മൂന്നു മിനിറ്റുകൂടിയുണ്ട് ഈ യാത്ര, വീടു മുതൽ മെയിൻ റോഡു വരെ. റോഡിനും വീടിനുമിടയിൽ ധാരാളം പച്ചപ്പ് വേണമെന്നതെൻ്റെ ആഗ്രഹമായിരുന്നു. അതു കൊണ്ട് വീട് പണിതത് റോഡിൽ നിന്ന് കുറേയേറെ അകത്തേയ്ക്ക് മാറ്റിയാണ്., അതാകട്ടെ പതിവുപോലെ ശാലിനിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അല്ലെങ്കിലും, ഞങ്ങളുടെ രണ്ടു പേരുടേയും ഇഷ്ടങ്ങൾ എതിർ ദിശയിലാണല്ലോ സഞ്ചരിക്കാറ്.
ഈയിടെയായി ഇതൊരു ശീലമാണ്. അരുൺ വന്ന് തിരിച്ചു പോകുന്നേരം അവൻ്റെയൊപ്പം കാറിൽ റോഡു വരെ. പിന്നെ അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ട് വീട്ടിലേക്ക് തനിയെ ഒരു തിരിച്ചു നടത്തം.
കാറിൽ നിന്നിറങ്ങി ഡോർ അടയ്ക്കുന്നേരം അവനെ ഓർമ്മിപ്പിച്ചു, അടുത്ത തവണ ജസ്‌നയെ കൂടെ കൂട്ടണമെന്ന്.
"ഇല്ലച്ഛാ. ഇവിടെ താമസിക്കാൻ വന്നാൽ എൻ്റെ നസ്രാണിക്കുട്ടിക്ക് ബുദ്ധിമുട്ടാകും.അമ്മയുടെ അടുക്കള സാമ്രാജ്യത്തിൽ ചെരുപ്പിടാതെ വേണ്ടേ കയറാൻ .ജസ്നയുടെവലതുകാലിൻ്റെ നീളക്കുറവും ഏന്തിയുള്ള നടപ്പുമൊന്നും അമ്മയുടെ മനസ്സിനെ സ്പർശിക്കില്ല. അവൾ പൊക്കമുള്ള ചെരുപ്പു കൊണ്ട് നീളക്കുറവ് അഡ്ജസ്റ്റ് ചെയ്യുകയാണെന്നും, ചെരിപ്പില്ലാതെ നടക്കുന്നത് ബുദ്ധിമുട്ടാണെന്നും അമ്മഓർമ്മിക്കാറുമില്ല.
ഇവിടെ തങ്ങുന്ന രണ്ടുനാൾ പാവം വയ്യാത്ത കാലും വച്ച് ഏന്തി വലിച്ചു നടക്കുന്നതു കാണുമ്പോൾ തറവാട്ടിലെ താമസത്തിൻ്റെ സുഖമൊക്കെ പോകും.അതാ ഞാനവൾ വീട്ടിൽപ്പോയ നേരത്ത് അച്ഛനുമമ്മയ്ക്കുമൊപ്പംതാമസിയ്ക്കാൻ വന്നത്. വന്ന് അന്ന് തന്നെ തിരിച്ചു പോകുകയാണെങ്കിൽ ഞാൻ ജസ് നയെ കൂടെ കൂട്ടാം."
"പിന്നെ അച്ഛന് ന്യൂ ഇയർ ഈവ് ആയിട്ട് ഒരു സർപ്രൈസ് ഉണ്ട്.അച്ഛൻ്റെ വരമുറിയിലെ അലമാര തുറന്ന് നോക്കണേ.പിന്നെ മടി പിടിയ്ക്കാതെ ഒന്ന് പെയ്ൻ്റ് ചെയ്യൂ,പതിനെട്ടാം വയസ്സിലെ മനസ്സിൻ്റെ ആശകൾ ."
'വര മുറി' . കേട്ടപ്പോൾ ചിരി വന്നു.പണ്ടു മുതൽക്കേ അരുൺ അങ്ങനെയാണ് പറയാറ്.വീടിൻ്റെ കിഴക്കേകോണിലെ മുറിയിലാണ് തൻ്റെ ചിത്രം വര .
ഗാലറിയും അതു തന്നെ,. മൂഡ് വരും നേരത്ത് പിറവിയെടുക്കുന്ന പെയ്ൻ്റിംഗ്സ്.
"അരുൺ, നീ ഗംഗൻ്റെയരികിൽ പോയിരുന്നോ?"
"ഉം, ഗംഗനങ്കിൾ എല്ലാം പറഞ്ഞു.... അന്നത്തെ ന്യൂ ഇയർ ഈവിലെ സാഹസം! "
"ഓയിൽ പെയ്ൻറും, കാൻവാസും എല്ലാം മുറിയിൽ വച്ചിട്ടുണ്ട് ഞാൻ .വേറൊരു സർപ്രൈസ് ഗിഫ്റ്റ് സൈഡിലെ പച്ച അലമാരയിലുണ്ട്, പണ്ടത്തെ ഓർമ്മയ്ക്ക്.
പിന്നെ വരയ്ക്കുന്ന ഛായാചിത്രത്തിൽ ഇടതു കവിളിലെ മറുക് മറക്കേണ്ട ".
ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അരുൺ തൻ്റെ മകൻ മാത്രമല്ല, ആത്മ മിത്രവുമാണെന്ന്. തൻ്റെ മനസ്സറിയുന്ന, തന്നെ മനസ്സിലാക്കുന്ന ,തന്നെ തിരുത്തുന്ന സുഹൃത്ത്. അവിടെ പിതൃ-പുത്ര ബന്ധത്തിൻ്റെ വേർതിരിവുകളില്ല;അതിർവരമ്പുകളും.
മുറിയിൽ കയറി പച്ചയലമാരയിൽ തെരഞ്ഞു. അത്ഭുതം തോന്നി, ഒരു ബോട്ടിൽ ബിയർ. .... ഇതു വരെയില്ലാത്ത പതിവ്. അതാകും പതിനെട്ടാം വയസ്സിലെ ആശയെന്നു പറഞ്ഞത്. മനസ്സിൽ ഓർമ്മകളുടെ മഴ. അന്നിതു പോലെയൊരു ന്യൂ ഇയർ ഈവിന് ആദ്യമായും അവസാനമായും ബിയറിൻ്റെ ലഹരിയറിഞ്ഞത്,അതിൻ്റെ ധൈര്യത്തിൽ രാത്രിയിൽ ശ്രീകലയെ കാണാൻ അവളുടെ വീട്ടിലെത്തിയത്., തുറന്ന ജനൽപ്പാളിയ്ക്കിപ്പുറം നിന്ന് മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞത്.
രണ്ടു പേരും പരസ്പരം മനസ്സറിഞ്ഞുതന്നെയാണ് സ്നേഹിച്ചത്. കാലം പോകെ പോകെ,വളർത്തി വലുതാക്കിയവരോടുളള കടപ്പാടിനെ തോൽപ്പിയ്ക്കാൻ കഴിയാതെ, മനസ്സിലെ സ്നേഹം ബലി കൊടുക്കേണ്ടി വന്നു രണ്ടു പേർക്കും.പക്ഷേ ഓർമ്മയിൽ ഇന്നും തെളിമയാർന്നു നിൽപ്പുണ്ട് ശ്രീകലയുടെ മുഖം ,മൂക്കിൻ തുമ്പിലടർന്നുവീണു അരുണിമ പടർത്തിയ സിന്ദൂരപ്പൊട്ടുമായി .എം ടിയുടെ കഥകളിലെ കാച്ചിയ എണ്ണയുടെ
സുഗന്ധം പോലെ, കടന്നു പോകവേ തൻ്റെ മുഖം തലോടിയ അവളുടെ മുടിയിഴകൾക്കിന്നും കഴിയും ഓർമ്മയിൽ സുഗന്ധം പരത്താൻ.
പെട്ടെന്ന് ഉയരുന്ന മൂഡിൻ്റെ ഗ്രാഫ് താഴ്ന്നു പോകും മുൻപ് വരയ്ക്കാനിരുന്നു , മനസ്സിലെ രൂപം, തിളങ്ങുന്ന കണ്ണുകൾ, ഇടതു കവിളിലെ മറുക് ,സിന്ദൂരപ്പൊട്ട് .
ബിയർ ബോട്ടിലും കാൻവാസിലെ ചിത്രവും കണ്ടിട്ടാകും ശാലിനിയുടെ ശബ്ദമുയർന്നത്.
" ഇതിൻ്റെ ഒരു കുറവേ ഇവിടുണ്ടായിരുന്നുള്ളു .... മോൻ്റെ താളത്തിന് തുള്ളുന്നഒരച്ഛൻ . ചിത്രത്തിൻ്റെ സബ്ജക്റ്റ് പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ"
പെട്ടെന്ന് മനസ്സിലെ ഉന്മേഷമത്രയും ഉരുകിയൊലിച്ചു പോയ പോലെ. ചായം പൂശുന്ന വിരലുകൾ നെല്ലിട നീങ്ങാതെ അനക്കമറ്റു നിന്നു. വരച്ചു പൂർത്തിയാകാത്ത സുന്ദരിയുടെ കണ്ണുകൾക്ക് ജീവൻ കൊടുക്കാനാകാതെ കുഴങ്ങുമ്പോൾകാൻവാസിൽ ചലനമറ്റു നിന്ന ബ്രഷിലെ ചായം കഴുകി കളയുക പോലും ചെയ്യാതെ, അലമാരയിൽ നിന്ന് ഒരു സെറ്റ് ഡ്രസ് വലിച്ചെടുത്ത് ബാഗിൽ തിരുകി .കാറിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ പ്രത്യേകിച്ചു ലക്ഷ്യം ഒന്നുമുണ്ടായിരുന്നില്ല.,വീട്ടിൽ ശാലിനി തനിച്ചാകുമെന്ന ഓർമ്മയും.
മനസ്സു ശാന്തമാകും വരെ താൽക്കാലികമായിട്ട് അവിടെ നിന്ന് മാറി നിൽക്കണം എന്ന ഒരേയൊരു തോന്നലിൽ മുന്നിൽ കണ്ട വഴികളിലൂടെ യാന്ത്രികമായി മുന്നോട്ടു നീങ്ങിയ കാർ ഒടുവിൽ നിന്നത് പണ്ട് ശ്രീകലയെ,ആദ്യമായി കണ്ടുമുട്ടിയ ക്ഷേത്രസന്നിധിയിലാണ്. അന്ന് കണ്ടതിനുശേഷം എത്രയോ മാസങ്ങൾ പിന്നിട്ടപ്പോഴാണ് അവൾ തൻ്റെ നാട്ടുകാരിയാണെന്നറിഞ്ഞത്.
അമ്പലത്തിനു മുന്നിലെ വഴികളിലൂടെ നടക്കുമ്പോൾ, ഓഡിറ്റോറിയത്തിൻ്റെ പടികളിൽ ഇരിക്കുമ്പോൾ , ഭക്തി സാന്ദ്രമായ അന്തരീക്ഷമായതിനാലാകാം മനസ്സ് ശാന്തമാകുന്നതറിഞ്ഞു.
അമ്പലത്തിനു മുന്നിലെ ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ കാർലോക്ക് ചെയ്ത് റിസപ്ഷനിൽ നിൽക്കുമ്പോൾ, അവിടെയിരുന്ന ചന്ദനക്കുറിക്കാരൻ നിഷേധാർത്ഥത്തിൽ തലയാട്ടി. റൂം ഒന്നും ഒഴിഞ്ഞതില്ലാത്രേ. ഒടുവിൽ എന്തൊക്കെയോ ആലോചനയ്ക്കൊടുവിൽ, തല ചായ്ക്കാൻ ഇടം കിട്ടാത്ത തൻ്റെ ദൈന്യത കണ്ടിട്ടാകാം, നീണ്ട വരാന്തയുടെ അറ്റത്തെ മുറി തുറന്നു തരപ്പെടുത്തിത്തന്നത്.
വല്ലാത്ത ക്ഷീണം.ബാഗ് മേശപ്പുറത്തു വച്ചു. പെട്ടെന്ന് കിടന്നു, ഉറങ്ങിയതറിഞ്ഞതേയില്ല.
പിന്നെയെപ്പൊഴോ,കട്ടിലിൽ നിന്ന് ആരോ എഴുന്നേൽക്കും പോലെയൊരു തോന്നൽ. അടച്ചിട്ട ബാത്ത് റൂമിനകത്തു നിന്നും അപകടത്തിൽ പെട്ടപോലെ ഒരു പെൺകുട്ടിയുടെ അലറിക്കരച്ചിൽ. അന്തരീക്ഷത്തിൽ മണ്ണെണ്ണയുടെ ഗന്ധം.അനുഭവിച്ചറിഞ്ഞതത്രയും സ്വപ്നമാണോ, യഥാർത്ഥ്യമാണോ എന്ന് വിവേചിച്ചറിയാനാകാതെ ഞെട്ടിയുണരുമ്പോൾ മനസ്സിൽ ഭയത്തിൻ്റെ വേലിയേറ്റം. മൊബൈൽ വെളിച്ചത്തിൽ മുറിയിലെ സ്വിച്ചമർത്തി. മങ്ങിയ വെളിച്ചത്തിൽ കണ്ടു, അഴികൾ മുറിച്ചുമാറ്റിയ വെൻ്റിലേറ്റർ.ഭിത്തിയിൽ പാതി കത്തിയമർന്ന കലണ്ടറിൻ്റെ ഭാഗങ്ങൾ. അഗ്നിനാളങ്ങൾ കരി കൊണ്ട്, പുക കൊണ്ട് ചിത്രമെഴുതിയഭിത്തികൾ.
തിടുക്കത്തിൽ ബാഗെടുത്ത് റിസപ്ഷനിൽ എത്തുമ്പോൾ ചന്ദനക്കുറിക്കാരൻ മേശമേൽ തല ചായ്ച്ചുറക്കത്തിലാണ്. ശല്യപ്പെടുത്താതെ,അടുത്തു കിടന്നകസേരയിലിരുന്ന് കണ്ണുകൾ അടയ്ക്കുമ്പോഴും തൻ്റെ നെഞ്ചിടിപ്പിൻ്റെ തോതുയർന്നിരുന്നു.
വെളുപ്പിന് ഹോട്ടലിന് മുന്നിൽ സൈക്കിളിൽ ചായ വിൽപ്പനയ്ക്കെത്തിയ ആളിൽ നിന്നാണറിഞ്ഞത്, രണ്ടാഴ്ചയ്ക്കു മുൻപ് ഒരുമിച്ചു ജീവിക്കാനാകാത്തതിനാൽ അതേ മുറിയിൽആത്മഹത്യ ചെയ്ത കമിതാക്കളുടെ കഥ. അന്ന് വെൻറിലേറ്റർ പൊളിച്ചാണത്രേ രക്ഷപ്പെടുത്താൻ വേണ്ടി ആളുകൾ റൂമിനകത്ത് കയറിയത്.
നേരം വെളുക്കാൻ കാത്തിരിയ്ക്കവേ മൊബൈലിൽ നോക്കി. മിസ്ഡ് കോളുകളുടെ നീണ്ട നിര. ശാലിനിയാണേറെയും.പിന്നെ അരുണും .
അരുണിൻ്റെ വോയ്സ് മെസേജ്.
" അച്ഛനെവിടെയുണ്ട്? ഫോൺ സൈലൻ്റിലാണോ?
എവിടെ പോകുകയാണെങ്കിലും അമ്മയോട് പറഞ്ഞിട്ട് പൊയ്ക്കൂടെ?
പാവം! ഫോൺ വിളിച്ചിട്ട് അച്ഛനെ കിട്ടിയില്ലാന്നും പറഞ്ഞ് കരച്ചിലായിരുന്നു. ഒടുവിൽ ഫോൺ കാൾവഴി സമാധാനിപ്പിക്കാനാകാതെ വന്നപ്പോൾ ഞാനും ജസ്നയും വീട്ടിലേക്കു പോന്നു.
അച്ഛൻ എന്നെങ്കിലും അമ്മയുടെ ഭാഗത്തു നിന്നു ചിന്തിച്ചിട്ടുണ്ടോ? ആ മനസ്സു കണ്ടിട്ടുണ്ടോ? ആ സ്നേഹം മനസ്സിലാക്കിയിട്ടുണ്ടോ? പരസ്പരം താങ്ങാകേണ്ടവർ ഇങ്ങനെയോ?
വേഗം മടങ്ങിക്കോളൂ, അമ്മയെ സമാധാനിപ്പിക്കാൻ അല്ലാതെ വേറെ വഴിയില്ല. ഇനി ഈ പ്രായത്തിലും സന്തോഷത്തോടെ ജീവിയ്ക്കാനറിയില്ലെങ്കിൽ എന്നെയും ജസ്നയേയും കണ്ടു പഠിക്ക് "
വീട്ടിലേക്ക്‌തിരിച്ചു കാറോടിയ്ക്കുമ്പോൾ അരുണിൻ്റെ വാക്കുകളായിരുന്നു ചെവിയിൽ .ശ്രീകലയെന്ന നഷ്ടത്തിനു ശേഷം ജീവിതത്തിലേക്ക് വന്ന ശാലിനിയെ എന്നെങ്കിലും മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ടോ? സ്നേഹിക്കുന്നതായി ഭാവിച്ചിട്ടുണ്ടോ? അവളുടെ മനസ്സു വായിച്ചിട്ടുണ്ടോ?
അരുൺ പറഞ്ഞത് ശരിയാണ്. അവരെ കണ്ടാണ് പഠിക്കേണ്ടത്. മതത്തിൻ്റെ കെട്ടുപാടുകളെ,വീട്ടുകാരുടെ സമ്മതമില്ലായ്മയെ എല്ലാം തങ്ങളുടെ പ്രണയത്തിൻ്റെ ശക്തി കൊണ്ട് തോൽപ്പിച്ച കഥ, കരുതലിൻ്റെ കരം കൊണ്ട് പ്രണയിനിയെ ഇന്നും ജീവൻ്റെജീവനായി ചേർത്തു നിർത്തുന്ന കഥ.
കോളിംഗ് ബല്ലിൽ വിരലമർത്തി .കരഞ്ഞു വീർത്ത കണ്ണുകളുമായി വാതിലിന്നപ്പുറം ശാലിനി. തിരിഞ്ഞു നടക്കുന്ന അവളെ സ്നേഹപൂർവ്വം പിന്നിൽ നിന്ന് പുണരുമ്പോൾ, നെഞ്ചോടു ചേർക്കുമ്പോൾ ,അരുണും ജസ്നയും പുഞ്ചിരിയോടെ ബഡ്റൂമിൻ്റെ വാതിൽ ചാരുന്നുണ്ടായിരുന്നു.
ഡോ. വീനസ്