
"ഇന്നത്തെ പോസ്റ്റ്മോർട്ടം കഴിഞ്ഞിട്ട് ഞാൻ വീട്ടിൽ പോവലുണ്ടാവില്യ ശങ്കരാ....നീയൊരു കെട്ട് ബീഡി കൂട എടുത്തോടപ്പ ....." ഗ്ലാസിൽ ബാക്കി ഉണ്ടായിരുന്ന കട്ടൻചായ വലിച്ചു കുടിച്ചു അയാൾ ചിറി തുടച്ചു ....
"എന്താണ് കേസ് കെട്ട്???... ആത്മഹത്യാണാ മോഹനേട്ടാ ??"....
"ആണുന്നാണ് പറേണത്....കെട്ട്യോൻ അവിഹിതം കണ്ടു പിടിച്ചപ്പോ അവൾ പുറത്തു പറഞ്ഞാൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു ഷോ കാണിച്ചതാണത്രേ ..........മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ചു...എന്തൂട്ട് ശവങ്ങളാ..... ഇപ്പഴത്തെ ഓരോരോ പെണ്ണങ്ങളെ .....കെട്ട്യോൻ ഇതുവരെ പോസ്റ്റ്മോർട്ടത്തിന് ഒപ്പിട്ട് കൊടുത്തിട്ടില്ല ...പെണ്ണിനാണേൽ തന്തേം തള്ളേം ഇല്ല ..... ഇവനേം പ്രേമിച്ചത്രേ കെട്ടിയെ ....ഡോക്ടർ ഏതാണ്ട് സർജറിക്ക് കേറുവേം ചെയ്ത്.....നമ്മളെ മുടിപ്പിക്കാനായിട്ട് ...."
ബീഡിയിൽ ഒരെണ്ണം വലിച്ചെടുത്തു കത്തിച്ചു ബാക്കി പാന്റിന്റെ പോക്കറ്റിലും തിരുകി മോഹനൻ ഇരുട്ടിലേക്കിറങ്ങി നടന്നു ......മോർച്ചറിയുടെ വാതിലിൽ ചാരി ഒരു രൂപം നിക്കുന്നത് കണ്ടു അയാൾ അമ്പരന്നു .....സന്ധ്യ മയങ്ങി ഏറെയും കഴിഞ്ഞിരുന്നു ....ലൈറ്റ് ഇടാനും അയാൾ മറന്നിരിക്കുന്നു .....ഓടി അണച്ച് ചെന്നെത്തിയപ്പോൾ ഒരു പെൺകുട്ടി ....
മുഖം കരഞ്ഞു വീർത്തിരുന്നു.... ലൈറ്റ് ഇട്ടപ്പോൾ അവൾ കണ്ണുകൾ ഇറുക്കി അടച്ചു ...... ശ്വാസഗതി കൂടി ..... ഇട്ടിരിക്കുന്ന അഴുക്കു പിടിച്ച ചുരിദാറിൽ ഒന്ന് കൂടി ഇറുക്കി പിടിച്ചു ....ഒന്ന് കണ്ണ് ചിമ്മി തുറന്നു അവൾ വീണ്ടും വാതിലിൽ ചാരി ദൂരേക്ക് നോക്കി ....
"പെങ്കുട്ട്യോളൊന്നും ഇവടെ നിക്കണ്ട ........... കുട്ടി അങ്ങോട്ട് ആശുപത്രിയിലേക്ക് പൊയ്ക്കോളാ ..." നരച്ച കണ്ണുകളും താടിയുമുള്ള ആ വൃദ്ധൻ അവളെ കൈകൊണ്ടു പോകാൻ ആംഗ്യം കാണിച്ചു ... മോർച്ചറി സൂക്ഷിപ്പുകാരനായ അയാളെ ഒരു നോട്ടം കൊണ്ട് പോലും ആ കുട്ടി പരിഗണിച്ചില്ല .......
" മോള് പറഞ്ഞത് കേട്ടില്യാന്നുണ്ടോ...... വേണ്ടപ്പെട്ടോര് ഒപ്പിട്ടു കൊടുക്കാത്തൊണ്ട് ഇതിനീം വൈകും .....ഈ രാത്രി ഇങ്ങനത്ത സ്ഥലത്ത് നിക്കണോ മോളെ ???.....അല്ലാ ....കുട്ടീടെ ആരാ ഈ മരിച്ചേക്കണേ ???"
ഒരു നിമിഷം കൂടെ ഇരുളിലേക്ക് അറച്ചു നോക്കിയിട്ട് അവൾ പറയാൻ തുടങ്ങി ....
"അകത്ത് എന്റെ അമ്മയാ കെടക്കണേ ......അത് എന്നേം കൂടെ കൊണ്ട് പോകണേൽ അത്രേം സന്തോഷം ...... പിന്നെ ഒപ്പിട്ടു കൊടുക്കാത്ത ആ വേണ്ടപ്പെട്ടവൻ......എന്റെ അപ്പൻ .....കൊന്നത് അവൻ തന്ന്യാ .....അവൻ ഒളിവിൽ പോയി അമ്മാവാ ..... ആർക്കും വേണ്ടേല് ആ ശവം ഇങ്ങു താ .... ഞാൻ മൂടിക്കോള്ളാം......"
"എന്റെ ഭഗവതീ .............." അയാൾ കയ്യിലിരുന്ന ടോർച്ചു നെഞ്ചത്തടിച്ചു ദൃഷ്ടികൾ ഉയർത്തി ....
"ആരും ഇല്ലേ കുട്ടീടെ കൂടെ ???"
"ഉണ്ട് ..... ഇതുവരെ അമ്മയുടെ നിലവിളി കാണാത്ത എല്ലാ പട്ടികളും ഉണ്ട് ....അമ്മയെ അപ്പൻ കത്തിക്കുമ്പോ നോക്കി നിന്ന ഇളയപ്പൻ വരെ ഉണ്ട് ..... ഒക്കേത്തിനേം ഓടിക്കണം ..."
ആശുപത്രി വരാന്തയിൽ നിന്നും ഏതോ ഒളിക്കണ്ണുകൾ അവരുടെ സംഭാഷണത്തിലേക്കു നുഴഞ്ഞു വന്നു വലിഞ്ഞിറങ്ങിപ്പോയി ......തെല്ലും സങ്കോചപ്പെടാതെ അവൾ തുടർന്നു.... " അതപ്പന്റെ കൂട്ടുകാരനാ.....
ഇനിയെന്നെ തൊടാൻ വന്നാൽ കുത്തിക്കീറും ഞാൻ ... " കയ്യിലെ ഏതോ ഒരു വസ്ത്രക്കടയിലെ കിറ്റിൽ നിന്നും കത്തിയെടുത്തവൾ മുരണ്ടു ......
ഇരുട്ടിൽ നിന്നും കണ്ണിമ മാറ്റാതെ അവൾ പിന്നെയും എന്തൊക്കെയോ മുരണ്ടുകൊണ്ടിരുന്നു .... അവൾ ഇത്രയും കാലം ഇരുട്ടിനെ ഭയന്നിരിക്കാം ..... അന്നെല്ലാം അവളുടെ തണലും കരുത്തും അമ്മയായിരിക്കാം ..... ആ വയസ്സൻ വേദനയോടെ എല്ലാം നോക്കി നിന്നു....
" ഇവിടെ നിന്നാൽ എനിക്ക് വഴക്കു കേൾക്കും കുട്ടി ....നീ ആ വരാന്തയിൽ എങ്കിലും പോയി ഇരിക്ക്...." ഒരു ഭ്രാന്തിയെ പോലെ വേച്ചു വേച്ചു പോകുന്ന ആ കുഞ്ഞിനെ അയാൾ നെഞ്ചിൽ കൈ വച്ച് നോക്കി നിന്നു .....
ഇതുപോലെ ഒരനുഭവം അയാൾക്കാദ്യമായിട്ടായിരുന്നു .....അന്ന് വരേം അയാൾ ശവങ്ങൾക്ക് കാവൽ നിന്ന രാവുകളിൽ നിന്നും ആ രാവ് വ്യത്യസ്തമായി തോന്നി .....ഉള്ളിൽ കിടക്കുന്ന കത്തിക്കരിഞ്ഞ ശവം " മോളെ...." എന്ന് നീട്ടി വിളിച്ചു അലമുറയിടുന്നതായി അയാൾക്ക് തോന്നി ....
പിറ്റേന്ന് നേരം പുലർന്നപ്പോൾ വീണ്ടും ടേബിൾ ലേക്ക് ഒരു ശവം കൂടി ....."ആത്മഹത്യ ആണ് ".... കൊണ്ട് വന്ന ബന്ധുക്കൾ പറഞ്ഞു ..... " 'അമ്മ മരിച്ച വിഷമത്തിൽ കിണറ്റിൽ ചാടി ....."
ആ ശവത്തിനു ഇന്നലത്തെ അതെ പെൺകുട്ടിയുടെ മുഖമായിരുന്നു ...
By: Chippy Siju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക