Slider

പ്യാജ്. | ഹക്കീം മൊറയൂർ.

 

ഭായ്. ഏക് പ്യാജ് മിലേഗാ?.
വളരെ ദയനീയമായ സ്വരത്തിലുള്ള ചോദ്യം കേട്ട് ഞാൻ അവനെ അമ്പരന്നു നോക്കി.
യുപിക്കാരനാണ് ചോദിക്കുന്നത്. കുറച്ചപ്പുറത്തെ യമനിയുടെ റൂമിൽ താമസിക്കുന്നവനാണ്. ഇടക്കിടെ അവനെ കാണാറുണ്ട്. ഇത് വരെ ഒന്ന് ചിരിക്കുക എന്നതിൽ കവിഞ്ഞു കൂടുതൽ ഒന്നും സംസാരിച്ചിട്ടില്ല.
രണ്ട് ഹിന്ദിക്കാരാണ് യമനിയായ കെട്ടിടം പണിക്കാരൻ വാടകക്ക് എടുത്ത കൊച്ചു റൂമിൽ താമസിക്കുന്നത്. അവർ സുബഹി നിസ്കാരത്തിനു ബാങ്ക് വിളിക്കുന്നതിന്‌ മുൻപേ റൂമിൽ നിന്നും ജോലിക്കായി പുറത്ത് പോവും.
ഉണർന്നു കിടക്കുകയാണെങ്കിൽ യമനിയുടെ പാട്ട ഹൈലക്സ് കാർ അതിരാവിലെ തന്നെ ഹോൺ മുഴക്കുന്നതും തൊട്ടടുത്ത നിമിഷം രണ്ട് ബൂട്ടുകളുടെ ശബ്ദവും ഡോർ അടച്ചു ആ വണ്ടി തിരിച്ചു പോവുന്ന ശബ്ദവും കേൾക്കാം. പിന്നെ അവർ തിരിച്ചു വരുന്നത് മഗ്‌രിബ് ഒക്കെ കഴിഞ്ഞാണ്.
ഇന്നലെയും മിനിഞ്ഞാന്നും കൂടെയുള്ള ഹിന്ദിക്കാരൻ പ്യാജ് വാങ്ങി പോയത് ഞാൻ അപ്പോഴാണ് ഓർത്തത്. ഉള്ളിക്ക് അത്യാവശ്യം വിലയുള്ള സമയമാണ്. കൂടാതെ എന്റെ പിശുക്കും കൊണ്ട് കുറച്ചു മാത്രമേ ഞാൻ വാങ്ങി വെക്കാറുള്ളൂ.
കടം വാങ്ങാൻ വന്നതിന്റെ ആ ഒരു വിഷമം അവന്റെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു.
പണ്ടൊക്കെ പലചരക്കു കടയിൽ പറ്റ് വാങ്ങാൻ പോവുന്ന കാലത്തെ എന്റെ അവസ്ഥ ഞാൻ വെറുതെ ഒന്നാലോചിച്ചു നോക്കി. ഏറ്റവും അവസാനം വന്ന ആൾക്ക് വരെ സാധനം കൊടുത്തേ ആദ്യം വന്ന എനിക്ക് സാധനം കിട്ടാറുള്ളൂ. ഓരോ നിമിഷവും നാളെ അങ്ങോട്ട് പോവില്ല എന്ന ചിന്തയോടെയാണ് കടയിൽ നിന്നും തിരിച്ചു പോരുക.
എന്തായാലും ഞാൻ രണ്ട് ഉള്ളി എടുത്തു അവനു കൊടുത്തു. ഇനി വരരുതേ എന്നൊരു ഭാവവും എന്റെ മുഖത്ത് അറിയാതെ വിരിഞ്ഞിരുന്നു. അതിനും കാരണമുണ്ട്. വളരെ ചെറിയ ശമ്പളത്തിൽ ആണ് ഞാൻ ജോലി ചെയ്യുന്നത്. മാസം പത്തായിരം തികച്ചു വീട്ടിലേക്ക് അയക്കാൻ ബാക്കി കിട്ടാത്ത അത്രയും കുറവ് ശമ്പളത്തിൽ. 2010 ലാണ് ഈ സംഭവം നടക്കുന്നത്. അതായത് പറഞ്ഞ ശമ്പളം കിട്ടാതെ കിട്ടുന്ന ശമ്പളത്തിന് കൂലി പണി രാജനായി ജോലി നോക്കുന്ന സമയത്ത്.
അവൻ പോയതിനു ശേഷമാണ് മറ്റൊരു ചിന്ത എന്റെ മനസ്സിലേക്ക് വന്നത്. സാധാരണ ഈ ഹിന്ദിക്കാർ പാത്രം കഴുകാനും ചിക്കൻ മുറിക്കാനുമൊക്കെ കുളിമുറിയുടെ പുറത്തുന്ന സിങ്കിനടുത്തേക്കാണ് പോവാറ്. ഈയിടെയായി അവരെ ആ ഭാഗത്തു അങ്ങനെ കാണാറില്ല. കൂടാതെ രാത്രികളിൽ അവരുടെ റൂമിൽ നിന്നും കടലക്കറിയുടെ കനത്ത മസാലക്കൂട്ടിന്റെ ഗന്ധവും ഉയറാറില്ല.
ഏതായാലും രാത്രി കടയിലേക്ക് പോവുന്ന വഴിക്ക് ഞാൻ അവരുടെ റൂമിൽ ഒന്ന് കയറി. ചാരിയിട്ട വാതിലിൽ മുട്ടി കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വാതിൽ തുറന്നു.
തുറന്ന വാതിലിലൂടെ ഞാൻ അകത്തേക്ക് ഒന്ന് പാളി നോക്കി. റൂമിൽ വെറും തറയിൽ പായ വിരിച്ചാണ് അവർ കിടക്കുന്നത്. ദിവസങ്ങളായി ഭക്ഷണം ഉണ്ടാക്കിയില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവുന്ന രൂപത്തിലുള്ള പൊടി പിടിച്ച പാത്രങ്ങളും ഒഴിഞ്ഞ പച്ചക്കറി പാത്രങ്ങളും ധാന്യ കുപ്പികളും.
ക്യാ ഖാന ഖായാ?.
എന്റെ ചോദ്യത്തിന് ആദ്യമൊന്നും അവനൊന്നും മിണ്ടിയില്ല. കൂടെയുള്ള പയ്യൻ ഞാൻ സവാള തിരിച്ചു ചോദിക്കാൻ വന്നതാണോ എന്ന് കരുതി നിലത്തേക്ക് നോക്കി ഇരിക്കുകയാണ്.
അവർക്ക് ആറു മാസമായി യമനി ശമ്പളം കൊടുത്തിട്ടില്ല. വിസയുടെ കാലാവധിയും കഴിഞ്ഞിരിക്കുകയാണ്. ശമ്പളം കിട്ടാതെ പണി ചെയ്യില്ല എന്ന് പറഞ്ഞപ്പോൾ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ്. ഒരു റിയാൽ പോലും ഇനി അവരുടെ കയ്യിൽ ബാക്കിയില്ല. ഏതോ കടയിൽ നിന്നും കാലാവധി കഴിഞ്ഞ കുബ്ബൂസ് ആടിന് കൊടുക്കാൻ വേണ്ടി പുറത്തുള്ള ബക്കറ്റിൽ ഇട്ട് വെച്ചത് എടുത്തു കൊണ്ട് വന്നാണ് രണ്ട് ദിവസമായി കഴിക്കുന്നത്.
കുടിക്കാൻ പൈപ്പ് വെള്ളവും. പച്ച വെള്ളവും ഉണങ്ങിയ കുബ്ബൂസും അല്പം രുചി കിട്ടാൻ എന്നോട് കടം വാങ്ങിയ ഉള്ളിയും. ഗ്യാസും കുടി വെള്ളവും എന്നോ തീർന്നിരിക്കുന്നു.
അത്രക്ക് ദയനീയമായ ഒരവസ്ഥയിൽ രണ്ട് ചെറുപ്പക്കാരെ ഞാൻ ആദ്യമായി കാണുകയാണ്. പുറത്ത് പോയാൽ പോലീസ് പിടിക്കും എന്ന് യമനി അവരെ ഭീഷണിപ്പെടുത്തിയിരിക്കുന്നു. പ്രത്യേകിച്ച് അവർ മുസ്ലിം അല്ലാത്തത് കൊണ്ടും അറബി ഭാഷയിൽ വലിയ പ്രാവീണ്യം ഇല്ലാത്തത് കൊണ്ടും യമനിയുടെ ഭീഷണിയിൽ ഭയന്ന് ജീവഹാനി പേടിച്ചു റൂമിൽ തന്നെ ഇരിക്കുകയാണ് അവർ.
ആൾതാമസം നന്നേ കുറവുള്ള നമാസ് ഭാഗത്തെ സബ്ത്തുൽ അലായ എന്ന ചെറുപട്ടണത്തിൽ നിന്നും അര മണിക്കൂർ യാത്ര ചെയ്താലാണ് ഞാൻ താമസിക്കുന്ന ബനീ അംറിൽ എത്തുക. ബദുക്കളുടെ നാടാണ്. ചുരവും മലഞ്ചെരിവുകളും മഞ്ഞും കോടയും തണുപ്പും എല്ലാം നിറഞ്ഞ പ്രദേശം.
കുറച്ചു നേരം ഞാൻ അന്തം വിട്ട് നിന്നു. പിന്നെ പോക്കറ്റിൽ തപ്പി നോക്കി. 20 റിയാലിന് അടുത്ത് ബാക്കിയുണ്ട്. ശമ്പളം കിട്ടാൻ ഇനിയും ഒരാഴ്ച പിടിക്കും. അത്‌ വരെ എനിക്ക് കഷ്ടി പിടിച്ചു നിൽക്കാൻ തന്നെ ആ തുക പോരാ.
ഞാൻ കടയിൽ പോയി കുറച്ചു ഗോതമ്പ് പൊടിയും കടലയും മറ്റു സാധനങ്ങളും രണ്ടു മൂന്ന് ദിവസത്തേക്ക് ഉള്ളത് വാങ്ങിച്ചു അവർക്ക് കൊണ്ട് കൊടുത്തു. പിന്നെ റൂമിൽ നിറച്ചു വെച്ചിരുന്ന ഒരു ഗാലൻ വെള്ളവും.
അവരുടെ നിറഞ്ഞ കണ്ണുകൾ കാണാൻ പോലും നിൽക്കാതെ ഞാൻ എന്റെ റൂമിലേക്ക് നടന്നു. നമ്മൾ ഒരു ഉപകാരം ചെയ്തു കൊടുത്താൽ അതിന്റെ നന്ദി കിട്ടാനായി അവിടെ പിന്നെയും നിൽക്കുന്നത് എന്തോ എനിക്ക് ഇഷ്ടമല്ല. അത്‌ കൊണ്ടാണോ എന്നറിയില്ല, നേരിട്ടു പരിചയമില്ലാത്ത പലരും കരുതുന്നത് ഞാനൊരു പരുക്കൻ മനുഷ്യൻ ആണെന്നാണ്.
പിറ്റേന്ന് രാവിലെ ആ യമനി വീണ്ടും വന്നു. അവരെ പണിക്കു കൊണ്ട് പോവാനാണ് അയാൾ വന്നത്. ശമ്പളം തരാതെ പണിക്കു വരില്ലെന്ന് പറഞ്ഞതോടെ അയാൾ വളരെ ഉച്ചത്തിൽ ചീത്ത വിളിക്കാൻ തുടങ്ങി.
അതോടെ ഞാൻ ആ പ്രശ്നത്തിൽ ഇടപെട്ടു.
ഞാൻ അവരുടെ ഭാഗത്തു നിന്നു സംസാരിക്കുന്നതിൽ ആ യമനിക്ക് വലിയ ദേഷ്യം തോന്നിയിരിക്കണം. അയാൾ എന്നെ കൂടെ ചീത്ത വിളിക്കാൻ തുടങ്ങി. പിന്നെ ബഹളം എന്റെ നേർക്കായി.
'നീ എന്താണ് ഇവർക്ക് ശമ്പളം കൊടുക്കാത്തത് '?.
അറബ് വംശജനായ അയാളെ കേവലം ഹിന്ദിയായ ഞാൻ കൈ ചൂണ്ടി തലയുയർത്തി പേടിയില്ലാതെ ചോദ്യം ചെയ്തത് അയാൾക്ക് ഒട്ടും പിടിച്ചില്ല. അപ്പോഴേക്കും എന്റെ കഫീലിന്റെ മകനും അവിടെ വന്നു.
അതോടെ യമനി കുറച്ചു മയപ്പെട്ടു. കാര്യം തിരക്കിയ സൗദികളോട് എനിക്കറിയുന്ന അറബിയിൽ ഞാൻ കാര്യം പറഞ്ഞതോടെ എല്ലാവരും യമനിക്ക് നേരെ തിരിഞ്ഞു. അതോടെ അയാൾ വിഷയം മാറ്റി കളഞ്ഞു.
'അവർ രണ്ടു പേരും കള്ള കാഫിറുകളാണ് '.
എനിക്കു ആ വാക്കുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആറു മാസമായി പട്ടിയെ പോലെ പണി ചെയ്യിച്ചിട്ട് പൈസ കൊടുക്കാതെ പട്ടിണിക്കിട്ട ആൾ സ്വന്തം താല്പര്യത്തിനു വേണ്ടി ജയിക്കാൻ യഥാർത്ഥ മുസ്ലിം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്തു മനുഷ്യന്റെ മനസ്സുകൾ തമ്മിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. വിയർപ്പ് ഉണങ്ങുന്നതിനു മുമ്പ് തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ ആഹ്വാനം ചെയ്ത പ്രവാചകന്റെ പേരിൽ അയാൾ കള്ള സത്യം ചെയ്യുകയാണ്.
എനിക്ക് വന്ന ദേഷ്യത്തെക്കാൾ കൂടുതലാണ് സത്യത്തിൽ അവിടെ കൂടി നിന്ന ബദുക്കൾക്ക് ഉണ്ടായത്. പ്രാകൃത സ്വഭാവക്കാരായിട്ടും ആ യമനിയുടെ സംസാരം അവർക്ക് ഇഷ്ടമായില്ല. അവർ കടുത്ത ചീത്ത വാക്കുകൾ പറയാൻ തുടങ്ങിയതോടെ യമനിക്ക് പിടിച്ചു നിൽക്കാൻ പറ്റാതെയായി.
എന്തായാലും ഒരാഴ്ചക്കുള്ളിൽ ഏറെ കുറെ കിട്ടാനുള്ള പൈസ അവർക്ക് കിട്ടി. സന്തോഷത്തോടെ പിന്നീട് അവർ മറ്റൊരു സ്ഥലത്തേക്ക് പോയി. പോവുമ്പോൾ അവർ ഹക്കീം ഭായ് എന്ന് വിളിച്ചു സ്നേഹത്തോടെ കെട്ടിപ്പിടിച്ചാണ് പോയത്.
അവർ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. എവിടെ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കുകയാവും എന്ന് പ്രതീക്ഷിക്കുന്നു.
വായനക്ക്‌ നന്ദി.
ഹക്കീം മൊറയൂർ.
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo