***** ജേക്കബ് തരകൻ മകൻ ഏലിയാസ് തരകൻ *****
(ഭാഗം അഞ്ച്)
ഏലിയാസ് അല്പം നീങ്ങിയിരുന്നയാൾക്കു സ്ഥലം കൊടുത്തു. സാമാന്യത്തിലധികം തടിയുള്ള ആളായതുകൊണ്ട് അൽപ്പം ബുദ്ധിമുട്ടിയാണയാൾ ഇരുന്നത്.കൈയ്യിലുള്ള ബാഗ് തുറന്ന് ഒരു ഫ്ലാസ്ക്ക് പുറത്തെടുത്തു. ഒരു സ്റ്റീൽ ഗ്ലാസും ഫ്ലാസ്ക്കിൽ നിന്നും ഗ്ലാസിലേക്ക് ചൂടുചായ പകർന്നു കുടിക്കാൻ തുടങ്ങി. സീറ്റിൽ നിന്നെഴുന്നേറ്റ ഏലിയാസ് വാഷ്ബേസിനടുത്തു ചെന്നു മുഖം കഴുകി. പച്ചവെള്ളം മുഖത്തു പടർന്നപ്പോൾ ചെറിയ നീറ്റലനുഭവപ്പെട്ടു.തുണിസഞ്ചി കൊണ്ടവൻ മുഖം തുടച്ചു കൊണ്ട് തന്റെ ഇരിപ്പിടത്തിൽ വന്നിരുന്നു. .ചായകുടിച്ചുകൊണ്ടിരുന്ന മനുഷ്യൻ അവന്റെ നേരേ നോക്കി ആംഗ്യത്തിൽ ചായ വേണോ എന്നുചോദിച്ചു അവൻ നിഷേധത്തിൽ തലയാട്ടി. ഒന്നു പുഞ്ചിരിച്ചു കൊണ്ടയാൾ വീണ്ടും ചായമോന്തി.. ഇതിനിടയിൽ വണ്ടിക്കു കുലുക്കംതുടങ്ങിയിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ജനലിനോട് ചാരിയിരുന്നു ഉറങ്ങാൻ തുടങ്ങി. അവൻ തന്റെ കൈയ്യിലെ ബാക്കി ചില്ലറകൾ എണ്ണാൻ തുടങ്ങി. മെത്തം ഏഴുപതു രൂപയോളം ബാക്കിയുണ്ടായിരുന്നു.അതു ഭദ്രാമായി സഞ്ചിയിലിട്ടവൻ തന്റെ മുന്നിലേ സീറ്റിലേക്ക് കാലുകൾ കയറ്റിവച്ച് മെല്ലെ മയങ്ങി.തീവണ്ടി അവരേയുംകൊണ്ട് സ്റ്റേഷനുകൾ പിന്നിട്ട് ഒടിക്കൊണ്ടിരുന്നു. വെളുപ്പിന് നാലുമണിയായപ്പോൾ മംഗലാപുരത്തെത്തി. എല്ലാരുമിറങ്ങുന്നതുവരെ അവൻ കാത്തു നിന്നു.ആ തടിച്ച മനുഷ്യനും തന്റെ ബാഗും തൂക്കിപ്പിടിച്ചു ഫ്ലാറ്റ്ഫോമിൽക്കൂടി നടന്നു. അവൻ തങ്ങളിരുന്ന സീറ്റിന്റെ അടിയിൽ ആ മനുഷ്യന്റെ ഫ്ലാസ്ക്കും ഗ്ലാസും കണ്ട് അതെടുത്തു കൊണ്ട് അദ്ദേഹത്തിനടുത്തേക്കോടി ...
"സാറേ..... ഒന്നു നിക്കണേ... നിങ്ങടെ ഫ്ലാസ്ക്കു... മറന്നു പോയി....!''
അയാൾ തിരിഞ്ഞു നോക്കി.തന്റെ ഫ്ലാസ്ക്കും പിടിച്ചു കൊണ്ടോടി വരുന്ന ഏലീയാസിനെക്കണ്ട് പുഞ്ചിരിച്ചു കൊണ്ട് തന്റെ കഷണ്ടിത്തലയിൽചൊറിഞ്ഞുകൊണ്ടവിടെ നിന്നു. അവൻ ഫ്ലാസ്ക്കയാൾക്കു കൊടുത്തു.
" ടാങ്ക്സ്...ടാങ്ക്സ്.. "
അയാൾ നന്ദി പറഞ്ഞു.
'' ഇറ്റ്സ്... ഓക്കേ.... സാർ ... നോ മെൻഷൻ പ്ലീസ്.. താങ്ക്യൂ."
അവൻ ഉപചാര വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. അയാൾ അത്ഭുതത്തോടെയവനെ നോക്കി... പിന്നെ നടക്കാൻ തുടങ്ങി രണ്ടടി വച്ചിട്ടു തിരിഞ്ഞു നിന്നവനെ വിളിച്ചു
"ഹളോ... കുട്ടീ.... ഒണ്ണു... നിൾക്കൂ..."
ഏലിയാസിന്റെ മറുപടിയിൽ നിന്നും അവനൊരു തെണ്ടിച്ചെറുക്കനല്ലെന്നയാൾക്കുമനസിലായിരുന്നു. എങ്കിലും വേഷവും രൂപവും അയാളേക്കൊണ്ടങ്ങനെ ചിന്തിപ്പിച്ചിരുന്നു. പകുതി മയക്കത്തിലവൻ ചില്ലറയെണ്ണുന്നതു കണ്ടിരുന്നു.അതായിരുന്നു അയാളേക്കെണ്ടങ്ങനെ ചിന്തിപ്പിക്കുവാനുള്ള കാരണം. അവൻ നിന്നുകൊണ്ട് തിരിഞ്ഞു നോക്കി. അയാളവനെ കൈയാട്ടിവിളിച്ചു. മെല്ലെ അവനദ്ദേഹത്തിനടുത്തേക്കു നടന്നു
.'' എന്താണു.. സാർ വിളിച്ചത്..?"
അവൻ ചോദിച്ചു.
" നിൻടെ... പേറു പറയു...?''
അവനു മറുപടി നൽകാതെ അയാളവന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു..
'' ഏലിയാസ് ജേക്കബ് ''
അവൻ പേരുപറഞ്ഞു.
"എങ്കോട്ടാ പോഗേണ്ടത് നിണക്ക്...? മങ്കളൂറിൽ... ആറാ ഉള്ളെത് നിൻടെ ബന്തുക്കാറായി...? "
അയാൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അവനൊന്നുശങ്കിച്ചെങ്കിലും പറഞ്ഞു
"ആരുമില്ല...സാർ.. ഞാനൊരു ജോലി തേടി വന്നതാണ്... സാറിന്റെ പേരെന്താണ്..? "
അവൻ തിരിച്ചു ചോദിച്ചു
''രാമേ ഗൗഡ ...''
അയാൾ പേരു പറഞ്ഞു.
"ഞാണ് മടിക്കേറിയിൽ താമസിക്കുണ്ണു. കൊടഗിൽ. കൽപ്പറ്റ എൻണ്ടെ ബന്ധുക്കളുണ്ട് .അവറെ കാണാൻ വേൻണ്ടി പോയതാണ് കേരള... "
അയാൾ കന്നഡച്ചുവയുള്ള മലയാളത്തിൽ അവനോട് സ്വയം പരിചയപ്പെടുത്തി
."സറി... നീ വറുന്നോ എൻണ്ടെകൂടെ... നിനക്കു ഞാണ് ജോളിതറാം.. "
" ശരി... സാർ.... ഞാൻ വരാം... വളരെ നന്ദി"
അവൻ സന്തോഷത്തോടെ ഗൗഡരോടു നന്ദി പറഞ്ഞു മനസിലവൻ ദൈവത്തിനും നന്ദി പറഞ്ഞു... അയാൾ വീണ്ടും ചോദിച്ചു
"എന്തു ജോളി അറിയാം നിണക്ക്...? ഹോട്ടൽ ജോളി അറിയുമോ...? ഇതിണു മുമ്പു എവിടെ എങ്കിളും പണി എടുത്തിട്ടു ഉണ്ടോ...?"
അവൻ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്കു നോക്കികൊണ്ട് പറഞ്ഞു
,'' ഇല്ല സാർ മുമ്പു ജോലി ചെയ്ത പരിചയം ഇല്ല എങ്കിലും എന്ത് ജോലിയും ചെയ്തു കൊള്ളാം.....''
അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. സത്യസന്ധമായ അവന്റെ മറുപടി അയാളിൽ അവനേക്കുറിച്ചൊരു മതിപ്പുണ്ടാക്കി...
" എണ്ണാൽ വറുപോഗാം... പിണ്ണേ ... മൂണ്ണു നേരം ഭക്ഷണം, താമസം, അഞ്ചു നൂറു രൂപ മാസം സമ്പളം കിട്ടും.. ഇഷ്ടം ഉണ്ടെങ്കിൽ നിണക്കു വറാം... "
അവൻ സമ്മതമാണെന്ന അർത്ഥത്തിൽ തലയാട്ടി. അയാൾ അവിടുന്നു ബസ്റ്റാന്റ് ലക്ഷ്യമാക്കി നടന്നു അവൻ അയാളുടെ ബാഗും ചുമന്നുകൊണ്ട് പിന്തുടർന്നു ...
രാവിലെ എട്ടു മണി കഴിഞ്ഞപ്പോൾ അവർ മടിക്കേരിയിൽ എത്തി.നിറയെ മലകളും കാപ്പിപ്പൂമണവുമുള്ള 'മെർക്കാറ 'യെന്ന് ഇംഗ്ലീഷുകാർ വിളിക്കുന്ന കർണ്ണാടകയുടെ കാശ്മീർ... മടിക്കേരി.. അപ്പോഴും മഞ്ഞു പുതച്ചു കിടക്കുകയായിരുന്നു .അവർ നേരെ പോയത് 'കാവേരി ഭവൻ' എന്ന രാമേ ഗൗഡരുടെ സ്വന്തം ഹോട്ടലിലേക്കായിരുന്നു. അവനെ തന്റെ മകനും ഹോട്ടൽ മാനേജരുമായ 'ചിന്നപ്പ'യുടെ അടുത്ത് ഏൽപ്പിച്ചിട്ട് കാര്യങ്ങൾ എല്ലാം ചുരുക്കിയവതരിപ്പിച്ചു. ചിന്നപ്പ ഹോട്ടലിലെ ഭണ്ഡാരിയും മലയാളിയുമായ 'രാജപ്പനെ വിളിച്ചു പറഞ്ഞു..
''ലോ... രാജപ്പ... നിമ്മൂരിംത.... ഒംതു ഹൊസ ഹുഡുഗ ബംതിദ്ദേനേ... അവനിഗേ...കെലസഗളു എല്ലാ ഹേളിക്കൊഡബേക്കൂ നിമ്മ ഭാഷയല്ലി..ഗൊത്ഥായിത്ത...''
( നിന്റെ നാട്ടിൽ നിന്നും പുതിയ ഒരു ആൺകുട്ടി വന്നിട്ടുണ്ട് അവനു എല്ലാ ജോലികളും പറഞ്ഞു കൊടുക്കണം നിങ്ങളുടെ ഭാഷയിൽ മനസ്സിലായോ)
രാജപ്പൻ ശരിയെന്നു തലയാട്ടിക്കൊണ്ട് അവനെയും കൂട്ടിക്കൊണ്ട കത്തേക്കു പോയി. ആദ്യമായി കിട്ടിയജോലി എച്ചിൽപാത്രങ്ങൾ കഴുകുന്നതായിരുന്നു.ഭക്ഷണം കഴിച്ച സ്വന്തം പാത്രം പോലും കഴുകിയിട്ടില്ലാത്ത താൻ ആരാന്റെ എച്ചിൽപ്പാത്രം കഴുകുന്നു.. എങ്കിലും അവനു വിഷമം തോന്നിയില്ല. കയറിക്കിടക്കാനിടവും ഭക്ഷണവും ഉണ്ടല്ലോ. ആദ്യമായിട്ടൊരു ജോലിക്കാരനായതിൽ സന്തോഷവും, അഭിമാനവും തോന്നി. ഇവിടുന്നു തുടങ്ങണം പുതിയ ജീവിതമെന്നും തന്റെ മോഹമായ ഉന്നതപഠനം ഇവിടുന്നു തുടങ്ങണമെന്നും, വിദ്യാഭ്യാസമുണ്ടെങ്കിലേ തന്റെ ലക്ഷ്യം പൂർണ്ണതയിലെത്തുകയുള്ളുവെന്നും സ്വയം മനസ്സിൽ ഇരുവിട്ടു കൊണ്ടിരുന്നു. അതിനായി രാത്രികളെ പകലാക്കി തന്റെ ലക്ഷ്യത്തിലെത്തുവാൻ കുതിച്ചു കൊണ്ടിരുന്നു..
ബെന്നി ടി ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക