നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അപരം | RBK Muthukulam

 

തീരുമാനം നടപ്പിലാക്കാൻ ഒരു മുക്കാൽ രാത്രി മാത്രമാണ് മുന്നിലുള്ളതെന്ന സത്യം എന്നെ അത്ര പരിഭ്രമിപ്പിക്കുന്നുണ്ടായിരുന്നില്ല.
വീടുപേക്ഷിച്ചുപോവുക എന്ന തീരുമാനം ശരിക്കും ഏകദേശം ഒരുവർഷം മുൻപേ തന്നെ കൈക്കൊണ്ടതാണ്. പക്ഷേ, അത് അരക്കിട്ടുറപ്പിക്കാൻ ഇത്രനാൾ വേണ്ടി വന്നു.
എന്നാൽ പോകേണ്ട ദിവസം ഇന്നുതന്നെയാണെന്ന്, ഈ രാത്രി തന്നെയാണെന്ന് ഉറപ്പിച്ചത് ഒരുമണിക്കൂർ മുൻപു മാത്രവുമാണ്.
കാരണം ഒരുമണിക്കൂർ മുൻപാണ് മണിയെ ഇവിടുന്നു കൊണ്ടുപോയത്. മണി പോയതോടെ ബുദ്ധി നഷ്ടപെട്ടതുപോലെയുള്ള ഒരവസ്ഥയിലായിപ്പോയി അൽപനേരം. പക്ഷേ എതാനും സമയത്തെ പ്രജ്ഞയില്ലായ്മക്കു ശേഷം വർദ്ധിതവീര്യത്തോടെയാണ് ബാക്കി കാര്യങ്ങൾ തുടർന്നത്. വീടുവിട്ടുപോകുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
ജനിച്ച വീടും നാടും ത്യജിച്ചുപോകാൻ മനസ്സുണ്ടായിട്ടല്ല. ഇവിടെ ഇനിയും പിടിച്ചു നിൽക്കാൻ വയ്യാ! പോകാൻ തുനിഞ്ഞാൽ പിടിച്ചു നിറുത്താനും ആരുമില്ല.
മറിച്ച് എല്ലാവർക്കും ആശ്വാസമാവുകയേയുള്ളൂ.
ആൺമയുടെ രോമകവചത്തിനുള്ളിൽ ഒതുക്കിവെച്ച പെണ്മയുമായി ഇനിയിവിടെ വീർപ്പടക്കിക്കഴിയാൻ ആവില്ല. മറ്റൊരാളുടെ പാകമാകാത്ത വേഷമിട്ടു നടക്കുന്നതിന്റെ ആത്മവിശ്വാസക്കുറവ്, ആൾമാറാട്ടം നടത്തുന്നയാളുടെതുപോലുള്ള പതർച്ച; ഒക്കെ എത്രയോ നാളായി അനുഭവിക്കുന്നു.
സ്വന്തം സ്വത്വത്തെ പ്രതിഫലിപ്പിക്കാൻ തക്കവണ്ണം പാകമായ തിരശീല പതിപ്പിച്ച ഇടങ്ങൾ ഈ ലോകത്ത് ഉണ്ടാവില്ലേ? ജീവിതത്തോട് ഒരാൾ സ്വാഭാവികമായി പ്രതികരിക്കുമ്പോൾ മൂക്കത്തു വിരൽവെക്കാത്തവരുടെ സ്ഥലം-അതെവിടെയാണ്?!
-എവിടെയായാലും ഒന്നറിയാം, അത് ഇവിടുത്തെക്കാൾ ഭേദമായിരിക്കും.
പുറമേ പുരുഷനായി വളരുമ്പോൾ അകമേ സ്ത്രീത്വം കുടത്തിലെ വിളക്കുപോലെ തെളിമയാർന്നു ജ്വലിച്ചുയരുന്നു . മനസ്സ് സ്ത്രൈണകൗതുകങ്ങളിൽ അഭിരമിക്കുന്നു. അത് വിരൽനഖങ്ങളിൽ ചായം പൂശുന്നതു മുതൽ സ്വന്തം കാലിൽ നിൽക്കുന്ന, അന്തസ്സുള്ള വനിതയായി മാറുന്നതു വരെയുള്ള സ്വപ്‌നങ്ങൾകാണുന്നതുവരേയും, അതിനു മേലേക്കും വളർന്നുകൊണ്ടിരിക്കുന്നു.
സ്വന്തം സ്വാഭാവികതകൾ മറ്റുള്ളവർക്ക് അസ്വാഭാവികതകളാകുന്നത് തിരിച്ചറിഞ്ഞു. ശരിക്കും മറ്റുള്ളവരുടെ പ്രതികരണങ്ങളിലൂടെയാണ് സ്വന്തം വ്യക്തിത്വത്തെ പതിയെ അറിഞ്ഞുതുടങ്ങിയത്.
പ്രകൃതത്തിലും ശരീരഭാഷയിലും പ്രകടമായിരുന്ന പെൺഭാവങ്ങൾ മറ്റുള്ളവരുടെ മുഖത്തു വിരിയിച്ചത് ആശ്ചര്യമായിരുന്നു.
എന്നാൽ വീട്ടുകാർക്ക് അത് അസ്സഹനീയമാം വിധം നാണക്കേടും.
അച്ഛനെയും സഹോദരങ്ങളെയുംകാൾ, അമ്മയ്ക്കായിരുന്നു പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ട്. രോഗിയായ അച്ഛന്റെ ചുമതലകൾ ചുമലിൽ താങ്ങി മൂത്ത സഹോദരിമാർക്ക് കരുത്തനായ ആങ്ങളയായി നിലകൊള്ളുമെന്ന പ്രതീക്ഷകൾ മങ്ങിയപ്പോൾ അമ്മ വല്ലാതെ നിരാശയിലായി. നിരാശ വലിയ ദേഷ്യത്തിന് വഴിമാറി.
ശാപഗ്രസ്തമായ ദിനങ്ങൾ. കേണുറങ്ങിയ രാവുകൾ...
എല്ലുമുറിയെ പണിയെടുത്ത് വീടു നോക്കാൻ തയ്യാറായിരുന്നു. പത്താം ക്ലാസ്സോടെ നിറുത്തിയ പഠനം പുനരാരംഭിക്കാനുള്ള ആഗ്രഹത്തെ കുഴിച്ചുമൂടിക്കൊണ്ട് ജോലിക്കു പോകാൻ ആരംഭിച്ചു. അന്തസ്സായി ജോലിചെയ്തു വീടുപുലർത്താൻ പൗരുഷമല്ല, ആരോഗ്യവും മനസ്സുമാണ് വേണ്ടതെന്നറിയാമായിരുന്നു.
കെട്ടിടനിർമ്മാണത്തൊഴിലാളിയായി ആദ്യം. പുരുഷന്മാരുടെ കുത്തകയായ പണിയിടത്തിൽ സ്ത്രീകൾക്കെന്തു കാര്യമെന്നു ചോദിച്ചുകൊണ്ടുള്ള ആദ്യദിവസങ്ങളിലെ പരിഹാസം പിന്നെ ശാരീരിക ചൂഷണമായി മാറാൻ അധികദിവസം വേണ്ടിവന്നില്ല.
സഹികെട്ടു വിട്ടുപോരേണ്ടിവന്നു.
പിന്നീട്, റോഡുപണിയ്ക്കും പാടത്തു പണിയ്ക്കും പോയി. അവിടെയൊക്കെ ഒരു സ്ത്രീക്കു കൊടുക്കുന്ന വേതനം പോലും ലഭിച്ചില്ല. രണ്ടിലൊന്നിൽ ഏതിലെങ്കിലും വേരുറക്കാത്ത ലൈംഗികപക്ഷത്തിലുള്ളവർക്ക് എവിടെയും പരിഗണന ലഭിക്കില്ല എന്ന് അതോടെ മനസ്സിലാക്കി.
പരിഹാസത്തിന്റെ കുപ്പിച്ചില്ലേറുകൾ കൊണ്ടു മനസ്സുമുറിവേൽക്കാത്ത ഒരു ദിവസവും അവരുടെ ജീവിതത്തിൽ ഇല്ല.
വീണ്ടും വീട്ടിലിരിപ്പായതോടെ വീണ്ടും ശാപവാക്കുകൾ കേൾക്കാൻ തുടങ്ങി.
അമ്മയുടെ മുന്നിൽ നിൽക്കാൻ തന്നെ ബുദ്ധിമുട്ടായി. അത്രമാത്രം അമ്മ യുദ്ധസന്നാഹത്തിൽ, ശത്രുവിനോടെന്ന പോലെ പെരുമാറിക്കൊണ്ടിരുന്നു!
ആയിടക്കാണ് വീട്ടിലെ ആട് പ്രസവിച്ചത്. ആട്ടിൻകുട്ടിയുടെ പ്രകൃതം എല്ലാവരെയും അത്ഭുതപ്പെടുത്തി. അതിന് രണ്ട് ലൈംഗികാവയവം ഉണ്ടായിരുന്നു! പിൻഭാഗത്ത് പെണ്ണാടിന്റേതു പോലെ തോന്നിക്കുന്ന മൂത്രനാളിയും ആണാടിന്റെ അവയവം ഉണ്ടാകേണ്ട ഭാഗത്ത്‌ ഒരു കുഞ്ഞു മാംസക്കഷണവും!
'ഇത് ഏതിനത്തിൽ പെടു' മെന്ന് അച്ഛനുൾപ്പെടെ എല്ലാവരും പരിതപിച്ചു.
'ഇതൊരു ജനിതക വൈകല്യമാണ്.' ഒടുവിൽ മൃഗഡോക്ടർ പറഞ്ഞു:
'എങ്കിലും പെണ്ണാടിനെ പോലെ മൂത്രമൊഴിക്കുന്നതിനും മറ്റും വലിയ തടസമില്ല. പക്ഷേ ഗർഭം ധരിക്കാനോ പ്രസവിക്കാനോ കറവ ഉണ്ടാകാനോ തീരെ സാധ്യത ഇല്ല'
അക്കാര്യത്തിൽ വീട്ടിലാർക്കും അത്രവലിയ ഗൗരവം ഉള്ളതായി തോന്നിയില്ല. മാത്രമല്ല പലപ്പോഴും ആ ആട്ടിൻകുഞ്ഞിനെപറ്റി ഏതോ വിശിഷ്ടജന്മം എന്നപോലെ സംസാരിക്കുകയും ചെയ്തു. ഇതുപോലൊന്ന് ഇവിടെ പിറന്നത് ഐശ്വര്യം കൊണ്ടുവരനാണെന്ന് ആരോ പറഞ്ഞതോടെ അമ്മയുടെ സ്നേഹപാത്രമായി അതു മാറി.
അമ്മ ആട്ടിൻകുഞ്ഞിനെ പ്രത്യേകമായി നോക്കേണ്ട ചുമതല എന്നെ ഏല്പിച്ചു.
'ഇതിന്റെ കാര്യമെല്ലാം നീ നോക്കണം. ദിവസവും കുളിപ്പിക്കണം, കേട്ടല്ലോ?!'
അമ്മ പറഞ്ഞതുകേട്ട് മൂത്ത ചേച്ചി പരിഹാസത്തോടെ തലയിളക്കി:
'അതേ, രണ്ടും ഒരേപോലെയല്ലേ, ചേരുംപടി ചേരും!'
അല്ലെങ്കിലും ആടിനെ നോക്കാൻ പണ്ടും ഇഷ്ടമാണ്. അമ്മിണിയെ-തള്ളയാടിന്റെ പേരാണ് - പുല്ലുകിളിർത്ത പാടത്തു കൊണ്ടുപോയി കെട്ടുന്നതും, പ്ലാവിൻ തൂപ്പൊടിച്ചു തിന്നാൻ കൊടുക്കുന്നതും തിന്നുന്നത് നോക്കിനിൽക്കുന്നതുമൊക്ക വലിയ ഇഷ്ടമാണ്.
'മണി' എന്നാണ് ആട്ടിൻ കുട്ടിക്ക് പേരിട്ടത്.
ലിംഗവിവേചനമില്ലാത്ത ഒരു പാവം പേര്! ആർക്കും എന്തിനും അതു ചേരുമല്ലോ!
മണി വളരെ കുറുമ്പുള്ള ഒരാട്ടിൻകുട്ടിയാണ്. ഓട്ടവും കുതിച്ചു ചാട്ടവും. പ്ലാവിലയും കഞ്ഞിയുമൊക്ക ഇഷ്ടം പോലെ അകത്താക്കും. ഇടയ്ക്കു തലകുനിച്ചു കളിയായി ഇടിക്കാൻ വരും.
മണി മെല്ലെ ഒരു ചെറിയ, വലിയ കൂട്ടായി മാറുകയായിരുന്നു. പുല്ലു തിന്നാൻ പാടത്തു കൊണ്ടുപോകുമ്പോൾ മണിയോടു സ്വതന്ത്രമായും സ്വകാര്യമായും കിന്നരിച്ചു. മൂടിവെച്ചിരുന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും ഹൃദയം തുറന്നു കാട്ടി. കണ്ടുമറന്ന ഏതോ ചലച്ചിത്രഗാനത്തിലെ നായികയെപ്പോലെ പാടത്തെ പുൽപരപ്പിൽ അലസമായി ഉരുണ്ടും നാണിച്ചു മുഖം പൊത്തിച്ചിരിച്ചും ഇല്ലാത്ത മാറിടമിളക്കിയും സ്ത്രൈണസാക്ഷാത്കാരം നടത്തി.
സത്യത്തിൽ പെണ്ണത്തം കൂടുതൽ ആഘോഷിക്കുന്നത്, പെണ്ണുങ്ങളല്ല എന്നത് വിചിത്രമായി തോന്നുന്നു.
സ്ത്രീത്വത്തോടുള്ള കടുത്ത അഭിവാഞ്ഛയിൽ അവർ പൂ ചൂടി, കടും ചായക്കൂട്ടുകളാൽ മുഖം മിനുക്കി, അരയിളക്കി അതിലേക്കോഴുകുന്നു!
ആയിടയ്ക്കാണ് ഇളയചേച്ചിയുടെ പിറന്നാൾ വന്നത്. അച്ഛൻ അവൾക്ക് അന്നേദിവസം ഒരു ഭംഗിയുള്ള വെള്ളക്കല്ലുകൾ പതിച്ച ഇമിറ്റേഷൻ നെക്ക്ലേസ് സമ്മാനിച്ചു. അതിമനോഹരമായ ആ മാല ഉള്ളിലുണ്ടാക്കിയ കൊതി വലുതായിരുന്നു. ഒരിക്കലെങ്കിലും അതൊന്നണിഞ്ഞു കണ്ണാടി നോക്കാൻ വല്ലാതെ മോഹിച്ചു. താമസിയാതെ അതു സാധിച്ചു. ഒരു രാത്രിയിൽ, എല്ലാവരും ഉറക്കം പിടിച്ചപ്പോൾ അതു കൈക്കലാക്കി.
മുറിയിൽ വന്നു കണ്ണാടി നോക്കി കണ്ണെടുക്കാതെ നിൽക്കുമ്പോൾ കണ്ടു പുറകിലായി അച്ഛന്റെ ക്രോധം കൊണ്ടു ചുവന്ന മിഴികൾ!
ഞെട്ടൽ മാറും മുൻപേ കരണം പുകച്ചു രണ്ടെണ്ണം കിട്ടി.
'പോയി ചാകിനെടാ തെണ്ടി! എവിടെങ്കിലും പോയിത്തുലയ്!' ശബ്ദം പുറത്തു പോകാതിരിക്കാൻ അച്ഛൻ നന്നേ പണിപ്പെട്ടു:
'കൂടെ ജോലി ചെയ്യുന്ന രാഘവൻ വൈകിട്ടു വെള്ളമടിച്ചു കഴിഞ്ഞപ്പോൾ കളിയാക്കിക്കൊണ്ടു പറഞ്ഞത് എന്താന്ന് അറിയോ നിനക്ക്?'
കവിൾപൊത്തി നിൽക്കുമ്പോൾ അച്ഛൻ ക്ഷോഭമടക്കി കിതപ്പോടെ പറഞ്ഞു:
'മോനെ അന്തിയാവുമ്പോ വല്ല ബസ് സ്റ്റാൻഡിലേക്കോ റയിൽവേസ്റ്റേഷനിലേക്കോ പറഞ്ഞുവിട് ശേഖരാ, അജ്ജാതിക്കാർക്കാ ഇപ്പൊ തെരുവുപെണ്ണുങ്ങളെക്കാൾ മാർക്കറ്റെന്ന്. ചോദിക്കുന്ന കാശു കിട്ടുമെന്ന്!'
തുടർന്ന് അച്ഛൻ വിവേചിച്ചറിയാൻ വയ്യാത്ത മുഖഭാവത്തിൽ ചോദിച്ചു : 'എങ്ങനെ നീ എനിക്കു തന്നെ വന്നു ജനിച്ചു!'
ഈ വിഷയത്തിൽ ഇത്രയും ഗൗരവത്തോടെ ആദ്യമായിട്ടായിരുന്നു അച്ഛൻ എന്നോടു പ്രതികരിക്കുന്നത്.
-ഒരു തീരുമാനമെടുക്കാൻ ആ സംഭവം ധാരാളം മതിയായിരുന്നു. നിറുത്താതെ കരഞ്ഞ ആ ഒരു രാത്രി ധാരാളം മതിയായിരുന്നു.
മൂന്നാം ലിംഗവിഭാഗത്തിന് കുറേക്കൂടി സ്വീകാര്യത ലഭിക്കുന്ന കേരളത്തിന്‌ വെളിയിലുള്ള സ്ഥലങ്ങളെ പറ്റി അറിയാമായിരുന്നിട്ടും അതിലൊന്നും താല്പര്യം തോന്നിയില്ല.
അവനവന് അവനവനായിത്തന്നെ ജീവിക്കുവാനാവുന്ന ഒരിടം മതി.
മോഷ്ടിക്കാതെ, വ്യഭിചരിക്കാതെ, കബളിപ്പിക്കാതെ അന്തസ്സായി പണിയെടുത്ത് മരിക്കുവോളം ജീവിക്കാനുതകുന്ന ഒരു ദേശം!
കഴിവിനും കഴിവില്ലായ്മക്കും തൂക്കം നോക്കാത്ത, പണവും ദാരിദ്ര്യവും അളന്നുകുറിക്കാത്ത കുറവിനെയും കൂടുതലിനെയും വരവുവെക്കാത്ത ഒരു നാട്!
ഇഷ്ടമുള്ള വേഷം ധരിച്ചു സ്വന്തം ശരീരഭാഷയിലും ഭാവപ്രകടനങ്ങളിലും ആത്മവിശ്വാസത്തോടെ പെരുമാറാൻ, സ്വയം അടയാളപ്പെടുത്താൻ ഒരു സ്ഥലം!
അങ്ങനെയൊരിടം തേടി നടക്കുക എന്ന ചിന്ത തന്നെ അതിനോടുള്ള പ്രേരണ വർധിപ്പിച്ചു.
പിന്നെ അതിനുള്ള തയ്യാറെടുപ്പായിരുന്നു. ജോലിയെടുത്തപ്പോൾ കിട്ടിയ കാശ് വീട്ടിൽ നൽകിക്കഴിഞ്ഞു ബാക്കി മിച്ചം വെച്ചു സൂക്ഷിച്ചത് കയ്യിലുണ്ട്.
വിട്ടുപോകുന്ന കാര്യം ചിന്തിക്കുമ്പോൾ തന്നെ തളർച്ച തോന്നും. സ്മരണകളിൽ ആനന്ദിപ്പിക്കുന്നവ ഒന്നും തന്നെയില്ലെങ്കിലും ഇവിടെയുള്ള ആരും പ്രിയപ്പെട്ടവർ അല്ലാതെയാകുന്നില്ലല്ലോ!
മണിയുടെ കാര്യമോർത്തപ്പോൾ ഒരുതവണ ഒന്നുമാറി ചിന്തിച്ചതാണ്. അതിനെ വിട്ടു പിരിയാൻ മനസ്സു വരുന്നില്ല. അതിന്റെ പ്രകൃതത്തിനു മറ്റാരു നോക്കിയാലും ശരിയാവില്ല. പാകമാകാത്ത അവയവത്തിലൂടെ മണിക്ക് അത്ര സാധാരണപോലെ എളുപ്പത്തിൽ മൂത്രവിസർജ്ജനം നടത്താൻ കഴിയുമായിരുന്നില്ല. മൂത്രം ചിതറിവീണു കാലുകൾ എപ്പോഴും നനയുമായിരുന്നു. അതിനാൽ ആ സമയത്തൊക്കെ കഴുകി വൃത്തിയാക്കേണ്ടിവരും. വീട്ടിൽ മറ്റാരും അതു മടുപ്പില്ലാതെ ചെയ്യില്ലെന്നുറപ്പാണ്.
അങ്ങനെയൊരു സന്ദേഹം മനസ്സിൽ മുളപൊട്ടിയിരിക്കെയാണ് മണിയെ വിൽക്കാനായി തീരുമാനിച്ച വിവരം അറിയുന്നത്. മേനിക്കൊഴുപ്പുകണ്ടു ഇറച്ചിവിൽപ്പനക്കാരാണ് സമീപിച്ചത്. ക്രിസ്തുമസ്സിന് ഇളം മാംസമുള്ള ആടിന് നല്ല ഡിമാൻഡ് ഉണ്ടത്രേ. സീസൺ ആയതിനാൽ നല്ല വില കിട്ടും. ഏതോ ഹോട്ടലിനു വേണ്ടിയാണത്രെ!
നൊന്തുപിടഞ്ഞുപോയി..
വിൽക്കരുതേ -അതും കൊന്നുതിന്നാനായി-എന്ന് കഴിയുംപോലെ എതിർത്തു. അമ്മയ്ക്ക് പാതി മനസ്സായിരുന്നു. ഐശ്വര്യം ഇറങ്ങിപ്പോകുമോ എന്ന ഭയം. നല്ല വില കിട്ടുമെന്നറിഞ്ഞപ്പോൾ ആ തടസ്സവും മാറി.
ഫലമില്ലാത്ത ഒന്നിനെ തീറ്റിപ്പോറ്റുന്നതെന്തിന് എന്ന ന്യായമായ ചോദ്യം. ചില ന്യായങ്ങൾക്ക് ഹൃദയമില്ല. നീതിക്കു കണ്ണില്ലാത്തതു പോലെ!
ആ ചോദ്യത്തിന്റെ അമ്പുമുന ദിശമാറി വളഞ്ഞുവന്നു ഹൃദയത്തിൽ തറച്ചു.
വർഷങ്ങളായി ഫലമില്ലാത്ത മറ്റൊന്നിനെയും തീറ്റിപ്പോറ്റുന്നു എന്ന വ്യംഗ്യത്തിന്റെ മുൾമുന!
വിട്ടു പോകുവാനുള്ള തീരുമാനം ഇളകാത്തവിധം ഉറക്കുന്നതും അതോടെയാണ്.
രാത്രി ഒൻപതു മണികഴിഞ്ഞാണ് മണിയെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയത്.
അങ്ങോട്ടേക്ക് നോക്കാൻ പോയില്ല.
മണി കുതറുന്നതിന്റെ മണിയൊച്ച കേൾക്കുന്നുണ്ടായിരുന്നു. തള്ളയാടും കുഞ്ഞാടും പരസ്പരം വിളിച്ചു കരയുന്നതും കേട്ടു.
മണി നാളെ ഏതോ വിഭവമാകാൻ പോകുന്നു! വേദനയോടെ ചിരിച്ചു. അമ്മ പോലും സമ്മതിച്ചല്ലോ!
ഓട്ടോയുടെ ശബ്ദം അകന്നകന്നു നിശബ്ദതയിൽ അലിഞ്ഞപ്പോൾ വേഗം എഴുന്നേറ്റു. എല്ലാം ബാഗിൽ സജ്ജീകരിച്ചു.
റായിൽവേ സ്റ്റേഷനിൽ പോയി ആദ്യം ഏതു ദിക്കിലേക്കുള്ള ട്രെയിൻ ആണോ വരുന്നത് അവിടേക്കു ടിക്കറ്റ് എടുക്കുക. അവിടെ വരെ തീരുമാനിച്ചിട്ടുണ്ട്. ബാക്കിയൊക്കെ വരുമ്പോലെ!
ഉറങ്ങാൻ കിടന്നില്ല. അഥവാ ഉണരാൻ വൈകിയാലോ? ചുമരിൽ ചാരി വെറുതേ എന്തൊക്കെയോ ഓർത്തുകൊണ്ടിരുന്നു.
മണി ഇപ്പോൾ നിറുത്താതെ കരയുകയാവാം. നാളെ ഒരു മാംസത്തുണ്ടായി ഏതോ വില്പനശാലയിൽ.. ഹൃദയം പൊള്ളുന്നു അതോർക്കുമ്പോൾ.. ഒരു ജീവിയുടെ മാംസം മറ്റൊരു ജീവിക്ക് രുചികരമായി അനുഭവപ്പെടാൻ തക്കവണ്ണമാക്കിയ ദൈവം ഏതു ജീവിയുടെ പക്ഷത്താണ്?
ഓട്ടോയുടെ ശബ്ദം കേട്ടാണ് മയക്കം വിട്ടുണർന്നത്. ഒപ്പം ആരൊക്കെയോ പിറുപിറുക്കുന്ന ശബ്ദവും. പതിഞ്ഞ സംഭാഷണങ്ങൾ പുറകുവശത്തെ ആട്ടിൻ ചായ്‌പിലേക്കു നീങ്ങുന്നു. പെട്ടെന്ന് ആ ഭാഗത്തെ ലൈറ്റ് തെളിഞ്ഞു. ഒറ്റപ്പാളി ജനാല മെല്ലെ തള്ളിത്തുറന്നു പുറത്തേക്കു നോക്കി.
അപ്പോഴേക്കും അമ്മിണിയാടിന്റെ കരച്ചിൽ കേട്ടു. മറുപടിയെന്നോണം മണിയുടേയും!!
ഹൃദയമൊന്നു തുള്ളിപ്പോയി.
മണി ഓടിച്ചെന്നു അതിന്റെ അമ്മയോടു പറ്റിച്ചേർന്നു നിന്നു. അമ്മിണി അരുമയോടെ അവളുടെ കുഞ്ഞിനെ നാവുനീട്ടി നക്കിത്തുവർത്തി. മണിയുടെ കഴുത്തിൽ കെട്ടിയിരുന്ന 'മണി' ഇപ്പോൾ കാണാനില്ലായിരുന്നു.
അച്ഛനും ഓട്ടോക്കാരനും ആടുക്കൾക്കരികിലുണ്ട്.
അപ്പോഴേക്കും അമ്മ വീട്ടിൽനിന്നും ഓടിയിറങ്ങി വന്നു.
അച്ഛൻ അമ്മയുടെ നേരെ ഒച്ചവെച്ചു :
'ഇപ്പോ സമാധാനമായോ നിനക്ക്? ആടിനെ കൊണ്ടുപോയികഴിഞ്ഞപ്പോൾ മു തൽ തുടങ്ങിയ സ്വൈര്യക്കേടാ.. ആടിനെ കാണാണ്ടിരിക്കാൻ വയ്യെങ്കിൽ പിന്നെന്തിനു വിൽക്കാൻ സമ്മതിച്ചു'
ആടിനെ തിരികെ കൊണ്ടുവരാൻ പെട്ട പാടിനെക്കുറിച്ചും നഷ്ടപരിഹാരമായി ഇറച്ചിവെട്ടുകാരന് അഞ്ഞൂറുരൂപ കൂടുതൽ കൊടുത്തതിനെ കുറിച്ചും മെനക്കേടിനെക്കുറിച്ചുമൊക്കെ അച്ഛൻ ആരോടെന്നില്ലാതെ പരാതിപ്പെടുമ്പോൾ, അമ്മ ചെന്ന് മണിയെ തന്റെ ദേഹത്തോട് ചേർത്തുപിടിച്ചു നെറ്റിയിൽ മുകർന്നു.
'പോയിക്കഴിഞ്ഞപ്പോഴാ അതിന്റെ ദണ്ണം മനസ്സിലായെ..!' അമ്മ പാതി കരച്ചിലും പാതി ചിരിയുമായി പറഞ്ഞു:
'മക്കളെ ആരോ എന്റെയടുത്തുനിന്നും തട്ടിക്കൊണ്ടുപോയപോലെ ഒരു വിഷമം! ഇരിക്കാനും വയ്യാ, നിക്കാനും വയ്യാ.. സങ്കടം കാരണം തൊണ്ടക്കു താഴേക്കു വെള്ളമിറങ്ങുന്നില്ലാരുന്നു!'
മണിയെ ഒന്നുതഴുകി വീണ്ടും ചേർത്തുപിടിച്ച് അമ്മ ഗദ്ഗദത്തോടെ പറഞ്ഞു:
'ആണായാലും പെണ്ണായാലും ഇതിനെ ഞാൻ തന്നെ നോക്കും.!'
ശബ്ദമുണ്ടാക്കാതെ ജനൽപ്പാളിയടച്ചു. അപ്പോഴേക്കും വിതുമ്പിപ്പൊട്ടിപ്പോയി.
ഇത്രയും സ്നേഹം അമ്മക്ക് ഉണ്ടായിരുന്നോ?
ഇത്രയും കനിവ്..?!
അമ്മയുടെ വയറ്റിൽ ജനിച്ചിട്ടും ഈ കരുണ എന്തേ ഇതുവരെ വെളിപ്പെടാഞ്ഞു?!
ഒരാളുടെ ജന്മനായുള്ള ലിംഗപരിപൂർണ്ണത, അയാളുടെ ഇച്ഛയിലല്ല സംഭവിക്കുകയെന്ന ലളിതമായ സാമാന്യയുക്തി അമ്മയ്ക്ക് എന്റെ കാര്യത്തിൽ ഇല്ലാതെ പോയല്ലോ..
മണി രക്ഷപെട്ടു എന്ന ഊർജ്ജദായകമായ സന്തോഷവാർത്ത ഉണ്ടാക്കിയ ആവേശത്തിൽ പോകുന്ന കാര്യം വിസ്മരിച്ചുപോയിരുന്നു.
ഇനി സന്തോഷത്തോടെ പോകാം.
മണിക്ക് അമ്മയുണ്ട്. അമ്മ നോക്കുമെന്നുറപ്പുണ്ട്.
അച്ഛൻ നിർബന്ധിച്ചതനുസരിച്ച്, കട്ടൻകാപ്പി കുടിച്ചിട്ടു തിരിച്ചുപോകാമെന്നു ഓട്ടോക്കാരൻ സമ്മതിച്ചു. വെളുപ്പിനത്തെ തണുപ്പ് അധികരിച്ചിട്ടുണ്ട്. അച്ഛനും ഓട്ടോക്കാരനും വർത്തമാനം പറഞ്ഞുകൊണ്ട് കരിയില കൂട്ടിയിട്ട് തീകായാനിരുന്നു. അമ്മ കട്ടൻ കാപ്പിയിടാൻ അടുക്കളയിൽ കയറി. ചേച്ചിമാർ ഭദ്രമായി ഉറങ്ങുന്നു.
നല്ല സമയം!
മുറ്റത്തെ ലൈറ്റ് തെളിയാത്തത് ഭാഗ്യമായി. പഴയ മഫ്ളർ തലയിൽ ചുറ്റി ചെറിയ ബാഗുമായി പുറത്തുകടന്നു. കതകിന്റെ വളഞ്ഞ പിച്ചളപിടിയിൽ ഒരു കടലസുകഷ്ണം ചുരുട്ടി വെച്ചു. 'ഞാൻ പോകുന്നു. ആരും തിരക്കി വരണ്ട ' എന്ന് എഴുതിയിട്ടുണ്ട് അതിൽ. 'ആരും തിരക്കിവരണ്ട' എന്ന വാചകം പരിഹാസത്തോടെ ചിരിച്ചു!
ഇരുട്ടുവഴിയിലൂടെ അൽപ്പം നടന്നപ്പോൾ മണിയുമായി വീട്ടിലേക്കു വന്ന ഓട്ടോറിക്ഷ പുറകിലൂടെ വരുന്നുണ്ടെന്ന് മനസ്സിലായി. അയാൾ തിരികെ പോവുകയാണ്.
കൈകാണിച്ചപ്പോൾ നിറുത്തി. പരസ്പരം അത്ര പരിചയമില്ലാത്തതിനാൽ ആൾക്ക് മനസ്സിലായില്ല. പോരെങ്കിൽ തലയിൽ മഫ്ലറിന്റെ മറവും!
'റെയിയിൽവെ സ്റ്റേഷനിലേക്ക് പോകണം ' എന്നു പറഞ്ഞപ്പോൾ സമ്മതിച്ചു.
വണ്ടി നീങ്ങിയപ്പോൾ സീറ്റിൽ, ഇരുന്നതിന്റെ അരികിൽ മണികിലുക്കം കേട്ടു. സീറ്റിൽ പരതി
നോക്കിയപ്പോൾ -അതേ, മണിയുടെ കഴുത്തിൽ കെട്ടിയിരുന്ന അതേ മണി! വണ്ടിക്കുള്ളിൽ വെച്ച് എപ്പോഴോ അടർന്നുവീണതാവാം.
ഭദ്രമായി അതെടുത്തു ബാഗിൽ വെച്ചു.
ഇതിന്റെ കിലുക്കം നിലക്കുവോളം മണിയെ ഓർത്തുകൊണ്ടിരിക്കും!
അല്ലെങ്കിലും ഓർക്കാനുള്ളത് മാറ്റാരെയാണ്.
മുച്ചക്രവണ്ടി ഒരു കറുത്ത മൂട്ടയെപ്പോലെ നീങ്ങി.
യാത്ര തുടരുകയാണ്... യാത്രാ വാഹനങ്ങൾ മാത്രമേ മാറുന്നുള്ളൂ.
യാത്ര! അത് ത്രികാലങ്ങളിലും ഒരേപോലെ തന്നെ! ഭൂതത്തിൽ നിന്നും വർത്തമാനത്തിലേക്കും പിന്നെയവിടുന്നു ഭാവിയിലേക്കും അത് മാറ്റമില്ലാതെ തുടർന്നുകൊണ്ടേയിരിക്കുന്നു!

BY RBK Muthukulam

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot