Showing posts with label ChippySiju. Show all posts
Showing posts with label ChippySiju. Show all posts

ചെക്കൻ ഗൾഫ് ഗേറ്റ് ആണ്


ചെക്കൻ ഗൾഫ് ഗേറ്റ് ആണ്
--------------------------------------------
പെണ്ണുകാണൽ അതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുമ്പോഴാണ് എപ്പൊഴും അളിയൻ ആ വാചകം തട്ടി വിടുക." അതേ...ഒരു കാര്യം പറയാനുണ്ട് ... കാര്യം വല്യ ദോഷം ഒന്നുമല്ലെകിലും നമ്മൾ ഒന്നും മറച്ചു വക്കാൻ പാടില്ലല്ലോ .... ചെക്കൻ ഗൾഫ് ഗേറ്റ് ആണ് ട്ടാ..."
പെണ്ണിന്റെ വീട്ടുകാർ മുഖത്തോടു മുഖം നോക്കും ..." എന്തൂട്ട് ???? ചെക്കന് ജോലി എയർ പോർട്ടിൽ ആണെന്നല്ലേ പറഞ്ഞെ ??"
"അതൊക്കെ ശരി തന്നെ ...നമ്മുടെ പയ്യൻ സ്വല്പം കഷണ്ടി ആണ് ..അതോണ്ട് ഗൾഫ് ഗേറ്റ് മുടി വച്ചിട്ടുണ്ട് കുറച്ച് ... ആ കാര്യമാ പറഞ്ഞത് ... "
പല തവണ ഈ സംഭാഷണം നടക്കുന്ന നേരത്ത് പെണ്ണിന്റെ മുഖത്തു വരുന്ന നവരസങ്ങൾ ഞാൻ ശ്രദ്ധിച്ചു കണ്ടിട്ടുണ്ട് ... ആദ്യം ഒന്ന് ഞെട്ടും എന്നിട്ടെന്റെ മുടിയിലേക്ക് തറപ്പിച്ചൊരു നോട്ടം ...പിന്നെ നോക്കിയ നോട്ടം പിൻവലിക്കാൻ ഒരു ചാട്ടം... ഇനീപ്പോ ഇത് തലേലവോ എന്നൊരു ആത്മഗതം ..തുടർന്ന് വീട്ടുകാരുടെ മുഖത്തേക്ക് അതി ദയനീയമായ ഒരു നോട്ടം ...നിനക്ക് വേണ്ടെങ്കി വേണ്ടെടി പെണ്ണെ എന്ന് അമ്മയുടെ ഒരു ആംഗ്യം ..
"എന്നാ പിന്നെ ചെറുക്കനും പെണ്ണും കൂടെ വല്ലതും മാറി നിന്ന് സംസാരിച്ചോട്ടെ " . കഞ്ഞീൽ മണ്ണ് വാരി ഇട്ടിട്ട് അളിയൻ തെണ്ടിടെ അടുത്ത ഡയലോഗ് ...
"എന്തൂട്ടിന് ???" എന്ന ചോദ്യചിഹ്നം പോലെ മിഴിച്ചു നിൽക്കുന്ന പെണ്ണ് മിണ്ടിയാലായി. പലപ്പോഴും അതിനു മുൻപേ പെണ്ണിന്റെ 'അമ്മ .." ഞങ്ങൾ ബ്രോക്കറോട് വിവരം അറിയിക്കാം " എന്നും പറഞ്ഞു പെണ്ണിന്റെ മുന്നിൽ കേറി തട പിടിക്കുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്
അളിയൻ തെണ്ടിയെ ഒരുപാട് ഉപദേശിച്ചു നോക്കി ... "പൊന്നളിയാ നിങ്ങക്കിതെന്തിന്റെ കേടാണ് ... പെണ്ണിന് കണ്ടു പിടിച്ചു കഴിഞ്ഞാ ഒന്ന് രണ്ടു ഫോൺ വിളി ഒക്കെ കഴിഞ്ഞിട്ട് കാര്യം പറഞ്ഞ പോരെ ???... ഒന്ന് സെറ്റ് ആയി കഴിഞ്ഞാ പിന്നെ ഇട്ടേച്ചു പോവത്തില്ലല്ലോ.??"
"പൊന്നു മോനെ ..നിശ്ചയം കഴിഞ്ഞിട്ട് ചെക്കൻ ചതിച്ചൂന്ന് പറഞ്ഞു കല്യാണം മൊടങ്ങിയാലത്തെ നാണക്കേട് ഒന്നാലോചിച്ച് നോക്കിയേ നീ .."
പണ്ടാരക്കാലൻ കരിനാവെടുത്തു കൂടുതൽ വളച്ചു കൂട്ടും മുൻപ് ഞാൻ ആ വിഷയം അങ്ങ് വിടും ...കാര്യം അളിയനോട് എനിക്ക് ചൂടാകാൻ പറ്റില്ല .. പെങ്ങളേം പിള്ളേരേം അതുപോലെ ആണേ നോക്കുന്നത് .. അച്ഛനും അമ്മേം അവളെ ഇത്രേം കൊഞ്ചിച്ചിട്ടുണ്ടാകില്ല .
അങ്ങനെ വീണ്ടുമൊരു ഞായറാഴ്ച ചായ വല്ലവന്റേം വീട്ടിൽ നിന്നും ആക്കം എന്ന് മാത്രം കരുതി അളിയനേം കൂട്ടി പെണ്ണ് കാണാൻ ഇറങ്ങി .. പോകും വഴിക്കു അളിയന്റെ ഒരു ചോദ്യം .."എന്താടാ നിനക്കൊരു ഉഷാറില്ലാത്തെ...ഇത് ഓക്കെയാ.. നീ നോക്കിക്കോ ..."
"ഒന്ന് പോ അളിയാ ...അളിയൻ വായ തുറന്നാൽ ഗൾഫ് ഗേറ്റ് ന്നല്ലേ ആദ്യം പറയു ... അപ്പൊ തന്നെ തീർന്നു കിട്ടും .. ചായ കുടിച്ചു കഴിയണ വരെ ഒന്ന് വെയിറ്റ് ചെയ്യണം ട്ടാ ."
അളിയന്റെ മുഖത്തൊരു കോൾഗേറ്റ് പുഞ്ചിരി വിരിഞ്ഞു ... " നിനക്കെന്നോട് ദേഷ്യം ഉണ്ടോടാ ??."
എനിക്കും ആകെ വല്ലാണ്ടായി .."ഇല്ലാളിയാ ... എന്നാലും ഒരു പെണ്ണിന് പോലും ഇന്നേ വരെ എന്നെ ഇഷ്ടമായോ ഇല്ലയോ എന്ന് പോലും ഇത് വരെ അറിയാൻ പറ്റിയിട്ടില്ല ...ഞാൻ ഇങ്ങനെ ജീവിത കാലം മുഴുവൻ ഒരു കന്യകൻ ആയി നിക്കേണ്ടി വരോ ?"..എന്റെ ഉള്ളിൽ അടക്കി വച്ച ഗദ്ഗദം മുഴുവൻ പുറത്തു ചാടി .
"എന്ന ഒരു കാര്യം ചെയ്യാം ...ഇത്തവണ ഞാൻ ഒന്നും മിണ്ടണില്ല ...റിസൾട്ട് എന്താ നോക്കാലോ .." അളിയൻഇത് പറഞ്ഞപ്പോൾ പറ്റിക്കാനാണെന്ന കരുതിയെ ... പെണ്ണ് കണ്ടു ..പെണ്ണിനോട് സംസാരിച്ചു ..നല്ല കുട്ടി ... നല്ല മുടിയും നിറവും ....എനിക്ക് പിടിച്ചു ..എങ്കിലും ആഗ്രഹിക്കാൻ തോന്നിയില്ല ..അനുഭവം അതാണല്ലോ ...എന്നാലും ചുമ്മാ നമ്പർ കൊടുത്തു പോന്നു..
വീട്ടിൽ എത്തി ഒരു അര മണിക്കൂറു കഴിഞ്ഞില്ല .. പെൺകുട്ടിയുടെ വീട്ടിൽ നിന്നും ഫോൺ വന്നു ..അവർക്കു പൂർണ്ണ സമ്മതം ... നിശ്ചയം ഉടനെ നടത്തണം ..കുട്ടിയുടെ അച്ഛന് ദുഫായിലേക്ക് മടങ്ങാറായത്രേ ...എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകും മുൻപ് 'അമ്മ ഫോണെടുത്തു സകല ബന്ധുക്കൾക്കും വിളി കഴിഞ്ഞു ...
എനിക്ക് നെഞ്ചിൽ വെള്ളിടി വെട്ടി ...കാര്യം കൊച്ചിനെ എനിക്ക് പെരുത്തിഷ്ടായി ...അവൾക്കും ഇഷ്ടായി എന്നറിഞ്ഞ സന്തോഷം ഉണ്ട് .. എന്നാലും കാര്യം പറഞ്ഞിട്ടില്ലല്ലോ.. ഇനി ഇപ്പൊ ഇതറിയുമ്പോ എന്താകുമോ ??... വാലിനു തീപ്പിടിച്ച പോലെ ഞാൻ വീടിനുള്ളിൽ കിടന്നു അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു .. അളിയന് ഫോൺ വിളിച്ചിട്ടു എടുക്കുന്നതും ഇല്ല ..
രാത്രി കിടന്നിട്ടു ഉറക്കവും വരുന്നില്ല ...നാളെ നേരം വെളുത്തിട്ട് ആദ്യം പെണ്ണിന്റെ വീട്ടിൽ പോയി കാര്യം പറയണം എന്ന് ഉറപ്പിച്ചാണ് ഉറങ്ങിയത് . നേരം വെളുത്തു പല്ലു തേച്ചു ഫോൺ നോക്കിയപ്പോൾ ഒരു വാട്സ്ആപ് മെസ്സേജ് ..." ചേട്ടാ ഒരു പത്തു മണിക്ക് റിലാക്സ് കോഫി ഷോപ്പിൽ വച്ച് കാണാമോ ?"
ആളാരാ....നമ്മുടെ കൊച്ചു തന്നെ .... പത്തു മണി ഒന്നും ആക്കാൻ നിന്നില്ല..നേരെ വണ്ടിയെടുത്തു വിട്ടു ...ഒരു കോർണർ ടേബിൾ ഉം സംഘടിപ്പിച്ചു അവിടെ ഇരുന്നു .... കൊച്ചു ഇന്നലെ കണ്ടതിലും സുന്ദരിയായി അണിഞ്ഞൊരുങ്ങിയാ വന്നത് ...അവളെ കണ്ടതും പറ്റിച്ചു കല്യാണം നടത്തിയാലോ എന്നാണു ആദ്യം തോന്നിയത് ... അന്തിയാവോളം വെള്ളം കോരിയിട്ടു കലം ഉടക്കണം എന്ന അവസ്ഥ ..എന്റെ ഒരു വിധിയെ പഴിച്ചു ഞാൻ അവളേം നോക്കി അങ്ങനെ ഇരുന്നു ...
"കുട്ടീ എനിക്കൊരു കാര്യം ..." എന്ന് നാവെടുത്തു വളച്ചതും ...." ആ വെപ്പുമുടി ഒന്ന് ഊരിയിട്ട് ഒറിജിനൽ എങ്ങനെയാണെന്ന് കാണിച്ചു തരാമോ ?" എന്നവൾ ഇങ്ങോട്ട്
എന്റെ കിളി പോയി .... "കുട്ടിക്കെങ്ങനെ അറിയാം ..."
"എന്റെ അച്ഛനും ചേട്ടന്റെ അളിയനും തമ്മിൽ വല്യ സുഹൃത്തുക്കളാ..."
"അളിയാ ...അളിയന്റെ പാദാരബിംബങ്ങളിൽ മനസ്സാൽ ഞാനൊന്നു വീണു കുമ്പിടട്ടെ ..." എന്റെ കണ്ണൊക്കെ വരെ നിറഞ്ഞു വന്നു ... ഒന്നും നോക്കിയില്ല ..ഗൾഫ് ഗേറ്റ് ഊരി ഞാൻ അവളുടെ മുൻപിൽ വച്ചു...ആ നേരത്തു ധൈര്യം എവിടെ നിന്നു വന്നോ ആവൊ ...
"ചേട്ടന് ഇതില്ലാത്തതാ ഭംഗി ... എന്നാലും വച്ചോളു എല്ലാർക്കും ഇതല്ലേ കണ്ടു പരിചയം ... " ആ വിഗ്ഗ് തിരിച്ചു എടുത്തു വാക്കും മുൻപ് ഞാൻ അവളെയും ചേർത്ത് എന്റെ ജീവിതം സ്വപ്നം കാണാൻ തുടങ്ങിയിരുന്നു
based on a true story

Chippy Siju

പോസ്റ്റ്മോർട്ടം

Image may contain: 1 person, smiling, selfie and closeup

"ഇന്നത്തെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ പോവലുണ്ടാവില്യ ശങ്കരാ....നീയൊരു കെട്ട് ബീഡി കൂട എടുത്തോടപ്പ ....." ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന കട്ടൻചായ വലിച്ചു കുടിച്ചു അയാൾ ചിറി തുടച്ചു ....
"എന്താണ് കേസ് കെട്ട്???... ആത്മഹത്യാണാ മോഹനേട്ടാ ??"....
"ആണുന്നാണ് പറേണത്....കെട്ട്യോൻ അവിഹിതം കണ്ടു പിടിച്ചപ്പോ അവൾ പുറത്തു പറഞ്ഞാൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു ഷോ കാണിച്ചതാണത്രേ ..........മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചു...എന്തൂട്ട് ശവങ്ങളാ..... ഇപ്പഴത്തെ ഓരോരോ പെണ്ണങ്ങളെ .....കെട്ട്യോൻ ഇതുവരെ പോസ്റ്റ്മോർട്ടത്തിന് ഒപ്പിട്ട് കൊടുത്തിട്ടില്ല ...പെണ്ണിനാണേൽ തന്തേം തള്ളേം ഇല്ല ..... ഇവനേം പ്രേമിച്ചത്രേ കെട്ടിയെ ....ഡോക്ടർ ഏതാണ്ട് സർജറിക്ക് കേറുവേം ചെയ്ത്.....നമ്മളെ മുടിപ്പിക്കാനായിട്ട് ...."
ബീഡിയിൽ ഒരെണ്ണം വലിച്ചെടുത്തു കത്തിച്ചു ബാക്കി പാന്റിന്റെ പോക്കറ്റിലും തിരുകി മോഹനൻ ഇരുട്ടിലേക്കിറങ്ങി നടന്നു ......മോർച്ചറിയുടെ വാതിലിൽ ചാരി ഒരു രൂപം നിക്കുന്നത് കണ്ടു അയാൾ അമ്പരന്നു .....സന്ധ്യ മയങ്ങി ഏറെയും കഴിഞ്ഞിരുന്നു ....ലൈറ്റ് ഇടാനും അയാൾ മറന്നിരിക്കുന്നു .....ഓടി അണച്ച് ചെന്നെത്തിയപ്പോൾ ഒരു പെൺകുട്ടി ....
മുഖം കരഞ്ഞു വീർത്തിരുന്നു.... ലൈറ്റ് ഇട്ടപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു ...... ശ്വാസഗതി കൂടി ..... ഇട്ടിരിക്കുന്ന അഴുക്കു പിടിച്ച ചുരിദാറിൽ ഒന്ന് കൂടി ഇറുക്കി പിടിച്ചു ....ഒന്ന് കണ്ണ് ചിമ്മി തുറന്നു അവൾ വീണ്ടും വാതിലിൽ ചാരി ദൂരേക്ക് നോക്കി ....
"പെങ്കുട്ട്യോളൊന്നും ഇവടെ നിക്കണ്ട ........... കുട്ടി അങ്ങോട്ട് ആശുപത്രിയിലേക്ക് പൊയ്ക്കോളാ ..." നരച്ച കണ്ണുകളും താടിയുമുള്ള ആ വൃദ്ധൻ അവളെ കൈകൊണ്ടു പോകാൻ ആംഗ്യം കാണിച്ചു ... മോർച്ചറി സൂക്ഷിപ്പുകാരനായ അയാളെ ഒരു നോട്ടം കൊണ്ട് പോലും ആ കുട്ടി പരിഗണിച്ചില്ല .......
" മോള് പറഞ്ഞത് കേട്ടില്യാന്നുണ്ടോ...... വേണ്ടപ്പെട്ടോര് ഒപ്പിട്ടു കൊടുക്കാത്തൊണ്ട് ഇതിനീം വൈകും .....ഈ രാത്രി ഇങ്ങനത്ത സ്ഥലത്ത് നിക്കണോ മോളെ ???.....അല്ലാ ....കുട്ടീടെ ആരാ ഈ മരിച്ചേക്കണേ ???"
ഒരു നിമിഷം കൂടെ ഇരുളിലേക്ക് അറച്ചു നോക്കിയിട്ട് അവൾ പറയാൻ തുടങ്ങി ....
"അകത്ത് എന്റെ അമ്മയാ കെടക്കണേ ......അത് എന്നേം കൂടെ കൊണ്ട് പോകണേൽ അത്രേം സന്തോഷം ...... പിന്നെ ഒപ്പിട്ടു കൊടുക്കാത്ത ആ വേണ്ടപ്പെട്ടവൻ......എന്റെ അപ്പൻ .....കൊന്നത് അവൻ തന്ന്യാ .....അവൻ ഒളിവിൽ പോയി അമ്മാവാ ..... ആർക്കും വേണ്ടേല് ആ ശവം ഇങ്ങു താ .... ഞാൻ മൂടിക്കോള്ളാം......"
"എന്റെ ഭഗവതീ .............." അയാൾ കയ്യിലിരുന്ന ടോർച്ചു നെഞ്ചത്തടിച്ചു ദൃഷ്ടികൾ ഉയർത്തി ....
"ആരും ഇല്ലേ കുട്ടീടെ കൂടെ ???"
"ഉണ്ട് ..... ഇതുവരെ അമ്മയുടെ നിലവിളി കാണാത്ത എല്ലാ പട്ടികളും ഉണ്ട് ....അമ്മയെ അപ്പൻ കത്തിക്കുമ്പോ നോക്കി നിന്ന ഇളയപ്പൻ വരെ ഉണ്ട് ..... ഒക്കേത്തിനേം ഓടിക്കണം ..."
ആശുപത്രി വരാന്തയിൽ നിന്നും ഏതോ ഒളിക്കണ്ണുകൾ അവരുടെ സംഭാഷണത്തിലേക്കു നുഴഞ്ഞു വന്നു വലിഞ്ഞിറങ്ങിപ്പോയി ......തെല്ലും സങ്കോചപ്പെടാതെ അവൾ തുടർന്നു.... " അതപ്പന്റെ കൂട്ടുകാരനാ.....
ഇനിയെന്നെ തൊടാൻ വന്നാൽ കുത്തിക്കീറും ഞാൻ ... " കയ്യിലെ ഏതോ ഒരു വസ്ത്രക്കടയിലെ കിറ്റിൽ നിന്നും കത്തിയെടുത്തവൾ മുരണ്ടു ......
ഇരുട്ടിൽ നിന്നും കണ്ണിമ മാറ്റാതെ അവൾ പിന്നെയും എന്തൊക്കെയോ മുരണ്ടുകൊണ്ടിരുന്നു .... അവൾ ഇത്രയും കാലം ഇരുട്ടിനെ ഭയന്നിരിക്കാം ..... അന്നെല്ലാം അവളുടെ തണലും കരുത്തും അമ്മയായിരിക്കാം ..... ആ വയസ്സൻ വേദനയോടെ എല്ലാം നോക്കി നിന്നു....
" ഇവിടെ നിന്നാൽ എനിക്ക് വഴക്കു കേൾക്കും കുട്ടി ....നീ ആ വരാന്തയിൽ എങ്കിലും പോയി ഇരിക്ക്...." ഒരു ഭ്രാന്തിയെ പോലെ വേച്ചു വേച്ചു പോകുന്ന ആ കുഞ്ഞിനെ അയാൾ നെഞ്ചിൽ കൈ വച്ച് നോക്കി നിന്നു .....
ഇതുപോലെ ഒരനുഭവം അയാൾക്കാദ്യമായിട്ടായിരുന്നു .....അന്ന് വരേം അയാൾ ശവങ്ങൾക്ക് കാവൽ നിന്ന രാവുകളിൽ നിന്നും ആ രാവ് വ്യത്യസ്തമായി തോന്നി .....ഉള്ളിൽ കിടക്കുന്ന കത്തിക്കരിഞ്ഞ ശവം " മോളെ...." എന്ന് നീട്ടി വിളിച്ചു അലമുറയിടുന്നതായി അയാൾക്ക്‌ തോന്നി ....
പിറ്റേന്ന് നേരം പുലർന്നപ്പോൾ വീണ്ടും ടേബിൾ ലേക്ക് ഒരു ശവം കൂടി ....."ആത്മഹത്യ ആണ് ".... കൊണ്ട് വന്ന ബന്ധുക്കൾ പറഞ്ഞു ..... " 'അമ്മ മരിച്ച വിഷമത്തിൽ കിണറ്റിൽ ചാടി ....."
ആ ശവത്തിനു ഇന്നലത്തെ അതെ പെൺകുട്ടിയുടെ മുഖമായിരുന്നു ...

By: Chippy Siju 

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo