കല്യാണവീട്ടിലെ തിരക്ക് കഴിഞ്ഞപ്പോൾ മൂവന്തിയായി. വാടകയ്ക്കെടുത്ത പെട്രോമാക്സ് തിരിച്ച് കൊടുത്ത കാരണം മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിരുന്ന് എല്ലാവരും ബാക്കിവന്ന ചോറുണ്ടു.
സാമ്പാറിന് ലേശം വളിച്ച മണം വന്നെങ്കിലും മോര് ഒഴിച്ചപ്പോൾ മണം കെട്ടടങ്ങി.
ചെത്തി തേക്കാത്ത വീടിന്റെ മുൻഭാഗത്തുള്ള കണ്ടത്തിൽ തവളകൾ ചാടി കളിച്ചു. ഉണ്ടക്കണ്ണുരുട്ടി അങ്ങോട്ടുമിങ്ങോട്ടും നോക്കി അവർ മറുകണ്ടം ചാടി.
അവസാന ബസ്സും പോയ കാരണം അനന്തുവും അമ്മയും കല്യാണ വീട്ടിൽ തന്നെ കൂടി.
അത്താഴമുണ്ണാൻ വിളിച്ചപ്പോൾ കല്യാണപ്പെണ്ണ് വന്നില്ല. അവൾക്ക് വേണ്ടെങ്കി നിർബന്ധിക്കണ്ടാന്ന് ചെക്കൻ പറഞ്ഞു.
എന്നിട്ടയാൾ വരമ്പത്തോടെ നടന്ന് തെങ്ങിൻതോപ്പിലേക്ക് കയറി. കൂട്ടുകാർ വാറ്റ് ചാരായോം വാങ്ങി ആളെ കാത്തുനിൽപ്പുണ്ടായിരുന്നു.
ഓലമേഞ്ഞ വീടിന്റെ തെക്കേ ചായിപ്പിൽ അനന്തുവിന് ഒരു പായവിരിച്ച് കിട്ടി. ഓട്ടു വിളക്ക് കെടുത്തി ഉറങ്ങിക്കോളാൻ പറഞ്ഞ് അമ്മ പുറത്തേക്ക് പോയി.
"അമ്മ കെടക്കണില്ലേ...?"
ഒരു പതിനഞ്ച് വയസ്സുകാരന് അമ്മയുടെ കൂടെ കിടന്നുറങ്ങാൻ ആഗ്രഹം ഉണ്ടായിട്ടല്ല, എന്നാലും അപരിചിതമായ ആ വീട്ടിൽ തനിച്ചായപ്പോൾ അനന്തുവിന് എന്തോ ഒരു വല്ലായ്മ തോന്നി.
"നീ ഒറങ്ങിക്കോ, കൊറെ പാത്രം മോറാനുണ്ട്."
അമ്മ പോയപ്പോൾ അനന്തു ഇരുട്ടിലേക്ക് നോക്കി കിടന്നു. ചായ്‌പ്പിന്റെ ചുമരിന് പുറത്ത് ചീവീടുകൾ ചിലമ്പുന്ന ശബ്ദം അവൻ കേട്ടു.
ഇരുട്ടിനെ അവന് പേടിയാണ്. മാടനും മറുതയും യക്ഷികളും ഒക്കെ ഉറക്കമുണരുന്നത് രാത്രിയിൽ ആണെന്ന് അവനറിയാം.
ചായ്‌പ്പിനകത്തെ കനത്ത ഇരുട്ടിലേക്ക് ആരോ കടന്നു വന്ന പോലെ അനന്തുവിന് തോന്നി. വന്ന ആൾ അവന്റെ തലയ്ക്കും ഭാഗത്തിരുന്നു.
'അമ്മേ...' എന്ന് വിളിക്കാൻ മുതിർന്നെങ്കിലും നാവു പൊങ്ങിയില്ല.
ഇരുട്ടിന്റെ ആഴങ്ങളിൽനിന്ന് തേങ്ങലുകൾ കേട്ടപ്പോൾ അനന്തു എഴുന്നേറ്റിരുന്നു.
"ആരാ, എന്തിനാ കരയണേ...?"
തേങ്ങലുകൾ പെട്ടെന്ന് നിന്നു. പിന്നെ വീണ്ടും ക്രമാതീതം ഉയർന്നു.
"കരയാണ്ടിരിയ്ക്ക്, കാര്യം എന്താച്ചാ പറയ്. ഞാൻ ആരോടും പറയില്ല."
"എനിക്കിപ്പോ കല്യാണം വേണ്ടാന്ന് നൂറു വട്ടം പറഞ്ഞതാ. ആരും കേട്ടില്ല."
പിന്നേം തേങ്ങലുയർന്നു. അനന്തു ഇരുട്ടിൽ ചുമരും ചാരിയിരുന്നു. കല്യാണം കഴിക്കണതിൽ എന്താത്ര തെറ്റ് എന്നവന് മനസ്സിലായില്ല.
"ഞങ്ങള് എരട്ടകളാ. മറ്റവള് വെല്ലൃ പഠിപ്പിസ്റ്റ് ആയോണ്ട് പഠിക്കാൻ കോളേജിലേക്ക് വിട്ടു. ഞാൻ പഠിക്കാത്ത പെണ്ണായോണ്ട് എന്നെ ഈ കുടീൽക്ക് കെട്ടിച്ച് വിട്ടതാ. ഇവിടെ കെടന്ന് നരകിക്കേണ്ട ഗതികേടൊന്നും എനിക്കില്ല."
കല്യാണപ്പെണ്ണ് അനന്തുവിന്റെ തോളത്ത് തലവെച്ച് കരച്ചിൽ തുടർന്നു.
അനന്തുവിന് എന്ത് പറയണമെന്ന് അറിയാണ്ടായി. എന്നാലും അവൻ ചോദിച്ചു.
"അപ്പൊ വയസ്സെത്രായി?"
കണ്ണുതുടച്ച്, മൂക്ക് പിഴിഞ്ഞ്, കല്യാണപ്പെണ്ണ് പറഞ്ഞു.
"ഈ ചിങ്ങത്തിൽക്ക് പയിനാറായി. എന്തായാലും ഞി വരണ ചിങ്ങത്തില് ഞാണ്ടാവില്ല. ഞാനീ പറമ്പിലെ കെണറ്റില് ചാടി ചത്ത് കളയും."
ആരോ വരുന്ന കാൽപെരുമാറ്റം കേട്ട് കല്യാണപ്പെണ്ണിന്റെ തല തോളത്തീന്ന് മാറ്റി അനന്തു പായേല് ചുരുണ്ടുകൂടി കിടന്നു.
കല്യാണവീട്ടിലെ പറമ്പിൽ കിണറില്ലാത്തോണ്ട് രണ്ടൂസായിട്ട് വെള്ളം കൊടോം ചോന്ന് വരമ്പത്തൂടെ വന്നോണ്ടിരുന്ന അമ്മയെ അവന് ഓർമ്മ വന്നു.
ഒരു ദീർഘനിശ്വാസം വിട്ടോണ്ട് അനന്തു സമാധാനത്തോടെ ഉറങ്ങാൻ തുടങ്ങി.
ജെപി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക