നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയപ്പെട്ട ആമിനാ...

പ്രിയപ്പെട്ട ആമിനാ...
മുപ്പത് വർഷത്തെ എന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു ഞാൻ തിരിച്ചു വരാൻ പോകുന്നു. ഇതു കേൾക്കുമ്പോൾ നീ ഒരുപാട് സന്തോഷിക്കും എന്നെനിക്കറിയാം.. കടങ്ങളൊന്നുമില്ല, കടപ്പാടുകൾ മാത്രം.. സ്വന്തമെന്നു പറയാൻ ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീടും, കെട്ടിച്ചു വിട്ട രണ്ടു പെണ്കുട്ടികളും ജോലി കിട്ടിയ ഒരു മകനും ബാധ്യതകളില്ലാത്ത ജീവിതവും ആണ് മുപ്പതു വർഷത്തെ എന്റെ പ്രവാസത്തിന്റെ സമ്പാദ്യങ്ങൾ.. ഞാൻ സന്തുഷ്ടനാണ്. എന്റെ സന്തോഷമാണ് നിന്റെയും എന്നു നീ എന്നും പറയാറുണ്ടല്ലോ... എന്നാലും മനസ്സിൽ ഒരു കടം ബാക്കിയുണ്ട്.. നീ ഓർക്കുന്നുണ്ടോ..?
ഇരുപത്തേഴു വർഷങ്ങൾക്ക് മുന്നേ കാൽപ്പവൻ മഹർ നൽകി നിന്നെ ഞാൻ സ്വന്തമാക്കിയപ്പോൾ, നീ ഒന്നേ എന്നോട് അവശ്യപ്പെട്ടുള്ളൂ. മരണം വരെയും കൂടെ നിർത്തണം എന്ന്. കല്യാണം കഴിഞ്ഞയുടൻ ഒരുനാൾ കോഴിക്കോട് കടപ്പുറത്ത് നമ്മൾ ഒരുമിച്ചു പോയിരുന്നു സ്വപ്നങ്ങൾ പങ്കു വെച്ചത് നീ ഓർക്കുന്നില്ലേ?
കാലിൽ വന്നു തട്ടിയ തിരകളെ താലോലിച്ചു കൊണ്ട് നീ എന്നോട് ചോദിച്ചു, ഒരിക്കൽ ഈ കടലിന്റെ അക്കരെ എന്നെയും കൊണ്ടുപോകുമോ എന്ന്‌. അന്ന് ഞാൻ മറുപടി പറഞ്ഞില്ലെങ്കിലും അതു ഞാൻ എന്റെ മനസ്സിൽ കുറിച്ചിട്ടിരുന്നു..
ജീവിതം ഒരു തരത്തിലും താളം തെറ്റാതിരിക്കാൻ നീ നടത്തിയ പരിശ്രമങ്ങൾക്കിടയിൽ എപ്പോഴോ നീയത് മറന്നിട്ടുണ്ടാകാം... ഇപ്പോൾ അതിനു സമയമായെന്ന് തോന്നുന്നു..
ആമിനാ...നീ കോണ്ക്രീറ്റ് വനങ്ങൾ കണ്ടിട്ടുണ്ടോ??. കോണ്ക്രീറ്റ് വനങ്ങളാൽ ചുറ്റപ്പെട്ടതാണ് ഈ ദുബായ് നഗരം.. അരീക്കോട് വിട്ട് മറ്റൊരു സ്ഥലം നീ കാണുന്നത് എന്നോടൊപ്പം കോഴിക്കോട് വന്നപ്പോഴായിരുന്നില്ലേ? അന്ന് നിന്റെ മുഖത്തു കണ്ട കൗതുകം ഇന്നുമെന്റെ ഓർമയിൽ ഉണ്ട്..
നിനക്ക് വിമാനത്തിൽ കയറേണ്ടേ ആമിനാ..? ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ "ഇമ്മിണി ബല്യ" ഒരു പക്ഷിയിൽ കയറി പറക്കേണ്ടേ?
എറണാകുളത്തു ലുലുമാൾ കണ്ടിട്ട് അന്തം വിട്ടു നിന്ന നീ ഇവിടുത്തെ ബുർജ് ഖലീഫ കണ്ടാൽ ബോധം കെട്ടു വീഴുമോ?ഇവിടെ ഇപ്പോൾ ഈന്തപ്പനകൾ മുഴുവൻ പഴുത്തു നിൽക്കുന്ന സമയമാണ്.. നമ്മുടെ മുറ്റത്തെ ഉമ്മച്ചി പ്ലാവ് നിറയെ ചക്ക പിടിച്ചു നിൽക്കുന്നതു കണ്ടു നീ സന്തോഷിക്കുന്നത് കാണാൻ എന്ത് രസമാണെന്നറിയോ?
ഇവിടെ ഒരുപാട് ഒരുപാട് കാണാനുണ്ട്.. എല്ലാം നിന്നെ കാണിച്ചു തരും. ഗ്രാമത്തിന്റെ നിഷ്കളങ്കത നിറഞ്ഞ നിന്റെ മുഖം ഇതൊക്കെ കണ്ടു വിടരുന്നത് എനിക്ക് കാണണം. അതിനൊപ്പം മറ്റൊന്ന് കൂടി നീ കാണണം, അതു നിനക്ക് മനസ്സിലാകാനല്ല, മക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ. ഭാവിയിൽ ഞാൻ അവർക്ക് ഒരു ബാധ്യത ആയി തോന്നാതിരിക്കാൻ വേണ്ടി മാത്രം..
ഈ മരുഭൂമിയിലെ ലേബർ ക്യാമ്പിൽ വർഷങ്ങളോളം ഞാൻ കിടന്നിരുന്ന മുറി. സ്വന്തമെന്നു പറയാൻ ഒരു കട്ടിലും കിടക്കയും മാത്രം. ഞങ്ങൾ ഏഴുപേർ ഇടുങ്ങി താമസിക്കുന്ന ഈ കുഞ്ഞു മുറി.. നിങ്ങളുടെ ഇഷ്ടങ്ങൾ ഓരോന്ന് സാധിക്കാൻ വേണ്ടി ഞാൻ വേണ്ടെന്ന് വെച്ച എന്റെ സുഖ സൗകര്യങ്ങൾ എന്തൊക്കെയായിരുന്നു എന്നവർക്ക് പറഞ്ഞുകൊടുക്കണം..
കുബ്ബൂസിനും രുചിയുണ്ടെന്നു ഞാൻ അറിയുന്നത് നിങ്ങളുടെ സന്തോഷത്തോടെയുള്ള ഫോണ് വിളികൾ കേട്ടുകൊണ്ട് അതു കഴിക്കുമ്പോളാണ്.. എന്റെ മക്കളുടെ കല്യാണത്തിന് വരാതിരുന്നതിന്, ലീവ് കിട്ടാഞ്ഞിട്ടാണ് എന്നതു എന്റെ കള്ളത്തരം ആണെന്നും, ആ പൈസ കൂടി ലാഭിച്ചാൽ, അതു വെച്ചു അവിടെ കുറച്ചൂടെ ഭംഗിയിൽ കാര്യങ്ങൾ നടത്താമെന്ന് കരുതിയാണ് എന്നെല്ലാം നീ മാത്രം ആണ് മനസ്സിലാക്കിയത്...
ഗൾഫിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങൾ കുറഞ്ഞു പോയതിന്റെ പരിഭവങ്ങൾ പലരുടെയും മുഖത്തു കണ്ടപ്പോൾ നിന്റെ മുഖത്തു ഞാൻ കണ്ടത് എന്റെ ലീവ് കുറഞ്ഞു പോയതിന്റെ പരിഭവമായിരുന്നു..
ഞാൻ നിനക്ക് തരുന്ന ഏറ്റവും വലിയ സമ്മാനമാണ് ആമിനാ ഈ യാത്ര. എനിക്ക് വയസ്സ് അമ്പത്തഞ്ചും നിനക്ക് അമ്പത്തും ആയെന്നു നമുക്ക് മറക്കാം.. ഇരുപത്തേഴു വർഷങ്ങൾ സമാന്തര രേഖകൾ പോലെ ഒരു യാത്രയിലായിരുന്നു നമ്മൾ.. അത് മറക്കുക..
വരാൻ റെഡി ആവുക.. ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ നഗരത്തിൽ, നമ്മളെ ആരും തിരിച്ചറിയപ്പെടാത്ത ഈ നഗരത്തിൽ,എല്ലാ കടമകളും നിറവേറ്റുവാൻ ഭാഗ്യം തന്ന ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്, ഈന്തപ്പനകളെ സാക്ഷി നിർത്തി കുറച്ചു നാളുകൾ നമുക്കീ തിരക്കിൽ അലിഞ്ഞു ചേരാം.. നീ വരില്ലേ ആമിനാ??
സ്നേഹപൂർവം നിന്റെ അബ്ദു......
പ്രവാസിയായ, പ്രിയപ്പെട്ട അബ്ദുക്കായ്ക്ക് സ്നേഹപൂർവം ഈ പ്രണയലേഖനം ഞാൻ സമർപ്പിക്കുന്നു..Dr.smitha

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot