ഒരുപാട് വർഷത്തിന് ശേഷം ആണ് രണ്ടു ആഴ്ച അടുപ്പിച്ചു നാട്ടിൽ നിൽക്കുന്നത്. കൊറോണ പോസിറ്റീവ് ആണെന്നു അറിഞ്ഞപ്പോൾ കാർ എടുത്തു നേരെ നാട്ടിലേക്കു പോരാൻ ആണ് തോന്നിയത്.
വീട്ടിൽ എത്തിയപ്പോൾ പുതിയ വീടിനോട് ചേർന്ന കുഞ്ഞ് തറവാട് വീട് ഒരുക്കി ഇട്ടിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനു ശേഷം വൃത്തി ആക്കി ഇട്ടിരിക്കുകയാരിന്നു എന്ന് അമ്മ പറഞ്ഞു.
തറവാട്ടു മുറ്റത്തേക്കു കാലുവച്ചപ്പോൾ ഒരായിരം ഓർമകൾ മനസിലേക്കു ഇരമ്പി വരുന്ന പോലെ. മറന്നു പോയ ചില ഗന്ധങ്ങൾ വീണ്ടും നാസികത്തുമ്പിൽ എത്തി.
രണ്ടു ദിവസത്തെ അവധിക്കു നാട്ടിൽ വന്നാലും ഇപ്പോൾ പറമ്പിലേക്കോ അതിനു നടുവിൽ നിൽക്കുന്ന ഈ വീട്ടിലേക്കോ വരാറില്ല. വാടകക്കാർ ഉള്ളത് കൊണ്ട് ഈ ഭാഗത്തേക്കു ശ്രദ്ധിക്കാറേ ഇല്ല.
വീടിനുള്ളിലെ റെഡ് ഓക്സിസൈഡ് തറയിൽ കാല്പദം അമർന്നതും തണുപ്പ് തോന്നിയത് മനസിന് ആണെന്ന് തോന്നി. ഒരുപാട് കാലങ്ങൾക്കു ശേഷം ഫോൺ നോക്കാതെ തന്നെ ഉറങ്ങി പോയി.
രാവിലെ ഉണർന്നു ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ മുറ്റം മൂടി മൂടൽ മഞ്ഞ്. മനസും ഉടലും കുളിരുന്ന തണുപ്പ് തോന്നി. മനസിലേക്കു പെട്ടെന്നു ഒരു ചിത്രം വന്നു. വൃശ്ചിക മാസം രാവിലെ തീ കായുന്നതിനു വേണ്ടി തലേദിവസം വൈകിട്ടു തന്നെ മത്സരിച്ചു ഉണങ്ങിയ കരിയിലകൾ അടിച്ചു കൂട്ടുന്ന ഞങ്ങളുടെ കുട്ടിക്കൂട്ടം. റോഡ് അരികിൽ രണ്ടു മൂന്നിടത്തു ആയി ഇങ്ങനെ കരിയിലകൾ വൈകുന്നേരം മുറ്റം അടിക്കുമ്പോൾ തന്നെ കൂട്ടി വക്കും. രാവിലെ എണീറ്റ് ഓടി ചെല്ലുമ്പോൾ തന്നെ അച്ഛമ്മ കരിയിലക്കു തീ കൂട്ടാൻ തുടങ്ങിയിട്ടുണ്ടാകും. മഞ്ഞു വീണ് കുതിർന്ന കരിയിലകൾ തീ പിടിപ്പിച്ചു എടുക്കുന്നത് ഒരു മത്സരം തന്നെ ആണ്. അത് കഴിഞ്ഞാൽ അതിനു ചുറ്റും ഇരുന്നു തീ കായും. എല്ലാ വീടിനു മുൻപിലും ഉണ്ടാകും ഇങ്ങനെ ഒരു കൂട്ടം. അതിരാവിലെ ചായ കുടിക്കാൻ പോകുന്ന ജോണി ചേട്ടനും കൃഷ്ണൻ ചേട്ടനും എല്ലാം കുറച്ച് നേരം തീ കാഞ്ഞു വിശേഷം പറഞ്ഞെ പോകൂ. അതിനിടയിൽ ശബരിമലക്കു പോകാൻ മാല ഇട്ട അയ്യപ്പന്മാരുടെ ശരണം വിളി ഉയർന്നു കേൾക്കാം. പറമ്പിലെ പൂത്തു നിൽക്കുന്ന കാപ്പി പൂവിന്റെ ഗന്ധം ഉണ്ടാകും ചുറ്റും.
അതിനു ശേഷം അടുക്കളയിലേക് ഒരു ഓട്ടം ആണ്. പല്ല് തേച്ചു ചെന്നാൽ അമ്മ ഉണ്ടാക്കി വച്ച അപ്പത്തിന് മീതെ പഞ്ചാര തൂകി കഴിക്കും. ചേച്ചിമാരുടെ പാത്രത്തിൽ നിന്നും ഇത്തിരി പഞ്ചാര കട്ടെടുക്കും ഇടയിൽ.ആ ഓർമയിൽ തന്നെ ചുണ്ടിൽ ഒരു ചിരി വന്നു. ഇന്നിപ്പോൾ പാത്രത്തിൽ നിന്ന് തട്ടി പറിക്കാനും വഴക്ക് കൂടാനും ആരും അടുത്തില്ല. എല്ലാരും പലയിടത്തു ആണ്. വല്ലപ്പോളും ഉള്ള കൂടി ചേരലുകൾ മാത്രം.
ഓർമ്മകൾ മനസ്സിൽ നിറഞ്ഞപ്പോൾ റൂമിൽ ഇരിക്കാൻ തോന്നിയില്ല. വെറുതെ പറമ്പിലേക് ഇറങ്ങി.
പറമ്പിൽ ആർക്കും വേണ്ടാതെ ഒടിച്ചു കിടക്കുന്ന ഈന്തിന്റെ ഇല കണ്ടപ്പോൾ എന്തോ ഒരു നോവ്. പണ്ട് ക്രിസ്മസ് വെക്കേഷൻ ആയാൽ പകൽ പുൽകൂട് ഉണ്ടാക്കുന്ന തിരക്കിൽ ആയിരിക്കും കുട്ടികൾ എല്ലാം. കുറച്ച് ദൂരെയുള്ള പറമ്പിൽ പോയി ആണ് പുൽകൂട് മേയാനുള്ള ഈന്തില വെട്ടുക. ആദ്യം ചെല്ലുന്നവർക്കേ നല്ല ഇല കിട്ടൂ. പറമ്പിൽ കിടന്നു അടി കൂടിയാൽ അവിടത്തെ ചേട്ടൻ വന്നു ഓടിക്കും. പുതിയ റബ്ബർ തൈകൾ നട്ടിരിക്കുന്നത് കേടു വരാതെ നോക്കി വെട്ടണം. പിന്നെ ഞങ്ങൾ ഉണ്ണീശോ പുല്ലെന്നു പറയുന്ന പുല്ല് പറച്ചു ഉണക്കി എടുക്കണം.
ഇതെല്ലാം കഴിഞ്ഞു കുളി കഴിഞ്ഞു വേണം വൈകിട്ട് അമ്പലത്തിൽ പോകാൻ. വൈകിട്ടു അമ്പലത്തിൽ അയ്യപ്പന്മാരുടെ പ്രത്യകം പ്രാർത്ഥനയും ശരണം വിളിയും എല്ലാം ഉണ്ട്. അത് കഴിഞ്ഞു ആണ് ഏറ്റവും രസമുള്ള പരിപാടി. വീട്ടിൽ തന്നെ ഉണ്ടായ കപ്പ, മാങ്ങാ, വാഴക്കുല, കോഴി എല്ലാത്തിനെയും ലേലത്തിനു വക്കും. ലേലം വിളി ഒരു ആവേശമാണ് ചേട്ടന്മാർക്. ചിലപ്പോൾ കൈ വിട്ടു എന്ന് തോന്നിയാലും വാശി പുറത്തു ലേലം തുക ഉയരും. നാട്ടിൽ ഒരു വിധം എല്ലാരും ഉണ്ടാകും അമ്പല പറമ്പിൽ. അതിനു ശേഷം നെയ്പായസം വിതരണം ഉണ്ട്. അതും വാങ്ങി കഴിച്ചു തിരിച്ചു വീട്ടിലേക് നടപ്പാണ്. ലേലത്തിൽ വിളിച്ചു കിട്ടിയ സാധനങ്ങൾ ആയി അച്ചായി സൈക്കിളിൽ പോകും. വിളിച്ചാലും ഞാൻ പോകില്ല. കാരണം ആ തണുപ്പിൽ എല്ലാരും കൂടെ ചൂട്ടും കത്തിച്ചു അന്നത്തെ ലേലത്തിന്റെ വിശേഷങ്ങൾ പറഞ്ഞുള്ള ആ നടപ്പ് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു.
അന്നു ക്രിസ്മസ്നു ഉണ്ണീശോ വന്നു പോകുന്നത് വരെ ഒരു ആഘോഷം ആണ്. മൂന്ന് ഇടവകകളുടെ അതിർത്തി ആയതോണ്ട് മൂന്ന് പള്ളിയിൽ നിന്നും കരോൾ വരും. അവസാന കരോളും വന്നു പോയിക്കഴിഞ്ഞു ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ ഒരു സങ്കടം നിറയും മനസ്സ് നിറയെ. വെക്കേഷൻ തീരാറായതിന്റെയാണോ ക്രിസ്മസ് പരീക്ഷ പേപ്പർ കിട്ടുന്നത് ഓർത്തിട്ടു ആണോ എന്ന് അറിയില്ല ആ സങ്കടം. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു സുഖം.
ഈ കാര്യങ്ങൾ ഓർത്തിരിക്കുമ്പോൾ തന്നെ അപ്പുറത്തു ക്രിസ്മസ് കരോൾ വരുന്ന ബഹളം കേട്ടു. പണ്ടത്തെ പോലെ ആർപ്പു വിളി ഇല്ല, അധികം ബഹളം ഇല്ല.റെക്കോർഡ് ചെയ്ത പാട്ട് ആണ്.
കാലം മാറുന്നു. സൗകര്യങ്ങൾ കൂടി വരുന്നു. എല്ലാം നല്ലത് തന്നെ. എന്നാലും മധുരം കൂടുതൽ പഴയ ഓർമകൾക്ക് തന്നെ. ഞാൻ തന്നെ മറന്നു പോയ ഇങ്ങനെ എത്ര എത്ര ഓർമ്മകൾ....
By Ambily PG
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക