Slider

ബലിയാടുകൾ | Suni Shaji

0

 "സുലൈബികാത്ത് "
ടാക്സിയിൽ കയറിയിരുന്നുകൊണ്ട് പറഞ്ഞ സ്ഥലത്തിന്റെ പേരുകേട്ടായിരിക്കണം,ഡ്രൈവർ അന്തം വിട്ട് എന്റെ മുഖത്തേയ്ക്കൊന്നു നോക്കിയത്.
"എന്താണ് സിസ്റ്റർ അവിടേയ്ക്ക്, അതും തനിച്ച്..!!? "
ഭാഗ്യം,ഡ്രൈവർ മലയാളിയാണ്.
എന്നെയെങ്ങനെ അറിയാമെന്ന മട്ടിലൊന്ന് നെറ്റി ചുളിച്ചു നോക്കിയതല്ലാതെ, മറുപടി കൊടുത്തില്ല.
" സിസ്റ്ററിനെ ഞാൻ ഹോസ്പിറ്റലിൽ വച്ചു കണ്ടിട്ടുണ്ട്...എന്റെയൊരു കസിൻ അവിടെ വർക്ക്‌ ചെയ്യുന്നുമുണ്ട്,
അവൻ പാരമെഡിക്കൽ സ്റ്റാഫ്‌ ആണ്. "
അയാളുടെ സംസാരം ഗൗനിക്കാനുള്ള മനസ്സ് ആയിരുന്നില്ലെന്റെ...
മൗനം കൊണ്ട്, സംസാരത്തിന് തടയിട്ടതിനാലാവണം പിന്നീട്
അയാൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചത്.
സുലൈബികാത്ത്...
മരുഭൂമിയിലെ വിശാലമായ മക്ബാറ (ഖബറിസ്ഥാൻ) സ്വദേശികൾക്കും, വിദേശികൾക്കുമായി വെള്ള ഭിത്തിയാൽ അതിരിട്ട വിശാലമായ
സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്ന അനേകം ആത്മാക്കൾ...
അവരിങ്ങനെ അന്തരീക്ഷത്തിൽ പാറി കളിക്കുന്നുണ്ടാവും...
പരസ്പരം സംസാരിക്കുന്നുമുണ്ടാവും...
മനുഷ്യർ ഭൂമിയിൽ തീർത്ത അതിരുകൾ ഭേദിച്ചു കൊണ്ട്.
അതേ,
മരിച്ചു കഴിഞ്ഞാൽ എല്ലാവരും തുല്യരാണല്ലോ..!
രാജ്യമില്ല,ഭാഷയില്ല,മതമില്ല,
നിറമില്ല......
അങ്ങനെയങ്ങനെ
ഒരുപാട് സമത്വം മരണാനന്തരജീവിതം നമ്മുക്ക് നൽകുന്നുമുണ്ട്.
അവിടേയ്ക്കുള്ള എന്റെയീ യാത്ര ഒരാത്മാവിനെ തേടിയാണ്.!!!
കാറിൽ ഇരിക്കവേ
ഇരുവശങ്ങളിലും...
പിറകോട്ടു മാഞ്ഞുപോകുന്ന ദൃശ്യങ്ങൾക്കൊപ്പം, എന്റെ ഓർമ്മകളും കാലത്തിനു പിറകിലേയ്ക്ക് പാഞ്ഞു.
കുവൈറ്റ് സിറ്റിയിലെ അൽസലാം ഇന്റർനാഷണൽ ഹോസ്പിറ്റൽ...
രണ്ടു വർഷം മുൻപ്...
ഡിസംബറിലെ ഒരു തണുത്ത പ്രഭാതം.
ഇഞ്ചക്ഷൻ മുറിയിലേക്ക് മരുന്നിന്റെ കുറിപ്പുമായി കടന്നുവന്ന ചെറുപ്പക്കാന്റെ മുഖഭാവമാണ് എന്നെ അയാളെ ശ്രദ്ധിക്കാൻ ഇടയാക്കിയത്.
വല്ലാതെ വലിഞ്ഞു മുറുകിയ മുഖം,ഞങ്ങളെയെല്ലാം മാറി മാറി നോക്കികൊണ്ട്...
അയാൾ ഷർട്ടിന്റെ പോക്കറ്റിൽ തെരു,തെരു ഇറുക്കെ പിടിക്കുന്നുണ്ട്.
ആകുലതയോ, ആശങ്കയോ....
എന്താണ് ആ മുഖഭാവമെന്ന് അറിയാൻ പറ്റുന്നില്ല.
ഇന്ത്യക്കാരൻ ആണെന്ന് ഉറപ്പാണ്...
മലയാളിയാണെന്ന് തോന്നുന്നില്ല ...
പൂച്ചകണ്ണും, ചെമ്പിച്ച മുടിയും...
നോർത്ത് ഇന്ത്യൻ ആവും...
രജിസ്റ്റർ എഴുതിക്കൊണ്ടിരുന്ന ശോഭ സിസ്റ്റർ അയാളുടെ കയ്യിൽ നിന്നും ചീട്ട് വാങ്ങി പേരെഴുതി,തിരിച്ചു കൊടുത്തു കൊണ്ട്,
കൈ ചൂണ്ടി അകത്തേയ്ക്ക്...
മുറിക്കകത്ത് തന്നെ നീലവിരി കൊണ്ട് മറച്ച ഒബ്സർവേഷൻ ടേബിൾ ഉണ്ട്.
പെട്ടെന്നാണ്,അകത്തുനിന്ന് ഡ്യൂട്ടി സിസ്റ്റർ ഫോണിൽ സംസാരിച്ചുകൊണ്ടു വന്നത്.
"അഞ്ജലി സിസ്റ്റർ...ആ ഇൻജെക്ഷൻ ഒന്ന് കൊടുത്തേര്.മാഡമാണ് വിളിക്കുന്നത് അത്യാവശ്യമായി കാണണമെന്ന്, ഞാനിപ്പോ വരാം."
അകത്തേക്ക് ചെന്ന് അയാളുടെ കയ്യിൽ നിന്നും ചീട്ട് വാങ്ങി...
റഫീഖ്...
41 വയസ്സ്...
ബ്രൂഫിൻ വിത്ത്‌ പാരസെറ്റമോൾ
പെയിൻ കില്ലർ ആണ് ഇൻജെക്ഷൻ.
സിറിഞ്ചു എടുത്തു,മരുന്ന് നിറച്ചു കൊണ്ടിരുന്നപ്പോൾ അയാൾ ദയനീയമായി എന്നെ നോക്കി.
ഞാൻ വന്നിട്ട് മൂന്നു മാസം ആകുന്നതേയുളളൂ,അത്യാവശ്യം അറബിയൊക്കെ പഠിച്ചു വരുന്നു...
അതുകൊണ്ട് തന്നെ ഒന്നും
ചോദിക്കാനില്ലാത്തതിനാൽ വെറുതെ പുഞ്ചിരിച്ചു കാണിച്ചു.
"അതേയേ.... സിസ്റ്ററെ, എനിക്കീ സൂചി ഭയങ്കര പേടിയാണ്...."
"ആഹാ.... മലയാളിയായിരുന്നോ...? എന്നിട്ടാണോ ഇതുവരെ ഒരക്ഷരം പോലും മിണ്ടാതിരുന്നത്..?"
മറുനാട്ടിൽ വച്ചൊരു മലയാളിയെ കാണുമ്പോൾ നമ്മിൽ ഉണ്ടാകുന്നയൊരു സന്തോഷം...ഉണ്ടല്ലോ
അതൊന്നും പറഞ്ഞറിയിക്കാൻ ആവില്ല...
അനുഭവിച്ചറിയണം.
"കിടന്നോളൂ ബട്ടക്സിനാണ് ഇഞ്ചക്ഷൻ..."
"കുത്തിവയ്പ്പ് വേണ്ട മരുന്ന് മതിയെന്ന് പറഞ്ഞതാണ് ഡോക്ടർ സമ്മതിക്കുന്നില്ല... "
അയാൾ കിടക്കാൻ കൂട്ടാക്കുന്നില്ല.
"റഫീഖ് കിടന്നോളൂ,
ബലം പിടിക്കാതെ ശരീരം ലൂസാക്കിയിട്ട് കിടന്നോ വേദനയൊന്നും എടുക്കില്ല... "
മടിച്ചു മടിച്ചു അയാൾ കിടന്നു.
"നാട്ടിൽ എവിടെയാണ്..?"
"ഫോർട്ട്‌ കൊച്ചി..."
"ഇവിടെ എവിടെയാണ് ജോലി..."
"സാൽമിയ, ഹൗസ് ഡ്രൈവറാണ്.. "
സ്പിരിറ്റിൽ മുക്കിയ പഞ്ഞികൊണ്ട് മെല്ലെ തടവി, സംസാരിച്ചുകൊണ്ട് തന്നെ ഇഞ്ചക്ഷൻ കൊടുത്തു.
ഒന്ന് പിടഞ്ഞു, പേടിയും വെപ്രാളവും കൊണ്ട് ബെഡ് ഷീറ്റിൽ മുറുകെ പിടിച്ചുകൊണ്ടുള്ള ആ കിടപ്പ് കണ്ട് പൊട്ടിചിരിച്ചു പോയി.
ചെറിയ കുഞ്ഞുങ്ങളെ കുത്തിവയ്ക്കുമ്പോൾ ഒരു ബഹളം ഉണ്ടാവാറുണ്ട്,
ആദ്യമായിട്ടാണ് ഇത്രയും
പേടിയുള്ള ഒരാളെ കുത്തിവയ്ക്കുന്നത്.
അങ്ങനെയാണ് റഫീക്കിനെ ആദ്യമായി ഞാൻ പരിചയപ്പെട്ടത് .
വീണ്ടും,ഇടയ്ക്കൊക്കെ അയാൾ ജോലി ചെയ്യുന്ന വീട്ടിലെ ആൾക്കാരെയും കൊണ്ട്
ഹോസ്പിറ്റലിൽ വരുമ്പോഴൊക്കെ എന്നെയും കണ്ടിരുന്നു.
അവധി ദിവസങ്ങളിൽ കൂട്ടുകാരെല്ലാവരുംകൂടി ബീച്ചിൽ പോകുമ്പോൾ അവിടെയും വച്ചു കാണാറുണ്ടായിരുന്നു.
ഇടക്കൊക്കെ ഫോണും ചെയ്‌യും.
അങ്ങനെ കുറച്ചു നാളുകൾ കൊണ്ട് ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
റഫീഖ് ഇവിടെ വന്നിട്ട് 12 വർഷത്തോളമായി.ഇവിടെ നിന്നുകൊണ്ട്
മൂന്ന് പെങ്ങന്മാരുടേയും നിക്കാഹ് നല്ല രീതിയിൽ നടത്തി. ഒരു വീടും വച്ചു.
ജോലി ഭയങ്കര കഷ്ട്ടപ്പാട് നിറഞ്ഞതായിരുന്നുവെങ്കിലും അവൻ വീട്ടുകാർക്ക് വേണ്ടി പിടിച്ചു നിന്നു.
സാലറി കുറവായതിനാൽ വെള്ളിയാഴ്ച ഓഫ്‌ എടുത്താൽ, കയ്യിൽ നിന്നും കാശ് എടുത്ത് കഴിക്കേണ്ടിവരും,അതുകൊണ്ട് കഴിവതും ഓഫ്‌ എടുക്കില്ല...
ചുരുക്കത്തിൽ എല്ലാ ദിവസവും
വിളിച്ചാൽ അവരുടെ വിളിപ്പുറത്തു ഉണ്ടാവണം.
ഫുഡ്‌ ഫ്രീ ആണെങ്കിലും, അത് അവരുടെ സമയം നോക്കി,
അളന്നു കുറിച്ച് രണ്ടു നേരം.
എന്റെ മുൻപിൽ അവൻ
തന്റെ പ്രവാസ ജീവിതം തുറന്നു കാണിക്കുമ്പോൾ നാട്ടിൽ ഗൾഫ് കാരൻ മോന്റെ പത്രാസ്സ് നിറഞ്ഞ ജീവിതത്തെ വരച്ചു കാട്ടുകയായിരുന്നു അവന്റെ ബന്ധുക്കൾ.
ഉമ്മ
ാന്റെയും വാപ്പച്ചിയുടെയും കാര്യം പറയുമ്പോൾ അവൻ എപ്പോഴും വിതുമ്പും, കൊതിതീരെ അവരുടെ അടുത്ത് നിൽക്കാൻ ആഗ്രഹം ഉണ്ടെങ്കിലും, ജീവിത പ്രാരാബ്ദം അതിന് അനുവദിക്കാറില്ല.
അടുത്ത തവണ അവധിയ്ക്ക് പോകുമ്പോൾ നിക്കാഹ് ഉണ്ടാവും എന്ന് പറഞ്ഞിരുന്നു.
ഓർമ്മ വച്ച നാൾമുതൽ അവൻ നെഞ്ചലേറ്റിയ ഒരുവൾ ഉണ്ട്...
സീനത്ത്.
അവന്റ കളികൂട്ടുകാരി.
വീട്ടിലെ നിർബന്ധം കൊണ്ട്, അനുജത്തിമാർക്ക് വേണ്ടി അവൾക്ക് തന്നെക്കാളും മുപ്പതു വയസ്സ് മൂത്തയൊരാളെ കല്യാണം കഴിക്കേണ്ടി വന്നു പോലും.അയാളുടെ മൂന്നാം ബീബിയായി
കഴിയവേ അവൾ ഇരട്ട കുട്ടികളുടെ അമ്മയായി.
പെട്ടെന്നുണ്ടായ ഒരു അപകടത്തെ തുടന്ന്,അയാൾ ജീവിതത്തിൽ നിന്നും കടന്നു പോയപ്പോൾ അവൾ തനിച്ചായി, സ്വത്തു തർക്കവും, കുടുംബ വഴക്കും കാരണം സീനത്തിന് അവിടെ വേലക്കാരിയെ പോലെ കഴിയേണ്ടിയും വന്നു.സ്വന്തം വീട്ടുകാരും അവളെ ഉപേക്ഷിച്ചു.
കൂട്ടുകാരിൽ നിന്നും വിവരങ്ങൾ എല്ലാം അറിഞ്ഞ റഫീഖ്,
നാട്ടിലെത്തി അവൾക്കൊരു ജീവിതം കൊടുക്കണം എന്ന് പറഞ്ഞപ്പോൾ എന്തിനാണ് അന്നാദ്യമായി എന്റെ മനസ്സ് പൊള്ളിയത്...???
മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ അവൻ പാട്ടുകൾ പാടാറുണ്ടായിരുന്നു...
ആ സ്വരമാണ് എന്നെ അവനിലേയ്ക്ക് കൂടുതൽ അടുപ്പിച്ചത്...
പ്രവാസി ഗ്രൂപ്പിലും, വാട്സ്ആപ്പ് ഗ്രൂപ്പിലുമൊക്കെ അവന്റെ ഒരുപാട് പാട്ടുകൾ, ടിക്ക് ടോക്ക് ഒക്കെ
ഷെയർ ചെയ്തു പോകുമായിരുന്നു.
ഇടക്കൊരു ഒരു ഫോൺ വിളിയിൽ അവൻ പറഞ്ഞത് അവനു കുറച്ചു ദിവസമായി ഭയങ്കര ചുമയും, പനിയും ആണെന്നാണ്.
"സാരമില്ല, ഹോസ്പിറ്റലിൽ വാ..."
ആശ്വസിപ്പിക്കാനായി ഞാൻ ശ്രമിക്കവേ അവന്റെ മുഴക്കമുള്ള സ്വരം കാതുകളിൽ
"ഉം,വരാം...ഇന്ന് തിരക്കാണ് നാളെയാവട്ടെ. "
അതായിരുന്നു ഞാൻ കേട്ട അവന്റ അവസാന ശബ്ദം.!!!
ലോകത്തെതന്നെ തകിടംമറിച്ച സൂഷ്മാണുവിന്റെ കടന്നാക്രമണത്തിനിടയിൽ, കംപ്ലീറ്റ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, മുഴുവൻ സമയ
ഹോസ്പിറ്റൽ ഡ്യൂട്ടി ആയതിനാൽ കുറച്ചു ദിവസത്തേയ്ക്ക് നല്ല തിരക്കിലായിരുന്നു.
അതിനിടയിലാണ് കോവിഡ് രോഗിയുമായുള്ള സമ്പർക്കം മൂലം എനിക്ക് ക്വാറന്റൈനിൽ കിടക്കേണ്ടിയും വന്നത്.
ഫോൺ ഉപയോഗിക്കാൻ പോലും അനുവാദം ഇല്ല.
അങ്ങനെ പുറത്തു നടക്കുന്നത് ഒന്നും അറിയാതെ കുറച്ചു ദിവസങ്ങൾ...
അവസാനം,പുറത്തിറങ്ങി ഫോണെടുത്തു വാട്സ്ആപ്പ് തുറന്നപ്പോൾ...
മെസ്സേജുകളുടെ പ്രളയം...
കരളുരുകുന്ന വാർത്തകൾക്കിടയിൽ നിന്നാണ് റഫീഖിന്റെ മരണ വാർത്തയറിഞ്ഞത്...!!!
കോവിഡ് ബാധിച്ചു അവൻ മരിച്ചതും, സ്വദേശത്തേയ്ക്ക് കൊണ്ട് പോകാൻ ആവാതെ ഇവിടെ തന്നെ അടക്കിയതും...
അവന്റെ അവസാന പാട്ടുകളും, സംസാരങ്ങളും ഒക്കെ റെക്കോർഡ് ചെയ്തു യാത്രമൊഴിചൊല്ലുന്ന മെസ്സേജുകളും...
താങ്ങാനാവുന്നതിനും
അപ്പുറമായിരുന്നു എനിക്കാ വാർത്ത...
അതൊന്നും കാണാൻ ശക്തിയില്ലാതെ ഞാൻ ഫോൺ സ്വിച്ചു ഓഫ്‌ ചെയ്തു.
"സിസ്റ്റർ സ്ഥലം എത്തി..."
ഡ്രൈവർ ആണ്.
ഓർമ്മകൾക്കൊപ്പം സഞ്ചരിച്ചു സ്ഥലം എത്തിയതിയത് പോലും അറിഞ്ഞില്ല.
കൂലി കൊടുത്തു ഇറങ്ങി.
സ്വദേശികളും, വിദേശികളുമായി കുറച്ചു ആൾക്കാരൊക്കെയുണ്ട്.
എല്ലാവരും അവരുടേതായ ലോകത്ത്.
മണലിൽ ചാലുകീറിയ വഴിയിൽ കൂടി കുറച്ചു മുൻപോട്ട് നടന്നു...
ദൂരെ നിന്നും ബാങ്ക് വിളി മുഴങ്ങികേൾക്കുന്നു...
റഫീഖിന്റെ സ്വരം കൂടെ നടന്നു വരുന്നത് പോലെ...
"അഞ്ജലിയ്ക്ക് അറിയുമോ (കൂടുതൽ അടുത്തപ്പോൾ സിസ്റ്റർ എന്ന വിളി അവൻ തന്നെ മാറ്റിയതാണ് ) ബാങ്ക് വിളി കേൾക്കുമ്പോൾ ഭൂമിയിൽ ഉറങ്ങിക്കിടക്കുന്ന ആത്മാക്കളെല്ലാം കണ്ണുതുറക്കും...
മണ്ണിൽ പിറന്നവർ...
മണ്ണായി തീർന്നവർ ...
മണ്ണോട് മണ്ണ് ചേർന്ന് രൂപം പ്രാപിച്ചു,
മണ്ണറയ്ക്കുള്ളിൽ നിസ്കരിക്കും.
വീണ്ടും നിമിഷങ്ങൾ കൊണ്ട്
മണ്ണായി തീർന്ന് ഉറങ്ങും..."
അവൻ പറഞ്ഞത് ഭൂമിയിൽ ഇതുവരെ ആരും പറഞ്ഞു കേൾക്കാത്ത കാര്യങ്ങൾ ആയതുകൊണ്ട്
ഞങ്ങൾ തമ്മിൽ തർക്കം പതിവായിരുന്നു.
ലക്ഷക്കണക്കിന് മീസാൻ കല്ലുകൾ നിര തെറ്റാതെ പാകിയിരിക്കുന്നു.
നോക്കെത്താ ദൂരത്തു കിടക്കുന്നയാ മീസാൻ കല്ലുകൾ,നമ്മെ ഓർമ്മപ്പെടുത്തുന്നത്
ഓരോ ജീവിതം മണ്ണിലേക്കുള്ള മടക്കയാത്രയെന്നാണ്.
കാലത്തിന്റെ മൂകസാക്ഷിയായി മരിച്ചവരുടെ സ്വപ്നങ്ങളും പേറി ഭൂമിയിൽ അവരുടെ പേരും, മരണവും കൊത്തിവെച്ച അടയാള കല്ലാണ് ഓരോ മീസാൻ കല്ലുകളും .
"റഫീഖ്.......
ഇതിൽ ഏത് കല്ലിനടിയിലാണ് നീ ഉറങ്ങുന്നത്....???
എനിക്ക് കണ്ടുപിടിക്കാൻ ആവുന്നില്ലല്ലോ...?"
രണ്ടു നാൾ കഴിഞ്ഞാൽ ഞാൻ ഈ രാജ്യം വിട്ടു പോകുകയാണ്.
നീ,നിന്റെ കുടുംബത്തിന് വേണ്ടി ജീവിതം മാറ്റി വച്ചത് പോലെ ഞാനും എന്റെ കുടുംബത്തിനായ് ജീവിതം കൊടുക്കുകയാണ്...
വീട്ടുകാർ ഉറപ്പിച്ച ഒരു മാറ്റ കല്യാണം ആണ്. കാനഡയിൽ സെറ്റിലായ ഒരു കുടുംബത്തിൽ നിന്നുള്ള എന്റെ ആങ്ങളയുടെ കല്യാണം നടക്കാൻ,പെണ്ണിന്റ ആങ്ങളക്കു എന്നെ കെട്ടിച്ചു കൊടുക്കാൻ പോകുവാ...
സ്വത്ത്‌ ഉണ്ടെങ്കിൽ എല്ലാമായിയെന്ന് കരുതുന്നവർക്ക് മുൻപിൽ സ്നേഹം എന്ന പദത്തിനെന്ത് അർത്ഥം...?
നിനക്കറിയുമോ...
ഇടക്ക് എപ്പോയൊക്കെയോ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു...
ആരും കേൾക്കാൻ കൊതിച്ചുപോകുന്ന അവളുടെ പ്രണയം...
മനസ്സിന്റെ ഉള്ളറയിൽ അടച്ചു വച്ച സ്വപ്നം തുറന്നു വിട്ടതിനാലാവണം...
വീശിയടിച്ചൊരു മാണൽക്കാറ്റ്
അവളെ വലയം ചെയ്തത്...
എന്നെയിവിടെ ഒറ്റയ്ക്കാക്കി പോവരുതേ...
ഞാനും നിന്നെ പ്രണയിച്ചിരുന്നുവെന്ന് അവൻ പറയുകയാണോ....
നേർത്ത തെന്നലിൽ ഒഴുകിവരുന്നത് പോലെ റഫീഖിന്റെ സ്വരം...
"റഫീഖ്...
കാലങ്ങൾക്കപ്പുറം....
ഒരു മഹാപ്രളയത്തിൽ
ഈ പേർഷ്യൻ കടൽ അലയടിച്ചുയരും...
ആ മഹാ പ്രളയത്തിൽ...
നീ ലയിച്ചു ചേർന്നയീ മണ്ണും, നിന്റെ പേരും, മരണവും കൊത്തിയയീ മീസാൻക്കല്ലും വൻതിരകളിലാലോലമാടി...
നിന്റെ മാതൃഭൂമിയിൽ....
നീ പിറന്ന നാട്ടിൽ...
നീ നടന്ന വഴികളിൽ....
അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ മടിത്തട്ടിലെത്തിച്ചേരുമെന്ന പ്രതീക്ഷയോടെ ...
ഞാൻ പോകട്ടെ....
പിന്തിരിഞ്ഞു നടക്കുമ്പോൾ ആരോ പുറകോട്ട് വലിക്കുന്നത് പോലെ...
റഫീഖിക്കിനെ പോലെ മറ്റുള്ളവർക്കായ് സ്വന്തം ജീവൻ ബലി കൊടുത്ത ഒരുപാട് ആത്മാക്കൾ ഒരുമിച്ചു പറയുന്നത് പോലെ....
"ഞങ്ങളെക്കൂടി കൊണ്ടുപ്പോകുമോ...
ഞങ്ങൾ പിറന്ന നാട്ടിലേയ്ക്ക്..."
തന്റെ കുടുംബത്തിന് വേണ്ടി...
തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി...
മരുപ്പച്ച തേടിയെത്തി...
മാംസം മണ്ണിന് വളമായും, രക്തം. മണലാര്യത്തിന്റെ ദാഹം തീർക്കാനുമൊഴുക്കി...
ഈ മരുഭൂമിയിൽ പിടഞ്ഞു വീണ പ്രവാസികളുടെ ആത്മാക്കളുടെ
ബലിദാനത്തിന് മുൻപിൽ
കണ്ണീർ പൂക്കൾ അർപ്പിച്ചു
കൊണ്ട്...............
ഒരു വാക്ക് പോലും പറയാനാവാതെ വിതുമ്പിക്കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ...
ഒരായിരം ആത്മാക്കളുടെ വിലാപം മണൽക്കാറ്റിനൊപ്പം എന്നെ പൊതിഞ്ഞു.
✍️സുനി ഷാജി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo