നല്ല പേടി ഉണ്ടായിരുന്നു. എന്നും കാണുമ്പോള് ചിരിക്കുന്ന കുട്ടി, ഒരുമിച്ചു സ്കൂളില് നിന്നും തിരിക്കുന്നു. ഞാന് സൈക്കിളില് .. അവള് നടക്കും. എനിക്ക് കണക്കിന്റെ ടുഷന് ഉണ്ട്. അവരുടെ വീടിനടുത്ത്. എന്നും ഉള്ള ഒരുമിച്ചുള്ള യാത്രകളാണ്, ഈ ബന്ധം, "കാണുമ്പോള് ഉള്ള ചിരി" വരെ എത്തിച്ചത്.
പലവട്ടം ആലോചിച്ചു പ്രണയാഭ്യര്ത്ഥന വേണ്ടാന്ന് വെച്ചെങ്കിലും ഉറ്റ സുഹൃത്ത് ഷിബു ജോണിന്റെ നിർബന്ധമാണ് അത് പറഞ്ഞേ പറ്റു എന്ന തീരുമാനത്തില് എന്നെ എത്തിച്ചത്. പക്ഷെ ആ ചിരി നഷ്ടപ്പെടുമോ എന്ന ഭയം എന്നെ വല്ലാതെ വിഷമിപ്പിച്ചു.
അവസാനം ക്രിസ്തുമസ് പരീക്ഷകളില് അവസാന വിഷയമായ കണക്കു പരീക്ഷ കഴിഞ്ഞ ദിവസം ചോദ്യ പേപ്പര് ടുഷന് സാറിനെ കാണിച്ചിട്ട് വേണം വേണം വീട്ടില് പോകാന് (അതാണ് പതിവ്), അവളോട് മനസ്സില് ഉള്ളത് പറയാന് ആ ദിവസം തന്നെ ഏറ്റവും നല്ലത് എന്ന് തീരുമാനിച്ചു. ഷിബൂനോട് പറഞ്ഞു. അവന്റെ വക പച്ചക്കൊടി .. വഴക്കായാല് 10 ദിവസം മതി അത് അലിയാനും ഇല്ലാതാവാനും. എല്ലാംകൊണ്ടും ശുഭ മുഹൂര്ത്തം.
ഉച്ചക്ക് പരീക്ഷ തീര്ന്നു.. ഞാന് അവളുടെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിക്കുവാന് ഷിബൂനെ ഏര്പ്പാടാക്കി. കൂട്ടുകാരികളോട് യാത്ര പറഞ്ഞു അവള് ഇറങ്ങുന്നതിന്റെ സിഗ്നല് കിട്ടി... എന്റെ കൂടെയുള്ള സകല ഉപയോഗ ശൂന്യരായ കൂട്ടുകാരെയും തല്കാലം പാടെ മറന്നു ഞാന് ചുവന്ന BSA-SLR സൈക്കിള് സ്റ്റാര്ട്ട് ചെയ്ത്, മുഖത്തു പതിവ് ചിരിയും വരച്ചു മുന്നോട്ടു നീങ്ങി... 5 മിനിറ്റ് നീങ്ങിയപ്പോള് അവള് പോകുന്നത് കാണാം... അടുക്കും തോറും എന്റെ ചിരിയുടെ നീളം കുറഞ്ഞു കുറഞ്ഞു വരുന്നുണ്ട് എന്ന് ഞാന് അറിഞ്ഞു.
പതിവ് പോലെ ആദ്യം അവളെയും കടന്നു മുന്നോട്ടു പോയി ഞാന് റഹ്മാന് സ്റ്റൈലില് തിരികെ വന്നു. പാവം എന്റെ ദുരുദേശം അറിയാതെ അവള് പതിവ് ചിരി സമ്മാനിച്ചു. വലിയകണ്ണുകള് ഒന്നുകൂടി വിടര്ന്നു, കവിള് അന്ന് കൂടുതല് ചുമന്നു, എന്നൊക്കെ എനിക്ക് ചുമ്മാ അങ്ങട് തോന്നി. ഉച്ചയല്ലേ, വെയില് ആയിരുന്നു കാരണം എന്ന് എന്റെ കാമുക ഹൃദയം അംഗീകരിച്ചില്ല
"രേഖ ഒന്ന് നിന്നേ, ഒരു കാര്യം ചോദിക്കാനുണ്ട്" ... വിക്കി വിക്കി പറഞ്ഞൊപ്പിച്ചു
"എന്താ ?" അവളുടെ വളരെ നേര്ത്ത ശബ്ദം.
എന്റെ മനസ്സില് പലവിധ ചിന്തകള്, ഇനി ഈ ചിരി കാണാന് കഴിയില്ലേ ? അവള്ക്കു വഴക്കാവുമോ? എന്റെ ധൈര്യം ചോരുന്നു. മനസ്സില് ഷിബു തെളിഞ്ഞു. പിന്നീട് ധൈര്യം സംഭരിച്ചു സകല ദൈവങ്ങളെയും മനസ്സില് വിചാരിച്ചു ഒറ്റ ചോദ്യം ..
"നിനക്ക് പരീക്ഷ എളുപ്പമായിരുന്നോ ?"
ആ കണ്ണുകള് ഒന്ന് കൂടി വിടര്ന്നു, അവള്ക്ക് അത്രയ്ക്ക് അങ്ങോട്ട് വിശ്വാസം ആയിട്ടില്ല.
ഇതായിരുന്നില്ല ചോദിക്കാന് വന്നത് എന്ന് എന്റെ വെപ്രാളം കണ്ട അവള്ക്കു അപ്പൊഴേ പിടികിട്ടി.
"ങും അതെ എളുപ്പമായിരുന്നു... നിനക്കോ ?"
"എനിക്കും".. ഞാന് സൈക്കിള് തിരിച്ചു.
"ഇത് ചോദിക്കാനാണോ നിന്നത് ?"
മനസ്സില് ലഡ്ഡു പൊട്ടി (അന്ന് ആ പ്രയോഗം പ്രാബല്യത്തില് ഇല്ലായിരുന്നു)
" അല്ല, "
" പിന്നെ "
" ചോദിച്ചാല് പിണങ്ങുമോ എന്ന് പേടിയുണ്ട് "
" പിണങ്ങില്ല ..പറയു"
" നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞാല് നീ പിണങ്ങി മിണ്ടാതിരിക്കുമോ എന്നാ ചോദിക്കാന് വന്നത്"
അവള് ഒന്നും പറയാതെ മുന്നോട്ടു നടന്നു ....എന്റെ കൈകാലുകള് തളര്ന്നു ....
പുല്ല്, കിട്ടിയ 30-40 സെക്കന്റില് ഷിബൂന്റെ അപ്പൂപ്പനെ വരെ ചീത്ത വിളിച്ചു.
കുറച്ചു മുന്നോട്ടു നീങ്ങിയ അവള് തിരിഞ്ഞു നോക്കി ചെറു ചിരിയോടെ
" ഇല്ല"
എന്നു മാത്രം പറഞ്ഞിട്ട് അവള് നില്ക്കാതെ മുന്നോട്ടു പോയി.
ഞാന് സാറിനെ ചോദ്യപേപ്പര് കാണിക്കുന്ന കാര്യമൊക്കെ വിട്ടു. പിന്നെ... ഇതിനിടക്ക് സാറിന്റെ ചീത്തവിളി എന്തിനു കേള്ക്കണം ?
ആ 10 ദിവസം ജീവിതത്തില് ഒരിക്കലും മറക്കാന് കഴിയില്ല .. സ്കൂള് തുറന്നു വരുന്ന അവളെയും ഓര്ത്ത് നടന്ന ആ 10 ദിവസം.
ഇതിനപ്പുറത്തെക്ക് ഒന്നും ചോദിക്കരുത്.

കൊന്നാലും പറയില്ല.
By Rajeev Nair
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക