാബ് എന്നോട് ക്ഷമയൊന്നും ചോദിയ്ക്കണ്ട. എനിക്ക് വിഷമമൊന്നുമില്ല.
ഇതാ നിനക്ക് നാട്ടിൽ പോകാനുള്ള ഒമാൻ എയർ ടിക്കറ്റും, നിൻ്റെ ശമ്പളവും. അടുത്ത വെള്ളിയാഴ്ചയാണ് പോകാനുള്ള ഡേറ്റ്. നിൻ്റെ ശമ്പളത്തിൻ്റെ കൂടെ ഒരു മാസത്തെ ശമ്പളവും കൂടെ അധികമുണ്ട്. നിനക്ക് രണ്ടു മാസം നാട്ടിൽ നിന്നിട്ട് തിരിച്ചു വരണമെങ്കിൽ വരാം. ക്യാൻസൽ ചെയ്ത് പോകണമെന്നാണ് നിൻ്റെ തീരുമാനമെങ്കിൽ അങ്ങിനെയാവട്ടെ, അതല്ല പിന്നീട് എന്നു വരണമെന്ന് തോന്നിയാലും ഫോൺ ചെയ്താൽ മതി. വിസ ശരിയാക്കാം.
ഞാൻ തിരിച്ചു വരുന്നില്ല അർബാബ്. ഇനി കുറച്ചു നാൾ നാട്ടിൽ കൂടാം എന്ന് കരുതുന്നു.
ശരി,നിൻ്റെ ഇഷ്ടം അതാണെങ്കിൽ അങ്ങിനെയാകട്ടെ. അടുത്ത വെള്ളിയാഴ്ച പോകാൻ റെഡി ആയിക്കോ, ഞാൻ എയർപോർട്ടിൽ കൊണ്ടു പോയി ക്യാൻസൽ ചെയ്ത് കയറ്റി വിടാം.
തിരിച്ചു പോക്കിൻ്റെ ദിവസം സമാഗതമായി.
ഏതോ കാലബിന്ദുവിൽ നിന്ന് നാലു വർഷം മുമ്പ് ആരംഭിച്ച യാത്ര ഇന്നിവിടെ തീരുന്നു. അടുത്ത യാത്ര തുടങ്ങുന്നു. അർബാബിനോട് യാത്ര പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു,കണ്ഠമിടറിയത് നെഞ്ചിലെവിടെയോ സുഗമമായ ശ്വാസത്തിന് വിലങ്ങുതടിയായി നിന്ന ചില ജന്മപാപങ്ങൾ തന്നെ കുത്തിനോവിച്ചതാണോ, എന്തോ എല്ലാത്തിൽ നിന്നും അകന്നുപോകുന്ന ഒരാശ്വാസത്തിൽ ആയിരുന്നു.
ഈ എയർപോർട്ടിൽ നിന്ന് പാസ്പോർട്ടിൽ അടിച്ചു തന്ന വിസയിൽ ആയിരുന്നു അറിയാത്ത പലരേയും അറിഞ്ഞത്, ഇന്നിവിടെ നിന്ന് പാസ്പോർട്ടിൽ അടിച്ച ക്യാൻസലിൻ്റെ പിൻബലത്തിൽ അറിഞ്ഞവരെ പലരേയും മറന്നൊരു യാത്ര തുടരട്ടെ.
അങ്ങു ദൂരെ വിമാനത്തിൻ്റെ ഗോവണിപ്പടികൾ എനിക്കായ് കാത്തു നിൽക്കുന്നു. കയറ്റങ്ങളും ഇറക്കങ്ങളും യാന്ത്രികമല്ലേ. നിസ്സംഗമായ മനസ്സോടെ കേറുന്ന നേരത്ത്, പണ്ടെന്നോ ഇതുപോലുള്ള പടികൾ ഇറങ്ങി വന്നതോർത്തു പോയി. അന്നു ചൊല്ലിയിറങ്ങിയ കവിതയും
ഓർമ്മ വന്നത് തികച്ചും യാദൃശ്ചികമായിരുന്നു.
"ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരെരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ്റെ സർഗ്ഗ ശക്തിയാം
ഈ കുതിരയെ വിട്ടയക്കുന്നു ഞാൻ "
പിന്നീട് യുദ്ധങ്ങൾ ഏതെല്ലാമോ ജയിച്ചെങ്കിലും കബണ്ഡങ്ങൾ കണ്ട് കരളുരുകി പോയ കലിംഗയുദ്ധ രാജാവിൻ്റെ ചിന്തകളിലൂടെ യാത്രകളിൽ
നിസ്സംഗതയുടെ കുപ്പായം ജീവിതത്തിൽ എന്നോ തുന്നിച്ചേർക്കുകയായിരന്നു.
ശ്വാസം വലിച്ചു വിട്ടു, മനസ്സ് ശാന്തമാക്കി ഇരിപ്പിടത്തിൽ ഒന്നു കൂടെ അമർന്നിരുന്നു. വിൻ്റോ സീറ്റ് കിട്ടിയിരുന്നെങ്കിൽ ശാന്തമായി രണ്ടു മൂന്നു മണിക്കൂർ ഉറങ്ങാമായിരിന്നു. ഇതിപ്പോൾ മൂന്നു സീറ്റിലെ ഇടത്തെ അറ്റത്തേ സീറ്റാണ് ലഭിച്ചത്. മറ്റു രണ്ടു യാത്രക്കാരും ഇടയ്ക്കിടയ്ക്ക് കടന്നിരിയ്ക്കയും പുറത്തു കടക്കുകയും ചെയ്യുമ്പോൾ ഇനി ശാന്തമായ ഉറക്കത്തിന് സാദ്ധ്യതയില്ല പുറം കാഴ്ചകളിലേയ്ക്ക് വെറുതെ കണ്ണയച്ചു. അങ്ങോട്ടുമിങ്ങോട്ടും ബദ്ധശ്രദ്ധരായി നീങ്ങുന്ന മൂന്ന് സുന്ദരികളായ എയർ ഹോസ്റ്റസുമാർ. അവരുടെ ചലനങ്ങളിലേക്ക് കണ്ണയച്ച് സീറ്റിൽ ചാരിക്കിടന്നു.
തൊട്ടുമുമ്പിൽ നിന്ന് വിമാനത്തിലെ സുരക്ഷാ രീതികൾ ലളിതമായി പറഞ്ഞു മനസ്സിലാക്കി തരുന്ന എയർഹോസ്റ്റസിനെ കണ്ടപ്പോൾ എന്തോ അലീമയെ ഓർമ്മ വന്നു. നന്നായി അറബി സംസാരിയ്ക്കാൻ പഠിച്ചതു പോലും അലീമയിൽ നിന്നാണല്ലോ. അല്ലെങ്കിലും അറിവില്ലാത്ത കാര്യങ്ങൾ പഠിപ്പിച്ചു തരാൻ അലീമയ്ക്ക് എന്നും ഒരു പ്രത്യേക കഴിവ് ആയിരുന്നല്ലോ.
തൊട്ടരുകിൽ വന്ന് മൃദുവായ ശബ്ദത്തിൽ സീറ്റ് അഡ്ജസ്റ്റ് ചെയ്ത് സുഖകരമായി ഇരിയ്ക്കാൻ പറഞ്ഞു തന്നതും, സീറ്റ് ബെൽറ്റ് ലോക്ക് ചെയ്യുന്ന വിധമെല്ലാം പറഞ്ഞു തന്നതുമായ എയർഹോസ്റ്റസിൻ്റെ സ്നേഹമസൃണമായ പെരുമാറ്റം അനീസയെ ഓർമ്മിപ്പിച്ചു. അനീസ എന്ന വാക്കിൻ്റെ അർത്ഥം തന്നെ സ്നേഹിത യെന്നാണല്ലോ, എന്നും നല്ല സ്നേഹിതയായിരുന്നു അനീസ.
വിമാനം ഉയർന്നു പൊങ്ങുന്നതിന് തൊട്ട് മുമ്പ് വീണ്ടുമൊന്ന് കണ്ണടച്ചിരുന്നപ്പോഴാണ് പണ്ടെന്നോ പരിചിതമായ ഫ്രഞ്ച്പെർഫ്യൂമിൻ്റെ അസുലഭ സുഗന്ധമരികിലായി നിലകൊണ്ടതറിഞ്ഞ് കൺതുറന്നത്. വിമാനം പുറപ്പെടാൻ തയ്യാറായി, തൻ്റെ കൈവശമിരിയ്ക്കുന്ന മൊബൈൽ ഓഫ് ചെയ്യുകയോ, ഫ്ലൈറ്റ് മോഡിലേയ്ക്ക് മാറ്റുകയോ ചെയ്യാൻ പറഞ്ഞ സുന്ദരി അംബർ അല്ല എന്ന് വിശ്വസിക്കാനായില്ല.
മൊബൈൽ ഫോൺ ലോക്ക് തുറന്ന് പവ്വർ ഓഫ് ചെയ്യാനൊരുങ്ങിയപ്പോൾ ഒരു കുഞ്ഞിളം പൈതലിൻ്റെ പൂപ്പുഞ്ചിരി സ്ക്രീനിൽ മിന്നി മാഞ്ഞതായൊരു തോന്നൽ.
അത് അന്ന് അർബാബ് അംബറിൻ്റെ കുട്ടിയുടെ ഫോട്ടോ കാണിച്ചതിൽ നിന്ന് ഉണ്ടായതായിരിക്കും.
ഏഴു ചെറുരാജ്യങ്ങൾ ഒന്നിച്ചു ചേർന്നതിൽ ഒന്നാമതായ അബുദാബിയിലെ അംബറിൽ ജനിച്ച ഇരു നിറവും വെളുത്ത ചിരിയുമുള്ള കൊച്ചിൻ്റെ ഫോട്ടോ ഇന്ത്യക്കാരനായ എന്നെ കാണിച്ചത് ഒമാൻ കാരനായ അബ്ദുൾ അസീസ് സ്വന്തം ഐഫോണിൽ. ആ കുട്ടിയുടെ പുഞ്ചിരിക്കുന്ന മുഖം ഇപ്പോൾ ഓർമ്മയിൽ, അതിരുകൾ ഇല്ലാത്ത ആകാശത്തിലെ വെളുത്ത മേഘങ്ങൾക്കിടയിലൂടെയുള്ള യാത്രയിൽ, ഈ കഥകൾ ഞാനെൻ്റെ കൂട്ടുകാരനോട് പറയുകയും അവൻ അത് എന്നെങ്കിലും FB യിൽ കഥകളായ് എഴുതിയിടുകയും ചെയ്യുമ്പോൾ ലോകത്തിൻ്റെ ഏതെങ്കിലുമെല്ലാം കോണിലിരുന്നു വായിക്കുന്നവരും, ഈ കഥാപാത്രങ്ങളും, എഴുത്തുകാരനും, ഞാനും എല്ലാവരും തമ്മിൽ ചേർന്നീ മരുപ്പച്ചകളിലെ കണ്ണികളായ് മാറുന്നനേരം. കഥകളിവിടെ തീരുകയാണോ, അതോ കഥകൾ വീണ്ടും തുടരുകയാണോ?
മരുപ്പച്ചകളിൽ നിന്ന് ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ
പച്ചപ്പിലേക്ക് ശാന്തമായൊരു യാത്ര.
The End

Written by Anilkumar PS

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot