നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓഫീസിലെ തിരക്കുകളില്‍നിന്നു...........


ഓഫീസിലെ തിരക്കുകളില്‍നിന്നു മനപ്പൂര്‍വമാണ് അവധിയെടുത്തത്. ലാഭനഷ്ടങ്ങളും കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനും ഒക്കെ ജീവിതചര്യയുടെ ഭാഗമായതില്‍പിന്നെ വീടും കുടുംബവുമൊക്കെ രണ്ടാംസ്ഥാനത്തായിയെന്ന് ദേവിക എപ്പോഴും പരാതിപറയാറുണ്ട്. യാത്രകളും തിരക്കുകളുമൊക്കെയായി താനും പലപ്പോഴും അത് വിസ്മരിച്ചുപോകുന്നുവെന്നതും സത്യമാണ്.. വെള്ളിയും ശനിയും ലീവെടുത്താല്‍ തിങ്കളാഴ്ച ഓഫീസിലേയ്ക്ക് പോയാല്‍ മതിയെന്ന കണക്കുകൂട്ടലിലാണ് ഇന്നത്തെയ്ക്ക ലീവ് തീരുമാനിച്ചത്. രണ്ടുദിവസത്തെ അവധിക്കുവേണ്ടി ഒരാഴ്ചമുമ്പേ തയാറെടുപ്പുതുടങ്ങി. പതിവില്ലാതെ രാവിലെ കിടക്കയില്‍ തന്നെക്കണ്ട മാളുവിന്റെ കുഞ്ഞിക്കണ്ണുകളില്‍ അത്ഭുതം. 'അച്ഛ ഇന്നു ഒഫീസില്‍ പോകുന്നില്ലെ?' അവള്‍ക്ക് ജിജ്ഞാസ അടക്കാനാകുന്നില്ല. 'ഇല്ല അച്ഛ രണ്ടുദിവസം ഇവിടെതന്നെയുണ്ട്. എന്റെ മറുപടിയ്ക്ക് പകരം കെട്ടിപ്പിടിച്ചൊരുമ്മയായിരുന്നു അവളുടെ പ്രതികരണം.
'ആഹാ അച്ഛനും മോളുംകൂടെ ഇവിടെ കെട്ടിപ്പിടിച്ചു കിടക്കുകയാണോ? മാളൂ സ്‌കൂളില്‍ പോകണ്ടേ. എഴുന്നേല്‍ക്ക്.' ദേവികയുടെ സ്വരംകേട്ടു മാളു തലയുയര്‍ത്തി നോക്കി. പിന്നെ എന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നുകിടന്നു പറഞ്ഞു. 'അമ്മേ ഞാനിന്നു ലീവാ..' പിന്നെ എന്നെനോക്കി കണ്ണിറുക്കി. 'ങാഹാ.... ഇന്നുകൂടെയല്ലേ ക്ലാസുള്ളൂ നാളെയും മറ്റന്നാളും അവധിയല്ലേ അച്ഛ രണ്ടുദിവസം ഇവിടെത്തന്നെ കാണും. എണീറ്റുവാ മാളൂ' ദേവിക സ്വരംകടുപ്പിച്ചു പറഞ്ഞപ്പോള്‍ മാളു മനസില്ലാമനസോടെ എണീറ്റു ദേവികയുടെ പുറകേപോയി. പിന്നെ ഒരു ബഹളമായിരുന്നു. മാളുവിനെ സ്‌കൂളിലേയ്ക്കിറക്കുന്ന തത്രപ്പാടാണ്. മാളുവിന്റെ വിളിയും ദേവിയുടെ ശകാരവും ഒക്കെയായി ആകെ ബഹളമയം. അല്പസമയത്തിനകം മാളു ഷൂസും പൊക്കിപ്പിടിച്ച് എന്റെയടുത്തേയ്ക്ക് ഓടിവന്നു പിറകെ ദേവിയും. 'ങൂ..ഹൂം. തരില്ല. എനിക്ക് അച്ഛ ഇട്ടുതരും.' മാളു വശിയോടെ പറഞ്ഞു. പിന്നെ എന്നെനോക്കി ചിരിച്ചു. അവളെ മടിയിലിരുത്തി ഷൂവും സോക്‌സും ഇട്ടുകൊടുത്തു. അതിനിടയില്‍ ദേവിക അവളെ ഭക്ഷണം കഴിപ്പിക്കുകയും ചെയതു. കൈകഴുകി തിരിച്ചുവന്ന മാളു ഒടിവന്ന് എന്റെ മടിയില്‍കയറി. 'വാ മാളൂ ബസ് ഇപ്പൊവരും' ബാഗുമായി ദേവിക വാതില്‍ക്കലെത്തി. 'എന്നെ അച്ഛ ബസ് കയറ്റും മാളു കൊഞ്ചലോടെ പറഞ്ഞു.' 'ങൂം. ഇന്ന് അച്ഛയെ കണ്ടപ്പോള്‍ അവള്‍ക്ക് എന്നെ വേണ്ട.' ദേവി കപട ദേഷ്യത്തോടെ പറഞ്ഞു. 'ഇന്നൊരു ദിവസത്തെയ്ക്ക് ഞാനും അറിയട്ടേ ദേവൂ ഇതൊക്കെ.' ദേവിയുടെ കയ്യില്‍നിന്നും ബാഗ് വാങ്ങി അവളുടെ മൂക്കില്‍പിടിച്ചു കുലുക്കികൊണ്ട് ഞാന്‍ പറഞ്ഞു. എന്റെ കൈ തട്ടിമാറ്റി ചിരിച്ചുകൊണ്ടു അവള്‍ അകത്തേയ്ക്ക് പോയി.
മാളുവിനെ ബസ്‌കയറ്റിവിട്ട് തിരിച്ചെത്തുമ്പോഴേയ്ക്കും ദേവിക ഓഫീസിലേയ്ക്ക് പോകാന്‍ തയാറായികഴിഞ്ഞു. 'ബ്രേക്ഫാസ്റ്റ് എടുത്തുവച്ചിട്ടുണ്ട്്. കഴിക്കാന്‍ മറക്കണ്ട. ഏട്ടന്‍ നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഞാനും ഇന്നു ലീവാക്കിയേനേ. പെട്ടെന്ന് ലീവ് വിളിച്ചുപറയാനും പറ്റില്ല. അല്ലെങ്കില്‍ ഒന്നു വിളിച്ചു നോക്കട്ടേ' 'അതൊന്നും വേണ്ട ദേവൂ നീ പോയിട്ടുവാ..' ഞാന്‍ ഇടയില്‍കയറി. 'ശരി ഞാന്‍ ഉച്ചയ്ക്ക് ലീവെടുത്തു വരാം' അവള്‍ മനസില്ലാമനസോടെ ഇറങ്ങി. ബ്രേക്ഫാസ്റ്റ് കഴിഞ്ഞ് കുറച്ചുനേരം മെയില്‍ ചെക്ക്‌ചെയ്തു. പിന്നെ വാട്ട്‌സാപ്പും ഫെയ്‌സ്ബുക്കുമായി കുറച്ചുനേരമിരുന്നു. ഒറ്റയ്ക്കായപ്പോള്‍ ഏകാന്തതതോന്നിത്തുടങ്ങി. മുറിക്കുള്ളില്‍ കുറച്ചുനേരം നടന്നു. പിന്നെ റീഡിംഗ് റൂമിലേയ്ക്ക് പോയി. ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്നു. അച്ഛന്റെതാണ്. തറവാട്ടില്‍നിന്ന് ഇങ്ങോട്ടേയ്ക്ക് താമസം മാറ്റുമ്പോള്‍ കൊണ്ടുവന്ന ഏക സമ്പാദ്യം. ഷെല്‍ഫുതുറന്ന് കുറച്ചുനേരം നിന്നു. അച്ഛന്റെ സാനിധ്യം അനുഭവപ്പെടുന്നതുപോലൊരു തോന്നല്‍. താഴേത്തട്ടിലെ പുസ്തകങ്ങളെല്ലാം വലിച്ചുവാരിയിട്ടിരിക്കുകയാണ്. മാളുവിന്റെ പണിയാണ്. ഏതായാലും നന്നായി കുറച്ചുനേരത്തെ ബോറടിമാറിക്കിട്ടുമല്ലോ. പതിയെ ഇരുന്നു പുസ്തകങ്ങള്‍ ഓരോന്നായി അടുക്കിവയ്ക്കുമ്പോഴാണ് അവയ്ക്കിടയില്‍ പഴയ ഓട്ടോഗ്രാഫ്. കലാലയ ജീവിതത്തന്റെ അവസാന നാളുകളില്‍ വിരഹത്തിന്റെയും സ്‌നേഹത്തിന്റെയും ആശംസയുടേയും രൂപത്തില്‍ എഴുതിചേര്‍ത്ത ഒരുപിടി ഹൃദയാക്ഷരങ്ങള്‍. നിറംമങ്ങി പഴകിയ ആ സ്‌നേഹപുസ്തകത്തിന്റെ അക്ഷരങ്ങള്‍ക്ക് മൂര്‍ച്ച ഒട്ടുംകുറവുവന്നിട്ടില്ല. താളുകള്‍മറിച്ച് വായിക്കവേ സമ്മിശ്രവികാരങ്ങള്‍ കടന്നുപോയി. കൗമാരത്തിലേയക്ക് ഒരുവട്ടംകൂടി കടന്നുപോകുന്നതുപോലെ. അവസാനതാളിലെ വാചകങ്ങളില്‍ ദൃഷ്ടിയുടക്കി.
'Responsibility is always
the very first step of freedom.'
സഖാവിന് സ്‌നേഹാദരങ്ങളോടെ....
ഓഷോയുടെ വരികളാണ്. എഴുതിയ ആള്്ിന്റെ പേരില്ല. ഇങ്ങനെ എഴുതാന്‍ ക്യാമ്പസില്‍ ഒരാളേയുള്ളൂ, ഗിരീഷ്‌കുമാര്‍.. കലാലയജീവിതത്തിലെ ആത്മസുഹൃത്ത്.
ഓര്‍മകള്‍ തൊണ്ണൂറുകളുടെ അവസാനത്തിലേയ്ക്ക് ചേക്കേറി. ക്ലാസ്മുറിയുടെ ബഞ്ചുകളില്‍ നിറഞ്ഞിരിക്കുന്ന കുട്ടികള്‍ക്കിടയില്‍ ആ മുഖം മനസില്‍ തെളിഞ്ഞു. വെളുത്തു വട്ടമുഖവും നനുത്ത മീശരേമങ്ങളുമായി ഒരു നിഷ്‌കളങ്കനായ പയ്യന്‍. തീപ്പൊരി പ്രസംഗംകൊണ്ട് കാമ്പസിനെ ഇളക്കിമറിക്കുന്ന വിദ്യാര്‍ത്ഥിനേതാവ്. സര്‍വസമ്മതന്‍. ആശയപരമായി അകല്‍ച്ചയുണ്ടെങ്കിലും അവന്റെ വാക്കുകളിലെ ഉറപ്പും തീക്ഷ്ണതയും, സംസാരിക്കുന്ന വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും അവനിലേയ്ക്ക് എന്നെ അടുപ്പിച്ചു. ഞങ്ങളുടെ സംസാരങ്ങളില്‍ ഒളിവര്‍ ട്വിസ്റ്റും, ഹാംലെറ്റും മെത്തില്‍ഡയും കടമനിട്ടകവിതകളും കടന്നുവരുമ്പോഴും രാഷ്ട്രീയചര്‍ച്ചകള്‍ അവന്‍ പരമാവധി അകറ്റിനിര്‍ത്തി. ക്യാമ്പസിന്റെ പടിയിറങ്ങിചെന്നത് ജീവിത യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കാണ്. കാലപരിവര്‍ത്തനത്തിനിടയില്‍ എല്ലാം മാഞ്ഞകൂട്ടത്തില്‍ ആ മുഖവും പേരും എങ്ങോമാഞ്ഞുപോയി. വീണ്ടും ഓര്‍മിപ്പിക്കാനെന്നോണം ഓട്ടോഗ്രാഫും അതിലെ വരികളും.
ഞൊടിയിടയില്‍ എഴുന്നേറ്റ് റൂമിലേയ്ക്ക് പോയി ലാപ്‌ടോപ്പ് തുറന്നു ഫേസ്ബുക്കില്‍ തപ്പി. ഒരുപാടു ഗിരീഷ്‌കുമാറില്‍ ഞാന്‍ തിരഞ്ഞ ഗിരീഷ് കാണാമറയത്തുതന്നെ നിന്നു. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍ കോളേജ് ഗ്രൂപ്പില്‍നിന്ന് പഴയസുഹൃത്ത്് റോബിനെ കിട്ടി. ഫ്രണ്ട് റിക്വസ്റ്റും അയച്ചു ഒരു മെസേജും ഇട്ടു. പിന്നെ പഴയ ഒര്‍മകളുമായി എത്രനേരം ഇരുന്നെന്നറിയില്ല.
മെസഞ്ചറിലെ നോട്ടിഫിക്കേഷന്‍ സൗണ്ടാണ് ചിന്തളില്‍നിന്നും ഉണര്‍ത്തിയത്. നോക്കുമ്പോള്‍ റോബിന്റെ റിപ്ലെ.
'ഞാന്‍ 98 ബാച്ചിലെ സന്ദീപ് കൃഷ്ണനാണ്.' ഞാന്‍ എന്നെ പരിചയപ്പെടുത്തി
'ആ സന്ദീപ് സുഖല്ലേ..' റോബിന്റെ മറുപടി ഉടന്‍വന്നു.
'ആ സുഖം....' തിരിച്ചു മറുപടിയയച്ചു.
കുറച്ചുനേരത്തെ കുശലപ്രശ്‌നങ്ങള്‍ക്ക് ശേഷം ഞാന്‍ ഗിരീഷിനെകുറിച്ചു ചോദിച്ചു.
'ആഹാ നിങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഇല്ലേ' അവന്റെ മറുപടിയില്‍ അത്ഭുതം നിറഞ്ഞു.
'ഇല്ല കോളേജില്‍നിന്നും ഇറങ്ങിയതില്‍പിന്നെ ആരുമായും കോണ്ടാക്ട്് ഇല്ലയിരുന്നു.' എന്റെ മറുപടിയില്‍ ജാള്യത നിറഞ്ഞു.
'എനിക്കും കോണ്ടാക്ടില്ല. ഞാനോന്നന്വേഷിക്കട്ടേ.. എന്തെങ്കിലും വിവരം കിട്ടിയാല്‍ പറയാം നിന്റെ നമ്പര്‍ താ...'
ഞാന്‍ എന്റെ നമ്പര്‍ റോബിന് കൈമാറി.
ബൈപറഞ്ഞ് നെറ്റ് ഓഫ്‌ചെയ്തു.
വീണ്ടും റീഡിംഗ് റൂമിലേയ്ക്ക് കയറി. ഒരു പുസ്തകവുമായി ഉമ്മറത്തേയ്ക്ക്് വ ന്നിരുന്നു. ഉച്ചയോടെ ദേവികയെത്തി. 'ബോറഡിച്ചില്ലല്ലോ? വരാന്തയിലേയ്ക്ക് കയറുന്നതിനിടയില്‍ ദേവികചോദിച്ചു. 'ഹേയ്് ഇല്ല.' ചിരിച്ചുകൊണ്ടുതന്നെ മറുപടിയും കൊടുത്തു. 'കഴിച്ചില്ലല്ലോ ഞാനീ ഡ്രസ് ഒന്നു മാറ്റിയേച്ച് വരാം ഒരുമിച്ചിരിക്കാം.' അവള്‍ അകത്തേയ്ക്ക് പോയി.
നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും ഓഫീസ് വിശേഷങ്ങളുമായി ഊണിനിടയില്‍ അവള്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു. ഊണുകഴിഞ്ഞ് വരാന്തയിലേയ്ക്ക് വന്നിരുന്നു പാത്രങ്ങളൊക്കെ കഴുകിവച്ച് അവളും ഒപ്പംകൂടി. ഞങ്ങള്‍ സംസാരിച്ചിരിക്കവേ മാളുവും എത്തി. 'അച്ഛേ... നാളേ കറങ്ങാന്‍ പോകാവോ?' മുറ്റത്തുനിന്നേ അവള്‍ വിളിച്ചുചോദിച്ചുകൊണ്ടാണ് വരവ്.
'നീ ഇങ്ങോട്ടല്ലേടീ വരുന്നേ പിന്നെന്തിനാ അവിടെകിടന്നു ബഹളംവയ്ക്കുന്നേ....?' ദേവിക കപടദേഷ്യത്തോടെ ചോദിച്ചു. 'മാളു നേരെ വന്നു മടിയില്‍ കയറിയിരുന്നു കൊഞ്ചലോടെ വീണ്ടും ചോദിച്ചു. 'പോകാേേവാ..'
'പോകാം'
'പ്രോമിസ്' അവള്‍ വിടാനുള്ള ഭാവമില്ല
'പ്രോമിസ' ഞാന്‍ വാക്കുകൊടുത്തു.
'വാ മേല്‍കഴുകി ഡ്രസ്സോക്കെമാറ്റ്' ദേവിക മാളുവിനേയുംകൂട്ടി അകത്തേയ്ക്ക് പോയി
അത്താഴമുണ്ടാക്കാന്‍ ശ്രീമതിയെ സഹായിച്ചപ്പോള്‍ അവള്‍ കൂടുതല്‍ സന്തോഷവതിയായി.
ചപ്പാത്തി പരത്തിക്കൊണ്ടിരിക്കെ ഫോണ്‍ബെല്ലടിച്ചു. റോബിനാണ്.
'ഹലോ'
'റോബിനാണ് ഗിരീഷിനെക്കുറിച്ചു വിവരംകിട്ടി' അങ്ങേത്തലയ്ക്കല്‍നിന്നും റോബിന്റെ ശബ്ദം
'എവിടെയുണ്ട് ഇപ്പോ അവന്‍' എന്റെ വാക്കുകളില്‍ ഉദ്യേഗം നിറഞ്ഞു.
'തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂര്‍ എന്ന സ്ഥലത്താണ് താമസം. അഡ്രസ് മെസേജ് ചേയ്‌തേക്കാം' റോബിന്‍ ഫോണ്‍ കട്ട്‌ചെയ്തു
'എന്താ ഏട്ടാകാര്യം, ആരെയാ അന്വേഷിച്ചത്' എന്റെ ഉദ്യേഗം കണ്ട് അവള്‍ പരിഭ്രമിച്ചു.
'പറയാം നാളെ രാവിലെ നമുക്ക് ഒരിടംവരെ പോകണം. രണ്ടുദിവസത്തേയ്ക്കുള്ള ഡ്രസ് പാക്കചെയ്‌തോ. അവിടുന്ന് ഏറ്റുമാനൂര്‍ നിന്റെ വീട്ടിലും പോകാം'
രാത്രിയില്‍ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ ഗിരീഷിനെക്കുറിച്ചും ക്യാമ്പസ് ജീവിതത്തെക്കുറിച്ചും അവളോട് വിശദമായി പറഞ്ഞു.
പിറ്റേദിവസം രാവിലെത്തന്നെ പുറപ്പെട്ടു. ട്രാഫിക് തുടങ്ങുന്നതിനുമുമ്പ് എറണാകുളം കഴിയണം. ഇന്‍ഫോപാര്‍ക്ക് വഴി നേരെ മൂവാറ്റുപുഴയ്ക്കും അവിടെനിന്ന് തൊടുപുഴയ്ക്കും തൊടുപുഴനിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് ഉടുംബന്നൂര്‍ റോഡ് കയറി നേരെ കരിമണ്ണൂരെത്തി കരിമണ്ണൂര്‍ നിന്നും കുറച്ചു മുന്നോട്ടുപോയി പ്രധാന പാതവിട്ട്് ഇടത്തേയ്ക്ക് ചെറിയ പാതയിലേയ്ക്ക് കയറി. പാതയുടെ ഇരുവശവും റബറുകളാണ്. മാളുവി അതൊക്കെ പുതിയ കാഴ്ചകളായിരുന്നു. അവിടെനിന്നും വലത്തോട്ട്് തിരിഞ്ഞു ചെമ്മണ്‍പാതയിലേയ്ക്ക് കയറി ഒരു ഒടിട്ട കെട്ടിടത്തിനു മുന്നില്‍ നിര്‍ത്തി. ഇതാണ് റോബിന്‍ പറഞ്ഞ വീട്. പഴക്കമുണ്ടെങ്കിലും പ്രൗഢിമങ്ങാത്ത വീട്. കുറച്ചെങ്കിലും വിസ്താരമുള്ള മുറ്റവും അതിന്റെ ഒരറ്റത്ത് പൂന്തോട്ടവും. വീടിന്റെ അതിര്‍വരമ്പ് കഴിഞ്ഞാല്‍ റബറാണ്. അതിനപ്പുറം അടയ്ക്കാമരങ്ങളും. പൂമുഖത്തേയ്ക്ക്് കയറി കോളിംഗ്‌ബെല്‍ അടിച്ചു. അല്‍പനേരംകഴിഞ്ഞ് 10-14 വയസുള്ള ഒരു പെണ്‍കുട്ടി ഇറങ്ങിവന്നു.
'ഗിരീഷ്...' ഞാനല്‍പം സംശയത്തോടെ ചോദിച്ചു.
അമ്മേയെന്നുവിളിച്ചുകൊണ്ട് ആ പെണ്‍കുട്ടി അകത്തേയ്ക്ക് ഓടിപ്പോയി.
ആ പെണ്‍കുട്ടിയ്ക്ക് പിന്നാലെ തട്ടമിട്ട് ഒരു യുവതിയുവതിയും വന്നു.
'ഗിരീഷിന്റെ വീടാണോ'
'അതെ' ഒരു പരിഭ്രമത്തോടെ അവള്‍ മറുപടി പറഞ്ഞു.
'ഗിരീഷ്....'
'ഉണ്ട് ആരാ..'
'ഞാന്‍ സന്ദീപ്, സന്ദീപ് കൃഷ്ണന്‍. കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.'
'കേറിയിരിക്കൂട്ടോ.. ഞാന്‍ വിളിയ്ക്കാം പറമ്പില്‍ നില്‍ക്കുവാ' അവളുടെ മുഖം വിടര്‍ന്നു.
ഞങ്ങള്‍ പൂമുഖത്തേയ്ക്ക് കയറിയിരുന്നു. ചുവരില്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ ഫോട്ടോയ്‌ക്കൊപ്പം തൂക്കിയ പഴയ ഗ്രൂപ് ഫോട്ടോ ദേവികയാണ് വിളിച്ചു കാണിച്ചത്.
പതിയെ എഴുന്നേറ്റ്് ഫോട്ടോയ്ക്കുമുന്നില്‍ നിന്നു. പലമുഖങ്ങളും അപരിചിതമായി. കൂട്ടത്തില്‍ ഗിരീഷിനേയും തിരഞ്ഞു. വെളുത്തുമെലിഞ്ഞ അവനെ കണ്ടുപിടിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല.
'സന്ദീപ്....' പുറകില്‍നിന്നും വിളികേട്ടാണ് തിരിഞ്ഞുനോക്കിയത്. ഫോട്ടോയില്‍ കണ്ട അതേരൂപം കട്ടിമീശയും കുറ്റിത്താടിയും ഒഴിച്ചാല്‍ വേറൊരുമാറ്റവും വന്നിട്ടില്ല.
'വാ ഇരിയ്ക്ക്, കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടിയോ....'
'കുറച്ച്, നമ്മുടെ ബാച്ചിലെ റോബിനാണ് നിന്റെ അഡ്രസ് തപ്പിയെടുത്ത് തന്നത്. ഒരു എം.എല്‍എ എങ്കിലും ആയിക്കാണും എന്നാണ് പ്രതീക്ഷിച്ചത്.' ഞാനെന്റെ ആകാംഷ മറച്ചുവച്ചില്ല.
അപ്പോഴേയ്ക്കും ഗിരീഷിന്റെ ഭാര്യ ചായയുമായി എത്തി
'ഇവളെ നിനക്കറിയില്ലേ കോളേജില്‍ നമ്മുടെ ജൂനിയര്‍ ആയിരുന്ന ഫൗസിയ.' ഗിരീഷ് അവളെ എനിക്കു പരിചയപ്പെടുത്തി.
'കോളേജ് വിട്ട് അധികം കഴിയുന്നതിനും മുമ്പേ എനിക്ക് ഇവളേയും ഒപ്പം കൂട്ടേണ്ടിവന്നു. അധികം ആര്‍ക്കും അറിയില്ലായിരുന്നു ഞങ്ങളുടെ ബന്ധം. ഇവളെ വിളിച്ചിറക്കികൊണ്ടുപോന്നത് അന്ന് വലിയ വിഷയമായിരുന്നു. കുറേനാള്‍ ഓട്ടമായിരുന്നു. ഒടുവില്‍ ഇവിടെവന്നുപെട്ടു. ഇവിടെ കുറച്ചു സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തു. പിന്നെ കുറച്ചു വസ്തുവാങ്ങി ഒപ്പം ഈ വീടും. ഇതിനിടയില്‍ സജീവരാഷ്ട്രീയം വിട്ടു. ആശയപരമായ അഭിപ്രായവ്യത്യാസവും ഉണ്ടെന്നു കൂട്ടിക്കോളൂ.'
'വാ നമുക്കൊന്നു നടക്കാം.' അവന്റെ സ്‌നേഹക്ഷണം നിരസിക്കാന്‍തോന്നിയില്ല. ഞങ്ങള്‍ പറമ്പിലേയ്ക്കിറങ്ങി.
റബര്‍തോട്ടം കഴിഞ്ഞിറങ്ങുന്നത് കവുങ്ങിന്‍തോട്ടത്തിലേയ്ക്കാണ്. അതിനുമപ്പുറം വാഴയും പച്ചക്കറികളും ഒക്കെയായി ഒരു തോട്ടവും.
'ഈ പാടം പാട്ടത്തിനെടുത്താണ് ആദ്യമായി ഇവിടെ വരുമ്പോള്‍ ഒരു വരുമാനം ഉണ്ടാക്കിയത്.' ഈ ചേറും ചെളിയും തരുന്ന ഒരു സംതൃപ്തിയുണ്ടല്ലോ ഒരു പക്ഷെ തിരക്കുള്ള ഒരു പൊതുപ്രവര്‍ത്തകനോ ഒരു ജനപ്രതിനിധിയോ ആയിരുന്നെങ്കില്‍ അതു കിട്ടില്ലായിരുന്നു. മകളുടെ കളിചിരികള്‍ നഷ്ടപ്പെട്ട അച്ഛനായേനെ.' അവന്റെ ഈ വാക്കുകള്‍ ഹൃദയത്തില്‍ എവിടെയോ തറച്ചു. മകള്‍ക്ക് തന്നെ കിട്ടുന്നതുതന്നെ അപൂര്‍വ്വമാണല്ലോ എന്നോര്‍ത്തു. അവന്‍ വാഴത്തോപ്പിലേയ്ക്കിറങ്ങി ഒരു നേന്ത്രവാഴക്കുല മുറിച്ചെടുത്തു. 'രാസവളപ്രയോഗമില്ലാത്തതാ... അവന്‍ ചിരിച്ചോണ്ടു പറഞ്ഞു. പിന്നെ കുറച്ചു പച്ചക്കറികളും പറിച്ചെടുത്തു. വീട്ടിലേയ്ക്ക് മടങ്ങി അവന്‍തന്നെ അതെല്ലാം പായ്ക്ക് ചെയ്ത് കാറിനുള്ളിലേയ്ക്ക വച്ചു.
കുറച്ചുനേരം നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും വിശെഷങ്ങളും പങ്കിട്ട്് യാത്രപറയാന്‍നേരം ഞാന്‍ ഗിരീഷിനോട് ചോദിച്ചു. ആ പഴയ ക്‌ളാസ്മുറിയില്‍ പഴയബഞ്ചില്‍ ഒന്നുകൂടെയിരിക്കണ്ടേ നമുക്ക്.'
'വേണം.' അവന്റെ കണ്ണുകളില്‍ സന്തോഷവും വാക്കുകളിലെ ആവേശവും നിറഞ്ഞു. അവനോട് യാത്രപറഞ്ഞു മുന്നോട്ടുപോകവേ ഓട്ടോഗ്രാഫുകളില്‍ അവന്‍ കുറിച്ചിട്ട വരികള്‍ മനസിലേയക്ക് ഓടിയെത്തി.
'Responsibility is always
the very first step of freedom.' തനിക്കില്ലാതെ പോയതും ഇതേ ഉത്തരവാദിത്വമാണ്. ഒരച്ഛന്റെ ഒരു ഭര്‍ത്താവിന്റെ ഒരു മകന്റെ.......

Aneesh Bhasker

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot