Slider

ലൈസൻസ് | Sheeba Vilasini

0


 ചേട്ടാ നേരത്തേ വരണേ..'
'എന്തിനാ ?'
' എനിക്ക് മാവേലി സ്‌റ്റോറിൽ പോണം , ബാഗ് തയ്പ്പിക്കണം ,ലീനേടെ വീട്ടിൽ പോണം .....'
'പിന്നേ.... ഓസിന് ലിഫ്റ്റടിച്ച് നീ അങ്ങനെ സുഖിക്കണ്ട .ഏതെങ്കിലും വണ്ടിയിൽ കേറി പോകാൻ നോക്ക്'
എനിക്കിതു തന്നെ വരണം. എന്തുമാത്രം ആലോചന വന്നതാ. എല്ലാം റിജെക്റ്റ് ചെയ്ത് ഇവനെ തന്നെ കെട്ടിയ എന്നോട് തന്നെയിത് പറയണം. അന്ന് രാത്രിയിൽ ഊണുമേശയ്ക്കരികിൽ ഗൗരവമേറിയ ഒരു ചർച്ച നടന്നു. ഡ്രൈവിങ് പOനം. പണ്ടെങ്ങാണ്ട് സൈക്കിൾ ചവിട്ടി എന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഞാൻ മേശപ്പുറത്തുവെച്ചു .
ഇപ്പോൾ വരും പരിപാടിയ്ക്കിടയിൽ തടസ്സം എന്ന് ചിന്തിച്ച് താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ദേ വരുന്നു തീരുമാനം . 'ആദ്യം ടൂവീലറ് പഠിക്ക് .എന്നിട്ട് കാറും പഠിക്കാം...'
ദൈവമേ ,ഇയാള് എന്റെ ഭർത്താവ് തന്നല്ലെ!!! എന്തുകാര്യത്തിനും നോ പറയുന്ന ഈ മനുഷ്യനിതെന്തു പറ്റി....
വണ്ടി പഠനം കാണുന്ന ആരും പറയും, എന്തു നല്ല പൊരുത്തമുള്ള ഭാര്യയും ഭർത്താവും... പക്ഷെ സത്യം എവിടെ കിടക്കുന്നു....
'അല്ല ചേട്ടാ ഈ ക്ലച്ചും ബ്രേക്കും ഒക്കെ എവിടാ ?'
'ക്ലച്ച് നിന്റെ.....'
' അയ്യോ വേണ്ട ഞാൻ ഊഹിച്ചോളാം....'
എർണാകുളം കഴിഞ്ഞാൽ ട്രാഫിക്ക് ജാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന നാടാണ് ആലപ്പുഴ. ടൗണിലേയ്ക്ക് ഇറങ്ങിയതോടെ എന്റെ ആവേശമെല്ലാം തണുക്കാൻ തുടങ്ങി.
ശവക്കോട്ടപ്പാലം, കണ്ണൻ വർക്കിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം, വൈ എം സി എ പാലം, മട്ടാഞ്ചേരി പ്പാലം ,കോടതിപ്പാലം , മുപ്പാലം , തുണിപൊക്കിപ്പാലം , പോപ്പിപ്പാലം തുടങ്ങി പാലങ്ങളായ പാലങ്ങളിലെല്ലാം ജാം .അതിനിടയിൽ മുടിയന്മാരായ ഫ്രീക്കന്മാരുടെ മരണപ്പാച്ചിലും ....
' നീ എന്നാ ലേണേഴ്സിനു പോകുന്നെ ?'
' അല്ല ചേട്ടാ... അതേ... ഒറ്റയ്ക്ക് വണ്ടിയോടിച്ചിട്ട് ഒരു രസമില്ല. എനിക്കിങ്ങനെ നിന്റെ പുറകിൽ ഇരുന്ന് അരയിൽ കൂടി ചുറ്റിപ്പിടിച്ച് കഥയൊക്കെ പറഞ്ഞ് പോകുന്നതാ ഇഷ്ടം. അതാ അതിന്റൊരു രസം. അതു കൊണ്ട് ഞാൻ വണ്ടി പഠനം നിർത്തി'
'എടീ നീയൊക്കെ ആ പാഞ്ചാലിയെ കണ്ടു പഠിക്ക് '
'ഏത് പാഞ്ചാലി ?
' കുന്തീടെ മരുമോള് .അല്ലാതാര്..... '
'ങേ.. അതിന് അവരെന്നാ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് പഠിക്കാൻ വന്നെ?'
'റിക്രിയേഷൻ ഗ്രൗണ്ടിലെ കാര്യമല്ലെടി. മറ്റേത്....'
' മറ്റേതോ !!!! ഏത് അഞ്ച് ഭർത്താക്കന്മാരോ.....'
എന്നാലും അവരെങ്ങനെ ഈ അഞ്ചു പേരെ.... ആവശ്യമില്ലാത്തതൊക്കെ ആലോചിക്കുന്നതിനിടയിൽ തലയ്ക്കിട്ടൊരു തട്ട്.
'എടീ .. അവര് മുടി അഴിച്ചിട്ട് എന്തോ ശപഥം ചെയ്തില്ലെ ...അതു പോലെ പെണ്ണുങ്ങളായാൽ ഒരു കാര്യം തീരുമാനിച്ചാൽ ഉറപ്പു വേണമെന്ന് '
'ഓ.... അതു ശരി... അങ്ങനെ....'
പാഞ്ചാലിക്കവിടെ മുടിയും അഴിച്ചിട്ടിരിക്കാം. ഞാനെങ്ങാനും മുടി അഴിച്ചിട്ട് ചോറിലോ കറിയിലോ വല്ലതും വീണാൽ അതു മതി പിന്നെ.... അല്ലങ്കിൽ തന്നെ അഴിച്ചിടാൻ മുടി എവിടെ... സ്കൂളിൽ പഠിച്ചിരുന്നപ്പോൾ രണ്ടായിട്ട് പിന്നി ചന്തി വരെ കിടന്ന മുടിയെല്ലാം അവള് കണ്ടം തുണ്ടം വെട്ടിമുറിച്ച് കളഞ്ഞെന്നും പറഞ്ഞ് കാണുമ്പഴെല്ലാം അമ്മയുടെ വഴക്ക് വേറെ .അതിനിടയിലാ ഒരു ശപഥം ... എനിക്ക് പഠിക്കണ്ട...
ലൈസൻസിനു വേണ്ടി 'ഓസ്റ്റിൻ' എന്ന ഡ്രൈവിങ് സ്കൂളിൽ ഞാനും ശിഷ്യപ്പെട്ടു .ഡ്രൈവിങ്ങ് മാഷിന് എന്റെ കാര്യത്തിൽ ഒരു സംശയവുമില്ല. ട്രയലൊക്കെ കിറുകൃത്യം .
നീളൻ ക്യൂവിന്റെ ഒരു കണ്ണിയായി ഞാനും നിന്നും .ലൈസൻസ് എന്ന മോഹപ്പക്ഷിയെ കൂട്ടിലടയ്ക്കാൻ എല്ലാരും തയാറായി നിൽക്കുകയാണ്.അപ്പുറവും ഇപ്പുറവും നിൽക്കുന്നവർക്കെല്ലാം ഭയങ്കര ടെൻഷൻ. എന്തിനാണ് ഇതിനും മാത്രം... സകല ഊടുവഴിയിലും വണ്ടിയോടിക്കുന്ന എനിക്കെന്ത് ടെൻഷൻ.... എന്റെ ഊഴമെത്തി .സ്കൂട്ടർ സ്റ്റാർട്ട്... പറഞ്ഞു തീരുന്നതിനകം വളച്ചു തിരിച്ച് ഞാൻ വെളിയിൽ... ഇത്ര പെട്ടെന്നോ!!!! ഉടനെ മാഷ് ഒരു ചോദ്യം' എന്ത് പണിയാ കൊച്ചെ ഇത്... ഒര്കമ്പി വെളിയിൽ കളഞ്ഞോ?'
'യ്യോ.... ഞാനെടുത്തത് എട്ട് അല്ലായിരുന്നോ ?'
ആമ ജയിച്ചതും മുയല് തോറ്റതും എന്തുകൊണ്ടാണന്ന് ഇപ്പോൾഎനിക്ക് ശരിക്കും മനസ്സിലായി.
''കളഭം തരാം ഭഗവാനെൻ മനസ്സും തരാം......' ബാഗിൽ കിടന്ന് മൊബൈൽ അങ്ങനെ പാടി തകർക്കുകയാണ്.
'ഹലോ എന്താ ചേട്ടാ...'
'എല്ലാരും എട്ട് എടുത്തപ്പോൾ നീയെന്താടി ഏഴ് എടുത്തത് ....' അനുബന്ധമായി ആലപ്പുഴ മുഴുവൻ കുലുങ്ങുന്ന മാതിരി ചിരിയും...
അന്നു രാത്രി ഊണുമേശയ്ക്കരികിൽ ഞാൻ പതിവിൽ കൂടുതൽ വിനീതമായി.മക്കളാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം കണ്ടില്ലെ അച്ഛനൊപ്പമിരുന്ന് ആസ്വദിച്ച് ചിരിക്കുന്നത്...
അങ്ങനെ രണ്ടാം ചാൻസും എത്തി. ദൈവമേ.. ഇതും കൂടി കിട്ടിയില്ലെങ്കിൽ നാടുവിടുന്നതായിരിക്കും ഉത്തമം. അല്ല വീട്ടിൽ ഇമ്മാതിരി ആൾക്കാർ ഉണ്ടെങ്കിൽ ആരായാലും കള്ളവണ്ടി കേറി പോകും...... പടിഞ്ഞാറുനിന്ന് കടലിന്റെ ഇരമ്പം കിഴക്ക് ട്രെയിന്റെ ,അതുക്കും മേലെയായി എന്റെ ഹൃദയം.... ഉള്ളം കയ്യൊക്കെ ആകെ വിയർത്തു നനഞ്ഞു. ടെൻഷൻ കാരണം ഒരു കുപ്പിവെള്ളം തീർന്നു.അടുത്തു നിന്ന ചെറുക്ക നോട് ചോദിച്ചപ്പോൾ ഒരു ചെറിയ കുപ്പി നീട്ടി.' കോളയാ ചേച്ചി' .... കോളയെങ്കിൽ കോള .അതു മുഴുവൻ കുടിച്ചു '
' സെക്കന്റ് ചാൻസാ അല്ലേ?'പോലീസുകാരൻ എന്റെ പേപ്പർ നോക്കിയിട്ട് സാധാരണ പോലെ ഒരു ചോദ്യം. മറുപടിയല്ല ,മനസ്സമാധാനത്തിനായി വിനയാന്വിതയായി ഞാൻ ചോദിച്ചു .. 'സർ ഈ എട്ടു തന്നെ എടുക്കണമെന്ന് എന്താ ഇത്ര നിർബന്ധം ' ?
'ഒരു നിർബന്ധവുമില്ല.തനിക്കിഷ്ടമില്ലങ്കിൽ വേണ്ട രണ്ട് നാല് എടുത്താലും മതി. എന്നിട്ട് വണ്ടിയുമായിട്ട് വീട്ടിൽ ഇരുന്നോ.' പോലീസുകാരന്റെ ചിരിയോടെയുള്ള മറുപടി.....
ശ്ശൊ.... ചോദിക്കണ്ടായിരുന്നു....
എട്ട്... എട്ട്.... എന്ന മന്ത്രോച്ചാരണത്തോടെ ഞാൻ സ്കൂട്ടർ വാങ്ങി .എന്ത് സംഭവിച്ചു എന്നറിയില്ല പിന്നെ കേട്ടത് കൺഗ്രാജുലേഷനാണ് .
'കൊച്ച് പൊയ്ക്കോ .ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം..' മാഷിന് ഭയങ്കര സന്തോഷം .
അയ്യടാ അതുവേണ്ട ഞാൻ തന്നെ ആദ്യം വിളിച്ചു പറയും.
'ഹലോ ... ചേട്ടാ കിട്ടി കിട്ടി എട്ടുകിട്ടി .'
'അതിനിപ്പൊ എന്താ.. ഒരു നൂറു കൂട്ടം തിരക്കിനിടയിലാ അവൾടൊരെട്ട്... വെച്ചിട്ട് പോയേ..'
എന്തെല്ലാം പ്രതീക്ഷയായിരുന്നു ബ്രൂഫിയയിൽ കേറി ഫ്രൂഡ് സലാഡ്, കട്ടൻ സ്റ്റാളിന്ന് മസാലചായ വിത്ത്....
അല്ലങ്കിലും മനുഷ്യർ ഇങ്ങനെയാണ് നമുക്കൊര് വീഴ്ച വന്നാൽ സമയം ഉണ്ടാക്കി ഫോൺ വിളിച്ചെങ്കിലും കളിയാക്കും .ഒരു നേട്ടം വന്നാലോ കേൾക്കാനൊട്ടു സമയോമില്ല.
Written by Sheeba Vilasini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo