Slider

റബ്ബർ മരമെന്ന നൊസ്റ്റാൾജിയ..

0
Image may contain: 1 person

ഞങ്ങൾ കോട്ടയംകാർക്ക് ഒന്നല്ല, മൂന്നെല്ല് കൂടുതലുണ്ട്..ലാറ്റക്സ്... ലിട്രസി.. പിന്നെ ലിക്കറും...ഇതിൽ ലിക്കർ എന്ന എല്ല് വീട്ടിൽ നിന്നും വീട്ടുകാരനിൽ നിന്നും മമ്മി പണ്ടേ ഊരി എറിഞ്ഞു കളഞ്ഞതിനാൽ ആ ഒരു അസ്കിത നമുക്ക് ലവലേശം ഇല്ല... പിന്നെ ലിട്രസിയുടെ ഭാഗമായ സ്കൂൾ പ്രവേശനം മുതൽ ലാറ്റക്സ്.. അതായത് റബ്ബർ നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിമാറിയെന്നു പറഞ്ഞാൽ മതിയല്ലോ... കാരണം ഞങ്ങളുടെ സ്കൂളിന്റെ ഒരു വശത്ത് വിശാലമായ റബ്ബർ തോട്ടം ആയിരുന്നു... മാത്രമല്ല സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള വഴിയിൽ മുക്കാൽ ഭാഗത്തും റബ്ബർ തോട്ടങ്ങളും റബ്ബറിലകളും...
വേനല്ക്കാലമായാൽ മുഴുവൻ ഇലകളും പൊഴിച്ച് റബ്ബർ മരങ്ങൾ അസ്ഥിപഞ്ജരങ്ങൾ പോലെ നിൽക്കുമ്പോൾ ഉണങ്ങിയ റബ്ബറിലകൾ നാടുമുഴുവൻ അങ്ങനെ പറന്നു നടക്കുകയാവും... കത്തുന്ന വേനൽചൂടിൽ റബ്ബർതോട്ടങ്ങൾക്കൊരു വറുതിയുടെ ഗന്ധമാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.. നിശ്ശബ്ദമായി നീണ്ടു പരന്നുകിടക്കുന്ന തോട്ടങ്ങളിലൂടെ ഉണങ്ങിയ കരിയിലകൾ ചവിട്ടിനടക്കുമ്പോൾ എന്തിനെന്നില്ലാതെ ഞാൻ ഭയപ്പെട്ടിട്ടുണ്ട്...
തൊലി ചെത്തിമിനുക്കി വൃത്തിയാക്കിയ മുറിപ്പാടിലൂടെ തന്റെ ജീവരക്തം റബ്ബർപാലായി ഒഴുകി ചിരട്ടയിലിറ്റുവീഴുമ്പോൾ റബ്ബർ മരങ്ങൾ ധ്യാനിക്കുന്നതെന്താവും ?! ടാപ്പിംഗ് മിക്കവാറും അതിരാവിലെ കഴിയുന്നതിനാൽ തൂവെള്ള നിറമുള്ള റബ്ബർപാൽ ഒഴുകിവീഴുന്നത് ഞാൻ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു... പലപ്പോഴും ഉറഞ്ഞു കട്ടിയായി നിറം മാറിയ ഒട്ടുപാൽ ചിരട്ടയിലെങ്ങനെ പറ്റിപ്പിടിച്ചിരിക്കുന്ന കാഴ്ചയാണ് കാണുക... ഒപ്പം രൂക്ഷമായൊരു ഗന്ധവും... ചിരട്ടകൾക്കു മുകളിൽ പച്ചനിറമുള്ള പ്ലാസ്റ്റിക്‌ കവചവും വിരിച്ചു നിൽക്കുന്ന റബ്ബർ മരങ്ങളെക്കണ്ടാൽ കുട്ടിപ്പാവാടയിട്ട് നിൽക്കുന്ന പെങ്കൊച്ചുങ്ങളെപ്പോലെ തോന്നും.... കരിയിലകൾക്കിടയിലൂടെ ഓടുമ്പോൾ കാലിൽ തടയുന്ന റബ്ബറിൻ കായ്കൾ... കടുപ്പമേറിയ തോടുപൊട്ടിക്കുമ്പോ കാണാം ഒരു രസികൻ കുഞ്ഞൻകായ....അതിനുള്ളിൽ വെളുത്തു പതുത്ത റബ്ബറിന്റെ 'പരിപ്പും'...അതിൽ ഈർക്കിൽ കുത്തി ഞങ്ങൾ പാവക്കുട്ടികളെ ഉണ്ടാക്കിയിരുന്നു... ഈ സംഭവം ഒരു രസത്തിനു കടിച്ചു നോക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ബോറൻ ടേസ്റ്റ്.. !! റബ്ബറിൻ കായ തിന്നാൽ കുടലൊട്ടിപ്പോകുമെന്നൊരു പറച്ചിൽ അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു... ഇത്ര വൃത്തികെട്ട രുചിയുള്ള ഈ സാധനം ആരും തിന്നാൻ മെനെക്കെടാത്തതുകൊണ്ട് കുടലൊട്ടുന്ന കാര്യം ഇതുവരെ തെളിയിക്കാൻ പറ്റിയിട്ടില്ല... !! കാറ്റിൽ പറന്നുവീഴുന്ന റബ്ബറിലകൾ നിലത്തുവീഴാതെ പിടിച്ചു പുസ്തകത്തിനുള്ളിൽ തുറന്നുനോക്കാതെ സൂക്ഷിച്ചാൽ അത് നൂറുരൂപ നോട്ടായി മാറുമെന്നൊരു (അന്ധ) വിശ്വാസം ഞങ്ങൾ കുട്ടികൾക്കിടയിൽ ഉണ്ടായിരുന്നു.. ഇന്റർവെൽ സമയത്ത് റബ്ബറിലകൾ താഴെവീഴും മുൻപ് പിടിക്കാനോടി ഞങ്ങൾ ക്ഷീണിച്ചു... ആകാംഷമൂത്ത് ഇലവച്ച നോട്ടുപുസ്തകം ഇടയ്ക്കിടെ തുറന്നു നോക്കിയതുകൊണ്ടാണോ എന്തോ...ഞാൻ കാത്തുവച്ച റബ്ബറിലകളൊക്കെയും ഇലകളായിത്തന്നെ അവശേഷിച്ചു...
പുതുമഴ പെയ്തു കഴിഞ്ഞാൽ പിന്നെ റബ്ബർ മരങ്ങൾ തളിർക്കുകയായി... ഇളം പച്ചയിലകളുമായി നിൽക്കുന്ന കറുകറുത്ത ശിഖരങ്ങൾക്ക് എന്തൊരു വശ്യസൗന്ദര്യമാണ് .. ! അല്ലെങ്കിലും തളിരുകൾ എപ്പോഴും ഹൃദയഹാരികളാണല്ലോ... ആകാശം കാറുമൂടുമ്പോ ഇരുണ്ട് ഭയാനകമാകുന്ന പരിസരവും വെള്ളം നിറഞ്ഞും കരിയിലകളാൽ മറഞ്ഞും കിടക്കുന്ന നീർക്കുഴികളും പെരുമഴയിൽ നിറയുന്ന ചിരട്ടകളിൽ പുളയ്ക്കുന്ന കൂത്താടികളും മഴക്കാലത്തു റബ്ബർ തോട്ടങ്ങളെ അനാകർഷകങ്ങളാക്കാറുണ്ട്...
എന്റെ പ്രൈമറി വിദ്യാഭ്യാസകാലത്തിന് റബ്ബറിലകളുടെ മണമായിരുന്നു.. വീശിയടിക്കുന്ന കാറ്റിൽ ഉണങ്ങിയ റബ്ബറിലകൾ ഞങ്ങളുടെ ക്ലാസ്സ്‌ മുറികളിലും വരാന്തകളിലും
വീണുകിടക്കുമായിരുന്നു...
നാട്ടിൽ നിന്നും കാതങ്ങളകലെ ഈ ഉത്തരേന്ത്യയിൽ ജീവിക്കുമ്പോ റബ്ബർമരങ്ങളുടെ മനം മടുപ്പിക്കുന്ന ഗന്ധത്തിന്റെ ഓർമ്മകൾ പോലും എന്നിൽ ഗൃഹാതുരത്വമുണർത്താറുണ്ട്..കാരണം അത് ഞാൻ വളർന്ന നാടിന്റെ ഗന്ധമാണ്.. പിച്ചവച്ചും കളിച്ചും പഠിച്ചും ചെലവിട്ട എന്റെ ബാല്യത്തിന്റെ കൂടി ഗന്ധം ...

By: Anju Anthony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo