Slider

യാത്ര | NoufelCeePee

0

 


ബസ്സിറങ്ങി വീടിനടുത്തെത്തുമ്പോഴേക്കും ,ചുറ്റും ആളുകൾ നിറഞ്ഞിരുന്നു. ബാഗുമായി വന്ന തന്നെ ആളുകൾ സഹതാപത്തോടെ ഉറ്റു നോക്കുന്നുണ്ട്. ചന്ദനത്തിരിയുടെ മണം . കാലുകളുടെ ബലം കുറയുന്നത് പോലെ തോന്നി. തന്റെ പിറകെ റീത്തുമായി കുറച്ചു പേർ വരുന്നത് പിന്നീടാണ് കണ്ടത് . മാമൻ ഓടിവന്നു നെഞ്ചോടു ചേർത്ത് പിടിച്ചു ഉള്ളിലേക്ക് കൊണ്ട് പോയി .

" തനിക്കു നാട്ടീന്നു ഒരു കാൾ ഉണ്ടായിരുന്നു. തന്റെ അപ്പാപ്പന് എന്തോ വയ്യായ്ക, നിന്നെയൊന്നു കാണണമെത്രെ .അത്രേടം വരെ ചെല്ലാൻ പറഞ്ഞു. ഇപ്പൊ തന്നെ പുറപ്പെട്ടോളൂ "
ഇതും പറഞ്ഞു മുഖം തരാതെ ഹോസ്റ്റൽ വാർഡൻ മുറിയിലേക്ക് പോയിക്കഴിഞ്ഞിരുന്നു. പിന്നെയൊന്നും ആലോചിച്ചില്ല . കയ്യിൽ കിട്ടിയ വസ്ത്രങ്ങളൊക്കെ ഒരു ബാഗിലാക്കി ബസ് കയറി .
തേങ്ങലുൾക്കിടയിലൂടെ അകത്തേക്ക് കടന്നു. ഇടക്കൊക്കെ അമ്മമ്മയുടെ കരച്ചിൽ ശബ്ദം ഉയർന്നു കേട്ടു . ഹാളിൽ വെള്ളപുതച്ചു പുഞ്ചിരിയോടെ ഉറങ്ങിക്കിടക്കുന്നുണ്ട് അപ്പാപ്പ . അകത്തെമുറിയിൽ തളർന്നു കിടന്നു കരയുന്നു അമ്മാമ. തന്നെ കണ്ടതും "മാളൂ ..." ന്നുള്ള വിളിയോടെ വീണ്ടും കരച്ചിലുയർന്നു
" നിനക്കിന്നു തന്നെ പോണോ മാളൂസേ രണ്ടീസം കഴിഞ്ഞു പോയാപ്പോരേ " ഓരോ തവണയും ഹോസ്റ്റലിലേക്കിറങ്ങുമ്പോൾ അപ്പാപ്പയുടെ ചോദ്യം .
അയ്യോ പോയെ പറ്റൂ, ഞാൻ രണ്ടു മൂന്നു ആഴ്ച കഴിയുമ്പോൾ ഇങ്ങെത്തൂലെ എന്ന സ്ഥിരം മറുപടിയോടെ ഇറങ്ങുമ്പോഴും വരാന്തയിലെ ചാരുകസേരയിൽ നിന്ന് രണ്ടു കണ്ണുകൾ ഗേറ്റ് കടക്കുംവരെ പിന്തുടരും .
പക്ഷെ ഓണാവധി കഴിഞ്ഞു ,അപ്പാപ്പാ ഞാനിറങ്ങുന്നു എന്ന് പറഞ്ഞിറങ്ങുമ്പോൾ, "നീ എപ്പഴാ വരിക എനിക്കും പോണം ഒരു യാത്ര " എന്ന് പറഞ്ഞത് ..
." മരിച്ചു കഴിഞ്ഞു എന്തിനാ കൊറേ നേരം കിടത്തുന്നേ , ആയ കാലത്തു പറയാത്ത ഗുണങ്ങൾ പറയുന്ന ഒത്തിരി നാടകങ്ങൾ കാണാനോ ? " അപ്പാപ്പ ഇടയ്ക്കു പറയുന്നത് കാതുകളിൽ മുഴങ്ങി . ശരിയാണ് അഭിനേതാക്കൾ ഒരു പാട് വരും . അന്നുവരെ കുറ്റം പറഞ്ഞവരൊക്കെ നന്മകൾ എണ്ണിയെണ്ണിയോതും .
"എന്നാലിനി വൈകിക്കേണ്ടല്ലോ , മോളും വന്നില്ലേ " പുറത്തുനിന്നാരുടേതോ ശബ്ദം . അതുതന്നെ നല്ലതു. അല്ലെങ്കിലും ഒരുപാട് നേരം വെറുതെ ഇരിക്കുന്നത് അപ്പാപ്പന് പണ്ടേ ഇഷ്ടമല്ല . പണി കഴിഞ്ഞാൽ ഒന്നുകിൽ വായനയുടെ ലോകത്തേക്ക് , അല്ലെങ്കിൽ പുറത്തെ ചെടികളെ തൊട്ടും തലോടിയും ഉള്ള നടത്തം.
"നീ ഈ കിടക്കുന്നവരെയൊക്കെ കണ്ടോ , ഒരു പാട് ആശകൾ ബാക്കിയാക്കി ഒരു ദെവസം അങ്ങ് പോയവരാ . കൊറേ പേർ തിന്നാതേം കുടിക്കാതേം എന്തിന്റെയ്ക്കെയോ പിറകെ ഓടീട്ട് ,എന്തൊക്കെയോ വെട്ടിപിടിച്ചിട്ട് , ദാ അവസാനം ഇവിടെയാണെത്തുക " തന്റെ സ്കൂട്ടറിൽ മാർക്കറ്റിലേക്കുള്ള വഴിയേ ഒരുനാൾ വലിയ പള്ളിക്ക് സമീപത്തുള്ള സെമിത്തേരി ചൂണ്ടി കാണിച്ചു അപ്പാപ്പ പറഞ്ഞു .
"അതുകൊണ്ടു ? " ഞാൻ ചോദ്യഭാവത്തിൽ
" അത് കൊണ്ട് ഒന്നുമില്ല, തിന്നാലും ഇല്ലെങ്കിലും ഒരുദിനം അങ്ങോട്ട് പോവണം, അപ്പൊ തിന്നു പോവുന്നതല്ലേ നല്ലതു.തിന്നാതെ പട്ടിണികിടന്നു ചത്ത് പോയാൽ അവിടെ സമാധാനത്തിൽ കിടക്കാൻ പറ്റോ? അത് നിന്റെ അമ്മാമയോട് അത് പറഞ്ഞു കൊടുക്ക് " ഒരു ചിരിയോടെ അപ്പാപ്പ പറഞ്ഞു . " വയസ്സറുപത് കഴിഞ്ഞില്ലേ , ഭക്ഷണമൊക്കെ കണ്ട്രോൾ ചെയ്യണമെന്ന് " പറഞ്ഞ ഡോക്ടറെ അനുസരിച്ചു തന്റെ മെനു മാറ്റിയ അമ്മാമ്മയോടുള്ള കെറുവായിരുന്നു അത്.
"ന്നാ പിന്നെ ..... " ബന്ധുക്കളിൽ ആർക്കൊക്കെയോ തിരക്കായി. ഈ ചടങ്ങുകൾ കഴിഞ്ഞു വേണം അവർക്ക് അവരുടെ പണികളിലേക്ക് മടങ്ങാൻ . "ഇനിയാരെങ്കിലും കാണാൻ ബാക്കിയുണ്ടോ ? " ആരോ വിളിച്ചു ചോദിച്ചു .
"മനസ്സില്ലാ മനസ്സോടെ മറ്റുള്ളോർക്ക് വേണ്ടി ചിലവഴിക്കുന്ന സമയമുണ്ടല്ലോ , അത്രത്തോളം മെല്ലെപോകുന്ന ഒരു സമയവും ബാധ്യതയും വേറെയില്ല മാളൂസേ ...... " അപ്പാപ്പയുടെ വാക്കുകൾ
അതാണ് ശരി, പലരും മുഷിച്ചലോടെ ഇടയ്ക്കിടെ വാച്ചു നോക്കുന്നുണ്ട്. ചടങ്ങുകൾ ഒന്ന് വേഗം തീർന്നെങ്കിൽ അങ്ങ് പോവായിരുന്നെന്ന ഭാവം .
വരാന്തയിൽ ഒരു മൂലയിൽ ജനേട്ടൻ . അപ്പാപ്പയുടെ വകയിലൊരു ബന്ധുവാണ്, മൂത്തതുമാണ് .ഇടയ്ക്കിടെ ഓരോ സഹായവുമഭ്യര്ത്തിച്ചു വരാറുണ്ട്. അവർക്കു എന്തെങ്കിലും കൊടുത്തു തിരിഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ അപ്പാപ്പയുടെ മുഖത്തൊരു വിജയഭാവമാണുണ്ടാവുക. ഉള്ളിലൊരു പരിഹാസച്ചിരി. പക്ഷെ ഒരിക്കലും അവരെ വെറുംകൈയോടെ മടക്കിഅയച്ചിട്ടില്ല.സഹായവും വാങ്ങി ജനേട്ടൻ എപ്പോഴും ഒരു കുറ്റബോധത്തോടെ തലയും താഴ്ത്തിയാണ് തിരികെ പോകാറുള്ളതും .
"അപ്പാപ്പ , ജനേട്ടനോട് അപ്പാപ്പക്കെന്താ ഒരു ദേഷ്യം ?"എന്നൊരിക്കൽ ചോദിച്ചപ്പോൾ അപ്പാപ്പ പറഞ്ഞത്
" ചിലതൊന്നും മറക്കാൻ കഴിയൂല മോളെ, കാലം ചിലർക്കൊക്കെ ഒരവസരം തരും, വിജയിച്ചെന്നു കാണിക്കാൻ , എനിക്ക് തന്ന അവസരമാണ് ഇവൻ ഈ ജനാർദ്ദനൻ "
" ഓനൊക്കെ പഠിച്ചിട്ടിപ്പോ ബെല്യ കൽട്രാവൂന്നാ വിചാരം , വെറുതേ ആ കേളൂന്റെ പൈസ കളയാൻ. അവസാനം കേളുനെ പോലെ ഇവിടെ എന്റെ പറമ്പിൽ തന്നെ ഓനൊക്കെ പണിക്കു വരും " ഒരിക്കൽ ജനേട്ടൻ്റെ അച്ഛൻ പറഞ്ഞതും അത് കേട്ട് ജനേട്ടന് കളിയാക്കി ചിരിച്ചതും അപ്പാപ്പക്ക് ഇടക്കിടെ ഓർമ്മ വരുമത്രേ .
കഴിഞ്ഞ വിഷുവിനാണ് എല്ലാവരും ഒത്തുകൂടിയത്. മക്കളും പേരമക്കളും എല്ലാരും ഒത്തുകൂടി. സാധാരണ സദ്യ കഴിഞ്ഞു ഒന്ന് മയങ്ങാറുള്ള അപ്പാപ്പ , പതിവിൽ നിന്ന് മാറി അന്ന് മുഴുവൻ തന്റെ ചാരുകസേരയിലുന്നു കഥകൾ പറയുകയായിരുന്നു . ബന്ധുക്കളെയും സുഹൃത് ബന്ധങ്ങളെയും കുറിച്ച് .
സുഹൃത്തുക്കൾ എന്നും അപ്പാപ്പയുടെ ശക്തി ആയിരുന്നു. പഴയ ഒരു വില്ലീസ് ജീപ്പ് . അതിലേറി പോവാത്ത നാടുകളില്ലത്രേ . "എങ്ങോട്ടാണെടാ യാത്ര" എന്ന് ചങ്ങാതിമാർ ചോദിച്ചാൽ , " പരലോകത്തേക്കു " എന്നതായിരുന്നത്രെ മറുപടി. "പരലോകമെങ്കിൽ പരലോകം ,ഞാനുമുണ്ട് കൂടെ. വിടെടാ വണ്ടി " എന്ന് പറഞ്ഞു ജീപ്പിൽ ചാടിക്കേറി യാത്രപോകുന്ന സുഹൃത്തുക്കൾ
ഇടക്കെപ്പോഴോ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു " ചിലരുണ്ട് മക്കളെ , ഒന്നും പ്രതീക്ഷിക്കാതെ നമ്മളിലേക്ക് വന്നു, താങ്ങും തണലും ആവുന്നോർ .എന്നും കൂടെയില്ലെങ്കിലും, അവരുടെ ഒരു ചിരി മതി നമ്മളുടെ സങ്കടങ്ങൾ ഇല്ലാതാവാൻ. ആവശ്യങ്ങൾ നേടാൻ മാത്രം ചിരിച്ചു അടുക്കുന്ന ബന്ധുക്കളെ പോലെയല്ല അവർ . "
"അങ്ങിനെ ആരാ അപ്പാപ്പക്ക് ഉള്ളത് "
"ഒരു പാട് പേർ . ഓരോരുത്തരും അങ്ങ് പോയി. ഇനി ....."കുറച്ചു നേരം എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു " ഇനി ഞാനുമവനുമേ ആക്കൂട്ടത്തിൽ ബാക്കിയുള്ളൂ , എത്ര നാളായി അവനെ കണ്ടിട്ട് . കഴിഞ്ഞ ആഴ്ച പോലും വിളിച്ചിരുന്നു , നീ വാടാ , ഇവിടിരുന്നു കട്ടനൊക്കെ അടിച്ചു നമ്മടെ പഴയ കഥകൾ പറയാന്നും പറഞ്ഞു . അന്നൊക്കെ അവൻ കൂടെയില്ലാത്ത ഒരു യാത്ര ഉണ്ടായിരുന്നില്ല " പഴയ സുഹൃത്തിനെ ഓർത്തു അപ്പാപ്പ പറഞ്ഞു .
'ന്നാ അപ്പാപ്പക്ക് ഒന്നവിടം വരെ പൊയ്ക്കൂടേ. എന്ന ചോദ്യത്തിന് " പണ്ടത്തെ പോലെ , അത്ര ദൂരം ഇരിക്കാൻ പറ്റൂല മോളെ , എൻജിനൊക്കെ പഴയതായില്ലേ" എന്നായിരുന്നു മറുപടി .
ചടങ്ങുകൾ കഴിഞ്ഞു . ആളുകൾ പിരിഞ്ഞു പോയിത്തുടങ്ങി.അമ്മാമ തളര്ന്നു വീണുറങ്ങി. ക്ഷീണം കൊണ്ട് കണ്ണൊന്നടഞ്ഞു തുറക്കും മുന്നേ നേരം വെളുത്തിരുന്നു. ഇന്നും ആളുകൾ വന്നുകൊണ്ടിരിക്കുന്നു
ആളുകളൊക്കെ പോയിക്കഴിഞ്ഞു , വരാന്തയിൽ ഒഴിഞ്ഞ ചാരുകസേര . തൊട്ടടുത്ത് മേശയും കസേരയും. അലമാര നിറയെ പുസ്തക കൂട്ടങ്ങൾ അപ്പാപ്പയുടെ രാവിലത്തെ വായന അവിടിരുന്നായിരുന്നു . ആ കസേരയിൽ ഇരുന്നപ്പോൾ തണുത്തൊരു കാറ്റു ,മാളൂ.. എന്നുവിളിച്ചു തഴുകിപോയി.
ലാൻഡ്‌ഫോണിന്റെ മണിയൊച്ച കേട്ടാണ് ചിന്തകളിൽ നിന്ന് ഞെട്ടിയത് .
ഫോണെടുത്തു . ഹലോ ന്നുള്ള തന്റെ ശബ്ദം കേട്ടത് കൊണ്ടാവാം അങ്ങേത്തലക്കൽ നിന്നും പതിഞ്ഞൊരു ശബ്ദത്തിൽ മാളു ആണോന്നു ഒരു ചോദ്യം .
അതേയെന്ന മറുപടിയിൽ ഒരു മൂകതക്ക് ശേഷം മറുതലക്കൽ നിന്നും " അച്ഛൻ മാളൂനെ പറ്റി പറയാറുണ്ടായിരുന്നു, ഒരു കാര്യം മാളൂന്റെ അപ്പാപ്പയെ അറിയിക്കാനാണ്, അച്ഛൻ ഇന്നു രാവിലെയങ്ങ് പോയി .............. അറ്റാക്കായിരുന്നു , അതൊന്നു ........... അവരായിരുന്നല്ലോ ഒരു കാലത്തെ ചങ്ങാതിമാർ " പിന്നെയൊരു തേങ്ങലായിരുന്നു .
തേങ്ങലിന്റെ ഇടയിലൂടെ പിന്നെയും എന്തൊക്കെയോ പറഞ്ഞിരുന്നു പക്ഷെ ഒന്നും കേട്ടില്ല . കണ്ണിൽ ഇരുട്ടു കേറുന്ന പോലെ. കസേരയിൽ ചാഞ്ഞിരുന്നു. തനിയെ കണ്ണുകളടഞ്ഞു . അതിനിടയിലും അപ്പാപ്പയുടെ വാക്കുകൾ മനസ്സിലൂടെ മുഴങ്ങിക്കേട്ടു
" ഏതു യാത്രയിലും കൂടെവരുന്നവർ... "
" എങ്ങോട്ടാണെടാ യാത്ര .... പരലോകമെങ്കിൽ പരലോകം ,ഞാനുമുണ്ട് കൂടെ .വിടെടാ വണ്ടി." .എന്ന് പറയുന്നവർ
അതെ ,അവർ വീണ്ടുമൊന്നിച്ചൊരു ദൂരയാത്രപോയിരിക്കുന്നു.
-napPai 💕 -
24 .01 .2021
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo