അച്ഛൻ
~~~~~
~~~~~
"ഞാൻ പോവില്ല ടീച്ചർ... എന്നെ അച്ഛന്റെ കൂടെ വിടല്ലേ ടീച്ചർ" അസംബ്ലി കഴിഞ്ഞ പോകും വഴി പ്രിയ തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുമ്പോൾ എന്റെ കണ്ണുകൾ സ്കൂൾ ഗേറ്റിനരികിൽ അയാളെ പരതുകയായിരുന്നു. പലപ്രാവശ്യമായി അവളിത് ആവർത്തിക്കുന്നു. അപ്പോഴൊക്കെ ഞാൻ അയാളെ കാണാനായി എത്തിവലിഞ്ഞു നോക്കിയിട്ടുണ്ട്. പക്ഷെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. എത്രയോ തവണ അവളിൽ നിന്നും വിവരങ്ങൾ അറിയാൻ ശ്രമിച്ചെങ്കിലും അവളൊന്നും പറഞ്ഞതുമില്ല. സ്കൂളിൽ പുതിയതായതുകൊണ്ടുതന്നെ മറ്റധ്യാപകരുമായി ഇക്കാര്യം ചർച്ച ചെയ്യനും ഒരു മടി...
വൈകിട്ട് വീട്ടിലെത്തിയിട്ടും മനസ്സ് അസ്വസ്‌ഥമായിരുന്നു. ചാനലുകൾ മാറ്റിമാറ്റി നോക്കി. എല്ലായിടത്തും പീഡന വാർത്തകൾ...കേട്ട് കേട്ട് മടുത്തു. ടി വി ഓഫ് ചെയ്തു ബാൽക്കണിയിൽ പോയിനിന്നു. ആകാശം നിറഞ്ഞുനിൽക്കുന്ന മഴക്കാറിലേക്കു നോക്കിയപ്പോൾ അറിയാതെ പ്രിയയുടെ മുഖം മനസ്സിലേക്ക് വന്നു. എന്തിനാകും അവൾ അച്ഛനെ ഭയക്കുന്നത്? സ്കൂളിൽ ഇതാണ് അവസ്‌ഥയെങ്കിൽ പാവം ആ കുട്ടിക്ക് എന്തൊക്കെയാകും വീട്ടിൽ അനുഭവിക്കേണ്ടിവരിക. രാത്രിയിൽ ഉറക്കം വന്നതേയില്ല. എന്തായാലും ഈ വിവരം സ്കൂളിൽ എല്ലാരേയും അറിയിക്കണം.. ആ കുഞ്ഞിനെ അയാളിൽ നിന്നും രക്ഷിക്കണം. രാവിലെ ഉണർന്നപ്പോൾ മുതൽ വല്ലാത്തൊരു ഉണർവായിരുന്നു. പതിവിനു വിപരീതമായി അല്പം നേരത്തെതന്നെ സ്കൂളിലെത്തി. കെമിസ്ട്രി ലാബിനു മുന്നിലായി നിലയുറപ്പിച്ചു. അവിടെ നിന്നാൽ സ്കൂളിലേക്ക് വരുന്നവരെയൊക്കെ നന്നായി കാണാൻ കഴിയും. പ്രിയയെ പിന്തുടർന്ന് വരുന്ന അവളുടെ അച്ഛനെ കാണണം. അത് മാത്രമായിരുന്നു മനസ്സിൽ. നോക്കി ഏറെ നേരം നിൽക്കേണ്ടിവന്നില്ല.. അതാ പ്രിയ വരുന്നു. ഇടയ്ക്കിടെ അവൾ തിരിഞ്ഞു നോക്കുന്നുണ്ട്. പക്ഷെ അവളുടെ പിന്നാലെ മുതിർന്നവരാരും ഇല്ല. 'ആകെ നിരാശയായി. ഇന്നും ആ ദുഷ്ടനെ കാണാൻ പറ്റിയില്ലല്ലോ. അസംബ്ലിക്ക് ബെൽ മുഴങ്ങി.ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു. ആറാം ക്ലാസ്സുകാർക്കിടയിൽ പ്രിയ നിൽക്കുന്നുണ്ട്. കണ്ണുകളിൽ പതിവ് ഭാവം തന്നെ. ഇടയ്ക്കിടെ അവളുടെ കണ്ണുകൾ ഗേറ്റിനരികിലേക്കു പോകുന്നുണ്ട്. ഞാൻ അവളുടെ ഭാവങ്ങൾ കൗതുകത്തോടെ നോക്കിനിന്നു. അസംബ്ലി കഴിഞ്ഞതും അവൾ കൂട്ടുകാരിയുടെ കൈയിൽ മുറുകെ പിടിച്ചു മുഖം കൈകൊണ്ടു മറച്ചു ഗേറ്റിലേക്ക് നോക്കാതെ ക്ലാസ്സിലേക്ക് നടന്നു. എന്തോ മനസ്സിന് ഒരു വല്ലായ്മ. മടിച്ചു മടിച്ചാണെങ്കിലും ഞാനിക്കാര്യം അന്ന് തന്നെ ഡിപ്പാർട്മെന്റ് ഹെഡിനെ അറിയിച്ചു. വിഷാദം നിറഞ്ഞ ഒരു ചിരിയായിരുന്നു അവർ തിരിച്ചെനിക്ക് നൽകിയത്. എന്നോട് ഇരിക്കാൻ പറഞ്ഞശേഷം ടീച്ചർആ കഥ പറഞ്ഞു. ഈ സ്കൂളിലെ പ്രിയപ്പെട്ട കുട്ടിയായിരുന്നു പ്രിയ. അവളുടെ അച്ഛനും എല്ലാർക്കും സുപരിചിതൻ. എന്നും രാവിലെ മകളെയുംകൊണ്ട് സൈക്കിളിൽ വരുന്ന ആ മനുഷ്യനെ ഓർത്തിട്ടെന്നവണ്ണം ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞു. അഞ്ചു മാസങ്ങൾക്കുമുമ്പ് സ്കൂളിലേക്ക് വരും വഴി അച്ഛനും മകളും ഒരാപകടത്തിൽപെട്ടു. അച്ഛൻ സംഭവസ്‌ഥലത്തുവെച്ചു തന്നെ മരണമടഞ്ഞു. പ്രിയ ഗുരുതരാവസ്‌ഥ തരണം ചെയ്തു.
അവൾ വീണ്ടും സ്കൂളിൽ വരൻ തുടങ്ങിയിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. അവളുടെ മാനസികനില അല്പം തകരാറിലാണ്. എവിടെയും അവളെയും കൂട്ടിമാത്രം പോകാറുള്ള അച്ഛൻ മരണത്തിൽ മാത്രം അവളെ ഒഴിവാക്കി. അവൾക്കു മരണത്തെ പേടിയാണ്. ഗേറ്റിനരികിൽ അച്ഛൻ അസംബ്‌ളി കഴിയും വരെ നിൽക്കാറുണ്ടായിരുന്നു. വൈകുന്നേരവും അയാൾ അവിടെ വന്നു നിൽക്കും, അവളെ കൂട്ടിക്കൊണ്ടുപോകാനായി. ആ ഓർമ കൊണ്ടാകും ഗേറ്റിനരികിലെത്തുമ്പോളും അവിടം കാണുമ്പോഴും കുട്ടി വല്ലാതെ പെരുമാറുന്നത്. ഒന്നും കാര്യമാക്കണ്ട.. അവൾ നോർമലായിക്കോളും ഇത്രയും പറഞ്ഞു ടീച്ചർ നിർത്തി.
എനിക്കെന്നോട് തന്നെ പുച്ഛം തോന്നിയ നിമിഷങ്ങൾ. എന്തൊക്കെ ഞാൻ മനസ്സിൽ മെനഞ്ഞുണ്ടാക്കി. അല്പം മുൻപ് വരെ വെറുത്തിരുന്ന, ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ആ മനുഷ്യനോട് എന്തെന്നില്ലാത്ത ഒരു സ്നേഹം തോന്നി. മനസ്സ് കൊണ്ട് ആ ആത്മാവിനോട് മാപ്പു പറഞ്ഞു. പിറ്റേ ദിവസം ഗേറ്റിനരികിലേക്കു നോക്കി നിൽക്കുന്ന പ്രിയയെ കണ്ടപ്പോൾ ഞാനും നോക്കി..
ഒരുപക്ഷെ അയാൾ അവിടെ നിന്ന് ചിരിക്കുന്നുണ്ടാവും, കൈവീശിക്കാണിക്കുന്നുണ്ടാവും.. അവളത് കാണുന്നുമുണ്ടാകും..
ഒരുപക്ഷെ അയാൾ അവിടെ നിന്ന് ചിരിക്കുന്നുണ്ടാവും, കൈവീശിക്കാണിക്കുന്നുണ്ടാവും.. അവളത് കാണുന്നുമുണ്ടാകും..
Uma
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക