നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൃശ്യം 3 - The Reality | Anna Benny


 "ഇല്ല തോമസ്.. നിർത്താറായില്ല, അയാൾ ഇനിയും കളിക്കട്ടെ, നമുക്കും ഒപ്പം കൂടാം" കയ്യിലിരുന്ന പേപ്പർ ചുരുട്ടിയെറിഞ്ഞ് ഗീതാ പ്രഭാകർ വണ്ടിയിലേക്ക് നടന്നു.
"നീ ഇതെന്തു ഭാവിച്ചാ ഗീതാ, നമ്മൾക്കയാളെ ജയിക്കാനാവില്ല.." ഈറനണിഞ്ഞ ശരീരത്തോടെ പ്രഭാകർ പുഴയിൽ നിന്നും അവരുടെ ഇടയിലേക്ക് കയറിവന്നു.
"അതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷേ സിസ്റ്റത്തിന്റെ ഭാഗത്തുനിന്നുo ഇനി വലിയൊരു സപ്പോർട്ട് നിങ്ങൾ പ്രതീക്ഷിക്കേണ്ട." ഐജി തോമസ് ബാസ്റ്റിൻ അവരോട് യാത്ര പറഞ്ഞിറങ്ങി..
"തോമസ് ഒരു മിനിറ്റ്.." ഗീത തോമസിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നുചെന്നു. "ഇത്രയ്ക്ക് കഴിവുണ്ടായിട്ടും, എല്ലാവരെയും സമർത്ഥമായി പറ്റിക്കാമെന്ന് ഉറപ്പുണ്ടായിട്ടും എന്തിനായിരിക്കും ജോർജുകുട്ടി ഒരു വക്കീലിനെ ഏർപ്പാടാക്കിയത്, അതും രേണുകയെപ്പോലെ തുടക്കക്കാരിയായ വക്കീലിനെ.. അയാൾക്ക് സ്വയം വാദിച്ചാൽ പോരായിരുന്നോ.."
"അത് മാഡം, അതും ആ കളിയുടെ ഭാഗമാണ്, ഷി വാസ് എ മീഡിയം ഒൺലി.. അയാൾ സ്വയം വാദിക്കുകയാണ് ചെയ്തത് അയാളുടെ പ്രവൃത്തികളിലൂടെ, പക്ഷേ കോടതിക്ക്‌ അങ്ങനെ തോന്നാതിരിക്കാൻ ഹി യൂസ്ഡ് ഹേർ.."
"ഉം..." കൈകൾ മടക്കിക്കെട്ടി ഗീത ഐജി തോമസ് ബാസ്റ്റിനെ കുറെനേരം നോക്കിനിന്നു, പിന്നെ വണ്ടിയിലേക്ക് കയറി.
ഗീതാപ്രഭാകർ വണ്ടിയിലിരുന്ന് കണ്ണുകളടച്ചു, കോടതിയിൽ നിന്നും സിഐ ഫിലിപ്പ് വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ മനസ്സിൽ കണ്ടു. DNA റിപ്പോർട്ട് പ്രകാരം മൃതദേഹ അവശിഷ്ടങ്ങൾ വരുണിന്റെയല്ല എന്നറിഞ്ഞപ്പോൾ ഞെട്ടിയ ജഡ്ജിയുടെ മുഖം, അത് ജഡ്ജി പറഞ്ഞുകേട്ടപ്പോൾ ഞെട്ടിത്തരിച്ച് നിന്ന അഡ്വക്കേറ്റ് രേണുകയും അഡ്വക്കേറ്റ് ജനാർദ്ദനനും, ഒപ്പം ഇതെല്ലാം ശാന്തതയോടെ കണ്ടുനിന്ന ജോർജ്ജുകുട്ടിയും..
കോടതിമുറിയിൽ ആ വാർത്ത ഏറ്റവും അവിശ്വസനീയതയോടെ കേട്ടത് രേണുകയാണ്, അഡ്വക്കേറ്റ് രേണുകയും അപ്പോൾ അയാളുടെ കയ്യിലെ ഒരു കളിപ്പാട്ടം മാത്രമാണ്, അവൾക്ക് ഇതൊന്നും നേരത്തെ അറിയാമായിരുന്നില്ല.
പ്രഭാകറിനെ വീട്ടിലാക്കി ഗീത നേരെപോയത് കോടതിയിലേക്കാണ്, അവിടെനിന്നും അഡ്വക്കേറ്റ് രേണുകയുടെ അഡ്രസ്സ് സംഘടിപ്പിച്ചു. പഴയൊരു വീടിനു മുന്നിലെത്തി മൂന്നാലു തവണ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു, പ്രതീക്ഷപോലെ രേണുകയായിരുന്നു വാതിൽ തുറന്നത്.
"മാഡം കയറിവരൂ, മാഡം വരുമെന്ന് ജോർജച്ചായൻ പറഞ്ഞിരുന്നു." രേണുക ഗീതയെ അകത്തേക്ക് വിളിച്ചു.
രേണുക ചായ എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ ഗീത ചുറ്റും നോക്കി, ഇനിയും പണികൾ ബാക്കിയുള്ള ചെറിയൊരു വീട്, മുറികളിലൊന്നിൽ രേണുകയുടെ ഗൗണുകൾ തൂങ്ങിക്കിടക്കുന്നു, ഹാളിന്റെ മൂലയിൽ അവൾക്ക് കിട്ടിയ മെഡലുകളും.
രേണുക തിരിച്ചുവന്നപ്പോൾ ഗീത ആ മെഡലുകൾ തിരിച്ചും മറിച്ചും നോക്കുകയായിരുന്നു, രേണുക ചായ മേശമേൽ വെച്ചു, "എനിക്കൊരു വോളിബോൾ പ്ലെയർ ആകാനായിരുന്നു മാഡം ആഗ്രഹം, ഇതെല്ലാം അതിന് കിട്ടിയതാ."
"എന്നിട്ടെന്താ ആ വഴിക്ക് പോകാഞ്ഞത് " ഗീത ചൂട് ചായ ഊതിക്കുടിച്ചു.
"കുറെനാൾ ആ വഴിക്ക് നടന്നു, പിന്നെ അതുകൊണ്ട് ജീവിക്കാനൊക്കില്ല എന്നു മനസ്സിലായപ്പോൾ പല ജോലികളും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ജോർജച്ചായൻ എന്നെത്തേടി വന്നു, വക്കീലാകാൻ എല്ലാ സഹായവും ചെയ്തുതരാമെന്ന് പറഞ്ഞു, ഞാനത് സമ്മതിച്ചു. എന്നെ പഠിപ്പിച്ച് വക്കീലാക്കി, എന്റെ കല്യാണം ഉൾപ്പെടെ എല്ലാം അച്ചായൻ മുൻകൈയെടുത്താണ് നടത്തിയത്.."
"രേണുകക്ക്‌ വേറെ ആരൊക്കെയാ ഉള്ളത്." കാലിയായ ചായഗ്ലാസ് ഗീത നിലത്തുവെച്ചു .
"അപ്പൻ ഞങ്ങളുടെ പള്ളിയിലെ പണ്ടുതൊട്ടെയുള്ള കുഴിവെട്ടുകാരനാണ്, എന്നാലിപ്പോൾ വയ്യാതെ കിടപ്പിലാണ്, അമ്മ കുറച്ചു നേരത്തെ പുറത്തേക്ക് പോയി, എന്റെ ഇന്റർകാസ്റ്റ് മാര്യേജാണ്, അവിടെ വീട്ടിൽ അത്ര രസത്തിലല്ല... പേരുമാറ്റിയിട്ടും...
കുറിതൊട്ട് നടന്നിട്ടും എന്നെ ഒരു അന്യമതസ്ഥയായാണ് കാണുന്നത്.
അപ്പനെ നോക്കാനെന്ന പേരും പറഞ്ഞ് കുറച്ചുനാളായി ഞാൻ ഇവിടെത്തന്നെയാ.."
"ജോർജുകുട്ടി ഇവിടെ വരാറുണ്ടോ??."
"അപ്പനെ കാണാൻ ഇടയ്ക്ക് വരാറുണ്ട്, കഴിഞ്ഞ മാസം ചേച്ചിയേം പിള്ളേരേം കൂട്ടിയാ വന്നത്. അവരു വന്നപ്പോൾ അപ്പൻ പുറത്തുകിടക്കുന്നതുകണ്ട് കുറച്ചുപണം തന്നു, മുറിയൊക്കെ കുറച്ചൊന്നു ശരിയാക്കി അപ്പനെ അകത്തുകിടത്താൻ അതുകാരണം സാധിച്ചു.."
"മാഡം ഒരു മിനിറ്റ്.." അപ്പുറത്തെ മുറിയിൽ നിന്നും ഞെരക്കം കേട്ടതും രേണുക എഴുന്നേറ്റു നടന്നു, ഗീതയും പിന്നാലെക്കൂടി,
കട്ടിലിൽ ചുരുണ്ടുകിടന്ന മെല്ലിച്ച മനുഷ്യന്റെ അടിത്തേയ്ക്ക് ഗീത മെല്ലെ നടന്നു, എന്നിട്ട് പതിയെ ചോദിച്ചു,
" എന്താ തന്റെ പേര്?"
"പത്രോസ്" രേണുകയാണ് പുറകിൽ നിന്നും പറഞ്ഞത്..
ഒരു നിമിഷം ഗീത തരിച്ചുനിന്നു, ആ പേര് വീണ്ടും മനസ്സിൽ ഉരുവിട്ടു തളർന്ന ശരീരത്തോടെ ആ വീടിന്റെ പടിയിറങ്ങി.
ഗീത ഫോണെടുത്ത് വിളിച്ചു, "തോമസ്.. എനിക്കൊന്നു സംസാരിക്കാനുണ്ട് "
ഗീത ഐജിയുടെ ഓഫീസിലേത്തുമ്പോൾ, അയാൾ എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു, കസേര വലിച്ചിട്ട് ഗീത അതിലിരുന്നു.
"തോമസ്, ഐ ഹാവ് ആൻ ഇൻഡ്യൂഷൻ.."
"യാ ടെൽ മി." തോമസ് പേനയും പേപ്പറും മാറ്റിവച്ച് കസേരയിൽ അമർന്നിരുന്നു.
"നമ്മൾ പോലീസ് സ്റ്റേഷന്റെ തറകുഴിച്ച ദിവസം ജോർജുകുട്ടി ഓഫീസിൽ ഉണ്ടായിരുന്നില്ല, അയാൾ അപ്പോൾ കുട്ടികളുടെ കൂടെ പാമ്പുംകോണിയും കളിക്കുകയായിരുന്നെന്ന് സരിതയും സാബുവും പറഞ്ഞു. എന്നും കൃത്യമായി ഓഫീസിൽ വരുന്ന അയാൾ അന്ന്‌ മാത്രം വന്നില്ല, മാത്രമല്ല തിയേറ്ററിനകത്തു മാത്രം ക്യാമറ വെക്കാതെ എന്തുകൊണ്ടാണ് പുറത്തുംകൂടി അയാൾ ക്യാമറ വെച്ചത്, അതും ഇതെല്ലാം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം.. പോലീസ് സ്റ്റേഷൻ കുഴിക്കുമെന്നും, വരുണിന്റെ അസ്ഥികൂടം കണ്ടെത്തുമെന്നും അയാൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു... നമ്മൾ പോലീസ്റ്റേഷൻ കുഴിക്കുകയല്ല അയാൾ നമ്മളെക്കൊണ്ട് കുഴിപ്പിക്കുകയായിരുന്നു തോമസ്, എന്നിട്ട് ഇതെല്ലാം തന്റെ വീട്ടിലിരുന്നുകൊണ്ട് അയാൾ കണ്ടാസ്വദിച്ചു... ലക്ഷ്യത്തിലേക്ക് കയറിക്കയറി ജയിക്കാറാകുമ്പോൾ ഒറ്റയടിക്ക് വിഴുങ്ങി പടുകുഴിയിലേക്ക് തള്ളിവിടുന്ന പാമ്പിനെപ്പോലെ അയാൾ നമ്മളെ വിഴുങ്ങി, ഹി സ്വാളോവഡ് അസ് ലൈക്‌ എ സ്നേക്ക്.."
"ഐ നോ ഗീത, പക്ഷേ നമ്മൾ കൂടുതൽ കുരുക്കാൻ ശ്രമിക്കുന്തോറും അയാൾ കൂടുതൽ സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്, ഡാമിറ്റ്...."
" തോമസ്.. നമ്മൾ ഒരു കാര്യംകൂടി വിട്ടുപോയി, ജോസിനെ അറിയില്ലെന്ന് ജോർജ് പറഞ്ഞതും നുണയാണ്, ഹി വാസ് ലയിങ്.... എല്ലാ പത്രങ്ങളും ചാനലുകളും അരിച്ചുപെറുക്കുന്ന അയാൾ സ്വന്തംനാട്ടിൽ ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ട് അയാളറിഞ്ഞില്ലെന്നോ, നോ വേ... ജോസിനെയും അയാളെയും തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് അവർക്കിടയിലുണ്ട്, അത് കണ്ടെത്തിയാലേ ഇനിയും മുന്നോട്ട് പോകാനാകു.."
ചെറുതായി ചുമച്ചുകൊണ്ട് തോമസ് ടേബിളിൽ കൈകുത്തി മുന്നിലേക്ക് ആഞ്ഞിരുന്നു, "വരുണിന്റെ ബോഡി റിമെയിൻസ് അയാൾ മാറ്റിയെന്നുറപ്പാണ്. അയാളത് എങ്ങനെമാറ്റി, എവിടെവച്ച് മാറ്റി, മാറ്റിവെച്ച അസ്ഥിക്കൂടം ആരുടെയാണ്, ഈ വഴിക്കാണ് എനിക്ക് അന്വേഷിക്കാൻ തോന്നുന്നത്... ഒന്നുകിൽ നമ്മളിൽ ആരെങ്കിലും അയാളെ രഹസ്യമായി സഹായിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ലാബിൽ എത്തുന്നതിനു മുമ്പുള്ള വഴിയിലെവിടെയോ വച്ച് അയാളത് എക്സ്ചേഞ്ചു ചെയ്തു, പക്ഷേ ആ പെട്ടിയുടെ സീലുപോലും ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല.."
"ഒക്കെ തോമസ്, നിങ്ങളാ വഴിക്ക് അന്വേഷിക്കൂ, എല്ലാവരെയും പറ്റിച്ചു കൊണ്ടുള്ള അവന്റെ ചിരിയുണ്ടല്ലോ അത് എന്നന്നേക്കുമായി മായുന്നത് എനിക്ക് കാണണം അതുവരെ എനിക്ക് വിശ്രമമില്ല." ഗീത പുറത്തേക്കിറങ്ങി.
ഇതേസമയം മേരിയും ജോസും ജോർജുകുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു, അയാൾ കവലയിൽ കാർ നിർത്തി അവരുടെനേരെ തിരിഞ്ഞിരുന്ന്‌ ഒരു കവർ ജോസിന് നേരെനീട്ടി.. "പത്തുലക്ഷമാണ് നമ്മുടെ കരാർ, അതിൽ അഞ്ച് പോലീസുകാർ നിനക്കു തന്നു, ബാക്കി അഞ്ച് ഇതിലുണ്ട്.."
ജോസ് പണവുമായി മേരിക്കൊപ്പം പുറത്തിറങ്ങി പത്തടി നടന്നശേഷം തിരികെ ജോർജൂകുട്ടിയുടെ അടുത്തേക്കെത്തി "അച്ചായാ, അളിയന്റെ അസ്ഥിക്കൂടം തിരിച്ചുകിട്ടില്ലേ...."
"പോലീസുകാർ DNA ടെസ്റ്റ്‌ നടത്തും, വൈകാതെ നിങ്ങൾക്കുതന്നെ തിരികെക്കിട്ടും.."
"അപ്പോൾ പത്രത്തിൽ നോക്കിയല്ലേ, അച്ചായനത്....." മേരി പറഞ്ഞുവന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ജോസവളുടെ കൈപിടിച്ചു വലിച്ചു നടന്നു..
ഇതെല്ലാം കണ്ടുനിന്ന സുലൈമാനിക്ക നരച്ച നെഞ്ചിൽതടവി വിളിച്ചുചോദിച്ചു "ജോസേ ഇപ്പെന്തായി, ഞാനപ്പ്ളേ പറഞ്ഞില്ലേ ജോർജൂട്ടിയെ ചെന്നുകണ്ടാൽ എല്ലാം ശരിയാകൂന്ന്..."
"ഇക്കാ രണ്ടുകുല കായകൂടിയുണ്ട്, വൈകീട്ട് കൊണ്ടുവരാം" സുലൈമാനിക്കയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ജോർജ്കുട്ടി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..
അല്പസമയം കഴിഞ്ഞപ്പോൾ ഗീതാ പ്രഭാകർ ഒരിക്കൽക്കൂടി രാജാക്കാട് പോലീസ് സ്റ്റേഷന്റെ പടികടന്നു. ദീർഘമായി ശ്വസിച്ചുകൊണ്ട് ജോർജുകുട്ടി കണ്ണുകളടച്ചു, പിന്നെ പതിയെ കണ്ണുകൾ തുറന്ന് പേനയും പേപ്പറും കയ്യിലെടുത്തു, പുതിയൊരു കഥയെഴുതാൻ ...
NB : തെറ്റു കുറ്റങ്ങളേറെ ഉണ്ടാവും, സിനിമ കണ്ട ഒരു വീട്ടമ്മ മനസ്സിൽ വന്നത് വെറുതെ കുറിക്കുന്നു.....
Written by
Anna Benny,
Nallezhuth

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot